top of page
"സ്വജീവിതകാലത്ത് വികാരങ്ങളെ ഇത്ര ശക്തമായി ഇളക്കിവിടുകയും മനുഷ്യഹൃദയത്തിന്‍റെ മൃദുലതന്ത്രികളെ ഇത്രയേറെ അഗാധമായി സ്പര്‍ശിക്കുകയും ചെയ്തിട്ടുള്ള അധികം പേരുണ്ടെന്നു തോന്നുന്നില്ല. മരണാനന്തരവും ജനങ്ങളില്‍ ഗാഢമായ പ്രഭാവം ചെലുത്തിക്കൊണ്ടിരിക്കുക എന്ന കാര്യത്തിലും മറ്റധികം പേര്‍ക്ക് അദ്ദേഹത്തോടൊപ്പം എത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല."
മഹാത്മാഗാന്ധിയെപ്പറ്റി കര്‍ദ്ദിനാള്‍ വലേറിയന്‍ ഗ്രാഷ്യസ് എഴുതിവച്ചിട്ടുള്ള അഭിപ്രായമാണിത്.
നിഷേധാത്മകമാണുപോലും!
"പൊതുവേ പറഞ്ഞാല്‍ ഗാന്ധിയും നെഹ്റുവും നമുക്കു നല്‍കിയ പാരമ്പര്യം നിഷേധാത്മകമായിരുന്നു. അതു പിന്‍തുടരുന്നതിനേക്കാള്‍ നല്ലത് അതുമായുള്ള ബന്ധം വിടര്‍ത്തലാണ്" എന്ന് 1989-ല്‍ എഴുതിയ 'നെഹ്റുവും നെഹ്റുവിയസവും' എന്ന ഗ്രന്ഥത്തിന്‍റെ സമാപനക്കുറിപ്പായി എഴുതിയ ഇ. എം. ശങ്കരന്‍ നമ്പൂതിരിപ്പാടുപോലും അഞ്ചുകൊല്ലം തികയുന്നതിനു മുമ്പ് "ദീര്‍ഘകാലത്തെ പ്രായോഗികാനുഭവങ്ങളില്‍നിന്ന് മാര്‍ക്സിസത്തെയും ഗാന്ധിജിയേയും കാര്യമായ ഒരു പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്ന നിഗമനത്തിലാണ് ഞാന്‍ ചെന്നെത്തിയിട്ടുള്ളത്" എന്നെഴുതാന്‍ നിര്‍ബന്ധിതനായി. (ഗാന്ധിസത്തില്‍നിന്ന് മാര്‍ക്സിസത്തിലേക്ക് എന്ന ലഘുഗ്രന്ഥം നോക്കുക).
കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കളില്‍ പ്രമുഖനായിരുന്ന സി. അച്യുതമേനോന്‍ എഴുതുന്നു:
"ഞങ്ങള്‍, കമ്യൂണിസ്റ്റുകാര്‍ ഗാന്ധിജിയുടെ അഹിംസകൊണ്ടൊന്നും സ്വാതന്ത്ര്യം നേടാന്‍ സാദ്ധ്യമല്ലെന്നു പറഞ്ഞവരാണ്. പക്ഷേ ചരിത്രം തെളിയിച്ചിരിക്കുന്നത് ഒരു വെടിയുണ്ട പോലും വര്‍ഷിക്കാതെ നാം സ്വാതന്ത്ര്യം നേടിയിരിക്കുന്നു എന്നാണ്. ഗാന്ധിജി എത്രയോ ശരിയായിരുന്നു എന്നു തെളിഞ്ഞിരിക്കുന്നു."
"സോഷ്യലിസത്തെപ്പറ്റി നാം കമ്യൂണിസ്റ്റുകാര്‍ക്ക് ഒരു പാശ്ചാത്യമാതൃക മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ നമുക്ക് ഇന്ത്യാക്കാര്‍ക്ക് ഗാന്ധിയന്‍ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു സോഷ്യലിസം കെട്ടിപ്പടുക്കുവാന്‍ കഴിയേണ്ടതായിരുന്നു."
