top of page

ഹേ ഗോഡ്സേ നീയെത്ര മാന്യന്‍

Jan 30, 2000

1 min read

എമ
People paying homage to the body of Mahatma Gandhi
People paying homage to the body of Mahatma Gandhi

1. ഹേ ഗോഡ്സേ, ഞങ്ങളുടെ മഹാത്മാവിനെ നീ ഞങ്ങളില്‍നിന്നും അപഹരിച്ചു. നിന്‍റെ കൂപ്പുകൈ തുപ്പിയ രണ്ടു വെടിയുണ്ടകള്‍കൊണ്ട് ഞങ്ങളുടെ ബാപ്പുവിന്‍റെ ആത്മാവിന് നീ അഗ്നിച്ചിറകുകള്‍ നല്കി.


2. അന്നു ഞങ്ങള്‍ വിധിച്ചു നീ ക്രൂരനാണെന്ന്, മതഭ്രാന്തനാണെന്ന്. നിന്‍റെ കൈത്തോക്കുതിര്‍ത്ത വെടിയുണ്ടകള്‍ സ്വന്തം മാറിടം പിളര്‍ക്കെ നിന്നെ നോക്കി സ്മിതം തൂകി, നിന്നില്‍ രാമനെക്കണ്ട് 'ഹേ റാം' എന്നു മന്ത്രിച്ചമൃതം പൂകിയ ബാപ്പുവിന്‍റെ ധര്‍മ്മബോധത്തെ മറന്ന് വധിക്കണം നിന്നെയെന്നന്ന് ഞങ്ങളുടെ  നീതിബോധമാക്രോശിച്ചു. നീ ചെയ്യുന്നതെന്തെന്ന് നന്നായറിയുമെന്ന് നീ തന്നെ സാക്ഷ്യപ്പെടുത്തിയതുകൊണ്ട് നിനക്കായി ക്ഷമയര്‍ത്ഥിക്കാന്‍ ഞങ്ങള്‍ കൂട്ടാക്കിയില്ല. നീ നിന്നെയും ഞങ്ങള്‍ ഞങ്ങളെയും അന്നു ന്യായീകരിച്ചു, ശക്തമായ്.


3. നീ ബാപ്പുവിന്‍റെ മക്കളോട്, അവരോടു മാത്രം, മാപ്പു പറഞ്ഞ് സ്വന്തം പാതകത്തിന് പുത്തന്‍ മാനങ്ങള്‍ രചിക്കാന്‍ ശ്രമിച്ചു. ബാപ്പുവിന്‍റെ പുത്രന്മാര്‍ നിനക്കായി മാപ്പേകുകയും നിനക്കായ് ദയയാചിക്കുകയും ചെയ്തു. എങ്കിലും ഗോഡ്സേ, നിനക്കു മാപ്പു നല്കാന്‍ ഞങ്ങള്‍ക്ക്, ഭാരതമക്കള്‍ക്ക്, മനസ്സായില്ല. വധത്തിന്, വധശിക്ഷ നല്കി നിയമം നിന്നോട് നീതി(?) ചെയ്തപ്പോള്‍ പകരംവീട്ടിയ സംതൃപ്തിയില്‍ ഞങ്ങള്‍ നിര്‍വൃതികൊണ്ടു.


4. ഉറങ്ങിയും ഉണര്‍ന്നും ഇണങ്ങിയും പിണങ്ങിയും തള്ളിനീക്കിയ കുഭകര്‍ണ്ണ പ്രജാപ്രഭുത്വത്തിന്‍റെ അഞ്ചുപതിറ്റാണ്ടിനുശേഷം ഗാന്ധിഹത്യയുടെ ജൂബിലിമഹാമഹവും സമാപിച്ചപ്പോള്‍ ഒരുള്‍ക്കിടിലത്തോടെ ഞങ്ങളറിയുന്നു, ഗോഡ്സേ ഒരര്‍ത്ഥത്തില്‍ നീ നിഷ്കളങ്കനാണെന്ന്. ഗോഡ്സെ സംസാരിക്കുന്നതു കേട്ടതുകൊണ്ടല്ല, പിന്നെയോ ഞങ്ങള്‍ക്കിടയില്‍ പെരുകുന്ന അഭിനവ ഗോഡ്സെമാരെ കാണുമ്പോള്‍ അവരുടെ തനിനിറം തിരിച്ചറിയുമ്പോള്‍ നോവുന്ന മനസ്സാക്ഷിയുടെ ആഴങ്ങളില്‍ ഞങ്ങളറിയുന്നു നാഥുറാം, ഒരര്‍ത്ഥത്തില്‍ നീയൊരു പാവമായിരുന്നെന്ന്.

