അടുത്തനാളുകളിലായിട്ട് എവിടെങ്കിലും വെറുതെയിരുന്നാലുടനെ, മറന്നുകിടന്നിരുന്ന പഴയകാര്യങ്ങളും പഴയ ആള്‍ക്കാരുമൊക്കെ ഓര്‍മ്മയില്‍വരുന്നു. അതിനെപ്പറ്റി എന്‍റെ സമപ്രായക്കാരനായ ഒരച്ചനോടു പറഞ്ഞപ്പോള്‍ അങ്ങേരുടെ പ്രതികരണം:
"അതു താന്‍ കടുംവെട്ട് ആയെന്നുള്ളതിന്‍റെ ലക്ഷണമാടോ."
തമാശിനു പറഞ്ഞതാണെങ്കിലും ചങ്കില്‍ കുത്തുന്ന മറുപടി. പാല് ഊറ്റിയെടുക്കാന്‍ റബര്‍മരത്തിന്‍റെ തൊലിയെല്ലാം ചെത്തിച്ചെത്തി ഇനീംചെത്താന്‍ തൊലി ബാക്കിയില്ലാതാകുമ്പോള്‍ ചെയ്യുന്ന ഒടുക്കത്തെ പ്രയോഗമാണല്ലോ, 'കടുംവെട്ട്' എന്ന ഏര്‍പ്പാട്. തീരാറായെന്നര്‍ത്ഥം. ഇംഗ്ലീഷില്‍ റബറു 'സ്ലോട്ടറിനു' കൊടുക്കുക എന്നാണ് പറയുന്നത്. അതിന്‍റെയര്‍ത്ഥം 'കൊല്ലാന്‍ കൊടുക്കുക' എന്നാണല്ലോ. ഏതായാലും അങ്ങേരു പറഞ്ഞതിലും കുറച്ചു കാര്യമുണ്ടെങ്കിലും പിന്നെയുമിരുന്ന് ഓര്‍ത്തുനോക്കിയപ്പോള്‍ കാരണം പിടികിട്ടിയതുപോലെ തോന്നി. അടുത്തടുത്ത് ഒരുപാടു മരണങ്ങള്‍. കഴിഞ്ഞ അഞ്ചാറു മാസങ്ങളിലേതുപോലെ ചുരുങ്ങിയ ഒരു കാലത്തിനുള്ളില്‍ ഇത്രയധികം മൃതസംസ്ക്കാരശുശ്രൂഷകളില്‍ പങ്കെടുക്കേണ്ടിവന്ന അനുഭവം എന്‍റെ ഓര്‍മ്മയിലില്ല. അതും ഉറ്റവരും ഒത്തിരി അടുപ്പമുണ്ടായിരുന്നവരുമായ കുറേപ്പേരുടെ മരണം. അതിലേറെയും എന്നെക്കാള്‍ വളരെ പ്രായം കുറഞ്ഞവര്‍, അത്യാഹിതത്തില്‍പെട്ടും അല്ലാതെയും വിടപറഞ്ഞവര്‍. അതുകൊണ്ടായിരിക്കണം കുറച്ചുനാളായി പത്രം കിട്ടിയാല്‍ നേരത്തെയൊക്കെ തീരെ അവഗണിച്ചിരുന്ന ചരമഅറിയിപ്പു പേജുകള്‍ സ്ഥിരം നോക്കാന്‍തുടങ്ങി. മാത്രമല്ല, കടും വെട്ടായി, തട്ടിപ്പോകാറായി എന്നും മറ്റുമുള്ള കമന്‍റുകളൊക്കെ വായില്‍ വരാനുംതുടങ്ങി.
