top of page
"എന്‍റെ സിനിമയെക്കുറിച്ച് എനിക്ക് വലിയ അവകാശവാദങ്ങളില്ല. എനിക്ക് പറയാനുള്ളതെല്ലാം എന്‍റെ സിനിമയിലുണ്ട്. നിങ്ങള്‍ എന്‍റെ സിനിമയെ ഇഷ്ടപ്പെടും എന്ന പ്രതീക്ഷയോടെ, ഈ സിനിമയെ നിങ്ങളുടെ മുന്‍പില്‍ ഞാന്‍ പ്രദര്‍ശിപ്പിക്കുന്നു." നീണ്ട വിമാനയാത്രയുടെ ക്ഷീണം മാറാത്ത മുഖത്തോടെ, പതിഞ്ഞ സ്വരത്തില്‍ പോളീഷ് സംവിധായകന്‍ മസിജ് പിപ്രസ്ക് (MACIEJ PIEPRZYCA) തന്‍റെ സിനിമയെ പ്രേക്ഷകലോകത്തിന് സമര്‍പ്പിച്ചു. 37-ാമത് മോണ്‍ട്രിയോള്‍ ലോക സിനിമാമേളയിലെ പ്രധാന മത്സരവിഭാഗത്തില്‍, കുറഞ്ഞ വാക്കുകളാല്‍ തന്‍റെ സിനിമയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയ ഏക സംവിധായകന്‍. 100 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹൃദയസ്പര്‍ശിയായ ഒരു സിനിമാനുഭവത്തിനുശേഷം പ്രേക്ഷകരുടെ നിലയ്ക്കാത്ത ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ കരങ്ങള്‍ കൂപ്പി നില്‍ക്കുന്ന മസിജിന്‍റെ മുഖം എളുപ്പം മറക്കാനാവുന്നതല്ല. മേളയിലെ ഏറ്റവും വലിയ പുരസ്കാരമടക്കം മൂന്ന് വലിയ ബഹുമതികളാണ് CHCE SIEZYC (Life feels good) എന്ന ചിത്രം നേടിയെടുത്തത്.
ജന്മനാ മസ്തിഷക തളര്‍ച്ച (cerebral palsy) ബാധിച്ച മത്തേയൂഷ് എന്ന ചെറുപ്പക്കാരന്‍റെ കഥ പറയുന്ന ഈ സിനിമ ഒരു കണ്ണുനീര്‍ ഘടകമല്ല. കഥാനായകന്‍റെ സഹനങ്ങളെയോ, പ്രേക്ഷകരുടെ കണ്ണുനീരിനെയോ ചൂഷണം ചെയ്യാന്‍ ശ്രമിക്കാതെ ചെറിയ നര്‍മ്മബോധത്തോടെയുള്ള കഥ പറച്ചിലിന്‍റെ സൗന്ദര്യമാണ് ഈ സിനിമയുടെ കരുത്ത്. തന്‍റെ ശാരീരിക പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ മത്തേയൂഷ് തനിക്കു ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കുന്ന രീതികള്‍ നമ്മെ കാണിച്ചുതന്നുകൊണ്ട് തന്‍റെ നായക കഥാപാത്രത്തിന്‍റെ വികാസം സംവിധായന്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.
എല്ലാ കഥാപാത്രങ്ങളെയും തന്മയത്വത്തോടെ രൂപപ്പെടുത്തിയെടുക്കാന്‍ സാധിച്ചു എന്നതാണ് ഈ സിനിമയില്‍ സംവിധായകന്‍റെ വിജയം. ഈ മായാജാലക്കാരനെപ്പോലുള്ള അപ്പന്‍, മത്തേയൂഷിന്‍റെ ലോകത്തിനെ വിശാലമായ കൗതുകങ്ങളിലേക്ക് പരിചയപ്പെടുത്തുന്നു. സ്നേഹം കൊണ്ട് മത്തേയൂഷിന്‍റെ ജീവിതമായി ഒട്ടിച്ചേര്‍ന്നുപോയ അമ്മ, വീട്ടില്‍ തനിക്കു ലഭിക്കുന്ന സ്നേഹത്തിന്‍റെ ഏറ്റക്കുറച്ചിലുകളെക്കുറച്ച് പരിഭവം പറയുന്ന സഹോദരി, നേവിയില്‍ ചേര്‍ന്ന് ലോകം ചുറ്റുന്ന സഹോദരനും, വിവിധ തുറമുഖങ്ങളില്‍നിന്ന് അയാള്‍ അയയ്ക്കുന്ന ഫോസ്റ്റ് കാര്‍ഡുകളും, വീല്‍ ചെയറിലിരുത്തി മത്തേയൂസിനെ നൃത്തം ചെയ്യിപ്പിക്കുന്ന നേഴ്സ് തുടങ്ങി ഒത്തിരി നല്ല കഥാപാത്രങ്ങള്‍ ഈ സിനിമയിലുണ്ട്. മത്തേയൂഷിന്‍റെ ആത്മഗതങ്ങളിലൂടെയാണ് സംവിധായകന്‍ തന്‍റെ കഥയെ മുന്നോട്ടുകൊണ്ടുപോകുന്നത.് ഇത്തിരി വാക്കുകളില്‍ ഒത്തിരി ആശയങ്ങള്‍ സംവേദനം ചെയ്യാന്‍ സംവിധായകനുള്ള കഴിവ് പ്രശംസനീയമാണ്.
