top of page
ലോകം മുഴുവന്‍ പലവിധത്തിലുള്ള തട്ടിപ്പുകള്‍ പെരുകിവരുകയാണ്. പുത്തന്‍ സാമ്പത്തികപരിസരങ്ങള്‍ നൂതനമായ മേച്ചില്‍പ്പുറങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ഒരുക്കിക്കൊടുക്കുന്നു. ആട്, തേക്ക്, മാഞ്ചിയം മുതല്‍ സൗരോര്‍ജ്ജം വരെയുള്ള തട്ടിപ്പുകളുടെ പ്രശ്നപരിസരം നമുക്കു മുന്നിലുണ്ട്. കേരളത്തില്‍ മാത്രമല്ല ഈ വ്യാജന്മാര്‍ വിലസുന്നത്. എന്നാല്‍ ഒരു സമൂഹമെന്നനിലയില്‍ കേരളസമൂഹത്തെക്കുറിച്ചും ഇവിടെ നടക്കുന്ന ചെറുതും വലുതുമായ തട്ടിപ്പുകളെക്കുറിച്ചും സവിശേഷമായി ചിന്തിക്കേണ്ടതുണ്ട്. താരതമ്യേന വിദ്യാസമ്പന്നരെന്നും പരിഷ്കാരികളെന്നും അഭിമാനിക്കുന്ന നാം എന്തുകൊണ്ട് ഇത്തരത്തിലുള്ള വ്യാജന്മാരുടെ മുന്നില്‍ തോല്‍ക്കുന്നുവെന്ന് ആലോചിക്കുക. മനഃശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവും സാമ്പത്തികവും രാഷ്ട്രീയവുമായ കാരണങ്ങള്‍ ഇതിനെല്ലാം പിന്നിലുണ്ടെന്ന് നാം പലപ്പോഴും തിരിച്ചറിയാറില്ല.
വര്‍ത്തമാനകാലത്ത് മൂലധനശക്തികള്‍ക്ക് കീഴ്പ്പെട്ടുതന്നെയാണ് നാം ജീവിക്കുന്നത്. ആത്യന്തികലക്ഷ്യവും മൂല്യവും പണമായി മാറിയിരിക്കുന്നു. ഈ മൂല്യവ്യവസ്ഥയില്‍ മറ്റെല്ലാം അപ്രധാനവും അസംഗതവുമാകുന്നു. പണത്തിനുവേണ്ടിയുള്ള ഓട്ടപ്പന്തയം മാത്രമാണ് ജീവിതമെന്ന അവസ്ഥ സംജാതമായിരിക്കുന്നു. സമ്പത്തില്ലാത്തവന് സാമൂഹികാംഗീകാരം അസാധ്യമാകുമ്പോള്‍ ഏതുവിധത്തിലും പണമുണ്ടാക്കാന്‍ വ്യഗ്രത പൂണ്ട് മനുഷ്യര്‍ പരക്കംപായുന്നു. വിയര്‍പ്പൊഴുക്കാതെ പണം നേടാനുള്ള മാര്‍ഗങ്ങള്‍ സുലഭമാണ്. അതു മാത്രമല്ല വിപണിയും പുത്തന്‍ സാമ്പത്തികശക്തികളും ഓരോ വ്യക്തിയുടെയും ആത്മവിശ്വാസത്തിനുമേലും ഇച്ഛാശക്തിയിലും കടന്നുകയറ്റം നടത്തുകയാണ്. ഭൗതികവിജയമെന്ന ലക്ഷ്യത്തിലേക്ക് ന്യൂനീകരിക്കപ്പെട്ട വ്യക്തികളായി നാം മാറുന്നു. ഈ ഓട്ടമത്സരത്തില്‍ വിജയച്ച്, മേനി നടിച്ച് ഒഴുകുന്നവര്‍ ആഴത്തിലുള്ള അപമാനവീകരണത്തിന്‍റെ ഇരകളായി മാറുന്നു. അങ്ങനെ ബഹുമുഖമായ സ്വത്വസാദ്ധ്യതകള്‍ അടഞ്ഞു പോകുന്നു. ജീവിതലക്ഷ്യവും മൂല്യബോധവുമെല്ലാം ഇതോടൊപ്പം ചുരുങ്ങിവരുന്നു. ഭൗതികവാദത്തിന്‍റെ പുതിയ മാതൃകകളാണ് നമ്മെ അഭിമുഖീകരിക്കുന്നത്. മതത്തെയും രാഷ്ട്രീയത്തെയും സംസ്കാരത്തെയും മറ്റു സാമൂഹ്യസ്ഥാപനങ്ങളെയും നൂതനഭൗതികവാദം ഗ്രസിച്ചിരിക്കുന്നു. മൂല്യസമ്പന്നമായ ആരായലുകള്‍ എല്ലാവരും അവസാനിപ്പിച്ചതുപോലെ... അങ്ങനെ ആത്മശൂന്യമായ ജീവിതത്തിലേക്ക് നാം നടന്നുകയറുന്നു.
