top of page
മനുഷ്യന്‍ തന്‍റെ മനശുദ്ധികൊണ്ട് ദൈവത്തിന്‍റെ മുന്‍പില്‍ നില്‍ക്കുകയും, ദൈവം തന്നിലെ ആത്മവെളിച്ചം കൊണ്ട് മനുഷ്യനെ തഴുകുകയും ചെയ്യുമ്പോള്‍ ദൈവ - മനുഷ്യബന്ധം സമ്പൂര്‍ണ്ണമായ പ്രാര്‍ത്ഥനാനുഭവമായി വളരുന്നു. ആത്മബന്ധത്തിന്‍റെ ഈ സുതാര്യതയില്‍ ദൈവവും മനുഷ്യനും പരസ്പരം ലയിക്കുകയും പരസ്പരം തുണയാവുകയും ചെയ്യുന്നു. ഇത് സായൂജ്യമാണ്.
ദേവാലയത്തില്‍ ഒരാള്‍: "ദൈവമേ. നിന്നെ തുണയ്ക്കാന്‍ എന്നെ സഹായിക്കണേ..."
ഇതുകേട്ടയാള്‍: "നിനക്കെങ്ങനെയാണ് ദൈവത്തെ തുണയ്ക്കാനാവുക?"
അയാള്‍: "പരമദാരിദ്ര്യം എന്നെ ഒരു ഭിക്ഷക്കാരനാക്കി മാറ്റിയാല്‍ അപകര്‍ഷത കൊണ്ട് ഞാന്‍ ദൈവത്തില്‍ നിന്നും ഓടിയകലും. എനിക്ക് ഇട്ട് മൂടാന്‍ വിധം സമ്പത്തുണ്ടായാല്‍, എന്‍റെ ഹുങ്ക് അവന്‍റെമേല്‍ വീഴാതിരിക്കാന്‍ ദൈവം എന്നില്‍നിന്നും ഓടിരക്ഷപെടും. പക്ഷേ, എനിക്ക് അന്നന്നത്തേയ്ക്ക് മാത്രമെ ഉള്ളൂ എങ്കില്‍ ഞാനും ദൈവവും പരസ്പരം ആനന്ദത്തില്‍ സഹകരിക്കും. പങ്കുവെയ്ക്കും, തുണയ്ക്കും."
നമ്മുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കാന്‍ സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്ന യജമാനനല്ല ദൈവം. നമ്മോടൊപ്പം എത്തി സാന്നിധ്യത്താല്‍ ജീവിതത്തില്‍ ധൈര്യം പകരുന്ന സുഹൃത്താണവിടുന്ന്. ഒരാള്‍ തന്‍റെ പ്രാര്‍ത്ഥനയിലെ വേദന ആത്മീയ ഗുരുവിനോട് ഇങ്ങനെ പങ്കുവെച്ചു: "ദൈവം എന്‍റെ പ്രാര്‍ത്ഥനകള്‍ ഇതുവരെയും കേട്ടിട്ടില്ല. എല്ലാം ഞാന്‍ വളരെ കഷ്ടപ്പെട്ട് നേടിയതാ."
ഗുരു: "നീ നിന്‍റെ പ്രാര്‍ത്ഥന കേള്‍ക്കാത്ത ദൈവത്തെയേ കണ്ടുള്ളൂ. നിന്നോടൊപ്പം വന്ന് കഷ്ടപ്പെടുന്ന ദൈവത്തെ കണ്ടില്ല." ഗുരു ഉപസംഹരിച്ചു: "കഷ്ടപ്പെടാനാവുന്നതും ദൈവകൃപ തന്നെ."
പ്രാര്‍ത്ഥനയില്‍ കദനത്തിന്‍റെ കണ്ണീര്‍ത്തുള്ളികളെ പൊട്ടിച്ചു കളയാനാവണം. പ്രതീക്ഷയുടെ ആനന്ദക്കണ്ണീരാണ് തിളങ്ങേണ്ടത്. എന്നും കുര്‍ബ്ബാന കഴിഞ്ഞ് മുട്ടിന്‍മേല്‍ നിന്ന് നൊന്ത് പ്രാര്‍ത്ഥിക്കുന്ന ചേട്ടത്തിയോട് സ്നേഹത്തോടെ വികാരിയച്ചന്‍ : "അമ്മച്ചീ എന്നും ഇങ്ങനെ കരയല്ലേ..."
