top of page

"ദാനം കൊടുക്കാന്‍ മാത്രം ഞാന്‍ ദരിദ്രനല്ല"

Aug 15, 2019

2 min read

ജിജോ കുര്യന്‍

helping hands towards others

സ്വാര്‍ത്ഥനും എന്നാല്‍ വിശേഷ ബുദ്ധിയുള്ള സമൂഹജീവിയുമായ ജീവിവര്‍ഗ്ഗം അതിന്‍റെ നിലനില്പ്പ് ഉറപ്പിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ സംഘര്‍ഷമനുഭവിക്കുന്നത് പങ്കുവെക്കുക എന്ന പ്രവൃത്തിയിലാണ്. തലമുറകളെ നിലനിര്‍ത്തുന്ന മാതൃഭാവമുള്ള ജീവികള്‍ അത് നൈസര്‍ഗ്ഗികമായി ചെയ്യുന്നതാണ്. എന്നാല്‍ പൂര്‍ണ്ണവളര്‍ച്ചയെത്തിയ ജീവികള്‍ക്കിടയില്‍ അത് വിചിന്തനാനന്തരം സംഭവിക്കുന്ന മൂല്യബോധത്തിന്‍റെയോ, മതാത്മ കതയുടെയോ ഭാഗമായി ചിത്രീകരിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ കൊടുക്കലും പിടിച്ചുവെക്കലും പുണ്യ-പാപങ്ങളുടെയോ, ധാര്‍മ്മിക-അധാര്‍മ്മികത യുടെയോ ദ്വന്ദ്വങ്ങള്‍ക്കുള്ളിലാണ് വിലയിരുത്തപ്പെടുന്നത്.


കൊടുക്കുമ്പോള്‍ ലഭിക്കുന്ന പുണ്യം

മനുഷ്യനെ അടിസ്ഥാനപരമായി ഒരു സാമൂഹ്യജീവി എന്ന് വിശേഷിപ്പിച്ചത് അരിസ്റ്റോട്ടിലാണ്. പരസ്പരമുള്ള കൊടുക്കല്‍വാങ്ങലിലെ മനുഷ്യസമൂഹത്തിന് നിലനില്ക്കാനാവൂ. മറുഭാഗത്ത് ഓരോ മനുഷ്യനും തികഞ്ഞ സ്വാര്‍ത്ഥനാണെന്നുള്ള കാര്യം വിസ്മരിച്ചുകൂടാ. സ്വാര്‍ത്ഥനും ബുദ്ധിശക്തിയുള്ളവനും എന്നാല്‍ മറ്റ്  പല ജീവിവര്‍ഗ്ഗത്തെക്കാളും ശാരീരികമായി ദുര്‍ബലനുമായ മനുഷ്യന്‍ പ്രകൃതിയെ അതിജീവിച്ച് സംസ്കാരത്തെ വളര്‍ത്തി വികസനപാതയില്‍ നീങ്ങി എല്ലാ ജീവിവര്‍ഗ്ഗത്തിനും അധീശനാവുകയും വര്‍ഗ്ഗസംരക്ഷണം നടത്തുകയും ചെയ്തത് കൂട്ടുജീവിതത്തിലൂടെയാണ്. അതുകൊണ്ടുതന്നെ കൊടുക്കല്‍ വാങ്ങലില്‍ വേണം ഒരുവന്‍ തന്‍റെ സ്വാര്‍ത്ഥതയെ തേടാനും നിലനില്പ്പ് ഉറപ്പുവരുത്താനും എന്ന് സാമാന്യജ്ഞാനമുള്ളവര്‍ ഉദ്ബോധിപ്പിച്ചു.

ഈ കൊടുക്കല്‍വാങ്ങലിനെ മതാത്മകതയുമായി ചേര്‍ത്തുവെച്ചില്ലെങ്കില്‍ മനുഷ്യന്‍റെ സ്വാര്‍ത്ഥത സാമൂഹ്യജീവിതത്തിന്‍റെ പരസ്പരധാരണയെ അതിലംഘിക്കുമെന്ന് മനസ്സിലാക്കിയ ആത്മീയജ്ഞാനികള്‍ 'കൊടുക്കുക' എന്ന പുണ്യത്തിനെ 'പ്രതിഫലം കിട്ടുക' എന്ന സ്വാര്‍ത്ഥതാത്പര്യവുമായി ബന്ധിപ്പിച്ച്~ ഒരു പുണ്യമാക്കി രൂപപ്പെടുത്തി. കൂടുതല്‍ കൊടുക്കുന്നവന് കൂടുതല്‍ കിട്ടുമെന്ന് ലാവോത്സു. മറ്റുള്ളവര്‍ നിങ്ങള്‍ക്ക് എന്തു ചെയ്തുതരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അത് മറ്റുള്ളവര്‍ക്ക് ചെയ്തുകൊടുക്കുക എന്ന് ക്രിസ്തു. ദാനധര്‍മ്മം എന്ന കൊടുക്കല്‍ ധര്‍മ്മത്തെ ഏറ്റവും ഉയര്‍ത്തിക്കാട്ടിയത് ഇസ്ലാമാണ്. "കൊടുക്കുന്നവന്‍ അറിയണം ദരിദ്രന് പണം ആവശ്യമുള്ളതിനേക്കാള്‍ എനിക്ക് പ്രതിഫലം ആവശ്യമുണ്ടെന്ന്" (ഉദ്മാന്‍ ബിന്‍ അഫാന്‍).

