top of page

ഇന്‍കാര്‍ണേഷന്‍

Jan 14, 2022

3 min read

സപ
joyful among nuns

"ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ട. ഇതാ, സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്‍റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്‍റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു." (ലൂക്കാ 2:10, 11)

കഴിഞ്ഞ വര്‍ഷം ഡിസംബറിലെ ഒരനുഭവമാണ്. എറണാകുളത്തെ ജോലിസ്ഥലത്തേയ്ക്ക് ട്രെയിനില്‍ പോ കാന്‍ ആലുവ റെയില്‍വെസ്റ്റേഷനില്‍ കാത്തുനില്‍ക്കുകയാണ്. ഉച്ചയ്ക്ക് ഒരു മണി. റെയി ല്‍വേ ചേച്ചിയുടെ മധുരമായ ശബ്ദം മുഴങ്ങി, 'ട്രെയിന്‍ നമ്പര്‍ 07230 ഹൈദരാബാദില്‍നിന്ന് കോട്ടയം വഴി തിരുവനന്തപുരം വരെ പോകുന്ന ശബരി എക്സ്പ്രസ്സ് അല്പസമയത്തിനകം ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലേയ്ക്ക് എത്തിച്ചേരുന്നതാണ്.' അല്പസമയം പോലുമായില്ല. ട്രെ യിന്‍ വന്നു. ഏറ്റവും പിന്നി ലെ ജനറല്‍ കംപാര്‍ട്ട്മെന്‍റ്. വലിയ തിരക്കില്ല. വാതിലിനടുത്തുള്ള ആദ്യകാബിനില്‍ തന്നെ കര്‍ത്താവിന്‍റെ ആറു മണവാട്ടിമാര്‍ ഇരിക്കുന്നുണ്ട്. ഒരു വശത്തെ നിരയില്‍ കഷ്ടിച്ച് ഒരാള്‍ക്കു കൂടി ഇരിക്കാം. മടിച്ചു നിന്നപ്പോള്‍ ഇരുന്നോളൂ എന്ന് ഒരു സിസ്റ്ററുടെ സ്നേഹത്തോടെയുള്ള ആംഗ്യം. ഇരുന്നു. പതിവുപോലെ ആദ്യം നോക്കിയത് കൈകളില്‍ കൊന്ത ഉണ്ടോ എന്നാണ്. മനുഷ്യര്‍ ഭ്രാന്തെടുത്ത് പരക്കം പായുന്ന തെരുവീഥികളിലും തീവണ്ടികളിലും ബസ്സിലുമെല്ലാം സ്വസ്ഥമായിരുന്നു കൊന്തമണികളുരുട്ടുന്ന കന്യാസ്ത്രീകളെ കാണുന്നത് തന്നെ എന്തൊരാശ്വാസമാണ്. ഉണ്ട്, എല്ലാവരുടെയും വലതുകൈകളില്‍ കൊന്ത കോര്‍ത്തിട്ടുണ്ട്. ഇടതു കൈയില്‍ സ്മാര്‍ട്ട് ഫോണും! ചെറുപ്പക്കാരികളാണ്. മുപ്പതുകളുടെ മധ്യത്തിലെ പ്രായം കാണൂ. കൂട്ടത്തിലെ 'ലീഡര്‍' എന്ന് തോന്നിപ്പിക്കുന്ന സിസ്റ്ററിന് ഒരു 45 കാണും. എല്ലാവരും നല്ല സന്തോഷത്തിലാണ്. രണ്ടുപേര്‍ വീതം തോളുകളില്‍ ചാരിയിരുന്ന് എന്തൊക്കെയോ മൃദുവായി പറഞ്ഞ് പൊട്ടിച്ചിരിക്കുന്നുണ്ട്. (കര്‍ത്താവിന്‍റെ വക്ഷസ്സില്‍ ചാരിക്കിടന്ന യോഹന്നാനെ ഓര്‍ത്തുപോയി.) പ്രിയപ്പെട്ടവരോടൊത്തുള്ള യാത്രകള്‍ എത്രയോ ഹൃദ്യമാണ്. (ഭാര്യ കേള്‍ക്കണ്ട) ലീഡര്‍ സിസ്റ്റര്‍ കളിചിരികളിലൊന്നും ചേരാതെ കുറെ നേരമായി ഫോണില്‍ എന്തോ തിരയുന്നുണ്ട്. കുറച്ചുകഴിഞ്ഞ് സിസ്റ്റര്‍ ഫോണ്‍ മറ്റു സിസ്റ്റര്‍മാരുടെ നേരെ നീട്ടി. രണ്ടുപേര്‍ ഫോണില്‍നിന്ന് എന്തോ ഒരു കടലാസില്‍ കുറിച്ചെടുക്കുന്നുണ്ട്. എന്തെങ്കിലുമാകട്ടെ. ചെറുതായി ഒന്നു മയങ്ങാം. മെല്ലെ കണ്ണടച്ചു. സുന്ദരമായ ഗാനവീചികള്‍ കേട്ടാണ് ഉണര്‍ന്നത്. ആറുപേരും ചേര്‍ന്ന് പാടുകയാണ്:

"ആഴത്തിലെന്നോടിന്നിടപെടണേ

ആത്മാവിലെന്നോടിന്നിടപെടണേ

ആരിലും ശ്രേഷ്ഠമായി

ആരിലും ശക്തമായി

മാന്‍ നീര്‍ത്തോടിനായ്

കാംക്ഷിക്കുമ്പോള്‍ ആത്മാവിനായി ദാഹിക്കുന്നേന്‍

ആ ജീവനെ എനിക്കേകിടണേ

യേശുവേ ഞാന്‍ നിന്‍റെ ദാനമല്ലേ..."


നല്ല കോമ്പിനേഷന്‍. ആറുപേരും ചേര്‍ന്ന് ഒറ്റ സ്വരം തന്നെ. തൊട്ടടുത്ത കാബിനില്‍ നിന്നും പാട്ടുകേള്‍ക്കാന്‍ ആളുകളെത്തി. ഇതു പാട്ടുപാടുന്ന കുട്ടികളെ മാത്രം എടുക്കുന്ന ഏതോ കോണ്‍ഗ്രിഗേഷനാണെന്ന് തോന്നുന്നു! ആരോ കൈയ്യടിക്കുന്നുണ്ടായിരുന്നു. ആരും കൈയടിച്ചു പോകും. ഗംഭീരമായിരിക്കുന്നു സിസ്റ്റര്‍മാരെ എന്നു പറയാന്‍ ശ്രമിക്കുമ്പോഴേയ്ക്കും തൊട്ടടുത്ത കാബിനില്‍ നിന്ന് ഒരു ജന്‍റില്‍മാന്‍ പാഞ്ഞെത്തി പറഞ്ഞു: "നൈസ് സോംഗ്, നൈസ്ലി സംഗ്!" അദ്ദേഹം തുടര്‍ന്നു: "ഈ പാട്ട് ആരുടേതാണെന്ന് അറിയാമോ? ഇതെഴുതി ഈണമിട്ടത് റോമന്‍ കത്തോലിക്കാ വൈദികനോ അല്മായനോ ഒന്നുമല്ല. ഇതൊരു പെന്തക്കോസ്റ്റ് പാസ്റ്ററുടെ ഗാനമാണ്." (അഭിനന്ദനങ്ങള്‍ക്കിടയിലും റോമന്‍ കത്തോലിക്കര്‍ക്കിട്ടും കന്യാസ്ത്രീകള്‍ക്കിട്ടും അയാള്‍ കുത്തിയതായിരിക്കുമോ?  ആയിരിക്കില്ല, നന്മ ദര്‍ശിക്കാം). ട്രെയിന്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ അടുക്കാറായി. സിസ്റ്റര്‍മാര്‍  അവരുടെ ബാഗുമായി എഴുന്നേറ്റു.

