top of page

ആഗോളവല്‍ക്കരണം: പ്രശ്നങ്ങളും സാധ്യതകളും

Jan 5, 2000

2 min read

കവ

Illustrations shows earth sinking in water with ships

ഇന്ത്യയിലും ആഗോളതലത്തിലും സാമ്പത്തികരംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പരിവര്‍ത്തനങ്ങള്‍ പലതരം വ്യാഖ്യാനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. ആഗോളവത്ക്കരണം(Globalization), ഉദാരവത്ക്കരണം(Liberalization) എന്നീ സംജ്ഞകളാണ് പുതിയ സാമ്പത്തിക പരിവര്‍ത്തനങ്ങള്‍ക്ക് പൊതുവില്‍ ലഭിച്ചിട്ടുള്ള വിശേഷണങ്ങള്‍ ഇടതുപക്ഷങ്ങളും പുരോഗമനക്കാരായി പൊതുവില്‍ കാണപ്പെടുന്നവരും ഈ പരിവര്‍ത്തനങ്ങള്‍ പ്രതിലോമപരങ്ങളും അപകടകരങ്ങളുമാണെന്ന് വിലയിരുത്തുകയും ചെയ്യുന്നുണ്ട്. പുതിയ സംഭവവികാസങ്ങളെ ഇങ്ങനെ ലളിതവത്കരിച്ചു കാണുന്നതുകൊണ്ട് പ്രയോജനമൊന്നുമില്ല. ഈ പരിവര്‍ത്തനങ്ങളെ മനസ്സിലാക്കാനോ അവയെ നേരിടാനോ ഇത്തരം സമീപനങ്ങള്‍ സഹായിക്കുകയുമില്ല.

ഇന്ന് ലോകവ്യാപകമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറ്റങ്ങള്‍ ഏതെങ്കിലും പ്രത്യേകവിഭാഗങ്ങളുടെ ആസൂത്രണഫലമായി ഉണ്ടാകുന്നതാണെന്ന് കരുതുന്നത് യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ല. സാമൂഹ്യചലനനിയമങ്ങള്‍ വ്യക്തികളുടെയോ വിഭാഗങ്ങളുടെയോ താല്പര്യങ്ങള്‍ക്കതീതമായ വസ്തുനിഷ്ഠ നിയമങ്ങള്‍ അനുസരിച്ചാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന മാര്‍ക്സിയന്‍ ചരിത്രവിശകലനരീതി തന്നെയാണ് സ്ഥിരീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

ഫ്യൂഡല്‍ സാമ്പത്തികഘടനയില്‍നിന്ന് മുതലാളിത്തത്തിലേക്കുള്ള പരിണാമം ഏതെങ്കിലും വിഭാഗങ്ങളുടെ ആസൂത്രണഫലമായി സംഭവിച്ചതല്ല. സാമൂഹികമായ ആന്തരിക വൈരുദ്ധ്യങ്ങളുടെ പ്രവര്‍ത്തനഫലമായിട്ടാണ് ഇത്തരം മാറ്റങ്ങള്‍ ആരംഭിക്കുകയും പല മേഖലകളിലും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നത്. മുതലാളിത്തത്തിന്‍റെ തുടര്‍ന്നുള്ള പരിണാമങ്ങളും ഈ രീതിയില്‍ തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മുതലാളിത്തത്തിന്‍റെ ആന്തരികവൈരുദ്ധ്യങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ച മാര്‍ക്സിസം ആവിഷ്കരിച്ച സോഷ്യലിസ്റ്റു പരിവര്‍ത്തനപദ്ധതി ആസൂത്രിതമായ ഗൂഢാലോചനയുടെ രൂപം കൈവരിച്ചതോടെ അതു കൃത്രിമമാകുകയും ചരിത്രനിയമങ്ങള്‍ക്കു മുന്നില്‍ തകര്‍ന്നുവീഴുകയും ചെയ്തു.

