top of page

മനുഷ്യന്‍റെ ദൈവം

Nov 1, 2003

3 min read

ആനന്ദ്
a man sitting in a stone facing sun

ദൈവം മനുഷ്യനെ സ്വന്തം രൂപത്തില്‍ സൃഷ്ടിച്ചു എന്ന് ബൈബിള്‍ വാക്യം. മനുഷ്യന്‍ ദൈവത്തെ സ്വന്തം രൂപത്തില്‍ സൃഷ്ടിച്ചു എന്നത് പിന്നീടുണ്ടായത്. ദൈവത്തിന് ഒരു രൂപം സൃഷ്ടിക്കുക മാത്രമല്ല ഈ വാക്യങ്ങള്‍ ചെയ്യുന്നത്, ദൈവത്തിനും മനുഷ്യനും ഇടയ്ക്കുള്ള ഗാഢമായ ബന്ധം സൂചിപ്പിക്കുക കൂടിയാണ്. രൂപത്തിന്‍റെതെന്നതുപോലെ, ഭാവത്തിന്‍റേതും സൃഷ്ടിയുടെതും വളര്‍ച്ചയുടെയും മാറ്റത്തിന്‍റേതുമൊക്കെയായി വികസിക്കുന്ന ബന്ധങ്ങള്‍. എന്താണ് ദൈവം, എന്തിനാണ് ദൈവം എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഈ ബന്ധങ്ങളില്‍ക്കൂടിയാണ് ഞാന്‍ ഉത്തരം അന്വേഷിക്കുന്നത്. ആ അന്വേഷണം എന്നെ നയിക്കുന്നതാകട്ടെ മനുഷ്യനൊത്തു നീങ്ങുകയും അവന്‍റെ ആന്തരികചോദനകളെ ഉജ്ജീവിപ്പിക്കുകയും ഒപ്പം അലട്ടുകയും ചെയ്യുന്ന ദൈവസങ്കല്പത്തിലേക്കും. ദൈവം മനുഷ്യമനസ്സിന്‍റെ ഏറ്റവും വലിയ ഭാവനയാണ്. അവന്‍ എഴുതിക്കൊണ്ടിരിക്കുന്ന ഒരിക്കലും തീരാത്ത കവിത. ഏതു കാലത്ത്, ഏതെല്ലാം ഇടങ്ങളില്‍, ഏതെല്ലാം സന്ദര്‍ഭങ്ങളില്‍ മനുഷ്യന്‍റെ ഭാവന ഉണരുന്നുവോ, അങ്ങനെയെല്ലാം ആ കവിത രൂപപ്പെടുന്നു.

