top of page
ശാപം കിട്ടിയ മഹാരാജാവാണ് മഹാഭാരതത്തിലെ പാണ്ഡു. അത് ഒരു വേട്ടയ്ക്കിടയിലായിരുന്നു. ഇണ ചേര്‍ന്നുകൊണ്ടിരുന്ന മാനിനെ അമ്പെയ്തു എന്നതായിരുന്നു കുറ്റം. ശാപമാകട്ടെ, ആഗ്രഹത്തോടെ സ്ത്രീയെ പ്രാപിച്ചാല്‍ പൊട്ടിച്ചിതറി മരിക്കും എന്നതും. ലൈംഗിക തൃഷ്ണ ഉണ്ടായിരിക്കുക, അതു സഫലമാകാതിരിക്കുക. ഇതിനെക്കാള്‍ വലിയ ദൗര്‍ഭാഗ്യമായി എന്താണുള്ളത്? ഭാര്യയോടും തോഴിമാരോടുമൊത്ത് കൊട്ടാരത്തില്‍ താമസിച്ചാല്‍ സംഭവിക്കാനിടയുള്ള ദുരന്തമൊഴിവാക്കാനാണ് രാജാവ് വനവാസത്തിനു പോയത്. ആരും കൂടെ വരരുത് എന്നു വിലക്കിയിട്ടും തോഴി അനുയാത്ര ചെയ്തു. കുറച്ചുകാലം കാര്യങ്ങള്‍ നിയന്ത്രണവിധേയമായിരുന്നു. എന്നാല്‍ വസന്തം വന്നതാണ് പ്രശ്നമായത്.
മാവുകള്‍ തളിര്‍ക്കുകയും കുയിലുകള്‍ പാടുകയും കാടു പൂക്കുകയും ചെയ്തപ്പോള്‍ സ്വയംനിയന്ത്രണം നഷ്ടമായി. അരുതരുതെന്ന് തോഴി പലവട്ടം വിലക്കി. എന്നാല്‍ മരിച്ചാല്‍ മരിക്കട്ടെ ഇപ്പോള്‍ ഇത് അനുവദിക്കുക എന്നു പറഞ്ഞ് അവളെ പ്രാപിക്കാനടുത്ത രാജാവ് ഭസ്മമായി. ഒരു നിമിഷത്തെ സുഖത്തിനായി ആഗ്രഹിച്ച് മരണം വരിച്ച ഹതഭാഗ്യനാണ് പാണ്ഡു. ഇണചേരലെന്ന ദൈവികരഹസ്യത്തോടു കാണിച്ച അനാദരവാണ് രാജാവിനെ ഈ മഹാദുരന്തത്തിലെത്തിച്ചത്. പ്രണയം, ലൈംഗികത എന്നിവയിലെ ചെറിയ ചെറിയ നോട്ടക്കുറവുകളുപോലും വലിയ വലിയ പതനത്തിന് ഇന്നും കാരണമാകുന്നുണ്ട്.
ഇന്നുള്ള വലിയ ദാരിദ്ര്യം ലൈംഗികദാരിദ്ര്യമാണെന്നു തോന്നുന്നു. കെ. ആര്‍. മീരയുടെ 'മോഹ മഞ്ഞ' എന്ന ചെറുകഥ വായിച്ചനാള്‍ മുതലാണ് സ്നേഹിക്കപ്പെടാതെ പോകുന്നതിന്‍റെയും ആസക്തികള്‍ അടിച്ചമര്‍ത്തിവയ്ക്കുന്നതിന്‍റെയും നിരാശ സ്ത്രീകളുടെ കണ്‍തടങ്ങളിലും പുരുഷന്മാരുടെ മുന്നോട്ടുള്ള കാല്‍ച്ചുവടുകളിലുമുണ്ടോ എന്നു പരിശോധിച്ചു തുടങ്ങിയത്. ഒരു ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ കാത്തിരിക്കുന്ന രണ്ടുരോഗികള്‍ എത്ര പെട്ടെന്നാണ് പരസ്പരമുള്ള അവരുടെ നോട്ടം കൈകൊടുത്തു കടന്നുപോയതും കണ്ണുകളില്‍ തടഞ്ഞുവീണതും. അവള്‍ കണ്ണില്‍ ഇടറിവീഴാതിരിക്കാന്‍ അവന്‍ കണ്‍പീലികൊണ്ട് അവളെ താങ്ങുന്നുമുണ്ട്. നമ്മളൊക്കെ ചിലപ്പോള്‍ ഇങ്ങനെയൊക്കെയാണ്. യാതൊരു മുന്‍പരിചയവുമില്ലാത്ത അവര്‍ എത്ര വേഗമാണ് പരിചിതരാകുന്നതും ശരീരം പങ്കുവയ്ക്കുന്നതും. ഇത്തിരികൂടിയേ ജീവിതം ഉള്ളൂ; എന്നിട്ടും.