"നല്ല പാട്ടായിരുന്നു സിസ്റ്റര്‍"

"താങ്ക് യൂ"

"എല്ലാവരും നല്ല സന്തോഷത്തിലാണല്ലോ"

നിറഞ്ഞ ചിരിയായിരുന്നു മറുപടി.

ഞാന്‍ വിട്ടില്ല.

"സന്തോഷമുള്ള സമര്‍പ്പിതരെ കാണുന്നതുതന്നെ സന്തോഷമാണ്.

"വീണ്ടും ഹൃദയംഗമമായ ചിരി

."സമര്‍പ്പിതര്‍ ആനന്ദത്തിന്‍റെ സാക്ഷികളാണെന്നല്ലേ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത്?"

ചിരി തുടരുന്നു.

"ആ പാട്ടുകടലാസ് എനിക്കു തരാമോ?"

ഒരു സിസ്റ്റര്‍ സന്തോഷത്തോടെ കടലാസ് തന്നു.

"ഏതു കോണ്‍ഗ്രിഗേഷനാണ്?"

"ഇന്‍കാര്‍ണേഷന്‍"

"ഏതു റൈറ്റാണ്?"

"ലാറ്റിന്‍"


ട്രെയിന്‍ പ്ലാറ്റ്ഫോമിലെത്തി. എല്ലാവരും ഇറങ്ങി. അവര്‍ക്ക് ഒരു പുഞ്ചിരി സമ്മാനിച്ച് ഞാന്‍ നടന്നു. അവരോട് ഉള്ളില്‍ നന്ദിയും സ്നേഹവും തോന്നി. ഇരുപത് മിനിറ്റ് മാത്രമുള്ള ഒരു സാധാരണ തീവണ്ടിയാത്രയെ മധുരമായ ഗാനത്താല്‍ അവര്‍ അവിസ്മരണീയമാക്കി. ഏതു റൈറ്റായാലും കോണ്‍ഗ്രിഗേഷനായാലും കന്യാസ്ത്രീകളായാല്‍ ഇങ്ങനെ വേണം. കാണുമ്പോള്‍ തന്നെ മറ്റുള്ളവരില്‍ സന്തോ ഷം ഉണരണം. സംസാരിക്കുമ്പോള്‍ ഉള്ളില്‍ ശാന്തി നിറയണം. അല്ലാതെ ഒരു മാതിരി മസിലുപിടിച്ച് അസ്വസ്ഥരായി ഇരുന്നിട്ട് എന്തു കാര്യം? അങ്ങനെയുള്ളവരെ കാണുമ്പോള്‍ അസ്വസ്ഥത മറ്റുള്ളവരിലേക്കും പടരും. ഈ ലോകം മുഴുവനും യാതൊരു അച്ചടക്കവുമില്ലാത്ത ഒരു 'ഹോസ്റ്റല്‍' ആണെന്ന ധാരണയില്‍ എല്ലാത്തിനെയും സംശയദൃഷ്ടിയോടെ നോക്കിക്കാണുന്ന 'മേട്രണ്‍ സിസ്റ്റര്‍' എന്ന ബിംബം കാലഹരണപ്പെട്ടു കഴിഞ്ഞു.