കൊടുക്കുന്നവന് തത്തുല്യമായ ഭൗതികനേട്ടം കിട്ടാതെ വരുന്ന സാഹചര്യത്തില്‍ സ്വാഭാവികമായും സ്വാര്‍ത്ഥനായ മനുഷ്യന്‍ ചോദിക്കുന്ന ചോദ്യമിതാണ്: ഞാന്‍ ഇത്രയൊക്കെ പുണ്യം ചെയ്തിട്ടും എനിക്കെന്തേ ഇത്രയേറെ പരാജയങ്ങളും തകര്‍ച്ചകളും? ഈയൊരു ചോദ്യത്തില്‍ നിന്നുമാവാം കൊടുക്കുക എന്ന പുണ്യത്തിന്‍റെ 'പ്രതിഫലം' ഈ ലോകസൗഭാഗ്യങ്ങള്‍ക്ക് അപ്പുറം പരലോകം എന്ന ചിന്തയിലേക്ക് പറിച്ചുനട്ടത്. എല്ലാ മതങ്ങളും തരുന്ന പരലോകം നേടുന്നതിനുള്ള വ്യവസ്ഥകളില്‍ ഒന്നായിട്ടാണ് കൊടുക്കുക എന്ന പുണ്യപ്രവൃത്തിയെ അവതരിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ചാരിറ്റി പ്രതിഫലം നേടാനുള്ള ഒരു പുണ്യകര്‍മ്മമെന്ന ധാരണയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. 


പുണ്യമില്ലാത്ത കൊടുക്കല്‍

കടമയെ പ്രതി കടമ ചെയ്യുക (Do duty for duty’s sake)  എന്ന് പറഞ്ഞത് ഇമ്മാനുവേല്‍ കാന്‍റാണ്. നിഷ്കാമകര്‍മ്മ എന്നൊക്കെ ഹൈന്ദവ പാരമ്പര്യത്തില്‍ വിളിക്കുന്ന ഒരു കടമ സങ്കല്പം. ഒരാള്‍ അപരനോട് കാരുണ്യം കാണിക്കുന്നത് ഒന്നിനും വേണ്ടിയല്ല സ്വന്തം മനഃസാക്ഷിയോട് വിശ്വസ്തനായിരിക്കുന്നതിന്‍റെ ഭാഗമാണ്. നിങ്ങള്‍ ചെയ്യുന്ന പുണ്യകര്‍മ്മത്തിന് തത്തുല്യമായ പ്രതിഫലം കിട്ടുന്നില്ലെങ്കില്‍ പിന്നെന്തിന് പരോപകാരം ചെയ്യണം? ഇമ്മാനുവേല്‍ ലെവിനാസ് എന്ന ചിന്തകനാണ് പറഞ്ഞത്, "വിശ്വാസമെന്നാല്‍ ദൈവം ഉണ്ടോ ഇല്ലയോ എന്ന പ്രശ്നമല്ല. പ്രതിഫലമില്ലാത്ത സ്നേഹം മൂല്യമുള്ളതാണ് എന്ന തിരിച്ചറിവാണ്". അപരന്‍റെ യാചനാപൂര്‍വ്വമായ മുഖം (Pleading Face) കണ്‍ മുന്‍പില്‍ കാണുന്നവന് പരോപകാരിയാകാതിരിക്കാന്‍ കഴിയില്ല. അത് ദൈവത്തെ പ്രതിയല്ല, ആത്മാവിന്‍റെ രക്ഷയോര്‍ത്തല്ല, ഈ ലോകത്തില്‍ കിട്ടുന്ന പ്രതിഫലമോര്‍ത്തല്ല, വെറുതെ മനസ്സാക്ഷിയുള്ള മനുഷ്യനായിരിക്കുന്നതിനാണ്. അതാണ് ധാര്‍മ്മികത.


ധാര്‍മ്മികതയും മതാത്മകതയും

മതങ്ങളാണ് മനുഷ്യനെ ധാര്‍മ്മികനായി നിലനിര്‍ത്തുന്നത് എന്നൊരു ധാരണ നമ്മുടെയിടയില്‍ പൊതുവില്‍ നിലനില്ക്കുന്നുണ്ട്. സംസ്കാരസമ്പന്നനായ മനുഷ്യന്‍ രൂപപ്പെടുന്നതിന് മുന്‍പുള്ള കാലം മനുഷ്യനെ ധാര്‍മ്മികനായി നിലനിര്‍ത്താന്‍ ദൈവിക അനുജ്ഞ (Divine Sanction) ഉപയോഗപ്പെടുത്തിയിരുന്നുവെന്നത് വാസ്തവമാണ്. ഇതാണ് ദൈവത്തിന്‍റെ കല്പന / ഇഷ്ടം എന്ന് മതപുരോഹിതന്‍ അധികാരത്തോടെ പറഞ്ഞാല്‍ അതിനെ അതിലംഘിക്കുവാന്‍ മതാത്മകമനസ്സുകള്‍ക്ക് കഴിയില്ല.

