top of page

ഗുബിയോ

Aug 1, 2015

1 min read

സെബാസ്റ്റ്യന്‍ ഐസക്
Drawing of a wolf.

അന്ന്,

അവരെല്ലാം ഭയന്നിരിക്കുമ്പോഴാണ് ഗുബിയോയിലെ ഇടവഴിയിലൂടെ അയാള്‍ നടന്നുവന്നത് - ചെളിപുരണ്ട ചാക്കുവസ്ത്രം കയറുകൊണ്ടു കെട്ടിയൊതുക്കിയ ഒരു കുറിയമനുഷ്യന്‍. പോകരുതെന്നാരൊക്കെയോ വിലക്കിയിട്ടും അയളാ ജന്തുവിനടുത്തേക്കുപോയി. ഭീമാകാരനായ ആ ചെന്നായ് അയാളെ കടിച്ചുകുടയുന്നതു കാണാനാകാതെ അവര്‍ കണ്ണുപൊത്തി. പല്ലിളിച്ചുവന്ന മൃഗം പക്ഷേ അയാളുടെ എല്ലിച്ച കരങ്ങളില്‍ മുന്‍കാല്‍ പൊന്തിച്ചുവച്ച് മുരണ്ടു, പിന്നെ യജമാനനെക്കണ്ട നായയെപ്പോലെ അയാളുടെ ശോഷിച്ചപാദങ്ങളെയുരുമ്മിനിന്നു.

പിന്നെയാഗ്രാമത്തിലെ വീടുകളുടെ വാതിലുകളാരുമടച്ചില്ല, വന്യമൃഗങ്ങള്‍ക്കും കളളന്മാര്‍ക്കും മുന്‍പില്‍ ഭീമാകാരനായൊരു ചെന്നായവിടെ കാവല്‍നിന്നു. കല്ലെറിഞ്ഞവരൊക്കെയവനോടു കൂട്ടുകൂടി. നീണ്ടു പതുപതുപ്പുള്ള അവന്‍റെ രോമങ്ങളില്‍ ഗ്രാമത്തിലെ കുഞ്ഞുങ്ങള്‍ നൂണ്ടുകളിച്ചു. ഉറക്കത്തിലവനെ സ്വപ്നംകണ്ട് പൊട്ടിച്ചിരിച്ചു. ഗ്രാമത്തിലെ അമ്മമാരൊക്കെ ഒരു വീതമവനുകൂടി വിളമ്പിവച്ചു.


ഇന്ന്,

ചാക്കുവസ്ത്രമുടുത്ത കുറിയ മനുഷ്യ, അങ്ങെന്‍റെ തെരുവിലൂടെ നടന്നുവരുന്നത് ഞാന്‍ സ്വപ്നംകാണുന്നു. ഇത്രനാള്‍ ഞങ്ങള്‍ ഭയന്ന മനുഷ്യമൃഗങ്ങളൊക്കെ നിന്‍റെ ശോഷിച്ച കരങ്ങളില്‍ മുന്‍കാലുയര്‍ത്തിവച്ച് മുരളുന്നു; നിന്‍റെ കാലില്‍ മുഖം പൂഴ്ത്തിയേങ്ങിക്കരയുന്നു. പിന്നെയവര്‍ പടിയിറങ്ങിപ്പോകുന്ന ഞങ്ങളുടെ പെങ്ങന്മാര്‍ക്കു ചുറ്റും വീടെത്തുവോളം സംരക്ഷണത്തിന്‍റെ കരവലയമാകുന്നു. വഴിയരികില്‍ ചോരവാര്‍ന്നു കിടന്നവരെയൊക്കെ തോളിലെടുത്ത് ആശുപത്രിയിലേക്കോടുന്നു. ഞങ്ങള്‍ തുറന്നിട്ട വാതിലുകള്‍ക്കു മുന്‍പില്‍ പ്രിയപ്പെട്ടവനേ, അവര്‍ കാവല്‍ നില്ക്കുന്നു.

സെബാസ്റ്റ്യന്‍ ഐസക്

0

0

Featured Posts

Recent Posts

bottom of page