top of page

അകം

Feb 10, 2010

3 min read

ഫാ. ബോബി ജോസ് കട്ടിക്കാട്
a lighted lamp in room

അകപ്പൊരുളിന്‍റെ പ്രഭയെ ഓര്‍മ്മിപ്പിക്കാനെത്തിയതുകൊണ്ടാവണം ക്രിസ്തു പുറംകാഴ്ചകളോട് ഒരു തരം നിരുന്മേഷത പുലര്‍ത്തിയത്. ഒത്തിരിയിടങ്ങളില്‍ അതിന്‍റെ സൂചനകള്‍ ഉണ്ട്. ദേവാലയത്തിന്‍റെ വാസ്തുഭംഗി കാട്ടി അവനെ അത്ഭുതപ്പെടുത്താനായിരുന്നു അവരുടെ ശ്രമം. കൊത്തുപണികളുള്ള ഈ മിനാരങ്ങളെ നോക്കുക. അവന്‍ പറഞ്ഞു: കല്ലിന്‍മേല്‍ കല്ലില്ലാതെ ഇതും കടന്നുപോകും. ഏതു പുറംപകിട്ടുകള്‍ക്കും ചിത്രശലഭങ്ങളുടെ ആയുസ്സേയുള്ളൂവെന്ന് ആര്‍ക്കാണറിയാന്‍ പാടില്ലാത്തത്... എന്നിട്ടും അത്തരം അറിവുകള്‍ ആരെയും രക്ഷിക്കുന്നില്ല. അതുകൊണ്ട്തന്നെ ശരീരമെന്ന കോപ്പയുടെ പുറം മിനുക്കിമിനുക്കി അകം പരിശോധിക്കാന്‍ നേരമോ ധ്യാനമോ ഇല്ലാത്ത നമ്മളെ നോക്കി അവന്‍ നെടുവീര്‍പ്പിടുന്നു. ചിലപ്പോള്‍ വെള്ളതേച്ച ശവക്കല്ലറയെന്ന് പറഞ്ഞ് പരുക്കനാവുന്നു...

ഒത്തിരി ആകുലതകളുള്ള നമ്മുടെ ജീവിതത്തില്‍ സ്വന്തം 'അപ്പിയറന്‍സ്' എന്നൊരു കല്ലില്‍ തട്ടി പരിഭ്രമിക്കാത്ത ആരുമില്ലെന്നു തോന്നുന്നു. വിശേഷിച്ചും ബാല്യകൗമാരങ്ങളില്‍. നിരന്തരം കത്തുകള്‍ എഴുതിക്കൊണ്ടിരുന്ന ഒരു കൊച്ചുമകളെ നേരിട്ടുകാണാനുള്ള ആഗ്രഹം പറഞ്ഞപ്പോള്‍ എന്നെക്കണ്ടാല്‍ നിങ്ങള്‍ക്കെന്നോടുള്ള മുഴുവന്‍ മതിപ്പും ഇല്ലാതെയാകും എന്നുപറഞ്ഞ് അവള്‍ ഒഴിഞ്ഞുമാറി. അവളുടെ കുറ്റമല്ല, മറിച്ച് എന്‍റെ പിഴ, എന്‍റെ പിഴ, നമ്മുടെ വലിയ പിഴ. അവള്‍ക്കുള്ള മുക്തിമാര്‍ഗ്ഗം ഗുരുക്കന്‍മാര്‍ ഇങ്ങനെ വിശദീകരിക്കും, ഒരു പൂവ് പൊട്ടിയ ഒരു മഷിക്കുപ്പിയില്‍ വച്ചാലും ചളുങ്ങിയ ഒരു പൗഡര്‍ ടിന്നില്‍ വച്ചാലും അതൊക്കെ പൂപ്പാത്രമായി മാറുന്നതുപോലെ ഉള്ളിലൊരു പൂവുണ്ടാവുകയാണ് പ്രധാനം. അകപ്പൊരുളിന്‍റെ സുഗന്ധമാണ് സൗന്ദര്യം. അത്തരമൊന്നിന്‍റെ അഭാവത്തില്‍ എത്ര പെട്ടെന്നാണ് ഒരോരുത്തരുടേയും പൂച്ച് പുറത്താവുന്നത്. പകല്‍ അഴക് കൊണ്ട് രാജസദസ്സിനെ ഭ്രമിപ്പിച്ച നര്‍ത്തകിമാര്‍ അതേ കൂത്തമ്പലത്തില്‍ തളര്‍ന്നുറങ്ങുമ്പോള്‍ അതിലൂടെ കടന്നുപോകേണ്ടി വന്ന സിദ്ധാര്‍ത്ഥന്‍ പ്രസാദമില്ലാത്ത അവരുടെ ഉറക്കം കണ്ടു. അതയാളുടെ ജീവിത നിരാസത്തെ ത്വരിതപ്പെടുത്തി. പകലത്തെ സൗന്ദര്യം അന്തിയോളം ഒരാള്‍ക്ക് കൂട്ടുപോകാത്തതെന്തുകൊണ്ട്? ശരീരത്തില്‍ ചോരുന്ന പ്രസാദം ആത്മാവിലേറ്റു വാങ്ങിയ ചില വയോധികരെ ഒന്നു നമിച്ചോട്ടെ.