ഇവിടെ നമുക്ക് ഇത്തിരി വിജ്ഞാനത്തിന്‍റെ സഹായം തേടാം. നാല് കാലില്‍നിന്ന് ലംബമായ നട്ടെല്ലോടുകൂടി രണ്ട് കാലിലേയ്ക്ക് എഴുന്നേറ്റു നിന്ന മനുഷ്യനെന്ന പുതിയ ജീവി ഉദയം കൊണ്ടത് രണ്ടു മില്യന്‍ കൊല്ലം മുന്‍പ് മധ്യ ആഫ്രിക്കയിലായിരുന്നുവെന്നാണ് ശാസ്ത്രജ്ഞന്മാരുടെ മതം. അത്രയും കാലം മുന്‍പത്തേ  ആയിടങ്ങളില്‍ നിന്ന് കിട്ടിയ പിന്നീട് മനുഷ്യനായിത്തീര്‍ന്ന ജീവിയുടെയും മറ്റ് ജീവികളുടെയും ഫോസിലുകള്‍ വെച്ച് നോക്കുമ്പോശ് ശാസ്ത്രജ്ഞന്മാരെ അത്ഭുതപ്പെടുത്തുന്നത് രണ്ട് മില്യന്‍ കൊല്ലങ്ങള്‍ക്കു മുന്‍പ് മനുഷ്യജീവിക്ക് ജൈവശാസ്ത്രപരമായി അതായത് ശാരീരികമായി വന്ന വിസ്മയകരമായ മാറ്റങ്ങളാണ്. ആ കാലയളവില്‍ മറ്റ് ജീവികള്‍ക്ക് കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല താനും. രണ്ടു കാലില്‍ നിഷ്പ്രയാസം ബാലന്‍സ് ചെയ്തു നടക്കുവാനും ഓടുവാനും വേട്ടയാടുവാനും കഴിയുംവിധം അവന്‍റെ തലയോടിന്‍റെയും നട്ടെല്ലിന്‍റെയും ഘടന മാറി. വിദഗ്ദ്ധമായി ഉപയോഗിക്കാനാകും വിധം അവന്‍റെ കൈവിരലുകള്‍ രൂപപ്പെട്ടു. മസ്തിഷ്കം വളര്‍ന്നു. എങ്കിലും ആദ്യത്തെ ഒരു മില്യന്‍ കൊല്ലങ്ങളില്‍ അവന്‍റെ കണ്ടുപിടിത്തങ്ങള്‍ ശിലായുധങ്ങളില്‍ ഒതുങ്ങി. പിന്നീട് അവന്‍ ക്ഷണത്തില്‍ മുന്‍പോട്ടുപോകുവാന്‍ തുടങ്ങിയെങ്കിലും അടുത്ത ഒരു മില്യന്‍റെ അവസാനത്തെ അന്‍പതിനായിരം കൊല്ലം മുന്‍പ് മാത്രമാണ് സംസ്കാരം എന്ന് നാം വിവക്ഷിക്കുന്ന വസ്തുത രൂപം കൊണ്ടത്. അതില്‍ത്തന്നെ അവസാനത്തെ ഇരുപതിനായിരം കൊല്ലങ്ങളിലാണ് നാമെല്ലാവരും ഇന്ന് ആയിത്തീരാന്‍ ആഗ്രഹിക്കുന്ന മനുഷ്യര്‍ - കലാകാരന്മാരും, ശാസ്ത്രജ്ഞരും, നഗരനിര്‍മ്മാതാക്കളും ഭാവിയുടെ ആസൂത്രകരും എഴുത്തുകാരും വായനക്കാരും ചിന്തകരും - രൂപപ്പെട്ടത്. ശാരീരികമായ വികാസത്തോടൊപ്പം ആദ്യത്തെ ഒരു മില്യന്‍ കൊല്ലങ്ങള്‍ കഴിഞ്ഞപ്പോഴേയ്ക്കും മനുഷ്യര്‍ യാത്രചെയ്ത്, മധ്യആഫ്രിക്കയില്‍ നിന്ന് ഉത്തര ആഫ്രിക്കയുടെ കടല്‍ത്തീരം വരെയെത്തി. ഏഴു ലക്ഷം കൊല്ലം മുന്‍പ് അവര്‍ ജാവയിലെത്തി. നാലുലക്ഷം കൊല്ലം മുന്‍പ് ചൈനയും പൂര്‍വ്വയൂറോപ്പും കടന്നു. അന്ന് അവരുടെ മൊത്തം ജനസംഖ്യ ഒരു മില്യനോളമേ ഉണ്ടായിരുന്നുള്ളൂ താനും.

