top of page

അനുസ്മരണം

Nov 5, 2021

1 min read

ടി. പത്മനാഭന്‍
picture of Fr George Kutty

ആത്മാവിന്‍റെ വിശുദ്ധമായ പ്രാര്‍ത്ഥനപോലൊരാള്‍...


ഒരു മരണവാര്‍ത്തയുമായി അസ്സീസി മാസികയില്‍ നിന്ന് ഇന്നു രാവിലെ വന്ന ഫോണ്‍കോള്‍ എന്നില്‍ തെല്ല് ആശ്ചര്യം നിറച്ചു. ഏതാണ്ട് ഇരുപത്-ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഞാനെഴുതിയ ഒരു ഓര്‍മ്മക്കുറിപ്പിലെ കേന്ദ്രകഥാപാത്രമായ തവിട്ടുകുപ്പായക്കാരന്‍ പുരോഹിതന്‍റെ മരണവാര്‍ത്തയായിരുന്നു അത്.  അന്ന്, കോട്ടയം പട്ടണത്തിലെ എന്‍. ബി. എസ്. ബുക്ക്സ്റ്റാളിന്‍റെ കോലായില്‍ പടഞ്ഞിരുന്ന് സംസാരിക്കുന്നതിനിടയില്‍ ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു: "ഫാദര്‍ ഞാനൊരു സംഘടിത മതത്തിലും വിശ്വസിക്കുന്നില്ല, പ്രാര്‍ത്ഥനകള്‍ ചൊല്ലാറില്ല. എങ്കിലും ക്രിസ്തുവില്‍ എനിക്കു വിശ്വാസമാണ്." അപ്പോള്‍ അദ്ദേഹം പറഞ്ഞത് "സാരമില്ല, ആത്മാവിന്‍റെ വിശുദ്ധമായ പ്രാര്‍ത്ഥനകളാണല്ലോ നിങ്ങളുടെ കഥകള്‍." ഇത്രയ്ക്കും മനോഹരമായ ഒരു വിശേഷണം എന്‍റെ കഥകളെ പറ്റി ഞാന്‍ കേട്ടിട്ടില്ല. എന്‍റെ ജീവിതത്തില്‍ എനിക്ക് നിരവധി പുരസ്കാരങ്ങളും മംഗളപത്രങ്ങളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ എന്‍റെ മുഴുവന്‍ വിശ്വാസസംഹിതകളെയും കാച്ചിക്കുറുക്കി സത്തയെ തൊട്ടു പറഞ്ഞ വിശേഷണം, അംഗീകാരം എനിക്കു ലഭിച്ചത് ആ പുരോഹിതന്‍റെ വാക്കുകളിലൂടെയാണ്. അങ്ങനെ ഒരു മണിക്കൂര്‍ നീണ്ടുനിന്ന ആ കൂടിക്കാഴ്ചയുടെ അനുഭവം "അതു ക്രിസ്തുവായിരുന്നു" എന്ന തലക്കെട്ടില്‍ ഞാന്‍ പ്രസിദ്ധീകരിച്ചിരുന്നു. പതിറ്റാണ്ടുകള്‍ക്കുശേഷവും ഇന്നലെ എന്നപോലെ ആ മുഹൂര്‍ത്തം എന്‍റെ മുന്‍പില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. എന്നാല്‍ ആ പുരോഹിതന്‍ ആരാണെന്നോ അദ്ദേഹം എവിടെ താമസിക്കുന്നു എന്നോ ഉള്ള ഒരു വിശദാംശവും അന്നു ചോദിച്ചിരുന്നില്ല; പേരുപോലും. "ഒരു പേരില്‍ മാത്രം എന്താണുള്ളത്, അല്ലേ?" എന്നാല്‍ ഇന്നു കാലങ്ങള്‍ക്കുശേഷം അദ്ദേഹം ആരാണെന്നും എന്തായിരുന്നുവെന്നും കേള്‍ക്കുമ്പോള്‍ വിരഹത്തിന്‍റെ നഷ്ടത്തെക്കാള്‍ വലിയൊരു മനുഷ്യനെ അന്ന് കാണാന്‍ ഇടവന്നു എന്നതിന്‍റെ ഹര്‍ഷത്തിലാണ് ഞാന്‍.

