top of page

ദൈവം ക്രിസ്ത്യാനിയല്ല

Apr 1, 2012

3 min read

ഡട
Being in prayers image

വളരെ ലളിതമാണ് എന്‍റെ പ്രതിപാദ്യ വിഷയം. ഒരു വലിയ പരിധിവരെ നമ്മുടെ മതവിശ്വാസത്തെ നിര്‍ണ്ണയിക്കുന്നത് നമ്മുടെ ജനനം, ഭൂവിഭാഗം തുടങ്ങിയ നിമിത്തങ്ങളാണ്. നിങ്ങള്‍ പാക്കിസ്ഥാനിലാണ് ജനിച്ചിരുന്നതെങ്കില്‍ ഒരു മുസ്ലീമായി തീരാനുള്ള വലിയ സാധ്യതയുണ്ടായിരുന്നു; നിങ്ങള്‍ ഇന്ത്യയിലാണ് ജനിച്ചിരുന്നതെങ്കില്‍ മിക്കവാറും ഒരു ഹിന്ദു ആകുമായിരുന്നു; ജപ്പാനിലായിരുന്നെങ്കില്‍ ഒരു ഷിന്‍റോയിസ്റ്റും, ഇറ്റലിയിലായിരുന്നെങ്കില്‍ ഒരു ക്രിസ്ത്യാനിയുമാകുമായിരുന്നു. ഇതില്‍നിന്നും ഉള്‍ക്കൊള്ളേണ്ട പാഠം 'എന്‍റെ മതവിശ്വാസം മാത്രമാണ് യഥാര്‍ത്ഥ സത്യം; മറ്റെല്ലാം അസത്യങ്ങളും അന്ധവിശ്വാസങ്ങളുമാണ്' എന്നു ചിന്തിക്കാനുള്ള പ്രലോഭനത്തെ മറികടക്കുക എന്നതാണെന്ന് എനിക്കു തോന്നുന്നു. ഇവിടെ ജനിക്കുന്നതിന് പകരം മറ്റൊരിടത്ത് ജനിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ ഇന്ന് നിങ്ങള്‍ നിരാകരിക്കുന്ന മതവിശ്വാസത്തിന്‍റെ ഉത്തമ അനുയായികളായി നിങ്ങള്‍ മാറുമായിരുന്നു.

എനിക്കു പറയാനുള്ള മറ്റൊന്ന്, പലപ്പോഴും സംഭവിച്ചിട്ടുള്ളതുപോലെ, മറ്റ് മതവിശ്വാസം പിന്‍ചെല്ലുന്നവരെ ഇങ്ങനെ പരിഹസിക്കാതിരിക്കുക: (ഉദാഹരണത്തിന്) നിങ്ങള്‍ ക്രിസ്ത്യാനിയായിരിക്കുമ്പോള്‍ അക്രൈസ്തവരായവരെ "അവര്‍ സ്വയം തിരിച്ചറിയുന്നില്ലെങ്കിലും യഥാര്‍ത്ഥത്തില്‍ ക്രിസ്ത്യാനികളാണെന്ന്" വിശേഷിപ്പിച്ച് താഴ്ത്തിക്കെട്ടാതിരിക്കുക. അവര്‍ ആയിരിക്കുന്ന അവസ്ഥയില്‍, ബോധ്യത്തോടെ ജീവിക്കുന്ന മതസത്യത്തെ പൂര്‍ണ്ണമായി ബഹുമാനിച്ചുകൊണ്ട് അവരുടെ വിശുദ്ധയിടങ്ങളില്‍, ആലങ്കാരികമായും അക്ഷരാര്‍ത്ഥത്തിലും, നിങ്ങളുടെ ചെരുപ്പുകള്‍ അഴിച്ചുമാറ്റി മാത്രം ചവിട്ടുക. അതേസമയം, നാം നമ്മുടെ പ്രത്യേക മതവിശ്വാസത്തെ തികഞ്ഞ ആര്‍ജ്ജവത്തോടെ മുറുകെ പിടിക്കാന്‍ ബാധ്യസ്ഥരാണ്. എല്ലാ മതവിശ്വാസങ്ങളും ഒരേപോലെയല്ലെന്നതു തന്നെ. 'മുഴുവന്‍ സത്യവും ഞങ്ങളുടെ കൈമുതലാണ്, ദൈവം ഞങ്ങളുടെ കുത്തകാവകാശമാണ്' എന്ന ചിന്ത വെടിഞ്ഞ് മറ്റുള്ളവരുടെ വിശ്വാസസത്യങ്ങള്‍ കൂടി ഉള്‍ക്കൊള്ളാനും സ്വാംശീകരിക്കാനും നമുക്കാവണമെന്നാണ് ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്.

