top of page

"അരയന്നങ്ങള്‍ തന്‍റെ കുഞ്ഞുങ്ങളെ സംരക്ഷിച്ചതെങ്ങനെ?"
"ആന്‍മേരി പറയൂ..." ഡെസ്കിന്‍ മേലിരിക്കുന്ന ചൂരലിന് ആ മൂന്നാംക്ലാസ്സുകാരിയുടെ മേല്‍ സഹജമായ ഒരു താത്പര്യം വര്‍ധിക്കുന്നുവോ എന്ന് സംശയിക്കാതെ അവള്‍ക്ക് നിര്‍വാഹമില്ല. നോട്ടുബുക്കിലെ ഏറ്റവും വലിയ ഉത്തരമുള്ള ചോദ്യമാണ് ജെന്‍സണ്‍ സാര്‍ ചോദിച്ചിരിക്കുന്നത്. അടുത്തിരുന്ന സേറയെ ഇരുകണ്ണിട്ടു നോക്കി. താന്‍ ഈ ക്ലാസ്സിലേ ഇല്ല എന്ന മട്ടില്‍ അവള്‍ തലകുനിച്ചിരുന്നു. സാറിന്‍റെ നോട്ടം ഉടക്കുവാതിരിക്കുവാന്‍ അങ്ങും ഇങ്ങും നോക്കിയിരിക്കുന്ന മറ്റു വിദ്യാര്‍ത്ഥികള്‍. തലയില്‍ കടുത്ത മരവിപ്പ്, ധൈര്യത്തിന്‍റെ അവസാനകണികയും നഷ്ടമായി. നിമിഷമാത്രയില്‍ ആ കൈവിരലുകള്‍ ചൂരല്‍വടിയുടെ ചൂട് അനുഭവിച്ചറിഞ്ഞു. അണപൊട്ടിയൊഴുകിയ ഉപ്പുനീര് കവിള്‍ത്തടത്തിനെ വല്ലാതെ നനയിപ്പിച്ചു കൊണ്ടിരുന്നു. പ്രാണനില്‍ പറ്റിപ്പിടിച്ച വേദനയുമായി വീട്ടിലെത്തി. പ്രിയപ്പെട്ട സാറിനെപ്പറ്റിയുള്ള നിഷ്കളങ്കമായ പരിഭവത്തിന്‍റെ കൂമ്പാരങ്ങള്‍ എരിവും പുളിയും ചേര്‍ത്ത് ഏങ്ങലടിച്ച് അമ്മയോട് പറഞ്ഞുകൊണ്ടിരിക്കെയാണ് ടെലിഫോണ്‍ ബെല്ലടിച്ചത്. ഫോണ്‍ എടുത്തതും "ഹല്ലോ.... സാറിന്‍റെ അന്നകുട്ടിയാണോ...." എന്‍റെ പരിഭവങ്ങളുടെ കാരണക്കാരനാണ് അങ്ങേ തലയ്ക്കല്‍ സംസാരിക്കുന്നത് എന്ന് അറിഞ്ഞമാത്രയില്‍ തന്നെ ഫോണ്‍ കട്ട്ചെയ്തു. രണ്ടും മൂന്നും തവണ ഇതേ കാര്യം ആവര്‍ത്തിച്ചതില്‍ സംശയം തോന്നിയ അമ്മതന്നെ ഫോണ്‍ എടുത്തു. കീഴ്ത്താടിയില്‍ ഉള്ളംകൈ ഉറപ്പിച്ച് ഒന്നും അറിയാത്ത മട്ടില്‍ ഡെസ്കിന്‍റെ മറുവശത്ത് ഞാന്‍ ഇരിപ്പുറപ്പിച്ചു. അമ്മയുടെ തീക്ഷ്ണമായ ഓരോ നോട്ടത്തിനും ഞാനൊന്നും ചെയ്തിട്ടില്ല എന്ന മട്ടില്‍ ചുമലുയര്‍ത്തിക്കാണിച്ചു. "സാറിന് എന്താ പറയാനുള്ളത് എന്ന് മര്യാദയ്ക്ക് നീ കേട്ടോ!" അമ്മ ഫോണ്‍ എനിക്ക് കൈമാറി. "സാറിന്‍റെ അന്നക്കുട്ടിയോട് സോറി പറയുവാട്ടോ.... എന്നാ പഠിച്ചോണ്ടുവരാഞ്ഞേ. എന്‍റെ കുട്ടി മാത്രം പറയാതിരുന്നപ്പോള്‍ സാറിനു സങ്കടമായി. അതോണ്ടല്ലേ അടിച്ചേ... സാരല്യാട്ടോ! ക്ഷമിക്ക് സാറിനോട്."