ഏറ്റവും വലിയ രാമഭക്തനായ, കബീറിന്‍റെയും തുളസീദാസിന്‍റെയും രാമഭക്തി പാരമ്പര്യം പുലര്‍ത്തിയ അദ്ദേഹം ഒരു വര്‍ഗീയ ഹിന്ദുവിന്‍റെ വെടിയേറ്റു മരിക്കുമ്പോഴും 'ഹേ റാം' എന്നു മാത്രം ഉച്ചരിച്ചു. ഈ രക്തസാക്ഷിത്വത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഇന്ത്യ ഒരു മതേതര രാഷ്ട്രമായി രൂപപ്പെട്ടത്. മതത്തിന്‍റെ പേരില്‍ ഇന്ത്യയില്‍ നിന്ന് വെട്ടിമാറ്റിയ പാക്കിസ്ഥാന്‍ ഒരിസ്ലാമിക രാഷ്ട്രമായി തീര്‍ന്നപ്പോള്‍ ഇന്ത്യയെ ഒരു ഹൈന്ദവരാഷ്ട്രമാക്കണമെന്നു സിദ്ധാന്തിച്ച പലരും ഇവിടെയുണ്ടായിരുന്നു. എന്നാല്‍ ഭരണഘടനാപരമായി തന്നെ ഇന്ത്യ ഒരു മതേതര രാഷ്ട്രമായി നിലകൊണ്ടു. ഈ മതേതരത്വം ശാസ്ത്രീയമായ മതനിഷേധമല്ല. അതുപോലെ നിരീശ്വരവാദ പ്രചരണം ലക്ഷ്യമാക്കുകയും ചെയ്തില്ല. രാഷ്ട്രത്തിന് ഒരു ഔദ്യോഗിക മതമില്ലെന്നും എല്ലാ മതങ്ങളും തുല്യമാണെന്നും അംഗീകരിക്കലാണ് അതിന്‍റെ ലക്ഷ്യം. മതന്യൂനപക്ഷങ്ങള്‍ക്ക് തങ്ങളുടെ മതസംരക്ഷണവും സാംസ്കാരിക പ്രചരണവും ഉറപ്പു നല്കപ്പെട്ടു. ഇതെല്ലാം തന്നെ ദേശീയ പ്രസ്ഥാനത്തിന്‍റെ മൂല്യങ്ങളെയും ഗാന്ധിയന്‍ പൈതൃകത്തെയും അടിസ്ഥാനമാക്കിയാണെന്നു കാണാം."
ഇന്ത്യന്‍ മതേതരത്വത്തിന്‍റെ ചരിത്രപശ്ചാത്തലം
സ്വാതന്ത്ര്യസമരത്തിന്‍റെ ഫലമായി ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയാല്‍ ഇന്ത്യ ഭൂരിപക്ഷമതക്കാരും ഹിന്ദുക്കളുടെ ഭരണത്തിലാകുമെന്നും മുസ്ലിംങ്ങള്‍ തുടങ്ങിയ ന്യൂനപക്ഷങ്ങള്‍ പീഡനങ്ങള്‍ക്കു വിധേയരാകും എന്ന ഭീതി പരത്തി വിട്ട് സ്വാതന്ത്ര്യപ്രസ്ഥാനത്തെ ഭിന്നിപ്പിച്ചു ദുര്‍ബലമാക്കാന്‍ ഭരണാധികാരികള്‍ മുന്നോട്ടു വന്നു. ആ തന്ത്രത്തിന്‍റെ പ്രായോഗിക വിജയമായിരുന്നു ബ്രിട്ടീഷധികാരികളുടെ പ്രേരണയില്‍ 1906 ഡിസംബര്‍ മുപ്പതാം തീയതി മുസ്ലിംലീഗ് സ്ഥാപിതമായതും. 1940ല്‍ ലാഹോറില്‍വച്ച് അവര്‍ പാക്കിസ്ഥാന്‍ വാദം ഉന്നയിച്ചതും. 1947ല്‍ ഇന്ത്യ വിഭജിച്ച് പാക്കിസ്ഥാന്‍ രൂപീകരിച്ചതും എല്ലാം.
പാക്കിസ്ഥാന്‍ രൂപീകരിക്കപ്പെട്ട ശേഷം ഇന്ത്യയില്‍ കഴിയേണ്ടി വന്ന ന്യൂനപക്ഷമുസ്ലീംങ്ങള്‍ക്ക് തങ്ങള്‍ ഭൂരിപക്ഷക്കാരുടെ പ്രതികാരനടപടികള്‍ക്കു വിധേരാവുകയില്ലെ എന്ന ആശങ്ക സ്വാഭാവികമായും ഉണ്ടായിരുന്നു. മറ്റൊരു ന്യൂനപക്ഷ സമുദായമായ ക്രിസ്ത്യാനികളില്‍ ഒരു വിഭാഗത്തിനെങ്കിലും ജോര്‍ജ് ആറാമന്‍ ചക്രവര്‍ത്തിയുടെ ഭരണം അവസാനിച്ചാല്‍ ഹിന്ദുക്കളുടെ ആധിപത്യത്തിലും മതപീഡനത്തിലും തങ്ങള്‍ കഴിയേണ്ടിവരുമെന്ന ഭീതി ഉണ്ടായിരുന്നു. ഗാന്ധിജിയുടെ നേതൃത്ത്വത്തില്‍ നടന്ന സ്വാതന്ത്ര്യസമരത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ക്രിസ്ത്യന്‍ വൈദികരില്‍ ചിലരെങ്കിലും എഴുതുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു എന്നത് അനിഷേധ്യമായ വസ്തുതയാണ്.