എന്നെ ഒരുപാടു സഹായിച്ചിട്ടുള്ള ഒരു ചെറുപ്പക്കാരന്‍ അടുത്തദിവസം മരിച്ചു. അതിനുപിന്നാലെ എനിക്കത്ര അടുത്തറിയാമായിരുന്ന രണ്ടു യുവകപ്പൂച്ചിന്‍ സഹോദരന്മാരു മുങ്ങിമരിച്ചു. വല്ലാത്ത മനപ്രയാസം തോന്നി. ആ ദിവസങ്ങളില്‍ ഉറക്കംവരാതെ ഓരോന്നോര്‍ത്തുകിടന്നപ്പോള്‍ ആത്മാര്‍ത്ഥമായി തമ്പുരാനോടു ചോദിച്ചുപോയി: 'തമ്പുരാനെ ഈ മിടുക്കരു ചെറുപ്പക്കാര്‍ക്കു പകരം, കാലാവധിയൊക്കെ കഴിഞ്ഞ, അച്ചന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ 'കടുംവെട്ടായ' എന്നെയൊക്കെയങ്ങു വിളിച്ചാല്‍ പോരാരുന്നോ'ന്ന്. വല്ലാതെ വിഷമംതോന്നുമ്പോള്‍ ഒരാശ്വാസത്തിനുവേണ്ടി വിളിച്ചു സംസാരിക്കാറുള്ള എന്നെക്കാള്‍ പ്രായമുള്ള ഒരച്ചനെയൊന്നു വിളിച്ചാലോ എന്നു തോന്നി. രാത്രി ലേറ്റായിരുന്നെങ്കിലും വിളിച്ചു. അദ്ദേഹവുമായി കുറെ വര്‍ത്തമാനമൊക്കെ പറഞ്ഞുകഴിഞ്ഞപ്പോള്‍ കുറച്ചൊരാശ്വാസമായി.
"ഈ ചെറുപ്പക്കാര്‍ക്കൊക്കെപ്പകരം, ഇനിയിപ്പം ഇരുന്നിട്ടു വല്യകാര്യമില്ലാത്ത എന്നെയൊക്കെയങ്ങു വിളിക്കണേ തമ്പുരാനേന്നു ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയച്ചാ."ഞാനതു പറഞ്ഞുതീര്‍ന്നതും ഫോണിലൂടെയായിരുന്നിട്ടുപോലും ചെവിപൊട്ടുന്നതുപോലെയൊരു പൊട്ടിച്ചിരി. അതുപോലെയുറക്കെ അങ്ങേരു ചിരിച്ചു ഞാന്‍ കേട്ടിട്ടില്ല. അത്ര ആത്മാര്‍ത്ഥമായി മനസ്സുതുറന്നു ഞാന്‍ പറഞ്ഞതിനെ അങ്ങേരു വെറും തമാശാക്കി. പരിഭവിച്ചു ഫോണ്‍ കട്ടാക്കാന്‍തുടങ്ങിയ പ്പോഴേക്കും ചിരിയടക്കിയിട്ട് ഒരു കമന്‍റുംകൂടെ:
"ഇങ്ങേര് അതു വെറുതെ കള്ളം പറഞ്ഞതാ. ശരിക്കും മരിക്കുമെന്നുറപ്പു തോന്നുന്ന ഒരവസരം വരട്ടെ, അപ്പോള്‍ കാണാം ഇയാളുടെ പൂച്ചുതെളിയുന്നത്." അതും പറഞ്ഞ് അങ്ങേരു പിന്നേംചിരി. വിളിച്ചതേ മണ്ടത്തരമായി എന്നോര്‍ത്തു ഞാന്‍ ഫോണ്‍ കട്ടുചെയ്തു.
