top of page
ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി കപ്പൂച്ചിന്‍
1930 നവംബര്‍ 27ന് കാഞ്ഞിരപ്പള്ളിയില്‍ ജനനം. 1950-ല്‍ കപ്പൂച്ചിന്‍ സന്ന്യാസസമൂഹത്തില്‍ ചേര്‍ന്നു. 1952ല്‍ പ്രഥമ വ്രതവാഗ്ദാനം.1958 മാര്‍ച്ച് 22ന് വൈദികപട്ടം സ്വീകരിച്ചു. ജര്‍മ്മനിയിലെ മ്യൂണ്‍സ്റ്റര്‍ സര്‍വ്വകലാശാലയില്‍ നിന്നും കാള്‍ റാനര്‍, വാള്‍ട്ടര്‍ കാസ്പര്‍, ജെ. ബി. മെറ്റ്സ് ജോവാക്കിം ജെറമിയാസ്, പീറ്റര്‍ എ ഹ്യൂണര്‍മാന്‍ തുടങ്ങിയ വിഖ്യാത ദൈവശാസ്ത്രജ്ഞരുടെ ശിഷ്യനായി ദൈവശാസ്ത്രത്തില്‍ ഉപരിപഠനവും ഡോക്ടറേറ്റും. ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ നിരവധി ഗ്രന്ഥങ്ങളും ജര്‍മ്മന്‍ ഭാഷയിലടക്കം ലേഖനങ്ങളും രചിച്ചിട്ടുണ്ട്. ഇന്‍ഡ്യയിലെ വിവിധ ദൈവശാസ്ത്രകലാലയങ്ങളില്‍ അധ്യാപനം നടത്തുന്ന ഇദ്ദേഹം ഇപ്പോള്‍ കോട്ടയം തെള്ളകം കപ്പൂച്ചിന്‍ വിദ്യാഭവനില്‍ അധ്യാപകനാണ്.
ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി കപ്പൂച്ചിനുമായി ടോം കണ്ണന്താനം നടത്തിയ അഭിമുഖ സംഭാഷണം.
1. വി. കുര്‍ബ്ബാന ഒരു അനുഷ്ഠാനമോ അതോ ജീവിതശൈലിയോ?
ശാരീരികജീവിയും സാമൂഹികജീവിയുമായ മനുഷ്യന് ദൈവവുമായും മറ്റു മനുഷ്യരുമായും ആശയവിനിമയം ചെയ്യുന്നതിനു ചില അടയാളങ്ങളും അനുഷ്ഠാനങ്ങളും ആവശ്യമാണ്. അതുകൊണ്ടാണ് എല്ലാ മതങ്ങളിലും ചില അനുഷ്ഠാനങ്ങള്‍ നാം കാണുന്നത്. വി. കുര്‍ബ്ബാന സ്ഥാപിച്ചുകൊണ്ട് 'ഇതെന്‍റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍" എന്നു പറഞ്ഞപ്പോള്‍ യേശുവും ഒരു അനുഷ്ഠാനം നമുക്കു നല്‍കി. ഇതു വെറുതെ അനുഷ്ഠാനത്തിനുവേണ്ടിയുള്ള ഒരു അനുഷ്ഠാനമായിരുന്നില്ല, പിന്നെയോ അവിടുത്തെ ജീവിതശൈലിയിലേക്കു നമ്മെ നയിക്കുന്നതിനുള്ള ഒരനുഷ്ഠാനമായിരുന്നു. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, നമ്മളും യേശുവിനെപ്പോലെ, നമ്മെത്തന്നെ പിതാവിനു സമര്‍പ്പിച്ചുകൊണ്ട് പിതാവിന്‍റെ ഇഷ്ടമായ നമ്മുടെ സഹോദരീസഹോദരങ്ങളുടെ സൗഭാഗ്യത്തിനും സുസ്ഥിതിക്കും രക്ഷയ്ക്കും വേണ്ടി ജീവിക്കാനും പ്രവര്‍ത്തിക്കാനും സ്വയം ചെലവഴിക്കാനും പ്രതിജ്ഞാബദ്ധരാകുന്നതിനുവേണ്ടിയായിരുന്നു. ഇതു മറന്നിട്ടു വളരെ ആഘോഷമായി ഒരനുഷ്ഠാനം നടത്തിയാലും അതുകൊണ്ടു പ്രയോജമുണ്ടാകയില്ല.
2. പിതാവിനു പുത്രന്‍ അര്‍പ്പിച്ച ബലിയാണോ വി. കുര്‍ബ്ബാന?
