top of page

പന്നിപ്പനിയുണര്‍ത്തുന്ന സ്വകാര്യവിരുദ്ധ ചിന്തകള്‍

Oct 25, 2009

2 min read

എഡ
a hospital ward
Hospital ward Credit- Reuters

'സ്വകാര്യവല്‍ക്കരണം' സകല പ്രശ്നങ്ങള്‍ക്കും പരിഹാരമായി നിര്‍ദ്ദേശിക്കപ്പെടുകയാണല്ലോ ഇപ്പോള്‍. പ്രശ്നം വെള്ളത്തിനു ക്ഷാമമോ? പരിഹാരം വാട്ടര്‍ സപ്ലൈ സ്വകാര്യവല്‍ക്കരിക്കുക. പ്രശ്നം വിദ്യാഭ്യാസത്തിന്‍റെ നിലവാരത്തകര്‍ച്ചയോ? പരിഹാരം സര്‍ക്കാര്‍ സ്കൂളുകള്‍ പരമാവധി കുറയ്ക്കുക. പ്രശ്നം തൊഴില്‍ ക്ഷാമമോ? പരിഹാരം ഭൂമി വാങ്ങി വന്‍കിട മുതലാളിമാര്‍ക്കു സ്പെഷ്യല്‍ എക്കണോമിക് സോണ്‍ ഉണ്ടാക്കാന്‍ കൊടുക്കുക. കൈയില്‍ കാശുള്ളവര്‍ക്ക് ഇതിലും മെച്ചമായ പരിഹാരനിര്‍ദ്ദേശങ്ങളില്ല. അവര്‍ക്ക് എന്നും അവരുടേതായ 'സ്വകാര്യ' വഴികളുണ്ട്. നിരത്തിലെങ്ങും പൊടി പൊങ്ങുകയും ചൂടുകൊണ്ടു പൊള്ളുകയും ചെയ്യുമ്പോള്‍ അവര്‍ എയര്‍കണ്ടീഷന്‍ഡ് കാറില്‍, ഗ്ലാസുകള്‍ പൊക്കിവച്ച് സുഖഗമനം നടത്തുന്നു. അന്തരീക്ഷ മലിനീകരണം അങ്ങനെ പാവപ്പെട്ടവന്‍റെ മാത്രം പ്രശ്നമായിത്തീരുന്നു. പാര്‍ക്കുകളുടെ സുഖശീതിളമയില്‍ ഇരിക്കുന്നവര്‍ക്ക് എന്തു ഗ്ലോബല്‍ വാമിംഗ്? പുഴകള്‍ മലിനമാകുകയും കിണറുകള്‍ വരളുകയും ചെയ്യുമ്പോള്‍ കാശുള്ളവന്‍ കുപ്പിയിലെ ശുദ്ധജലം കുടിച്ചാസ്വദിക്കും, ഓഫീസുകളില്‍ ഫില്‍റ്റര്‍ വയ്ക്കും.

ആരോഗ്യരംഗത്തും ഇത്തരം 'സ്വകാര്യ' പരിഹാരമാര്‍ഗ്ഗങ്ങള്‍ വിജയിച്ചു വരികയായിരുന്നു. മാര്‍ബിള്‍ പതിച്ച ഡീലക്സ് ആശുപത്രികള്‍ കാശുള്ളവന്‍റെ ആരോഗ്യ പ്രശ്നങ്ങള്‍ക്കു പരിഹാരമായിരുന്നു. ആരോഗ്യരംഗം അതുകൊണ്ടുതന്നെ സ്വകാര്യ വ്യക്തികളെയോ, സ്ഥാപനങ്ങളെയോ ഏല്‍പിക്കണമെന്നുള്ള വാദം ചോദ്യംചെയ്യാനാവാത്ത ശരിയായിത്തീര്‍ന്നു. സര്‍ക്കാര്‍ ആശുപത്രികളുടെ ശോചനീയാവസ്ഥ അവരുടെ വാദങ്ങള്‍ക്കു മതിയായ തെളിവുമായിരുന്നു. ആരോഗ്യപ്രശ്നം ഒരു സ്വകാര്യപ്രശ്നവും അതിനു പരിഹാരം പരമാവധി സ്വകാര്യവല്‍ക്കരണവുമായിത്തീര്‍ന്നു.

