top of page

കാടിനു കാവല്‍

Apr 1, 2012

2 min read

ഡോ. റോയി തോമസ്
Forest land.

"കഴിഞ്ഞ കുറെയേറെ വര്‍ഷങ്ങളായി ഞാന്‍ നിങ്ങളുടെയെല്ലാം ഇടയില്‍ പലതും പറഞ്ഞും വഴക്കിട്ടും ആവലാതിപ്പെട്ടും വിമര്‍ശിച്ചും ആവുന്നത്ര പ്രയത്നിച്ചും വ്യസനിച്ചും നടക്കുന്നു... ആ നീണ്ട വര്‍ഷങ്ങളിലെഴുതിയ പരിസ്ഥിതി പ്രശ്നങ്ങളെപ്പറ്റിയുള്ള കുറച്ചുലേഖനങ്ങള്‍ കണ്ടെടുത്ത് വീണ്ടും പ്രസിദ്ധീകരിക്കുകയാണ്. പലതും കാലഹരണപ്പെട്ട വിഷയങ്ങളാണെന്നു തോന്നാം, പക്ഷേ മിക്കവാറും എല്ലാ പ്രശ്നങ്ങളും ഇന്നും അവയുടെ ഗൗരവത്തില്‍തന്നെ തുടരുകയാണെന്ന് സൂക്ഷ്മനിരീക്ഷണത്തില്‍ കാണാം" - സുഗതകുമാരിയുടെ 'കാടിനു കാവല്‍' എന്ന പുതിയ പുസ്തകത്തിലെ ആ മുഖക്കുറിപ്പ് ഇങ്ങനെയാണ് തുടങ്ങുന്നത്. കേരളത്തെ സംബന്ധിച്ച് സുഗതകുമാരിയെപ്പോലുള്ളവരുടെ ഇടപെടലുകള്‍ വളരെ പ്രധാനമായിരുന്നു. സൈലന്‍റ്വാലിയില്‍ തുടങ്ങിയ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടങ്കുളത്തും നര്‍മ്മദയിലും എത്തുന്നു. ഭൂമിയില്‍ വരുംതലമുറകള്‍ക്ക് സുസ്ഥിതി ഉറപ്പാക്കുന്നതിനുവേണ്ടിയുള്ള യത്നത്തിലാണ് സുഗതകുമാരി ഏര്‍പ്പെട്ടത്. സിംഹവാലന്‍ കുരങ്ങിനുവേണ്ടി ശബ്ദിക്കുന്നവരെന്നും വികസന വിരുദ്ധരെന്നും ആക്ഷേപിക്കപ്പെട്ട അവര്‍ അന്നു പറഞ്ഞതെല്ലാം എത്രമാത്രം പ്രധാനമായിരുന്നു എന്ന് ഇന്നു നാം തിരിച്ചറിയുന്നു. ആഗോളതാപനവും പരിസ്ഥിതിനാശവും ഭൂമിയെ ജീവിക്കാന്‍ കഴിയാത്ത സ്ഥലമാക്കിമാറ്റിക്കൊണ്ടിരിക്കുമ്പോള്‍ നമുക്കു പോംവഴികളെക്കുറിച്ച് ആലോചിച്ചേ മതിയാവൂ. ഈ സാഹചര്യത്തില്‍ സുഗതകുമാരിയുടെ അന്വേഷണങ്ങള്‍ നമുക്കു വഴികാട്ടിയാവുന്നു. "മിക്കവാറും തോല്‍ക്കുന്നവയും ചിലപ്പോള്‍ മാത്രം ഫലം കണ്ടവയും പലപ്പോഴും അനന്തമായി നീളുന്നവയുമായ യുദ്ധങ്ങളുടെ ഓര്‍മ്മകളാണീ ലേഖനങ്ങള്‍." തോല്‍ക്കുന്ന യുദ്ധങ്ങളും ചരിത്രത്തിന്‍റെ ഭാഗമാണല്ലോ. ചില പരാജയങ്ങള്‍ നമ്മെ കൂടുതല്‍ കാര്യങ്ങള്‍ പഠിപ്പിക്കുന്നു. മഹത്തായ പരാജയങ്ങള്‍ എന്നു വിളിക്കാവുന്നവയാണ് ഈ തോല്‍വികള്‍.

