top of page

കാവല്‍

Mar 1, 2012

3 min read

ഫാ. ബോബി ജോസ് കട്ടിക്കാട്
In the protection of prayer.

പഴയപുസ്തകങ്ങള്‍ പൊടിതട്ടിവായിക്കുമ്പോള്‍ നനഞ്ഞപടക്കങ്ങള്‍ കണക്കുതോന്നുന്നത് അവയുടെ പിഴകൊണ്ട് സംഭവിച്ചതൊന്നുമല്ല. കൊച്ചിയല്ല മാറിയത്, ബിലാലാണ്. മുകുന്ദന്‍റെ 'ഡല്‍ഹി -1981' കഴിഞ്ഞ ദിവസങ്ങളില്‍ വായിച്ചപ്പോള്‍ അതാണ് തോന്നിയത്. കാല്‍ നൂറ്റാണ്ടുമുമ്പ് ഒരു കൗമാരക്കാരന്‍റെ ഉള്ളുലച്ച കഥയാണത്. മൈതാനത്ത് അരങ്ങേറുന്ന ദുരന്തങ്ങള്‍ ചങ്ങാതിയെ വിളിച്ചു കാട്ടുന്ന നിസ്സംഗരായ ചില കാണികളുടെ കഥ. അങ്ങനെയൊന്ന് ലോകത്തൊന്നും സംഭവിക്കില്ലെന്ന് കരുതാന്‍തക്കവണ്ണം നന്മ ഉള്ളിലുണ്ടായിരുന്നതു കൊണ്ടാവണം അതത്രയും ഭാരപ്പെടുത്തിയത്. കബറിന്‍റെ ഇരുളില്‍നിന്ന് ഒരു കൊച്ചരിപ്രാവ് പറന്നുവന്നു. തന്‍റെ ഇളംകൊക്കുകൊണ്ട് നാനക് ചന്ദിന്‍റെ മൂര്‍ദ്ധാവില്‍ കൊത്തുന്നുവെന്നാണ് ആ ചെറിയ കഥയുടെ ഭരതവാക്യം. ആ ചെറുകിളി ഞാനാവണമെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു.