അങ്ങനെയാണ് ആരോഗ്യരംഗത്ത് ഏറ്റവും കുറച്ച് മുതല്‍ മുടക്കുന്ന രാജ്യങ്ങളിലൊന്ന് നമ്മുടേതാണെന്ന വസ്തുത അധികമൊന്നും വിമര്‍ശിക്കപ്പെടാതെ പോയത്. മൊത്ത ദേശീയവരുമാനത്തിന്‍റെ 0.9% മാത്രമാണ് ജനതയുടെ ആരോഗ്യത്തിനായി സര്‍ക്കാര്‍ ചെലവിടുന്നത്. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം 175 ലോകരാഷ്ട്രങ്ങളില്‍ ആരോഗ്യരംഗത്ത് ഏറ്റവും കുറച്ച് മുതല്‍ മുടക്കുന്ന അഞ്ചാമത്തെ രാഷ്ട്രമാണ് ഇന്ത്യ- ഏറ്റവും ദരിദ്രമായ സബ് സഹാറന്‍ രാഷ്ട്രങ്ങളേക്കാളും താഴെയാണ് അത്. ജനം തങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ചെലവിടുന്ന തുകയുടെ എണ്‍പത്തഞ്ചു ശതമാനവും സ്വകാര്യ മേഖലയ്ക്കാണു പോകുന്നത്. പാവപ്പെട്ടവരെ കൊടിയ ദാരിദ്ര്യത്തിലേയ്ക്കും കടക്കെണിയിലേക്കും തള്ളിവിടുന്നതിന്‍റെ ഒരു പ്രധാന കാരണം ചികിത്സാരംഗത്തു വന്നുഭവിച്ചിരിക്കുന്ന ഭീമമായ ചെലവാണ്.

കേരളത്തെ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ പാവപ്പെട്ട മുപ്പതുശതമാനം ആളുകള്‍ മാത്രമേ ആരോഗ്യരംഗത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുള്ളൂ. ഡോക്ടര്‍മാരില്‍ അറുപതു ശതമാനവും ആശുപത്രിക്കിടക്കകളിലെ അറുപതുശതമാനവും സ്വകാര്യമേഖലയിലാണ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 2006-ല്‍ നടത്തിയ ഒരു സര്‍വേ പ്രകാരം ചികിത്സാ ചെലവുകള്‍ കേരളത്തില്‍ ഇരുപതുശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. പാവപ്പെട്ടവര്‍ അവരുടെ വരുമാനത്തിന്‍റെ 39.63% ചികിത്സയ്ക്കായി മാത്രം പ്രതിമാസം ചെലവഴിക്കുന്നു.

പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക എന്നത് മാറിമാറിവന്ന സര്‍ക്കാരുകളുടെ അജണ്ടയിലെ ഒരു പ്രധാന ഇനമാകാതെ വന്നതോടെ ശോചനീയമായിത്തീര്‍ന്നു നമ്മുടെ ആരോഗ്യരംഗം. ലോകത്ത് അഞ്ചു വയസ് എത്തുന്നതിനുമുമ്പ് 108 ലക്ഷം കുട്ടികള്‍ മരിക്കുന്നുണ്ട്. അതില്‍ 24 ലക്ഷവും ഇന്ത്യയിലാണ്. ലോകത്തിലുള്ള ആകെ ക്ഷയരോഗികളില്‍ മൂന്നിലൊന്നും ഇന്ത്യയിലാണ്. ദക്ഷിണേഷ്യയില്‍ മലേറിയമൂലം മരിക്കുന്നവരില്‍ 60-70% വരെ ഇന്ത്യക്കാരാണ്. പുകയില ജന്യമായ രോഗങ്ങള്‍ മൂലം 10 ലക്ഷം ഇന്ത്യക്കാര്‍ എല്ലാവര്‍ഷവും മരിക്കുന്നുണ്ട്.

