top of page

അവളുടെ നേര്

Mar 8

3 min read

കവിത ജേക്കബ്

കേള്‍ക്കാനൊരിടത്തിന്‍റെ ഭാഗമായ ശേഷം, കേള്‍വികളൊക്കെയും കുറച്ചു കൂടി ശ്രദ്ധയുള്ളതാക്കാന്‍ ശ്രമങ്ങളുണ്ടായിരുന്നു. ഒരു ദിവസം രാത്രി പത്തരയ്ക്ക് പ്രിയ സുഹൃത്തിന്‍റെ മെസ്സേജ് വന്നു."Want to book a long appointment with Kavitha Jacob ( Kelkkanoridom listener) ഫ്രീ ഉളള ഒരു ഡേ പറയൂ". വെറുതെ ഒരു രസത്തിന് അയ ച്ചതാവും എന്നാണ് ആദ്യം കരുതിയെങ്കിലും, പിന്നീട് അങ്ങനൊരു ദിവസത്തിനായി എന്‍റെ കൂട്ടുകാരി ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെന്നു മനസ്സിലാക്കിയപ്പോള്‍ ഒട്ടും വൈകിയില്ല.


ആറ് മാസത്തില്‍ താഴെ മാത്രം പ്രായമുള്ള കുഞ്ഞിനെയുമായി, മുപ്പത്തഞ്ചു കിലോമീറ്ററുകള്‍ക്കപ്പുറത്തു നിന്നും എന്‍റെ കൂട്ടുകാരിയെത്തി. കാണാന്‍ കൊതിച്ചിരുന്ന ഞങ്ങള്‍ വര്‍ത്തമാനമാ രംഭിച്ചു. അല്ല, അവള്‍ സംസാരിച്ചു തുടങ്ങി. ഏറെ അടുക്കും ചിട്ടയും പക്വതയും പുലര്‍ത്തിയിരുന്ന അവള്‍ അന്നും വളരെ തന്‍മയത്വത്തോടെ സംസാരിച്ചു. കുഞ്ഞിന് ജന്മം നല്‍കിയ ശേഷം, കുറച്ചു നാളുകളായി കടന്നു പോകുന്ന ബുദ്ധിമുട്ടു കളെക്കുറിച്ച്. മണിക്കൂറുകള്‍ അവള്‍ സംസാരിച്ച പ്പോള്‍, ഞാനറിയാതെ എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അവളുടെ കണ്ണുകള്‍ നിറഞ്ഞു വന്നെങ്കിലും അവളതു നന്നായി manage ചെയ്യുന്നത് ഞാന്‍ കണ്ടു. താങ്ങാനാവാത്ത വിധം അവളുടെ ഉള്ളില്‍ വലിയ ഭാരമുണ്ടെന്നറിഞ്ഞു. കൂടെ അവള്‍ പറഞ്ഞു : "ഞാന്‍ postpartum ന്‍റെ വക്കിലാണെന്ന് തോന്നുന്നു".

(പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ (പിപിഡി), പ്രസവാ നന്തര വിഷാദം. പ്രസവശേഷം അനുഭവപ്പെടുന്ന ഒരു മാനസികാവസ്ഥയാണത്.)


അവളും കുഞ്ഞും പോയിക്കഴിഞ്ഞ് എന്‍റെയു ളളില്‍ പറയാനാവാത്തൊരു വിങ്ങലായി. അന്നേ ദിവസം രാത്രി എനിക്കുറങ്ങാനേ സാധിച്ചില്ല. എന്തും പക്വതയോടെ കാണുകയും, ആരെയും യാതൊരു വിധത്തിലും മുറിപ്പെടുത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തിരുന്ന അവള്‍ക്ക് എന്തേ ഇത്രയ്ക്കും വിഷമം! എന്തായാലും ഒന്നുറ പ്പാണ് അവള്‍ക്ക് അത്രയ്ക്കും പറ്റാഞ്ഞിട്ടാണ്. പിറ്റെദിവസം അവള്‍ക്കൊരു മെസ്സേജ് അയച്ചു. ഇത്തിരിയെങ്കിലും ആശ്വാസം തോന്നുന്നുണ്ടോ യെന്ന്.

ഇതായിരുന്നു അവളുടെ മറുപടി -

"Oh sure....at least one person on earth now knows what I went through...'!(ഞാന്‍ കടന്നുപോകുന്ന അവസ്ഥയെപ്പറ്റി ഒരാള്‍ക്കെങ്കിലും അറിയാമല്ലോ).


മറ്റൊരു സുഹൃത്ത് : ഞങ്ങള്‍ അവസാനമായി connect ചെയ്തത് ഒരു വര്‍ഷം മുന്‍പാണ്. ഇക്ക ഴിഞ്ഞ ദിവസം രാത്രി പത്തരയ്ക്ക് അവളുടെ message :

'ചേച്ചീ, സുഖമായിരിക്കുന്നോ? എനിക്ക് ഒരു help ചെയ്യാമോ എന്നറിയാനായിരുന്നു. എനിക്കിപ്പോ ഏഴ് മാസം പ്രായമായ ഒരു ബേബിയുണ്ട്.