പിതാവിനു പുത്രന്‍ അര്‍പ്പിച്ച ബലിയാണ് വി. കുര്‍ബ്ബാനയെന്നു പറയാമെങ്കിലും ഈ ബലിയുടെ ശരിയായ അര്‍ത്ഥം നാം മനസ്സിലാക്കിയിരിക്കണം. ഇതു സാധാരണ നാം പറയുന്ന അര്‍ത്ഥത്തിലുള്ള ബലി അഥവാ അനുഷ്ഠാനബലിയായിരുന്നില്ല. വ്യവസ്ഥയില്ലാതെ സ്നേഹിക്കുന്ന പിതാവായ ദൈവത്തിന് പുത്രനായ യേശു സ്വയം സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ചുകൊണ്ട് പിതാവിന്‍റെ ഇഷ്ടമായ മനുഷ്യരുടെ സൗഭാഗ്യത്തിനും രക്ഷയ്ക്കുംവേണ്ടി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും സ്വയം ചെലവഴിക്കയും ചെയ്തു. പിതാവിന്‍റെ ഇഷ്ടമായ മനുഷ്യന്‍റെ - ഓരോ മനുഷ്യന്‍റെയും എല്ലാ മനുഷ്യരുടെയും- സൗഭാഗ്യത്തിനും സുസ്ഥിതിക്കും എതിരായി നിന്ന വ്യക്തികളോടും പ്രസ്ഥാനങ്ങളോടും യേശുവിന് എതിരിടേണ്ടി വന്നു. മനുഷ്യനെ അസ്വതന്ത്രനാക്കിയ ഭക്ഷണത്തിന്‍റെ ശുദ്ധാശുദ്ധ വിവേചനങ്ങള്‍ പോലുള്ള നിയമങ്ങളെ അവിടുന്നു നീക്കിക്കളഞ്ഞു. സാബത്തില്‍ രോഗശാന്തിയും നന്മപ്രവൃത്തികളും മുടക്കിയ നിയമങ്ങളെ അവിടുന്നു നിഷ്കാസനം ചെയ്തു. സ്ത്രീകള്‍ക്കെതിരെ അനീതികരമായിരുന്ന മോശയുടെ വിവാഹ മോചനനിയമത്തെ അവിടുന്ന് അസാധുവാക്കി. പാവപ്പെട്ടവരുടെയും പ്രാന്തവത്ക്കരിക്കപ്പെട്ടവരുടെയും സമുദായ ഭ്രഷ്ടരുടെയും പാപികളുടെയും ചുങ്കക്കാരുടെയും പക്ഷംചേരുകയും അവരുടെ മോചനത്തിനായി നിലകൊള്ളുകയും ചെയ്തത് ചൂഷകരും മര്‍ദ്ദകരുമായ ജനപ്രമാണികളെയും പ്രബല വിഭാഗങ്ങളായിരുന്ന ഫാരിസേയരെയും മതമേധാവികളെയും അവിടുത്തെ ശത്രുക്കളാക്കി. അവര്‍ യേശുവിനെ നശിപ്പിക്കാന്‍ പരിശ്രമം തുടങ്ങി. യേശു അപകടം മുമ്പില്‍ കണ്ടിട്ടും പിതാവിന്‍റെ ഇഷ്ടമായ മനുഷ്യന്‍റെ സൗഭാഗ്യത്തിനും രക്ഷയ്ക്കുംവേണ്ടി നിലകൊള്ളുന്നതില്‍ നിന്ന് അണുപോലും വ്യതിചലിച്ചില്ല. അവസാനം ശത്രുക്കള്‍ യേശുവിനെ അറസ്റ്റുചെയ്യുകയും റോമന്‍ ഗവര്‍ണറുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി യേശുവിനെ വധിക്കാന്‍ വിധിക്കുകയും പീഡിപ്പിക്കുകയും ക്രൂശിക്കുകയും ചെയ്തു. പിതാവിനോടുള്ള യേശുവിന്‍റെ ഈ വിധേയത്വവും മനുഷ്യരുടെ സൗഭാഗ്യത്തിനും രക്ഷയ്ക്കുംവേണ്ടിയുള്ള ഈ നിലപാടും അതിന്‍റെ പരിണതഫലമായ മരണവുമാണ് യേശുവിന്‍റെ ബലി-ജീവിത ബലി. ഈ ജീവിത ബലിയാണ് വി. കുര്‍ബ്ബാനയില്‍ സന്നിഹിതമാകുന്നതും നാം ആചരിക്കുന്നതും. അങ്ങനെ പുത്രന്‍ പിതാവിന് അര്‍പ്പിച്ച ജീവിത ബലിയാണ് വി. കുര്‍ബ്ബാന.
3. "യേശുവാകട്ടെ എന്നേയ്ക്കും നിലനില്‍ക്കുന്നതുകൊണ്ട് അവന്‍റെ പൗരോഹിത്യം കൈമാറപ്പെടുന്നില്ല" എന്ന് ഹെബ്രാ. 7:24 ലും "അവന്‍ തന്നെത്തന്നെ അര്‍പ്പിച്ചുകൊണ്ട് എന്നേയ്ക്കുമായി ഒരിക്കല്‍ ബലിയര്‍പ്പിച്ചിരിക്കുന്നു" 7:27 ലും പറയുന്നു. എങ്കില്‍ പൗരോഹിത്യത്തിന്‍റെയും ഇപ്പോഴത്തെ ബലിയര്‍പ്പണത്തിന്‍റെയും ആവശ്യകത എന്ത്?
സാധാരണ നാം മനസ്സിലാക്കുന്ന അര്‍ത്ഥത്തില്‍ യേശു പുരോഹിതനായിരുന്നില്ല, ബലിയര്‍പ്പിച്ചുമില്ല. എന്നാല്‍ ദൈവത്തിന്‍റെ സ്വയം ദാനമായ യേശു മനുഷ്യര്‍ക്കുവേണ്ടി അവതരിച്ച ദൈവം തന്നെയായ പ്രസാദവരമാണ്. അങ്ങനെ ദൈവത്തിനും മനുഷ്യര്‍ക്കുമിടയിലുള്ള മദ്ധ്യസ്ഥന്‍ എന്ന നിലയില്‍ കാള്‍ റാനര്‍ പറയുന്നതുപോലെ യേശു പരമമായ അര്‍ത്ഥത്തിലുള്ള പുരോഹിതനാണ്, (Absolute Priest), അതുപോലെ തന്നെ ദൈവം യേശുവിനെ ലോകത്തിലേക്ക് അയച്ചത് ദൈവം സ്നേഹിക്കുന്ന പിതാവാണെന്നും മനുഷ്യര്‍ എല്ലാം അവിടുത്തെ മക്കളും അതിനാല്‍ പരസ്പരം സഹോദരങ്ങളുമാണെന്നും ദൈവം അവരെല്ലാവരെയും വ്യവസ്ഥയില്ലാതെ സ്നേഹിക്കുന്നുവെന്നും അവരും പരസ്പരം സ്നേഹിക്കണമെന്നുമുള്ള സുവിശേഷം പ്രഘോഷിക്കാനായിട്ടാണ്. ഈ സുവിശേഷം പ്രഘോഷിക്കുന്നതിലാണ് യേശുവിന്‍റെ പൗരോഹിത്യത്തിന്‍റെ മര്‍മ്മവും ധര്‍മ്മവും അടങ്ങിയിരിക്കുന്നത്. ഈ സുവിശേഷം പ്രഘോഷിക്കുക മാത്രമല്ല യേശു ചെയ്തത്, അവിടുന്ന് ഈ സുവിശേഷമായിത്തീര്‍ന്നു. സ്നേഹം തന്നെയായ പിതാവിന് സ്വയം സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ചുകൊണ്ട് പിതാവിന്‍റെ ഇഷ്ടമായ മനുഷ്യരുടെ സൗഭാഗ്യത്തിനും രക്ഷയ്ക്കും മോചനത്തിനും വേണ്ടിയാണ് യേശു ജീവിച്ചതും പ്രവര്‍ത്തിച്ചതും പ്രഘോഷിച്ചതും പ്രതിഷേധിച്ചതുമെല്ലാം. ഈ പ്രഘോഷണവും പ്രതിഷേധവും പ്രവര്‍ത്തനവുമെല്ലാമാണ് യേശുവിന്‍റെ അറസ്റ്റിനും പീഡാനുഭവത്തിനും മരണത്തിനും കാരണമായത്. തന്‍റെ പിതാവിന്‍റെ ഇഷ്ടം നിറവേറ്റിക്കൊണ്ട് മനുഷ്യര്‍ക്കുവേണ്ടി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും മരിക്കുകയും ചെയ്തത് തന്നെയാണ് യേശു പിതാവിന് അര്‍പ്പിച്ച ബലി. പിതാവിന്‍റെ സ്നേഹവും യേശുവിന്‍റെ ജീവിത ബലിയും പ്രഘോഷിക്കുന്നതാണ് സുവിശേഷ പ്രഘോഷണം.
