top of page
വ്യക്തിഗതവിവരങ്ങളുടെ ചോര്‍ത്തല്‍, തൊഴിലിടങ്ങളിലെ നിരീക്ഷണം, പെഗാസസ് പോലുള്ള വിവാദങ്ങള്‍ തുടങ്ങിയ സമീപകാല സംഭവങ്ങള്‍ സ്വകാര്യത സംബന്ധിച്ച ഗൗരവമേറിയ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. വ്യക്തികളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും നിയന്ത്രണത്തിനു വിധേയമാക്കാന്‍ ഗവണ്‍മെന്‍റും സ്ഥാപനങ്ങളും ശ്രമിക്കുന്നു എന്നും അതിനവര്‍ക്ക് കഴിയുന്നു എന്നും ഈദൃശ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. ഇത്തരം ഡിജിറ്റല്‍ നിരീക്ഷണം ജനങ്ങളുടെ 'സംരക്ഷണ'ത്തിനായാണെന്നാണ് അധികൃതരുടെ അവകാശവാദം. എന്നാല്‍ നിരീക്ഷണം ചില നിശ്ചിത പെരുമാറ്റരീതി ആവശ്യപ്പെടുന്നുവെന്നും അത് നിയന്ത്രണം ആണ് എന്നുമുള്ള കാര്യം നാം മറന്നുകൂടാ. സമൂഹത്തില്‍ എല്ലാ വ്യക്തികളും എല്ലാ നിയമങ്ങളും സ്വമേധയാ പാലിച്ചുകൊള്ളണമെന്നില്ല, അതിനാല്‍ ഡിജിറ്റല്‍ നിരീക്ഷണം ആവശ്യമെന്നു വാദിക്കുന്നു അതിനെ അനുകൂലിക്കുന്നവര്‍.
മുഴുവന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കുറച്ചുപേരുടെ സ്വകാര്യത ഹനിക്കപ്പെടേണ്ടതുണ്ടെങ്കില്‍ അതില്‍ തെറ്റില്ല എന്നത്രെ അവരുടെ പക്ഷം.
ഡിജിറ്റല്‍ നിരീക്ഷണം - രീതികളും മാര്‍ഗങ്ങളും
ഡിജിറ്റല്‍ സാങ്കേതികവിദ്യ വളര്‍ന്നതോടെ നിരീക്ഷണങ്ങള്‍ക്കും ഒളിഞ്ഞുനോട്ടങ്ങള്‍ക്കും ഉള്ള ഉപാധികളും വര്‍ദ്ധിച്ചു. സാങ്കേതികവിദ്യയുടെ വളര്‍ച്ചയുടെ വേഗതയനുസരിച്ച് നിരീക്ഷണം കൂടുതല്‍ കൂടുതല്‍ എളുപ്പമാകുകയും അതിനുള്ള ഉപകരണങ്ങളുടെ വിന്യാസം സുസാധ്യമാവുകയും ചെയ്തു. ഡേറ്റ സെക്യൂരിറ്റി, ഇമേജിങ്ങ്, ഐ സി ടി എസ് (ICTS), ജിയോലൊക്കേഷന്‍, ബയോമെട്രിക് തുടങ്ങിയ സാങ്കേതികവിദ്യകള്‍ വിവേചനരഹിതമായി ഡിജിറ്റല്‍ നിരീക്ഷണത്തിന് ഉപയോഗിച്ചുവരുന്നു. ആഭ്യന്തരവും വൈദേശികവുമായ ആശയവിനിമയോ പാധികളുടെയും ഡേറ്റാ കൈമാറലുകളുടെയും മേഖലയില്‍ ഇടപെടുകയും നെറ്റ്വര്‍ക്കുകളെ നിരീക്ഷിക്കുകയുമാണ് ഇത്തരം സാങ്കേതികവിദ്യയുടെ ലക്ഷ്യംതന്നെ. കൃത്രിമബുദ്ധി (Artificial intelligence), മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ (facial recognition technology) സാധ്യമാക്കി. നിയമവിരുദ്ധമായും നിരീക്ഷിക്കപ്പെടുന്നവരുടെ അനുമതിയില്ലാതെയുമുള്ള നിരീക്ഷണം ഡ്രോണുകളും സാധ്യമാക്കി. ജനങ്ങളുടെ സുരക്ഷയ്ക്ക് ആവശ്യമായ മുന്‍കരുതല്‍ എന്ന നിലയില്‍ ഡിജിറ്റല്‍ നിരീക്ഷണം ഗവണ്‍മെന്‍റുകള്‍ക്ക് ഉപയോഗിക്കാം. പക്ഷേ, പക്ഷപാതപരമായ ഉപയോഗത്തിലൂടെ അതു ദുഷ്ഫലം സൃഷ്ടിക്കുന്നു. സാങ്കേതികവിദ്യയിലെ തകരാറുകള്‍ വിപരീതഫലത്തിനും കാരണമാകാം.