രണ്ടുമൂന്നുദിവസം കഴിഞ്ഞു. തുലാമാസക്കപ്പ നടാനുള്ള കപ്പത്തടി സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. അതങ്ങു നട്ടേക്കാം എന്നുകരുതി രാവിലെ പണിക്കിറങ്ങി. പത്തമ്പതു മൂടല്ലേയുള്ളു നല്ല ഡീസന്‍റായിട്ടു മുറിച്ചേക്കാം എന്നുകരുതി ഇപ്പോള്‍ നാട്ടില്‍ കിട്ടാറുള്ള ഭയങ്കര മൂര്‍ച്ചയുള്ള ഫോറിന്‍ കൈവാളെടുത്തു. ഒരു തണ്ടില്‍നിന്നും അഞ്ചാറു കഷണങ്ങള്‍ മുറിച്ചു. അവസാനത്തെ കഷണത്തിന് അല്‍പം നീളംകൂടുതലായിരുന്നതുകൊണ്ട് ചെറിയൊരുതുണ്ടു മുറിച്ചുമാറ്റാന്‍നോക്കിയപ്പോള്‍ വാളുതെന്നിപ്പോയി. തണ്ടുപിടിച്ചിരുന്ന ഇടത്തെ കൈപ്പത്തിയുടെ സൈഡിലൂടെ നിരങ്ങിയാണു വാളു നിന്നത്. വലിയ ആഴമില്ലായിരുന്നെങ്കിലും അടുത്തടുത്ത് നാലഞ്ചു കീറല്‍. ചോര വല്ലാതെയൊഴുകി. തുണികൂട്ടി ഞെക്കിപ്പിടിച്ചും തണുത്തവെള്ളമൊഴിച്ചുമൊക്കെ നോക്കിയിട്ടും അരമണിക്കൂറെടുത്തു ബ്ലീഡിങ്ങു നിലയ്ക്കാന്‍. അത്യാവശ്യം ഫസ്റ്റ് എയിഡൊക്കെ കൈവശമുള്ളതുകൊണ്ട് മരുന്നുംവച്ചു ബാന്‍ഡേജുചെയ്തു. നല്ല വേദനയുണ്ടായിരുന്നെങ്കിലും ആശുപത്രിയില്‍പോക്കു വേണ്ടെന്നുവച്ചു.
അന്നു രാത്രി പത്തുമണി കഴിഞ്ഞാണ് ഊണുമുറിയിലെ കുറെ പാത്രങ്ങള്‍ അടുക്കിവയ്ക്കാനുണ്ടെന്നോര്‍ത്തത്. ശ്രദ്ധിച്ചാണു ചെയ്തതെങ്കിലും പാത്രമടുക്കുന്നതിനിടയില്‍, പരുക്കുപറ്റിയ കൈ ചെറുതായിട്ടൊന്നു തട്ടി, നല്ലവേദനയും തോന്നി. എങ്കിലും പണിതുടര്‍ന്നു. മുറിയില്‍ ഫോണ്‍ അടിക്കുന്നതുകേട്ട് പെട്ടെന്നു പണിതീര്‍ത്ത് ലൈറ്റും ഓഫുചെയ്ത് മുറിയിലെത്തി മേശപ്പുറത്തിരുന്ന ഫോണെടുത്തു ചെവിയില്‍ വയ്ക്കുമ്പോളാണ് കൈയ്യിലൂടെ എന്തോ ഒഴുകുന്നതുപോലെ തോന്നിയത്. നോക്കിയപ്പോള്‍ രക്തമാണ്. വിളിച്ചയാളിനോടു തിരിച്ചുപിന്നെ വിളിക്കാം എന്നുപറഞ്ഞു ഫോണ്‍ കട്ടാക്കി. മുറിക്കുപുറത്തിറങ്ങിനോക്കി. ഊണുമുറിമുതല്‍ വരാന്തയിലൂടെ എന്‍റെ മുറിയ്ക്കകത്തുവരെ രക്തത്തുള്ളികളാണ്. ഇപ്പോഴും ഒഴുകുന്നുമുണ്ട്. പെട്ടെന്നൊരുള്‍ക്കിടിലം. തമ്പുരാനെ ബ്ലീഡിങ്ങു നില്‍ക്കാതെ വരുമോ! തനിച്ചേ ഉള്ളുതാനും. കൈയ്യൊക്കെ പൊക്കിവച്ചു കുറേനേരമിരുന്നപ്പോള്‍ ഏതായാലും രക്തമൊഴുക്കുനിന്നു.