പിതാവ് സുവിശേഷം പ്രസംഗിക്കാന്‍ യേശുവിനെ ലോകത്തിലേക്ക് അയച്ചതുപോലെ പിതാവിന്‍റെ സ്നേഹവും തന്‍റെ ജീവിത ബലിയുമാകുന്ന സുവിശേഷം പ്രഘോഷിക്കാന്‍ ശ്ലീഹന്മാരെ തിരഞ്ഞെടുക്കുകയും അവരെ ലോകത്തിലേക്ക് അയക്കുകയും ചെയ്തു. തങ്ങളുടെ മരണശേഷം ഈ സുവിശേഷം പ്രഘോഷിക്കാന്‍ അവര്‍ പിന്‍ഗാമികളെ തിരഞ്ഞെടുത്ത് നിയോഗിച്ചു. യേശുവിന്‍റെ പൗരോഹിത്യം സമാനമില്ലാത്തതും കൈമാറപ്പെടാന്‍ സാധ്യമല്ലാത്തതുമാണെങ്കിലും ശ്ലീഹന്മാരും പിന്‍ഗാമികളും ഈ പൗരോഹിത്യത്തില്‍ പങ്കുചേരുന്നു. അവരുടെ പ്രഥമവും പ്രധാനവുമായ ധര്‍മ്മം സുവിശേഷ പ്രഘോഷണമാണ്. യേശുവിന്‍റെ ജീവിത ബലിയര്‍പ്പണത്തില്‍ കാര്‍മ്മികത്വം വഹിക്കുമ്പോള്‍ പ്രഘോഷണ ദൗത്യം ഏറ്റവും സാന്ദ്രവും യഥാര്‍ത്ഥവുമായ രീതിയില്‍ അവര്‍ നിറവേറ്റുന്നു.
യേശുവിന്‍റെ ജീവിതബലി ആവര്‍ത്തിക്കപ്പെടുന്നില്ല. ഓര്‍മ്മയാചരണത്തിലൂടെ അത് പുനരവതരിക്കപ്പെടുകയാണ്, വീണ്ടും സന്നിഹിതമാവുകയാണ്. പുനരവതരിക്കപ്പെടുന്നത് നമ്മളതില്‍ പങ്കുചേര്‍ന്ന് നമ്മുടെ ജീവിതവും യേശുവിന്‍റേതുപോലെ ജീവിതബലിയാക്കുകയും ദൈവത്തിനും മനുഷ്യര്‍ക്കും വേണ്ടി ജീവിക്കുകയും ചെയ്യുന്നതിനുവേണ്ടിയാണ്. അതാണ് അനുദിനമുള്ള, ആഴ്ചതോറുമുള്ള ബലിയര്‍പ്പണത്തിന്‍റെ ആവശ്യകത.
4. ബലി ഒരു അനുസ്മരണമാണോ അതോ എന്നും സംഭവിക്കുന്ന യാഥാര്‍ത്ഥ്യമാണോ?
സാധാരണ നമ്മള്‍ മനസ്സിലാക്കുന്ന അര്‍ത്ഥത്തിലുള്ള വെറും ഒരു അനുസ്മരണമല്ല വി. കുര്‍ബ്ബാന. എന്‍റെ ഓര്‍മ്മയ്ക്കായി (Anamnesis) ചെയ്യുവിന്‍ എന്ന് യേശു പറഞ്ഞത് പ്രത്യേകമായ ഒരര്‍ത്ഥത്തിലാണ്. പഴയനിയമത്തിലെ രക്ഷാകര സംഭവങ്ങളെ ഓര്‍ത്തുകൊണ്ട് യഹൂദര്‍ പെസഹാ വിരുന്ന് ആചരിച്ചപ്പോള്‍ രക്ഷാകര സംഭവങ്ങളായ ഈജിപ്തില്‍ നിന്നുള്ള വിമോചനവും സീനായ് മലയില്‍വച്ച് ദൈവവുമായി നടത്തിയ ഉടമ്പടിയുമെല്ലാം അവിടെ വീണ്ടും സന്നിഹിതമാകുമെന്നും തങ്ങള്‍ക്കും പിതാക്കന്മാരോടുകൂടെ ഈ സംഭവങ്ങളിലും രക്ഷയിലും പങ്കുചേരാമെന്നും അവര്‍ കരുതിയിരുന്നു. ഈ അര്‍ത്ഥത്തിലാണ് യേശുവും അവിടുത്തെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍ എന്ന് പറഞ്ഞത്. യേശു അര്‍ത്ഥമാക്കിയത് പഴയനിയമത്തിലെ രക്ഷാകരസംഭവങ്ങളല്ല, പിന്നെയോ പുതിയ നിയമത്തിലെ രക്ഷാകരസംഭവമായ അവിടുത്തെ ജീവിതവും പ്രവര്‍ത്തനങ്ങളും പീഡാസഹനവും മരണവുമാണ്. അവിടുത്തെ ഓര്‍മ്മയാചരണമായി നടത്തുന്ന വിരുന്നാചരണത്തിലാണ് ഉയിര്‍ത്തെഴുന്നേറ്റ യേശു അവിടുത്തെ ജീവിതബലിയോടു കൂടെ സന്നിഹിതനാകുന്നതും നമുക്കതില്‍ പങ്കുചേരാന്‍ സാധിക്കുന്നതും.