മനസ്സിന്‍റെ കോണില്‍ അവിടവിടെ ചളിത്തുറുവായി കെട്ടിക്കിടന്ന പൊതു അധ്യാപനരീതിയുടെ വീക്ഷണത്തെ ചോദ്യം ചെയ്യുന്ന വേറിട്ട അനുഭവമായിരുന്നു ആ ക്ഷമപറച്ചില്‍. ഒരധ്യാപകന്‍ തന്‍റെ വിദ്യാര്‍ത്ഥിയോട് ക്ഷമ പറയുമോ? പ്രവര്‍ത്തനത്തിന്‍റെ ഉളി കൊണ്ട് കൊത്തിവച്ച ആ ഉത്തരം ഒരു കനല്‍വെളിച്ചം പോലെ ഹൃദയത്തില്‍ ഇപ്പോഴും ശേഷിക്കുന്നു.
ഓര്‍മ്മ വാതില്‍ തള്ളിത്തുറന്നു കയറിവന്ന മറ്റൊരു ഒളിച്ചുവയ്ക്കപ്പെട്ട സ്വകാര്യനൊമ്പരമായിരുന്നു നാലാം ക്ലാസിലെ ഒരു ആര്‍ട്ട് പിരീഡ്. ആര്‍ട്ട്ടീച്ചറിന്‍റെ അഭാവത്തില്‍ പകരം വന്നത് ജെന്‍സണ്‍ സാര്‍ തന്നെ. സ്വതസ്സിദ്ധമായി കിട്ടിയ അച്ചടിവരയുമായി സാറിനെ പ്രീതിപ്പെടുത്തുവാന്‍ തയ്യാറായി കാണത്തക്ക രീതിയില്‍ നടുനിവര്‍ത്തിയിരുന്നു. എല്ലാ കുട്ടികളുടെയും ആര്‍ട്ട്ബുക്കിലൂടെ കണ്ണോടിച്ച് അവസാനം എന്‍റെ അടുക്കലെത്താറായപ്പോഴേയ്ക്കും വിടര്‍ന്ന ചിരിയുടെ നിലയമിട്ടുകളിലേക്കാണ് സ്കൂള്‍ബെല്ല് പാഞ്ഞെത്തിയത്. മുഖത്ത് ഫിറ്റ് ചെയ്തിരുന്ന അഞ്ഞൂറുവാട്ട് ബള്‍ബിന്‍റെ ചിരി നിമിഷനേരം കൊണ്ട് കെട്ടെരിഞ്ഞു. 'നിന്‍റെ ആര്‍ട്ട് ബുക്ക് നോക്കിയിട്ടു തരാമേ' എന്ന സാറിന്‍റെ പറച്ചില്‍ കെട്ടെരിഞ്ഞ ചിരിയ്ക്ക് ജീവന്‍ നല്‍കി. ഇന്‍റര്‍വെല്‍ വരെ അതു തെളിഞ്ഞു കത്തി. അടുത്ത പിരീഡ് പകുതി ആയപ്പോള്‍ 4 A ല്‍ നിന്ന് ആന്‍ മേരിയെ ജെന്‍സണ്‍ സാര്‍ വിളിക്കുന്നു എന്ന് പറഞ്ഞ് ഒരു കുട്ടി ക്ലാസ്സില്‍ വന്നു.
സന്തോഷപൂര്‍വ്വം അഭിമാനത്തോടെ അച്ചടിവിദ്യയ്ക്ക് സ്റ്റാറും, വെരി ഗുഡും വാങ്ങാനായി ഉടന്‍ തന്നെ അപ്പുറത്തെ ക്ലാസ്സിലേക്ക് ഓടിച്ചെന്നു. തിളയ്ക്കുന്ന കണ്ണുകളോടെ ആര്‍ട്ട് ബുക്കിന്‍റെ അവസാന പേജ് സാര്‍ തുറന്നു വച്ചു. ഒരു നിമിഷം ഞാന്‍ ഞെട്ടിത്തരിച്ചു. പിന്നാലെ നിര്‍വികാരതയില്‍ അഭയം തേടി. അറ്റു വീഴാറായ കണ്ണുനീരിനെ വളരെ കഷ്ടപ്പെട്ടു കോര്‍ത്തു കണ്ണിനുള്ളില്‍ കയറ്റി വിട്ടു. നാലാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടി മുഴുത്ത അക്ഷരത്തില്‍ കേട്ടാല്‍ അറയ്ക്കുന്ന ചീത്ത വാക്കുകള്‍ ബുക്കിന്‍റെ പിറകില്‍ എഴുതിയാല്‍ ഏത് അധ്യാപകനാണ് സഹിക്കുക. ഭാഷ അറിയാത്ത ഒരു വിഡ്ഢിയെപ്പോലെ ഞാന്‍ നിന്നു, ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ എന്‍റെ നേര്‍ക്ക് എറിയുമോ എന്ന പേടിയോടെ. എവിടെയോ കേട്ട ചീത്ത വാക്കുകള്‍ അക്ഷരം മനസ്സിലാക്കുവാന്‍ കിട്ടിയ ബുക്കിന്‍റെ പിറകിലെഴുതിയതാണ്.