  ഒരാളെ വലയം ചെയ്തു നില്ക്കുന്ന പ്രകാശമാണ് സൗന്ദര്യമെന്നു തോന്നുന്നു. ക്രിസ്തു സൂര്യനെപ്പോലെ പ്രകാശിച്ചു എന്നും, സൂര്യനെ വസ്ത്രമായി ധരിച്ച ഒരു സ്ത്രീയെ ഞാന്‍ കണ്ടുവെന്നുമൊക്കെ വേദത്തില്‍ വായിക്കുന്നത് ഇതിന്‍റെ പശ്ചാത്തലത്തില്‍ വായിച്ചെടുക്കാവുന്നതാണ്. ചുരുളുകള്‍ അഴിയുമ്പോള്‍ പ്രകാശം പരക്കുന്നുവെന്നൊരു വചനവും പ്രത്യേകം ശ്രദ്ധിക്കണം. സൗഹൃദം, നന്മ, വാത്സല്യം, കരുണ തുടങ്ങിയവയുടെ ചുരുളുകള്‍ അഴിച്ചെടുക്കാന്‍ ശ്രമിക്കുന്നവരെ കാത്ത് പ്രകാശത്തിന്‍റെ ദേവദൂതര്‍ നില്‍ക്കുന്നുണ്ട്. എന്ത് കൊടിയ ദുരനുഭവങ്ങളിലും അത്തരം മനുഷ്യരുടെ മിഴികള്‍ തിളങ്ങുന്നത് കണ്ടിട്ടില്ലേ. കണ്ണാണവരുടെ വിളക്ക്. പഴയകാല തടിവീടുകളിലെ ചില്ലു ജാലകളിലെ വര്‍ണ്ണങ്ങള്‍ പോലെ. ആരോ ഒരു വിളക്ക് ഉള്ളില്‍ തെളിച്ചുവെച്ചിട്ടുണ്ടാവണം.