5. വി. കുര്‍ബാനയുടെ സത്താമാറ്റാത്തെ എങ്ങനെ സാധൂകരിക്കാനാവും? സത്താമാറ്റമുണ്ടാകുമ്പോള്‍ സന്നിഹിതമാകുന്നത് യേശു തന്നെയോ അതോ ദൈവിക അംശമോ?
ഉയിര്‍പ്പില്‍ പിതാവിനോടുകൂടി ആയിരിക്കുന്ന യേശു ദേശകാലപരിധികളെ അതിലംഘിച്ചുകൊണ്ട് നമ്മോടുകൂടിയുണ്ട്. നമ്മോടുകൂടിയുള്ള അവിടുത്തെ സാന്നിധ്യത്തിന് വിവിധ രീതികളുണ്ട്. ഇവയില്‍ ആരാധനക്രമത്തിലെ അവിടുത്തെ സാന്നിധ്യത്തെ വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ആരാധനക്രമത്തെപ്പറ്റിയുള്ള പ്രമാണരേഖ തന്നെ പറയുന്നത് (No: 7) Paul 6 -ാമന്‍ മാര്‍പാപ്പായുടെ 'വിശ്വാസത്തിന്‍റെ രഹസ്യം' (Mysterium Fidei) അവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട സാന്നിധ്യമായി കാണുന്നത് ആരാധനക്രമത്തിലെ സാന്നിധ്യവും അതില്‍ത്തന്നെ ഏറ്റവും സാന്ദ്രമായത് വി. കുര്‍ബാന ആചരണത്തിലെ സാന്നിധ്യമാണെന്നു എടുത്തു പറയുന്നുണ്ട്. വി. കുര്‍ബാനയിലെ അപ്പത്തിലും വീഞ്ഞിലും ക്രിസ്തു സന്നിഹിതനാണെന്ന് 'മേദിയാത്തോര്‍ ദേയി' (Mediator Dei) എന്ന ചാക്രിക ലേഖനത്തില്‍ പീയൂസ്12-മന്‍ മാര്‍പാപ്പ പറയുന്നുണ്ട്. അതുപോലെ സഭയുടെ പ്രാര്‍ത്ഥനകളിലും വി. ഗ്രന്ഥവായനകളിലുമുള്ള സാന്നിധ്യത്തെപ്പറ്റിയും ഈ ചാക്രിക ലേഖനം പറയുന്നു. വിശ്വാസികളുടെ സമൂഹത്തിലുള്ള യേശുവിന്‍റെ സാന്നിദ്ധ്യമാണ് ആരാധനക്രമത്തിലെ മറ്റുവിധ സാന്നിധ്യത്തിന്‍റെയെല്ലാം അടിസ്ഥാനം. വിശ്വാസമില്ലാതെ ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ സാന്നിദ്ധ്യം ഇല്ല. ഉത്ഥാനത്തിനുശേഷമുള്ള പല പ്രത്യക്ഷപ്പെടലുകളിലൂടെ യേശു തന്‍റെ സാന്നിദ്ധ്യത്തെപ്പറ്റിയുള്ള സൂചനകള്‍ നല്‍കുകയുണ്ടായി.
രണ്ടോ മൂന്നോ പേര്‍ എന്‍റെ നാമത്തില്‍ ഒന്നിച്ചു കൂടുമ്പോള്‍ അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും (മത്താ. 18:20) ഉത്ഥാനത്തിനുശേഷം അവിടുത്തെ കല്‍പ്പനയനുസരിച്ച് ഓര്‍മ്മയ്ക്കായി ശിഷ്യന്മാര്‍ വിരുന്നൊരുക്കിയപ്പോള്‍ യേശുതന്നെ തങ്ങളുടെ മധ്യേ സന്നിഹിതനാണെന്നും അവിടുന്നു തന്നെയാണ് ഈ വിരുന്നിന്‍റെ ആതിഥേയനെന്നും അവബോധമുണ്ടായിരുന്നു ശിഷ്യന്മാര്‍ക്ക്. യേശുവിന്‍റെ പല പ്രത്യക്ഷപ്പെടലുകളും ഇങ്ങനെയുള്ള അവരുടെ വിരുന്നുകളുടെ സമയത്തായിരുന്നു. ഈ വിരുന്നാചരണത്തില്‍ യേശു അവിടുത്തെ ജീവിതബലിയോടുകൂടിയാണ് സന്നിഹിതനായത്.
അന്ത്യ അത്താഴത്തിന്‍ യേശു അപ്പവും വീഞ്ഞുമെടുത്ത് 'വാങ്ങി ഭക്ഷിക്കുവിന്‍, ഇതെന്‍റെ ശരീരമാകുന്നു', 'വാങ്ങി പാനം ചെയ്യുവിന്‍, ഇതെന്‍റെ രക്തമാകുന്നുവെന്ന്' പറഞ്ഞുകൊണ്ടാണല്ലോ ശിഷ്യന്മാര്‍ക്ക് നല്‍കിയത്. വി. കുര്‍ബാന ആചരണത്തിലും അപ്പവും വീഞ്ഞും തന്‍റെ ശരീരരക്തങ്ങളായി ആതിഥേയനായ യേശു തങ്ങള്‍ക്ക് നല്‍കുന്നതായിട്ടാണ് ഈ ശിഷ്യന്മാര്‍ കരുതിയത്. ഇവ യേശുവിന്‍റെ ശരീരരക്തങ്ങളായി മാറുന്നത് സ്ഥാപനവാക്യങ്ങള്‍ ചൊല്ലിക്കൊണ്ട് യേശു ചെയ്തതിനോട് അനുബന്ധിച്ചാണെന്നായിരുന്നു അവരുടെ ധാരണ. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ വിരുന്നാചരണത്തിലെ കാനോന്‍ പ്രാര്‍ത്ഥനയുടെ നേരത്ത് ഈ അപ്പത്തിലും വീഞ്ഞിലും കൂടെ യേശു സ്വയം തങ്ങള്‍ക്കു നല്‍കുന്നുവെന്നാണ് അവര്‍ മനസ്സിലാക്കിയത്. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, യേശു നല്‍കുന്ന ഈ അപ്പവും വീഞ്ഞും യഥാര്‍ത്ഥത്തില്‍ അവിടുത്തെ ശരീരരക്തങ്ങളാണ്, അവിടുന്ന് തന്നെയാണ്. ഇത് അവരുടെ ഉറച്ച വിശ്വാസമായിരുന്നു. അതുപോലെ അവരിലൂടെ വിശ്വാസത്തിലേക്ക് വന്ന നമ്മുടെ ഓരോരുത്തരുടെയും ബോധ്യവുമാണ്.
