top of page
ആഗസ്റ്റ് 15-ാം തീയതി രാഷ്ട്രം സ്വാതന്ത്ര്യത്തിന്‍റെ 63-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഒരു രാഷ്ട്രത്തിന്‍റെ ചരിത്രത്തില്‍ ഇത് അത്ര ദീര്‍ഘകാലമൊന്നുമല്ല.
സ്വാതന്ത്ര്യ സമ്പാദനകാലത്ത് ഇന്ത്യ ഒരു 'പിന്നോക്കരാജ്യ'മായിരുന്നു. പിന്നീട് അതിനെ 'വികസ്വരരാജ്യ'മെന്നു വിളിച്ചു. പാശ്ചാത്യരാജ്യങ്ങളിലെ തലതൊട്ടപ്പന്മാരാണ് പേരിട്ടത്; നാമകരണത്തിലൂടെയുള്ള നയതന്ത്രം. പേരിടീലില്‍ പരിഗണന സമ്പദ്ക്രമം മാത്രമാണ്; കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ പാശ്ചാത്യരാഷ്ട്രങ്ങള്‍ക്കുള്ള താത്പര്യങ്ങള്‍. ഇന്ത്യയുടെ സംസ്കാരമോ, ജനതയോ, ജനാധിപത്യമോ ഒന്നും പരിഗണനാ വിഷയങ്ങളല്ല.
ഒരു വര്‍ഷംമുമ്പ് വികസിതരാജ്യങ്ങളുടെ - അതിസമ്പന്ന രാഷ്ട്രങ്ങളുടെ - സമ്മേളനമേശയ്ക്ക് നീളം കൂടിയപ്പോള്‍ ഇന്ത്യയ്ക്ക് ഒരു കസേര ലഭിച്ചു. 'വികസ്വരം' എന്ന പദം ഇന്ത്യയ്ക്കു ചേരുകയില്ല. നമ്മുടെ പ്രധാനമന്ത്രി ഇപ്പോള്‍ ഈ അതിസമ്പന്ന രാഷ്ട്രങ്ങള്‍ക്ക് ഉപദേശം നല്‍കുന്നു. "ഇന്ത്യയുടെ പ്രധാനമന്ത്രി ജി-20 സമ്മേളനത്തില്‍ സംസാരിക്കുമ്പോള്‍ ജനങ്ങള്‍ ശ്രദ്ധിക്കുന്നു," പ്രസിഡന്‍റ് ഒബാമാ ടൊറൊന്‍റോയില്‍ നടന്ന ജി-20 സമ്മേളന സന്ദര്‍ഭത്തില്‍ പ്രസ്താവിച്ചു.
ഇതാണ് ഇന്ത്യയുടെ ഇന്നത്തെ പ്രതിച്ഛായ. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം. പ്രതിച്ഛായകള്‍ സൃഷ്ടിക്കപ്പെടുന്നതാണ്. യഥാര്‍ത്ഥ ഇന്ത്യയെപ്പറ്റിയുള്ള ചിത്രമല്ല, ബാഹ്യശക്തികള്‍ നല്‍കുന്ന ചിത്രീകരണമാണ് മിക്കപ്പോഴും.
സ്വതന്ത്രഇന്ത്യയുടെ ചരിത്രം പ്രതിച്ഛായകളിലൂടെ അവതരിപ്പിക്കാം. സ്വാതന്ത്ര്യം സമ്പാദിച്ചുകഴിഞ്ഞ് ഒരു റിപ്പബ്ളിക്കായപ്പോള്‍ ഉണ്ടായിരുന്ന പ്രതിച്ഛായയെന്താണ്? അക്രമരഹിതമായി ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ തോല്പിച്ച ജനതയുടെ രാഷ്ട്രം, നല്ല ജനാധിപത്യം അടിത്തറ പാകിയ രാഷ്ട്രം, സവിശേഷമായ സാമൂഹ്യ സാമ്പത്തിക നീതി ഉന്നംവയ്ക്കുന്ന ഒരു ഭരണഘടനയുള്ള രാഷ്ട്രം, മറ്റു പിന്നോക്ക രാഷ്ട്രങ്ങള്‍ക്കു മാതൃക, ദീര്‍ഘ വീക്ഷണമുള്ള രാജ്യതന്ത്രജ്ഞന്മാര്‍ നേതൃത്വം നല്‍കുന്ന രാഷ്ട്രം - ഇങ്ങനെയായിരുന്നു പ്രതിച്ഛായ.