  അവനില്‍ അഴകില്ലായിരുന്നു എന്നൊരു സൂചന ഏശയ്യായുടെ പ്രവചനങ്ങളിലുണ്ട്. ശരിയാണ് അവന്‍റെ കഷ്ടദിനങ്ങളുടെ പശ്ചാത്തലത്തിലാണത്. എങ്കിലും പൊതുവായ ഒരു സൂചനയായി അതെടുക്കുന്നതില്‍ എന്തെങ്കിലും അപരാധം ഉണ്ടോ. പൊള്ളുന്ന സൂര്യന് താഴെ നിരന്തരം സഞ്ചരിച്ചു കൊണ്ടിരുന്ന ഒരു കൂലിപ്പണിക്കാരന് എന്തായാലും ചിത്രകാരന്മാര്‍ ചാര്‍ത്തിക്കൊടുക്കുന്ന ചന്തമുണ്ടാവില്ല. കുറെയധികം സാധാരണക്കാരുടെ ഇടയില്‍ നിന്ന് ചുംബനം കൊണ്ട് കാട്ടിക്കൊടുക്കേണ്ട വിധത്തില്‍, പ്രത്യേകതകളൊന്നുമില്ലാത്ത ഒരാളായി അവിടുത്തെ പരിചയപ്പെടുത്തുന്ന ഒരു വായനയോര്‍ക്കുന്നു. എന്നിട്ടും നമ്മുടെ ഓരോരുത്തരുടെയും ഉള്ളില്‍ അവനോളം ചാരുതയോ ശോഭയോ ഉള്ള മറ്റൊരാള്‍ ഇല്ലയെന്നതിന്‍റെ കാരണമെന്ത്? ഗുരുക്കന്മാരോടുള്ള ആദരവാണ് അവരെ നമ്മുടെ കണ്ണില്‍ ഹാന്‍സ്സം ആക്കുന്നത്. അപ്പോളയാള്‍ കാട്ടുമരങ്ങള്‍ക്കിടയില്‍ ആപ്പിള്‍ മരവും, കാട്ടുപൂക്കള്‍ക്കിടയില്‍ ലില്ലിയായുമൊക്കെ നമുക്ക് അനുഭവപ്പെടുന്നു. അതുകൊണ്ട്തന്നെയാണ് വിരുന്നിനിടയില്‍ ലിങ്കന്‍റെ മടിയില്‍ നിന്നിറങ്ങി ഓടിയ ഒരു കുഞ്ഞുമകള്‍ കൈകൊട്ടി പൊട്ടിച്ചിരിച്ചുകൊണ്ട് അവളുടെ അപ്പനോട് പറയുന്നത്, പപ്പാ നിങ്ങളല്ലേ പറഞ്ഞത് അയാള്‍ വിരൂപനാണെന്ന്, പക്ഷേ നോക്കണം അയാളെത്ര സുന്ദരനാണ്...

കേട്ടു പതിഞ്ഞ കാര്യങ്ങളില്‍ നിന്ന് മാറിപ്പറഞ്ഞ് നമ്മുടെ ജീവിതത്തെ നവീകരിക്കുകയായിരുന്നു അവന്‍റെ ധര്‍മ്മം. നിങ്ങളിങ്ങനെ കേട്ടിട്ടുണ്ടല്ലോ, എന്നാല്‍ ഞാന്‍ നിങ്ങളോട് പറയുന്നു എന്ന ആമുഖ വചനത്തോടെ. നമ്മുടെ സൗന്ദര്യസങ്കല്പവും ചില പുതുക്കല്‍ ശുശ്രൂഷയിലൂടെ കടന്നുപോകേണ്ടതുണ്ട്. ക്രമങ്ങളെ കണ്ടെത്തുകയും നിലനിര്‍ത്തുകയും ചെയ്യുകയുമാണ് അഴകിന്‍റെ വഴിയെന്ന് കരുതിയ യവനപാരമ്പര്യത്തിലധിഷ്ഠിതമാണ് ഇപ്പോഴും നമ്മുടെ സൗന്ദര്യസങ്കല്പങ്ങള്‍. ഗാര്‍ഡനിംഗിലൊക്കെ സംഭവിക്കുന്നതുപോലെ. എന്തൊരു ജ്യാമിതീയ കൃത്യതയോടുകൂടിയാണ് ഓരോ ചെടിയും നടുന്നത്. എന്നാല്‍ പ്രകൃതിപോലും നമ്മുടെ അത്തരം സങ്കല്പങ്ങളെ നിരാകരിച്ചേക്കാം. ഭൂമിയിലേക്ക് വച്ചേറ്റവും സൗന്ദര്യമുള്ള ചില കാര്യങ്ങളെ ശ്രദ്ധിക്കുക. കടല്‍, കിഴക്കന്‍മലകള്‍, ആകാശം - എത്ര കണ്ടാലും മടുക്കാത്ത ചില കാഴ്ചകള്‍. ഒരു തിരമാലയ്ക്ക് മറ്റൊന്നിനോടോ, ഒരു കുന്നിന് മറ്റൊരു കുന്നിനോടൊ, ഒരു മേഘത്തിന് മറ്റൊരു മേഘത്തിനൊടോ എന്ത് പൊരുത്തം? എന്നിട്ടും അവയൊക്കെ നമ്മുടെ ഉള്ളടരുകളെ പ്രശാന്തമാക്കുന്നില്ലേ? നിരതെറ്റിയ പല്ലുപോലെ, ഒറ്റനുണക്കുഴിപോലെ കൗതുകവും വാത്സല്യവും ഉണര്‍ത്തുന്ന കാഴ്ചകള്‍. ഒരു പൂന്തോട്ടവും കാവും തമ്മിലുള്ള വ്യത്യാസത്തില്‍ മനസ്സിലാക്കാവുന്നതേയുള്ളു ഈ വിചാരം. ജൈവവൈവിധ്യങ്ങള്‍ക്ക് ഇടം കൊടുത്തതുകൊണ്ടാണ് നമുക്കും കിളികള്‍ക്കും ഒരേപോലെ അവിടെ ചേക്കേറാനാവുന്നത്. കൃത്യത കൃത്രിമത്തിന്‍റെ പര്യായമാണെന്ന് തോന്നുന്നു.