പ്രകൃതിയിലെ ഈ അത്ഭുതജീവിയുടെ മര്‍മ്മപ്രധാനമായ സ്വഭാവം ചലനമാണ് എന്നര്‍ത്ഥം. ശാരീരികമായും സാംസ്കാരികമായും സ്ഥലപരമായും ഉള്ള വികാസചലനങ്ങള്‍. ചലനത്തിന്‍റെ വേഗതയാകട്ടെ വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ചലനത്തിന്‍റെയും ചലനത്തിന്‍റെ ഏറിയേറിവരുന്ന വേഗവര്‍ദ്ധനയുടെയും മാതൃകയായ ഈ അത്ഭുതജീവിയുടെ അത്ഭുതസഹചാരിയായി ദൈവം കഴിഞ്ഞ അഞ്ചോ പത്തോ ആയിരം കൊല്ലങ്ങള്‍ക്കു മുന്‍പായിരിക്കണം അവന്‍റെ കൂടെ കൂടിയത്. കൂടെ കൂടിയതിനു ശേഷമാകട്ടെ അവര്‍ പിരിഞ്ഞതുമില്ല. മാതാവിന്‍റെ രൂപത്തില്‍, പിതാവിന്‍റെയും പുത്രന്‍റെയും രൂപത്തില്‍, സൂര്യനായും ഭൂമിയായും നദികളായും പര്‍വ്വതങ്ങളായും അങ്ങനെ തുടങ്ങി അവന്‍റെ ഭാവനയില്‍ ദൈവം ഏതെല്ലാം രൂപങ്ങള്‍ കൈക്കൊണ്ടു. ഓരോ രൂപവും  അവന്‍റെ ഭൗതികവും ആത്മീയവുമായ വളര്‍ച്ചയുടെ അളവുകോലും അവന്‍ എത്തിപ്പെട്ട ഇടത്തിന്‍റെയും സാഹചര്യങ്ങളുടെയും അടയാളവുമായിരുന്നു. ദൈവം മനുഷ്യനൊത്ത് യാത്ര ചെയ്തു. അവനൊത്ത് മാറി, വളര്‍ന്നു. അവന്‍റെ കൃത്യങ്ങളില്‍ പങ്കാളിയായി, അവന്‍റെ യാത്രയിലെ സജീവസഹചാരിയായി. ദൈവം മനുഷ്യനെയാണോ സൃഷ്ടിച്ചത്, അതോ മനുഷ്യന്‍ ദൈവത്തെയോ എന്ന പ്രശ്നങ്ങള്‍ക്കതീതമായി ഇവിടെ ശ്രദ്ധേയമാകുന്നത് ദൈവം എപ്പോഴും അവന്‍റെ കൂടെയുണ്ടായിരുന്നു എന്നതാണ്. സങ്കടങ്ങളില്‍ ആശ്രയമായി, യാത്രയില്‍ കൂട്ടുകാരനായി, തര്‍ക്കങ്ങളില്‍ പരിഹാരമായി.

മനുഷ്യന്‍റെ സൗന്ദര്യസങ്കല്പം ദൈവത്തെ സുന്ദരനാക്കി. കലാബോധം അവനെ കലാകാരനാക്കി. നീതിബോധം നീതിമാനും. സഹജീവി സ്നേഹം സേവകനും. മനുഷ്യന്‍ ആഗ്രഹിക്കുന്ന നന്മകളെയൊക്കെ അവന്‍ ദൈവികമാക്കി. എന്നാല്‍ എല്ലായ്പ്പോഴും 'മനുഷ്യത്വം' എന്നും 'മാനവികത' എന്നും അവന്‍ കരുതിയ മൂല്യങ്ങളായിരുന്നു താനും ദൈവികമായി സങ്കല്പിക്കപ്പെട്ടതും ദൈവമായി ഉറച്ചതും. അതുകൊണ്ടുതന്നെ ദൈവമായി ആരാധിക്കുമ്പോഴും ഉള്ളില്‍ കടന്നുവന്ന് അവനെ ചോദ്യം  ചെയ്ത ദൈവം മനുഷ്യന്‍ തന്നെയായിരുന്നു. മനുഷ്യന്‍റെ ഉത്കൃഷ്ടരൂപം. അവന്‍ അവന്‍റെ ഭാവനയില്‍ വാര്‍ത്തെടുത്ത അവന്‍റെ തന്നെ രൂപം. അങ്ങനെയൊന്നില്ലാതെ അവനെ ആരു ചോദ്യം ചെയ്യാന്‍? ചോദ്യം ചെയ്യപ്പെടാതെ മനുഷ്യനെങ്ങനെ ജീവിക്കും? മറുവശത്ത്, സഹചാരിയും സുഹൃത്തും ചോദ്യകര്‍ത്താവും എന്ന നിലയില്‍നിന്ന് അകന്ന്, യജമാനനും അധികാരിയുമായി പരിണമിച്ച ദൈവങ്ങള്‍ അവന്‍റെ ഭാവനയില്‍ നിന്നുകൂടിയാണ് മുറിഞ്ഞുപോയത്. മനുഷ്യനുമായുള്ള ബന്ധം അറുത്ത ആ ദൈവങ്ങള്‍ അവനെക്കൊണ്ട് തെറ്റായ വേലകള്‍ ചെയ്യിപ്പിച്ച മോണ്‍സ്റ്റര്‍മാരായി.