ഫ്യൂഡല്‍ഘട്ടത്തിലെ സ്വേച്ഛാധിപത്യപരവും പ്രാദേശികവുമായ ഉദ്പാദനരീതിയെ കൂടുതല്‍ ജനാധിപത്യപരവും സാമൂഹ്യവത്കൃതവുമാക്കുകയാണ് മുതലാളിത്തം ചെയ്തത്. പ്രകൃതിയുടെ ജൈവികസ്വഭാവങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള മത്സരവും ലാഭേച്ഛയുമാണ് മുതലാളിത്തത്തിന്‍റെ ചാലകശക്തികള്‍. ഇവയാകട്ടെ മുതലാളിത്ത ജനാധിപത്യത്തെ അസമത്വത്തിന്‍റെ സംരക്ഷണോപാധിയായി മാറ്റുന്നു. അതേസമയം ഫ്യൂഡലിസത്തിലേതുപോലെ ഉച്ചനീചത്വവിഭാഗങ്ങള്‍ക്ക് സ്ഥായിസ്വഭാവമില്ല, തൊഴിലാളികള്‍ക്ക് മുതലാളിയാവാം, മതുലാളി പാപ്പരാവാം മുതലാളിത്തത്തിലെ ചൂഷണസംവിധാനങ്ങള്‍ അധികവും നിയമവിധേയമാണുതാനും. മുതലാളിത്ത ഉല്പാദനസമ്പ്രദായത്തിന് സ്വയം ചലനക്ഷമമാകാന്‍ കഴിയുന്നതുകൊണ്ടാണ് അതിന് പ്രതിസന്ധികളെ അതിജീവിക്കാനും പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് പരിണമിക്കാനും കഴിയുന്നത്.

മുതലാളിത്തത്തില്‍ അന്തര്‍ജന്യമായ അസമത്വവും ചൂഷണവും ഇല്ലാതാക്കാന്‍ സോഷ്യലിസം ആവിഷ്കരിച്ച നിയന്ത്രണസംവിധാനങ്ങള്‍ സമ്പദ്വ്യവസ്ഥയുടെ സ്വയം ചലനക്ഷമതയെ ഇല്ലാതാക്കി. നിയമവിരുദ്ധവും അഴിമതിയെ ആശ്രയിക്കുന്നതുമായ ചൂഷണസംവിധാനങ്ങള്‍ വളര്‍ന്നുവരികയും ചെയ്തു. സ്വകാര്യസ്വത്തു സമ്പ്രദായവും ലാഭേച്ഛയും ഇല്ലാതാക്കിയ സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥ ആഹ്വാനത്തിന് പ്രചോദനം നല്‍കാനാവാതെ മുരടിക്കുകയാണുണ്ടായത്. സോഷ്യലിസം നേരിട്ട അടിസ്ഥാനപരമായ ഇത്തരം വെല്ലുവിളികള്‍ പരിഹരിക്കപ്പെടാതെ തുടരുകയാണ്. തത്ഫലമായി സോഷ്യലിസ്റ്റു സാമ്പത്തികമാതൃകകള്‍ മുതലാളിത്ത ഉല്പാദന സമ്പ്രദായത്തേക്കാള്‍ പലരീതിയില്‍ അധഃപതിക്കുകയാണുണ്ടായത്.

ലോകനിലവാരത്തില്‍ സോഷ്യലിസ്റ്റു വ്യവസ്ഥകളുടെ തകര്‍ച്ചയെ തുടര്‍ന്ന് മുതലാളിത്തത്തിന് ചോദ്യം  ചെയ്യപ്പെടാത്ത മുന്നേറ്റം സാന്നിദ്ധ്യമായിരിക്കുകയാണ്. ഈ മുന്നേറ്റത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇരുപതാം നൂറ്റാണ്ട് ഇരുപത്തൊന്നാം നൂറ്റാണ്ടിന് വഴിമാറിക്കൊടുക്കുന്നത്. സാമ്പത്തികമേഖലയില്‍ ഈ മുതലാളിത്തമുന്നേറ്റം സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് ഈ ഘട്ടത്തില്‍ പരിശോധിക്കേണ്ടത്.