ബ്രിട്ടീഷ് ഭരണം അവസാനിച്ചുകഴിഞ്ഞാലും ഇന്ത്യയിലെ എല്ലാ മതവിഭാഗക്കാര്‍ക്കും ഭൂരിപക്ഷന്യൂനപക്ഷവ്യത്യാസമില്ലാതെ തുല്യ പൗരാവകാശമുണ്ടായിരിക്കുമെന്ന് ഉറപ്പു നല്കുന്ന ഭരണഘടനാവ്യവസ്ഥകളാണ് ഇന്ത്യയിലെ മതേതരത്വം. യൂറോപ്യന്‍ രാജ്യങ്ങളിലാകട്ടെ ക്രിസ്തുമത നവീകരണത്തെ തുടര്‍ന്ന് ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങള്‍ പോപ്പിന്‍റെ മേധാവിത്വത്തില്‍ നിന്നു മാറി പ്രൊട്ടസ്റ്റാന്‍ഡ്, കാല്‍വിനിസ്റ്റ്, സ്വിംഗ്വിയിസ്റ്റു മതങ്ങള്‍ സ്ഥാപിച്ചതോടെ രാജാക്കന്മാര്‍ മതമേധാവിത്വത്തില്‍ നിന്നു മോചിതരായ സംഭവത്തിനാണ് മതതേരത്വം എന്ന പേരു നല്കിയിട്ടുള്ളത്.
മുസ്ലീംങ്ങള്‍ക്ക് പാക്കിസ്ഥാന്‍ നല്കിക്കഴിഞ്ഞ സാഹചര്യത്തില്‍ ഇന്ത്യയുടെ അവശിഷ്ടഭാഗങ്ങള്‍ ഹിന്ദുക്കള്‍ക്കുള്ളതാണെന്ന വാദം അക്കാലത്ത് ചിലര്‍ പൊന്തിച്ചുകൊണ്ടുവരികയുണ്ടായി. അക്കാരണത്താല്‍ത്തന്നെ ഇന്ത്യ മതേതരത്വം അംഗീകരിക്കാന്‍ പാടില്ലെന്നും ഹിന്ദുരാഷ്ട്രമാണെന്ന് ഭരണഘടനയില്‍ തന്നെ രേഖപ്പെടുത്തിവയ്ക്കണമെന്നും ശക്തമായ അഭിപ്രായമുണ്ടായി. പാക്കിസ്ഥാന്‍റെ ഭരണഘടന പുറത്തുവന്നശേഷം മതി ഇന്ത്യയെ മതേതര രാഷ്ട്രമാക്കുന്നതെന്ന് മഹാവീര്‍ത്യാഗി കോണ്‍സ്റ്റിറ്റ്യുവന്‍റ് അംസബ്ലിയില്‍ അഭിപ്രായപ്പെട്ടു. നെഹ്രു ശക്തമായി അതിനെ എതിര്‍ത്തു. ദൗര്‍ഭാഗ്യമെന്നു പറയട്ടെ, നെഹ്റുവിന് ഭൂരിപക്ഷ പിന്തുണ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ മതേതരത്വം എന്ന വാദം കൂടാതെ തന്നെയാണ് ഭരണഘടന അന്തിമമായി അംഗീകരിക്കപ്പെട്ടത്. (അങ്ങനെ തന്നെ ഒഴിവാക്കപ്പെട്ട മറ്റൊരു പദമാണ് സോഷ്യലിസ്റ്റ് എന്നതും).
ഭരണഘടനയിലെ ഉറപ്പുകള്‍
മതേതരം എന്ന പദം ഭരണഘടനയില്‍ ചേര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും അതിന്‍റെ അന്തസ്സത്ത ഉള്‍ക്കൊള്ളുന്ന ഏതാനും വകുപ്പുകള്‍ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിക്കാന്‍ നെഹ്റുവിന്‍റെ ഉറച്ചനിലപാടു കൊണ്ടു കഴിഞ്ഞു.
