top of page

വര്‍ഗീയത രൂപപ്പെടുന്നത്

Sep 10, 2003

4 min read

ഫഅ
religious symbols of world religions

മതതീവ്രവാദം, വര്‍ഗ്ഗീയവാദം, മതമൗലികവാദം എന്നിങ്ങനെ സാധാരണ വ്യവഹരിക്കപ്പെടുന്ന യാഥാര്‍ത്ഥ്യം സമകാലിക ഭാരതസമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ്. വംശീയവും രാഷ്ട്രീയവും മതപരവും ദേശപരവും കമ്പോളവത്കൃതവുമായ നിരവധി മാനങ്ങള്‍ ഉള്‍ക്കൊണ്ട് ഒരു നിര്‍വചനത്തിന് അപ്പുറത്തു നില്ക്കുന്ന പ്രതിഭാസമായിത്തീര്‍ന്നിരിക്കുന്നു വര്‍ഗ്ഗീയത. ഉള്ളിലെ വിഭാഗീയത മതത്തിന്‍റെയോ, ജാതിയുടെയോ, ഭാഷയുടെയോ, രാഷ്ട്രത്തിന്‍റെയോ, പൈതൃകത്തിന്‍റെയോ ഒക്കെ രൂപങ്ങള്‍ ധരിച്ച് തങ്ങളുടെ വിഭാഗത്തില്‍പ്പെടാത്തവരെ അന്യരായും വിലകുറഞ്ഞവരായും കണ്ട് അവരുടെ സ്വത്വത്തെ ആദരിക്കാതിരിക്കുന്ന മനോഭാവത്തെയും സ്ഥിതിവിശേഷത്തെയും വര്‍ഗീയത എന്നു വിശേഷിപ്പിക്കാവുന്നതാണ്. വൈവിദ്ധ്യമാര്‍ന്ന ജൈവസമ്പത്തും ഋതുക്കളും വര്‍ണങ്ങളും സംസ്കാരങ്ങളും വിശ്വാസങ്ങളും ഉള്‍ക്കൊള്ളുന്ന നാടാണ് നമ്മുടെ ഭാരതം. 28 സംസ്ഥാനങ്ങളും 7 കേന്ദ്രഭരണപ്രദേശങ്ങളും അതിര്‍ത്തി വരയ്ക്കുന്ന ഈ ഉപഭൂഖണ്ഡത്തില്‍ 18 പ്രധാനഭാഷകളും 1600 ഉപഭാഷകളും ഉണ്ട്. ആറ് പ്രധാന മതങ്ങളും 52 ഗോത്രങ്ങളും നിരവധി ആദിവാസി സമൂഹങ്ങളും 6400 ഉപജാതികളും ഈ പുണ്യഭൂമിയിലുണ്ട്. 29 പ്രധാന ഉത്സവങ്ങളും അനേകായിരം പ്രാദേശികോത്സവങ്ങളും ഇവിടെയുണ്ട്. ഈ വൈവിധ്യത്തെ അംഗീകരിക്കുവാന്‍ കഴിയാത്തിടത്താണ് വര്‍ഗീയതയുടെ തുടക്കം. അസഹിഷ്ണുതയാണതിന്‍റെ മുഖമുദ്ര. വരണ്ടുണങ്ങിയ മനസ്സും ചുരുങ്ങിയ ചക്രവാളങ്ങളും നിക്ഷിപ്തതാല്പര്യങ്ങളും ഉള്ളവരില്‍ ഈ അസഹിഷ്ണുത കൂടുന്നു. ക്രിസ്തുമത പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് മതവര്‍ഗീയത രൂപപ്പെടുന്നത് പ്രതിപാദിക്കുകയാണ് ഈ ലേഖനത്തിന്‍റെ ലക്ഷ്യം. ഇതിലെ നിരീക്ഷണങ്ങള്‍ മറ്റ് മതങ്ങളിലെ വര്‍ഗീയത പഠിക്കാനും സഹായിച്ചേക്കാം.