ദൈവസങ്കല്പത്തിന്‍റെ വ്യാപ്തിയില്‍ രണ്ട് ധ്രുവങ്ങള്‍ ഉള്ളതായി കാണുന്നു. ലോകത്തിലെ സംഗതികളെല്ലാം ചില നിയമങ്ങള്‍ അനുസരിച്ച് നടക്കണമെന്നും തിന്മകള്‍ക്ക് ശിക്ഷയും നന്മകള്‍ക്ക് സമ്മാനവും നല്‍കപ്പെടണമെന്നും ശഠിക്കുന്ന നിയമപാലകന്‍റെ സ്ഥാനമാണ്ഒരിടത്ത്. ഈ സങ്കല്പം യുക്തിചിന്തയുടെ വളരെയടുത്ത് വരുന്നു. പ്രപഞ്ചം മുഴുവനും ചില നിയമങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ആകര്‍ഷണ വികര്‍ഷണങ്ങളും ക്രിയ -പ്രതിക്രിയകളും അതിന്‍റെ ഭാഗമാണെന്നുമുള്ള വിശ്വാസമാണല്ലോ ശാസ്ത്രജ്ഞന്മാര്‍ക്കുള്ളത്. രൂപമോ വ്യക്തിത്വമോ ഇല്ലാത്ത ഒരു വെറും നിയമമായോ, ശക്തിയായോ ആണ് ഇവിടെ ദൈവം പ്രത്യക്ഷപ്പെടുന്നത്.

മറുവശത്തുള്ള ദൈവം നമ്മുടെ സമീപത്ത് വര്‍ത്തിക്കുകയും ഒരു വ്യക്തിയെപ്പോലെ നമ്മോട് സംവദിക്കുകയും നമ്മുടെ സങ്കടങ്ങളില്‍ ആശ്വാസം പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഈ ദൈവത്തിനോട് നമുക്ക് പ്രാര്‍ത്ഥിക്കാന്‍ കഴിയും. അവന്‍ നമ്മുടെ പ്രാര്‍ത്ഥനകളെ സ്വീകരിക്കുകയും ചെയ്യും. പ്രാര്‍ത്ഥിക്കുക ഒരു വ്യക്തിദൈവത്തിനോടല്ലേ സാധിക്കൂ? ആ വ്യക്തിദൈവത്തിനല്ലേ പ്രാര്‍ത്ഥന സ്വീകരിക്കുവാന്‍ കഴിയൂ? വ്യക്തിദൈവത്തിനാണെങ്കില്‍ രൂപവും സ്വഭാവവും ഇഷ്ടാനിഷ്ടങ്ങളും സ്നേഹകോപങ്ങളുമൊക്കെ ഉണ്ടാകും. നിയമങ്ങളെക്കാള്‍ കൂടുതല്‍, അര്‍ത്ഥിക്കുന്നവന്‍റെ ആവശ്യങ്ങളും വിശ്വാസങ്ങളുമൊക്കെയാണ് ആ ദൈവം മാനിക്കുക.