ഉദാരവത്കരണവും ആഗോളവത്കരണമവുമാണ് ഈ മുതലാളിത്ത പ്രവണതകളില്‍ മുഖ്യമായിട്ടുള്ളത്. സോഷ്യലിസത്തിന്‍റെ നിയന്ത്രണവ്യവസ്ഥകള്‍ പരാജയപ്പെട്ട പശ്ചാത്തലത്തില്‍ വികസ്വരരാഷ്ട്രങ്ങളില്‍ സോഷ്യലിസ്റ്റു മാതൃകയെ അനുകരിച്ച് ഉണ്ടാക്കിയ പലതരം നിയന്ത്രണസംവിധാനങ്ങളെ തകര്‍ത്തുകൊണ്ട് ലോകതലത്തില്‍ ആഗോളവിപണിയ്ക്ക് നിര്‍ബാധം പ്രവര്‍ത്തിക്കാന്‍ അവസരം നല്കുന്ന പരിഷ്കാരങ്ങളെയാണ് ഉദാരവത്കരണം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. പരാജയപ്പെട്ട സോഷ്യലിസ്റ്റു നിയന്ത്രണ മാതൃകകള്‍ക്ക് പകരം കൂടുതല്‍ ഫലപ്രദമായ ബദല്‍ മാതൃകകള്‍ കണ്ടെത്താത്തിടത്തോളം കാലം ഈ ഉദാരവത്കരണ പ്രവണതയെ തടഞ്ഞുനിര്‍ത്താനാവില്ല. ഇപ്പോള്‍ അത്തരം ബദലുകളില്ലെന്നതാണ് വാസ്തവം. ഈ സാഹചര്യത്തില്‍ ഉദാരവത്ക്കരണത്തിനെതിരായ പ്രസംഗങ്ങളും മറ്റും പൊള്ളയായ വാചകക്കസര്‍ത്തുകള്‍ മാത്രമായി തീര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ നടപ്പിലാക്കിയ, സോവിയറ്റു മാതൃകയിലുള്ള പൊതുമേഖലാസംരംഭങ്ങളും നിയന്ത്രണവ്യവസ്ഥകളും അതിശക്തമായ ഉദ്യോഗസ്ഥമേധാവിത്വവര്‍ഗത്തെയും അഴിമതിസംസ്കാരത്തെയും വളര്‍ത്തുകയാണ് ചെയ്തിട്ടുള്ളതെന്നു കാണാന്‍ വിഷമമില്ല.

രാജ്യത്തിലെ വ്യവസായസംരംഭകരെ പ്രോത്സാഹിപ്പിക്കാനും നിയന്ത്രിക്കാനുമാണ് ഇത്തരം നടപടികള്‍ സ്വീകരിച്ചതെങ്കിലും സ്വയം ചലനക്ഷമതയെ ഉല്പാദനസമ്പ്രദായം വളര്‍ത്തിക്കൊണ്ടുവരാന്‍ അതു സഹായിച്ചില്ലെന്നുതന്നെയാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്. പഴയ നിയന്ത്രണങ്ങള്‍ ഒന്നൊന്നായി എടുത്തുകളഞ്ഞുകൊണ്ടുള്ള ഉദാരവത്കരണനയം നടപ്പിലാക്കിയപ്പോള്‍ കുത്തകകള്‍ക്ക് വളരാനും വിദേശമൂലധനത്തിന് കടന്നുകയറാനുമുള്ള അനുകൂലസാഹചര്യമാണ് ഇവിടെ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത് ഇവിടത്തെ വ്യവസായങ്ങളുടെ സംരക്ഷിതവളര്‍ച്ചയ്ക്ക് ദോഷം ചെയ്യുമെന്നുള്ളതും ശരിയാണ്. അതേസമയം ലോകകമ്പോളത്തില്‍ മത്സരിക്കുന്നതിന് ഉല്പാദനത്തിന്‍റെ ഗുണനിലവാരം ഉയരുകയല്ലാതെ കുറുക്കുവഴികളില്ലെന്ന യാഥാര്‍ത്ഥ്യം  ലോകനിലവാരത്തിലുള്ള പുതിയ സംരംഭകര്‍ വളര്‍ന്നുവരാന്‍ സഹായകമാകും എന്ന വസ്തുത വിസ്മരിച്ചുകൂടാ. ആ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആരോഗ്യകരമായ അടിസ്ഥാനമുണ്ടാകുമെന്നുള്ളതും സ്പഷ്ടമാണ്. പുതിയ യാഥാര്‍ത്ഥ്യത്തിന്‍റെ ഇത്തരം ഗുണാത്മകവശങ്ങളെ ഉപയോഗപ്പെടുത്താനാണ് നമ്മുടേതുപോലുള്ള രാജ്യങ്ങള്‍ ശ്രമിക്കേണ്ടത്.