പുതിയ ആസക്തികള്‍ നമ്മെ ഉന്മാദത്തിലേക്കു നയിക്കുന്നു. ഈ ഉന്മാദത്തിന്‍റെ ലക്ഷണങ്ങളാണ് ഓരോ വിധത്തില്‍ നാം കാണുന്നത്. 'തൃഷ്ണകളുടെ പച്ചവിറകിന്മേല്‍ ജന്മദീര്‍ഘമായ ശവദാഹ'ത്തിന് നാം സ്വയം എറിഞ്ഞുകൊടുത്തിരിക്കുന്നു. നമ്മുടെ ബലഹീനതകളിലൂടെയാണ് തട്ടിപ്പുകാര്‍ കടന്നുവരുന്നത്. നാം അവരെപ്പോലെയാകാനാണ് അബോധത്തില്‍ ആഗ്രഹിക്കുന്നത്. പ്രക്ഷീണമായ അബോധത്തെ ഇരുട്ടിന്‍റെ ശക്തികള്‍ ഗ്രസിക്കുന്നു. സമൂഹാബോധമനസ്സിനെയും ഈ ക്ഷീണം ബാധിച്ചിരിക്കുന്നു. തട്ടിപ്പുകാര്‍ നേടിയെടുത്ത കോടികളെക്കുറിച്ചോര്‍ത്ത് നാം കൂടുതല്‍ പ്രലോഭിതരാകുന്നു. അവരോട് അസൂയകലര്‍ന്ന വികാരമാണ് നമുക്കുള്ളത്. അതില്‍ കവിഞ്ഞ ധാര്‍മ്മികപ്രശ്നമൊന്നും നമ്മെ അലട്ടുന്നില്ല. തട്ടിപ്പുകാര്‍ കരസ്ഥമാക്കിയതില്‍ നിന്ന് എന്തെങ്കിലും തരപ്പെട്ടാല്‍ നമ്മുടെ പരാതികളെല്ലാം തീരും. 'നാം സദാചാരവാദികളും മാന്യന്മാരുമായിരിക്കുന്നത് വേണ്ടത്ര അവസരം കിട്ടാത്തതുകൊണ്ടാണ്' എന്ന് ബര്‍ട്രന്‍റ് റസ്സല്‍ സൂചിപ്പിക്കുന്നത് ഓര്‍മ്മിക്കുന്നത് നന്ന്. എല്ലാം കൈക്കലാക്കാനുള്ള ഉന്മാദം നിറഞ്ഞ ഓട്ടത്തില്‍ സമൂഹത്തിന്‍റെ സന്തുലിതാവസ്ഥ നഷ്ടമാകുന്നു.