ഈ വസ്തുതകളൊന്നും നമ്മുടെ ആരോഗ്യരംഗത്തു സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന തികഞ്ഞ അനാസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മതിയായ കാരണങ്ങളായിരുന്നില്ല.

പക്ഷേ അടുത്തയിടെ പന്നിപ്പനിമൂലം കുറെ മനുഷ്യര്‍ മരിച്ചതോടുകൂടി ആരോഗ്യപ്രശ്നങ്ങള്‍ വെറും സ്വകാര്യപ്രശ്നങ്ങളല്ലെന്നും പൊതുജനാരോഗ്യം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ കാര്യക്ഷമമായി ഉണ്ടാകണമെന്നുമുള്ളതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി, സര്‍ക്കാര്‍ തലത്തില്‍ സജീവമായ വിചിന്തനങ്ങളും നടന്നു. മരിച്ചവരോടുള്ള സകല ആദരവോടും കൂടി പറയട്ടെ, അത്തരം കുറെ മരണങ്ങള്‍ വേണ്ടിവന്നു ഇത്തരം ചര്‍ച്ചകള്‍ ഉടലെടുക്കാന്‍. ഇന്നലെവരെ സ്വകാര്യ ആശുപത്രികളെ മാത്രം ആശ്രയിച്ചിരുന്നവര്‍ ഗത്യന്തരമില്ലാതെ സര്‍ക്കാര്‍ സംവിധാനങ്ങളെ ആശ്രയിക്കുന്നതു നാം കണ്ടു.

തങ്ങളുടെ കാറുകള്‍ സുഗമമായി പോകാന്‍ വേണ്ട നിരത്തുകള്‍ ഉണ്ടാകാത്തതിന്‍റെ പേരില്‍ മാത്രം സര്‍ക്കാരുകളെ വിമര്‍ശിച്ചിരുന്നവര്‍ ആരോഗ്യരംഗത്ത് സര്‍ക്കാര്‍ പുലര്‍ത്തേണ്ട ജാഗ്രതയെക്കുറിച്ചും താത്പര്യത്തെക്കുറിച്ചും വാചാലരായി. പകര്‍ച്ചവ്യാധികളൊക്കെ ഇത്രനാളും പാവപ്പെട്ടവരെ മാത്രം പിടികൂടിയപ്പോള്‍ തങ്ങള്‍ സുരക്ഷിതരാണെന്ന് അവരങ്ങു ധരിച്ചു. തങ്ങള്‍ക്കുമാത്രമായി എത്ര സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ പണിതാലും എപ്പോഴും സുരക്ഷിതരായിരിക്കാന്‍ ആവില്ലെന്ന് അവരെ പഠിപ്പിക്കാന്‍ ഒരു പന്നിപ്പനി വേണ്ടിവന്നു.

പൊതുജനാരോഗ്യരംഗം സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണ്. സര്‍ക്കാര്‍ അത്തരം ബാധ്യതകള്‍ സ്വകാര്യസംരഭകരെ ഏല്‍പിച്ച് കൈകഴുകാന്‍ നാം അനുവദിച്ചുകൂടാത്തതാണ്. വിപുലമായ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചു മാത്രമേ ഒരു ജനതയുടെ ആരോഗ്യത്തെ സംരക്ഷിച്ചു നിര്‍ത്താനാകൂ. എന്തിനെയും ഏതിനെയും സ്വകാര്യവല്‍ക്കരിക്കണമെന്ന വാദങ്ങളുടെ പൊള്ളത്തരങ്ങള്‍ പന്നിപ്പനി മൂലമുള്ള നിര്‍ഭാഗ്യകരമായ മരണങ്ങള്‍ അനിഷേധ്യമാംവിധം പുറത്തുകൊണ്ടു വരുന്നുണ്ട്.

വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളേജില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിക്കുകയും കേരളത്തിലെ പല പകര്‍ച്ചവ്യാധികളെക്കുറിച്ചും അന്വേഷണം നടത്തുകയും ചെയ്ത ഡോ. ജോണ്‍ ജേക്കബിന്‍റെ അഭിപ്രായത്തില്‍ ആരോഗ്യരംഗത്തെ പൊതു സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ പകര്‍ച്ചവ്യാധികളില്‍ പകുതിയും നമുക്കു നിയന്ത്രണ വിധേയമാക്കാവുന്നതേയുള്ളൂ. എല്ലാവര്‍ക്കും മനുഷ്യോചിതമായ രീതിയില്‍ ജീവിക്കാന്‍ സഹായകമാകുന്ന പൊതുസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ ആരോഗ്യകരമായ ഒരു സമൂഹം നിലനില്‍ക്കൂ.

മാനവകുലം പുരോഗതി കൈവരിക്കാനായി നടത്തുന്ന ശ്രമങ്ങള്‍ക്ക് അവഗണിക്കാനാവാത്ത ചില പാഠങ്ങളും പന്നിപ്പനി നല്‍കുന്നുണ്ട്. പന്നിപ്പനി, പക്ഷിപ്പനി, പശുപ്പനി ഇങ്ങനെ തുടരെത്തുടരെ മൃഗജന്യമായ രോഗങ്ങള്‍ മനുഷ്യനെ പിടികൂടിത്തുടങ്ങിയിരിക്കുന്നു. അമേരിക്കയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിന്‍റെ അഭിപ്രായ പ്രകാരം അടുത്ത കാലങ്ങളിലായി, എല്ലാ വര്‍ഷവും ഏതെങ്കിലും പുതിയ ഒരു രോഗം പൊട്ടിപ്പുറപ്പെടുന്നുണ്ട്. വന്‍തോതില്‍ മൃഗങ്ങളെ വളര്‍ത്തുന്ന ഫാമുകളില്‍ നിന്നാണ് ഇത്തരത്തിലുള്ള രോഗങ്ങളില്‍ അറുപതുശതമാനവും ഉടലെടുക്കുന്നത്. മനുഷ്യവാസകേന്ദ്രങ്ങള്‍ക്കു സമീപത്തായി ഇത്തരം ഫാമുകള്‍ നിര്‍മ്മിക്കുന്നതു വഴിയാണ് ഇതു സംഭവിക്കുന്നത്. ഇവയെ തീറ്റിപ്പോറ്റാനായി കാടുകള്‍ വന്‍തോതില്‍ വെട്ടിനശിപ്പിക്കപ്പെടുന്നുണ്ട്. തന്മൂലം, ഇന്നുവരെ കാട്ടിലുണ്ടായിരുന്ന പല അപകടകാരികളായ രോഗാണുക്കളും മൃഗങ്ങളിലൂടെ മനുഷ്യകേന്ദ്രങ്ങളിലേക്കു വ്യാപിക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരം ഫാമുകള്‍ നിയന്ത്രിക്കേണ്ടതു അത്യന്താപേക്ഷിതമാണ്. മനുഷ്യന്‍റെ ആഹാരരീതികള്‍ കുറെക്കൂടി പ്രകൃതിയോട് ഇണങ്ങുന്നതായിത്തീര്‍ന്നാല്‍ മാത്രമേ ഇതു സാധ്യമാകൂ. ആര്‍ത്തി പൂണ്ട മനുഷ്യന്‍ പന്നിയെയും പശുവിനെയും പക്ഷിയെയും വെറുതെ കുറ്റപ്പെടുത്തിയിട്ട് എന്തു പ്രയോജനം?

എഡ

0

0

Featured Posts

bottom of page