എഴുപതുകളായപ്പോഴേക്കും രണ്ടു പ്രതിച്ഛായകളായിരുന്നു ഇന്ത്യയെപ്പറ്റി വിദേശത്ത്. അവയില്‍ ആദ്യത്തേതിന് പ്രചാരം നല്‍കിയത് ഡോ. ഗുണ്ണാര്‍ മിര്‍ഡാലിന്‍റെ 'ഏഷ്യന്‍ ഡ്രാമാ' (Gunnar Myrdal, Asian Drama-1986) എന്ന ഗ്രന്ഥമാണ്. ഇന്ത്യയെയും മറ്റുചില ഏഷ്യന്‍ രാഷ്ട്രങ്ങളെയും 'മൃദു രാഷ്ട്രങ്ങള്‍' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഈ രാഷ്ട്രങ്ങള്‍ക്ക് ആവശ്യമായ സാമൂഹ്യശിക്ഷണമില്ലെന്ന് വാദിച്ച മിര്‍ഡാല്‍ പലപടികള്‍ കടന്ന് "സാമൂഹ്യശിക്ഷണം നടപ്പാക്കാന്‍ ഒരു അധികാരകേന്ദ്രീകൃത ഗവന്മെന്‍റിനായിരിക്കും കൂടുതല്‍ കഴിവുണ്ടായിരിക്കുക"യെന്നും കൂട്ടിച്ചേര്‍ത്തു. ഈ രാഷ്ട്രങ്ങള്‍ക്കു ജനാധിപത്യം അനുയോജ്യമാണോയെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. രാഷ്ട്രീയ പൗരാവകാശങ്ങള്‍ പരിമിതപ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചു. മന്ദഗതിയില്‍ നീങ്ങുന്ന ഒരു ജനാധിപത്യ രാഷ്ട്രം, സാമൂഹ്യശിക്ഷണത്തിന്‍റെ അപര്യാപ്തതമൂലം സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ കഴിവില്ലാത്ത ഒരു രാഷ്ട്രം - ഇതായിരുന്നു പൊതുവില്‍ പാശ്ചാത്യ രാഷ്ട്രങ്ങളിലെ പ്രതിച്ഛായ.
ഇന്ത്യയെപ്പറ്റി അന്നു വേറൊരു പ്രതിച്ഛായയുമുണ്ടായിരുന്നു. പുരോഗമനോന്മുഖമായ ഒരു വികസ്വര രാഷ്ട്രം, അതിന്‍റേതായ പന്ഥാവിലൂടെ സോഷ്യലിസത്തിലേക്ക് നീങ്ങുന്നു. സാമ്രാജ്യത്വത്തിനും നവകൊളോണിയലിസത്തിനുമെതിരെയുള്ള സമരങ്ങളില്‍ പല രാജ്യങ്ങള്‍ക്കും പിന്തുണയും പ്രോത്സാഹനവും നല്‍കുന്നു. നെഹ്റുവിന്‍റെ കാലം മുതല്‍ നിലവിലിരുന്ന ഈ പ്രതിച്ഛായ വളര്‍ത്തിയെടുത്തതില്‍ ചേരിചേരാരാഷ്ട്രങ്ങളും സോവിയറ്റുയൂണിയനും മറ്റു സോഷ്യലിസ്റ്റുരാഷ്ട്രങ്ങളും ഒരു വലിയ പങ്കു വഹിച്ചു.
ഈ രണ്ടു പ്രതിച്ഛായകളെയും പരമാവധി മുതലെടുത്താണ് പ്രധാന മന്ത്രി ഇന്ദിരാഗാന്ധി 1975-ല്‍ അടിയന്തരാവസ്ഥ നടപ്പാക്കിയത്. അന്നു നടന്ന പലതിന്‍റെയും പ്രത്യാഘാതങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. ദേശീയസുരക്ഷയെ ഭരണകൂടത്തിന്‍റെ, കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ ഭരണാധികാരിയുടെ, നിലനില്‍പ്പായി ചുരുക്കിയത്; മനുഷ്യാവകാശങ്ങളെ നിഷേധിച്ചത്; മനുഷ്യാവകാശലംഘനങ്ങള്‍ക്കു സാമ്പത്തികവികസനമെന്ന പേരില്‍ നീതീകരണം നല്‍കിയത്; സാമ്രാജ്യത്വത്തിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടുതന്നെ ബഹുരാഷ്ട്രകോര്‍പ്പറേഷനുകള്‍ക്കും ധനമൂലധനത്തിനും വാതായനങ്ങള്‍ തുറന്നിട്ടുകൊടുത്തത്; ലോകബാങ്കിന് ഇന്ത്യയുടെ സാമ്പത്തികനയ രൂപീകരണത്തില്‍ പ്രമുഖസ്ഥാനം നല്‍കിയത് - ഇതെല്ലാം അന്നു നടന്നതാണ്.