ഉദാരവത്കരണത്തിന്‍റെ തുടര്‍ച്ച തന്നെയാണ് ആഗോളവത്കരണം. ആഗോളവിപണിയുടെ ഏകീകരണമാണ് ഉദാരവത്കരണനയത്തിന്‍റെ ലക്ഷ്യം. അതേസമയം ശാസ്ത്രസാങ്കേതികവിദ്യകള്‍ നേടിയിട്ടുള്ള കുതിച്ചുചാട്ടങ്ങള്‍ ആഗോളവത്കരണപ്രക്രിയയെ തടുത്തു നിര്‍ത്താനാവാത്ത ഒരു യാഥാര്‍ത്ഥ്യമാക്കി മാറ്റുകയും ചെയ്യുന്നുണ്ട്. ആഗോളവത്കരണത്തിന്‍റെ പ്രത്യക്ഷരൂപം ഗാട്ട് കരാറിന്‍റെ തുടര്‍ച്ചയായി രൂപംകൊണ്ട ലോകവ്യാപാരസംഘടനയാണ്. സാമ്രാജ്യത്വത്തിന്‍റെ ഏറ്റവും പുതിയ മുഖം എന്നാണ് ഇതിനെ പൊതുവേ വിലയിരുത്തിയിട്ടുള്ളത്. അതു തികച്ചും ശരിയാണ്. സാമ്രാജ്യത്വത്തിന്‍റെ പഴയമുഖങ്ങളുമായി ഇതിനെ താരതമ്യം ചെയ്യേണ്ടതുണ്ട്.

രണ്ടാംലോകയുദ്ധം വരെയുള്ള സാമ്രാജ്യത്വം കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന വെട്ടിപ്പിടുത്ത രൂപത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ലോകയുദ്ധത്തിനുശേഷം ഐക്യരാഷ്ട്രസഭയുടെ മറവില്‍നിന്ന് പരോക്ഷകൊള്ളയുടെ പുത്തന്‍കൊളോണിയല്‍ രീതിയാണ് സ്വീകരിക്കപ്പെട്ടത്. പഴയ വെട്ടിപ്പിടുത്തകാലത്തേക്കാള്‍ മെച്ചപ്പെട്ടതായിരുന്നു ഈ പുത്തന്‍ കൊളോണിയല്‍ ഘട്ടം എന്ന കാര്യം വിസ്മരിച്ചുകൂടാ. നേരിട്ടുള്ള സൈനികാധിപത്യം കൂട്ടായുള്ള സാമ്പത്തിക ചൂഷണമായിരുന്നു ഈ ഘട്ടത്തിന്‍റെ പ്രത്യേകത. പക്ഷേ അപ്പോഴും പരോക്ഷസമ്മര്‍ദ്ദങ്ങള്‍ക്ക് നിയന്ത്രണം ചെലുത്തുന്ന പൊതുചട്ടങ്ങളൊന്നും ആഗോളസാമ്പത്തിക മേഖലയില്‍ ഉണ്ടായിരുന്നില്ല.

വിവിധ സാംസ്കാരിക വിദ്യയുടെ തലത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആഗോളവത്കരണം എല്ലാത്തരം നിയന്ത്രണങ്ങളെയും അപ്രസക്തമാക്കുന്ന തലത്തിലുള്ള പുതിയ സാധ്യതകളെയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ചൂഷണത്തിന്‍റെ പുതിയ സാധ്യതകള്‍ അതു തുറക്കുന്നതോടൊപ്പം അതിനെ ചെറുക്കാനുള്ള സാധ്യതകളും വന്‍തോതില്‍ ഉയര്‍ന്നു വരുന്നു എന്ന കാര്യം വിസ്മരിച്ചുകൂടാ. ചരിത്രത്തിന്‍റെ ഈ വൈരുദ്ധ്യാത്മക പ്രക്രിയ, കൂടുതല്‍ സജീവമായിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ കാണാവുന്നത്.

Featured Posts

bottom of page