ഓ, ഇപ്പം അങ്ങനൊന്നുമില്ല. ഇതിലൊക്കെ വിഷമിച്ചാല്‍ അതിനേ നേരമുണ്ടാവൂ. അങ്ങനെ ഒരു കെട്ടകാലമായതുകൊണ്ടാണ് ചിന്ന ചിന്ന നന്മകള്‍പോലും ഇപ്പോള്‍ വലിയ സംഭവമാകുന്നത്. റോഡപകടത്തില്‍ പരുക്കേറ്റവരെ ശ്രദ്ധിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് സര്‍ക്കാര്‍ ഇനാം പോലും പ്രഖ്യാപിച്ചിരിക്കുന്നത്.എന്നിട്ടും ആ കെണിയിലും വീഴുന്നില്ല നമ്മള്‍. നാലായിരത്തൊരുന്നൂറ് പേരാണ് കഴിഞ്ഞയാണ്ടില്‍ നിരത്തില്‍ കൊല്ലപ്പെട്ടത്. അതിലുമെത്ര മടങ്ങായിരിക്കും ജീവിതത്തിന്‍റെ മുഴുവന്‍ സജീവതയും നഷ്ടമായി വീട്ടിലും ആതുരാലയങ്ങളിലും കുരുങ്ങി കിടക്കുന്നവര്‍. ഈ കണക്കില്‍ നിരത്തിന്‍റെ ആസുരത മാത്രമല്ല വെളിപ്പെട്ടു കിട്ടുന്നത്, ചോരയില്‍ മുങ്ങിയ സഹജീവിയെ കണ്ട് ചെറിയൊരു മനഃസാക്ഷി കുത്തുപോലുമില്ലാതെ തങ്ങളുടെ തിരക്കുകളിലേക്ക് കൂപ്പുകുത്തുന്ന മുഴുവന്‍ മനുഷ്യന്‍റെയും ഹൃദയകാഠിന്യമുണ്ട്. റോഡപകടങ്ങളില്‍ മാത്രമല്ല, എല്ലാ ദുരന്തങ്ങളിലും നമ്മള്‍ നിസ്സംഗരായ കാണികളാവുന്നു. തെരുവില്‍വച്ച് ഒരു പെണ്‍കുട്ടിയെ വലിച്ചിഴച്ച് ആരെങ്കിലും കൊണ്ടുപോകുന്നതു കണ്ടാലും നമ്മള്‍ ചുറ്റിനും നോക്കുകയാണ്- ഏതെങ്കിലും ചാനലിന്‍റെ ഒബിവാനില്‍ നിന്നും ടീ ഷര്‍ട്ടും തേയിലപ്പൊതിയുമായി ദാ, ആ ക്യാമറ കണ്ടോ എന്നു പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ഉത്സാഹികളായ ചെറുപ്പക്കാരെത്തുമെന്ന്. വര്‍ത്തമാനത്തിന്‍റെ തത്വശാസ്ത്രം നിസ്സംഗത മാത്രമാണ്. എസെക്കിയേലിന്‍റെ ഒക്കെ ഭാഷയില്‍ ഹൃദയത്തിലെ കല്ല്. അല്ല വെറുപ്പല്ല, സ്നേഹത്തിന്‍റെ വിപരീതം. സ്നേഹത്തിലായാലും വെറുപ്പിലായാലും അയാള്‍ നിങ്ങള്‍ക്ക് ഒരാള്‍ തന്നെയാണ്. നിസ്സംഗതയിലാവട്ടെ, പെട്ടെന്നയാള്‍ വസ്തുവായി തരംതാണു. വസ്തുക്കള്‍ക്ക് എന്തു സംഭവിച്ചാലെന്ത്? അതും തീരെ മൂല്യമില്ലാത്തവയ്ക്ക് - നോക്കൂ, ഇത് ഇന്നുമിന്നലെയും തുടങ്ങിയതല്ല. മനുഷ്യന്‍റെ ചരിത്രത്തോളം പഴക്കമുണ്ടാവണം. ഇല്ലെങ്കില്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് പറഞ്ഞൊരുപമയില്‍ ഇത്തരം ചില സൂചനകള്‍ വളരെ കൃത്യമായി അവിടുന്ന് അടയാളപ്പെടുത്തിയത് എന്തിന്. മനുഷ്യനിലേക്കുള്ള ഏറ്റവും നല്ല താക്കോലായി കഥകള്‍ ഉപയോഗപ്പെടുത്തിയ ഒരാള്‍ ആ നസ്രത്തുകാരന്‍ തന്നെ. അതിനുമുമ്പും പിമ്പും മനുഷ്യര്‍ കഥ പറഞ്ഞിട്ടുണ്ടാവും. എന്നാല്‍ വിനോദമെന്ന ധര്‍മ്മമില്ലാതെ എല്ലാ കഥകളും പറയാന്‍ ധൈര്യപ്പെട്ട ഒരാള്‍ അവിടുന്നു മാത്രമാവണം. എല്ലാ കഥകള്‍ക്കും ദൈവികമായ ചില അരികുകള്‍ ഉണ്ടായി - stories with divine edge. വരുന്നത് ആ സമരിയാക്കാരന്‍റെ കഥയിലേക്ക് തന്നെയാണ്.

