top of page
"നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം
നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്"
എന്ന പ്രസ്താവന 'ആടുജീവിതം' എന്ന ബെന്യാമിന്‍റെ നോവലിലെ അനുഭവങ്ങളോടുള്ള നമ്മുടെ സമീപനമാണ്. എഴുത്ത് പലതരത്തിലുണ്ട്. നമ്മെ വിശ്രാന്തിയിലേക്കു നയിക്കുന്നതാവണം കലയും സാഹിത്യവുമെന്നു കരുതുന്നവരുണ്ട്. നമ്മെ ഞെട്ടിച്ചുണര്‍ത്തുന്നതാവണം സാഹിത്യമെന്നു വിചാരിക്കുന്നവരുമുണ്ട്. അശാന്തിയിലേക്കും ഉറക്കമില്ലായ്മയിലേക്കും ദുഃസ്വപ്നങ്ങളിലേക്കും നമ്മെ നയിക്കുന്ന കൃതികളും ഉണ്ട്. 'ആടു ജീവിതം' എന്ന നോവല്‍ മനുഷ്യാനുഭവത്തിന്‍റെ അപരിചിത മേഖലകള്‍ ചൂണ്ടിക്കാണിച്ച് നമ്മെ ഭയപ്പെടുത്തുകയും ഞെട്ടിക്കുകയും ചെയ്യുന്നു. കെട്ടുകഥയെന്ന് നാം ഈ അനുഭവതീക്ഷ്ണതകളെ വിളിക്കുന്നുവെങ്കില്‍ ആ ജീവിതം നാം ജീവിക്കാത്തതുകൊണ്ടാണ്. സ്വന്തം അനുഭവത്തില്‍ നിന്നല്ല, മറ്റൊരാളുടെ അനുഭവം തന്നിലുണ്ടാക്കിയ ആഘാതത്തിന്‍റെ ഫലമാണ് ഈ നോവല്‍. ഹിറ്റ്ലറുടെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍നിന്ന് ജീവിതത്തിലേക്ക് നടന്നു കയറിയവര്‍ എഴുതിയ അനുഭവങ്ങളോടു ചേര്‍ത്തുവച്ച് വായിക്കാവുന്നതാണ് 'ആടുജീവിതം.'
പ്രവാസം മനുഷ്യനെ സംബന്ധിച്ച് ഒരു യാഥാര്‍ത്ഥ്യമാണ്. പല കാരണങ്ങള്‍കൊണ്ട് ഒരാള്‍ പ്രവാസിയായിത്തീരാറുണ്ട്. തൊഴില്‍ തേടി പ്രവാസത്തിനു വിധിക്കപ്പെടുന്നവര്‍ കടന്നുപോകുന്ന അനുഭവങ്ങളും ആഴവും പരപ്പും നാം 'ആടുജീവിത' ത്തില്‍ കണ്ടു ഭയപ്പെടുന്നു. ബാബുഭരദ്വാജിന്‍റെ 'പ്രവാസിയുടെ കുറിപ്പുക'ളും കൃഷ്ണദാസിന്‍റെ 'ദുബായ്പ്പുഴ'യും 'കടലിരമ്പങ്ങളുമെല്ലാം' 'ആടുജീവിത'ത്തോടു ചേര്‍ത്തു വായിക്കുമ്പോള്‍ മലയാളിയുടെ പ്രവാസത്തിന്‍റെ മറ്റൊരു മുഖം തെളിഞ്ഞുവരുന്നു. സമ്പത്തിന്‍റെയും പ്രൗഢിയുടെയും മുഖത്തിനു നേര്‍വിപരീതമായി നിലകൊള്ളുന്ന ദയനീയമായ ജീവിത സന്ധികളാണ് ആടുജീവിതത്തില്‍ നാം കാണുന്നത്. നജീബ് എന്ന മനുഷ്യന്‍ അപമാനവീകരിക്കപ്പെട്ട ആടുജീവിതത്തെക്കാള്‍ ദയനീയമായ ജീവിതത്തിലേക്കു വലിച്ചെറിയപ്പെടുന്നു. മരുഭൂമിയുടെ ഊഷരതയും മനുഷ്യത്വത്തിന്‍റെ നാശവും മനുഷ്യരെക്കാള്‍ വളരെത്താഴ്ന്ന ജീവിയാക്കി നജീബിനെ മാറ്റിത്തീര്‍ക്കുന്നു. ആകാശത്തിലേയ്ക്കു തലയുയര്‍ത്തി നോക്കാതെ ആടിന്‍റെ ജീവിതം ഇത്തിരിവെട്ടത്തില്‍ ഒതുങ്ങുന്നു. തീറ്റതേടി അലയുന്ന ആടുകള്‍ യജമാനനെ അനുസരിക്കാന്‍ വിധിക്കപ്പെട്ടവനാണ്. ആടിനെ നോക്കുന്നവന് ആടിന്‍റെ വിധിയേക്കാള്‍ മോശം വിധിയാണെങ്കില്‍ ആട് മനുഷ്യനെക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നു. ഈ വിപര്യയമാണ് 'ആടു ജീവിത'ത്തെ തീക്ഷ്ണമാക്കുന്നത്.