അടിയന്തരാവസ്ഥയും തുടര്‍ന്നുള്ള സംഭവവികാസങ്ങളും ഒരു കാര്യം തെളിയിച്ചു. ജനാധിപത്യ വിരുദ്ധമായ, ഏകാധിപത്യ വാഴ്ചയിലേക്കു നീങ്ങിയാല്‍ അതിന് ജനങ്ങള്‍ ആദ്യത്തെ അവസരത്തില്‍ത്തന്നെ തിരിച്ചടി നല്‍കും. 1977-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തിനു പുറത്താക്കി.
തൊണ്ണൂറുകളായപ്പോഴേക്കും പുതിയ ഒരു പ്രതിച്ഛായ ഉണ്ടായി - വലിയ ഉയരുന്ന വിപണി (Big Emerging Market). ആഗോളവല്‍ക്കരണത്തിന്‍റെ ചുവടുപിടിച്ച് സാമ്പത്തികപരിഷ്കാരം നടപ്പാക്കിയപ്പോഴായിരുന്നു ഇത്. രാഷ്ട്രമോ, ദേശമോ, ജനങ്ങളോ ഈ ചിത്രീകരണത്തിലില്ല; വിപണി മാത്രം. ആഗോളവല്‍ക്കരണത്തില്‍ രാഷ്ട്രങ്ങളോ ദേശങ്ങളോ ജനങ്ങളോ ഇല്ലല്ലോ. അത് ലോക കമ്പോളത്തെപ്പറ്റി മാത്രമാണല്ലോ.
ഇന്ത്യ വളര്‍ന്നുകൊണ്ടേയിരുന്നു. വളര്‍ച്ചയെന്നുപറഞ്ഞാല്‍ സാമ്പത്തിക വളര്‍ച്ച എന്നു മാത്രമാണ് അര്‍ത്ഥമാക്കിയത്. ഒരു പ്രമാണമായി ഇത് പരക്കെ അംഗീകരിക്കപ്പെട്ടു. 2010 ആകുമ്പോഴേക്കും ഇന്ത്യ വികസിത - മുതലാളിത്ത രാഷ്ട്രങ്ങള്‍ക്കും മാതൃകയാണ്; വികസ്വര രാഷ്ട്രങ്ങള്‍ക്കല്ല. ഭരണഘടനയിലെ 'സോഷ്യലിസ്റ്റ്' എന്ന പദവും ആഗോളവല്‍ക്കരണവും ഏതാണ്ട് ഒന്നുതന്നെയാണെന്ന് സുപ്രീംകോടതി ചീഫ്ജസ്റ്റീസ് അഹ്മാദി 1996-ല്‍ തന്നെ പ്രസ്താവിച്ചിരുന്നു. "ഉദാരവല്‍ക്കരണമെന്നത് സോഷ്യലിസവുമായി പൊരുത്തപ്പെടുന്നതാണ്. കാരണം നീതിപൂര്‍വകമായ വിതരണത്തിന് ആദ്യം ആവശ്യമായുള്ളത് സ്വത്തിന്‍റെ സൃഷ്ടിയാണ്." സ്വത്ത് സൃഷ്ടിക്കപ്പെട്ടു; വളരെയേറെ. പക്ഷേ നീതിപൂര്‍വകമായ വിതരണമില്ല.
സാമ്പത്തിക വളര്‍ച്ച മാത്രം പരിഗണിക്കുന്ന ഒരു വികസന മാതൃകയാണ് ആഗോളവല്‍ക്കരണം; ഇവിടെ നീതിയെപ്പറ്റിയുള്ള സങ്കല്പങ്ങള്‍ക്ക് സ്ഥാനമൊന്നുമില്ല. നീതിക്ക് ഇടമില്ല. സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവു വര്‍ദ്ധിപ്പിക്കുകയും, ദാരിദ്ര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യാനുള്ള പാചകക്കുറിപ്പാണ് ആഗോളവല്‍ക്കരണം. ലോകത്തില്‍ അതിസമ്പന്നരായ ഇരുപതുപേരില്‍ അഞ്ചുപേര്‍ ഇന്ത്യാക്കാരാണ്. തൊണ്ണൂറുകളില്‍ ഈ പട്ടികയില്‍ ഇന്ത്യാക്കാര്‍ ആരുമില്ലായിരുന്നു.
