top of page

ഏകാന്തതയിലെ ദൈവം

Sep 1, 2013

2 min read

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jesus

യേശു നാല്പതുദിവസം മരുഭൂമിയില്‍ പ്രാര്‍ത്ഥിച്ചു. ഇസ്രായേല്‍ ജനത മരുഭൂമിയില്‍ ദൈവജനമായി രൂപപ്പെട്ടു. ഏകാന്തതയില്‍ ചെലവഴിക്കുന്ന നിമിഷങ്ങളെ മരുഭൂമി അനുഭവമെന്നു പറയാം. ബൈബിളില്‍ മരുഭൂമിയെ പ്രലോഭനത്തിന്‍റെ സ്ഥലമായാണ് അവതരിപ്പിക്കുന്നത്. ദൈവത്തിന്‍റെ കരുതലും സാത്താന്‍റെ മുറിപ്പെടുത്തലുകളും മരുഭൂമി അനുഭവത്തിലുണ്ടാവും. യേശുവിന്‍റെ രഹസ്യജീവിതത്തില്‍നിന്ന് പരസ്യജീവിതത്തിലേക്കുള്ള പ്രവേശനം മരുഭൂമിയിലെ ഒരുക്കത്തിനുശേഷമായിരുന്നു. പഴയനിയമത്തിലെ ദൈവജനത്തെ മരുഭൂമിയില്‍ ദൈവം നയിച്ചു. ദൈവത്തില്‍നിന്നു പഠിക്കുകയും ദൈവത്തെ ആശ്രയിക്കുകയും ചെയ്തുകൊണ്ട് അവര്‍ പ്രയാണം തുടര്‍ന്നു. മേഘസ്തംഭമായും ദീപസ്തംഭമായും അവന്‍ കൂടെ നടന്നു. മരുഭൂമിയില്‍ വിളിച്ചുപറയുന്ന ശബ്ദമായാണ് സ്നാപകയോഹന്നാനെ പുതിയ നിയമം പരിചയപ്പെടുത്തുന്നത്. ജീവിതത്തിന്‍റെ ഏകാന്തതകളിലാണ് ദൈവത്തിന്‍റെ ശബ്ദം കേള്‍ക്കുവാന്‍ കഴിയുന്നത്. ശബ്ദകോലാഹലങ്ങള്‍ നമ്മുടെ ചുറ്റും ഉയരുമ്പോള്‍ ദൈവശബ്ദം കേള്‍ക്കാനാവില്ല. ഹൃദയത്തിന്‍റെ അഗാധങ്ങളില്‍ ദൈവത്തിന്‍റെ ശബ്ദമുയരുമ്പോള്‍ ജീവിതത്തില്‍ പരിവര്‍ത്തനം സംഭവിക്കും. വിശുദ്ധരുടെയെല്ലാം ജീവിതം ഇതു വ്യക്തമാക്കുന്നു. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി ദേവാലയത്തിലെ ഏകാന്തതയിലാണ് കര്‍ത്താവിന്‍റെ ശബ്ദം കേട്ടത്. ആടിനെ മേയിച്ചുകൊണ്ട് ഏകാന്തതയിലിരുന്ന ആട്ടിടയന്മാര്‍ മാലാഖയുടെ സ്വരം കേട്ടു. എല്ലാവിധത്തിലും മരുഭൂമി ദൈവശബ്ദം മുഴങ്ങുന്ന സ്ഥലമാണ്.


യേശു ഏറ്റവും ആസ്വദിച്ച ഒന്നായിരുന്നു ഏകാന്തതയില്‍ പിതാവുമൊത്തുള്ള സഹവാസം. ഇടയ്ക്കിടെ ഈ ഏകാന്തതയുടെ അനുഭവത്തിലേയ്ക്കു യേശു പോകുന്നതു കാണാം. നിശയുടെ നിശ്ശബ്ദതയിലും പ്രഭാതത്തിന്‍റെ ശാന്തതയിലും വിജനതയില്‍ തന്‍റെ പിതാവുമായി സംഭാഷണത്തിലേര്‍പ്പെടുന്ന കര്‍ത്താവിനെയാണ് നാം കാണുന്നത്. ദൈവഹിതം തിരിച്ചറിയുന്ന സ്ഥലമാണ് മരുഭൂമി. ഏകാന്തതയുടെ അനുഭവത്തെ മരുഭൂമി അനുഭവമെന്ന് വിശുദ്ധ ഗ്രന്ഥം വിളിക്കുന്നു. നിശയുടെ നിശ്ശബ്ദതയിലാണ് സാമുവല്‍ ദൈവശബ്ദം തിരിച്ചറിഞ്ഞത്. ഏകാന്തതയിലിരിക്കുന്ന അബ്രാഹത്തെയാണ് ജനതകളുടെ പിതാവായി ദൈവം വിളിച്ചത്. ആട്ടിന്‍കൂട്ടത്തെ മേയിച്ചുകൊണ്ട് ഏകാന്തതയിലിരുന്ന മോശയെ ദൈവം വിളിച്ചു. ഒത്തിരി ബഹളങ്ങളില്‍ നിന്നും ഇടയ്ക്കിടെ മാറിപ്പോകണം. ഒരു ദേവാലയത്തിലെ നിശ്ശബ്ദതയില്‍ ഇരിക്കണം. വനത്തിനുള്ളിലെ നിഗൂഢനിശ്ശബ്ദതയെ ആസ്വദിക്കണം. എന്‍റെയുള്ളിലെ മുറിവുകളും സ്വഭാവത്തിലെ കുറവുകളും ഞാന്‍ കണ്ടെത്തുന്നത് അവിടെവെച്ചാണ്. മരുഭൂമിയില്‍വെച്ചാണ് കയ്പ്പുള്ള വെള്ളം മധുരമുള്ള വെള്ളമായി മാറിയത്.