വലിയ സ്വപ്നങ്ങളുമായി ഗള്‍ഫിലെത്തിയ നജീബ് ജയിലിലാകുന്നു. അവിടെനിന്ന് ആടിനെ നോക്കുന്ന അടിമപ്പണിയിലേക്ക് വലിച്ചെറിയപ്പെടുന്നു. കണ്ണാടിപോലും കാണാത്ത, കുളിയും നനയുമില്ലാത്ത ജീവിതം അയാളെ പ്രാകൃതജീവിയാക്കുന്നു. അയാളുടെ ജീവിതത്തെ ജീവിതമെന്നു വിളിക്കാനാവില്ല. മനുഷ്യജീവിതം ആടുജീവിതവുമായി ഏറ്റുമുട്ടുന്നു. 'ആഗ്രഹിക്കുമ്പോള്‍ നിര്‍ഭാഗ്യങ്ങള്‍പോലും നമ്മെ തേടിവരാന്‍ മടിക്കുന്നു എന്നത് എത്ര കഷ്ടമാണ്, അല്ലേ?' എന്ന ചോദ്യം നിസ്സഹായതയുടെ പരകോടിയാണ്. 'നിറയെ വേദനകള്‍ക്കിടയിലെ അപൂര്‍വ ചിരി നിമിഷങ്ങളും' ഈ നോവല്‍ നല്‍കുന്നുണ്ട്. "ജീവിതം തുടരാനുള്ള കൊതിയിലാണ് ജയിലിനുള്ളില്‍ ഞാന്‍ സ്വയം എത്തിപ്പെട്ടത്. അങ്ങനെയൊരാള്‍ സ്വയം ആഗ്രഹിച്ച് ജയിലിനുള്ളില്‍ അകപ്പെടാന്‍ കാരണമാകുന്നുവെങ്കില്‍ അയാള്‍ അതിനുമുന്‍പ് വേദനയുടെ എത്ര തീ തിന്നിട്ടുണ്ടാവും എന്ന് നിങ്ങള്‍ക്ക് ഊഹിക്കാനാവുമോ" എന്ന ചോദ്യം നമ്മെ നിരന്തരം വേട്ടയാടുന്നു.
'വേദനയുടെ നീണ്ട മണല്‍പ്പാടങ്ങള്‍' നീന്തിക്കടന്നവനാണ് നജീബ്. ആരോടെങ്കിലും മിണ്ടുക എന്ന കൊതിയോടെ മൂന്നുനാലു വര്‍ഷങ്ങള്‍ കാത്തിരുന്നവന്‍. 'മനസ്സും പാദങ്ങളും ചുട്ട മണല്‍ത്തരികളില്‍ ചവിട്ടിയിട്ടെന്നതുപോലെ ചുട്ടുപൊള്ളിയവന്‍'. 'ലോകം നമ്മളെ അറിയുന്നില്ല. നമ്മള്‍ ലോകവും അറിയുന്നില്ല. അതാണ് സത്യത്തില്‍ ഒരു ജയില്‍.' ജോലിസ്ഥലവും ഇത്തരത്തില്‍ ജയിലായി മാറുമ്പോള്‍ ആരും തിരിച്ചറിയാത്ത ഒരു ജീവിതം തടവിലാകുന്നു. അപ്പോള്‍ 'ഏതു സങ്കടത്തില്‍നിന്നും കരകയറാനുള്ള ഒരേയൊരുവഴി നമ്മളേക്കാള്‍ സങ്കടമുള്ളവരുടെ കഥകള്‍ കേള്‍ക്കുക എന്നതുതന്നെയാണ്' എന്ന അറിവില്‍ ഒരുവനെത്തുന്നു. മനുഷ്യന്‍ അവന്‍റെ നിസ്സഹായാവസ്ഥയില്‍ എത്ര അധീരനായിപ്പോകുന്നു എന്ന് അപ്പോഴാണ് ശരിക്കും മനസ്സിലാക്കുക. ജീവിതത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും ആധികളോട് സമരസപ്പെടാന്‍ അങ്ങനെ നാം പരിശീലിക്കുന്നു.