മതദര്‍ശനം

ഓരോ മതത്തിന്‍റെയും പ്രഭവസ്ഥാനത്ത് സവിശേഷമായ ഒരു ദര്‍ശനമുണ്ട്. ദൈവത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചുമൊക്കെയുള്ള മനുഷ്യന്‍റെ  കാഴ്ചപ്പാടും സമീപനവും എന്തായിരിക്കണമെന്നും അതിനനുസരിച്ചുള്ള ജീവിതശൈലി എങ്ങനെയായിരിക്കണമെന്നും ഈ ദര്‍ശനം മുന്നോട്ടുവയ്ക്കുന്നു. തനിക്കു കിട്ടിയ ദിവ്യവെളിച്ചത്തിന്‍റെ പ്രഭയില്‍ മനുഷ്യനെയും പ്രപഞ്ചത്തെയും ദൈവത്തെയും ഇവരുടെ അന്യോന്യമുള്ള ബന്ധത്തെയും മതസ്ഥാപകന്‍ നോക്കി കണ്ടതാണ് ഈ ദര്‍ശനം എന്നുപറയാം. ഹൈന്ദവമതത്തിനും ആദിവാസിമതങ്ങള്‍ക്കും മതസ്ഥാപകര്‍ ഇല്ലായിരുന്നു എന്നുള്ളത് ഇവിടെ വിസ്മരിക്കുന്നില്ല. മതങ്ങള്‍ ഉടലെടുത്ത കാലഘട്ടത്തിലെ പൊതുസമൂഹത്തിന്‍റെ ചിന്താരീതികളും ജീവിതരീതികളും ജീവിതഗതിവിഗതികളും ഈ ദര്‍ശനത്തെ രൂപപ്പെടുത്തുവാന്‍ സഹായിച്ചിട്ടുണ്ട്. ഈ ദര്‍ശനത്തില്‍ വിശ്വസിക്കുന്നവരുടെ കൂട്ടായ്മ ഒരു മതസമൂഹത്തിന് തുടക്കംകുറിച്ചു. ഈ കൂട്ടായ്മയില്‍ ദര്‍ശനത്തിന്‍റെ ആവിഷ്കാരമെന്നനിലയില്‍ ചില അനുഷ്ഠാനങ്ങളും ആചാരങ്ങളും ഉണ്ടായി. കൂട്ടായ്മ നിലനിര്‍ത്തുന്നതിനും വര്‍ദ്ധിപ്പിക്കുന്നതിനും അത് സഹായകമാകുകയും ചെയ്തു. അപരനുവേണ്ടി അര്‍പ്പിക്കപ്പെടുന്ന ജീവിതബലിയുടെ ആവിഷ്കാരമെന്ന നിലയ്ക്ക് കുര്‍ബാന നിലവില്‍ വന്നു. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഈ കുര്‍ബാനയില്‍ പങ്കുകൊള്ളണം എന്ന ആചാരം പിന്നീട് നിലവില്‍ വന്നു. അനുഷ്ഠാനങ്ങള്‍ക്ക് പിന്നീട് അനുഷ്ഠാനക്രമമുണ്ടായി. അനുഷ്ഠാനവിധികള്‍ നടത്താന്‍ പ്രത്യേക ആള്‍ക്കാര്‍ ഉണ്ടായി. നിയമസംഹിതയുണ്ടായി. നിയമങ്ങള്‍ ഉണ്ടാക്കുന്നതിനും പാലിപ്പിക്കുന്നതിനുമായി അധികാരശ്രേണിയുണ്ടായി. ഇവയെല്ലാം ചേര്‍ന്ന് മതത്തിന് സംഘടിതരൂപം നല്കി.