പോപ് ബെനഡിക്ടിന്‍റെ 2009- ലെ 'സത്യത്തില്‍ സ്നേഹം'(caritas in veritas) എന്ന ചാക്രികലേഖനത്തില്‍ പറയുന്നു: "സമ്പന്നരുടെ വാതില്‍ക്കല്‍ ലോകത്തിലെ ദരിദ്രര്‍ മുട്ടുന്നു. ഇതു തുടരുമ്പോള്‍, ഈ ശബ്ദം കേള്‍ക്കാന്‍ ലോകധനസമൃദ്ധിക്കു കഴിയാതെ പോകുന്നു. മാനുഷികമായത് എന്തെന്ന് തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു." ഇതാണ് ആഗോളവല്‍ക്കരണത്തിന്‍റെ അധാര്‍മ്മികത.
ദരിദ്രരുടെ മുറവിളി കേള്‍ക്കാന്‍ ഇന്ത്യയുടെ, ധനസമൃദ്ധിയുടെ സര്‍ക്കാരിന് കഴിയുന്നില്ലെന്നതിന്‍റെ ഏറ്റവും നല്ല തെളിവാണ് ജൂണ്‍ 25-26 അര്‍ദ്ധരാത്രിയില്‍ പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വില വര്‍ദ്ധിപ്പിക്കുകയും, പെട്രോള്‍വിലയുടെ നിയന്ത്രണം എടുത്തുകളയുകയും ചെയ്തത്. മുപ്പത്തഞ്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് ജൂണ്‍ 25-26 ന്‍റെ അര്‍ദ്ധരാത്രിയിലായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നോര്‍ക്കണം.
ടൊറൊന്‍റോയില്‍ ലോകനേതാക്കളോട് സാകല്യ (Inclusive) - എല്ലാവരേയും ഉള്‍ക്കൊള്ളുന്ന - വളര്‍ച്ചയുടെ ആവശ്യകതയെപ്പറ്റി ഉപദേശം നല്‍കി തിരികെവന്ന പ്രധാനമന്ത്രിയുടേതായിരുന്നു ഈ തീരുമാനം. ഭക്ഷ്യസുരക്ഷയെപ്പറ്റിയുള്ള സംവാദത്തിന്‍റെ നടുവില്‍ പെട്രോള്‍ നിയന്ത്രണം എടുത്തുകളഞ്ഞത് എല്ലാറ്റിന്‍റെയും വില വര്‍ദ്ധിപ്പിച്ചു. ഭക്ഷ്യ, നാണയപ്പെരുപ്പം 17% ആയി ഉയര്‍ന്നു കഴിഞ്ഞിരുന്നു. എസ്. ഡി. സാക്സനേ നേതൃത്വം നല്‍കിയ, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരെപ്പറ്റിയുള്ള വിദഗ്ധസമിതി കണ്ടെത്തിയത് ഇന്ത്യയില്‍ അമ്പതു ശതമാനം ആളുകള്‍ ദാരിദ്ര്യ രേഖയ്ക്കു കീഴെയാണെന്നായിരുന്നു. അസംഘടിതമേഖലയെപ്പറ്റിയുള്ള റിപ്പോര്‍ട്ടിന്‍റെ (Report of the National Commission for Enterprises in the Unorganized Sector) ആദ്യപേജില്‍ പറയുന്നത് ഇന്ത്യയില്‍ 83.5 കോടി (ജനസംഖ്യയില്‍ 77%) ഒരു ദിവസം 20 രൂപയോ അതില്‍ താഴെയോ മാത്രം ജീവിതച്ചെലവിന് കഴിവുള്ളവരാണെന്നാണ്.
ആഗോള വിശപ്പു സൂചികയില്‍ 88-ല്‍ 65-ാമതാണ് ഇന്ത്യയുടെ സ്ഥാനം. മാനുഷിക വികസന സൂചികയില്‍ 134-ാമതാണ് ഇന്ത്യയുടെ സ്ഥാനം. ഭൂട്ടാനും ലാവോസിനും പിന്നിലാണത്. ജി 20 കസേര നേടിയ രാജ്യത്തിന്‍റെ കഥ ഇതാണ്.
ഭക്ഷ്യധാന്യ വില കുറയ്ക്കാനോ, പെട്രോള്‍ ഉല്പന്നങ്ങള്‍ക്കു സബ്സിഡി നല്‍കാനോ പണമില്ലെന്നാണ് ഗവണ്മെന്‍റിന്‍റെ നിലപാട്. ഈ നിലപാട് കാപട്യത്തിന്‍റേതാണ്.