ദൈവസ്നേഹവും മനുഷ്യസ്നേഹവും ഒരു നാണയത്തിന്‍റെ രണ്ടുവശങ്ങള്‍ എന്നതുപോലെ ഉരുവിട്ടിരുന്ന, നിര്‍മ്മമതയോടെ ജീവിച്ചിരുന്ന ഒരു സന്ന്യാസി, വായനയുടെയും ജ്ഞാനത്തിന്‍റെയും ആഴങ്ങള്‍ താണ്ടിയവന്‍, നിരന്തരം ക്രിസ്തുവിനെ ഓര്‍മ്മിപ്പിച്ചവന്‍ എന്നൊക്കെയുള്ള വിശേഷണങ്ങളും അദ്ദേഹത്തിന്‍റെ പ്രത്യേകതകളും കേള്‍ക്കുമ്പോള്‍ എനിക്കിന്നാശ്ചര്യമാണ്; കാരണം, ക്രിസ്തുവിനെ മറക്കുന്ന ആചാരങ്ങളിലേക്കു ചുരുങ്ങിക്കൂടാന്‍ ഇഷ്ടപ്പെടുന്ന ക്രിസ്തീയതയുടെ ഈ കാലഘട്ടത്തിലും ഇപ്രകാരം ഉള്ളവര്‍ ജീവിച്ചിരുന്നു എന്നറിഞ്ഞതില്‍. മൂല്യശോഷണം സംഭവിച്ച, വിഗ്രഹങ്ങള്‍ക്കു പ്രസക്തിയേറിയ മതസ്പര്‍ദ്ധയുടെ ഈ കാലഘട്ടത്തില്‍ ജോര്‍ജുകുട്ടി അച്ചനെപ്പോലുള്ള പുരോഹിതരുടെ ഓര്‍മ്മകള്‍ വരുംതലമുറയ്ക്കു പാഠപുസ്തകമാകട്ടെ.

*** *** ***

രോഗപീഡകളാല്‍ തളര്‍ന്നു കിടപ്പിലായ സന്ന്യാസിനി, ദൈവാലയത്തില്‍ പോകാന്‍ സാധിക്കില്ല എന്നു സങ്കടം പറഞ്ഞപ്പോള്‍ മറുപടിയായി, "നിങ്ങളുടെ കിടക്കയാണ് അള്‍ത്താര, നിങ്ങളുടെ ഈ മുറിയാണ് ദൈവാലയം, നിങ്ങളുടെ സഹനങ്ങളാണ് ബലി" എന്നാവര്‍ത്തിച്ചുറപ്പിക്കുന്നു ഈ പുരോഹിതന്‍.

"വി. ഫ്രാന്‍സിസിനോടുള്ള എന്‍റെ എല്ലാ ബഹുമാനവും സ്നേഹവും നിലനിര്‍ത്തിക്കൊണ്ടു ഞാന്‍  പറയട്ടെ, നിങ്ങള്‍ ക്രിസ്തുവിനെ ആണ് അനുഗമിക്കേണ്ടത്, ഫ്രാന്‍സിസിനെ അല്ല" എന്നു തന്‍റെ ശിഷ്യരെ ഓര്‍മ്മിപ്പിക്കുന്നു ഈ പുരോഹിതന്‍. ഇതു രണ്ടും ഇന്നറിഞ്ഞതാണ്. വെറും 45 മിനിറ്റു മാത്രം ഞാന്‍ കണ്ട ഈ പുരോഹിതന്‍ തീര്‍ച്ചയായും ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ അനുയായി തന്നെ. 


Featured Posts

Recent Posts

bottom of page