ലോകത്തില്‍ ഒരു കലാകാരനും പുനരാവിഷ്കരിക്കാന്‍ കഴിയാത്ത ജീവിതത്തിന്‍റെ പച്ച നിമിഷങ്ങളാണ് ഈ നോവലില്‍ നാം കാണുന്നത്. 'പാതിവഴിയില്‍ അപൂര്‍ണമായിപ്പോവുന്ന ജീവിതങ്ങളെയും സ്വന്തം കഥ ആരോടും പറയാതെ നടുങ്ങിപ്പോകുന്ന നിസ്സഹായ ജീവികളെ'യും നാം കണ്ടുമുട്ടുന്നു. മരുഭൂമിയുടെ മണം വാക്കുകള്‍ക്കിടയില്‍ തങ്ങിനില്‍ക്കുന്നു. 'വേദനകളും ദുഃഖങ്ങളും എല്ലാം ഉറഞ്ഞുപോയ ഒരു 'ജീവിതം' മാത്രമാണ്' നാമിവിടെ കാണുന്നത്. ഒരിക്കലും രക്ഷപ്പെടാനാവാത്തവിധം ജീവിതം ആടുകളുടെ ഇടയില്‍ കുടുങ്ങിപ്പോയവന്‍ നിസ്സഹായനാകുന്നു.
മരുഭൂമിയുടെ മൃഗമായ ഒട്ടകം നിസ്സംഗനാണ്. മരുഭൂമിയിലെ അനുഭവങ്ങളാകാം അതിനെ അങ്ങനെയാക്കിയത്. ഒട്ടകത്തിന്‍റെ നിസ്സംഗത മുറ്റിയ നോട്ടം കഥാനായകനെ ആകര്‍ഷിക്കുകയും ഭയപ്പെടുത്തുകയും ചെയ്തു. "ആ കണ്ണുകളിലേക്കു ഞാന്‍ ഒരുവട്ടം നോക്കിയതേയുള്ളൂ. സൂര്യനെ നോക്കുന്നതുപോലെ ഞാന്‍ കണ്ണുകള്‍ പിന്‍വലിച്ചു കളഞ്ഞു. മരുഭൂമിയുടെ ആഴവും പരപ്പും രൂക്ഷതയും വന്യതയും എല്ലാം ആ കണ്ണുകള്‍ക്കുള്ളില്‍ ഉറഞ്ഞുകിടക്കുന്നതായി എനിക്കു തോന്നി. അതിനെയൊന്നും ഒരിക്കലും അതിജീവിക്കാനാവില്ലെന്ന അറിവായിരിക്കണം അവിടെ നിസ്സംഗതയായി ഉറഞ്ഞുകിടക്കുന്നത്." ഈ നിസ്സംഗതയാണ് ഒരു ഘട്ടം കഴിയുമ്പോള്‍ നജീബിനെ പിടികൂടുന്നത്. 'ഭാവത്തിന്‍ പരകോടിയില്‍ സ്വയമഭാവത്തിന്‍ സ്വഭാവം വരാം' എന്നു കവി പറയുന്നത് ഇവിടെ സാര്‍ത്ഥകമാവുന്നു. 'സാഹചര്യം മനുഷ്യന്‍റെ എല്ലാ പേടികളെയും അസ്ഥാനത്താക്കുന്നു' എന്ന തിരിച്ചറിവിലേക്ക് അയാള്‍ അങ്ങനെ എത്തിച്ചേരുന്നു. കട്ടിലിനടിയില്‍ ഇത്തിരി തണല്‍ കണ്ടെത്തുന്നത് ലോകത്തിലെ ഏറ്റവും മഹത്തായ കണ്ടുപിടുത്തമായി കണക്കാക്കുന്ന സാഹചര്യം മറ്റെല്ലാറ്റിനെയും അപ്രസക്തമാക്കുന്നു. പ്രകൃതിയിലേക്ക് നിരന്തരം കണ്ണുകള്‍ തുറന്നുവയ്ക്കേണ്ടതിന്‍റെ ആവശ്യം അയാള്‍ തിരിച്ചറിയുന്നു.