ചില കണക്കുകള്‍ പരിശോധിക്കാം. ന്യൂഡല്‍ഹിയിലെ പുതിയ വിമാനത്താവളത്തിന് ചെലവാക്കിയത് 10,000 കോടിരൂപ. കോമണ്‍വെല്‍ത്ത് ഗയിംസിന് വരുന്നവര്‍ക്ക് നമ്മുടെ രാജ്യത്തെപ്പറ്റി നല്ല മതിപ്പുണ്ടാക്കാനാണ് ഇതെന്ന് വ്യോമയാന മന്ത്രി അവകാശപ്പെട്ടു. ഇതുതന്നെയാണ് ബി. ജെ. പി. സര്‍ക്കാര്‍ തിളങ്ങുന്ന ഇന്ത്യയെന്ന് വിശേഷിപ്പിച്ചത്. ഗെയിംസിന് ചെലവാക്കുന്നത് 40,000 കോടി രൂപ. കഴിഞ്ഞ മൂന്ന് ബജറ്റുകളിലായി അതിസമ്പന്നര്‍ക്കും, വന്‍കിട കോര്‍പ്പറേഷനുകള്‍ക്കുമായി എഴുതിത്തള്ളിയത് 500,000 - അതേ അഞ്ചുലക്ഷം- കോടി രൂപ.
പക്ഷേ പൊതുവിതരണ സമ്പ്രദായം സാര്‍വത്രികമാക്കാന്‍ സര്‍ക്കാരിന് പണമില്ല. എല്ലാ ഇന്ത്യാക്കാര്‍ക്കും - അതേ, ഇന്ത്യയിലുള്ള എല്ലാ ആളുകള്‍ക്കും - കിലോയ്ക്ക് മൂന്നുരൂപയ്ക്ക് അരിയോ ഗോതമ്പോ നല്‍കാന്‍ സബ്സിഡിക്കാവശ്യമായ തുക, 84,399 കോടിരൂപ അടുത്ത ബജറ്റുകളില്‍ മതിയാകും; അതായത് കോര്‍പ്പറേഷനുകള്‍ക്ക് എഴുതിത്തള്ളിയതിന്‍റെ ആറില്‍ ഒന്നു മാത്രം.
ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകള്‍ക്ക് വാതായനങ്ങള്‍ തുറന്നു കൊടുത്തത് അടിയന്തരാവസ്ഥക്കാലത്താണെന്ന് ചൂണ്ടിക്കാണിച്ചുവല്ലോ. തൊണ്ണൂറുകളായപ്പോഴേക്കും വാതായനങ്ങള്‍ മാത്രമല്ല, വാതിലുകളും പൂര്‍ണ്ണമായി തുറന്നുകൊടുത്തു. അവയ്ക്കായി നിയമങ്ങള്‍ ഭേദഗതി ചെയ്തു.
അടിയന്തരാവസ്ഥകാലത്ത് ഭരണകൂടത്തിനുവേണ്ടി ഭരണഘടനയെ ബലികഴിച്ച പരമോന്നതകോടതി, തൊണ്ണൂറുകളുടെ മദ്ധ്യം മുതല്‍ ആഗോളമുതലാളിത്തത്തിന്‍റെ പ്രതിനിധിയായ ഭരണവര്‍ഗ്ഗത്തിനുവേണ്ടി ഭരണഘടനാ വ്യവസ്ഥകളെ വിഗണിക്കുകയോ, വ്യാഖ്യാനിക്കുകയോ ചെയ്തു.