ചേട്ടത്തി: "അച്ചോ, മരിച്ചുപോയ എന്‍റെ പ്രിയപ്പെട്ട ഭര്‍ത്താവിനെ ഓര്‍ത്തിട്ടാ."
അച്ചന്‍: "അദ്ദേഹമില്ലെങ്കിലും കാര്യങ്ങളെല്ലാം ഭംഗിയായി നടന്നല്ലോ. മക്കളെല്ലാം നല്ല നിലയിലായില്ലേ!"
ചേട്ടത്തി: "അത്, ഇടവകക്കാരുടെ എല്ലാം സഹായം കൊണ്ടല്ലേ."
അച്ചന്‍: "അല്ല"
ചേട്ടത്തി: "പിന്നെ?"
അച്ചന്‍ നേരിയ ചിരിയോടെ: "അമ്മച്ചിയുടെ പുള്ളിക്കാരന്‍ സ്വര്‍ഗ്ഗത്തിലിരുന്ന് മാദ്ധ്യസ്ഥം പറഞ്ഞതുകൊണ്ട്." അടുത്തദിവസം മുതല്‍ ചേട്ടത്തി പ്രാര്‍ത്ഥനയില്‍ ചിരിച്ചു തുടങ്ങി. സ്വര്‍ഗ്ഗവും കണ്ണീരൊഴുക്കുന്ന പ്രാര്‍ത്ഥനയുണ്ട്. അത് മനുഷ്യന്‍റെ ചങ്ക് തകരുന്നത് കണ്ടിട്ടാണ്. ഏക മകന്‍ പെട്ടെന്ന് മരണത്തിന്‍റെ മുന്‍പില്‍ എത്തിയപ്പോള്‍ പിതാവ് ഇങ്ങനെ പ്രാര്‍ത്ഥിച്ചു: "ദൈവമേ... എന്‍റെ മകന് ഇനിയും ജീവന്‍ തരണമേ എന്ന് ഞാന്‍ പറയില്ല. പക്ഷേ, അവന്‍ ഇല്ലാതെ ജീവിക്കാന്‍ എനിക്ക് കരുത്തില്ല..." സ്വര്‍ഗ്ഗവും കണ്ണീരണിഞ്ഞു. അത് സൗഖ്യത്തിന്‍റെ കാറ്റായി. സാവധാനം മകനില്‍ ജീവശ്വാസം സാധാരണ നിലയിലായി. നല്ല ജീവനായപ്പോള്‍ മകന്‍: "ഞാനിനി അപ്പന്‍റെയോ, അമ്മയുടെതോ ആയിരിക്കില്ല. പ്രാര്‍ത്ഥനയുടെ മകനായിരിക്കും."
പറയുന്നതിനേക്കാള്‍ കേള്‍ക്കാന്‍ തയ്യാറാകുന്ന ആളാണ് യഥാര്‍ത്ഥ പ്രാര്‍ത്ഥനാ ചൈതന്യം ഉള്ള ആള്‍. ദൈവം അതുകൊണ്ടാണ് ഏറ്റവും ഹൃദയാലുവായിരിക്കുന്നത്. പള്ളിയില്‍ വന്നിരുന്ന് നിശബ്ദരായി ദൈവസാന്നിദ്ധ്യം അനുഭവിക്കുന്നവരും, ഉച്ചത്തില്‍ പ്രാര്‍ത്ഥിച്ച് സ്വന്തം മനഃശാന്തി മാത്രം നേടാന്‍ ശ്രമിച്ചവരും തമ്മില്‍ ആശയ സംഘട്ടനം. പ്രശ്നം വികാരിയച്ചന്‍റെ അടുക്കലെത്തി. നിശബ്ദതയില്‍ പ്രാര്‍ത്ഥിക്കുന്നവര്‍ അച്ചനോടിങ്ങനെ ഏറ്റു പറഞ്ഞു: "നമുക്ക് പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കാം."