എതിര്‍പ്പുകള്‍ തലപൊക്കുന്നു
ഇന്ത്യയെ ഒരു മതേതര രാഷ്ട്രമാക്കുന്നതിലും പാക്കിസ്ഥാന്‍ രൂപീകരിച്ചതിനുശേഷം മുസ്ലീംങ്ങളെ ഇന്ത്യയില്‍ തുടര്‍ന്നു ജീവിക്കാന്‍ അനുവദിക്കുന്നതിലും എതിര്‍പ്പുള്ള ശക്തമായ ഒരു വിഭാഗം ആളുകള്‍ അന്നുതന്നെ ഇന്ത്യയില്‍ ഉണ്ടായിരുന്നു. ഇന്ന് അവരുടെ ശക്തിയും സ്വാധീനവും വര്‍ദ്ധിച്ചിട്ടേയുള്ളൂ. സംശയമുള്ളവര്‍ ആര്‍. എസ്. എസിന്‍റെ മുന്‍നേതാവ് ഗുരുജി ഗോവക്കര്‍ എഴുതിയ 'വിചാരധാര' എന്ന ഗ്രന്ഥം ഒരാവര്‍ത്തി വായിച്ചുനോക്കാന്‍ അപേക്ഷിക്കുന്നു. ആ ഗ്രന്ഥത്തിന്‍റെ പത്താം അധ്യായത്തിന്‍റെ പേരുതന്നെ 'ആന്തരികവിപത്തുകള്‍' എന്നാണ്. കമ്യൂണിസ്റ്റുകളെപ്പോലെതന്നെ മുസ്ലീംങ്ങളും ക്രിസ്ത്യാനികളും ഇന്ത്യയുടെ ആന്തരികവിപത്തുകളാണെന്ന് സ്ഥാപിക്കാനാണ് ഗുരുജി ആ അധ്യായത്തില്‍ ശ്രമിച്ചിട്ടുള്ളത്.
മുസ്ലീംങ്ങള്‍ ഇന്ത്യയുടെ ശത്രുക്കളാണെന്നു സ്ഥാപിക്കാന്‍ നിരവധി പേജുകള്‍തന്നെ ഉപയോഗിച്ചിട്ടുള്ള ഗുരുജി എഴുതിവച്ചിരിക്കുന്നത് "വാസ്തവത്തില്‍ രാജ്യത്തിലെങ്ങും എവിടെയെല്ലാം മുസ്ലീം മൊഹല്ലുകളോ പള്ളികളോ ഉണ്ടോ അതെല്ലാം തങ്ങളുടെ സ്വന്തമായ സ്വതന്ത്രപ്രദേശങ്ങളാണെന്നാണ് മുസ്ലീംങ്ങളുടെ ഭാവം. ഒരു വിധത്തിലത് രാജ്യത്തിനകത്ത് മുസ്ലീം താവളങ്ങള്‍ അതായത് ധാരാളം 'കുട്ടിപാക്കിസ്ഥാനുകള്‍' ഉണ്ടെന്നും അവിടെ രാജ്യത്തെ പൊതുനിയമങ്ങള്‍ ചില പ്രത്യേക ഭേദഗതി കള്‍ക്കു വിധേയമായി മാത്രമേ നടപ്പിലാക്കാവൂ എന്നും സമ്മതിക്കലാണത്ത്(പേജ് 247).
'എന്തുകൊണ്ട് ഹിന്ദുരാഷ്ട്രം' എന്ന ഗ്രന്ഥത്തില്‍ ഗോള്‍വര്‍ക്കര്‍ പറയുന്നു:
"മുസ്ലീംങ്ങള്‍, ക്രിസ്ത്യാനികള്‍, പാഴ്സികള്‍ ഇവരെയൊക്കെ മണ്ണിന്‍റെ മക്കളായി പരിഗണിക്കുന്നത് ചരിത്രത്തോടുള്ള അവഹേളനമായിരിക്കും. അങ്ങനെ ചെയ്യുന്നത് നമ്മുടെ ദയാവായ്പിന്‍റെ ലക്ഷണം മാത്രമാണ്."
"വിഡ്ഢിയായ ഒരു ഗൃഹനാഥന്‍ സ്വന്തം മക്കള്‍ക്കും വീട്ടില്‍ കടന്നുകൂടിയിട്ടുള്ള കള്ളന്മാര്‍ക്കും കുടുംബസ്വത്ത് തുല്യമായി പങ്കുവച്ചിരിക്കുന്നതുപോലെ നമ്മുടെ ഭരണഘടന ഇവിടത്തെ മണ്ണിന്‍റെ മക്കള്‍ക്കും ആക്രമണകാരികള്‍ക്കും നിര്‍ഭാഗ്യവശാല്‍ തുല്യസ്ഥാനം കല്പിച്ചിരിക്കുകയും തുല്യാവകാശങ്ങള്‍ അനുവദിച്ചിരിക്കുകയുമാണ്."
