top of page

മഹത്ത്വം

Feb 11

1 min read

ജോര്‍ജ് വലിയപാടത്ത്

ലോകത്തിൽ ആയിരിക്കാനും എന്നാൽ ലോകത്തിൻ്റേതല്ലാത്തതുപോലെ ജീവിക്കാനുമാണ് ക്രിസ്തീയ വിളി. യോഹന്നാന്റെ സുവിശേഷത്തിലാണ് 'ലോകം' എന്ന സംജ്ഞ ആവർത്തിച്ച് ഉപയോഗിക്കപ്പെടുന്നത്. പാപകരമായ, അഥവാ പിശാചിന് അടിമപ്പെട്ട ജീവിതക്രം എന്ന അർത്ഥമാണതിന്. "ലോകത്തിൽ നിന്ന് അവരെ എടുക്കണം എന്നല്ല, പിന്നെയോ ദുഷ്ടനിൽ നിന്ന് അവരെ കാത്തുകൊള്ളണം എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്" എന്ന് യേശു വ്യക്തമാക്കുന്നുണ്ട്.


പൂർവ്വകാലത്തും സമകാലിക ലോകത്തും ക്രൈസ്തവ സമൂഹത്തിൽത്തന്നെ നിരവധി നിരവധി വിശ്വാസ രീതികളുണ്ട്. കത്തോലിക്കാസഭ പോലും ഇന്ന് വിശ്വാസത്തിന്റെ കാര്യത്തിൽ ഒറ്റക്കൽനിർമ്മിതം അല്ലാതായിരിക്കുന്നു. കത്തോലിക്കാ ആത്മീയതയുടെ ഭാഗമല്ലാതിരുന്ന പ്യൂരിറ്റാനിസം പല നവീകരണ ഗ്രൂപ്പുകളെയും ഇന്ന് ബാധിച്ചിട്ടുണ്ട്. സിനിമയും നാടകവും സാഹിത്യവും ടിവിയും വിനോദങ്ങളും എല്ലാം പാപകരമാണ് എന്ന വിധത്തിലുള്ള പ്രബോധനം ഒളിഞ്ഞും തെളിഞ്ഞും പലയിടത്തും കാണാനുണ്ട്. അങ്ങനെയായാൽ, ഭൗതികമായതെല്ലാം പാപകരമാണ് എന്ന നിലയിലേക്കാവും നാം ചെന്നെത്തുക. "ദൈവം ലോകത്തെ അത്ര അധികമായി സ്നേഹിച്ചു" എന്നത് നാം മറന്നുപോകും. ഏശയ്യാക്കും എസീക്കിയേലിനും ദാനിയേലിനും പഴയ നിയമത്തിൽ ദൈവത്തെയും സ്വർഗ്ഗത്തെയും കുറിച്ച് ദർശനങ്ങൾ ഉണ്ടായിട്ടുണ്ട്. മഹത്ത്വത്തിൽ സിംഹാസനാരൂഢനായ ദൈവവും മാലാഖാമാരും ചിറകുള്ള മറ്റനേകം ജീവികളും ഒക്കെ അവർക്ക് കാണപ്പെട്ടിട്ടുണ്ട്.


പുതിയ നിയമത്തിലെ ദൈവവും മഹത്ത്വവാൻ തന്നെ. പക്ഷേ, ചാണകഗന്ധം മുറ്റുന്ന കാലിത്തൊഴുത്തിൽ പിറന്നുവീണ ചോരക്കുഞ്ഞിലും കള്ളനും കൊള്ളക്കാരനും മധ്യേ ചോരയിൽക്കുളിച്ച് കുരിശിൽ ഒടിഞ്ഞുതൂങ്ങിക്കിടന്ന ദരിദ്രരൂപത്തിലുമൊക്കെയാണ് പുതിയ നിയമത്തിലെ മഹത്ത്വത്തിൻ്റെ മഹനീയ സാമീപ്യങ്ങൾ കുടികൊള്ളുന്നത്.

ഉളുമ്പും ചൂരുമുള്ള ഒരു വള്ളം മീനിൻ്റെ നടുവിൽ മുട്ടുകുത്തി നിന്നുകൊണ്ട് "കർത്താവേ, ഞാൻ പാപിയാണ്, എന്നിൽ നിന്ന് അകന്നുപോകണമേ" എന്ന് പ്രാർത്ഥിക്കുന്ന പത്രോസാണ്, പഴയനിയമത്തിൽ "എനിക്ക് ദുരിതം! ഞാൻ നശിച്ചു. എന്തെന്നാൽ ഞാൻ അശുദ്ധമായ അധരങ്ങളുള്ളവനാ"ണ് എന്നു പ്രലപിക്കുന്ന ഏശയ്യായുടെ പുതിയനിയമത്തിലെ രൂപം. പ്രകാശവും സെറാഫുകളുമൊന്നുമല്ല, വലനിറച്ച പച്ചമീനാണ് പത്രോസിന്റെ ദൈവാനുഭവത്തിൻ്റെ പ്രഭവബിന്ദു.


പഴയനിയമത്തിൽ ഏശയ്യായുടെ ദർശനത്തിൽ പോലും പലരും ശ്രദ്ധിക്കാതെ പോകുന്ന വചനം ഉണ്ട്. "ഭൂമി അവിടത്തെ മഹത്ത്വത്താൽ നിറഞ്ഞിരിക്കുന്നു" എന്നതാണത്!


ജോര്‍ജ് വലിയപാടത്ത�്

0

71

Featured Posts

Recent Posts

bottom of page