മതാത്മകതയെ അതിജീവിച്ച ആധുനിക മനുഷ്യന്‍ (Secular Man) അപ്പോള്‍ അധാര്‍മ്മികനാകുമോ? ഇല്ലെന്നാണ് ചരിത്രം തെളിയിക്കുന്നത്. പരിപൂര്‍ണ്ണമായി മതാത്മകമായിരിക്കുന്ന മദ്ധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളാണോ മതാത്മകതയെ അതിലംഘിച്ച പാശ്ചാത്യരാജ്യങ്ങളാണോ കൂടുതല്‍ ധാര്‍മ്മികനിഷ്ഠമായിരിക്കുന്നത് എന്ന് ചോദിച്ചാല്‍ സംസ്കാരസമ്പന്നരായ മനുഷ്യന്‍ വസിക്കുന്ന പാശ്ചാത്യനാടുകള്‍ തന്നെ എന്ന് പറയേണ്ടിവരും. കുറ്റവാളികള്‍ ഇല്ലാത്തതിനാല്‍ ജയിലുകള്‍ പൂട്ടുന്ന നെതര്‍ലണ്ട്സ് പോലുള്ള രാജ്യങ്ങള്‍ മതാത്മകതയില്‍ പൊടുന്നനെ പൂജ്യത്തിലേക്ക് കൂപ്പുകുത്തുകയാണ്. എന്നാല്‍ മാനവികതയിലും സഹജീവിസ്നേഹത്തിലും അവര്‍ മുന്നേറുകയാണ്. ചുരുക്കത്തില്‍ മതവും ധാര്‍മ്മികതയും രണ്ടും രണ്ടാണ്. മതം ഒരുവനെ ധാര്‍മ്മികനോ ആത്മീയനോ ആക്കിക്കൊള്ളണമെന്ന് നിര്‍ബന്ധമില്ല. മതാത്മകത മനുഷ്യന്‍റെ പ്രതീകാത്മ മനസ്സിനെയാണ് (Symbolic Mind) അഭിസംബോധന ചെയ്യുന്നത്. ധാര്‍മ്മിക മനുഷ്യനാവട്ടെ നിശ്ചയമായും സ്വന്തം ഉള്‍ക്കാമ്പ് കണ്ടെത്തിയ മനുഷ്യനായിരിക്കണം.

"ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്" എന്ന് പറഞ്ഞ ക്രിസ്തുവും ദൈവം എന്ന സങ്കല്പത്തെക്കുറിച്ച് നിശബ്ദനായി ധര്‍മ്മം അടിസ്ഥാനമൂല്യമാക്കാന്‍ ഉത്ബോധിപ്പിച്ച ബുദ്ധനുമൊക്കെ ധാര്‍മ്മികതയില്‍ ഉരുവായ ആത്മീയ മനുഷ്യരെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു. ധാര്‍മ്മിക മനുഷ്യന്‍ കാരുണ്യവാനും പരസ്നേഹിയും ആയിരിക്കുന്നത് സ്വന്തം ഉള്ളിനെ തിരിച്ചറിഞ്ഞിട്ടാണ്. അപരന്‍ എന്‍റെ ഉണ്മയുടെ തുടര്‍ച്ചയാണെന്ന് തിരിച്ചറിയുന്ന ഏതൊരുവനും സ്വയം സ്നേഹിക്കുന്നതുപോലെ അപരനേയും സ്നേഹിക്കാതിരിക്കാനാവില്ല. പരസ്നേഹമെന്നത് സ്വയം സ്നേഹത്തിന്‍റെ തുടര്‍ച്ചയാണ.് എന്തുകൊണ്ട് ഒരാള്‍ പരസ്നേഹപ്രവൃത്തികള്‍ ചെയ്യുന്നുവെന്ന് ചോദിച്ചാല്‍ അയാള്‍ സ്വയം സ്നേഹിക്കുന്നയാളും അപരന്‍ ജീവന്‍റെ ഈ വലിയ കണ്ണിയില്‍ തന്‍റെ തുടര്‍ച്ചയാണെന്നുമുള്ള തിരിച്ചറിവാണ്. "ഞാന്‍ ദാനം കൊടുക്കില്ല, ദാനം കൊടുക്കാന്‍ മാത്രം ഞാന്‍ ദരിദ്രനല്ല" എന്ന് പറഞ്ഞ നീച്ഛേയേപ്പോലുള്ള ചിന്തകര്‍ നമ്മോട് പറയുന്നത് ദാനം ചെയ്യാനല്ല പങ്കുവെച്ച് സ്വന്തം സത്തയോടുള്ള കരുതല്‍ പൂര്‍ണ്ണമാക്കാനാണ്.

Featured Posts

Recent Posts

bottom of page