പരിക്കേറ്റൊരാള്‍, അയാള്‍ക്ക് ഭൂമിയിലെ മനുഷ്യരെ മൂന്നുതരത്തിലാണ് മനസ്സിലാവുന്നത്. തന്‍റെ കഠിനാദ്ധ്വാനത്തില്‍നിന്ന് രൂപപ്പെട്ടതുപോലും തങ്ങള്‍ക്കുള്ളതെന്ന് കരുതുന്ന കവര്‍ച്ചക്കാരുടെ ഇടമാണീ മണ്ണെന്ന് അമ്പരപ്പോടെ അയാള്‍ ആദ്യം അറിയുന്നു. പലയാവര്‍ത്തി സര്‍ക്കാര്‍ ആഫീസുകള്‍ കയറിയിറങ്ങുമ്പോഴും, കുഞ്ഞിന് പള്ളിക്കൂടം കെഞ്ചുമ്പോഴും ഇതു ഞങ്ങളങ്ങ് എടുത്തോളാമെന്ന് ഒരു റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ പറയുമ്പോഴും ഇങ്ങനെയൊക്കെ ജീവിച്ചു മരിച്ചാല്‍ മതിയോയെന്ന് സ്നേഹദാരിദ്ര്യത്തില്‍ പട്ടിണി കിടക്കുന്ന ഒരു സ്ത്രീക്ക് SMS കിട്ടുമ്പോഴുമൊക്കെ അവരാണ് മുഖംമൂടിക്ക് പിന്നില്‍. അവര്‍ക്ക് നാബോത്തിന്‍റെ മുന്തിരിത്തോട്ടവും ഉറിയായുടെ കൂട്ടുകാരിയേയുമൊക്കെ കിട്ടിയേ പറ്റൂ.

ഇല്ല, ഭാഗ്യവശാല്‍ വായനക്കാരാ നിങ്ങളിലൊരാളെയും അതിന്‍റെ ഗന്ധം മണക്കുന്നില്ല. അങ്ങനെയുള്ളവര്‍ ഈ ചെറിയ ആനുകാലികം വായിക്കാന്‍പോലും മെനക്കെടില്ല. പക്ഷേ, രണ്ടാമത്തേതില്‍ നിങ്ങളുണ്ട്. പള്ളി മുടങ്ങുമെന്നോര്‍ത്ത് വളരെ വേഗത്തില്‍ നിരത്തിലൂടെ പാഞ്ഞവര്‍. ഉപമകളെക്കുറിച്ച് പഠിപ്പിച്ചിരുന്ന അദ്ധ്യാപകന്‍ ആ കാര്യം പറയുവാന്‍ നല്ലതുപോലെ സമയമെടുത്തിരുന്നതായി ഓര്‍ക്കുന്നു. കഥകളുടെ കേന്ദ്രാശയമാണ്, അല്ലാതെ വിശദാംശങ്ങളല്ല, ധ്യാനത്തിനുവേണ്ടി പോഷിപ്പിച്ചെടുക്കേണ്ടതെന്ന്. അതങ്ങനെ തന്നെയാണ്. എന്നാലും ആ ആശങ്ക നിലനില്‍ക്കുന്നു. പരിക്കേറ്റവനെ വഴിമാറിപ്പോയ ആ രണ്ടുപേരും എന്തുകൊണ്ടാണ് മതാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതിന്‍റെ സൂചനകള്‍ കാട്ടുന്നത്. വിശേഷിച്ചും മതം തീണ്ടാനാവാത്ത ഒരു വിഗ്രഹമായി നിലനിന്ന ആ കാലത്ത്. ഒരാള്‍ പുരോഹിതനും മറ്റേയാള്‍ ദൈവാലയശുശ്രൂഷിയുമാണ്. എന്തുകൊണ്ടായിരിക്കും അവര്‍ അവനെ ബൈപാസ് ചെയ്തത്. ആരറിഞ്ഞു, ആ വഴിയാത്രക്കാരന്‍ ഒരു പക്ഷേ, ഇതിനോടകം കൊല്ലപ്പെട്ടിട്ടുണ്ടെന്ന്. അങ്ങനെയെങ്കില്‍ ഒരു മൃതശരീരത്തെ തൊടുകയെന്ന അശുദ്ധി വഴി അവര്‍ മാറിനില്‍ക്കേണ്ട, ശുശ്രൂഷയെന്ന കുലധര്‍മ്മമുണ്ട്. അങ്ങനെ സ്വധര്‍മ്മം അനുഷ്ഠിക്കാന്‍ അപരനെ കാണാതിരിക്കുന്നതു തന്നെ നല്ലതെന്ന് അവര്‍ നിശ്ചയിക്കുന്നു. അവരാണ് ഏതു നാട്ടിലെയും തങ്കപ്പെട്ട മനുഷ്യര്‍. അവരെക്കൊണ്ട് കുട്ടിക്കാലത്ത് അച്ഛനും അമ്മയ്ക്കും പഠനകാലത്ത് അദ്ധ്യാപകര്‍ക്കും ദാമ്പത്യത്തില്‍ ജീവിതപങ്കാളിക്കും പേരന്‍റിംഗില്‍ കുഞ്ഞുങ്ങള്‍ക്കും ഒരു ബുദ്ധിമുട്ടുമില്ല. താലിയം വിഷംപോലെ നിങ്ങള്‍ക്ക് ഒരുനാളും കണ്ടെത്താനോ തടയാനോ പറ്റാത്ത പതുക്കെ പതുക്കെ ഓരോ കാലത്തെയും ദുര്‍ഘടത്തിലാക്കുന്നത് സത്യത്തില്‍ അവരാണ്. നിരത്തില്‍ ഇടതുവശം ചേര്‍ന്നു നടക്കുന്ന, കോട്ടുവായിടുമ്പോള്‍ വാ പൊത്തിപ്പിടിക്കുന്ന, പുട്ടും പഴവും കുഴച്ചുകുഴച്ചു കഴിക്കാന്‍ മടിക്കുന്ന, അധര്‍മ്മങ്ങള്‍ക്കെതിരായി ഒന്നു കാര്‍ക്കിച്ചു തുപ്പണമെങ്കില്‍ നഗരസഭയുടെ വീപ്പയന്വേഷിക്കുന്ന ആ നല്ലവരില്‍ നിന്നും ദൈവംപോലും നമ്മളെ രക്ഷിക്കില്ല. അവര്‍ ദൈവത്തെയും തങ്ങളുടെ ശക്തമായ മതാത്മകജീവിതംകൊണ്ട് കുരുക്കിലാക്കിയിട്ടുണ്ട്. അവനു ഞാന്‍ കാവലാളല്ല ദൈവമേ.