മസറയില്‍ ആടുകളോടൊപ്പം ജീവിക്കുമ്പോള്‍ നജീബില്‍നിന്ന് ഭൂതകാലവും വര്‍ത്തമാനകാലവും കൊഴിഞ്ഞുപോയി. ഹിംസാത്മകമായ വര്‍ത്തമാനത്തിന്‍റെ ചുഴിയില്‍ അയാള്‍ അകപ്പെട്ടു. കാലത്തില്‍നിന്ന് വെളിയില്‍ കടന്ന അയാളെ വര്‍ത്തമാനകാലം മാത്രമുള്ള ഏകമാന മനുഷ്യനാക്കി. "ഞാന്‍ ഇന്നലെകളെക്കുറിച്ച് വ്യാകുലപ്പെടുകയോ നാളെകളെക്കുറിച്ച് ആകാംക്ഷപ്പെടുകയോ ചെയ്തില്ല. ഇന്നിനെ എങ്ങനെ നേരിടാം എന്നു മാത്രം ചിന്തിച്ചു." അതാണ് മൃഗജീവിതത്തിലേക്കുള്ള വിപരിണാമം. കാലബോധം മനുഷ്യന്‍റെ സ്വത്വബോധവുമായി ബന്ധപ്പെട്ടതാണ്. അതു നഷ്ടപ്പെടുമ്പോള്‍ സ്വത്വബോധം തന്നെയാണ് നഷ്ടപ്പെടുന്നത്. വര്‍ത്തമാനകാലത്തിന്‍റെ തീക്ഷ്ണത മുറ്റിയ തടവറയില്‍ കൈകാലിട്ടടിക്കുന്ന ആടുമനുഷ്യന്‍ തന്നെ ഗ്രസിച്ച മരുഭൂമിയില്‍ കാലമറ്റവനെപ്പോലെ ഇടറി നീങ്ങുന്നു. "എല്ലാ തടവറകള്‍ക്കും മതിലുകള്‍ക്കും എന്തൊക്കെയോ സുരക്ഷിതത്വത്തിന്‍റെ ഒരു വലയമുണ്ട്" എന്ന ചിന്തയില്‍ എത്തിപ്പെടുകയാണയാള്‍. മരുഭൂമിയുടെ ദത്തുപുത്രനായ നജീബിന് മരുഭൂമിയിലെ ചെടികളാണ് ജീവിതത്തിന്‍റെ വലിയ പ്രതീക്ഷയുടെ പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നത്. "ചെടിക്കുഞ്ഞുങ്ങളുടെ വാക്കുകള്‍ക്കു ഞാന്‍ ചെവികൊടുത്തു. ഞാനെന്‍റെ അനുകൂലകാലത്തിനുവേണ്ടി ക്ഷമാപൂര്‍വം കാത്തിരുന്നു." അയാള്‍ക്കു ചെയ്യാവുന്നത് അതു മാത്രമായിരുന്നു. "ഒരിത്തിരിനേരം ഒരു തണലത്ത് ഒന്നിരിക്കുക എന്നതായിരുന്നു അന്നത്തെ എന്‍റെ അടങ്ങാത്ത മോഹം. തണല്‍ ഒരു സ്വപ്നമായിത്തീരുന്നവന്‍റെ വേദനയൊന്നാലോചിച്ചു നോക്കൂ" എന്ന വാക്കുകള്‍ ഈ മനുഷ്യന്‍റെ നിസ്സഹായത അപ്പാടെ വെളിപ്പെടുത്തുന്നു.