ഏതെങ്കിലും രൂപത്തിലൊക്കെ എല്ലാ മതാനുയായികളും ആരാധിക്കുന്ന ദൈവികസങ്കല്പങ്ങളെ വിനയപൂര്‍വ്വം തികഞ്ഞ സന്തോഷത്തോടെ നമുക്ക് ഏവര്‍ക്കും അംഗീകരിക്കാനാവണം. കാരണം എല്ലാ പരിമിതികളേയും അതിലംഘിക്കുന്ന അപരിമേയനായ ദൈവത്തെക്കുറിച്ചുള്ള പരിമിതരായ മനുഷ്യരുടെ ചിന്തകളും ഭാവനകളും ഭാഷാപ്രയോഗങ്ങളും ഒക്കെ പരിമിതങ്ങളാണ്. ആയതുകൊണ്ട്, ആത്മീയാന്വേഷണത്തില്‍ നമുക്ക് ലഭ്യമാകുന്ന എല്ലാ ഉള്‍ക്കാഴ്ചകളും മറ്റുള്ളവരുമായി പങ്കുവയ്ക്കാനും മറ്റുള്ളവര്‍ക്ക് കരഗതമായിരിക്കുന്ന ആത്മീയ ഉള്‍ക്കാഴ്ചകളില്‍ നിന്ന് തുറന്നമനസ്സോടെ പഠിക്കാനും നമ്മള്‍ ഏവരും ബാധ്യസ്ഥരാണ്. വ്യത്യസ്ത മതങ്ങളുടെ ആത്മീയ ക്ലാസിക്കുകള്‍ വായിക്കുമ്പോള്‍ ഈ മതങ്ങളൊക്കെ തമ്മില്‍ പ്രാര്‍ത്ഥന, ധ്യാനം, മിസ്റ്റിസിസം എന്നീ മേഖലകളിലൊക്കെ എത്രയേറെ ഐകരൂപ്യമുള്ളവയാണെന്നതില്‍ നാം അത്ഭുതം കൂറുന്നു. മതവിശ്വാസങ്ങളെ അകറ്റുന്ന കാര്യങ്ങള്‍ ഇപ്പോള്‍തന്നെ നമുക്ക് ആവശ്യത്തിനുണ്ട്; മുന്നോട്ട് ഇനി നമുക്ക് നമ്മെ ഒരുമിപ്പിക്കുന്ന, എല്ലാ മതവിശ്വാസങ്ങള്‍ക്കും പൊതുവായുള്ള അനേകം കാര്യങ്ങളുടെ ആഘോഷമാണ് നടത്തേണ്ടത്.

ദൈവികചൈതന്യം ക്രിസ്ത്യാനികളുടെ മാത്രം സൂക്ഷിപ്പിലുള്ളതല്ല. ക്രിസ്ത്യാനികള്‍ ഉണ്ടാകുന്നതിന് എത്രയോ മുന്‍പുതന്നെ ദൈവികചൈതന്യം അനേകം തലമുറകളിലെ മനുഷ്യരാശിയെ പ്രചോദിപ്പിക്കുകയും, പരിപോഷിപ്പിക്കുകയും, വിശുദ്ധിയിലേയ്ക്ക് നയിക്കുകയും അങ്ങനെ ജീവിതത്തെ ഫലമണിയിക്കുകയും ചെയ്തുകൊണ്ടിരുന്നു! മഹാത്മാഗാന്ധി ഒരു മഹത്വ്യക്തിയും ദൈവിക വഴിയില്‍ ചരിച്ച ഒരു വിശുദ്ധ മനുഷ്യനുമായിരുന്നു എന്ന കാര്യം നിരസിച്ചാല്‍ നാം ദൈവത്തോട് നീതി പുലര്‍ത്താതിരിക്കുകയും അവഹേളനം കാണിക്കുകയുമായിരിക്കും ചെയ്യുക. നമ്മുടെ ദൈവം ഗാന്ധിയുടെ കൂടി ദൈവമല്ലെങ്കില്‍ അവന്‍ തികച്ചും നിസ്സാരനായ ഒരു ദൈവമായിരിക്കും. ദൈവം ഏകനെങ്കില്‍ തീര്‍ച്ചയായും എല്ലാ മനുഷ്യരുടേയും ദൈവമാകാതിരിക്കാന്‍ അവനാകില്ല. ഓരോരുത്തരും അവനെ എങ്ങനെ മനസ്സിലാക്കുന്നു എന്നുള്ളത് അതില്‍ ഏറെ പ്രധാനപ്പെട്ട ഒരു കാര്യമല്ല. ദൈവത്തിന് നമ്മുടെ സംരക്ഷണം ആവശ്യമല്ല. ഇനിയും ദൈവത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകള്‍ ഏറെ ആഴപ്പെടുത്തുകയും വിപുലമാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. അവന് ആരാധകര്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ദൈവം ദൈവമായി തന്നെ നിലനില്‍ക്കുന്നു...