ഇന്‍കാര്‍ണേഷന്‍! അതാണ് അവരുടെ ആനന്ദത്തിന്‍റെ അടിസ്ഥാനം. അവരുടെ മാത്രമല്ല മനുഷ്യവംശത്തിന്‍റെ മുഴുവനും ആനന്ദത്തിന്‍റെ അടിസ്ഥാനം ഇന്‍കാര്‍ണേഷന്‍ അഥവാ ദൈവത്തിന്‍റെ മനുഷ്യാവതാരമാണ്. സകല അനീതിയും അക്രമവും പാപവും വക്രതയും സ്വാര്‍ത്ഥതയും അഴിമതിയും വഞ്ചനയും മൂലം മനുഷ്യന്‍ ലോകത്തെ മലിനമാക്കിയിട്ടും ചരിത്രത്തിലെ ഒരു പ്രത്യേക മുഹൂര്‍ത്തത്തില്‍ ദൈവം മനുഷ്യരുടെ ലോകത്തിലേക്ക്, ലോകത്തിലെ മനുഷ്യനായ് കടന്നുവന്നു. അതാണ് യഥാര്‍ത്ഥമായ സ്നേഹം. അങ്ങനെ സ്നേഹിക്കാന്‍ ദൈവത്തിനു മാത്രമേ കഴിയൂ. "നാം ദൈവത്തെ സ്നേഹിച്ചു എന്നതിലല്ല, അവിടുന്ന് നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങള്‍ക്ക് പരിഹാരബലിയായി സ്വപുത്രനെ അയയ്ക്കുകയും ചെയ്തു എന്നതിലാണ് സ്നേഹം" (1 യോഹ 4/10) എന്ന് വി. യോഹന്നാന്‍ അസന്ദിഗ്ദ്ധമായി പറയുന്നത് അതിനാലാണ്.