ഇതെങ്ങനെ സംഭവിക്കുന്നു എന്നു ചോദിച്ചാല്‍ ഉയിര്‍ത്തെഴുന്നേറ്റ യേശുവിന് അപ്പത്തിനെയും വീഞ്ഞിനെയും ശരീരവും രക്തവുമായി മാറ്റുവാന്‍ സാധിക്കുന്നുവെന്നത് സുവിദിതമാണല്ലോ. അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും യാഥാര്‍ത്ഥ്യം (സത്ത) യേശുവിന്‍റെ ശരീരരക്തങ്ങളുടെ അഥവാ വ്യക്തിപരമായ യേശുവിന്‍റെ സാന്നിധ്യത്തിന്‍റെ യാഥാര്‍ത്ഥ്യമായി (സത്ത) മാറുന്നു. ഇതിനാണ് സത്താമാറ്റം (Transubstantiation) എന്നു പറയുന്നത്. ഇത് മനസ്സിലാക്കുന്നത് ഭൗതികമോ രസതന്ത്രപരമോ ആയ മാറ്റമായിട്ടല്ല. അരിസ്റ്റോട്ടലിന്‍റെ തത്വചിന്തയിലെ സത്ത (substance)ആയിട്ടുമല്ല. ഭൗതികശാസ്ത്രപരമായും രസതന്ത്രപരമായും അപ്പവും വീഞ്ഞും അപ്പവും വീഞ്ഞുമായി നിലനില്‍ക്കുന്നു. എന്നാല്‍ അവയുടെ സത്താപരമായ യാഥാര്‍ത്ഥ്യം (Ontological reality) മാറുന്നു.
ഈ മാറ്റത്തെ അര്‍ത്ഥമാറ്റം (Transignification) എന്ന് ചില ആധുനിക ദൈവശാസ്ത്രജ്ഞന്മാര്‍ പറയാറുണ്ട്. പ്രതീകങ്ങളെ ചൂണ്ടിക്കാണിക്കുന്ന പ്രതീകങ്ങളെന്നും (Indicative Symbols) സാക്ഷാത്കരിക്കുന്ന പ്രതീകങ്ങളെന്നും (Realizing Symbols) എന്നും രണ്ടായി വേര്‍തിരിക്കാം. അതുപോലെ സാന്നിധ്യത്തെ സ്ഥലപരമായ സാന്നിധ്യമെന്നും (Real Presence) വ്യക്തിപരമായ സാന്നിധ്യമെന്നും (Personal Presence) വേര്‍തിരിക്കാം. സ്ഥലത്തില്ലാത്ത ഒരാളെ വ്യക്തിപരമായി സന്നിഹിതമാക്കാന്‍ സാക്ഷാത്കരിക്കുന്ന ഒരു പ്രതീകത്തിനു കഴിയും. ഉദാഹരണമായി സ്നേഹിക്കുന്ന ഒരാള്‍ അയയ്ക്കുന്ന സമ്മാനം അയയ്ക്കുന്ന ആളിന്‍റെ സ്നേഹത്തെയും സ്നേഹിക്കുന്ന ആളെയും ഒരു വിധത്തില്‍ സന്നിഹിതനാക്കുന്നു. ഭൗതികമായ അസാന്നിധ്യത്തില്‍ ഒരാളെ സന്നിഹിതനാക്കുവാന്‍ സാക്ഷാത്കരിക്കുന്ന ഒരു പ്രതീകത്തിനു മാത്രമേ കഴിയൂ. മരണത്തില്‍ നമ്മളില്‍ നിന്ന് അകന്നുപോയ യേശു നമ്മളോടൊപ്പം സന്നിഹിതനാകുവാനായി അവിടുത്തെ ദിവ്യശക്തിയിലൂടെ തെരഞ്ഞെടുത്തു മാറ്റുന്ന ഉദാത്തവും സര്‍വോത്കൃഷ്ടവുമായ സാക്ഷാത്കരിക്കുന്ന പ്രതീകങ്ങളാണ് വി. കുര്‍ബാന ആചാരണത്തിലെ അപ്പവും വീഞ്ഞും. ഇതിലൂടെ അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും സത്ത അഥവാ യാഥാര്‍ത്ഥ്യം യേശുവിന്‍റെ ശരീരരക്തങ്ങളുടെ അഥവാ വ്യക്തിപരമായ യേശുവിന്‍റെ സാന്നിധ്യത്തിന്‍റെ സത്ത അഥവാ യാഥാര്‍ത്ഥ്യമായി മാറുന്നു. ശരിയായി മനസ്സിലാക്കിയാല്‍ ഇതും യഥാര്‍ത്ഥ സത്താമാറ്റം തന്നെയാണ്. ദൈവികമായ അംശം മാത്രമല്ല യേശുക്രിസ്തു എന്ന യഥാര്‍ത്ഥ വ്യക്തിതന്നെ അത്രെ വി. കുര്‍ബാനയില്‍ സന്നിഹിതനാകുന്നത്.
6. സാധാരണ ബലി ആഘോഷപൂര്‍വ്വമായ ബലി, റാസ കുര്‍ബ്ബാന ഇവയുടെ സാധുത എന്ത്?
ആരാധനക്രമവത്സരത്തില്‍ ഈസ്റ്റര്‍, പന്തക്കുസ്ത, ക്രിസ്തുമസ്, ദേവാലയ മദ്ധ്യസ്ഥത്തിരുന്നാള്‍ തുടങ്ങിയവ ഏറ്റവും പ്രധാനപ്പെട്ട തിരുനാളുകളും അത്രയും തന്നെ പ്രധാനമല്ലാത്ത വലിയ തിരുനാളുകളും ഞായറാഴ്ചകളും സാധാരണ ദിവസങ്ങളും ഉണ്ടല്ലോ. ഈ തിരുനാളുകളുടെ പ്രാധാന്യമനുസരിച്ച് ആഘോഷിക്കേണ്ടതാണ് റാസ കുര്‍ബാനയും ആഘോഷപൂര്‍വ്വമായ കുര്‍ബാനയും. സാധാരണ ദിവസങ്ങള്‍ക്ക് അനുയോജ്യമായ കുര്‍ബാനയാണ് സാധാരണ കുര്‍ബാന.