ജീവിതംതന്നെ ചൂതുകളിയായി മാറുകയാണിപ്പോള്‍. ആഗോളീകരണവും പുത്തന്‍ സാമ്പത്തിക ക്രമീകരണങ്ങളും ചുതുകളിക്കു സമാനമായ അവസ്ഥാവിശേഷമാണുണ്ടാക്കിയിരിക്കുന്നത്. 'കാസിനോ' മുതലാളിത്തത്തിന്‍റെ ഊഴമാണിതെന്ന് ചില സാമ്പത്തിക ചിന്തകര്‍ പറയുന്നതതുകൊണ്ടാണ്. പേപ്പര്‍ കമ്പനികളും ഷെയര്‍ മാര്‍ക്കറ്റുകളും കുതിച്ചുകയറുന്ന ലാഭവും ഏവരെയും കൊതിപ്പിക്കുന്നു. ഈ കൊതിക്ക് വളമേകാന്‍ പുതിയവേട്ടക്കാര്‍ ഒരുങ്ങിയിരിക്കുന്നു. അവരുടെ ഇരയാകുകയാണ് നമ്മുടെ വിധി. ഇവിടെ ധാര്‍മ്മിക, സദാചാര ചിന്തകളെല്ലാം അപ്രസക്തമാകുന്നു. പണം സമ്പാദിക്കുന്നതില്‍ ധാര്‍മ്മികതയും സദാചാരവും വീക്ഷിക്കണമെന്ന് ഇന്നാരും വിചാരിക്കുന്നില്ല. സദാചാരമെന്നത് ലൈംഗികതയുമായി ബന്ധപ്പെട്ടതുമാത്രമാണെന്ന് നാം കരുതുന്നു. സാമ്പത്തിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെല്ലാം സദാചാരമെന്ന സങ്കല്പനം ഏറെ പ്രസക്തമാണ് എന്നതാണ് വാസ്തവം. അമൂല്യമായതെല്ലാം കൈവിട്ട് നാം നേടുന്നത് കാക്കപ്പൊന്നാണെന്നറിയുക. അടിത്തറ ഒലിച്ചുപോകുന്ന സമൂഹത്തിന് സ്വത്വം കൈമോശം വരും. ആധികാരിക സ്വത്വമില്ലാത്തവന് ശക്തിക്ഷയം സംഭവിക്കും. ഈ ദൗര്‍ബല്യം മറച്ചുപിടിക്കാന്‍ നാം കൂടുതല്‍ ചമഞ്ഞൊരുങ്ങുന്നു. വലിയ വീടും വാഹനവും ഭൗതിക വിജയങ്ങളുമെല്ലാം നേടിയെടുത്ത് നാം വിജയികളായി ചമയുന്നു. 'ശവമഞ്ചത്തിലെ ഉറുമാലുകള്‍ വലിച്ചൂരി ആരാണ് മണവാളന്‍ ചമയുന്നത്?' എന്ന ചോദ്യം അത്യന്തം പ്രസക്തമാകുന്നു. ബഹുസ്വരത നഷ്ടമാകുന്ന സമൂഹവും സംസ്കാരവും ഏകമുഖമായ പ്രയാണമാണ് നടത്തുന്നത്. ഉള്ളിലെ ശൂന്യത നിറയ്ക്കാന്‍ നാം എന്തെല്ലാമോ വാരിക്കൂട്ടുന്നു. ഒടുവില്‍ സംഘര്‍ഷത്തിന്‍റെ ആഴങ്ങളിലേക്ക് നാം നിപതിക്കുന്നു. പുറത്തുള്ളതെന്തിനോ സന്തോഷം പകര്‍ന്നുതരാന്‍ ശക്തിയുണ്ടെന്ന വിശ്വാസത്തിലാണ് നാം ജൈത്രയാത്രയ്ക്കിറങ്ങുന്നത്. എന്നാല്‍ യഥാര്‍ത്ഥ സന്തോഷം എപ്പോഴും അകന്നുപോകുന്നു. ഉള്ളിന്‍റെയുള്ളില്‍ ലീനമായിരിക്കുന്ന സന്തോഷത്തിന്‍റെ മുകുളങ്ങള്‍ ഒരിക്കലും വിടരാതെ കൂമ്പിപ്പോകുന്നത് നാം തിരിച്ചറിയുന്നില്ല.
