top of page

കൂരിരുള്‍ താഴ് വരയിലൂടെ

Nov 3, 2024

2 min read

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
a sheep in the field

23-ാം സങ്കീര്‍ത്തനം 4-ാം വാക്യത്തില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: "മരണത്തിന്‍റെ നിഴല്‍ വീണ താഴ് വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും അവിടുന്നു കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല". ഇസ്രായേലിലെ ഇടയന്മാരുടെയും ആടുകളുടെയും പശ്ചാത്തലത്തില്‍ നാം വായിച്ചു ധ്യാനിക്കേണ്ട ഒരു ഭാഗമാണിത്. സാധാരണയായി ഇടയന്മാര്‍ മലമുകളിലേക്കും കുന്നിന്‍ പുറങ്ങളിലേക്കും ആടുകളെ മേയ്ക്കുവാന്‍ കൊണ്ടുപോകും. മുഴുവന്‍ പുല്ലുകളും തിന്നുകഴിയുമ്പോള്‍ അടുത്ത മലമുകളിലേക്കും അവയെ ആനയിക്കും. കുന്നിറങ്ങി താഴ് വരയില്‍ വരുമ്പോള്‍ അവിടെ ജലസ്രോതസ്സുകളുണ്ട്. കുറ്റിച്ചെടികളും മരങ്ങളും നിറഞ്ഞു വളരുന്ന സ്ഥലമാണത്. അവിടെ എത്തുമ്പോള്‍ ആടുകള്‍ക്കു ഭയമാകും. തീറ്റകാണുമ്പോള്‍ ഇടയെ മറന്ന് ഭക്ഷണം തേടിപ്പോകുന്ന ആടുകളെ ധാരാളമായി കാണാം. കൂരിരുള്‍ നിറഞ്ഞു നില്‍ക്കുന്ന ഈ താഴ് വരയില്‍ വരുമ്പോള്‍ ആടുകള്‍ ഇടയനോടു ചേര്‍ന്നു നില്‍ക്കും. ഭയവിഹ്വലരായ ആടുകള്‍ക്കു ധൈര്യം പകരുന്നത് ഇടയന്‍റെ സാന്നിധ്യമാണ്. ഇടയന്‍ മുമ്പില്‍ നടക്കുമ്പോള്‍ ആടുകള്‍ പിന്നാലെ അനുഗമിക്കും. സ്വാര്‍ത്ഥ സുഖങ്ങളിലേക്കു തിരിഞ്ഞ ജനത്തെ വിവിധ ജീവിതാനുഭവങ്ങളുടെ വഴിയിലൂടെ നടത്തി ദൈവം തന്നിലേക്ക് ജനത്തെ തിരിച്ചും തിരിയുകയും പിന്തിരിയുകയും വീണ്ടും തിരികയും ചെയ്യുന്ന ജനത്തെ ഈ സങ്കീര്‍ത്തന പശ്ചാത്തലത്തില്‍ നമുക്കു കാണാം.

കൂരിരുള്‍ താഴ് വര പുതിയ മേച്ചില്‍ സ്ഥലത്തേക്കുള്ള പാതയാണ്. വിലാപവും നിലവിളിയുമെല്ലാം മരുഭൂമി യാത്രയില്‍ ഇസ്രായേല്‍ ജനത പ്രകടിപ്പിച്ചു. മുമ്പില്‍ അലറുന്ന കടലും പിന്നില്‍ ഇരമ്പുന്ന സൈന്യവും അവരെ ഭയപ്പെടുത്തി. മേഘം ചലിച്ചപ്പോള്‍ യാത്രതുടരുകയും മേഘം നിശ്ചലമായപ്പോള്‍ കൂടാരമടിച്ചു പാര്‍ക്കുകയും ചെയ്തവര്‍. മന്നയും കാടപ്പക്ഷിയും മാത്രം കഴിച്ചു ജീവിച്ചവര്‍. ആവര്‍ത്തന വിരസതകളുടെ നടുവില്‍ ഇസ്രായേല്‍ ജനത രൂപാന്തരപ്പെടുകയായിരുന്നു. പകല്‍ സൂര്യനാണെങ്കിലും രാത്രി ചന്ദ്രനാണെങ്കിലും ഒന്നും തങ്ങളെ ബാധിക്കില്ലെന്ന തിരിച്ചറിവ് മരുഭൂമിയില്‍ അവര്‍ക്കു ലഭിച്ചു. ഈ സഹനങ്ങളെല്ലാം തേനും പാലും ഒഴുകുന്ന കാനാന്‍ ദേശത്തേക്കുള്ള പാതയായി മാറുമെന്ന് അവര്‍ തിരിച്ചറിഞ്ഞു. നന്മയിലേക്കുള്ള പാതയായി കൂരിരുള്‍ത്താഴ്വര കാണപ്പെട്ടു.