ദൈവം ക്രിസ്ത്യാനികളുടേത് മാത്രമാണെന്ന് പറയുന്നത് ഒരര്‍ത്ഥത്തില്‍ ദൈവനിന്ദയാണ്. ദൈവം ക്രിസ്ത്യാനികളേക്കാളും വലുപ്പമുള്ളവരും ക്രിസ്ത്യാനികളല്ലാത്തവരേയും സംരക്ഷിക്കുന്നവനുമാണ്.. ദൈവസ്നേഹം ക്രിസ്ത്യാനികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതാണെങ്കില്‍ ക്രിസ്തുവിന് മുന്‍പ് ജീവിച്ചിരുന്നവരുടെ വിധിയെന്തായിരിക്കും?!...

മഹാത്മാഗാന്ധി ഒരു ഹിന്ദുവായിപ്പോയതില്‍ ദൈവം അപമാനിതനാകുന്നുണ്ടോ? അഹിംസ എന്ന മഹത് മൂല്യം കൊണ്ട് അനേകരെ പ്രചോദിപ്പിക്കുകയും ക്രിസ്ത്യാനിയായ മാര്‍ട്ടിന്‍ ലൂഥര്‍ കിങിനുപോലും പൗരാവകാശ സമരത്തില്‍ കരുത്തായി മാറുകയും ചെയ്ത ഗാന്ധിയെക്കുറിച്ച് നാം അഭിമാനിക്കേണ്ടതും ആഹ്ലാദിക്കേണ്ടതുമല്ലേ? "ഗാന്ധി ചെയ്തതൊക്കെ നന്നായിരിക്കുന്നു, എന്നാല്‍ ഗാന്ധി ഒരു ക്രിസ്ത്യാനി കൂടിയായിരുന്നെങ്കില്‍ കൂടുതല്‍ മെച്ചമായേനെ" എന്നു പറഞ്ഞ് നാം സ്വയം അപഹാസ്യരാകേണ്ടതുണ്ടോ? ക്രിസ്ത്യാനികളൊക്കെ മറ്റുള്ളവരേക്കാള്‍ മെച്ചമാണ് എന്നതിന് എന്ത് തെളിവാണുള്ളത്? ചിലപ്പോള്‍ മറുദിശയിലുള്ള തെളിവുകള്‍ ഏറെയാകാനും സാധ്യതയില്ലേ? നമ്മളൊക്കെ ഭാഗമായിരിക്കുന്ന പ്രത്യേക മതവിശ്വാസം വ്യക്തിപരമായ ഒരു തിരഞ്ഞെടുപ്പ് എന്നതിലുപരി സാഹചര്യങ്ങള്‍, ചരിത്രം, ഭൂവിഭാഗം എന്നീ നിമിത്തങ്ങളിലൂടെ നിര്‍ണ്ണയിക്കപ്പെട്ടതാണെന്ന സത്യം നാം ഇടയ്ക്കെങ്കിലും സ്വയം ഓര്‍മ്മപ്പെടുത്തേണ്ടതല്ലേ? ക്രിസ്തീയ ശതകത്തിന് മുന്‍പുള്ള കാലഘട്ടങ്ങളിലൊന്നില്‍ ഈജിപ്തിലാണ്, ഞന്‍ ജനിച്ചിരുന്നതെങ്കില്‍ തീര്‍ച്ചയായും ഈസീസ് (isis) ദേവതയുടെ ആരാധകനാകുമായിരുന്നു; അതു പോലെ സൗത്താഫ്രിക്കയ്ക്ക് പകരം ഇന്ത്യയിലാണ് ഞാന്‍ ജനിച്ചിരുന്നതെങ്കില്‍ നിശ്ചയമായും ഒരു ക്രിസ്ത്യാനി എന്നതിന് പകരം ഒരു ഹിന്ദു ആകുമായിരുന്നു.