ദര്‍ശനം സ്ഥാപനവത്കരിക്കപ്പെടുന്നു

അനുഷ്ഠാനങ്ങളിലൂടെയും നിയമങ്ങളിലൂടെയും അധികാരശ്രേണിയിയിലൂടെയും സംഘടിതരൂപം സ്വീകരിച്ച മതത്തില്‍ കാലക്രമത്തില്‍ സാമൂഹികവും സാമ്പത്തികവുമായ ജീവിതതാല്പര്യങ്ങള്‍ വന്നു കൂടി. മതവിശ്വാസികള്‍ ഒരു സമുദായമായി മാറുന്നു ഇവിടെ. ആരധനാലയങ്ങള്‍, സ്കൂളുകള്‍, തൊഴില്‍ശാലകള്‍, ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയൊക്കെ സംഘടിത സമുദായജീവിതത്തിന് ആവശ്യകമായി വരുന്നു. മെല്ലെ മെല്ലെ മതങ്ങള്‍ സംഘടിതമായ സാമൂഹിക സാമ്പത്തിക സ്ഥാപനങ്ങളായി മാറുന്നത് ചരിത്രത്തില്‍ നമുക്കു കാണാം. ഒരു വശത്ത് സാമൂഹികസാമ്പത്തിക സ്ഥാപനങ്ങളും മറുവശത്ത് ഓരോ കാലത്തെ മതനേതാക്കന്മാര്‍ രൂപകല്പന ചെയ്ത ആചാരങ്ങളും അനുഷ്ഠാനങ്ങളും നിയമസംഹിതകളും ചേര്‍ന്ന് മതത്തെ സ്ഥാപനവത്കരിക്കുന്നു. സ്ഥാപനവത്കരിക്കപ്പെട്ട മതങ്ങളില്‍ ആദര്‍ശസംഹിതകളും ദര്‍ശനങ്ങളും പരിശുദ്ധകാഴ്ചവസ്തുക്കളായും അനുഷ്ഠാനങ്ങളായും ചുരുങ്ങും. ദര്‍ശനങ്ങള്‍ ഇങ്ങനെ മൃതമായിക്കഴിയുമ്പോള്‍ സ്ഥാപിത താല്പര്യക്കാര്‍ മതത്തെ ഹൈജാക്ക് ചെയ്യുന്നു. ഇവര്‍ പുനര്‍നിര്‍വചിക്കുന്ന ദര്‍ശനങ്ങള്‍ വര്‍ഗീയതയിലേക്ക് വളരുന്നു. ദര്‍ശനങ്ങളിലെ ഈ വ്യതിയാനമാണ് വര്‍ഗീയതയ്ക്ക് വിത്തുപാകുന്നത്. അങ്ങനെ മതം സംശുദ്ധമായ പ്രഭവസ്ഥാനത്തു നിന്നു മാറി ജീര്‍ണ്ണതയിലേക്കു വഴുതിവീഴുകയും ചെയ്യുന്നു.


മതസ്ഥാപനങ്ങളും വര്‍ഗീയതയും

സാമൂഹിക സാമ്പത്തിക താത്പര്യങ്ങളുടെ സംഘടിതരൂപമായി മതം മാറിയപ്പോള്‍ മതസമൂഹങ്ങള്‍ രൂപം കൊടുത്ത സ്ഥാപനങ്ങള്‍ മതചിഹ്നങ്ങളായി. മററ് മതസമൂഹങ്ങളെക്കാളും ജനവിഭാഗങ്ങളെക്കാളും തങ്ങള്‍ മുന്‍പിലാണെന്നു വരുത്തിത്തീര്‍ക്കാന്‍ ഈ സ്ഥാപനങ്ങള്‍ ഉപയോഗിക്കപ്പെട്ടു. സ്ഥാപനങ്ങള്‍ അഭിമാനത്തിന്‍റെയും അധീശത്വത്തിന്‍റെയും പ്രതീകങ്ങളായി മാറുന്നു. മറ്റ് മതങ്ങളും സമൂഹങ്ങളുമായി കിടമത്സരത്തിന് ഈ സ്ഥാപനങ്ങള്‍ വഴിമരുന്നിടുന്നു. ഗ്രാമത്തിലൊതുങ്ങാത്ത കൂറ്റന്‍ ദേവാലയങ്ങളും കവലകള്‍  തോറും കെട്ടിപ്പൊക്കുന്ന കപ്പേളകളും പ്രൗഢിയാര്‍ന്ന കമാനങ്ങളും അങ്ങനെ പൊതുസമൂഹത്തില്‍ തങ്ങളുടെ മതത്തിന്‍റെ നിലവാരത്തിന്‍റെ ചിഹ്നങ്ങളായി മാറുന്നു.