നിത്യചൈതന്യയതിയോട് വിദേശിയായ ഒരു പത്രപ്രവര്‍ത്തകന്‍ പറഞ്ഞതുപോലെ ഡല്‍ഹിതൊട്ട് കോവളം വരെ നിങ്ങളുടെ നിരത്തുകളിലെ സിനിമാപരസ്യങ്ങള്‍ ശ്രദ്ധിക്കുകയായിരുന്നു ഞാന്‍. എല്ലാവരും ഒരേപോലെ - തക്കാളിപോലെ ചുവന്ന്, ഐസിലിട്ട മത്സ്യങ്ങളുടേതുപോലെ നിര്‍ജീവമായ മിഴികളോട് കൂടി... ഇവരാണോ നിങ്ങളുടെ സുന്ദരന്മാരും സുന്ദരിമാരും? പിന്നെ ഗുരുജി ആരാഞ്ഞു. അപ്പോളയാള്‍ മീന്‍കുട്ടയും ശിരസ്സില്‍ വെച്ച് പോകുന്ന ഒരു സ്ത്രീയെ കാണിച്ചുകൊടുത്തു. വിരിഞ്ഞ നെറ്റിയും തെല്ലുയര്‍ന്ന പല്ലുകളുമായി ആത്മവിശ്വാസത്തോടെ നടന്നുപോകുന്ന ഒരു സ്ത്രീ. നോക്കൂ ആ വ്യതിരക്തതയും ആത്മവിശ്വാസവുമാണ് ശരിക്കുള്ള സൗന്ദര്യമെന്നു തോന്നുന്നു...

വലിപ്പമുള്ളവയില്‍ കുറെക്കൂടി സൗന്ദര്യമുണ്ടെന്ന വിചാരവും എങ്ങനെയോ നമ്മില്‍ രൂപപ്പെട്ടിട്ടുണ്ട്. വലിയ തെരുവുകള്‍, വലിയ വീടുകള്‍, വലിയ ദേവാലയങ്ങള്‍ അങ്ങനെയങ്ങനെ... ക്രിസ്തു ചെറുതുകളുടെ ചന്തം കാണാന്‍ ഭൂമിയെ പരിശീലിപ്പിച്ചു. ചെറിയവര്‍ക്കുള്ള വാഴ്ത്തായിരുന്നല്ലോ അവന്‍റെ ജീവിതം പോലും. വയല്‍പ്പൂവിന് സോളമനേക്കാള്‍ അഴകുണ്ടെന്ന കണ്ടെത്തല്‍, പുറംപകിട്ടുകള്‍ക്കും, ആഡംബരങ്ങള്‍ക്കുമെതിരെയുള്ള ഏറ്റവും സൗമ്യമായ കലഹമാണ്. 'ചെറുതാണ് സുന്ദര'മെന്ന പുസ്തകമൊക്കെ ഇത്തരം ഒരു പ്രകാശത്തില്‍ സംഭവിച്ചതാവണം. ചെറുതുകളെ കണ്ട് വിസ്മയം കൊള്ളാന്‍ സ്നേഹത്തിന്‍റെയോ ധ്യാനത്തിന്‍റെയോ വരപ്രസാദം വേണ്ടിവരും. അതുകൊണ്ടാണ് നാസൂനയെന്ന ഒരു കാട്ടുപൂവ് ബാഷുവിന് ഹൈക്കുവാകുന്നത്. സ്വന്തം ജീവിതത്തിന്‍റെ ഹ്രസ്വത മനസ്സിലാക്കിയവര്‍ക്കും അതിനാവുമെന്ന് തോന്നുന്നു.  കഴുമരത്തിലേറാന്‍ പോകുമ്പോഴും ചെറുപ്രാണികളുടെ ചലനം കണ്ട് കൗതുകപ്പെടുന്ന ഒരാളെ ഒരു ചിത്രത്തില്‍ കണ്ടിട്ടുണ്ട്. കുയിലിന്‍റെ പാട്ടു മാത്രമല്ല, കൂമന്‍റെ കുറുകലും സംഗീതമായി മാറുന്ന ചില നേരമുണ്ട്.