ലോകസിനിമാ ചരിത്രത്തില്‍ ഈ സിനിമയ്ക്കുള്ള സ്ഥാനം, ജൂലിയന്‍ ഷ്നാബെല്ലിന്‍റെ Julian Schnabel), ""The Diving Bell and the Butterfly'' (2007)യ്ക്കും, ബെന്‍ ലുവിന്‍ന്‍റെ (Ben Lewin) ""The Sessions'' (2012) എന്ന സിനിമയ്ക്കും ഇടയിലായിരിക്കും എന്നു തോന്നുന്നു.
ജൂലിയന്‍റെ സിനിമയില്‍ ക്യാമറകാഴ്ചകള്‍ കേന്ദ്ര കഥാപാത്രത്തിന്‍റെ കണ്ണുകള്‍ തന്നെയായി മാറുമ്പോള്‍, ഈ സിനിമയില്‍ ക്യാമറ മത്തേയൂഷിന്‍റെ ജീവിതത്തിലേക്ക് തുറന്നുവയ്ക്കപ്പെടുന്ന പ്രേക്ഷകരുടെ കണ്ണുകള്‍ മാത്രമായിത്തീരുന്നു. "The Sessions'' എന്ന സിനിമയിലേതുപോലെ ലൈംഗികത ഒരു പ്രധാന വിഷയമായിത്തീരുന്നില്ല. ഈ സിനിമയില്‍, മറിച്ച് മത്തേയൂഷ് എന്ന വ്യക്തിയുടെ വളര്‍ച്ചയെ നമുക്ക് മനസ്സിലാക്കിതരുന്ന ഒരു സങ്കേതം മാത്രമാണ്. കണ്‍പോളകളുടെ ചലനംകൊണ്ട് മാത്രം ലോകത്തോട് സംസാരിക്കാനറിയുന്ന മത്തേയൂഷിന്‍റെ സ്വയം കണ്ടെത്തല്‍ തന്നെയാണ് ഈ സിനിമയുടെ കേന്ദ്രബിന്ദു. വൈകല്യങ്ങള്‍ക്കും പരിമിതികള്‍ക്കും ഉപരിയായി മനസ്സിലാക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യേണ്ട മനുഷ്യജീവിതത്തിന്‍റെ മഹത്ത്വത്തെക്കുറിച്ചുള്ള ഒരു ദൃശ്യാനുഭവമാണ് ഈ സിനിമ. 2013-ല്‍ ലോകസിനിമയെ സ്നേഹിക്കുന്ന മലയാളികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു മനോഹരമായ ചലച്ചിത്രം.
ഈ സിനിമയെക്കുറിച്ച് സംവിധായകന് ഒരു ആശങ്കയുണ്ട്. പ്രസ്മെക്ക് (przemek) എന്ന യഥാര്‍ത്ഥ വ്യക്തിയുടെ ജീവിതകഥയെ അടിസ്ഥാനമാക്കിയാണ് മത്തേയൂഷ് എന്ന കഥാപാത്രത്തെ സംവിധായകന്‍ രൂപപ്പെടുത്തിയത്. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ദാവിദ് ഒഗ്രോഡ് നിക്ക് (Dawid Ogrodnik),, അനുകരിക്കുന്നത് പ്രസ്മെക്കിന്‍റെ ചലനങ്ങളെയാണ്. "പ്രസ്മെക്ക് ഇനിയും ഈ സിനിമ കണ്ടിട്ടില്ല. യഥാര്‍ത്ഥ മത്തേയൂഷിന് ഈ സിനിമ ഇഷ്ടപ്പെടുമോയെന്ന ചോദ്യത്തിന് "അത് ദൈവത്തിന് മാത്രം അറിയാം" എന്നാണ് സംവിധായകന്‍റെ ആശ കലര്‍ന്ന മറുപടി. ഒരു കാര്യം ഉറപ്പാണ്, തിരശ്ശീലയിലെ മത്തേയൂഷിനെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയിട്ടുണ്ട്, അതുകൊണ്ട് തന്നെയാണല്ലോ ഈ ലോകസിനിമാമേളയിലെ ഏറ്റവും ജനപ്രീതിയുള്ള ചിത്രമായി Life feels good തിരഞ്ഞെടുക്കപ്പെട്ടത്.
Featured Posts
bottom of page