വി. കുര്‍ബാനയുടെ ലക്ഷ്യം യേശുവിന്‍റെ ജീവിതബലിയില്‍ പങ്കുചേര്‍ന്ന്, നമ്മുടെ ജീവിതവും ജീവിതബലിയാക്കുക, യേശുവിന്‍റെ ജീവിതശൈലിയിലേക്കും സ്നേഹത്തിലേക്കും സ്വയം ദാനത്തിലേക്കും വളരുക എന്നതാണല്ലോ, വി. കുര്‍ബാനയാചരണത്തിന്‍റെ ലക്ഷ്യം. ഈ ലക്ഷ്യം മറന്നിട്ട് വി. കുര്‍ബാനയാചരണത്തെ എത്രവലിയ ആഘോഷപൂര്‍വ്വമായ അനുഷ്ഠാനമാക്കിയാലും അത് അര്‍ത്ഥമില്ലാത്ത ഒരാചാരമായിരിക്കും.
7. രോഗശാന്തി കുര്‍ബാന, ബന്ധനമോചനകുര്‍ബാന, മരിച്ചവര്‍ക്ക് വേണ്ടിയുള്ള കുര്‍ബാന, ഗ്രിഗോറിയന്‍ കുര്‍ബാന ഇവയുടെ സംഗത്യം?
യേശുനാഥന്‍റെ കല്‍പ്പനയനുസരിച്ച് അവിടുന്ന് ഉദ്ദേശിച്ച ലക്ഷ്യത്തോടെ നാം വി. കുര്‍ബാനയാചരിക്കുമ്പോള്‍ അത് ഏറ്റവും വലിയ പ്രാര്‍ത്ഥനയാണ്. പ്രാര്‍ത്ഥന ജീവിച്ചിരിക്കുന്നവരുടെ വിവിധ നിയോഗങ്ങള്‍ക്ക് വേണ്ടിയും മരിച്ചവര്‍ക്കുവേണ്ടിയുമുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥനയും ആകാമല്ലോ. മറ്റുള്ളവര്‍ക്ക് വേണ്ടി മാദ്ധ്യസ്ഥ്യം വഹിച്ചുകൊണ്ട് നാം പ്രാര്‍ത്ഥിക്കുന്നതു ദൈവത്തിന് എപ്പോഴും പ്രീതികരമാണ്. വിശിഷ്യ മരിച്ചവര്‍ക്കുവേണ്ടിയുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന അവരുടെ കാലത്തിനടുത്ത ശിക്ഷയെ കുറയ്ക്കുകയും സ്വര്‍ഗ്ഗസൗഭാഗ്യത്തോട് അവരെ അടുപ്പിക്കുകയും ചെയ്യും.
മരിച്ചവര്‍ക്കു വേണ്ടി മുപ്പതുദിവസം അടുപ്പിച്ച് അര്‍പ്പിക്കുന്ന കുര്‍ബ്ബാനയാണ് ഗ്രിഗോറിയന്‍ കുര്‍ബാന എന്ന് പറയുന്നത്. ഗ്രഗറി ഒന്നാമന്‍ മാര്‍പ്പാപ്പ തന്‍റെ സ്ഥാനാരോഹണത്തിനു മുമ്പ് ഒരു ബനഡിക്ടന്‍ സന്ന്യാസി ആയിരുന്നു. അദ്ദേഹം ജീവിച്ചിരുന്ന ആശ്രമത്തിലെ ഒരു സന്ന്യാസി മരിച്ചുപോയ ഒരു സഹസന്ന്യാസിക്കുവേണ്ടി മുപ്പതു ദിവസം അടുപ്പിച്ച് ദിവ്യബലി അര്‍പ്പിച്ചപ്പോള്‍ മരിച്ചുപോയ സന്ന്യാസി അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ട് ഈ മുപ്പതു കുര്‍ബാനയിലൂടെ അദ്ദേഹം കാലത്തിനടുത്ത ശിക്ഷയില്‍ നിന്നും മോചിതനായി എന്നു പറഞ്ഞുവത്രെ. ഇതറിഞ്ഞ മാര്‍പാപ്പ മരിച്ചവര്‍ക്ക് വേണ്ടിയുള്ള മുപ്പതുദിവസത്തെ കുര്‍ബാന അര്‍പ്പിക്കുന്ന രീതിയെ അംഗീകരിച്ചു. അതിനാലാണ് ഇതിന് ഗ്രിഗോറിയന്‍ കുര്‍ബാനയെന്ന് പറയുന്നത്.
പണം കൊടുത്ത് കുര്‍ബാന അര്‍പ്പിക്കാന്‍ ഇടപാടു ചെയ്യുന്നതിനെക്കാള്‍ നല്ലത് നാം തന്നെ കുര്‍ബാനയില്‍ പങ്കെടുത്ത് മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതാണ്. വി. കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ നമുക്ക് കഴിയുമായിരുന്നിട്ടും അത് ചെയ്യാതെ പണം കൊടുത്ത് കുര്‍ബാന അര്‍പ്പിക്കാന്‍ ഏര്‍പ്പാട് ചെയ്യുന്നതില്‍ വലിയ അര്‍ത്ഥമില്ല. കുര്‍ബാന ചൊല്ലിക്കാനോ, ചെയ്യിക്കാനോ ഉള്ള വെറുമൊരു ഭക്താനുഷ്ഠാനമോ, ഭക്താഭ്യാസമോ അല്ല. അതുപോലെ തന്നെ മുപ്പതു ദിവസത്തിന് ദൈവത്തിന്‍റെ മുമ്പില്‍ പ്രത്യേകമായ പ്രസക്തിയൊന്നുമില്ല. നിര്‍ഭാഗ്യവശാല്‍ മുപ്പതു ദിവസം അടുപ്പിച്ച് കുര്‍ബാന ചൊല്ലിക്കുന്നതിന് എന്തോ അത്ഭുതശക്തിയുണ്ടെന്ന തെറ്റിദ്ധാരണ പരത്തിക്കൊണ്ട് ധ്യാനകേന്ദ്രങ്ങളിലെ ചില കൗണ്‍സിലര്‍മാര്‍ കൗണ്‍സിലിംഗിനു വരുന്നവരെ മാനസികമായും സാമ്പത്തികമായും പീഡിപ്പിക്കുന്നുവെന്നത് വസ്തുതയാണ്. രോഗശാന്തി ലഭിക്കാനും, കല്യാണം നടക്കാനും, കച്ചവടത്തില്‍ നഷ്ടമുണ്ടാകാതിരിക്കാനും, പരീക്ഷയില്‍ പാസ്സാകാനുമെല്ലാം ഗ്രിഗോറിയന്‍ കുര്‍ബാന ചൊല്ലിക്കുകയാണത്രെ പോംവഴി. കാരണം ഇവിടെ ബുദ്ധിമുട്ടുണ്ടാകുന്നതെല്ലാം പൂര്‍വ്വീകരുടെ പാപം കൊണ്ടാണെന്ന് ഇവര്‍ തെറ്റിദ്ധരിപ്പിക്കുന്നു. വിശ്വാസികളും അധികാരികളും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്.