ചെറിയവര്‍ക്കുള്ള ശുശ്രൂഷ ഈശ്വരശുശ്രൂഷയും ഈശ്വരാരാധനയുമാണ് എന്ന യേശുവിന്‍റെ മൗലികദര്‍ശനമാണ് ആതുരാലയങ്ങള്‍ സ്ഥാപിക്കാന്‍ ക്രൈസ്തവ സമൂഹങ്ങളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ കിടമത്സരങ്ങളുടെ ലോകത്ത് മെച്ചപ്പെട്ട സേവനങ്ങളും  സൗകര്യങ്ങളും കൊടുത്താലേ മിഷന്‍ ആശുപത്രികള്‍ക്കും പിടിച്ചുനില്ക്കാനാവൂ എന്ന് കാലക്രമത്തില്‍ സ്ഥാപനാധികാരികള്‍ ചിന്തിക്കുന്നു. മെച്ചപ്പെട്ട സേവനത്തിനും സൗകര്യത്തിനും മെച്ചപ്പെട്ട പ്രതിഫലം വാങ്ങുന്നത് ന്യായമാണ് എന്ന സാമാന്യലോകതത്ത്വം സ്ഥാപനമേധാവികള്‍ ഇവിടെ പ്രയോഗിക്കുന്നു. ചെറിയവര്‍ക്ക് മിഷന്‍ ആശുപത്രികള്‍ അപ്രാപ്യമാകുന്നു. യേശുവിന്‍റെ കാരുണ്യം എന്ന മൗലികദര്‍ശനത്തിന്‍റെ പേരില്‍ ഉടലെടുത്ത ആശുപത്രികള്‍ ആ ദര്‍ശനത്തില്‍നിന്ന് വിദൂരതയിലേക്ക് ഇങ്ങനെ പോകുന്നു. ചെറിയവരും വലിയവരും എന്നുള്ള വിഭാഗീയതയ്ക്കും ഇതു കാരണമാകുന്നു. മറ്റ് സമുദായങ്ങളില്‍ അസഹിഷ്ണുത വളരാനും ഇത്തരം സ്ഥാപനങ്ങള്‍ കാരണമായിത്തീരുന്നു.

അറിവ് വെളിച്ചമാണെന്നും അജ്ഞത അന്ധകാരമാണെന്നുമുള്ള  മൗലികദര്‍ശനത്തിന്‍റെ അടിസ്ഥാനത്തില്‍ തുടങ്ങുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളിലും കിടമത്സരം, ദര്‍ശനത്തിന്‍റെ ജീര്‍ണ്ണത കൊണ്ടുവരുന്നതും ഇന്ന് സാധാരണമായിക്കൊണ്ടിരിക്കുന്നു. മത്സരക്കളത്തില്‍ മത്സരിച്ച് ജയിക്കണമെങ്കില്‍ മെച്ചപ്പെട്ട വിദ്യാഭ്യാസവും മെച്ചപ്പെട്ട സൗകര്യങ്ങളും വേണം. അതിന് ഭേദപ്പെട്ട ഫീസ് വാങ്ങാം എന്ന് അധികൃതര്‍ ചിന്തിക്കുന്നു. ഇവിടെയും ചെറിയവര്‍ അന്യവത്കരിക്കപ്പെടുന്നു. ദര്‍ശനങ്ങളെ മാപ്പുസാക്ഷികളാക്കിനിര്‍ത്തിക്കൊണ്ടുള്ള ഈ മത്സരക്കളി മറ്റ് സമൂഹങ്ങളില്‍ അസഹിഷ്ണുതയും  അസൂയയും അതുവഴി വിഭാഗീയതയും ഉളവാക്കുന്നു. ഈ വിഭാഗീയത വര്‍ഗീയതയിലേക്കു നയിക്കുന്നു.

