

ക്രൈസ്തവരില്‍ വളരെയധികം ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒന്നാണ് വിശ്വാസപ്രമാണത്തിലെ 'പാതാളത്തിലിറങ്ങി' എന്ന പ്രയോഗം. ഈ പുത്രന്‍ പരിശുദ്ധാത്മാവാല്‍ ഗര്‍ഭസ്ഥനായി കന്യകാമറിയത്തില്‍നിന്ന് പിറന്നു, പന്തിയോസ് പീലാത്തോസിന്‍റെ കാലത്ത് പീഡകള്‍ സഹിച്ച് കുരിശില്‍ തറയ്ക്കപ്പെട്ട് മരിച്ച് അടക്കപ്പെട്ടു പാതാളത്തിലിറങ്ങി മരിച്ചവരുടെ ഇടയില്‍നിന്ന് മൂന്നാംനാള്‍ ഉയിര്‍ത്തു സ്വര്‍ഗ്ഗത്തിലേയ്ക്കെഴുന്നെള്ളി സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്‍റെ വലതുഭാഗത്ത് ഇരിക്കുന്നു. ഇതിനു കാരണം 'പാതാളം' എന്ന വാക്കിനെ സംബന്ധിച്ചുള്ള അവ്യക്തതയാണ്. വിശ്വാസപ്രമാണത്തിന്‍റെ ഇംഗ്ലീഷ് രൂപത്തില്‍ "hell' എന്ന വാക്കാണ് 'പാതാള'ത്തെ കുറിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്."hell' എന്ന ഇംഗ്ലീഷ് വാക്കിന് 'നരകം' അഥവാ മരണത്തിനുശേഷം നിത്യശിക്ഷക്കായി ആത്മാക്കള്‍ എത്തിച്ചേരുന്ന സ്ഥലം എന്നു നിഘണ്ടു അര്‍ത്ഥം നല്‍കുന്നു. ഈയൊരു അര്‍ത്ഥതലത്തില്‍ ഒതുങ്ങിനിന്നുകൊണ്ട് പത്രോസിന്‍റെ ഒന്നാം ലേഖനത്തിലെ ചില ഭാഗങ്ങള്‍ വായിക്കുമ്പോള്‍ യേശു പാതാളത്തില്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്ന 'ആത്മാക്കളോട് സുവിശേഷം പ്രസംഗിച്ചു' എന്നു ചിലരെങ്കിലും കരുതും.
സാംസ്കാരികവും ചരിത്രപരവുമായ പശ്ചാത്തലത്തിലേക്ക് ഇറങ്ങിച്ചെന്നാല്‍ മാത്രമേ ഈ വിഷയം അതിന്‍റെ സമഗ്രതയില്‍ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. അതു പോലെതന്നെ ശാസ്ത്രീയ ബൈബിള്‍ വ്യാഖ്യാനത്തിന്‍റെ വെളിച്ചത്തിലുള്ള ഒരു വിശകലനവും ആവശ്യമാണ്. ബൈബിള്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടപ്പോള്‍ തികച്ചും വ്യത്യസ്തമായ രണ്ടു പദങ്ങളെയും ആശയങ്ങളെയും പ്രതിനിധാനം ചെയ്യാന്‍ "hell' എന്ന വാക്ക് ഉപയോഗിച്ചു. അതിലൊന്നാണ് 'ഗഹന്നാ'(gehenna) എന്ന ഗ്രീക്ക് പദം(മത്താ 5:22). ഈ വാക്കിന്‍റെ ഉത്ഭവം ജറുസലേം ദേവാലയത്തിന്‍റെ തെക്കുഭാഗത്തായി സ്ഥിതിചെയ്തിരുന്ന ഒരു താഴ്വരയുടെ പേരില്‍നിന്നാണ്, "ഹിന്നോം താഴ്വര" (gehinnom). ജറുസലേം പട്ടണത്തിലെ മാലിന്യം മുഴുവന്‍ തള്ളിയിരുന്നത് ഈ താഴ്വരയിലായിരുന്നു. കുമിഞ്ഞുകൂടുന്ന മാലിന്യക്കൂമ്പാരങ്ങള്‍ കത്തിക്കുന്നതുമൂലം ഹിന്നോം താഴ്വരയില്‍ തീയണയാതെയായി. മാത്രവുമല്ല താഴ്വരയില്‍ അങ്ങുമിങ്ങുമായി സ്ഥാപിക്കപ്പെട്ടിരുന്ന വിജാതീയ ദേവനായ മോളേക്കിന്‍റെ വിഗ്രഹങ്ങള്‍ക്കുമുമ്പില്‍ നരബലിയര്‍പ്പിക്കപ്പെടുന്ന പതിവുമുണ്ടായിരുന്നു (1 രാജാ 23:10). ഇക്കാരണങ്ങളാല്‍ ദൈവശിക്ഷയുടെ പ്രതീകമായി ഹിന്നോം താഴ്വര മാറി. ശിക്ഷയുടെയും നാശത്തിന്‍റെയും പ്രതീകമായി മാറിയ 'തീ' കാലക്രമേണ ക്രൈസ്തവ പാരമ്പര്യത്തിലും നിത്യശിക്ഷയുടെ ഒരു ബിംബമായി തീര്‍ന്നു. വിശുദ്ധ ഗ്രന്ഥത്തില്‍ ഉപയോഗിച്ചിരിക്കുന്ന 'നരകം' 'നരകാഗ്നി' എന്നീ പദങ്ങള്‍ ഈയൊരര്‍ത്ഥത്തിലാണ് മനസ്സിലാക്കേണ്ടത്.
പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു ഗ്രീക്ക് പദമാണ് "hades" (മത്താ: 11:23). ഗ്രീക്ക് പുരാണത്തില്‍ "hades" മരിച്ചവരുടെ വാസസ്ഥലത്തിന്‍റെ പേരാണ്. "Sheol" എന്ന ഹെബ്രായ പദം ഗ്രീക്കിലേക്കു മൊഴിമാറ്റം ചെയ്തപ്പോള്‍ "hades" എന്ന വാക്കുതന്നെയാണ് ഉപയോഗിച്ചതും. പഴയനിയമത്തില്‍, മരണമടഞ്ഞവരുടെ അവസ്ഥയെ സൂചിപ്പിക്കാന്‍ "Sheol" എന്ന പദം ആലങ്കാരികമായി ഉപയോഗിച്ചിരുന്നു. മരിച്ചവര്‍ ചെന്നെത്തുന്ന സ്ഥലമായി "Sheol" കരുതപ്പെട്ടു. മരണത്തിന്‍റെയും ശവക്കുഴിയുടെയും പര്യായമായിപ്പോലും പഴയനിയമത്തിലെ ചിലഭാഗങ്ങളില്‍ "Sheol" മാറുന്നുണ്ട്, ഉദാഹരണത്തിന് 'ആടുകളെപ്പോലെ അവര്‍ മരണത്തിനു വിധിക്കപ്പെട്ടവരാണ്; മൃത്യുവായിരിക്കും അവരുടെ ഇടയന്‍; നേരെ ശവക്കുഴിയിലേക്ക് അവര്‍ താഴും; അവരുടെ രൂപം അഴിഞ്ഞുപോകും; പാതാളമായിരിക്കും (Sheol) അവരുടെ പാര്‍പ്പിടം' (സങ്കീ 49: 14).
ഹെബ്രായ വീക്ഷണമനുസരിച്ച് 'ഒരുവന്‍ പാതാളത്തിലേക്കിറങ്ങി' എന്നാല്‍ 'അവനെ ശവക്കുഴിയിലേക്ക് താഴ്ത്തി' എന്നാണ് ധ്വനി. അതുപോലെതന്നെ 'ഒരുവന്‍ തന്‍റെ പിതാക്കന്‍മാരോടൊപ്പം നിദ്ര പ്രാപിച്ചു' എന്ന പ്രയോഗം മനസ്സിലാക്കേണ്ടത് 'അവന്‍ തന്‍റെ കുടുംബക്കല്ലറയില്‍ അടക്കപ്പെട്ടു' എന്നുമാണ്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ 'മരിച്ച് അടക്കപ്പെട്ടു' എന്നത് അല്‍പ്പംകൂടി കാവ്യാത്മകമായി "Sheol" എന്ന പദത്തിലൂടെ അവതരിപ്പിക്കപ്പെടുന്നു. ഈയര്‍ത്ഥത്തില്‍ തന്നെയാണ് വിശ്വാസപ്രമാണത്തില്‍ 'പാതാളം' ഉപയോഗിക്കപ്പെടുന്നതും. ഇങ്ങനെ ചിന്തിക്കുമ്പോള്‍ യേശു 'പാതാളത്തില്‍ ഇറങ്ങി' എന്ന പ്രസ്താവന യേശു മരിച്ച് കല്ലറയിലടക്കപ്പെട്ടു എന്നതില്‍ കവിഞ്ഞൊരു സൂചനയും നല്‍കുന്നില്ല.
മേല്‍പ്പറഞ്ഞ പ്രയോഗങ്ങളെയും പദങ്ങളെയും സംബന്ധിച്ച് ആദിമസഭയില്‍ വളരെയധികം ആശയക്കുഴപ്പം നിലനിന്നിരിക്കണം. ഭൂരിഭാഗം ബൈബിള്‍ പണ്ഡിതരും പത്രോസിന്‍റെ ഒന്നാംലേഖനം ഒന്നാം നൂറ്റാണ്ടിന്‍റെ അവസാനവര്‍ഷങ്ങളിലെഴുതപ്പെട്ടു എന്നാണ് അനുമാനിക്കുന്നത്. അങ്ങിനെയെങ്കില്‍ ആദിമസഭയില്‍ നിലനിന്നിരുന്ന അവ്യക്തത, പ്രസ്തുത ലേഖനത്തിന്‍റെ രചനയേയും സ്വാധീനിച്ചു എന്നു ചിന്തിക്കുന്നതിനു ന്യായമുണ്ട്.
പ്രധാനമായും, ഈ ലേഖനത്തില്‍ നിന്നുള്ള രണ്ടു ഭാഗങ്ങളാണ് (3:19, 4:6) ഇവിടെ വിശകലനം ചെയ്യാന്‍ ഉദ്യമിക്കുന്നത്. ഈ ഭാഗങ ്ങള് വായിക്കുമ്പോള്‍ യേശു മരണമടഞ്ഞവരോട് സുവിശേഷം പ്രസംഗിച്ചു എന്ന് തോന്നാനിടയുണ്ട്. 'ശുദ്ധീകരണ സ്ഥലത്തെ' സംബന്ധിച്ച പഠനങ്ങളുടെ വെളിച്ചത്തില്‍ ഈ ആശയം അല്‍പ്പംകൂടി ആകര്‍ഷകമായിത്തീരുന്നു. എന്നിരുന്നാലും സൂക്ഷ്മമായ പരിശോധന വ്യത്യസ്തമായ ഒരു ചിത്രമാണ് നമ്മുടെ മുമ്പില്‍ അനാവരണം ചെയ്യുന്നത്.