  എല്ലാത്തിലും അഴക് കണ്ടെത്തണമെങ്കില്‍ സ്വന്തം പ്രാപഞ്ചിക അവബോധത്തെ കുറെക്കൂടി ബലപ്പെടുത്തേണ്ടതുണ്ട്. ഈ പ്രപഞ്ചത്തെതന്നെ ക്രിസ്തുവിന്‍റെ ഭാഷയില്‍ ഒരു വിശാലമായ ആലയായി വെളിപ്പെട്ടു കിട്ടിയവര്‍ക്ക് അത് സാദ്ധ്യമാണ്. ഗുരുജി, എന്താണ് അങ്ങയെ ഇത്രയും സന്തുഷ്ടനാക്കുന്നതെന്ന ചോദ്യത്തിന് എന്താണെന്നെ സന്തോഷവാനാക്കാത്തതെന്ന മറുചോദ്യം കൊണ്ടു നേരിടുന്ന സെന്‍മാസ്റ്ററിനറിയാം അഴകിന്‍റെ പൊരുള്‍. എന്തിനോടുമുള്ള ഹൃദയബന്ധത്തിന്‍റെ അദൃശ്യ പൊന്‍നൂല്‍ അവരുടെ കൈകളിലുണ്ടല്ലോ. ഗ്രാമീണമായൊരു വിചാരം ഇതിനോട് ചേര്‍ന്നു നില്ക്കുന്നുണ്ട് - കാക്കയുടെ പൊന്‍കുഞ്ഞ്! എന്തും എന്‍റേതാണെന്ന് വെളിപ്പെട്ടുകിട്ടുന്നതോടു കൂടി അതിന് അളവില്ലാത്ത ലാവണ്യം ഉണ്ടാകുന്നു. അങ്ങനെയാണ് ലക്ഷണക്കണക്കിന് സുന്ദരികള്‍ പൂച്ചനടത്തത്തിലേര്‍പ്പെടുന്ന ഭൂമിയില്‍ വല്ലാതെ മെല്ലിച്ചു പോയ, കണ്ണിനു താഴെ കറുപ്പ് പരന്ന, കമലാദാസിന്‍റെ ഭാഷയില്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി ഓടി കോലാട് പോലെയായിത്തീര്‍ന്ന നിങ്ങളുടെ സ്ത്രീയോളം ചന്തമുള്ള ഒരാളില്ലെന്ന് കണ്ണ് നിറഞ്ഞ് നിങ്ങളോര്‍മ്മിക്കുന്നത്. നിങ്ങളുടെ പുഴുപ്പല്ലന്‍ കുഞ്ഞിനെ നോക്കൂ. അവന്‍റെ ചിരിയോളം നല്ലൊരു ചിരി... ദൈവമേ...

