top of page

മച്ചി

Mar 25

2 min read

ജോര്‍ജ് വലിയപാടത്ത്

ഗലീലിക്കാരായ ഏതാനും പേരെ റോമൻ അധിനിവേശസേന ജെറുസലേമിൽ, മിക്കവാറും ദേവാലയ പരിസരത്തുവച്ച് വധിച്ചു എന്ന വാർത്ത ഏതാനും പേർ യേശുവിനോട് റിപ്പോർട്ട് ചെയ്യുന്നത് ഏന്ത് ഉദ്ദേശ്യത്തോടുകൂടിയാണ് എന്ന് നമുക്ക് വ്യക്തമല്ല. യേശുവും ഗലീലിക്കാരൻ തന്നെയായിരുന്നല്ലോ.വെറുതേ യേശുവിന്റെ പ്രതികരണം അറിയുക എന്നതായിരുന്നോ, വധിക്കപ്പെട്ടവർക്ക് നടപ്പാക്കാൻ കഴിയാതെപോയ അധിനിവേശത്തിനെതിരേയുള്ള പ്രതിരോധദൗത്യം യേശു ഏറ്റെടുത്ത് നടത്തുമോ എന്ന് ആരായുന്നതിനായിരുന്നോ, അതോ, 'നിന്റെ നാട്ടുകാരായ ചിലർ അവരുടെ കൈയ്യിലിരിപ്പ് മോശമായതിന്റെ പേരിൽ ജറൂസലേമിൽ പടമായിട്ടുണ്ട് ' എന്നുപറഞ്ഞ് അവനെ ഇടിച്ചുതാഴ്ത്തുകയായിരുന്നോ അവരുടെ ലക്ഷ്യം എന്ന് നമുക്കറിയില്ല. ഏതായാലും, അവസാനം പറഞ്ഞതിനോട് അടുത്തുവരുന്ന മനോഭാവത്തിലാണ് അവർ അക്കാര്യം അവനോട് റിപ്പോർട്ട് ചെയ്തത് എന്നാണ് അവരോട് യേശു നടത്തുന്ന പ്രതികരണത്തിൽനിന്ന് നമുക്ക് മനസ്സിലാവുന്നത്.


ഗൗരവതരമായ ഏതെങ്കിലും രോഗത്തിന് അടിപ്പെടുമ്പോൾ പലരും മറ്റുള്ളവരിൽനിന്ന് അകന്നു മാറുന്നതും രോഗവിവരം കൂട്ടുകാരെപ്പോലും അറിയിക്കാതിരിക്കുന്നതും കണ്ടിട്ടുണ്ട്. എന്തുകൊണ്ടായിരിക്കാം അവർ അത്തരം ഒരു നിലപാട് എടുക്കുന്നത്? അത്തരം ഘട്ടങ്ങളിൽ മറ്റുള്ളവർ നമ്മോട് കാട്ടുന്ന സഹാനുഭൂതി അഥവാ സിംപതി ആത്മാർത്ഥതയില്ലാത്തതാണ് എന്ന് അറിയാവുന്നത് കൊണ്ടാണോ? അതോ സിംപതിയുടെ അത്തരം പുറംപൂച്ചുകൾക്ക് പിന്നിലും 'എനിക്കിത് സംഭവിച്ചില്ലല്ലോ, ഞാൻ ആ സാധ്യതയെ അതിജീവിച്ചല്ലോ' എന്ന് അവർ സ്വകാര്യമായ ഒരുതരം നിഗൂഢാനന്ദം അനുഭവിക്കുന്നുണ്ടാവാം എന്ന് തിരിച്ചറിയുന്നതുകൊണ്ടാണോ - രോഗം വന്നവർ അക്കാര്യം അറിയിക്കാതിരിക്കുന്നത്? ഷാഡൺഫോയ്ഡയെക്കുറിച്ച് ഞാൻ മുമ്പ് എഴുതിയിട്ടുണ്ട്. മറ്റുള്ളവരുടെ വ്യസനത്തിൽ ആന്തരികമായി ആനന്ദം തോന്നുന്നതാണ് ഷാഡൺഫ്രൊയ്ഡ (schadenfreude).