മൂന്നാമത്തേതിലേക്ക് എത്തുവാനാണ് വായനക്കാരാ നമുക്കുള്ള ക്ഷണം. അപരന്‍റേത് തന്‍റേതെന്നു കരുതുന്ന കവര്‍ച്ചക്കാരും അവനായി അവന്‍റെ പാടായി എന്നു കരുതുന്ന പ്ലാസ്റ്റിക്, പ്രാഗ്മാറ്റിക് മനുഷ്യരും പെരുകുന്ന കാലത്തില്‍ അവരുടെ ഗോത്രത്തിന് വംശനാശമുണ്ടാകുന്നു. അങ്ങനെയാണ് സുരേഷും, അംബികയും ഒക്കെ വാര്‍ത്തയാകുന്നത്. അതൊരു പുതിയ നിലപാടാണ്. എനിക്കുള്ളതുകൂടി നിനക്കവകാശപ്പെട്ടതെന്ന ഒരു കണ്ടെത്തല്‍. അവരിലാണ് ദൈവത്തിന്‍റെ അച്ചുതണ്ട്. അസൗകര്യങ്ങളെ കണക്കിലെഴുതാതെ ജീവിതത്തോട് ഹൃദയപൂര്‍വ്വം ഇടപെടുന്നവര്‍ തങ്ങള്‍ ചിത്രത്തിലുണ്ടാവരുതെന്നുപോലും അവര്‍ക്കു നിശ്ചയമുണ്ട്. ഇടതുകൈയും വലതുകൈയും പരസ്പരം അറിയരുതെന്ന് ബൈബിള്‍ പറയുന്നത് അവരെക്കുറിച്ചാണ്. ആരോ നിരീക്ഷിക്കുന്നതുപോലെ തന്നെ സഹായിച്ചതാരാണെന്ന് ആ യാത്രക്കാരന്‍ ഒരിക്കലും അറിഞ്ഞിട്ടുണ്ടാവില്ല. കഴുതപ്പുറത്തേക്ക് അയാളെ ചേര്‍ത്തുവയ്ക്കുമ്പോള്‍ മിക്കവാറും അയാള്‍ ബോധരഹിതനായിരിക്കണം. ബോധം വീഴുമ്പോള്‍ സത്രക്കാരന്‍ മാത്രമേയുള്ളു. തിരികെ വരുമ്പോള്‍ കണക്കുതീര്‍ക്കാമെന്നു പറഞ്ഞ് കഥയിലെ സുകൃതി കാണാമറയത്താണിപ്പോള്‍. നല്കുന്നതിന്‍റെ ധാര്‍ഷ്ട്യമില്ലാതെ, വിധേയവിനീതരായ സ്വീകര്‍ത്താക്കളും മെനയാതെ ഒരാള്‍ക്ക് എങ്ങനെ ഭാവാത്മകമായി തന്‍റെ കാലത്തില്‍ ഇടപെടാമെന്നതിന്‍റെ ഏറ്റവും ഭാസുരമായ അടയാളമായി അയാള്‍ വാഴ്ത്തപ്പെടും.