8. ദിവ്യബലിയുടെ പ്രാധാന്യം ആരാധനയെക്കാള്‍ കുറവാണെന്നു തോന്നുന്ന വിധത്തിലുള്ള ഇപ്പോഴത്തെ സാഹചര്യം മാറേണ്ടത് അനിവാര്യമല്ലേ?
ദിവ്യബലിയാണ് ആരാധനക്രമത്തിന്‍റെ കേന്ദ്രകര്‍മ്മവും ക്രിസ്തീയ ജീവിതത്തിന്‍റെയും ക്രിസ്തീയ ആരാധനയുടെയും മകുടവും. വിശുദ്ധ കുര്‍ബാനയുടെ മറ്റെല്ലാ ഭക്താഭ്യാസങ്ങളും ദിവ്യബലിയില്‍ നിന്ന് ഉത്ഭവിക്കുന്നതും അതിലേക്ക് നയിക്കുന്നതും ആകണം. ദിവ്യബലിയിലുള്ള സജീവ ഭാഗഭാഗിത്വമാണ് ആരാധനക്രമപരവും, ഭക്തിപരവുമായ മറ്റെല്ലാ പതിവുകളെയും വിലയിരുത്താനുള്ള ആധ്യാത്മികമായ നിയമവും മാനദണ്ഡവും. വി. കുര്‍ബ്ബാനയുടെ ആരാധനയെപ്പറ്റിയുള്ള 1967 മെയ് 25 ലെ ഉത്തരവും അതിലെ മാര്‍ഗ്ഗരേഖയ്ക്കനുസൃതമായി 1973 ജൂണ്‍ 21 നു പുറപ്പെടുവിച്ച ദിവ്യബലിക്ക് വെളിയിലുള്ള കുര്‍ബ്ബാന സ്വീകരണവും വി. കുര്‍ബ്ബാനയുടെ ആരാധനയും എന്ന ഡിക്രിയും ഊന്നിപ്പറഞ്ഞിട്ടുള്ള കാര്യമാണിത്.
9. കുര്‍ബ്ബാനപ്പണം എന്താണ്? എന്തിനാണ്?
തന്‍റെ നിയോഗങ്ങള്‍ക്കുവേണ്ടി ദിവ്യബലി അര്‍പ്പിക്കണമെന്ന വ്യവസ്ഥയോടുകൂടി ഒരുവന്‍ മുന്‍കൂട്ടി നല്‍കുന്ന പണത്തിനാണ് കുര്‍ബ്ബാനപ്പണം എന്ന് പറയുന്നത്. എന്നാണ് ഈ പതിവ് തുടങ്ങിയതെന്ന് നിശ്ചിതമായി പറയുവാന്‍ കഴിയുകയില്ല. വി. അഗസ്റ്റിനും, വി. എപ്പിപാനിയൂസുമൊക്കെ ഇതെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. മധ്യയുഗത്തിന്‍റെ അവസാനത്തോടെയാണ് ഈ പതിവ് കൂടുതല്‍ പ്രചാരത്തിലായത്. വൈദികരുടെ എണ്ണം വര്‍ദ്ധിച്ചതും സമൂഹത്തിന്‍റെ സാന്നിധ്യമില്ലാതെ തന്നെ വ്യക്തിപരമായ ഭക്താഭ്യാസമെന്ന നിലയില്‍ ദിവ്യബലി അര്‍പ്പിക്കാന്‍ തുടങ്ങിയതുമാണ്, പണം കൊടുത്ത് കുര്‍ബ്ബാന ചൊല്ലിക്കാന്‍ വിശ്വാസികള്‍ക്ക് പ്രേരകമായത്. കുര്‍ബാന അര്‍പ്പിക്കുന്നത് ദൈവത്തെ മഹത്വപ്പെടുത്തുകയാകയാല്‍ കൂടുതല്‍ കുര്‍ബാന അര്‍പ്പിക്കുവാന്‍ ഏര്‍പ്പാട് ചെയ്യുന്നത് ദൈവത്തെ കൂടുതല്‍ മഹത്ത്വപ്പെടുത്തുകയാണെന്നും അതുവഴി കൂടുതല്‍ ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കാമെന്നുമുള്ള ധാരണ കുര്‍ബാനപണം വ്യാപകമാക്കുവാന്‍ സഹായിച്ചു. അതുപോലെതന്നെ മരിച്ചവരെ സഹായിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം അവര്‍ക്കുവേണ്ടി കുര്‍ബ്ബാന അര്‍പ്പിക്കാന്‍ ഏര്‍പ്പാടു ചെയ്യുകയാണെന്ന വിശ്വാസവും ഇതിനെ വളരെ അധികം പ്രോത്സാഹിപ്പിക്കയുണ്ടായി. മാര്‍പ്പാപ്പമാരും സൂനഹദോസുകളും കുര്‍ബ്ബാനപണത്തിന്‍റെ കാര്യത്തില്‍ ദൃശ്യമായ അനാശാസ്യ പ്രവണതകള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. എങ്കിലും കുര്‍ബ്ബാന പണമെന്ന ആശയത്തെ സാധൂകരിക്കുകയാണ് അവര്‍ ചെയ്തിട്ടുള്ളത്. ഉദാഹരണമായി കോണ്‍സ്റ്റന്‍സ് സൂനഹദോസും(1415), ത്രെന്തോസ് സൂനഹദോസും(1567), പീയൂസ് ആറാമന്‍ മാര്‍പ്പാപ്പയും (1694), വി. തോമസ് അക്വിനാസും കുര്‍ബാനപണ സമ്പ്രദായത്തെ ന്യായീകരിക്കുന്നുണ്ട്. 'സുമ്മാ തിയോളജിയെ' (Summa Theologiae 24, 2 ae, 100. 2ad3.)1983-ല്‍ പ്രാബല്യത്തില്‍ വന്ന കാനോന്‍ നിയമം കുര്‍ബാന പണത്തെ സാധൂകരിക്കുകയും അതിനോടനുബന്ധിച്ച് സംഭവിക്കുന്ന ദുരുപയോഗങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. (Nos. 848, 1385).