മരണവും ജീവിതവും ഇടകലര്‍ന്ന മസറാ ജീവിതത്തില്‍നിന്ന് രക്ഷപ്പെട്ട നജീബ് അഭയസ്ഥാനം അന്വേഷിച്ച് കുറേക്കാലം അലഞ്ഞു. സ്വാതന്ത്ര്യത്തിന്‍റെ ആകാശം അയാളെ പുതിയ പ്രതീക്ഷയിലേക്കു നയിച്ചുകൊണ്ടിരുന്നു. തന്നെ സഹായിക്കാന്‍ തയ്യാറായവരില്‍ ചിലര്‍ മരുഭൂമിയില്‍ അസ്തമിച്ചു. എന്നിട്ടും നന്മയുടെ ചില ഉറവകള്‍ അയാള്‍ക്കായി തുറന്നുകിട്ടി. "ഏതൊരാള്‍ക്കും ഏതാവശ്യത്തിനും എപ്പോഴും ഓടിയെത്താവുന്ന അത്താണിയായി, സ്നേഹത്തിന്‍റെ ഒരു വടവൃക്ഷമുണ്ടാകും. അതിന്‍റെ തണല്‍പറ്റി ജീവിക്കുന്ന ഒരു മനുഷ്യക്കൂട്ടവും" എന്ന് അയാള്‍ മനസ്സിലാക്കിയത് കുഞ്ഞിക്കായെ കണ്ടപ്പോഴാണ്. ശിക്ഷിക്കുന്നതും രക്ഷിക്കുന്നതും മനുഷ്യന്‍തന്നെയാണ്. മനുഷ്യനിലെ രണ്ടു സാദ്ധ്യതകളാണ് നാമിവിടെ കണ്ടുമുട്ടുന്നത്. മൂന്നുവര്‍ഷം നാലുമാസം ഒന്‍പതുദിവസം നജീബ് കാലത്തിനു വെളിയിലായിരുന്നു. ഒരാളുടെ ജീവിതത്തില്‍നിന്ന് കുറേക്കാലം നഷ്ടപ്പെടുന്നത് നമുക്കു സങ്കല്പിക്കാനേ സാധിക്കൂ. വലിയൊരു മറവിയിലേക്കു വീണുപോയതുപോലെയുള്ള അനുഭവമായിരുന്നു അത്. പിന്നീട് തിരിച്ചെത്തിയപ്പോള്‍ സാധാരണജീവിതത്തിലേക്ക് മടങ്ങിവരാന്‍ നജീബ് കുറേ സമയമെടുത്തു. അയാളുടെ അനുഭവങ്ങള്‍ കെട്ടുകഥകളെക്കാള്‍ വിചിത്രമെന്ന് പലര്‍ക്കും തോന്നി. പക്ഷേ നജീബ് അനുഭവിച്ച സത്യങ്ങളാണവ.
"നജീബിന്‍റെ ജീവിതത്തിനുമേല്‍ വായനക്കാരന്‍റെ രസത്തിനുവേണ്ടി കഥയുടെ അലുക്കുകളും തൊങ്ങലുകളും ഏറെയൊന്നും വച്ചുകെട്ടുവാന്‍ എനിക്കു തോന്നിയില്ല. അതില്ലാതെതന്നെ നജീബിന്‍റെ ജീവിതം വായന അര്‍ഹിക്കുന്നുണ്ട്. ഇത് നജീബിന്‍റെ കഥയല്ല, ജീവിതമാണ്? ആടുജീവിതം" എന്നാണ് നോവലിസ്റ്റ് പിന്‍ കുറിപ്പില്‍ പറയുന്നത്. ഈ ജീവിതം നാം വായിക്കുമ്പോള്‍ ഞെട്ടിവിറയ്ക്കുകയോ അസ്വസ്ഥരാകുകയോ ചെയ്യും. ജീവിതത്തിന്‍റെ തീവ്രതമുറ്റിയ ഇത്തരമൊരധ്യായം പിന്നിട്ടാല്‍ നാം തകര്‍ന്നുപോയേക്കാം. കുറേവര്‍ഷങ്ങള്‍ നഷ്ടപ്പെട്ട് മൃഗജീവിതത്തിലേക്ക് പിന്‍മടങ്ങുക. ചിന്തിക്കാന്‍ പ്രയാസമാണിത്. ഒഴിയാബാധപോലെ നമ്മെ കുറെക്കാലം പിന്തുടരുന്ന അനുഭവമാണ് ബെന്യാമിന്‍ എഴുതുന്നത്. തടങ്കല്‍പ്പാളയങ്ങളില്‍നിന്ന് ജീവിതത്തിലേക്കു തിരിച്ചെത്തിയ പ്രിമോലെവി 'ഇതോ മനുഷ്യന്‍' എന്ന ഗ്രന്ഥത്തിനു പേരിടുന്നതുപോലെ ആടുജീവിതം മനുഷ്യജീവിതമാകുന്നത് നാം കാണുന്നു. മനുഷ്യന്‍ ആടുജീവിതത്തിലേക്ക് തിരിഞ്ഞുനടക്കുന്നതും നിലത്തുമാത്രം നോക്കി ജീവിക്കാന്‍ വിധിക്കപ്പെടുകയും ചെയ്യുന്ന മരുഭൂമിയില്‍ ചെടികള്‍ നല്‍കിയ പ്രതീക്ഷയുമായി ഒരു മനുഷ്യന്‍? ദുരന്തത്തിന്‍റെ ഒരു മരുഭൂമി താണ്ടി, പുതുജന്മത്തിലെത്തിയ നജീബിന്‍റെ ജീവിതം നമ്മുടെയുള്ളില്‍ കനലുകള്‍ വാരിയെറിയുന്നു...
Featured Posts
bottom of page