എന്നാലിനീം കിടന്നുറങ്ങിയേക്കാം എന്നോര്‍ത്തു തലയിണവച്ച് കൈയ്യൊക്കെ പൊക്കിവച്ചു അഡ്ജസ്റ്റുചെയ്തു കിടന്നതായിരുന്നു. പെട്ടെന്നൊരുചിന്ത, ഉള്ളിലൊരു കിടിലം. ഉണര്‍ന്നിരുന്ന സമയത്തുപോലും അത്രയും ചോരയൊലിച്ചിട്ടും അറിഞ്ഞില്ല. അങ്ങനെയാണെങ്കില്‍ ഉറക്കത്തിലെങ്ങാനും കൈയ്യിളകി രക്തമൊഴുകിയാല്‍ അറിയുകപോലുമില്ല. ചോരവാര്‍ന്ന് നേരം വെളുക്കുമ്പോളത്തേക്കും വടിയായെങ്കിലോ!! ചാടിയെഴുന്നേറ്റു. ചെറുതായിട്ടു വിയര്‍ക്കാനും തുടങ്ങി. ആശുപത്രിയില്‍ പോയാലോ.. എന്തുചെയ്യണമെന്നാലോചിച്ച് നാലഞ്ചുമിനിറ്റ് ഇരുന്നുപോയി. പെട്ടെന്നാണോര്‍മ്മ വന്നത്. അച്ചന്‍റെ ആ പൊട്ടിച്ചിരി. അദ്ദേഹത്തിന്‍റെ വാക്കുകളും: 'ഇദ്ദേഹമതു വെറും കള്ളം പറഞ്ഞതാ. ശരിക്കും മരിക്കുമെന്നുറപ്പു തോന്നുന്ന ഒരവസരം വരട്ടെ, അപ്പോള്‍ കാണാം ഇയാളുടെ തനിനിറം.' തന്നെത്താനെയിരുന്നു ചമ്മിപ്പോയി. ചെറുപ്പക്കാര്‍ക്കു പകരം ഞാന്‍ മരിച്ചോളാമേന്നു പറഞ്ഞു പ്രാര്‍ത്ഥിച്ചിട്ടും ചെറിയ ഒരപകടം വന്നപ്പോള്‍ ചാകാനുള്ള പേടി! പറച്ചിലൊക്കെ വെറും പുറംപൂച്ചാണെന്ന് അച്ചന്‍ പറഞ്ഞതെത്രയോ സത്യം! പിന്നേം ചമ്മി.
അപ്പോഴാണ് രണ്ടുദിവസംമുമ്പ് പരിഭവപ്പെട്ടു ഫോണ്‍ പെട്ടെന്നു കട്ടുചെയ്തതിന് അച്ചനോടുവിളിച്ചു സോറിപറയണമെന്നൊരു തോന്നല്‍. വിളിച്ചു. രണ്ടാമത്തെ വിളിക്കാണ് അറ്റന്‍റു ചെയ്തത്.
"കഴിഞ്ഞദിവസം ഫോണ്‍ പെട്ടെന്നു കട്ടാക്കിയതില്‍ സോറിയച്ചാ. അച്ചന്‍ പറഞ്ഞതു തന്നെയാ ശരി. മരിക്കുമെന്നു ശരിക്കു തോന്നുമ്പോള്‍ പേടിയാ."
