top of page
ബിഗ്ബസാറില്‍ ഷോപ്പിംഗ് നടത്തികൊണ്ടിരിക്കെയാണ് കാഷ്യറും അഞ്ചോ ആറോ വയസ്സുമാത്രമുള്ള ഒരു കുട്ടിയും തമ്മിലുള്ള സംസാരം കേള്‍ക്കുന്നത് .
കാഷ്യര്‍ പറഞ്ഞു "ക്ഷമിക്കണം കുട്ടീ, ഈ പാവക്കുട്ടിയെ വാങ്ങണമെങ്കില്‍ ഇത്രയും പണം പോരല്ലോ."
അപ്പോള്‍ അടുത്തു നിന്നിരുന്ന എന്‍റെ നേരെ തിരിഞ്ഞിട്ട് അവന്‍ ചോദിച്ചു:
"അങ്കിള്‍, ഇതു തികയില്ലെന്ന് ഉറപ്പാണോ?."
ഞാന്‍ അവന്‍റെ കയ്യിലെ പണം വാങ്ങി എണ്ണി നോക്കിയിട്ടു പറഞ്ഞു. "ഈ പാവക്കുട്ടിയെ വാങ്ങാനാണെങ്കില്‍ ഈ പണം തികയില്ലല്ലോ." എന്നിട്ടും ആ കൊച്ചുചെറുക്കന്‍ താനെടുത്ത പാവക്കുട്ടിയെയും മുറുകെ പിടിച്ച് നില്‍ക്കുകയായിരുന്നു. കുറേ നേരം കഴിഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും അവന്‍റെ അടുത്തുചെന്ന് ചോദിച്ചു, ഇത് ആര്‍ക്കുവേണ്ടിയാണ് വാങ്ങാനാഗ്രഹിക്കുന്നതെന്ന്. ഈ പാവക്കുട്ടിയെ തന്‍റെ കുഞ്ഞനിയത്തിയ്ക്ക് വലിയ ഇഷ്ടമാണെന്നും അവള്‍ക്കത് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും അവന്‍ പറഞ്ഞു. അവനത് വാങ്ങുന്നത് അവള്‍ക്ക് പിറന്നാള്‍ സമ്മാനമായി കൊടുക്കാനാണത്രേ.
"ഇത് ഞാന്‍ മമ്മിയുടെ കയ്യില്‍ ഏല്‍പ്പിക്കും. മമ്മി അവളുടെ അടുത്തേക്കു ചെല്ലുമ്പോള്‍ അവള്‍ക്ക് ഇതിനെ കൊടുത്തുകൊള്ളും."
ഇതു പറയുമ്പോള്‍ അവന്‍റെ കണ്ണുകളില്‍ വല്ലാതെ സങ്കടം നിറഞ്ഞിരുന്നു.
"എന്‍റെ അനിയത്തി ദൈവത്തെക്കാണാന്‍ പോയതാണ്, അധികം വൈകാതെ മമ്മിയും അങ്ങോട്ടേക്കു പോകുമെന്നാണ് ഡാഡി പറയുന്നത്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് മമ്മിയ്ക്ക് ഇതവള്‍ക്കു കൊണ്ടുപോയി കൊടുക്കാനാവുമെന്ന്....."
എനിക്ക് ഹൃദയം നിലച്ചുപോകുംപോലെ തോന്നി. ആ കുഞ്ഞുബാലന്‍ എന്നെ നോക്കി പറഞ്ഞു, മമ്മിയോട് ഉടനെ പോകരുതെന്നും ഞാന്‍ കടയില്‍നിന്നു മടങ്ങിയെത്തും വരെ വെയ്റ്റ് ചെയ്യണമെന്നും പറയാന്‍ ഞാന്‍ ഡാഡിയെ പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്. എന്നിട്ടവന്‍ തന്‍റെ ചിരിക്കുന്ന മനോഹരമായൊരു ഫോട്ടോ കാണിച്ചുതന്നിട്ടു പറഞ്ഞു.