കുര്‍ബാനക്ക് നല്‍കുന്ന പ്രതിഫലമായി ഇതു കാണുന്നത് ഒരിക്കലും ശരിയല്ല. സഭയുടെയും വൈദികരുടെയും ഭൗതികമായ ആവശ്യങ്ങള്‍ക്കായി നല്‍കപ്പെടുന്ന കാഴ്ചയും സംഭാവനയുമാണിത്. പ്രായോഗികമായ പരിഗണനയാണ് കുര്‍ബാന പണത്തിന്‍റെ അടിസ്ഥാനം. സഭയെന്ന് പറയുന്നത് വിശ്വാസികള്‍ തന്നെയാണല്ലോ, അതിനാല്‍ സഭയുടെ ആവശ്യങ്ങള്‍ നിറവേറ്റേണ്ടത് വിശ്വാസികള്‍ തന്നെയാണ്. വിശ്വാസികളുടെ ആധ്യാത്മിക സേവനത്തിനായി തങ്ങളുടെ കഴിവും സമയവുമെല്ലാം ചെലവഴിക്കുന്ന വൈദികരുടെ ഭൗതികാവശ്യങ്ങളില്‍ അവരെ സഹായിക്കുക വിശ്വാസികളുടെ കടമയത്രെ. വിശ്വാസികളുടെ ഈ കടമയും സഭശുശ്രൂഷികളായ വൈദികര്‍ക്ക് അതിനുള്ള അര്‍ഹതയും പഴയനിയവും പുതിയനിയമവും എടുത്തു പറയുന്ന കാര്യങ്ങളാണ്. ഉദാഹരണം സംഖ്യ 18:8-32, 38, 1-48 വരെ, നിയ. 14:29, 18:1-8, etc.. മത്ത. 10:10, 1 കൊറി. 9:1-14, 1 തിമോ. 5:17,18. എന്നാല്‍ പാശ്ചാത്യ സഭയില്‍ ഉത്ഭവിച്ച് പ്രചാരത്തില്‍ വന്ന കുര്‍ബാന പണം പൗരസ്ത്യസഭകളെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അന്യമാണെന്ന കാര്യം ഇവിടെ വിസ്മരിക്കുന്നില്ല.
10. എന്തുകൊണ്ടാണ് അപ്പവും വീഞ്ഞും എന്നീ ഇരുസാദ്യശ്യങ്ങള്‍ വി. കുര്‍ബ്ബാനയില്‍ ഉപയോഗിക്കുന്നത്?
യേശു അന്ത്യഅത്താഴത്തില്‍ യഹൂദരുടെ സാധാരണ ഭക്ഷണപാനീയങ്ങളായ അപ്പവും വീഞ്ഞും ഉപയോഗിച്ചുള്ള ഒരു വിരുന്നിലാണല്ലോ വി. കുര്‍ബ്ബാന സ്ഥാപിച്ചത്. വി. കുര്‍ബ്ബാനയായി മാറുന്ന അപ്പത്തിലും വീഞ്ഞിലും കൂടി, സ്വീകരിക്കുന്ന ആളിന്‍റെ ഹൃദയത്തിലേക്കും ആത്മാവിലേക്കും അലിഞ്ഞുചേരുവാന്‍ യേശു ആഗ്രഹിച്ചു. അപ്പവും വീഞ്ഞും അത് സ്വീകരിക്കുന്ന ആളിലേക്ക് അലിഞ്ഞു ചേര്‍ന്ന് അയാളുമായി ഒന്നായി അയാളുടെ പോഷണത്തിനും വളര്‍ച്ചയ്ക്കും കാരണമാകുന്നു. അതുപോലെ യേശു തന്‍റെ ശരീരരക്തങ്ങളായി മാറുന്ന അപ്പത്തിലും വീഞ്ഞിലും കൂടി സ്വീകര്‍ത്താവുമായി ഒന്നിക്കുന്നതിനും അയാള്‍ക്ക് ഉദാത്തമായ പോഷണവും വളര്‍ച്ചയും നല്‍കുന്നതിനും അഭിലഷിച്ചതുകൊണ്ടാണ് വി. കുര്‍ബ്ബാന സ്ഥാപനത്തിനായി അപ്പവും വീഞ്ഞും തെരഞ്ഞെടുത്തത് എന്ന് പറയാം. വി. കുര്‍ബാന വിരുന്നിന്‍റെ പ്രതീകത്തിലായതുകൊണ്ടും വിരുന്നില്‍ ഭക്ഷണവും പാനീയവും ഉള്ളതുകൊണ്ടും ആണ് അപ്പവും വീഞ്ഞും എന്ന ഇരു സാദ്യശ്യങ്ങള്‍ അവിടുന്നു തെരഞ്ഞെടുത്തത്.
***
പിതാവ് സുവിശേഷം പ്രസംഗിക്കാന്‍ യേശുവിനെ ലോകത്തിലേക്ക് അയച്ചതുപോലെ പിതാവിന്‍റെ സ്നേഹവും തന്‍റെ ജീവിത ബലിയുമാകുന്ന സുവിശേഷം പ്രഘോഷിക്കാന്‍ ശ്ലീഹന്മാരെ തിരഞ്ഞെടുക്കുകയും അവരെ ലോകത്തിലേക്ക് അയക്കുകയും ചെയ്തു. തങ്ങളുടെ മരണശേഷം ഈ സുവിശേഷം പ്രഘോഷിക്കാന്‍ അവര്‍ പിന്‍ഗാമികളെ തിരഞ്ഞെടുത്ത് നിയോഗിച്ചു. |
Featured Posts
bottom of page