"ഇദ്ദേഹത്തോടു കഴിഞ്ഞദിവസം ആ അച്ചന്‍ പറഞ്ഞെന്നു പറഞ്ഞില്ലേ, അതു ശരിക്കും സത്യമാണെന്നതിന്‍റെ തെളിവാ ഇത്. കടുംവെട്ടായതിന്‍റെ ഒന്നാന്തരം ലക്ഷണം. സമയമെന്തായെന്നറിയാമോ? പാതിരായ്ക്കു ഉറക്കത്തില്‍നിന്നും വിളിച ്ചെഴുന്നേല്പിച്ചു പറയാന്‍ കണ്ടയൊരു കാര്യം. ഇങ്ങേര് ഈ ചാകുന്ന കാര്യമോര്‍ത്തോണ്ടിരിക്കാതെ നല്ല മാന്യനായ വയസനച്ചനായിട്ടെങ്ങനെ ജീവിക്കാമെന്നാലോചിക്ക്. ചുമ്മാ മനുഷ്യന്‍റെ ഉറക്കം കളയാതെ." കട്ട്. അപ്പോളുമോര്‍ത്തു, വിളിച്ചതു മണ്ടത്തരമായി. കടുംവെട്ടായതിന്‍റെ ലക്ഷണം! കൈയ്യും പൊക്കിവച്ചു കിടന്നു. ഇനിയിപ്പം നല്ല വയസ്സനച്ചനായിട്ടു ജീവിക്കുന്നതിനെപ്പറ്റി ചിന്തിക്കാമെന്നോര്‍ത്തു കിടന്നപ്പോളാണ് ആ സംഭവം ഓര്‍മ്മയില്‍വന്നത്.
നല്ല കുറിക്കുകൊള്ളുന്ന കമന്‍റു പറയുന്ന ഒരു നോവിസ്മാസ്റ്ററിന്‍റെ കീഴിലായിരുന്നു ഞാന്‍ നൊവിഷ്യറ്റു കഴിച്ചത്. ഒരുദിവസം ഞാന്‍ സങ്കീര്‍ത്തിയില്‍ ജോലിചെയ്തുകൊണ്ടിരിക്കുമ്പോള്‍ പുറത്ത് ഉച്ചത്തിലുള്ള സംസാരംകേട്ടു. കതക് അടച്ചിട്ടിരുന്നതുകാരണം ഞാന്‍ അകത്തുള്ളത് അറിയാതെയാണ് പുറത്തുള്ളവര്‍ സംസാരിക്കുന്നതെന്ന് ഉറപ്പായിരുന്നു. വളരെ പ്രായമുള്ള ഒരച്ചന്‍ വല്ലാത്ത കോപത്തില്‍ നോവിസ്മാസ്റ്ററിനോടായിരുന്നു സംസാരം. ഞങ്ങള്‍ നോവിസസ് പലരും അദ്ദേഹം പറയുന്നതു പരിഗണിക്കാത്തതിലും, പല സഹായങ്ങളും ചോദിച്ചിട്ടും ചെയ്തുകൊടുക്കാത്തതിലുമുള്ള കടുത്ത അമര്‍ഷവും നോവിസ്മാസ്റ്റര്‍ ആ കാര്യങ്ങളൊന്നും നോവിസസിനു പറഞ്ഞുകൊടുക്കത്തതിലുള്ള പരിഭവവുമായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകളില്‍. എല്ലാം കേട്ടുകഴിഞ്ഞ് നോവിസ്മാസ്റ്റര്‍ ആ അച്ചനുകൊടുത്ത മറുപടി ഒരിക്കലും മറക്കാന്‍ പറ്റത്തില്ല.
"ഇതുവല്ലതും പറഞ്ഞുകൊടുത്തു ചെയ്യിക്കേണ്ട കാര്യമാണോ അച്ചാ, തന്നത്താനെ തോന്നി ഓരോരുത്തരു ചെയ്യേണ്ടതല്ലേ."