വികസന വിരുദ്ധനെന്നും രാജ്യദ്രോഹിയെന്നും മുദ്രകുത്തി ഭരണകൂടം തൂക്കിക്കൊന്ന നൈജീരിയന്‍ എഴുത്തുകാരനായ കെന്‍ സാരോവിവയെ ഓര്‍ത്തുകൊണ്ടാണ് ഗ്രന്ഥം ആരംഭിക്കുന്നത്. 'കവിയെ ഞാനറിയുന്നു' എന്ന കവിത സാരോവിവയുടെ ജീവിതത്തിലേക്കും മരണത്തിലേക്കുമുള്ള സൂക്ഷ്മസഞ്ചാരമാണ്.

"എണ്ണക്കമ്പനികള്‍ക്കുവേണ്ടി

മണ്ണു നഷ്ടപ്പെടുന്നു.

ഒഗോണികളോട് കവി

പാടിയിരിക്കും പച്ചയെപ്പറ്റി,

കൃഷിയുടെ കാരുണ്യത്തെപ്പറ്റി,

മേച്ചില്‍പ്പുറങ്ങളിലെ

മഞ്ഞുതുള്ളികളെപ്പറ്റി..."

കെന്‍ സാരോവിവയെക്കുറിച്ച് സുഗതകുമാരി കുറിക്കുന്നതിങ്ങനെയാണ്. അത് നമ്മുടെ ജീവിതത്തിലും പ്രസക്തമാണെന്ന് കവി തിരിച്ചറിയുന്നു.

"കൊടുംദുരയുടെ തീക്കടല്‍

അകലെയല്ല എന്നും എന്‍റെയീ

കൊച്ചുപച്ചത്തുരുത്തും

അതിലൊരു ദുര്‍ബലമായ

ദ്വീപുമാത്രമാണെന്നുമുള്ള അറിവ്

എന്നെ ആകുലയാക്കുന്നു."

എന്ന് സുഗതകുമാരി കാണുന്നു. പച്ചത്തുരുത്തുകള്‍ കൊടും ദുരയുടെ തീക്കടലില്‍ കത്തിയെരിയാതിരിക്കാനാണ് അവര്‍ കഴിയുന്നിടത്തെല്ലാം ഓടിയെത്തിയത്. സൈലന്‍റ്വാലി, അഗസ്ത്യവനം, പൂയംകുട്ടി, ജീരകപ്പാറ, അട്ടപ്പാടി, അച്ചന്‍കോവില്‍, ഒലിപ്പാറ എന്നിങ്ങനെ പരിസ്ഥിതി പ്രശ്നങ്ങള്‍ രൂക്ഷമായിരുന്ന സ്ഥലങ്ങളിലെല്ലാം സുഗതകുമാരിയുടെ കണ്ണെത്തുന്നു. വികസനത്തിന്‍റെ പുത്തന്‍കാലം നമുക്കു സമ്മാനിക്കുന്നത് പുതിയ മരുഭൂമികളായിരിക്കുമെന്ന താക്കീതാണ് അവര്‍ നല്‍കുന്നത്.