ഗുരുജിയുടെ അനുയായികളായ ഇന്നത്തെ ഭരണകര്‍ത്താക്കള്‍ 'വിഢ്ഡിയായ ഗൃഹനാഥനുണ്ടാക്കിയ മരണപത്രം' മാറ്റിയെഴുതാന്‍ ഒരു കമ്മറ്റിയെ വച്ചുകഴിഞ്ഞിരിക്കുന്നു.
ഗാന്ധിജിയുടെ കാഴ്ചപ്പാട്
ഗോവള്‍ക്കര്‍ പറഞ്ഞപ്രകാരം ഹിന്ദുക്കള്‍ മാത്രമാണ് ഇന്ത്യയുടെ മണ്ണിന്‍റെ മക്കളെന്നും മറ്റുള്ളവരെല്ലാം കൊള്ളക്കാരാണെന്നും ഗാന്ധിജി വിശ്വസിച്ചില്ല. "ബൈബിളും ഖുറാനും പഠിക്കാന്‍ അവസരം കിട്ടിയതോടെ ഞാനൊരു ക്രിസ്ത്യാനിയോ മുസല്‍മാനോ ആണെന്നു പറയുവാന്‍ എനിക്കു മടിയില്ലാതായി. ഹിന്ദു, ക്രിസ്ത്യാനി, മുസല്‍മാന്‍ തുടങ്ങിയവ സമാനാര്‍ത്ഥമുള്ള പദങ്ങളാണ്." 1926 സെപ്റ്റംബര്‍ രണ്ടാം തീയതിയിലെ 'യംഗ് ഇന്ത്യ' യില്‍ ഗാന്ധിജി എഴുതിയതാണിത്.
ഗാന്ധിജി വധിക്കപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കകം സുപ്രസിദ്ധ സാഹിത്യകാരനായിരുന്ന കെ. ഏ. അബ്ബാസ് എഴുതി:
"ഗാന്ധിജി തങ്ങളുടെ ജീവന്‍ മുസ്ലീംങ്ങളുടെ രക്ഷയ്ക്കായി പണയംവയ്ക്കുകയുണ്ടായി. ഒടുവില്‍ ആ യത്നത്തില്‍ത്തന്നെ അദ്ദേഹം വധിക്കപ്പെട്ടു. ഇന്ത്യയിലും പാക്കിസ്ഥാനിലുമുള്ള സാധാരണക്കാരായ മുസ്ലീങ്ങള്‍ അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ കണ്ണീരൊഴിച്ചതില്‍ യാതൊരത്ഭുതവുമില്ല. എന്തെന്നാല്‍ തന്‍റെ ജീവിതകാലം മുഴുവന്‍ അദ്ദേഹം മുസ്ലീംങ്ങളുടെയും ഇസ്ലാമിന്‍റെയും സുഹൃത്തായിരുന്നുവെന്ന് അവര്‍ക്ക് ഒടുവില്‍ ബോധ്യപ്പെട്ടിരിക്കുന്നു" (1948 ഫെബ്രുവരി 22-ാം തീയതിയിലെ 'മാതൃഭൂമി' ആഴ്ചപ്പതിപ്പില്‍ എഴുതിയ 'ഗാന്ധിജി മുസ്ലീംങ്ങള്‍ക്കു വേണ്ടിയാണ് മരിച്ചത്' എന്ന ലേഖനത്തില്‍ നിന്ന്).സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീറിന്‍റെ ഒരു ചോദ്യത്തോടെ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ-
"ഗാന്ധിജി ഒരു ആശയമാണ്. ഗോഡ്സെയും ഒരു ആശയം തന്നെ. ഈ രണ്ട് ആശയങ്ങളുടെയും പിന്നില്‍ ജനങ്ങളുണ്ട്. ഞാന്‍ ഏതു ഭാഗത്താണെന്നു ചോദിക്കുന്നതിനേക്കാള്‍ നല്ലത് നിങ്ങള്‍ എവിടെ നില്‍ക്കുന്നു എന്നു കണ്ടുപിടിക്കുന്നതല്ലേ!" (യാ ഇല്ലാഹി പേജ് 112).
Featured Posts
bottom of page