കഴിഞ്ഞദിവസങ്ങളില്‍ യുട്യൂബില്‍ വൈറലായ ഉമ്മയുടെ സങ്കടം നിങ്ങളും ശ്രദ്ധിച്ചുകാണും. പ്രായം ചെന്ന ഉമ്മയാണ്. അവരുടെ ഖേദം ഭര്‍ത്താവ് അവഗണിക്കുന്നു എന്നതാണ്. ഭര്‍ത്താവിന്‍റെ നല്ല വാക്കിനും താലോടലിനും സാമീപ്യത്തിനും അവരു കൊതിക്കുന്നുണ്ട്. എന്നാല്‍ അങ്ങേരുടെ ചിരിയും കളിയും മറ്റു സ്ത്രീകളുടെ അടുത്താണ്. ചില സ്ത്രീകളുമായി ഫോണില്‍ ദീര്‍ഘനേരം സംസാരിക്കും. വീട്ടില്‍ ഭാര്യയെന്നൊരു ജീവി ഉണ്ടെന്ന ചിന്തപോലും പല പുരുഷന്മാര്‍ക്കും ഇല്ല. അവര്‍ എന്തെല്ലാം വൃത്തികേടുകളാണ് ഫോണില്‍ കാണുന്നത്. ആണുങ്ങളോട് ഭാര്യമാരെ ഇത്തിരികൂടി പരിഗണിക്കുകയും സ്നേഹിക്കുകയും ചെയ്യണമെന്ന് ഉസ്താദ് പറഞ്ഞുകൊടുക്കണമെന്നാണ് ഉമ്മയുടെ ആവശ്യം. പ്രായംചെന്ന ആളായതുകൊണ്ട് ഉമ്മയ്ക്കിതു പറയാന്‍ പറ്റി. കിടപ്പറകളില്‍ രണ്ടാമതാക്കപ്പെടുന്ന, അവഗണിക്കപ്പെട്ട, അനാദരിക്കപ്പെടുന്ന അനേകം സ്ത്രീകള്‍ ഉണ്ട്. അതൊന്നു പറയാന്‍പോലും അവര്‍ക്കാവില്ല. സഫലമാകാത്ത ലൈംഗികതയെന്ന വിഷാദമാണ് കുടുംബങ്ങളില്‍ പലപ്പോഴും ഇടിയും മിന്നലും പേമാരിയുമായി പെയ്യുന്നത്. ലിംഗശാന്തിയില്ലാത്ത ദമ്പതിമാരുടെ കഥയാണ് കെ. ആര്‍. മീരയുടെ 'സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ' എന്ന നോവല്‍. വിവാഹജീവിതത്തിന്‍റെ ആദ്യരാത്രിതന്നെ ഡോ. ജസ്ബലിന്‍റെ ലൈംഗിക ജീവിതത്തിന്‍റെ താളംതെറ്റി. അവന് രതിവൈകൃതത്തിന് കുറച്ചുകാലം കൂടി താമസിക്കാമായിരുന്നില്ലേ എന്നുതോന്നും ഏതു വായനക്കാരനും. ഭാര്യ ഉണ്ടായിരുന്നിട്ടും ആണ്‍കൂട്ടും പിള്ളേരുകൂട്ടും അവന് ഉപേക്ഷിക്കാന്‍ കഴിയുന്നില്ല. വിദ്യാസമ്പന്നരായ ആളുകള്‍പോലും വേണ്ടവിധത്തില്‍ കിടപ്പറ ധ്യാനവിഷയമാക്കുന്നില്ല. ആരോഗ്യകരവും പ്രസാദപൂര്‍ണവുമായ ലൈംഗികവേഴ്ചകള്‍ ഇന്ന് അന്യമാകുന്നു. അതുകൊണ്ടുകൂടിയാണ് നമ്മുടെ കാലം ഇത്രമേല്‍ കലുഷിതമാകുന്നത്. ശരീരം