കമ്പോളവത്കൃത സാമ്പത്തികക്രമത്തില്‍ സ്ഥാപനങ്ങള്‍ മികവിന്‍റെ കേന്ദ്രങ്ങള്‍ ആകുന്നതോടൊപ്പം ലാഭകേന്ദ്രങ്ങള്‍ കൂടിയാകുന്നത് വര്‍ഗീയതയിലേക്ക് നയിക്കുന്ന ദുരന്തമാണ്. സ്ഥാപനങ്ങള്‍ അധികാരത്തിന്‍റെയും അധീശത്വത്തിന്‍റെയും ചിഹ്നങ്ങളായി മാറുമ്പോള്‍ അതിന്‍റെ കമ്പോളനിലവാരം ഉയര്‍ത്തേണ്ടത് ആവശ്യമായിത്തീരുന്നു. മതത്തെ കൂട്ടുപിടിച്ച് വര്‍ഗീയതയുടെ ആയുധമാക്കി കമ്പനിയുടെ ബ്രാന്‍ഡ് വര്‍ദ്ധിപ്പിക്കുക. അങ്ങനെ ലാഭം വര്‍ദ്ധിപ്പിക്കുക എന്ന സാമാന്യലോകതത്ത്വം ഇവിടെ പ്രയോഗിക്കപ്പെടുന്നു. ആഗോളവത്കൃത സാമ്പത്തികക്രമത്തില്‍ പിടിച്ചുനില്ക്കാന്‍ ഈ സ്ഥാപനങ്ങള്‍ ഇങ്ങനെ ഒരു സ്വകാര്യകമ്പനിപോലെ പ്രവര്‍ത്തിച്ചു തുടങ്ങുന്നു. ഈ കമ്പനിയില്‍ ചേരാന്‍ കഴിവില്ലാത്ത സമുദായത്തില്‍ തന്നെയുള്ളവര്‍ക്ക് ഇത്തരം സ്ഥാപനത്തോട് അന്യഥാബോധം ഉണ്ടാവുകയും അത് വിഭാഗീയതയ്ക്ക് വഴി തെളിക്കുകയും ചെയ്യുന്നു. ബ്രാന്‍ഡ് വര്‍ദ്ധിപ്പിച്ച സ്ഥാപനങ്ങളാകട്ടെ മറ്റ് സമുദായങ്ങളില്‍ അസൂയയും അസഹിഷ്ണുതയും ഉളവാക്കുകയും ചെയ്യും. ഇത് വര്‍ഗീയതയിലേക്കു നയിക്കുന്നു. സ്വത്തു സംരക്ഷിക്കുക എന്നതല്ല, സ്വത്തില്ലാത്തവരെ സംരക്ഷിക്കുക എന്നതാണ് യേശുധാര്‍മ്മികത എന്ന മൗലികദര്‍ശനം വ്യാപാരധാര്‍മ്മികതയ്ക്ക് വഴിമാറികൊടുക്കുന്നു. ഇത്തരം സ്ഥാപനങ്ങളില്‍ ഇത് മതത്തിന്‍റെ ജീര്‍ണതയുമാണ്.