ഗാന്ധിമാര്‍ഗം മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ കത്തിച്ചാമ്പലാകുന്ന ഭൗതികശരീരത്തോടൊപ്പം എരിഞ്ഞടങ്ങുമെന്ന് വ്യാമോഹിച്ച നീ വാസ്തവത്തില്‍ ശുദ്ധാത്മാവാണ്. നിന്‍റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ.


5. അഭിനവ ഗോഡ്സെമാര്‍ കൗശലപൂര്‍വ്വം വെറുമൊരക്ഷരം മാറ്റിയിട്ട് ഗാന്ധിമാരായി മാറിയ ഘണ്ഡിമാര്‍(*) മഹാത്മാവിന്‍റെ പൈതൃകം തട്ടിയെടുത്ത് അധികാരം കൊയ്യാനതു മറയാക്കുന്നതു കാണുമ്പോള്‍... നിഷ്ക്കാമകര്‍മ്മത്തിന്‍റെയീ ധര്‍മ്മയോദ്ധാവിനെ നീതിതന്‍ പോരാളിയെ, മുന്‍വരിപ്പല്ലുപൊയ്പ്പോയ മോണകാട്ടിച്ചിരിച്ച് ചമ്രം പടിഞ്ഞിരിക്കും വെറുമൊരപ്പൂപ്പനാക്കി അനാദൃതനും അനനുഗമ്യനുമാക്കുന്നതു കാണുമ്പോള്‍ നിലനില്പിന്‍റെ പ്രതിസന്ധിയിലുഴലുന്ന മാനവരാശി നാളെയുടെ വഴിയായി പ്രത്യാശാപൂര്‍വ്വം ഉറ്റുനോക്കുന്ന ഗാന്ധിമാര്‍ഗത്തിന്‍റെ കമ്പോളസാധ്യത തിരിച്ചറിഞ്ഞ് അതു വിറ്റ് കാശും കരിയറുമുണ്ടാക്കാന്‍ ശ്രമിക്കുന്ന (കു)ബുദ്ധിജീവികളുടെ കപടഗാന്ധ്യാഭിമുഖ്യം കാണുമ്പോള്‍ അന്ത്യോദയത്തില്‍ക്കൂടി സര്‍വ്വോദയമെന്നത് പഠിപ്പിച്ചവന്‍റെ മനുഷ്യസ്നേഹം മറയാക്കി ദരിദ്രനാരായണരുടെ പേരില്‍ വിദേശങ്ങളില്‍ നിന്നും ലക്ഷങ്ങള്‍ ചോര്‍ത്തി പോക്കറ്റു വീര്‍പ്പിക്കുകയും തിന്നുതീര്‍ക്കുകയും ചെയ്യുന്ന കള്ളപ്പണങ്ങളുടെ തിരുവസ്ത്രത്തില്‍പ്പൊതിഞ്ഞ കാപട്യം കാണുമ്പോള്‍ അഭിനവ ഗോഡ്സെമാര്‍ ബാപ്പുവിന്‍റെ ആത്മാവിനെ അനുദിനം ഇഞ്ചിഞ്ചായി വധിക്കുന്നതു കാണുമ്പോള്‍ ഞങ്ങളുടെ മനസ്സാക്ഷി മന്ത്രിക്കുന്നു.

ഹേ ഗോഡ്സെ,നിമിഷാര്‍ദ്ധം കൊണ്ട് ബാപ്പുവിന്‍റെ കഥ കഴിച്ച നീ കരുണാമയന്‍ നീയെത്ര മാന്യന്‍!


* ഫിറോസ് ഘണ്ഡിയാണ് (Ghandy) തന്‍റെ പേര് ഫിറോസ് ഗാന്ധി (Gandhi)എന്നു മാറ്റിയത്.

Featured Posts

bottom of page