സ്വകാര്യവല്‍ക്കരണത്തിന്‍റെ പേരില്‍ ഇന്ത്യന്‍സ്ഥാപനങ്ങളും ബഹുരാഷ്ട്രകമ്പനികളും തൊഴിലാളിവിരുദ്ധ നടപടികളെടുക്കുകയും, നിലവിലുള്ള നിയമങ്ങളെ ദുരുപയോഗപ്പെടുത്തുകയും ചെയ്തപ്പോള്‍ അതൊന്നും തടയാന്‍ ഹൈക്കോടതികളും സുപ്രീംകോടതിയും തയ്യാറായില്ല. ഒരു പ്രവണത വ്യക്തമായിരുന്നു: വിവിധ വിഭാഗങ്ങളുടെ കൂട്ടായ അവകാശങ്ങളെ നിഷേധിക്കുകയും സ്വകാര്യവ്യക്തിയുടെ സ്ഥാപനങ്ങളുടെ അവകാശങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുക. കോടതിയുടെ മുമ്പില്‍ വരുന്ന പ്രശ്നങ്ങളുടെ പരിധിവിട്ട് സര്‍ക്കാരിന്‍റെ സാമ്പത്തികപരിഷ്കാര നടപടികള്‍ക്കും, പരിപാടികള്‍ക്കും അംഗീകാരം നല്‍കുന്ന വിധിന്യായമുണ്ടായി. ബാല്‍ക്കോകേസില്‍ സര്‍ക്കാരിന്‍റെ ഓഹരിവില്പന നയത്തിന് അംഗീകാരം മാത്രമല്ല, പ്രശംസയും നല്‍കാന്‍ കോടതി തയ്യാറായി. അന്ന് നിയമമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റിലി പരമോന്നത കോടതിക്ക് ഒരു സര്‍ട്ടിഫിക്കേറ്റ് നല്‍കി: "ബാല്‍ക്കോയുടെ വില്പന സംബന്ധിച്ച സുപ്രീംകോടതി വിധി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പരിഷ്കാരങ്ങളുടെയും, സ്വകാര്യവല്‍ക്കരണ നയങ്ങളുടെയും കാര്യത്തില്‍ ഒരു വഴിത്തിരിവും ഒരു നിര്‍ണ്ണായക നിമിഷവുമാണ്."
ഇത്തരം വിധിന്യായങ്ങള്‍ - ഭരണവൃത്തങ്ങളുടെയും കോര്‍പ്പറേറ്റുകളുടെയും താല്പര്യ സംരക്ഷണത്തിനുള്ളവ - പ്രകടമാകുന്നത് തൊണ്ണൂറുകളുടെ മദ്ധ്യത്തിലാണ്. അന്നാണ് - 1996 ല്‍ - ഭോപ്പാല്‍ കേസില്‍ സുപ്രീം കോടതിയുടെ വിധി. യൂണിയന്‍കാര്‍ബൈഡ് അധികാരികളുടെമേല്‍ സി.ബി.ഐ. ആരോപിച്ചിരുന്ന ഗുരുതരമായ കുറ്റങ്ങള്‍ മാറ്റി ലഘുവായ കുറ്റങ്ങള്‍ മാത്രം ചുമത്തി എഴുതിയുണ്ടാക്കിയതാണ് ഈ വിധിന്യായം. ഇത് തെറ്റാണെന്ന വിമര്‍ശനം ഉണ്ടായിരുന്നെങ്കിലും, തെറ്റാണെന്ന് വ്യക്തമായിരുന്നെങ്കിലും, സംരക്ഷിക്കപ്പെടുന്ന താല്പര്യങ്ങള്‍ ലോകത്തിലുണ്ടായിട്ടുള്ള ഏറ്റവും വലിയ വ്യാവസായിക ദുരന്തത്തിന് ഇരയായവരുടേതല്ല, ഒരു ബഹുരാഷ്ട്രകോര്‍പ്പറേഷന്‍റെതാണെന്ന് പ്രകടമായിരുന്നെങ്കിലും, വിധി ന്യായം പുനരവലോകനം ചെയ്യണമെന്ന് ഗവണ്മെന്‍റിന് ആഗ്രഹമില്ലായിരുന്നു. അതുകൊണ്ട് പുനരവലോകനത്തിന് അപേക്ഷിച്ചതുമില്ല.
ഈ വിധിയുടെ അടിസ്ഥാനത്തിലാണ് ഭോപ്പാലിലെ കോടതി ഭോപ്പാല്‍ പ്രതികള്‍ക്ക് ലഘുവായ ശിക്ഷ നല്‍കിയത്. ഭോപ്പാല്‍ക്കോടതിയല്ല തെറ്റായ വിധിന്യായത്തിന് ഉത്തരവാദി സുപ്രീംകോടതിയാണ്.
നഷ്ടപരിഹാരത്തിന്‍റെ കാര്യത്തില്‍ യൂണിയന്‍കാര്‍ബൈഡിന്‍റെ ബാദ്ധ്യത വളരെ പരിമിതപ്പെടുത്തിയാണ് അന്ന് സുപ്രീംകോടതി തീരുമാനമെടുത്തത്; ഗവണ്മെന്‍റ് ആവശ്യപ്പെട്ടതിന്‍റെ പതിനഞ്ചു ശതമാനം മാത്രം. കൂടുതല്‍ നഷ്ടപരിഹാരം നല്‍കണമെങ്കില്‍ അത് ഗവണ്‍മെന്‍റാണ് ചെയ്യേണ്ടത് എന്ന് സുപ്രീംകോടതി. വാറന്‍ ആന്‍ഡേഴ്സനെ ഇന്ത്യയിലെ കോടതിയുടെ മുമ്പില്‍ കൊണ്ടുവരാന്‍ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. വിട്ടുകിട്ടാന്‍ ആവശ്യപ്പെടാവുന്ന കുറ്റങ്ങള്‍ ചുമത്തിയുമില്ല. ഈ കാര്യത്തില്‍ എന്തു സംഭവിച്ചുവെന്നത് ഇന്നും ഗവണ്‍മെന്‍റും, സി.ബി.ഐ.യും ജനങ്ങളില്‍നിന്ന് മറച്ചുപിടിക്കുന്നു.
