
ദ്രാവിഡ സംസ്കൃതിയുടെ പരിഷ്കൃതദശയെന്നറിയപ്പെടുന്ന സംഘകാലം കലകളും കവിതകളും ദര്‍ശനങ്ങളും കൊണ്ട് ഏറ്റവും പുതിയതായിരുന്നു. അസംഖ്യം കവിതകള്‍ പല രൂപഭാവങ്ങളില്‍ സമര്‍പ്പിതമായി. അകനാനൂറ്, പുറനാനൂറ് അല്ലെങ്കില്‍ അകംകവിതകള്‍, പുറം കവിതകള്‍ എന്നു വിഭജിക്കപ്പെട്ടു. ഗാര്‍ഹികവും ആന്തരികവുമായ വിഷയങ്ങളെ സൂചിപ്പിക്കുന്നവയായിരുന്നു അകം കവിതകള്‍. മനുഷ്യന്‍റെ ആന്തരിക ആഭിമുഖ്യങ്ങളുമായി ന്ധപ്പെട്ട ഒരു രൂപകമാണ് അകം. വെളിപാടിന്‍റെ ധ്വനികളെ ഉള്ളടക്കം ചെയ്തവ. അങ്ങനെവരുമ്പോള്‍ വലപ്പാടെന്ന കുഞ്ഞുണ്ണിമാഷ് എഴുതിയവയെല്ലാം പുതിയകാലത്തിന്‍റെ അകംകവിതകള്‍ തന്നെ.
ഏതിലും ഏതിനും വിശാലമായ അര്‍ത്ഥത്തില്‍ അങ്ങനെയൊരു തരംതിരിവുണ്ട്. അതത്ര എളുപ്പത്തില്‍ പിടുത്തംകിട്ടിയില്ലെങ്കില്‍പ്പോലും. ഈ ആപ്പിളിന്‍റെ അകം കാണാനെന്തു വഴി എന്നു കുറുമ്പുചോദിച്ച കുഞ്ഞിനെ രസിപ്പിക്കാന്‍ അതു മുറിച്ചുകാട്ടുമ്പോള്‍ ഇതു പിന്നെയും അകത്തിന്‍റെ പുറമാണെന്നു പറഞ്ഞ് അമ്പരപ്പിക്കുന്ന മകള്‍ യോഗാത്മ വിചാരങ്ങളിലെ സ്ഥിരംകഥയാണ്. ചുരുക്കത്തില്‍ അകവും പുറവും നന്നായിട്ടടച്ച രണ്ട് ടൈറ്റ് കംപാര്‍ട്ടുമെന്‍റല്ലെന്നു സാരം. എങ്കിലും ഏതോ ഒന്നിനോട് മനസ്സിനു നിശ്ചയമായും ഒരു ചായ്വുണ്ടാകും. നിങ്ങള്‍ അകം മനുഷ്യനാണോ പുറംമനുഷ്യനാണോയെന്ന് അടയാളപ്പെടുത്തേണ്ട വൈകിയ മൂഹൂര്‍ത്തമാണിത്.
കഴിഞ്ഞ ദിവസങ്ങളില്‍ വിശേഷപ്പെട്ട ഒരതിഥിയുണ്ടായിരുന്നു. ഒരാചാര്യനും അദ്ദേഹത്തിന്‍റെ ശിഷ്യന്മാരും. മിക്കവാറും എല്ലാ ധര്‍മങ്ങളുടെയും ജ്ഞാനപാരമ്പര്യത്തെക്കുറിച്ച് ധാരണയുള്ളയാളാണ്. അതില്‍ത്തന്നെ ഇസ്ലാം യോഗാത്മകതയായ സൂഫിസത്തില്‍ വളരെ മുമ്പോട്ടുപോയൊരാള്‍. ഒരു വിദേശ യൂണിവേഴ്സിറ്റിയില്‍നിന്ന് അതിലദ്ദേഹത്തിന് ഒരു ഓണററി ഡോക്ടറേറ്റുണ്ട്. കെയ്റോയില്‍ സുഫിസത്തിന്‍റെ തലസ്ഥാനം എന്നു കരുതാവുന്ന ഒരിടത്തില്‍ അദ്ദേഹം ഉണ്ടായിരുന്നു. ഒത്തിരിപ്പേര്‍ പാര്‍ക്കുന്ന എല്ലാ സൗകര്യങ്ങളുമുള്ള ആ വല്യ കാമ്പസ്സില്‍, കുതിരകള്‍ക്ക് നീരാടാനായി തടാകങ്ങള്‍പോലും ഉള്ള ആ ഇടത്തില്‍, അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയ കാര്യം ഒന്നു നിസ്കരിക്കാനായി ഒരു പള്ളിയോ സദൃശ ഇടങ്ങളോ ഇല്ലായിരുന്നു എന്നതാണ്. അന്വേഷണത്തില്‍ ലഭിച്ച വിശദീകരണമിതായിരുന്നു, ഞങ്ങള്‍ സൂര്യമാര്‍ഗികളാണ്. സ്വയം പ്രകാശിക്കുന്നവര്‍. ഞങ്ങള്‍ക്കൊന്നിനെയും വലംചുറ്റേണ്ട ബാധ്യതയില്ല. ഊട്ടുമേശയില്‍ വല്ലാത്തൊരു നിശ്ശബ്ദതയുണ്ടായി. അവിടെ ദേവാലയമുണ്ടായിരുന്നില്ല, കാരണം, കര്‍ത്താവായിരുന്നു അവരുടെ പ്രകാശം എന്ന വെളിപാടുവചനങ്ങളെ ഞങ്ങള്‍ ഓര്‍മിച്ചു. ഒരര്‍ത്ഥത്തില്‍ എല്ലാ ധര്‍മത്തിലും രണ്ടുതരം മനുഷ്യരാണ്. സൂര്യമാര്‍ഗികളും ചന്ദ്രമാര്‍ഗികളും.
ഇല്ല, പരസ്പരം ഒരു കലഹവും അവര്‍ക്കിടയില്‍ പാടില്ല. ഓരോരുത്തരും അവരവരുടെ ആവേഗങ്ങള്‍ക്കിണങ്ങിയ മട്ടില്‍ ചില ആഭിമുഖ്യങ്ങള്‍ പുലര്‍ത്തുന്നതിനെ ഒരു ത്രാസിന്‍റെ തട്ടിലും തൂക്കിനോക്കേണ്ട ബാധ്യത ആര്‍ക്കുമില്ല. ദൈവത്തിലേക്ക് എത്ര വഴി എന്ന് ചോദിച്ചപ്പോള്‍ എത്ര കോടി മനുഷ്യരുണ്ടോ അത്രയും കോടി വഴികള്‍ എന്ന ബെനഡിക്ട് മാര്‍പ്പാപ്പായുടെ ക്ലാസ്സിക് ഉത്തരം ഓര്‍ക്കുന്നു. ഏതൊരു കര്‍മ്മവഴികളും ധര്‍മ്മവും നിലനില്‍ക്കുന്ന ചില ജ്ഞാനപാരമ്പര്യങ്ങളുടെ തീരത്താണെന്നുള്ള സൗമ്യമായ ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണിത്. അഗാധ ജീവിതമുള്ള ആചാരങ്ങളില്‍നിന്ന് വഴുതിമാറിയ ചില മനുഷ്യരെ ഈ ആരവങ്ങളുടെ ഇടയില്‍ കാണാതെ പോകരുത്. തീരെ പ്രായോഗികരല്ലെന്നു തോന്നിക്കുന്ന അത്തരം മനുഷ്യരെക്കുറിച്ചുള്ള ആകുലതയിലാണ് സുവിശേഷം അവസാനിക്കുന്നതുതന്നെ. എല്ലാ മത്സര ഓട്ടങ്ങളില്‍ നിന്നും മാറിനിന്നു തുടങ്ങുന്ന തന്‍റെ പാവം കൂട്ടുകാരനെക്കുറിച്ചാണ് പത്രോസിന്‍റെ വ്യാകുലം; ഇവന്‍റെ കാര്യം എന്താകും? ഞാന്‍ വീണ്ടും വരുവോളം ഇവന്‍ ഉണ്ടായിരിക്കണമെന്നാണ് എന്‍റെ നിശ്ചയമെങ്കില്‍ നിനക്കെന്ത് എന്ന മറുചോദ്യം കൊണ്ടാണ് യേശു അയാളെ നേരിട്ടത്. ഒരു കയ്യൊപ്പുപോലും പാടില്ലെന്ന് വിശ്വസിച്ച, പേരുചോദിക്കുമ്പോള്‍ അവിടുന്ന് സ്നേഹിച്ചിരുന്നൊരാള്‍ എന്ന് മാത്രം പറഞ്ഞ് കണ്ണ് നിറയുന്ന, ഒരു അരങ്ങിനോടും മമതയില്ലാത്ത യോഹന്നാനെ കണക്കുള്ളവര്‍. അവര്‍ ഉണ്ടായിരിക്കണം, അവന്‍റെ രണ്ടാം വരവോളം. സഭയെ ശരീരമായെണ്ണുമ്പോള്‍ ഇത്തരം മനുഷ്യരാണ് അതിന്‍റെ ചങ്ക്. നാം കെട്ടിപ്പൊക്കുന്ന വല്യവല്യ ദേവാലയങ്ങളോ ഹുങ്ക് പറയുന്ന അളവില്ലാത്ത ഉപവിപ്രവര്‍ത്തനങ്ങളോ അല്ലയെന്ന് സാരം. എവിടെയോ ചിലര്‍ കണ്ണ് പൂട്ടി ഇരിപ്പുണ്ട്. അകത്തേക്ക് വളരുന്ന മരം പോലെയുള്ള ഒരു ജീവിതവുമായി.