"എന്‍റെ അനിയത്തികുട്ടി എന്നെ മറക്കാതിരിക്കാന്‍ ഈ ഫോട്ടോയും ഞാന്‍ മമ്മിയുടെ കയ്യില്‍ കൊടുത്തുവിടുന്നുണ്ട്. എന്‍റെ മമ്മിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ് അങ്കിള്‍. മമ്മി എന്‍റെ അടുത്തു നിന്ന് പോകുന്നത് എനിക്ക് ഇഷ്ടമുണ്ടായിട്ടല്ല. പക്ഷേ ഡാഡി പറയുന്നത് മമ്മി എന്‍റെ കുഞ്ഞനിയത്തിയുടെയടുത്തേക്ക് പോകുമെന്നാണ്".
എന്നിട്ടവന്‍ കൈയിലിരിക്കുന്ന പാവക്കുട്ടിയെ വിഷാദം തുളുമ്പുന്ന മിഴികളോടെ ശാന്തമായി നോക്കിനിന്നു, എന്തോ ചിന്തിക്കും പോലെ......
ഞാന്‍ പോക്കറ്റില്‍നിന്നും പേഴ്സെടുത്ത് കൈയിലൊതുക്കി പിടിച്ചുകൊണ്ടു പറഞ്ഞു:
"മോന്‍ ഒന്നു ചിന്തിച്ചു നോക്കു, നമ്മള്‍ക്കു പണം ഒന്നുകൂടി എണ്ണിനോക്കിയാല്‍ അത് ഒരു പക്ഷേ പാവക്കുട്ടിയെ വാങ്ങാന്‍ തികഞ്ഞെങ്കിലോ?"
"ശരി അങ്കിള്‍, എണ്ണിനോക്കാം. അതിനുള്ള പണം കാണുമെന്നുതന്നെയാണ് എനിക്ക് തോന്നുന്നത്"
അവന്‍ പറഞ്ഞു. ഞാന്‍ കുട്ടി അറിയാതെ കുറച്ചു പണം കൂടി അതില്‍ ചേര്‍ത്തുവച്ചിട്ട് വീണ്ടും എണ്ണാന്‍ തുടങ്ങി. പാവക്കുട്ടിയെ വാങ്ങാനുള്ളതും പിന്നെ അല്പം ബാക്കിയുംമുണ്ട്.
കുട്ടി പറഞ്ഞു," എനിക്ക് ആവശ്യത്തിനുള്ള പണം തന്നതിന് ദൈവത്തിന് നന്ദി."
എന്നിട്ട് അവന്‍ കൂട്ടിച്ചേര്‍ത്തു. "ഇന്നലെ രാത്രി ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചിരുന്നു, എന്‍റെ കയ്യിലുള്ള പണം പാവക്കുട്ടി വാങ്ങാനുള്ളത്ര ഉണ്ടായിരിക്കണേ, എനിക്ക് മമ്മിയുടെ കയ്യില്‍ കൊടുത്തുവിടാനുള്ളതാണെന്ന്. ദൈവം എന്‍റെ പ്രാര്‍ത്ഥന കേട്ടു. മാത്രവുമല്ല മമ്മിക്ക് ഒരു റോസപ്പൂകൂടി വാങ്ങികൊടുക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അതിനുള്ള പണം കൂടി ചോദിക്കാന്‍ എനിക്ക് ധൈര്യം വന്നില്ല. എന്നാല്‍ നോക്കു, പാവക്കുട്ടിയെ മാത്രമല്ല വൈറ്റ് റോസും വാങ്ങാനുള്ള പണം ദൈവം എനിക്ക് തന്നില്ലേ. എന്‍റെ മമ്മിക്ക് വൈറ്റ് റോസ് എന്തിഷ്ടമാണെന്നോ."