അപ്രകാരം, നീയും ചെയ്യുവിന്‍ എന്നു പറഞ്ഞാണ് ക്രിസ്തു ആ കഥ സംഗ്രഹിച്ചത്. എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ അപ്രകാരം ചെയ്യുവിന്‍ എന്ന് ക്രിസ്തു അനുശാസിച്ച മൂന്നു കാര്യങ്ങളില്‍ ഒന്നാണിത്. പാദം കഴുകിയതിനു ശേഷവും, അപ്പം മുറിച്ചു നല്‍കിയതിനുശേഷവുമാണ് മറ്റ് രണ്ടിടങ്ങള്‍. എല്ലാം മാനവരാശിക്കുവേണ്ടി ഓരോരുത്തരും തങ്ങളെത്തന്നെ പുനരര്‍പ്പിക്കാനുള്ള ക്ഷണത്തിന്‍റെ പ്രതിധ്വനികള്‍ തന്നെ. അധികം ഒരു പക്ഷേ നമ്മള്‍ ശ്രദ്ധിക്കാത്ത ഒരുപമകൂടി ഈ പശ്ചാത്തലത്തില്‍ ഒന്നു വായിക്കുന്നതു നല്ലതാണ്. രാത്രിയിലെ കൂട്ടുകാരുടെ കഥയാണിത്. പാതിരാവില്‍ പട്ടിണിക്കാരനായ ഒരു ചങ്ങാതിയെത്തുന്നു. അവനുകൊടുക്കുവാന്‍ ഒരിത്തിരി പഴഞ്ചോറുപോലും ബാക്കിയില്ലാത്തതുകൊണ്ട് അവനെ അവിടെ ഇരുത്തി കുറെക്കൂടി ധനികനായ ഒരു കൂട്ടുകാരനെ തേടി പുറത്തേക്ക് ഓടിപ്പോകുന്ന വീട്ടുകാരന്‍. മദ്ധ്യസ്ഥപ്രാര്‍ത്ഥനയുമൊക്കെയായി ബന്ധപ്പെട്ട് ഈ കഥക്ക് ചില വായനകള്‍ കിട്ടിയിട്ടുണ്ട്. നിങ്ങളുടെ നന്മയില്‍ ശരണപ്പെട്ട് നിങ്ങളിലേക്ക് എത്തുന്ന ചിലര്‍. നിങ്ങളാവട്ടെ സ്വയം പാപ്പരെന്നു മനസ്സിലാക്കുവാന്‍ വിനയമുള്ളവര്‍. ചെയ്യാവുന്നത് ഒരു കാര്യം മാത്രമാണ്. എല്ലാവര്‍ക്കും അന്നം കൊടുക്കാന്‍ കെല്പുള്ള ഒരാളുടെ സന്നിധിയിലേക്കാണ് അയാള്‍ക്കുവേണ്ടി യാചിക്കുക.