പക്ഷേ, ഉച്ചത്തില്‍ പ്രാര്‍ത്ഥിച്ചവര്‍ ദേഷ്യത്തോടെ: "ഞങ്ങള്‍ക്കവരെ കേള്‍ക്കേണ്ടാ."
അച്ചന്‍ ഗൗരവത്തില്‍: "ബഹളത്തില്‍ മുഷ്ക്കാണ്. നിശബ്ദതയില്‍ സഹിഷ്ണുതയും." നിശബ്ദതയെ കേള്‍ക്കാന്‍ തയ്യാറാകുന്നതു വരെ ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുന്നവരെ അച്ചന്‍ ഗൗരവം കൊണ്ട് നേരിട്ടു.
'എനിക്കു മാത്രമല്ല, അപരനും എന്നെപ്പോലെ നന്മ ഉണ്ടാകണേ' എന്നുള്ളതാണ് ദൈവം ഇഷ്ടപ്പെടുന്ന ഏറ്റവും നല്ല പ്രാര്‍ത്ഥന.
ശിഷ്യന്‍ ഗുരുവിനോട്: "ദൈവം എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുന്നില്ല."
ഗുരു: "എന്താണ് നിന്‍റെ പ്രാര്‍ത്ഥന?"
ശിഷ്യന്‍ : "എന്നെ ഏറ്റവും മിടുക്കനാക്കണമെന്ന്."
ഗുരു: "പക്ഷേ, ഞാന്‍ പ്രാര്‍ത്ഥിച്ചത്- എന്‍റെ എല്ലാ ശിഷ്യരേയും ഒന്നിനൊന്ന് മിടുക്കരാക്കണമെന്നും"
ശിഷ്യന്‍റെത് തന്നിഷ്ടം;
ഗുരുവിന്‍റേത് ദൈവേഷ്ടം.
സ്വയം ന്യായീകരണം ആവാതെ, പ്രാര്‍ത്ഥന സ്വയം സമ്മതിക്കലും സ്വയം തിരിച്ചറിയലും ആവണം. അപ്പോള്‍ മാത്രമെ ഒരാള്‍ തനിക്കുതന്നെയും കുടുംബത്തിനും അനുഗ്രഹമാകൂ. നീതിമാനായ അപ്പന്‍ പ്രാര്‍ത്ഥിച്ചൊരുങ്ങിയശേഷം മക്കള്‍ക്ക് വീതം പകുത്തു കൊടുത്തു. പക്ഷേ, ഒരു മകന് മാത്രം അവനിഷ്ടപ്പെട്ട ഭാഗം കൊടുക്കാന്‍ അപ്പന് കഴിഞ്ഞില്ല. അവനതിന് അപ്പനോട് മുറുമുറുപ്പായി. കിട്ടിയ സ്ഥലം തരിശിട്ടു. പിന്നീട് പള്ളിയില്‍ വച്ച് കണ്ടപ്പോള്‍ അവന്‍ അപ്പനേക്കുറിച്ച് അമ്മയോട് പരാതിയും പറഞ്ഞു. സന്ധ്യാപ്രാര്‍ത്ഥനയ്ക്കു ശേഷം മകന്‍റെ പരാതിയെല്ലാം അമ്മയില്‍ നിന്നും കേട്ടപ്പോള്‍ അപ്പന്‍ ഇത്രമാത്രം പറഞ്ഞു: "മനപൂര്‍വ്വമല്ല. എങ്കിലും ഹൃദയമുറിവ് ഉണക്കേണ്ടതു തന്നെ." അടുത്ത ദിവസം രാവിലെ അപ്പന്‍ പണിയായുധവുമായി പരാതിക്കാരന്‍റെ വീട്ടുമുറ്റത്ത്. അപ്പന്‍: "ഞാന്‍മൂലം നീ വേദനിചോര്‍ന്നൊലിച്ചുച്ചെന്നറിഞ്ഞു. സാരമില്ല. അധ്വാനം കൊണ്ട് ഞാനത് നികത്തിത്തരാം." അപ്പന്‍ കൂന്താലിയുമായ് മകന്‍റെ വീതത്തിലേയ്ക്ക് നടന്നു.