മനോഹരമായ അരുളിക്കായുടെ പിന്നില്‍ ചെത്തികൂര്‍പ്പിക്കപ്പെട്ട ചെമ്പു തകിടുകളുടെ വഴിയുണ്ട്. സുന്ദരമായ തിരുവോസ്തിയുടെ പിന്നില്‍ പൊടിക്കപ്പെട്ട ഗോതമ്പുമണികളുടെ നൊമ്പരമുണ്ട്. എല്ലാ ഉപരിനന്മകളുടെയും പിന്നില്‍ സഹനത്തിന്‍റെ വഴികളുണ്ട്. ഒളിമ്പിക്സ് മെഡലിനു പിന്നില്‍ പരിശീലനത്തിന്‍റെ കൂരിരുള്‍ താഴ്വരയുണ്ട്. ഒന്നാം റാങ്കിനു പിന്നില്‍ ഉറങ്ങാതിരുന്നു പഠിച്ച വഴികളുണ്ട്. സുന്ദരമായ ഓടക്കുഴലിനു പിന്നില്‍ ചാരങ്ങള്‍ വീണ നൊമ്പരമുണ്ട്. നവജാതശിശുവിന്‍റെ ചിരിക്കുന്ന മുഖത്തിനു പിന്നില്‍ അമ്മയുടെ പ്രസവ വേദനയുണ്ട്. ഉപരിനന്മയെന്ന കാനാന്‍ ദേശത്ത് നാം എത്തിച്ചേരുന്നത് സഹനത്തിലൂടെയാണ്.

കൂരിരുള്‍ പുതിയ വളര്‍ച്ചയിലെത്തിക്കുന്നതു വഴിയാണ് ജയില്‍ വാസത്തിനിടയില്‍ മഹാത്മാഗാന്ധി തന്‍റെ സത്യാന്വേഷണപരീക്ഷണങ്ങള്‍ എന്ന ഗ്രന്ഥം രചിച്ചു. ഇന്‍ഡ്യയെ കണ്ടെത്തല്‍ എന്ന മനോഹരമായ ഗ്രന്ഥം നെഹ്രു രചിച്ചത് ജയില്‍ വാസത്തിന്‍റെ ഇടയിലാണ്. ജീവിതത്തില്‍ അന്ധകാരം പടരുമ്പോള്‍ ചില വ്യക്തികള്‍ തകര്‍ന്നുപോകും. മറ്റു ചിലര്‍ ആ അവസ്ഥയെ വിജയത്തിലേക്കുള്ള ചവിട്ടുപടിയായി ഉപയോഗിക്കാം. വഴി വിലങ്ങിക്കിടക്കുന്ന കല്ലിനെ തടസ്സമായി കാണുന്നവരുണ്ട്. എന്നാല്‍ മറ്റു ചിലര്‍ ആ കല്ലില്‍ ചവുട്ടിക്കയറി ലക്ഷ്യത്തിലേക്കു പ്രയാണം ചെയ്യും. പത്രോസും കൂട്ടരും രാത്രിയില്‍ ഭയവിഹ്വലരായി ഇരുന്നപ്പോള്‍ ക്രിസ്തു വന്നപ്പോള്‍ ആ ഭയം മാറി ഒരു പുതിയ പ്രകാശത്തിലേക്ക് അവര്‍ നടന്നു നീങ്ങി. പൗലോസിന്‍റെ ജീവിതവും ഇതു തന്നെ പഠിപ്പിക്കുന്നു. വിശുദ്ധാത്മാക്കള്‍ക്ക് കൂരിരുള്‍ താഴ്വര പുതിയ പ്രകാശത്തിലേക്കു കൈപിടിച്ചു നടത്തുന്ന വഴിവിളക്കുകളാണ്.

ആടുകളും പശുക്കളും കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്നതും രാത്രിയിലാണ്. താറാവു കൂടുതല്‍ മുട്ടയിടുന്നതും രാത്രിയില്‍ത്തന്നെ. കൂരിരുള്‍ താഴ്വര ഫലദായകമായ ദൈവിക സാന്നിധ്യത്തിന്‍റെ പാതയാണ്. ആകാശത്തില്‍ നക്ഷത്രങ്ങള്‍ എപ്പോഴും നിറഞ്ഞു നില്‍പ്പുണ്ട്. പക്ഷേ നക്ഷത്രങ്ങളെ കാണണമെങ്കില്‍ ഇരുട്ടു പരക്കണം. കൂരിരുള്‍ താഴ്വരകള്‍ ദൈവം നമുക്കു സമ്മാനിക്കുന്നതും ദൈവത്തെ കാണുവാനുള്ള വഴികളാകുന്നു. കണ്ണുകളില്‍ അന്ധത ബാധിച്ചപ്പോഴാണ് പൗലോസ് ശ്ലീഹാ കര്‍ത്താവിനെ കണ്ടുതും വെടിയുണ്ടയേറ്റ് കാല്‍ തകര്‍ന്നു കിടന്നപ്പോള്‍ ഇഗ്നേഷ്യസ് ലയോള കര്‍ത്താവിനെ കണ്ടു ഗുരതരമായ രോഗാവസ്ഥയില്‍ തളര്‍ന്ന് കിടന്നപ്പോഴാണ് ഫ്രാന്‍സീസ് അസ്സീസി ക്രിസ്തുവിനെ കണ്ടെത്തിയത്. അന്ധകാരം നിറഞ്ഞ താഴ്വരയുടെ നിഗൂഢ നിശ്ചലത ആടുകളെ ഇടയനിലേക്കു തിരിച്ചു നടത്തി. ജീവിത യാത്രയില്‍ വേദനാജനകമായ അന്ധകാരങ്ങള്‍ പറക്കുമ്പോള്‍ ചഞ്ചല ചിത്തരാകാതെ കര്‍ത്താവിന്‍ ആശ്രയിക്കാം. പച്ചയായ പുല്‍ത്തകിടികളിലേക്കും സ്വച്ഛമായ ജലാശയത്തിലേക്കും അവിടുന്ന് എന്നെ നയിക്കും.

�ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

0

227

Featured Posts

Recent Posts

bottom of page