  ഒരാള്‍ അവനവനില്‍ തന്നെ അഭിരമിക്കുന്ന ഒരു കാലമാണിത്. ഒരുതരം നാര്‍സിസ്സിസം - പുഴയിലെ സ്വന്തം പ്രതിബിംബം കണ്ട് അതില്‍ ഭ്രമിച്ചു പോകുന്ന ചില മനുഷ്യര്‍. പുതിയ കാലത്തില്‍ ഓരോരുത്തരും അവരവരെക്കുറിച്ച് അനുപാതങ്ങളില്ലാത്ത ആത്മവിശ്വാസത്തിലാണ്. ഒരാള്‍ അയാളെക്കുറിച്ച് അമിതമായി അസേര്‍ട്ടീവ് ആകുമ്പോള്‍ അയാളുടെ അഴക് കെട്ടുപോകുന്നുവെന്നു നിരീക്ഷണമുണ്ട്. അതുകൊണ്ടാവാം കുഞ്ഞുങ്ങള്‍ക്കും, വീട്ടമ്മമാര്‍ക്കും, കൂലിപ്പണിക്കാര്‍ക്കും ഇത്ര സൗന്ദര്യം. താപസനായ യോഹന്നാന്‍റെ ഭാഷയില്‍ ഒരു തരം ഞാന്‍ കുറയുന്ന പ്രക്രിയ. അപ്പോള്‍ അതിന്‍റെ വിപരീതാനുപാതത്തില്‍ അവന്‍ വളരും - അവനെന്നുവെച്ചാല്‍ ക്രിസ്തു എന്തിനെയൊക്കെ പ്രതിനിധാനം ചെയ്യുന്നോ അതെല്ലാം, തേജസ്സുള്‍പ്പെടെ... അകത്തെ പ്രകാശം ഉടലിനെയും കാഴ്ചപ്പാടുകളെയും പ്രകാശിപ്പിക്കുന്നതാണ് തേജസ്സ്. അത് കെട്ടുപോകുമ്പോള്‍ ദൈവം നിങ്ങളുടെ മേല്‍ സന്ദേഹിയാവുന്നു. നിന്‍റെ മുഖം ഇരുണ്ട് വരുന്നതെന്ത് - പാപം നിന്‍റെ പടിവാതില്‍ക്കലുണ്ട്. സൂക്ഷിച്ചില്ലെങ്കില്‍ അത് നിന്നെ കീഴ്പ്പെടുത്തും.

  കാലാതീതമായ ഒരു സൗന്ദര്യത്തെ തേടിത്തുടങ്ങുന്നിടത്താണ് ഒരാളുടെ യഥാര്‍ത്ഥമായ ആന്തരികജീവിതം ആരംഭിക്കുന്നതെന്നു തോന്നുന്നു. സൗന്ദര്യംകൊണ്ട് തന്നെ ഭ്രമിപ്പിച്ച ഒരു സ്ത്രീയുടെ കുഴിമാടത്തില്‍ അവളുടെ ശേഷിപ്പുകള്‍ കാണേണ്ടി വന്ന കൊച്ചു നിക്കോസിന്‍റെ ജീവിതം വഴിമാറിത്തുടങ്ങിയതായി 'റിപ്പോര്‍ട്ട് ടു ഗ്രേക്കോ'യില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സെന്‍റ് അഗസ്റ്റിന്‍ ദൈവത്തെ നിത്യനൂതന സൗന്ദര്യം എന്ന വിശേഷിപ്പിക്കുന്നതും ഈ കോണ്ടക്സ്റ്റില്‍ വായിച്ചെടുക്കുക. ഒരാള്‍ അവശേഷിപ്പിക്കുന്ന നന്മയാണ് അയാളുടെ ശരിക്കുള്ള സൗന്ദര്യമെന്നു തോന്നുന്നു. രണ്ട് സ്ത്രീകള്‍ക്ക് സംഭവിച്ചതിതാണ്. ഒരാള്‍ സൗന്ദര്യം കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ചവള്‍. മറ്റൊരാള്‍ - ഒരു വൃദ്ധ - വിണ്ടുകീറിയ വയലുപോലെ വരണ്ട ഒരാള്‍. അടുത്തടുത്ത് ദിവസങ്ങളിലാണ് അവര്‍ മരിച്ചത്. ആ വയോധികയുടെ ഓര്‍മ്മകള്‍ക്കുപോലും സുഗന്ധമാണ്. അതെ മദര്‍ തെരേസയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.... 


സ്നേഹം മാത്രം.

ഫാ. ബോബി ജോസ് കട്ടിക്കാട്

0

2

Featured Posts

bottom of page