യേശുവിന്റെ കാലത്തെ യാഹൂദികമായ കാഴ്ചപ്പാടുകളുടെ പശ്ചാത്തലത്തിൽ നോക്കുമ്പോൾ, 'അവർക്ക് മേൽപ്പറഞ്ഞ ദുരന്തം സംഭവിച്ചത് അവർ ഏതോ വിധേന കൂടുതൽ പാപികളായിരുന്നതുകൊണ്ടാവണം' എന്നൊരു വിശ്വാസം, വാർത്ത എത്തിക്കുന്നവരെ സ്വാധീനിച്ചിരുന്നിരിക്കണം. അതേപോലെ, 'തങ്ങൾ പാപികൾ അല്ലല്ലോ, തങ്ങൾക്ക് അത്തരം ദുരന്തം വന്നുപെട്ടില്ലല്ലോ' എന്നൊരു ആനന്ദം അവരിൽ പടരുന്നുമുണ്ട്. ചുരുക്കത്തിൽ, അവരിൽ ഫാഡൺഫ്രൊയ്ഡ അഥവാ അന്യവ്യസനാനന്ദം ആണ് ഉള്ളത്. അതിലേക്ക് അവരെ എത്തിക്കുന്നതോ? ഞങ്ങൾ 'ഓക്കെ'യാണ് എന്ന സ്വയം നീതിമത്കരണത്തിന്റെ ആത്മബോധവും.


ദുരന്തത്തിൽ അകപ്പെട്ടവർ ഒരിക്കലും നിങ്ങളെക്കാൾ പാപികളായിരുന്നില്ല എന്ന് തറപ്പിച്ചുപറയുന്ന യേശു, അവരുടെ ആത്മീയ ബോധ്യത്തെ കീഴ്മേൽ മറിച്ചിടുകയാണ്, ഉടനെ അവരോട് പറയുന്ന ഉപമയിലൂടെ. 'ഒരാൾ ഒരു അത്തിവൃക്ഷം നട്ടുപിടിപ്പിച്ചു. വളർച്ചയെത്തിയശേഷം, തുടർച്ചയായി മൂന്ന് വർഷം അതിന്മേൽ അയാൾ ഫലം അന്വേഷിച്ചു. ഒന്നും കണ്ടില്ല. അതിനാൽ, നിലം പാഴാക്കാതെ ആ മച്ചിമരം വെട്ടിക്കളയുവാൻ അയാൾ തോട്ടക്കാരനോട് നിർദ്ദേശിക്കുന്നു. അപ്പോൾ തോട്ടക്കാരൻ, 'ഒരു വർഷം കൂടി കാക്കാം; സമയം കൊടുക്കാം. അതിനിടെ ഞാൻ ചുവടുകിളച്ച് വളമിടാം' എന്നുപറഞ്ഞ് അതിന്റെ ആയുസ്സ് ഒരു വർഷം കൂടി നീട്ടി കൊടുക്കുന്നു. കഥ അവിടെ അവസാനിച്ചു. പിടുത്തം കിട്ടേണ്ടവർക്ക് കിട്ടിക്കാണണം.


ചുരുക്കം ഇതാണ്: ദുരന്തത്തിനിരയായവരല്ല, മറിച്ച് നിങ്ങളാണ് പാപികൾ: മച്ചിമരങ്ങൾ. നിങ്ങളുടെ ഇപ്പോഴത്തെ ആയുസ്സ് എന്നുപറയുന്നത്, നിങ്ങൾ ഒരു നല്ലഫലവും ഉണ്ടാക്കിയിട്ടില്ലാത്തതിനാൽ ദൈവം നീട്ടിത്തന്ന ആയുസ്സാണ്!


മനുഷ്യനിലെ ഏറ്റവും അധമവും നീചവും വൃത്തികെട്ടതുമായ മനോഭാവമാണ് അന്യവ്യസനാനന്ദം അഥവാ, ഷാഡൺഫ്രോയ്ഡ. ഒരാൾക്കോ, ഒരു നാടിനോ, ഒരു സമുദായത്തിനോ നേരിടുന്ന ദുരന്തത്തിൽ മനുഷ്യനായി പിറന്നവരാണെങ്കിൽ, തോന്നേണ്ട വികാരം സഹാനുഭൂതിയുടേതാണ്. പകരം, അന്യവ്യസനാനന്ദം പുറത്തുകാട്ടുന്ന, ആയുസ്സ് നീട്ടിക്കിട്ടിയതിനാൽ മാത്രം ജീവിക്കുന്ന, നാണമില്ലാത്ത മച്ചിവൃക്ഷങ്ങൾ ഇന്ന് നമുക്കിടയിൽ പെരുകുകയാണോ എന്ന് ആശങ്ക തോന്നുന്നു!


ജോര്‍ജ് വലിയപാടത്ത�്

0

116

Featured Posts

Recent Posts

bottom of page