പതിനയ്യായിരം ആളുകളുടെ മരണത്തിനും ലക്ഷക്കണക്കിന് ആളുകളുടെ കൊടുംയാതനകള്‍ക്കും കാരണമായ ദുരന്തത്തിന്‍റെ ബാദ്ധ്യത വഹിക്കേണ്ട ബഹുരാഷ്ട്ര കോര്‍പ്പറേഷനെ ഗവണ്‍മെന്‍റും പരമോന്നത കോടതിയും വെറുതേവിടുകയാണുണ്ടായത്. യൂണിയന്‍ കാര്‍ബൈഡിന്‍റെ പിന്‍ഗാമിയായ ഡൌ കെമിക്കല്‍സിനോട് നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ ഗവണ്‍മെന്‍റു തയ്യാറല്ല. ആ കമ്പനിയുടെ നിയമോപദേഷ്ടാക്കളിലൊരാള്‍ കോണ്‍ഗ്രസ് നേതാവായ അഭിഷേക് സിംഗ്വിയാണ്. വ്യാവസായിക അപകടമുണ്ടായാല്‍ അത് എത്ര വലിയതാണെങ്കിലും വ്യവസായിക്ക് ബാദ്ധ്യതയൊന്നുമില്ലെന്ന് പ്രമാണമാക്കിയിരിക്കുകയാണ് ഗവണ്മെന്മെന്റ്.
വിദേശ ശക്തികളോടും വിദേശ കോര്‍പ്പറേറ്റുകളോടുമുള്ള വിധേയത്വമാണ് 'ആണവ ബാദ്ധ്യതാ ബില്‍' (Nuclear Liability Bill) പ്രതിഫലിപ്പിക്കുന്നത്. അമേരിക്കയുടെ സമ്മര്‍ദ്ദമാണ് ഈ ബില്ലിനു പിന്നില്‍. അതിലെ പല വ്യവസ്ഥകളും അമേരിക്കന്‍ ഭരണകൂടത്തിന്‍റെ നിര്‍ദ്ദേശത്തില്‍ എഴുതിച്ചേര്‍ത്തതാണ്. ഈ ബില്ലിനെ വിളിക്കേണ്ടത് ആണവ ബാദ്ധ്യതാരാഹിത്യ ബില്ലെന്നാണ്. ആണവ നിലയങ്ങള്‍ നിര്‍മ്മിച്ചു ഇന്ത്യയില്‍ വില്‍ക്കുന്ന വിദേശ കമ്പനികള്‍ക്ക് ബാദ്ധ്യതയൊന്നുമില്ലാതെ, ആണവ അപകടം ഉണ്ടായാല്‍ ബാദ്ധ്യതയെല്ലാം ഇന്ത്യാ ഗവണ്മെന്‍റ് ഏറ്റെടുക്കുന്ന വിധമാണ് ബില്ലിലെ വ്യവസ്ഥകള്‍. ഗവണ്മെന്‍റ് ഏറ്റെടുക്കുന്നുവെന്നു പറഞ്ഞാല്‍ ഈ നാട്ടിലെ നികുതിദായകരുടെമേല്‍ അടിച്ചേല്പിക്കുന്നുവെന്നാണ് അര്‍ത്ഥം. ആണവനിലയങ്ങള്‍ വാങ്ങുമ്പോള്‍ അവയുടെ സാങ്കേതിക ഗുണമേന്മ പരിശോധിക്കുന്നതിനുള്ള വ്യവസ്ഥകള്‍ നിലവിലില്ല. അമേരിക്കന്‍ കമ്പനികളില്‍നിന്ന് വാങ്ങാനുദ്ദേശിക്കുന്ന ആണവനിലയങ്ങള്‍ക്കുവേണ്ടിയാണല്ലോ ഈ ബില്‍. കഴിഞ്ഞ കാല്‍നൂറ്റാണ്ടിലധികമായി അമേരിക്കന്‍ കമ്പനികള്‍ ആണവനിലയങ്ങളൊന്നും നിര്‍മ്മിച്ചിട്ടില്ല. അമേരിക്കന്‍ ആണവനിലയ സാങ്കേതികവിദ്യ റഷ്യയുടേതിന്‍റെ പിന്നില്‍മാത്രമാണ്. ഇതുതന്നെയാണ് സാങ്കേതിക മികവിനെപ്പറ്റിയുള്ള പ്രശ്നം ഉന്നയിക്കുന്നത്.