എന്നാല്‍ ഈ കഥയ്ക്കകത്ത് വളരെ ഋജുവായ ഒരു പാഠവും സാദ്ധ്യമാണ്. ആ നടുവില്‍ നില്‍ക്കുന്ന ഒരാള്‍ നല്ലൊരു ധ്യാനവിഷയമാണ്. ഒന്നാമനും മൂന്നാമനും കാര്യമായ പ്രശ്നങ്ങളൊന്നുമില്ല. ആവശ്യക്കാരന് ഔചിത്യമില്ലാത്തതുകൊണ്ട് മറ്റുള്ളവരെന്തു വിചാരിക്കുന്നുവെന്ന് ആശങ്കപ്പെട്ട് തല പുണ്ണാക്കണ്ട കാര്യമില്ല അയാള്‍ക്ക്. ഞാനും എന്‍റെ കുടുംബവും ഉറങ്ങാന്‍ കിടന്നു. പോയിട്ടു വാ, എന്ന മനുഷ്യപറ്റില്ലാത്ത മൂന്നാമത്തൊരാള്‍ക്കും ഭാരപ്പെടാനൊന്നുമില്ല. താനും തന്‍റെ കുടുംബവും സുരക്ഷിതരായതിനാല്‍ പുറത്തെ വിശപ്പിനെയും തണുപ്പിനെയും കുറിച്ച് ചിന്തിക്കേണ്ട ബാദ്ധ്യത അയാള്‍ക്കുമില്ല. നമ്മുടെ ഭാഷയില്‍ പെട്ടുപോകുന്നത് അയാളാണ്. തന്‍റെ ചുറ്റിനുമുള്ളവരുടെ വിശപ്പില്‍ തപിക്കുകയും അവര്‍ക്ക് അന്നം കൊടുക്കാനുള്ള നെട്ടോട്ടങ്ങള്‍ക്കിടയില്‍ പുറത്തെ ഇരുളിലും തണുപ്പിലും തലകുനിച്ച് നില്ക്കുന്ന അയാള്‍. നിനക്കെന്തിന്‍റെ കേട് എന്നു പറഞ്ഞാണ് അവന്‍റെ കാലം അവനെ പരിഹസിക്കുന്നത്. അഗാധമായ ആന്തരികതയുള്ള അയാള്‍ക്ക് ദെസ്തോവെസ്കിയുടെ അലീഷ്യയുടെ മനസ്സാണ്: All of us are responsible for everything and I even more.

എഴുതി വരുമ്പോള്‍ മനസ്സില്‍ അധികം ചെറുമുറക്കാരുടെ ഓര്‍മ്മ വരുന്നു. അത്തരം പരാമര്‍ശങ്ങള്‍പോലും അവരില്‍ ചെടിപ്പ് സൃഷ്ടിക്കുന്നതുകൊണ്ട് ഞാനത് മധുരപൂര്‍വ്വം വിഴുങ്ങുന്നു. സ്വന്തം മനസ്സില്‍ മരുഭൂമി രൂപപ്പെടാതിരിക്കാന്‍ സദാ ഉണര്‍ന്നിരിക്കുന്ന അവരെ ആലിംഗനം ചെയ്തുകൊണ്ട് സ്നേഹാദരപൂര്‍വ്വം.

ഫാ. ബോബി ജോ��സ് കട്ടിക്കാട്

0

0

Featured Posts

Recent Posts

bottom of page