കാടിന്‍റെ സംഗീതം കേള്‍ക്കാന്‍ നമുക്കിന്ന് സാധിക്കുന്നില്ല. ശബ്ദപ്പെരുക്കത്തില്‍ പ്രകൃതി നമ്മില്‍നിന്ന് അകന്നു കഴിഞ്ഞിരിക്കുന്നു. 'കാട്' എന്ന കുറിപ്പില്‍ സുഗതകുമാരി കാടിനെ മനസ്സിനോടുചേര്‍ത്തുനിര്‍ത്തുന്നു. നമ്മുടെ നിലനില്പിനാധാരമാകുന്നത് കാടും മരങ്ങളുമാണെന്ന സത്യത്തിനു നേരെ കണ്ണടച്ചുകൊണ്ട് എത്രകാലം നമുക്കു മുന്നോട്ടുപോകാന്‍ കഴിയും?" നെയ്താമ്പലുകള്‍ പൂവണിയിക്കുന്ന നീരൊഴുക്കില്‍ മുങ്ങി മുഖംകഴുകി വെള്ളം കുടിച്ചു തളര്‍ച്ചയാറ്റി പാറപ്പുറം കയറി ആകാശം നോക്കി ഇത്തിരി കിടക്കുക. കാട് ആയിരം കൈകള്‍ നീട്ടി ആശ്ലേഷിക്കുന്നതുപോലെ. ആകാശം താണിറങ്ങി വന്ന് മാറിലലിയുന്നതുപോലെ! വലയം ചെയ്യുന്ന ജീവകോടികള്‍ പ്രേമവാത്സല്യങ്ങളോടെ ഈ പരവശമായ മനുഷ്യജീവനെയും തങ്ങളോടു ചേര്‍ത്തിണക്കി അലിയിക്കുന്നതുപോലെ! ഇതെല്ലാം ഓരോ ഇന്ദ്രിയത്താലും രോമകൂപത്താലും ആസ്വദിച്ചുകൊണ്ട് അനങ്ങാതെ, മിണ്ടാതെ കാടിന്‍റെ മടിത്തട്ടില്‍ ചാഞ്ഞുകിടക്കുക... ഇതോ അതീന്ദ്രീയാവസ്ഥ? സ്വര്‍ഗ്ഗമാര്‍ഗ്ഗം? മോക്ഷം? ഈ മഹിതാനുഭൂതി നല്‍കാന്‍ ഏതു മനുഷ്യനിര്‍മ്മിത സുഖഭോഗത്തിനു കഴിയും!" എന്ന് പ്രിയ കവി ചോദിക്കുന്നു. "വഴിയോരപ്പൂക്കളെപ്പോലും സ്വന്തം മനസ്സിനോടു ചേര്‍ത്തുനിര്‍ത്തുന്ന സുഗതകുമാരി നമുക്ക് പുതിയൊരു കണ്ണാണ് നല്‍കുന്നത്. നമുക്കുചുറ്റും എന്തെല്ലാം വിസ്മയങ്ങളാണ് ചിതറിക്കിടക്കുന്നതെന്ന് അപ്പോള്‍ നാം കണ്ടെത്തുന്നു. ഈ ലോകത്തിലെ എല്ലാ ജീവജാലങ്ങളും പരസ്പരം കണ്ണിചേര്‍ക്കപ്പെട്ടിരിക്കുന്നു എന്ന സത്യമാണ് കവയിത്രി ഇവിടെ ഉദ്ഘോഷിക്കുന്നത്. പ്രകൃതിയുടെ ഭാഷ നഷ്ടപ്പെട്ട നമുക്ക് ആ ഭാഷ തിരിച്ചെടുക്കാനുള്ള മാര്‍ഗ്ഗമാണ് അവര്‍ ഓതിത്തരുന്നത്.