മകന്‍റെ പിണക്കം മകന്‍റെ കുഞ്ഞ് അപ്പോള്‍ സന്മാര്‍ഗ്ഗപാഠത്തില്‍ ഇങ്ങനെ വായിച്ചു: "അപ്പന്‍ മകന് പ്രചോദനമായാലെ അവന്‍ അപ്പന്‍റെ പിന്നാലെ നടക്കൂ." അവന്‍ പുസ്തകത്തില്‍ നിന്നും തല ഉയര്‍ത്തി നോക്കിയപ്പോള്‍ അപ്പന്‍ വല്യപ്പന്‍റെ പിന്നാലെ നടന്നു ചെല്ലുന്നത് കണ്ടു.
എന്‍റെ പ്രതീക്ഷകളിലേയ്ക്ക് ദൈവത്തെ ഉണര്‍ത്തുന്നതിനോ, അവന്‍റെ പ്രതീക്ഷകളിലേയ്ക്ക് എന്നെ ഉയര്‍ത്തുന്നതിനോ ഉള്ള തത്രപ്പെടലല്ല പ്രാര്‍ത്ഥന. രണ്ടും ഉള്ളില്‍ ഉള്‍ക്കൊണ്ട് ആത്മ വെളിപാടുകളെ സ്വീകരിക്കാനുള്ള കാത്തിരിപ്പാണ്.
ഗുരുവിനോട് ശിഷ്യന്‍ ചോദിച്ചു: "എപ്പോഴാണ് ആത്മവെളിച്ചം കിട്ടുക?"
ഗുരു: "ധൃതി വെടിഞ്ഞ് സുവിശേഷത്തിലെ വിധവയെപ്പോലെ നിരന്തരം പ്രാര്‍ത്ഥിക്കുക. ഫലം നല്‍കാത്ത വൃക്ഷത്തെ നല്ല ഭൃത്യന്‍ വീണ്ടും വളമിട്ട് വളര്‍ത്തിയതുപോലെ. പ്രതീക്ഷകള്‍ക്ക് വീണ്ടും വീണ്ടും നന്മയുടെ വളമിടുക. അങ്ങനെ, അവസാനം നിന്നില്‍ 'നീയും' ഇല്ലാതായി നീ പ്രതീക്ഷകളും പ്രാര്‍ത്ഥനകളും മാത്രമായിത്തീരുമ്പോള്‍ വെളിപാടുണ്ടാകും."ബലങ്ങളില്‍ ബലവാനോ, ബലഹീനതയില്‍ 'ബലേഭേഷ്' പറയുന്നവനോ അല്ല; രണ്ടിലും ദൈവകൃപ യാചിക്കുന്ന ആളാണ് യഥാര്‍ത്ഥ പ്രാര്‍ത്ഥനാരൂപിഉള്ള ആള്‍.
ധ്യാന ഗുരുവിനോടൊരാള്‍: "ഞാനെന്‍റെ കഴിവുകളില്‍ വല്ലാതെ അഹങ്കരിച്ചു പോകുന്നു. ബലഹീനതകളെ ഉള്ളില്‍ കുടിപാര്‍പ്പിക്കുകയും ചെയ്യുന്നു. എനിക്ക് വിടുതല്‍ വേണം."
ഗുരു: "രണ്ടിന്‍റേയും പിന്നില്‍ സ്വയം കെട്ടാതിരിക്കുക. അംഗീകരിക്കുകയും അവയ്ക്ക് മേല്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുക. വിടുതലല്ല, തിരിച്ചറിവുണ്ടാകും, അങ്ങനെ രണ്ടിന്‍റെയും മുമ്പില്‍ വിവേകത്തോടെ പെരുമാറാനാവും."
***
ചോദ്യം: പ്രാര്‍ത്ഥനാ പുസ്തകത്തിലും ഭക്തി ഗാനങ്ങളിലും എല്ലാം സര്‍വ്വത്ര കണ്ണീര്‍ഗന്ധം?
ഉത്തരം: വേദനിക്കുമ്പോള്‍ മാത്രം ദൈവത്തിന്‍റെ പക്കല്‍ ചെല്ലുന്നതു കൊണ്ടാണത്. എപ്പോഴും ചെല്ലുക. പാട്ടും പ്രാര്‍ത്ഥനയും ജീവിതഗന്ധിയാവും.
Featured Posts
bottom of page