
റൊമേലു ലുകാകു
ബെല്‍ജിയം,17 ജൂണ്‍ 2018
ഞങ്ങള്‍ പാപ്പരായിരിക്കുന്നു എന്നുറപ്പിച്ച ആ നിമിഷത്തെ ഞാന്‍ വ്യക്തമായോര്‍ക്കുന്നുണ്ട്. ഫ്രിഡ്ജിനടുത്തു നില്‍ക്കുന്ന അമ്മയെയും അവരുടെ മുഖത്തെ ഭാവവും എനിക്കിപ്പൊഴും വ്യക്തമായി കാണാം.
എനിക്ക് ആറുവയസ്സായിരുന്നു. സ്കൂള ില് നിന്ന് ഉച്ചഭക്ഷണ സമയത്ത് വീട്ടില്‍ വന്നതാണ് ഞാന്‍. ഒന്നൊഴിയാതെ, എല്ലാ ദിവസവും അമ്മയുടെ മെനു അതുതന്നെ : റൊട്ടിയും പാലും. കുട്ടിയായിരിക്കുമ്പോള്‍ നിങ്ങളതിനെക്കുറിച്ച് ചിന്തിക്കുകപോലുമില്ല. പക്ഷേ എനിക്കിപ്പോള്‍ ഊഹിക്കാം; അന്ന്, അതേ ഞങ്ങള്‍ക്ക് താങ്ങാനാവുമായിരുന്നുള്ളു.
വീട്ടിലെത്തിയ ഞാന്‍ അടുക്കളയിലേക്ക് ചെന്നു. അവിടെ ഫ്രിഡ്ജിനടുത്ത് അമ്മ പാല്‍പ്പാത്രവുമായി നില്‍പ്പുണ്ട്, സാധാരണപോലെ തന്നെ. പക്ഷെ ഇത്തവണ അവരതില്‍ എന്തോ ചേര്‍ത്തിളക്കുന്നുണ്ട്. നോക്കൂ... അവരത് നന്നായി കുലുക്കുന്നുമുണ്ട്. സത്യത്തില്‍ എന്താ സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. എന്നിട്ടവര്‍, എല്ലാം ഭംഗിയാണെന്ന പുഞ്ചിരിയോടെ ഉച്ചഭക്ഷണം എനിക്ക് വിളമ്പി. അപ്പോഴാണ് എനിക്കത് പിടികിട്ടിയത്. അമ്മ പാലില്‍ വെള്ളം ചേര്‍ത്തിളക്കുകയായിരുന്നു. ഈ ആഴ്ച പൂര്‍ത്തിയാക്കാനാവശ്യമായത്ര പണം ഞങ്ങള്‍ക്കില്ലായിരുന്നു. ഞങ്ങളിതാ പാപ്പരായിരിക്കുന്നു. വെറും ദരിദ്രരല്ല, പാപ്പര്‍.
എന്‍റെ അച്ഛന്‍ ഒരു പ്രൊഫഷണല്‍ ഫുട്ബോള്‍ കളിക്കാരനായിരുന്നു. അദ്ദേഹം തന്‍റെ കരിയറിന്‍റെ അവസാനത്തിലെത്തിയിരുന്നു, പണമെല്ലാം തീര്‍ന്നുപോയി. ആദ്യം പോയത് കേബിള്‍ ടിവിയാണ്. ഇനി ഫുട്ബോളില്ല. മാച്ച് ഓഫ് ദി ഡേയില്ല. നോ സിഗ്നല്‍.പിന്നെ, രാത്രിയില്‍ വീട്ടിലേക്കെത്തുമ്പോള്‍ മൊത്തം ഇരുട്ടായി. കറണ്ടില്ല, ഓരോ തവണയും രണ്ടോ മൂന്നോ ആഴ്ചക്കാലത്തോളം. വൈകാതെ, കുളിക്കാന്‍ ചൂടുവെള്ളവുമില്ലാതായി. അമ്മ കെറ്റിലില്‍ വെള്ളമെടുത്ത് സ്റ്റൗവില്‍ വച്ച് ചൂടാക്കിത്തരും. ആ ചൂടുവെള്ളം കപ്പില്‍ കോരി തലയിലേക്കൊഴിച്ചായിരുന്നു എന്‍റെ വിശാലമായ കുളി.
മുമ്പും ചിലപ്പോഴൊക്കെ അമ്മയ്ക്ക് തെരുവിലെ ബേക്കറിയില്‍ നിന്ന് റൊട്ടി കടം വാങ്ങേണ്ടിവന്നിട്ടുണ്ട്. ബേക്കറിക്കാര്‍ക്ക് എന്നെയും അനിയനെയും നന്നായറിയാമായിരുന്നതുകൊണ്ട് വെള്ളിയാഴ്ച പണം കൊടുക്കാമെന്ന ഉറപ്പില്‍ തിങ്കളാഴ്ച ഒരു മുഴുവന്‍ റൊട്ടി അമ്മയ്ക്കവര്‍ നല്‍കിയിരുന്നു.
ഞങ്ങള്‍ ബുദ്ധിമുട്ടിലാണെന്ന് ഞാന്‍ മുമ്പേ മനസ്സിലാക്കിയിരുന്നു. പക്ഷെ, അമ്മ പാലില്‍ വെള്ളം ചേര്‍ക്കുന്നതു കണ്ടപ്പോള്‍ നിക്കത് ഉറപ്പായി.
പറഞ്ഞുവന്നത്... ഇതായിരുന്നു ഞങ്ങളുടെ ജീവിതം.
ഞാനൊരു വാക്കും മിണ്ടിയില്ല. അമ്മയെ കൂടുതല്‍ സങ്കടപ്പെടുത്താന്‍ എനിക്കിഷ്ടമില്ലായിരുന്നു. ഞാനെന്‍റെ ഉച്ചഭക്ഷണം ക ഴിച്ചു. പക്ഷെ, ദൈവത്തെപ്രതി ആ ദിവസം ഞാനൊരു പ്രതിജ്ഞയെടുത്തു...
ഞാനെന്താണ് ചെയ്യേണ്ടത് എന്നെനിക്കറിയാമായിരുന്നു; എന്താണ് ചെയ്യാന്‍ പോകുന്നതെന്നും.
അമ്മയിങ്ങനെ ജീവിച്ചാല്‍ പോരാ. ഇല്ല, എനിക്കിതു പോരാ...
ഫുട്ബോള്‍ കളിക്കാര്‍ സാധാരണയായി മനോവീര്യത്തെപ്പറ്റി സംസാരിക്കാറുണ്ട്. നോക്കൂ... ഞാനാണ് നിങ്ങളിതുവരെ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും മനോബലമുള്ള ആള്‍.
എനിക്കോര്‍മ്മയുണ്ട്, അനിയനും അമ്മയ്ക്കുമൊപ്പം കൂരിരുട്ടത്തിരുന്ന് പ്രാര്‍ത്ഥന ചൊല്ലുന്നത്, ചിന്തിക്കാം... വിശ്വസിക്കാം... അറിയാം...