ഒരു ദിവസത്തെ കുര്‍ബാന മുടങ്ങിയതിന്‍റെ പേരില്‍ വല്ലാതെ വ്യസനം പറയുന്നവര്‍ ഇപ്പോള്‍ ഒരു അപൂര്‍വ്വ കാഴ്ചയല്ല. അങ്ങനെയെങ്കില്‍ എല്ലാത്തരം ഭക്തികര്‍മ്മങ്ങളില്‍ നിന്നും സ്വാഭാവികമായി മാറി നില്‍ക്കേണ്ടി വന്ന മരുഭൂമിയിലെ പിതാക്കന്മാരെയും താപസരെയും ഭിക്ഷാടനപാരമ്പര്യങ്ങളെയും നിങ്ങള്‍ ഏത് ഏകകം കൊണ്ട് അളക്കും. അവരായിരുന്നല്ലോ ഏതൊരു കാലത്തിന്‍റെയും ഗുണകരമായ പുളിമാവ്. അവനവനിലേക്ക് പ്രവേശിക്കാന്‍ വഴിയൊരുക്കുകയാണ് ഏതൊരു ആത്മീയ സാധനയും എത്തേണ്ട പക്വത. യേശു ആരംഭിച്ചതങ്ങനെയാണെന്ന് ഓര്‍ക്കണം - വാതിലുകള്‍ കൊട്ടിയടയ്ക്കാന്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട്. നോക്കൂ, ഇപ്പോള്‍ പോലും കടപ്പുറത്തെ പല വീടുകള്‍ക്കും വാതിലില്ല. വാതിലില്ലാത്ത ഒരു വീട്ടില്‍ ഉറങ്ങിയ ഒരു പെണ്‍കുട്ടിയുടെ ചിത്രം മഴയ്ക്ക്ശേഷവും ഒലിച്ചുപോകാതെ ചുവരുകളില്‍ ഉണ്ട്. കവി ഉദ്ദേശിച്ചത് ഇതല്ല! ഇന്ദ്രിയങ്ങളുടെ വാതിലുകള്‍ കൊട്ടി അടയ്ക്കാനാണ്, വിശേഷിച്ചും കണ്ണെന്ന ആനവാതില്‍. മിഴി പൂട്ടി ഇരിക്കുന്ന മനുഷ്യര്‍ അങ്ങനെ അവന്‍റെ കാലത്തെ ഏറ്റവും ശ്രീ ഉള്ള കാഴ്ചയായിട്ടുണ്ടാകും. വലകെട്ടുന്നവരും മീന്‍ വില്‍ക്കുന്നവരും സഹശയനം അനുഷ്ഠിക്കുന്നവരും കുഞ്ഞിനെ ചുംബിക്കുന്നവരും എല്ലാവരും കണ്ണുകള്‍ അടയ്ക്കുകയാണ്. എല്ലാ അനുഭവങ്ങളും ആന്തരിക ഈര്‍പ്പത്തില്‍ നിന്നാണ്. അവനവനിലോട്ട് ഒന്ന് കൈ നീട്ടാനുള്ള ശ്രമമാണ്. ഓരോരോ തൊഴിലുകളില്‍ ഏര്‍പ്പെടേണ്ടവര്‍ക്ക് എത്രയെത്ര പേരോട് പരിചയം കാട്ടുകയും പുഞ്ചിരിക്കുകയും ഹസ്തദാനം നല്‍കുകയും ചെയ്യേണ്ട ബാധ്യതയുണ്ട്. ഒരു പാളി നോട്ടം പോലും അവനവനിലേക്ക് നോക്കാതെ പോകുന്നത് അപരാധമല്ലേ. തീവണ്ടിയിലെ ദീര്‍ഘയാത്രകളില്‍ കണ്ടിട്ടുണ്ട്. മനുഷ്യര്‍ വായിച്ചു തീര്‍ത്ത പത്രങ്ങള്‍ പിന്നെയും പിന്നെയും വായിച്ച വിരസതയെ തള്ളി നീക്കുന്നത്. എന്തെങ്കിലും ഒന്നില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ ഭ്രാന്തുപിടിക്കുന്ന മനുഷ്യര്‍!