ആ കടന്നുവരവിനെ സ്വര്‍ഗംപോലും വിശേഷിപ്പിച്ചത് 'വലിയ സന്തോഷത്തിന്‍റെ സദ്വാര്‍ത്ത' എന്നല്ലേ? അതാകട്ടെ സകല ജനതകള്‍ക്കും വേണ്ടിയുള്ളതത്രേ. സന്തോഷസൂചികയില്‍ മുന്നിലുള്ള രാജ്യങ്ങള്‍ ഫിന്‍ലന്‍ഡും നോര്‍വെയും ഡെന്‍മാ ര്‍ക്കും ന്യൂസിലാന്‍ഡുമൊക്കെ ആയിരിക്കാം. കൂടുതല്‍ സൂക്ഷ്മവും കൃത്യവുമായ മറ്റൊരു ഉത്തരമുണ്ട്. പുല്‍ക്കൂട്ടില്‍ പിറക്കുകയും കാല്‍വരിയില്‍ മരിക്കുകയും ചെയ്ത യേശുക്രിസ്തുവിനെ അറിയുകയും സ്നേഹിക്കുകയും ആരാധിക്കുകയും  അനുകരിക്കുകയും ചെയ്യുന്ന മാനവഹൃദയങ്ങളാണ് ഭൂമിയിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങള്‍. ഹൃദയവും ഒരു  സാമ്രാജ്യമാണല്ലോ. കൂടുതല്‍ ശ്രേഷ്ഠ വും വിശാലവും അര്‍ത്ഥപൂര്‍ണവുമായ ഒരു സാമ്രാജ്യം. ചുരുട്ടിയ മുഷ്ടിയോളമേ ഉള്ളൂവെങ്കിലും 'ആയിരം സൗരമണ്ഡലങ്ങള്‍ ഉദിച്ചുയരുന്ന' ഒരു സാമ്രാജ്യം. സ്നേഹത്തിന്‍റെ എവര്‍ലാസ്റ്റിംഗ് ആയ രണ്ടേ രണ്ട് സ്നാപുകളേ സ്വര്‍ഗത്തിന് മനുഷ്യന്‍റെ മുമ്പില്‍ വയ്ക്കാനുള്ളൂ. ഒന്ന് പുല്‍ക്കൂട്, മറ്റൊന്ന് കാല്‍വരി. നിത്യഹരിതം, നിത്യശോണിതം! രണ്ടു 'പട'ത്തിലും നായകന്‍ ഒരാള്‍ തന്നെ. ഒന്നില്‍ ശൈശവ താരം. മറ്റൊന്നില്‍ രക്തതാരം. യാക്കോബില്‍ നിന്ന് ഉദിച്ച നക്ഷത്രമായ(സംഖ്യ 24/17) ക്രിസ്തുവില്ലാതെ ആനന്ദമില്ല. ക്രിസ്തുവില്ലാത്ത ആനന്ദംകൊണ്ട് അര്‍ത്ഥവുമില്ല. അവന്‍ ആത്മസ്വരൂപനാണ്, ആനന്ദരൂപനുമാണ്.  ‘Overwhelming’ എന്ന പദത്തിന് തകര്‍ക്കാന്‍ കഴിയാത്ത, അത്യധികമായ എന്നൊക്കെയാണര്‍ത്ഥം. അത്തരമൊരു ആനന്ദത്തിന്‍റെ നേര്‍സാക്ഷികളാകാനാണ് സര്‍വ്വമനുഷ്യരെയും പുല്‍ക്കൂട് ക്ഷണിക്കുന്നത്. ഇന്‍കാര്‍ണേഷന് ഒറ്റ ലക്ഷ്യമേ ഉള്ളൂ. മനുഷ്യനെ യഥാര്‍ത്ഥവും നിത്യവുമായ ആനന്ദത്താല്‍ നിറയ്ക്കുക. പുല്‍ക്കൂട്ടിലെ ദിവ്യപൈതലും കാല്‍വരിയിലെ രക്തപുഷ്പവും വാഗ്ദാനം ചെയ്യുന്നത് ഒന്നു മാത്രമാണ് - ആനന്ദഭരിതമായ ജീവിതം. 'അടഞ്ഞ ലോകത്തിന്‍റെ മേല്‍ ഇരുണ്ടമേഘങ്ങള്‍ ' എന്ന ഫ്രത്തേല്ലിതൂത്തി യിലെ ഒന്നാം അധ്യായത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കുന്ന സമകാലികയുഗത്തിന്‍റെ വ്യതിചലനങ്ങളുടെ പശ്ചാത്തലത്തില്‍ ക്രിസ്മസ്സിന്‍റെ ആനന്ദചിന്തകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. സത്യം, നീതി, കരുണ എന്നിവയോട് സമാധാനം ബന്ധപ്പെട്ടിരിക്കുന്നു എന്നും സകലരെയും ഉള്‍ക്കൊള്ളുകയും കരുതുകയും ചെയ്യുന്ന ഒരു കലയാണ് സമാധാനം എന്നും മാര്‍പാപ്പ പ്രസ്പഷ്ടമാക്കുന്നുണ്ട്. നിത്യമായ ഈ സമാധാനത്തിന്‍റെ സാമ്രാജ്യത്തിലേക്ക് വാതില്‍ തുറക്കാനുള്ള ക്ഷണമാണ് ക്രിസ്മസ്. നീതിയും സമാധാനവും സന്തോഷവും ഭരണം നടത്തുന്ന (റോമ 14/17) ആ സ്നേഹസാമ്രാജ്യത്തിന്‍റെ - ദൈവരാജ്യത്തിന്‍റെ - ആദ്യവിളംബരമാണ് ദൂതനിലൂടെ ആട്ടിടയന്മാര്‍ക്ക് ലഭിച്ചത്. ശ്രദ്ധയോടെ കാതോര്‍ത്താല്‍ നമുക്കും അത് കേള്‍ക്കാനാകും. കാലത്തിന്‍റെ ഒരു സന്ധിയില്‍ സംഭവിച്ച ഇന്‍കാര്‍ണേഷന്‍ ഇന്ന് നമ്മില്‍ ആവര്‍ത്തിക്കാനുള്ള ക്ഷണമാണ് ക്രിസ്മസ്. ആ ക്ഷണത്തോട് ഭാവാത്മകമായി പ്രതികരിക്കാന്‍ നമുക്കാകട്ടെ. മെറി ക്രിസ്മസ്.

സപ

0

0

Featured Posts

bottom of page