വികസനത്തിന്‍റെ പുതിയ വഴികള്‍ തെറ്റിയിരിക്കുന്നുവെന്നാണ് സുഗതകുമാരി വിളിച്ചുപറയുന്നത്. "പ്രകൃതി സംരക്ഷണം എന്ന വാക്കിന്‍റെ അര്‍ത്ഥം 'നശിപ്പിക്കാതിരിക്കല്‍' എന്നു മാത്രമല്ല 'സൂക്ഷിച്ചുപയോഗിക്കല്‍' എന്നു കൂടിയാണ്" എന്ന് അവര്‍ സൂചിപ്പിക്കുന്നു. ആണവനിലയവും പരിസ്ഥിതി നശിപ്പിക്കുന്ന വ്യവസായങ്ങളുമെല്ലാം ഭാവിതലമുറകളെപ്പോലും വെറുതെ വിടുന്നില്ല എന്ന സത്യം അവര്‍ എടുത്തു പറയുന്നു. "നമ്മുടെ മക്കള്‍ക്കു കൊടുക്കേണ്ടത് പച്ചനോട്ടുകളല്ല, പച്ചപ്പാണ്. നാടിന്‍റെയും ഹൃദയത്തിന്‍റെയും പച്ചപ്പ്" എന്നതാണ് അവരുടെ ഹരിതദര്‍ശനം. മനസ്സില്‍നിന്ന് പച്ചപ്പ് കുടിയൊഴിയുമ്പോള്‍ ഭൂമിയും തരിശാകും. അപ്പോള്‍ നമ്മുടെ ജീവിതത്തിലേക്ക് മരുഭൂമി കടന്നുകയറും. ആദിവാസികളുടെ ജീവിതവും അവരുടെ പശ്ചാത്തലഭൂമിയും നശിപ്പിച്ച നാം മനുഷ്യത്വമില്ലായ്മയുടെ പുതിയ പാഠമാണ് പഠിപ്പിക്കുന്നതെന്ന് സുഗതകുമാരി സൂചിപ്പിക്കുന്നു. വഴിത്തണലുകള്‍ നഷ്ടപ്പെടുന്ന കാലത്ത് ആര്‍ദ്രതകളും വറ്റുന്നു. എല്ലാ ഉറവകളും വറ്റുമ്പോള്‍ മനുഷ്യവ്യക്തിത്വത്തിലെ പ്രധാനധാതുക്കളും നഷ്ടമാകുന്നു. അതെല്ലാം തിരിച്ചു പിടിക്കാനാണ് സുഗതകുമാരി ആഹ്വാനം ചെയ്യുന്നത്. തരിശുനിലം സൃഷ്ടിക്കുന്ന പുതിയ സംസ്കാരത്തിനെതിരായ പ്രതിസംസ്കൃതിയുടെ പൊരുളുകളാണ് അവര്‍ ഉരുക്കഴിക്കുന്നത്.

"ഇപ്പോള്‍തന്നെ വൈകിപ്പോയി, ഇനി നേരമില്ല. ഈ ഭൂമി നമ്മുടേതല്ല. ഈ കാടും പുഴകളും നമ്മുടേതല്ല, ഇതെല്ലാം നമ്മുടെ കുട്ടികള്‍ക്കുള്ളതാണ്. കാടിനെ സ്നേഹിക്കുക. ഓരോ മലയാളിയുടെ കയ്യും ഓരോ മരം നട്ടു വളര്‍ത്തട്ടെ. ചൂടും വരള്‍ച്ചയും ജലക്ഷാമവും മണ്ണൊലിപ്പും ദാരിദ്ര്യവും പരിഹരിക്കുവാനുള്ള ഒരേയൊരു മാര്‍ഗ്ഗമാണിത്. ഈ പച്ചപ്പ് ജീവന്‍റെ നിറമാണ്. കേരളത്തിന്‍റെ ഐശ്വര്യത്തിന്‍റെ നിറമാണത്. അത് മറക്കാതിരിക്കുക. കാടിനു കാവല്‍ നാം തന്നെ." എന്നാണ് സുഗതകുമാരി എഴുതുന്നത.് ഭരണകൂടത്തെയോ ഉദ്യോഗസ്ഥവൃന്തത്തെയോ ആശ്രയിച്ചല്ല നമുടെ പരിസ്ഥിതിയുടെ നിലനില്പ്. ഓരോ പ്രശ്നത്തിനും നാം കൂടി പങ്കാളികളാണെന്ന സത്യം തിരിച്ചറിയണം. എല്ലാവരെയും ബാധിക്കുന്ന ഒരു പ്രശ്നത്തില്‍നിന്ന് അകന്നു നില്‍ക്കുന്നവരല്ല ചരിത്രത്തെ മാറ്റുന്നത്. നിരന്തരമായ ഇടപെടലുകളിലൂടെ മാത്രമേ മാറ്റങ്ങള്‍ ഉണ്ടാകൂ. പരിസ്ഥിതിപ്രശ്നങ്ങളില്‍ ദശകങ്ങളായി ഇടപെടുന്ന സുഗതകുമാരിയുടെ ജീവിതരേഖകളാണ് 'കാടിനു കാവല്‍' എന്ന ഹരിതഗ്രന്ഥം. പച്ചയുടെ സുവിശേഷമാണിത്.

Featured Posts

bottom of page