അടുത്ത വരികൂടി ശ്രദ്ധിക്കണം; അകത്തുള്ളവനുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുക. അതെന്തുമാകാം. അവനവന്‍റെ മനഃസ്സാക്ഷി, ദൈവികമെന്ന് വിശേഷിപ്പിക്കാവുന്ന ചില പ്രചോദനങ്ങള്‍, വായിച്ച പുസ്തകങ്ങള്‍, കേട്ട ഗുരുക്കന്മാരുടെ പൊരുളുകള്‍ തുടങ്ങിയെന്തും. ഒരുതരം സെല്‍ഫ് ടോക്ക് എന്ന് വിചാരിച്ചാലും കുഴപ്പമില്ല . ഗുരു നിത്യയുടെ 'ഉള്ളില്‍ കിന്നാരം പറയുന്നവര്‍' എന്ന ഒരു പുസ്തകത്തെ ഓര്‍ക്കുന്നു. ആരൊക്കെയാണ് ആ നല്ല മനുഷ്യനോട് മിണ്ടാന്‍ വരുന്നത്. അതില്‍ അഭിനവ ഗുപ്തനെ പ്രത്യേകം ശ്രദ്ധിക്കണം. ഭരതമുനിയുടെ നാട്യശാസ്ത്രത്തിന് വ്യാഖ്യാനമെഴുതിയ ആളാണ്. നവരസങ്ങളെന്ന് ഇന്ന് വിളിക്കപ്പെടുന്നതില്‍ ശാന്തം അയാളുടെ സംഭാവനയാണെന്നാണ് കരുതപ്പെടുന്നത്. ഗുരു നിത്യയുടെ അകംപൊരുളിനെ ആ പദം എത്ര കീഴ്പ്പെടുത്തിയിട്ടുണ്ടാകും. ആ ആന്തരിക ലോകവുമായി സദാ ബന്ധപ്പെട്ടുനില്‍ക്കാന്‍ ശ്രദ്ധിച്ചതുകൊണ്ടാണ് വിജനതാഴ്വരകളും ഗിരിശിഖകളും മരുഭൂമികളും യേശുവിന് പ്രിയപ്പെട്ട ഇടങ്ങളായത്. സെന്‍റ് തോമസുമായി ബന്ധപ്പെട്ട് കുറെ അധികം മലയുടെ പരാമര്‍ശങ്ങള്‍ എങ്ങനെയുണ്ടായി എന്നും അന്വേഷിച്ചാല്‍ നല്ലതാണ്. ഒക്കെ അവനവന്‍റെ ആന്തരിക ഹര്‍മ്യം പണിയുന്നതിന്‍റെ ഭാഗമാണ് - ഇന്നര്‍ കാസില്‍ (Inner Castle). അമ്മത്രേസ്യ തന്‍റെ പുസ്തകത്തിന് നല്കിയ ശീര്‍ഷകമാണത്.