പണം അവനെ ഏല്‍പ്പിച്ചശേഷം തുടങ്ങിയതില്‍നിന്നും തികച്ചും വ്യത്യസ്തമായൊരു മൂഡില്‍ ഷോപ്പിംഗ് അവസാനിപ്പിച്ച് ഞാനവിടെനിന്നും മടങ്ങി. എനിക്ക് ആ ചെറിയകുട്ടിയെ മനസ്സില്‍നിന്നു മാറ്റാനേ സാധിച്ചില്ല. അതേക്കുറിച്ച് ചിന്തിച്ചിരുന്നപ്പോഴാണ് രണ്ടുദിവസം മുമ്പ് ഒരു പ്രാദേശിക ദിനപത്രത്തില്‍ വന്ന വാര്‍ത്ത മനസ്സിലേക്കോടിയെത്തിയത്. ഒരു ചെറുപ്പക്കാരിയും അവരുടെ മകളും സഞ്ചിരുന്ന കാറില്‍ ഒരു മദ്യപാനി ഓടിച്ചിരുന്ന ട്രക്കു വന്നിടിച്ചെന്നും ആ കുട്ടി സംഭവസ്ഥസത്തു തന്നെ മരിച്ചുവെന്നും. ആ സ്ത്രീയാവട്ടെ അതിഗുരുതരാവസ്ഥയിലും- അബോധാവസ്ഥയില്‍ നിന്നും ഒരിക്കലും ഉണരാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ അവരുടെ ജീവന്‍ നിലനിര്‍ത്തുന്ന ഉപകരണങ്ങള്‍ എപ്പോള്‍ എടുത്തു മാറ്റേണ്ടിവരും എന്ന് വിഷമിക്കുന്ന കുടുംബം. ഇത് അവന്‍റെ അമ്മയുടെ കാര്യമായിരിക്കുമോ?
അവനെ കണ്ടുമുട്ടി രണ്ടുദിവസങ്ങള്‍ക്കുശേഷം പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടു . ആ ചെറുപ്പക്കാരിയും മരണത്തിനു കീഴടങ്ങിയിരിക്കുന്നു........... എനിക്ക് പിടിച്ചു നില്‍ക്കാനായില്ല. ഞാന്‍ ഒരു കുടന്ന വെള്ളറോസാപ്പൂക്കളും വാങ്ങി മരണവീട്ടിലേക്കു യാത്രതിരിച്ചു... അന്ത്യോപചാരമര്‍പ്പിക്കുന്നതിനായി ശവമഞ്ചലില്‍ തയ്യാറാക്കിക്കിടത്തിയിരിക്കുന്ന യുവതിയുടെ കൈകളില്‍ മനോഹരമായൊരു വെള്ളറോസാപ്പൂ പിടിച്ചിരുന്നു, തൊട്ടരികെ അവരുടെ മകന്‍റെ ഫോട്ടോയും. പിന്നെ അവരുടെ മാറത്ത് അവന്‍ കുഞ്ഞനിയത്തിയ്ക്കു വേണ്ടി വാങ്ങിയ പിറന്നാള്‍ സമ്മാനമായ പാവക്കുട്ടിയും.
അല്പസമയത്തിനുശേഷം, നിറകണ്ണുകളോടെ ഞാനവിടെ നിന്നും തിരിയെപ്പോന്നു. എന്‍റെ ജീവിതം പൂര്‍ണ്ണമായും മാറിമറിഞ്ഞെന്ന തിരിച്ചറിവോടെ......
ഇന്ന്, ഇപ്പോഴും എനിയ്ക്ക് ആ കൊച്ചു പയ്യന്‍റെ സ്നേഹം, അവന്‍റെ അമ്മയോടും കുഞ്ഞുപെങ്ങളോടുമുള്ള തീക്ഷണതയാര്‍ന്ന അടുപ്പം അത് നിര്‍വ്വചിക്കാനാവുന്നില്ല. ഒരു നൊടിയിട നേരം, സെക്കന്‍റിലൊരംശം, അതിനുള്ളില്‍ ഒരു കുടിയനായ മനുഷ്യന്‍ അവന്‍റെ പക്കല്‍നിന്നും തട്ടികളഞ്ഞത് എത്രയോ വിലപ്പെട്ടവയാണ്...
Featured Posts
bottom of page