ആത്മീയതയുടെ ദാരിദ്ര്യം

കമ്പോളവത്കൃത സമൂഹത്തിലും രാഹുവും നക്ഷത്രവും നോക്കാതെ കാര്യങ്ങളൊന്നും നടത്താറില്ല എന്നുള്ളത് നാം ശ്രദ്ധിക്കുന്ന കാര്യമാണ്. ദൈവശാസ്ത്രവും സാമൂഹ്യശാസ്ത്രവും വിവരവിനിമയസാങ്കേതിക ശാസ്ത്രങ്ങളും വളര്‍ച്ചപ്രാപിച്ച ഈ കാലത്ത് യാഗശാലകളും രോഗശാന്തി ശുശ്രൂഷാകേന്ദ്രങ്ങളും കണ്‍വഷന്‍ നഗറുകളും വര്‍ദ്ധിച്ചുവരുന്ന പ്രതിഭാസവും ഇവിടെയുണ്ട്. തീര്‍ത്ഥയാത്രകള്‍ക്കും ആളുകളുടെ എണ്ണം കൂടുന്നുണ്ട്. ഇവിടത്തെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പ്രസംഗങ്ങളും ഏറിയപങ്കും വ്യക്തികേന്ദ്രീകൃതമാണ്. ഈ നാടിന്‍റെ പ്രശ്നങ്ങളോ പുത്തന്‍പാതകങ്ങളോ ഒന്നും ഇത്തരം കേന്ദ്രങ്ങളില്‍ പൊതുവേ പരാമര്‍ശിക്കാറില്ല. കമ്പോളവത്കൃത സമൂഹത്തിന്‍റെ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എളുപ്പവഴി എന്ന നിലയ്ക്ക് ഒരുവന്‍റെ താത്പര്യങ്ങളെ തൃപ്തിപ്പെടുത്താന്‍ മതവും സമൂഹവും ഒരുക്കുന്ന  വിരുന്നുകളായിട്ടാണ് ഈ പ്രവണതയെ സാമൂഹ്യശാസ്ത്രജ്ഞന്മാര്‍ നിരീക്ഷിക്കുന്നത്. മതാനുയായിയുടെ വിശ്വാസത്തിന്‍റെ ചുറ്റുവട്ടം അനുഷ്ഠാനങ്ങളിലും ആചാരങ്ങളിലും ഒതുങ്ങുമ്പോള്‍ (കൊന്ത ചൊല്ലുക, അനുദിനബലിയില്‍ പങ്കെടുക്കുക, ഉപവസിക്കുക) മതം വ്യക്തികേന്ദ്രീകൃതവും അനുഷ്ഠാനകേന്ദ്രീകൃതവുമായിത്തീരുന്നു. ആത്മീയതയുടെ ശോഷണമാണ് ഇതു കാണിക്കുന്നത്. സഹജീവികളോടും പ്രപഞ്ചത്തോടുമുള്ള ഒരു മനുഷ്യന്‍റെ ഉഷ്മളമായ ബന്ധമാണ് ആത്മീയത. സമൂഹത്തോട് ഉത്തരവാദിത്വമില്ലായ്മ കാണിക്കുന്നവനും കൂട്ടുത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുന്നവനും അന്യന്‍റെ വേദനയെ തിരിച്ചറിയാത്തവനും വിശ്വാസിയാണെന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. യേശുവിന്‍റെ ദര്‍ശനം കുര്‍ബാനയിലും കുമ്പസാരത്തിലും മറ്റ് കൂദാശകളിലും അനുഷ്ഠാനവിധികളിലും മാത്രമായി ചുരുക്കുന്ന ക്രിസ്ത്യാനിക്ക് ആത്മീയത നഷ്ടമാകുന്നു. ഈ വിശ്വാസി തീര്‍ത്ഥയാത്രയ്ക്ക് സമയം കണ്ടെത്തും. തീര്‍ത്ഥയാത്രകള്‍ വര്‍ദ്ധിക്കുന്നത് ആത്മീയതയുടെ ലക്ഷണമല്ല. ആത്മീയത ഇല്ലാത്ത ദൈവവിശ്വാസി വര്‍ഗീയവാദിയാകുന്നത് വളരെ എളുപ്പത്തിലാണ്. പള്ളി പുനരുദ്ധാരണത്തിനും കപ്പേളനിര്‍മ്മാണത്തിനും ജൂബിലി ആഘോഷത്തിനും ഇത്തരം വിശ്വാസികള്‍ മുന്‍പന്തിയിലുണ്ടാവാം. ആത്മീയത ശോഷിച്ച ഇത്തരം മനുഷ്യര്‍ വര്‍ഗീയവാദികളോ അവരുടെ അനുയായികളോ ആയി മാറുന്നു കാലക്രമത്തില്‍.


ആഴമായ മതബോധത്തിലേക്ക്

മതത്തിന്‍റെ ജീര്‍ണ്ണതയാണ് വര്‍ഗീയതയ്ക്ക് കാരണമാകുന്നതെങ്കില്‍ അതിനെ ചെറുക്കാനുള്ള ഫലപ്രദമായ മാര്‍ഗം യഥാര്‍ത്ഥമതബോധത്തിന്‍റെ പുനരാവിഷ്കാരമാണ്. ഓരോ മതവും അതിന്‍റെ ആദിമചൈതന്യത്തെ ശാക്തീകരിക്കണം. മതത്തെ ആയിരമോ രണ്ടായിരമോ വര്‍ഷം പിറകോട്ട് കൊണ്ടുപോയി ഓരോ കാലത്തെ മതനേതാക്കന്മാര്‍ രൂപകല്പന ചെയ്ത അനുഷ്ഠാനങ്ങളും ആചാരങ്ങളും അലംഘനീയമായി നിലനിര്‍ത്തുന്നതിലല്ല ചൈതന്യശാക്തീകരണം. അനുഷ്ഠാനങ്ങള്‍ ആധാരമാക്കിവയ്ക്കുന്ന മാനുഷികദൈവിക മൂല്യങ്ങളെ പുനര്‍ജീവിപ്പിക്കുക എന്നതാണര്‍ത്ഥമാക്കുന്നത്.