ഹിന്ദുക്കളുടെ ബ്രഹ്മാവും സവിശേഷരൂപമില്ലാത്തവനാണ്. എന്നാല്‍ ബ്രഹ്മത്തിലൂടെ നിര്‍വചിക്കപ്പെടുന്ന ഈശ്വരസങ്കല്പം മനുഷ്യനില്‍നിന്ന് അകലെയല്ല. മനുഷ്യനടക്കം എല്ലാ ചരാചരങ്ങളിലും അത് അലിഞ്ഞു കിടക്കുന്നു. സ്വയം ബ്രഹ്മാംശമായതുകൊണ്ട് ഇവിടെ പ്രാര്‍ത്ഥന അസ്ഥാനത്താകുന്നു. എന്നാല്‍ തത്ത്വചിന്തകരല്ലാത്ത സാധാരണ ഹിന്ദുജനം ആരാധിക്കുന്ന ദൈവങ്ങള്‍ വ്യക്തിദൈവങ്ങള്‍ തന്നെയാണ്. വീരന്മാരും സംഗീതനൃത്തപ്രിയരും കലാകാരന്മാരും കുസൃതിക്കാരും മാനുഷികമായ മോഹങ്ങളും വികാരങ്ങളും കോപവുമൊക്കെയുള്ളവരും.

ഹിന്ദു ദൈവങ്ങള്‍ കലകള്‍ക്ക് പ്രചോദനം നല്കുമ്പോള്‍ ക്രൈസ്തവരുടെ യേശു സേവനത്തിനാണ് ഉത്തേജനം നല്‍കുന്നത്. പ്രാര്‍ത്ഥിക്കുന്ന ക്രിസ്ത്യാനി തനിക്കുവേണ്ടി കുരിശിലേറി, കുരിശില്‍ കിടന്ന് വേദനയനുഭവിക്കുന്ന യേശുവിന്‍റെ രൂപമാണല്ലോ തന്‍റെ മുമ്പില്‍ കാണുന്നത്.

രൂപരഹിതമായ അസ്തിത്വത്തില്‍നിന്ന്, രൂപത്തിലൂടെ മാത്രം വിഭാവനം ചെയ്യാവുന്നതുവരെ പരന്നു കിടക്കുന്ന ഈ ദൈവസങ്കല്പങ്ങളില്‍ ഏതാണ് വര്‍ജ്ജ്യമായിട്ടുള്ളത്? ഏതൊന്നാണ് പൂര്‍ണ്ണമായ വിധേയത്വം ആവശ്യപ്പെടുന്നത്? ഒരു പ്രത്യേക കൈവഴിയിലേക്ക് ഒതുക്കാവുന്നതല്ല മനുഷ്യന്‍റെ ഭാവന. മാനുഷികമായ ചോദനകളെ തൃപ്തിപ്പെടുത്തുവാനായി അത് അലഞ്ഞുകൊണ്ടിരിക്കും. ആ ചോദനകളാകട്ടെ എണ്ണിത്തിട്ടപ്പെടുത്താനാവുന്നതുമല്ല. അതുപോലെ തന്നെ, ചലനം ജൈവസ്വഭാവമായ മനുഷ്യന്‍റെ ഭാവനയ്ക്ക് വളരാതെയും വികസിക്കാതെയും വയ്യ. വളര്‍ച്ചയില്‍ നിന്ന് വേര്‍പെടുന്ന, മനുഷ്യരില്‍ നിന്ന് അകലുന്ന ദൈവസങ്കല്പങ്ങള്‍ അവന് അന്യമായിത്തീരുകയെയുള്ളൂ. മനുഷ്യന്‍റെയാണ് ദൈവം. മറിച്ചല്ല

Featured Posts

bottom of page