കൊള്ളയടിക്കുന്നതാണ് സെക്സ് എന്ന ധാരണ വളര്‍ന്നുവരുന്നു. ശാരീരിക ബന്ധങ്ങളൊക്കെ മനസ്സിനെയും ആത്മാവിനെയും സ്പര്‍ശിക്കുന്നതേ ഇല്ല. ഇതുകൊണ്ടാകാം മറ്റൊരു പുരുഷന്‍റെ സാമീപ്യത്തില്‍ തന്‍റെ സ്ത്രീത്വം പൂക്കും എന്ന മരുപ്പച്ചമോഹത്തില്‍ ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും കൊല്ലാനും ഉപേക്ഷിക്കാനും സ്ത്രീകളും തയ്യാറാകുന്നത്. പ്രണയം നിരസിച്ചാല്‍ അവളെ കത്തിക്കണമെന്ന ആഗ്രഹം കുട്ടികളില്‍പോലും വളര്‍ന്നുവരുന്നു. ഒരു നിമിഷത്തെ സുഖത്തിനുവേണ്ടി ജീവിതം മറന്നുകളയുന്നു. വരുംവരായ്കകളെക്കുറിച്ചു ചിന്തിക്കാതെ ജഡമോഹത്തിനു കീഴ്പ്പെട്ടുപോകുന്നു. എന്നും മിതത്വം പരിശീലിപ്പിക്കപ്പെടുമ്പോളാണ് ജീവിതം സമാധാനപൂര്‍ണമാകുന്നത്. സംതൃപ്തമായ ലൈംഗികജീവിതത്തിനും മതി, മതി എന്ന് അനേകം തവണ പറയേണ്ടിവരും. മനുഷ്യന്‍ ശരീരം മാത്രമല്ല എന്നു ധ്യാനിക്കുക കൂടി ചെയ്യണം ലിംഗശാന്തി ലഭിക്കാന്‍.
ഈശോയുടെ അടുക്കല്‍വന്ന ശമരിയാക്കാരി സ്ത്രീയെക്കുറിച്ചു പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കാം. അവള്‍ക്ക് അഞ്ചു ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ കൂടെയുള്ള ആള്‍ ഭര്‍ത്താവല്ല. ആറു പുരുഷന്മാരുടെ കൂടെ കഴിഞ്ഞിട്ടും അവള്‍ സംതൃപ്തയായി കാണുന്നില്ല. അവള്‍ പരിചയപ്പെടുന്ന ഏഴാമത്തെ പുരുഷനാണ് ഈശോ. അവന്‍ അവളുടെ ശരീരത്തില്‍ സ്പര്‍ശിച്ചിട്ടില്ല. എന്നാല്‍ അവന്‍റെ കടാക്ഷം അവളുടെ ആത്മാവിനെ തഴുകികടന്നുപോയി. എത്ര പെട്ടെന്നാണ് അവള്‍ സംതൃപ്തയും ഉത്സാഹഭരിതയുമാകുന്നത്. ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. ആത്മാവാണ് ജീവന്‍ നല്കുന്നത്. ശരീരത്തോടൊപ്പം മനസ്സിനെയും ആത്മാവിനെയും ആലിംഗനം ചെയ്ത് ദമ്പതിമാര്‍ ലിംഗശാന്തി അനുഭവിക്കുന്ന കാലം ഉണ്ടാകട്ടെ.
Featured Posts
bottom of page