അകത്തേക്ക് ഉറ്റുനോക്കാന്‍ ക്ഷണിച്ചുകൊണ്ടാണ് യേശു ആരംഭിക്കുന്നത്. തന്‍റെ ജീവിത ദര്‍ശനങ്ങളുടെ ചുരുക്കെഴുത്തായി കരുതിയ ഗ്രന്ഥത്തിന് ടോള്‍സ്റ്റോയി കണ്ടെത്തിയത് ഈ പദമാണെന്ന് ഓര്‍ക്കുന്നില്ലേ? വളരെ കുറച്ച് മാത്രം ധ്യാനിക്കപ്പെടുന്നു എന്നതാണ് തച്ചന്‍റെ ഈ ധര്‍മ്മത്തിന് വന്ന ദുര്യോഗം... ആന്തരിക ജീവിതത്തെ സഹായിക്കാന്‍ ഉതകാത്ത ബാഹ്യ ആചാരങ്ങള്‍ക്ക് എതിരെ യേശു എത്ര കലഹിച്ചതാണ്. കോപ്പയുടെ പുറം മാത്രം വൃത്തിയാക്കുന്നവര്‍ എന്നാണ് അവരെ വിശേഷിപ്പിച്ചത്. എത്ര ശക്തമായാണവയൊക്കെ മടങ്ങി വരുന്നതെന്നു കാണുമ്പോള്‍ ഭയം വരുന്നു.
എല്ലാം നവീകരിക്കപ്പെടുന്ന ഭൂമിയില്‍ വിശ്വാസസങ്കല്‍പങ്ങള്‍ക്കും ചില പരിണാമങ്ങള്‍ ആവശ്യമില്ലേ? പാരമ്പര്യങ്ങളെക്കുറിച്ച് ഹുങ്ക് പറഞ്ഞും മാമൂലുകളെ ആദര്‍ശവത്കരിച്ചും അറിഞ്ഞോ അറിയാതെയോ അകക്കാഴ്ചകളുടെ ജാലകങ്ങള്‍ കൊട്ടിയടയ്ക്കുകയാണ് പലരും. എല്ലാ പള്ളിയും ജീര്‍ണ്ണിക്കുമെന്നും അതിനു കാലോചിതമായ പുതുക്കം ആവശ്യമുണ്ടെന്നും വിളിച്ചുപറയുവാന്‍ എട്ടു നൂറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷം ഫ്രാന്‍സീസ് എന്ന നാമം സ്വീകരിച്ച, വൈകാതെ വിരമിക്കുമെന്ന ഭീതി ഉളവാക്കുന്ന ആ വയോധികനായ പാപ്പായുടെ ദുര്‍ബല സ്വരം മാത്രം മതിയോ? ഇത്രയും മത ചിഹ്നങ്ങള്‍ ഇനി നമുക്ക് ആവശ്യമുണ്ടോ. പള്ളിയോ ക്ഷേത്രവുമായോ ഒക്കെ ബന്ധപ്പെട്ട് നമ്മള്‍ ഉമ്മറത്ത് ചാര്‍ത്തുന്ന ഒരു കൊടി അടയാളം പോലും അപായ സൂചനയല്ലേ. പണ്ടേ പതിഞ്ഞൊരു വാക്കുണ്ട്. ദൈവം മനുഷ്യനെ രൂപപ്പെടുത്തുന്നത് കടല്‍ കരയെ ബലപ്പെടുത്തുന്നതു പോലെയാണെന്ന് - ഓരോ നിമിഷവും പിന്‍വാങ്ങി. എല്ലാ ക്ഷണങ്ങളും അകത്തേക്കുള്ളതാണ് ആരുടെ അകം? ക്ഷണിക്കുവാനും പ്രവേശിക്കുവാനും ഒക്കെ ഒരേ ഒരാള്‍ മാത്രം. എന്നിലുദിക്കുകയും എന്നില്‍ത്തന്നെ അസ്തമിക്കുകയും ചെയ്യുന്ന അനേകം നക്ഷത്രങ്ങള്‍... ഭൂമിയില്‍ ഒളിച്ചു വയ്ക്കപ്പെട്ട പ്രവാഹങ്ങള്‍ തേടി പോകും പോലെ ഉള്ളിലെ ഉറവകളിലേക്കുള്ള യാത്രകള്‍. ഇരുണ്ട അകത്തളങ്ങള്‍ നിറയെ ഉലയാത്ത മെഴുകുതിരി നാളങ്ങള്‍ കാണുന്നു.ദൈവം തന്‍റെ വീശുമുറം കൊണ്ട് എല്ലാ ജീവിതങ്ങളെയും പാറ്റുന്നുണ്ട്. അകക്കാമ്പുള്ളവരാണ് ശേഖരിക്കപ്പെടുക. അല്ലാത്തവര്‍ കാറ്റത്തിങ്ങനെ... ഇങ്ങനെയിങ്ങനെ... ഇങ്ങനെ...