പ്രിന്‍സിപ്പലിന്‍റെ റൂമില്‍ കൊണ്ടുപോവുകയാണ് സര്‍വ്വസാധാരണമായി അടുത്ത പരിപാടി. പോകുവാന്‍ തയ്യാറായ ഒരു കോമറേഡിനെപ്പോലെ മൗനം പുതച്ചു സാറിന്‍റെ മുന്‍പില്‍ ഞാന്‍ നിന്നു. ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച എനിക്ക് തിരികെ ലഭിച്ചത് അവസാന പേജ് കീറിയ ബുക്കും "ഇത് നീ അല്ല എഴുതിയതെന്നു ഞാന്‍ വിശ്വസിക്കുന്നു" എന്ന മറുപടിയുമാണ്. ആ കറുത്ത അക്ഷരങ്ങള്‍ക്കപ്പുറമുള്ള വെണ്മയുടെ സ്ഥലികള്‍ അദ്ദേഹം കണ്ടതുകൊണ്ടായിരിക്കണം എന്നെ ശിക്ഷിക്കാതിരുന്നത്. വീട്ടിലെത്തി നേരെ അപ്പച്ചന്‍റെ ഒഴിഞ്ഞ ചാരുകസേരയില്‍ ഇരിപ്പുറപ്പിച്ച് നീറിപ്പടരുന്ന നിര്‍വൃതിയിലെന്ന പോലെ കുറച്ചുനേരം കണ്ണടച്ചിരുന്നു. എന്തൊക്കെയോ ഉള്ളിലടങ്ങിയിരിക്കാനാവാതെ പുറത്തേക്കോടി. അടുത്ത ദിവസം ഒന്നും അറിയാത്തപോലെ ചിരിയോടെ വരവേറ്റ ആ അധ്യാപകന്‍റെ മുഖം മനസ്സില്‍ ഇപ്പോഴും ഊളിയിട്ട് കടന്നുപോകുന്നു.
ടോട്ടോച്ചാനിലെ കൊബായാഷി മാസ്റ്റര്‍ തന്‍റെ കുട്ടികളെ ആദ്യം വിശ്വസിക്കുകയാണ് ചെയ്തത്. ആ വിശ്വാസം നല്‍കുന്ന കരുത്ത് മറ്റൊന്നിനും പകരംവയ്ക്കാന്‍ പറ്റുന്ന ഒന്നല്ല. അധികാരത്തിന്‍റെ ഭീതിച്ചുരുളുകളെ അദ്ധ്യാപകര്‍ തുടച്ചുമാറ്റുമ്പോള്‍ കുട്ടികളില്‍ ആത്മവിശ്വാസം ഉടലെടുക്കുന്നു. അപ്രകാരമാണ് ഓരോ ടോട്ടോച്ചാന്മാരും ജനിക്കുന്നത്. അതുകൊണ്ടു തന്നെ വിദ്യാര്‍ത്ഥിജീവിതത്തിന്‍റെ അനുഭവ തുണ്ടുകളെ ചേര്‍ത്തുവയ്ക്കുമ്പോള്‍ അറിവ് മാത്രം പകര്‍ന്നുതന്നവരല്ല, ജ്ഞാനത്തിലേയ്ക്കുള്ള വഴി ചൂണ്ടികാട്ടിത്തന്നവരെയാണ് യഥാര്‍ത്ഥ അദ്ധ്യാപകര്‍ എന്നു വിളിക്കുവാന്‍ ഞങ്ങള്‍ക്കു സാധിക്കുക. അദ്ധ്യാപനം എന്ന ശുശ്രൂഷ വഴി വിദ്യാര്‍ത്ഥികളുടെ ഹൃദയഫലകങ്ങളില്‍ എഴുതപ്പെട്ട ഓരോ കാര്യവും എത്രമാത്രം സ്വാധീനം ചെലുത്തുന്നതാണ് എന്ന് അവര്‍ പോലും അറിയുന്നുണ്ടോ എന്നറിയില്ല. സ്ലേറ്റ് തുടയ്ക്കാനായി ഉപയോഗിക്കുന്ന കാക്കതണ്ട് ആര്‍ക്കും കൊടുക്കാതെ ഉപയോഗിച്ചപ്പോള്‍ അത് പങ്കുവയ്ക്കുവാന്‍ പഠിപ്പിച്ച അംഗനവാടി ടീച്ചറു മുതല്‍ പ്രകൃതിയെ പ്രണയിക്കാന്‍ പഠിപ്പിച്ച അദ്ധ്യാപകന്‍ വരെ ഓര്‍മ്മയുടെ വിളനിലങ്ങളില്‍ ശോഭിച്ചു നില്‍ക്കുന്നു. കോളേജ് അഡ്മിഷന്‍ സമയം. ഇന്‍റര്‍വ്യൂ പാനല്‍ എന്‍റെ പേരു വിളിച്ചു. നിറഞ്ഞ ചിരിയോടുകൂടി അവര്‍ എന്നെയും അമ്മയേയും വരവേറ്റു. "So Ann, Tell us something about yourself ' ഞാന്‍ പറഞ്ഞുകൊണ്ടിരിക്കേ അമ്മ കരയാന്‍ തുടങ്ങി. ഇന്‍റര്‍വ്യുവിന് ശേഷം എഴുന്നേറ്റു പോകുമ്പോള്‍ നടുക്ക് ഇരുന്ന അദ്ധ്യാപകന്‍ എന്നോട് സ്വകാര്യമെന്നോണം പറഞ്ഞു, "അമ്മയെ നന്നായി നോക്കണം കേട്ടോ" ചാട്ടുളി പോലെ നെഞ്ചില്‍ തറച്ച ആ വാക്കുകളും, ആ വാത്സല്യമേറിയ വദനവും മനസ്സില്‍ കോറിയിട്ടു. ഊഷ്മള സൗഹൃദത്തിന്‍റെ വിശാല മേച്ചില്‍പ്പുറങ്ങള്‍ തേടിബഥനി കുന്നിന്‍റെ നെറുകയിലെ നിറങ്ങളുടെ കലാലയത്തില്‍ ചേക്കേറിയ ആദ്യ ദിനം. ആധുനിക സെറ്റപ്പ് ഉള്ള ക്ലാസ്സ് റൂമും, സ്മാര്‍ട്ട് ബോര്‍ഡും കോട്ടും സ്യൂട്ടുമിട്ട അദ്ധ്യാപകരുമാണ് മനസ്സുനിറയെ. മറ്റു ഡിപ്പാര്‍ട്ട്മെന്‍റുകളില്‍ നിന്നും മാറിയാണ് മാര്‍ ഇവാനിയോസിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്‍റ് സ്ഥിതിചെയ്യുന്നത്. പഴയ തറവാടുകളെ വെല്ലുന്ന ചേലോടെ ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ പ്രൗഢിയോടെ നില്‍ക്കുന്ന ആ കെട്ടിടം എല്ലാവര്‍ക്കും പ്രിയങ്കരമാണ്. പ്രതീക്ഷിച്ച ആധുനികത ഒന്നും കാണാത്തതില്‍ ക്ലാസ്സിലെ പല കുട്ടികള്‍ക്കും മങ്ങിയമുഖമായിരുന്നു. എനിക്കും. ആദ്യപീരിഡില്‍ തന്നെ ക്ലാസ്സില്‍ കയറി വന്ന അദ്ധ്യാപകനെ കണ്ടപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി. മനസ്സില്‍ കോറിയിട്ട അതേ വദനം. പരിചയപ്പെടല്‍ ചടങ്ങാണ് ആദ്യ ക്ലാസ്സുകളില്‍ പൊതുവേ നടത്താറുള്ളത്. അതില്‍നിന്നും വ്യത്യസ്തമായി അദ്ദേഹം ഞങ്ങളോട് ചോദിച്ചത് ഡിപ്പാര്‍ട്ട്മെന്‍റിലെ വിവിധ മരങ്ങളെ പറ്റിയാണ്. കണ്ണുണ്ടായിട്ടും കാണാന്‍ പറ്റാത്തതും ചെവിയുണ്ടായിട്ടും കേള്‍ക്കാന്‍ പറ്റാത്തതുമായ കാര്യങ്ങള്‍ ക്ലാസ്സിലെ ജനല്‍പാളികള്‍ക്കിടയിലൂടെ അദ്ദേഹം കാട്ടി നല്കി. ഒരു സിലബസ്സിലും ഉള്‍പ്പെടാത്ത ജീവിതപാഠങ്ങള്‍, ക്ലാസ്സിനു പുറത്തെ മഴമരവും ഇലഞ്ഞിയും ഗുല്‍മോഹറും മണിമരുതും എന്നെ നോക്കി ചിരിച്ചു. ഞാനും തിരിച്ചു ചിരിച്ചു. ആ ദിവസം കണ്ടറിഞ്ഞ കാര്യങ്ങളെപ്പറ്റി ചെറിയ ഒരു കവിത എഴുതുവാന്‍ അദ്ദേഹം ഞങ്ങളോടാവശ്യപ്പെട്ടു. അടുത്ത ദിവസം, എഴുതിയ കവിതാശകലങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു:William WordsWorth Once said: Poetry is the Spontaneous overflow of powerful emotions recollected in tranquility.
‘So Dear friends - ‘I’am Abraham Joseph and I am dealing with poetry.’
വേറിട്ട പഠനശൈലിയില്‍ കോരിത്തരിച്ച് ഒന്നും മിണ്ടാനാവാതെ ഞങ്ങള്‍ ഇരുന്നുപോയി. പുസ്തകത്തേക്കാളുപരി ജീവിതാനുഭവവും സ്വപ്നങ്ങളും വീട്ടുകാര്യവും അദ്ദേഹം പങ്കുവച്ചു. അദ്ദേഹത്തിന്‍റെ സ്വരമാധുരിയില്‍ വാര്‍ന്നുവീണ ഗീതങ്ങള്‍ കണ്ണുനനയിച്ചിട്ടുണ്ട്. മണിമരുതിന്‍റെ കാവല്‍ക്കാരന്‍ എന്നാണ് പലപ്പോഴും അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ മുറ്റത്ത് മണിമരുതും, അപ്പുറത്ത് ഗുല്‍മോഹറും ഒരു പോലെ പൂത്തുനില്‍ക്കുമ്പോള്‍ വസന്തത്തിന്‍റെ ഖജനാവില്‍ നിന്നും നിധി കിട്ടിയവനെപ്പോലെ അതിനെ തൊട്ടും തലോടിയും നില്‍ക്കുന്ന ആ ഗുരുശ്രേഷ്ഠന്‍ ഞങ്ങളില്‍ പ്രതീക്ഷ യുടെ ബോധിത്തളിരുകള്‍ ഉണര്‍ത്തി അതെ, ഇനിയും ഇലകള്‍ ബാക്കിയാണ്.
ജീവിതത്തില്‍ ഏറ്റവും അധികം സ്വാധീനിച്ച ഗുരുതുല്യരായ വ്യക്തികള്‍ ഏറെയാണ്. ചെറിയ ചെറിയ കാര്യങ്ങളിലുള്ള അറിവില്ലായ്മയെ തിരിച്ചറിയുവാന്‍ പലപ്പോഴും നമുക്ക് സാധിക്കാറില്ല. അത്തരം അറിവുകളിലേയ്ക്ക് പോലും വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയും ജിജ്ഞാസയും വര്‍ദ്ധിപ്പിക്കുവാന്‍ ഒരദ്ധ്യാപകന് കഴിയുന്നുണ്ടെങ്കില്‍ അവിടെയാണ് ഒരു യഥാര്‍ത്ഥ അദ്ധ്യാപകനും വ്യത്യസ്തമായ അദ്ധ്യാപന രീതിയും ഉടലെടുക്കുക. അതുകൊണ്ടു തന്നെയാണ് അറിയുന്ന വാക്കുകളെ കൂട്ടിയിണക്കുവാന്‍ പഠിപ്പിച്ച ഗുരുശ്രേഷ്ഠരുടെ തുടര്‍ക്കണ്ണിയായി വിളിക്കിച്ചേര്‍ക്കുവാന്‍ ഞാനും ആഗ്രഹിച്ചുപോകുന്നത്.
Featured Posts
Recent Posts
bottom of page