മുറിവേറ്റ അനുഭവങ്ങള്‍ ജീവിതത്തിലെ മുദ്രകളായി മാറുന്നത് ഏകാന്തതയിലാണ്. ഹോസിയായുടെ പുസ്തകത്തിന്‍റെ 2-ാമദ്ധ്യായത്തില്‍ പറയുന്നു: "മരുഭൂമിയില്‍വെച്ച് അവളോടു ഞാന്‍ മൃദുവായി സംസാരിക്കും." ദൈവത്തിന്‍റെ മൃദുലമായ സ്വരം നിശ്ശബ്ദതയില്‍ മുഴങ്ങുന്നു. ഏലിയാ പ്രവാചകന്‍ ദൈവശബ്ദം കേട്ടത് മന്ദമാരുതനിലായിരുന്നു.


മനുഷ്യരുടെ ബഹളങ്ങളില്‍നിന്ന് അകലുമ്പോള്‍ ദൈവത്തിന്‍റെ സാന്നിദ്ധ്യം അനുഭവിച്ചു തുടങ്ങും. ദൈവമുഖത്തേയ്ക്കു നോക്കിയിരിക്കുന്നവര്‍ മനുഷ്യമുഖം തന്നെയാണ് കാണുന്നത്. ഞാനാഗ്രഹിക്കുന്ന സമയത്ത് എല്ലാക്കാര്യങ്ങളും നടന്നുകിട്ടണമെന്ന് എനിക്കു നിര്‍ബന്ധമുണ്ട്. എന്നാല്‍ ശാന്തതയില്‍ ദൈവത്തോടു കൂടിയിരുന്നു പഠിക്കുമ്പോള്‍ ദൈവത്തിന്‍റെ സമയത്തിനായി ഞാന്‍ കാത്തിരിക്കും. ഓരോദിവസവും അല്പസമയം ഈ മരുഭൂമി അനുഭവം എന്നിലുണ്ടാവണം. 15 മിനിറ്റു സമയം വെറുതെയിരിക്കുക. ഉറങ്ങുന്നതിനുമുമ്പ് കിടക്കയിലോ, ഒരു മുറിയടച്ച് അതിനുള്ളിലോ ഇങ്ങനെയിരുന്നു പഠിക്കണം. മുഖം നോക്കി മുടി മിനുക്കുന്ന കണ്ണാടിയില്‍ കുറിച്ചുവയ്ക്കണം: "15 മിനിറ്റു നിശ്ശബ്ദതയില്‍" എന്ന്. നിരന്തരമായി ഒരോര്‍മ്മപ്പെടുത്തലായി ഇതു കടന്നുവരും. എല്ലാ ശബ്ദങ്ങളും നിശ്ശബ്ദതയിലലിഞ്ഞു ചേരണം. അരുവികളുടെ ആരംഭത്തില്‍ ബഹളമുണ്ട്. കടലിനോടടുക്കുമ്പോള്‍ ശാന്തമാവും. നമ്മുടെയൊക്കെ ജീവിതം ദൈവമെന്ന സാഗരത്തില്‍ നിന്നകലെയാവുമ്പോള്‍ ശബ്ദമയമാവും. ദൈവത്തോടടുക്കും തോറും ശാന്തത വര്‍ദ്ധിക്കുന്നു. ഹൃദയത്തിന്‍റെ ശാന്തതയില്‍ നാം ശക്തി സംഭരിക്കും. ആ ശക്തി നമ്മെ നവീകരിക്കും. ഒരുപാടു ബഹളങ്ങളില്‍ മനസ്സു മുഴുകുമ്പോള്‍ നമുക്കൊന്നും വ്യക്തമല്ല. അല്പസമയം ധ്യാനപൂര്‍വ്വം ചെലവഴിക്കുമ്പോള്‍ അവ്യക്തമായ പലതും വ്യക്തമായി മാറും. മരുഭൂമിയിലെ പിതാക്കന്മാര്‍ ഇപ്രകാരം സ്വയം ശുദ്ധീകരിച്ചവരാണ്. ഇന്ന് ഭക്ഷണം കഴിക്കുമ്പോഴും വാഹനമോടിക്കുമ്പോഴും പഠിക്കുമ്പോഴുമൊക്കെ സംഗീതത്തിന്‍റെ ലഹരിയിലാണ് ജനം. കളിക്കുമ്പോഴും കുളിക്കുമ്പോഴും നടക്കുമ്പോഴുമെല്ലാം ഈ ശബ്ദം നമ്മെ പിന്തുടരുന്നു. ഇതില്‍ നിന്നെല്ലാം മാറി കുറച്ചുസമയം മരുഭൂമി അനുഭവത്തിലൂടെ കടന്നുപോകാം. നമ്മള്‍ കാണാത്ത ഒരു പുതിയ ആകാശം അവിടെ കാത്തിരിക്കുന്നു.

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

0

0

Featured Posts

bottom of page