"അവരതു ചെയ്യുന്നില്ലാത്തതുകൊണ്ടല്ലേ പറയേണ്ടിവന്നത്. വീട്ടില്‍നിന്നും അവരതു പഠിച്ചിട്ടില്ല. ഇവിടെ വച്ചെങ്കിലും അവര്‍ക്കതൊക്കെയൊന്നു പറഞ്ഞുകൊടുക്കാന്‍ മേലേ?""പറഞ്ഞു കൊടുക്കാം. പക്ഷേ അവരെ പഠിപ്പിക്കുന്നതുകൊണ്ടുമാത്രം പോരല്ലോ, നമ്മളും ചിലതൊക്കെ പാലിക്കണ്ടേ? എന്‍റെ പോളിസി ഞാന്‍ പറയട്ടെ. അതു ചരമപ്രസംഗം പറയേണ്ടിവരുമ്പോള്‍ നമ്മളു സാധാരണ എടുത്തുദ്ധരിക്കാറുള്ള സങ്കീര്‍ത്തനം തൊണ്ണൂറിലുണ്ട്. മനുഷ്യന്‍റെ ആയുസ് എഴുപതേയുള്ളു, ഏറിയാല്‍ എണ്‍പത്. അതുകൊണ്ട് എന്‍റെ അഭിപ്രായത്തില്‍ അറുപതുകഴിയുമ്പോള്‍മുതല്‍ നല്ലപ്രായം തീര്‍ന്നു എന്നോര്‍ത്ത് നമ്മള്‍ സ്വയം വിരമിക്കാന്‍തുടങ്ങണം. എഴുപതായാല്‍പിന്നെ കാലാവധി കഴിഞ്ഞു, ഇനി ഭൂമിക്കു നമ്മളു ഭാരമാണെന്നോര്‍ത്തുകൊണ്ടുതന്നെ ജീവിക്കണം. ഭൂമിക്കുമാത്രമല്ല, നമ്മുടെ കൂടെയുള്ളവര്‍ക്കും. അവരാരും അങ്ങനെ ഉറക്കെ പറയുന്നില്ലെങ്കിലും, അവരു പറയാതെ പറയുന്നതാണ് അവരു കാണിക്കുന്ന അവഗണന എന്നു മനസ്സിലാക്കാന്‍ നമുക്കു പറ്റണം. എഴുപതു കഴിഞ്ഞാല്‍പിന്നെ നമ്മളൊക്കെ മറ്റുള്ളവര്‍ക്കൊരു ബാദ്ധ്യതയാണച്ചാ. അതു ബോദ്ധ്യപ്പെടുമ്പോള്‍ ആരെങ്കിലുമൊക്കെ നമ്മളോട് സ്നേഹവും പരിഗണനയുമൊക്കെ കാണിച്ചാല്‍തന്നെ അതു നമുക്ക് അവകാശപ്പെട്ടതല്ല, അവരുടെ ഔദാര്യമാണെന്നോര്‍ക്കണം. അതോടെ നമ്മുടെ പരാതി തീരും, കിട്ടുന്നതുകൊണ്ടു തൃപ്തിപ്പെടും. എണ്‍പതു കഴിഞ്ഞാല്‍പിന്നെ നമ്മളു ബാദ്ധ്യതമാത്രമല്ലച്ചാ, വെറും 'എച്ചിലു' മാത്രമാണെന്നോര്‍ത്തു ജീവിച്ചാല്‍ നമുക്കു മനസമാധാനോംകിട്ടും, കൂട്ടത്തിലുള്ളവരെല്ലാം പെഴയാണെന്നുള്ള പരാതീമുണ്ടാകത്തില്ല."
അതുമോര്‍ത്തു കിടന്നപ്പോള്‍, കടുംവെട്ടേ ആയിട്ടുള്ളു, എച്ചില്‍ ആയിട്ടില്ലല്ലോ എന്ന മനസമാധാനത്തില്‍ അങ്ങുറങ്ങിപ്പോയി.
മരിക്കാന്‍ തയ്യാറാണു പോലും!! വെളുപ്പാന്‍കാലത്തു കണ്ണാടിയില്‍ നോക്കുമ്പോഴും രാത്രീലത്തെ ചമ്മലു മുഴുവന്‍ മാറിയിരുന്നില്ല.