ഏതെങ്കിലും ഒരു മതവിശ്വാസത്തെ അതിന്‍റെ ഏറ്റവും മോശമായ വശങ്ങള്‍ എടുത്ത് പെരുപ്പിച്ചു കാട്ടി വിധിയെഴുത്ത് നടത്താതിരിക്കേണ്ടതുണ്ട്. എല്ലാ മതങ്ങള്‍ക്കുമുണ്ട് അതിന്‍റെ ആത്മീയരഹിതമായ ചെയ്തികളുടെ ഒരു ചരിത്രവും ആഴമുള്ള ആത്മീയതയുടെ മഹനീയ പ്രകാശനങ്ങളും. ഉദാഹരണത്തിന്, ക്രിസ്തീയതയേക്കുറിച്ച് വിധിയെഴുതേണ്ടത് അതിന്‍റെ അപചയ വഴികളിലെ കുരിശുയുദ്ധങ്ങളും കൂട്ടക്കൊലകളും വര്‍ണ്ണവിവേചനങ്ങളും കണ്ടുകൊണ്ടാകരുത്. അസ്സീസിയിലെ ഫ്രാന്‍സിസും മദര്‍ തെരേസയും ആല്‍ബ്രട്ട് ഷ്വൈറ്റ്സറുമല്ലേ ക്രിസ്തീയതയുടെ അത്ഭുതാവഹവും മനോഹരവുമായ പ്രകാശനങ്ങള്‍? മറ്റ് മതവിശ്വാസങ്ങളെ പരിഗണിക്കുമ്പോഴും ഇത്തരം ഒരു സമീപനം തന്നെയായിരിക്കണം നമുക്ക് സ്വീകരിക്കാന്‍ കഴിയേണ്ടത്.

മറ്റ് പല മതങ്ങളുടേയും അനുയായികളേയും പ്രചാരകരേയും ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ട്. അവരില്‍ ചിലരുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ എന്‍റെ കാലിലെ ചെരുപ്പുകള്‍ അഴിച്ചുമാറ്റി വേണം അവരുടെ വിശുദ്ധയിടങ്ങളില്‍ പ്രവേശിക്കാന്‍ എന്ന തോന്നല്‍ എന്നില്‍ സൃഷ്ടിക്കപ്പെടുന്നു. ദലൈലാമയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ശാന്തതയോട് നിങ്ങള്‍ക്ക് തോന്നുന്ന ആദരവും സസ്യാഹാരികളായിരിക്കുന്ന ബുദ്ധമതവിശ്വാസികള്‍ക്ക് ജീവിതത്തോടുള്ള അഹിംസാത്മകമായ ബഹുമാനവും നിങ്ങളെ തീര്‍ച്ചയായും അവരുടെ മുന്നില്‍ ആദരപുരസരം നമ്രശിരസ്ക്കരാകും. സഹോദര ക്രിസ്ത്യാനികള്‍ ഞങ്ങളുടെ സാക്ഷ്യത്തെ എതിര്‍ത്തപ്പോഴും, മോശമായി ചിത്രീകരിച്ചപ്പോഴും സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള സമരത്തില്‍ അന്യ മതവിശ്വാസികളായ സഹോദരന്മാരുമൊത്ത് ഞങ്ങള്‍ക്ക് തോളോടുതോള്‍ ചേര്‍ന്ന് മുന്നേറാനായിട്ടുണ്ട്. ദൈവം ക്രിസ്ത്യാനികളുടെ മാത്രം സൂക്ഷിപ്പുമുതലല്ലെന്നും എല്ലാ മനുഷ്യരുടേതുമാണെന്നും, അവന്‍റെ വെളിപാടുകള്‍ എല്ലാവര്‍ക്കുമായി പങ്കുവയ്ക്കുന്നതാകയാല്‍ എല്ലാ മനുഷ്യര്‍ക്കും ദൈവവുമായി യഥാര്‍ത്ഥമായ ബന്ധവും കണ്ടുമുട്ടലുകളും ഉണ്ടാകാനാകുമെന്നും ബോധ്യപ്പെടുത്താന്‍ എന്നാലാവുന്നതൊക്കെ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു.

Featured Posts

bottom of page