Postpartum phase എനിക്കിത്തിരി challenging ആണ്. എന്‍റെ mental health അത്ര നല്ല അവസ്ഥയില്‍ അല്ല. എനിക്ക് സംസാരിക്കാന്‍ പറ്റിയ ആരെയെങ്കിലും അറിയുമോ? '


ഒരു counselling കിട്ടണമെന്നാണോ അതോ ആരോടെങ്കിലും ഒന്നും സംസാരിച്ചാല്‍ മതി എന്നാണോ , ഏതാണ് മോള്‍ക്ക് തോന്നുന്നതെന്നു ചോദിച്ചപ്പോള്‍, എന്താ വേണ്ടതെന്ന് എനിക്കറിയില്ല ചേച്ചി എന്നായിരുന്നു അവളുടെ ഉത്തരം!

ഒരു വ്യക്തതക്കായി വീണ്ടും ചോദിച്ചു :


എന്‍റെ ബുദ്ധിമുട്ട് എനിക്ക് ആരോടെങ്കിലും ഒന്നു പറയണമെന്ന് മോള്‍ക്ക് തോന്നുന്നുണ്ടോ? ഉണ്ട് എന്ന മറുപടി കിട്ടിയപ്പോഴെ, കേള്‍ക്കാനൊരിടത്തിലെ, counselling കൂടി വശമുള്ള സുഹൃത്തി നോട്messageലൂടെ ചോദിച്ചു, ഒരാളെ കേള്‍ക്കാന്‍ സാധിക്കുമോയെന്ന്. കേള്‍ക്കാമെന്നും, എപ്പോ ഴാണ് വേണ്ടതെന്നുമുള്ള മറുപടിയില്‍ ഞാന്‍ ആശ്വസിക്കവേ, അടുത്ത ചോദ്യം വന്നു. ചേച്ചിയോട് ഇപ്പോ ഞാനൊന്നു share ചെയ്യട്ടെ?


അങ്ങനെ അവള്‍ സംസാരിച്ചു തുടങ്ങി, ഏറെ ശാന്തതയോടെ, വ്യക്തതയോടെ! നിസ്സാരമെന്ന് മറ്റേതൊരാള്‍ക്കും തോന്നാവുന്നതൊക്കെയും അവള്‍ക്ക് വലിയ വിഷമമുണ്ടാക്കുന്നു. ഇത്രയേ ഉള്ളൂ എന്ന തിരിച്ചറിവിലും അവള്‍ക്ക് മനസ്സ് പിടിച്ചിടത്തു നില്‍ക്കുന്നില്ല, വല്ലാതെ പതറിപ്പോകുന്നു. എല്ലാം മൂളിക്കേട്ടശേഷം ഒന്നേ പറഞ്ഞുള്ളൂ, മോളേ എനിക്ക് നിന്നെ മനസ്സിലാവുന്നുണ്ട്. ഇത് postpartum ആണെന്ന് നീ തിരിച്ചറിയുന്നതു തന്നെ വളരെ positive ആയൊരു കാര്യമാണ്. കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ട് വരുന്നതു കൊണ്ട് നമുക്കൊരു expert ന്‍റെ സഹായം തേടാം. അത് നമുക്ക് ഉടനെ റെഡിയാക്കാം കേട്ടോ. ഫോണ്‍ കട്ടാക്കി ഒരു മിനിട്ട് കഴിഞ്ഞ് മെസ്സേജ് വന്നു, "Chechy , thank you so much for listening me very patiently. It means a lot..."


Postpartum depression നെക്കുറിച്ച് ശാസ്ത്രീയമായി പറയാനുള്ള അറിവെനിക്കില്ല. എന്നാല്‍ ഒരു സാധാരണ മനുഷ്യന് ഈ ഒരു അവസ്ഥയെ എങ്ങനെ സമീപിക്കാമെന്ന് ചിന്തിക്കുന്നത് നല്ലതാണെന്ന് വിചാരിക്കുന്നു. എല്ലാവിധ ലോജിക്കുകളും മാറ്റി വച്ചിട്ട് അവളെ കേള്‍ക്കണം. ചേര്‍ത്തു പിടിക്കണം. അവളുടെ നേരാണ് അവളപ്പോള്‍ പറയുന്നത്. ദയവു ചെയ്ത് എല്ലാ അളവുകോലുകളും മാറ്റി വച്ച് ഇത്തിരി ക്ഷമയോടെയിരിന്നു കേള്‍ക്കണം.