നാം ജീവിക്കുന്നത് മറ്റാരുടെയോ ജീവിതമാണ്. അല്ലെങ്കില്‍ നാം ആരുടെയോ ജീവിതം ജീവിക്കാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ നമ്മില്‍നിന്നുതന്നെ നാം അകന്നുപോകുന്നു. അങ്ങനെ വ്യാജ സ്വത്വങ്ങളായി നാം പ്രക്ഷീണരാകുന്നു. ആധികാരികസ്വത്വം കൈവരിക്കാന്‍ നാം ചിലതെല്ലാം കൈവിട്ടേ മതിയാകൂ. എല്ലാ ആസക്തികളെയും പുല്‍കുന്നവന് ആധികാരിക വ്യക്തിത്വത്തിലെത്താന്‍ ഒരിക്കലും സാദ്ധ്യമല്ല. മധ്യവര്‍ഗവല്‍ക്കരിക്കപ്പെട്ട നമ്മുട സമൂഹം വ്യാജസ്വത്വങ്ങളാല്‍ നിറഞ്ഞ ആള്‍ക്കൂട്ടമായി മാറുന്നതതുകൊണ്ടാണ്. അങ്ങനെ ധാര്‍മ്മികവും നൈതികവുമായ ക്ഷീണത്തിന് നാം ഇരയാകുന്നു. ആരെങ്കിലും നമ്മെ കബളിപ്പിക്കുന്നെങ്കില്‍ നമുക്കും അതില്‍ ഒരു പങ്കുണ്ട് എന്നതാണ് സത്യം. നമ്മുടെ ദുരന്ത പ്രമാദം ഇവിടെ ചര്‍ച്ചാവിഷയമാകേണ്ടതുണ്ട്. ഒരു സമൂഹത്തിന്‍റെ ദൗരന്തിക മര്‍മ്മത്തില്‍ ആഘാതമേല്പിക്കാന്‍ മൂലനധശക്തികള്‍ക്ക് കഴിയുന്നുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത. കപടവ്യക്തികള്‍ നിറഞ്ഞ സമൂഹത്തിലേക്കുള്ള യാത്രയിലാണോ നാം എന്ന് ശങ്കിക്കേണ്ടിയിരിക്കുന്നു. നമുക്കു ചുറ്റും അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന പ്രലോഭനങ്ങളെ തട്ടിനീക്കുക അത്ര എളുപ്പമല്ല. സമൂഹത്തിന് നഷ്ടപ്പെട്ട ആത്മശക്തിയും ധാര്‍മ്മികോര്‍ജ്ജവും നൈതികബലവും വീണ്ടെടുത്താല്‍ മാത്രമേ എല്ലാ തട്ടിപ്പുകള്‍ക്കെതിരെയും വിരല്‍ചൂണ്ടാന്‍ നമുക്കു കഴിയൂ.
അഭികാമ്യമല്ലാത്ത ധാരാളം വാര്‍ത്തകളുമായാണ് ഓരോ ദിവസവും നമ്മെ ഉണര്‍ത്തുന്നത്. എന്തുകൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നതെന്ന് നാം ആദ്യം ചോദിക്കേണ്ടതാണ്. ചികിത്സ ആര്‍ക്കാണാവശ്യമായിരിക്കുന്നത്? ഭരണാധികാരികളെ കുറ്റപ്പെടുത്തിയതുകൊണ്ടുമാത്രം പ്രശ്നപരിഹാരമാകുന്നില്ല. ഈ സമൂഹത്തില്‍ നടക്കുന്നതിനെല്ലാം അറിഞ്ഞും അറിയാതെയും നമുക്കും ഉത്തരവാദിത്വമുണ്ടെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ടുവേണം നാം ആരെയും വിമര്‍ശിക്കേണ്ടത്. മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ ധാര്‍മ്മികാവകാശം നമുക്കുണ്ടോ എന്ന ചോദ്യം നാം സ്വയം ചോദിക്കേണ്ടതാണ്.