യേശുവിന്‍റെ മുന്‍ഗണനകളും പരിഗണനകളും വിദ്യാഭ്യാസമേഖലയിലായാലും ആതുരസേവനമേഖലയിലായാലും സംവരണപ്രശ്നത്തിലായാലും നിലപാടുകള്‍ എടുക്കുമ്പോള്‍ മാര്‍ഗദര്‍ശനമാകുന്നുണ്ടോ? എന്നതാണ് പ്രധാനപ്രശ്നം. യേശുവിന്‍റെ മുന്‍ഗണനകളും പരിഗണനകളും അടിസ്ഥാനപരമായി പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയോടാണ്. മതത്തിന്‍റെ വേര്‍തിരിവ് അവിടെയില്ല എന്നുള്ളതാണ് യേശുവിന്‍റെ 'മതം.' മതത്തിന്‍റെ ചിട്ടവട്ടങ്ങള്‍ക്കപ്പുറത്ത് യേശു വ്യാപരിച്ചു. പാരമ്പര്യങ്ങളും വഴക്കങ്ങളും അവിടെ അതിര്‍വരമ്പുകള്‍ തീര്‍ത്തില്ല. അനുഷ്ഠാനങ്ങള്‍ സര്‍വ്വപ്രധാനമാകുമ്പോള്‍ അനുഷ്ഠാനവിധികള്‍ നടത്തുന്ന പുരോഹിതര്‍ പരമാധികാരികളാകും. അധികാരവും അതു കൊണ്ടുവരുന്ന ആഡംബരങ്ങളും അനുഷ്ഠാനങ്ങള്‍ ആധാരമാക്കുന്ന മാനുഷികമൂല്യങ്ങളെ വിസ്മൃതമാക്കും. മതത്തെ ജീര്‍ണ്ണിപ്പിക്കുന്ന ഇത്തരം അനുഷ്ഠാനങ്ങളെ പുനപ്പരിശോധനയ്ക്ക് വിധേയമാക്കണം. ചിലത് കാലാനുസൃതമായി പുനരാവിഷ്കരിക്കണം. അര്‍ഥം കൈമോശം വന്നതിനെ ഉപേക്ഷിക്കണം. അനുഷ്ഠാനങ്ങളെ വിമര്‍ശനബുദ്ധ്യാ കാണുന്നവരെ മതവിരോധികളായും ചാരന്മാരായും കാണുന്ന പ്രവണത മതഫാസിസമാണ്. മതങ്ങള്‍ക്കുള്ളില്‍ വ്യത്യാസങ്ങളെ അംഗീകരിക്കുവാന്‍ കഴിവുള്ള ഹൃദയങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടും മതങ്ങള്‍ക്കിടയില്‍ വ്യക്തമായി കടുത്തനിറത്തില്‍ വരച്ച വരകള്‍ ഇല്ലാതിരുന്നതുകൊണ്ടുമാണ്, മുന്‍കാലങ്ങളില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായപ്പോഴും മതങ്ങള്‍ക്ക് സംവേദിക്കാന്‍ ഇടനിലങ്ങള്‍ ഉണ്ടായതും മതസൗഹാര്‍ദ്ദം വീണ്ടെടുക്കാന്‍ സാധിച്ചതും എന്ന് ആനന്ദ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ക്രൈസ്തവനേതാക്കള്‍ ആത്മപരിശോധനയക്ക് വിഷയമാക്കേണ്ട ചിന്തയാണിത്.  


Featured Posts

bottom of page