ആണവബാദ്ധ്യതാബില്ലിന്‍റെ പശ്ചാത്തലം ഇന്ത്യ-യു എസ് ആണവ കരാറാണല്ലോ. ഒത്തിരി കോലാഹലമുണ്ടാക്കി, പ്രധാനമന്ത്രിയുടെ 'പ്രസ്റ്റീജ്' പ്രശ്നമാക്കി, പാര്‍ലമെന്‍റില്‍ വോട്ടുകച്ചവടം നടത്തി ഉണ്ടാക്കിയതാണ് ആണവകരാര്‍. ഈ കരാറിന്‍റെ പേരില്‍ മറ്റുപല കരാറുകളിലും ഇന്ത്യാഗവണ്മെന്‍റിന് ഒപ്പിടേണ്ടിവന്നു; പ്രധാനമായും അമേരിക്കയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങുന്നതിനെപ്പറ്റിയും അവയുടെ ഉപയോഗത്തെപ്പറ്റിയും. അനുബന്ധകരാറുകളില്‍ പലതിലും ഒപ്പിട്ടിട്ടുണ്ടെങ്കിലും, ആണവ ബാദ്ധ്യതാ ബില്ലിന് നിര്‍ബന്ധിക്കുന്നുണ്ടെങ്കിലും ഇന്ത്യക്ക് ആണവോര്‍ജ്ജം നല്‍കുന്നതില്‍ അമേരിക്കന്‍ ഗവണ്മെന്‍റിന് വലിയ താല്പര്യമൊന്നുമില്ല. താല്പര്യമുള്ളത് വന്‍കിട കോര്‍പ്പറേഷനുകള്‍ക്കാണ്.
ഒരു ഇന്ത്യാക്കാരന് ഒരു അമേരിക്കക്കാരന്‍റെ നാലുശതമാനമേ വിലയുള്ളൂ എന്ന അടിസ്ഥാനത്തിലാണ് ഗവണ്‍മെന്‍റ് ആണവ ബാദ്ധ്യതാ ബില്ലിലെ നഷ്ടപരിഹാര വ്യവസ്ഥകള്‍ ഉണ്ടാക്കിയിരിക്കുന്നത്. രാഷ്ട്രത്തിന് പുതിയ പ്രതിച്ഛായകളുണ്ടാക്കി വളരുന്ന ഇന്ത്യ സാധാരണജനങ്ങളെ പുറന്തള്ളുന്നുവെന്നതിന്‍റെ തെളിവുകൂടിയാണിത്.
കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് പ്രസംഗത്തില്‍ ഇന്ത്യയുടെ ധനമന്ത്രി മുഖര്‍ജി "ജന"ത്തിന് ഒരു പുതിയ നിര്‍വചനം നല്‍കി. ജനപങ്കാളിത്തത്തിന്‍റെ പേരിലാണ് സ്വകാര്യവല്‍ക്കരണത്തിന്‍റെ അജണ്ട പ്രോത്സാഹിപ്പിക്കപ്പെടുന്നത്. ധനമന്ത്രി പറഞ്ഞ "ജനം" സ്റ്റോക്ക് മാര്‍ക്കറ്റിലെ വ്യാപാരത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കെടുക്കുന്ന ചെറിയ വരേണ്യവര്‍ഗമാണ്. അനീതിയുടെയും, പാര്‍ശ്വവല്‍ക്കരണത്തിന്‍റെയും നവലിബറല്‍ അജണ്ട നടപ്പാക്കാനാണ് "ജനം" എന്ന പദം ദുര്‍വ്യാഖ്യാനം ചെയ്യുന്നത്. ഈ ജനത്തെയാണ് പ്രധാനമന്ത്രി ജി- 20 ഉച്ചകോടിയിലുമൊക്കെ പ്രതിനിധാനം ചെയ്യുന്നത്.
അവകാശങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ സ്വാതന്ത്ര്യം വീണ്ടെടുക്കാന്‍ (യഥാര്‍ത്ഥ) ജനങ്ങള്‍ ജാഗരൂകരായി പ്രവര്‍ത്തിക്കണം.
Featured Posts
bottom of page