ഏതു തട്ടിപ്പാണെങ്കിലും അത് കേവലം സാമ്പത്തികപ്രശ്നം മാത്രമല്ല എന്നോര്‍ക്കുക. സാംസ്കാരികവും രാഷ്ട്രീയവും മനഃശാസ്ത്രപരവും ആത്മീയവുമായ ഒരു പ്രതിസന്ധിയുടെ അടയാളം കൂടിയാണ് ഈ തട്ടിപ്പുകള്‍ എന്നതാണ് യാഥാര്‍ത്ഥ്യം. അവനവനില്‍ കേന്ദ്രീകരിക്കുന്ന ഒരു ജീവിതസമ്പ്രദായം വികസിച്ചുവരുമ്പോള്‍ സാമൂഹിക ചിന്തകള്‍ ആരും പ്രധാനമാക്കുന്നില്ല. 'അവനവനിസം' എന്നതാണ് ഇന്ന് പ്രചാരത്തിലുള്ള 'ഇസം'. മറ്റെല്ലാ 'ഇസ'ങ്ങളും കാല്‍തെറ്റി വീഴുന്നതിവിടെയാണ്. ആത്മാവു നഷ്ടപ്പെട്ട മതവും രാഷ്ട്രീയവും സംസ്കാരവും ആത്മശൂന്യമായ സമൂഹത്തെ മാത്രമേ സൃഷ്ടിക്കൂ. ആത്മാവില്ലാത്ത വ്യക്തിയെയും സമൂഹത്തെയും കീഴടക്കാനാണ് മൂലധനശക്തികള്‍ കെണികളൊരുക്കിയിരിക്കുന്നത്. സമഗ്രമായ ജീവിതപരിവര്‍ത്തനത്തിലൂടെ മാത്രമേ ഈ വൈതരണികളില്‍നിന്ന് രക്ഷപ്പെടാന്‍ സാധിക്കൂ. എല്ലാ സാമൂഹ്യസ്ഥാപനങ്ങളും ഇതില്‍ ആഴത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
'നമ്മെത്തന്നെ തിന്ന് നമ്മുടെ മസ്തിഷ്കത്തില്‍ ഒരു മുതല വളരുന്നു' എന്നു കവി പറഞ്ഞത് അന്വര്‍ത്ഥമാകുന്നു. നമ്മുടെയുള്ളില്‍തന്നെ വളര്‍ന്നുനില്‍ക്കുന്ന ആസക്തികളുടെ വന്‍മരത്തിന്‍റെ തണലിലാണ് നമ്മുടെ ഉന്മാദം ബാധിച്ച ഉറക്കം. ഈ ഉറക്കം ധാര്‍മ്മികക്ഷീണത്തിലേയ്ക്കും നൈതിക മയക്കത്തിലേക്കും നമ്മെ വലിച്ചെറിഞ്ഞിരിക്കുന്നു. തിരിച്ചറിവിന്‍റെ പുതിയ വെളിച്ചം കണ്ടെത്തിയേ ഇനി മുന്നേറാനാവൂ. ധാര്‍മ്മികവും നൈതികവുമായ ഉണര്‍വ് മാത്രമാണ് ഇതിനൊരു പരിഹാരം. നമുക്കുള്ളില്‍തന്നെ ഒളിഞ്ഞിരിക്കുന്ന ശത്രുവിനെ ഗളഹസ്തം ചെയ്താല്‍ മാത്രമേ 'അരുത്' എന്ന് ഉച്ചത്തില്‍ വിളിച്ചുപറയാനുള്ള നൈതികബലം ലഭിക്കൂ. 'നാടോടുമ്പോള്‍ നടുവേ ഓടുന്നവര്‍' സമൂഹത്തെ ബലവത്തായി നിലനിര്‍ത്തുന്ന മൂല്യങ്ങളെക്കുറിച്ചുകൂടി ചിന്തിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ഇവിടെ കൂടുതല്‍ വ്യാജന്മാര്‍ ഘോഷയാത്രയായി വന്നുകൊണ്ടിരിക്കും.
Featured Posts
bottom of page