അമ്മമാരേ, അമ്മായിമാരേ, നാത്തൂന്‍മാരേ, നാട്ടുകാരും വീട്ടുകാരുമായ അന്വേഷകരേ ... കുറച്ചൊരു സ്വസ്ഥത കൊടുത്താല്‍ അവളിതിലൂടെ കടന്നു പൊയ്ക്കോളും. നിങ്ങളുടെ വീരസാഹസിക കഥകള്‍, മറുമരുന്നുകള്‍, വിദഗ്ദ്ധാഭിപ്രായങ്ങള്‍ ആദിയായവയ്ക്കൊന്നും അവിടെ ഇടമില്ലെന്ന് തിരിച്ചറിഞ്ഞാല്‍ വലിയ ഉപകാരമായിരുന്നു. ദയവു ചെയ്ത് ആ ചോദ്യം ഒന്ന് ഒഴിവാക്കാമോ? ഏതാ? പ്രസവം കഴിഞ്ഞിട്ട് ഇവളെന്താ ഇങ്ങനെ ക്ഷീണിച്ചിരിക്കുന്നത്!

അവള്‍ ചിലപ്പോള്‍ വളരെ നിസാര കാര്യങ്ങ ള്‍ക്ക് കരയും. ചോദ്യങ്ങള്‍ക്കൊന്നും മറുപടി കിട്ടി യില്ലെന്നിരിക്കും. വെറുതെ ഇങ്ങനെ ആലോചിച്ചി രിക്കും. ചിലപ്പോള്‍ കരയണമെന്നാഗ്രഹിച്ചാല്‍ പോലും അവള്‍ക്കത് സാധിക്കാതെ വരും. നേരത്തേ അവളേറ്റവും ഉത്സാഹത്തോടും സന്തോഷത്തോടും ഇടപെട്ടിരുന്ന ആള്‍ക്കാരെ കാണുന്നതു പോലും ഇഷ്ടക്കേടാവാം.


പിന്നെ ആ ക്ലീഷേ ഡയലോഗ് ഇറക്കണമെ ന്നില്ല. "ഞങ്ങളും ഇതൊക്കെ കഴിഞ്ഞല്ലേ വന്നത്? നമ്മുടെ ഒക്കെ കാലത്ത്"... അതെ, ഒന്നു മിണ്ടാതിരുന്നു കൂടെ? കാലം മാറി. കഥയും മാറിയിട്ടുണ്ടേ. മനസ്സമാധാനം കൊടുക്കാന്‍ പഠിക്കണം. അത്രേയുള്ളൂ.


ഈ അവസ്ഥയില്‍ അവളെ ഏറ്റവും മനസ്സിലാക്കി കൂടെ നില്‍ക്കുന്ന പാതിയില്ലേ, അവനാണ് അവളുടെ ഏറ്റവും വലിയ ബലം. കുടുംബാംഗങ്ങള്‍ എല്ലാവര്‍ക്കും ഒരു ശ്രദ്ധയുണ്ടാവുന്നത് എത്ര നന്നാവുമെന്നറിയാമോ? എല്ലാവരുടെയും സ്നേഹവാത്സല്യങ്ങള്‍ കുഞ്ഞിലേയ്ക്ക് മാത്രമാവാതെ, അമ്മയിലേയ്ക്കും ഒരു ചെറിയ കരുതല്‍ കൂടിയാവട്ടെ.


കുടുംബത്തിലെ സ്ത്രീജനങ്ങളേ, നിങ്ങള്‍ ആ സമയത്ത് അവള്‍ക്ക് നല്‍കുന്ന കരുതല്‍, ഒരു പക്ഷേ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കാവുന്ന ഒരു ട്രോമയില്‍ നിന്നും അവളെ രക്ഷിക്കുന്നതാവും. നമ്മുടെ എല്ലാവരുടെയും സന്തോഷത്തിനത് ഇടയാക്കും.


തുറന്നു സംസാരിച്ചിട്ടും, പല തവണ ശ്രമിച്ചിട്ടും അവളുടെ പഴയ ഊര്‍ജ്ജസ്വലതയിലേയ്ക്ക് തിരികെയെത്താന്‍ സാധിക്കുന്നില്ലെങ്കില്‍, ഉറപ്പായും ഒരു expert ന്‍റെ സഹായം തേടാന്‍ മടി കാണിക്കരുത്. കാരണം, ഇതവള്‍ മനപൂര്‍വ്വം വരുത്തി വയ്ക്കുന്നതല്ല. ശരീരത്തിലെ കുറച്ചു chemicals ന്‍റെ കളിയാണ്. അത് ചിലപ്പോ chemicals കൊണ്ടേ നേരിടാന്‍ സാധിക്കൂ.


അതെ, അങ്ങനൊരു സമയത്ത് നിശ്ചയമായും അവളെ കേട്ടിരിക്കണം, ചേര്‍ത്തുപിടിക്കണം, കൂടെയുണ്ടാവണം. ബാക്കി സമയം നിങ്ങള്‍ എല്ലാവിധ ബുദ്ധിയും അങ്ങട് ഉപയോഗിച്ചോളൂ.


ഇതവളുടെ നേരാണ്.

kelakkanoridam
Click on the image to visit Kelkkanoridom fb page

Featured Posts

bottom of page