സ്വകാര്യ- തൊഴില്‍ ജീവിതത്തിലേക്കുള്ള കടന്നുകയറ്റം
തൊഴില്‍ ചെയ്യുന്ന അല്ലെങ്കില്‍ തൊഴില്‍ അന്വേഷിക്കുന്ന ഏവര്‍ക്കും ഇന്ന് സ്വകാര്യവിവരങ്ങള്‍ വിലപ്പെട്ടതായിരിക്കുന്നു. തൊഴിലുടമകള്‍ ഒരാള്‍ക്ക് തൊഴില്‍ നല്‍കാന്‍ അവരുടെ ഔദ്യോഗികവ്യക്തിവിവരങ്ങളെ മാത്രമല്ല ഇന്ന് ആശ്രയിക്കുക. ലളിതമായൊരു ഗൂഗിള്‍ സെര്‍ച്ചിലൂടെ തൊഴിലന്വേഷകനെ സംബന്ധിക്കുന്ന മുഴുവന്‍ വിവരങ്ങളും തൊഴില്‍ദാതാവിന് ലഭിക്കുന്ന അവസ്ഥ സംജാതമായിരിക്കുന്നു.
പരസ്യങ്ങള്‍ക്കായുള്ള നിരീക്ഷണം
വ്യക്തികളെ അവരുടെ താല്പര്യങ്ങളുടെയും സ്വഭാവത്തിന്‍റെയും അടിസ്ഥാനത്തില്‍ വ്യക്തിഗതമായി ലക്ഷ്യം വച്ച് പരസ്യങ്ങള്‍ അടിച്ചേല്പിക്കുന്നതിന് ഡിജിറ്റല്‍ നിരീക്ഷണം കാരണമാകുന്നു. കാലദേശഭേദമില്ലാതെ നിരീക്ഷിക്ക പ്പെടുന്നവരുടെ താല്‍പര്യങ്ങളും സ്വഭാവങ്ങളും ചേര്‍ത്ത് കൃത്യതയോടെ തയ്യാറാക്കപ്പെടുന്ന പരസ്യങ്ങള്‍ വ്യക്തികളുടെ വ്യക്തിപരവും സാമ്പത്തികവുമായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കയ്യേറ്റങ്ങളാകുന്നു. വിവരങ്ങള്‍ തിരക്കുന്നതിനും സാധനങ്ങള്‍ വാങ്ങുന്നതിനും സാമൂഹികമാധ്യമങ്ങളില്‍ ഇടപെടുന്നതിനും ചലച്ചിത്രങ്ങള്‍ കാണുന്നതിനും ഗെയിമുകള്‍ കളിക്കുന്നതിനും നാം ഇന്‍റര്‍നെറ്റ് കണക്ഷനുള്ള കമ്പ്യുട്ടറോ, മൊബൈലോ ഉപയോഗിക്കുന്നു. അങ്ങനെ നമ്മുടെ ജീവിതം അധികമധികം ഡിജിറ്റലായി മാറുന്നു. അവിടെ നിന്നെല്ലാം നാം നിരീക്ഷിക്കപ്പെടുന്നു. വ്യക്തിയെ തിരിച്ചറിയാനുള്ള വിവരങ്ങള്‍ നാം നല്കിയില്ലെങ്കില്‍പ്പോലും ഇത്തരം പ്രവൃത്തികളിലൂടെ നല്‍കപ്പെടുന്ന വിവരങ്ങള്‍വെച്ചുകൊണ്ട് നമ്മുടെ വ്യക്തിപരവും കുടുംബപരവുമായ ഒരു സമഗ്രചിത്രം സൃഷ്ടിച്ചെടുക്കാന്‍ തല്പരകക്ഷികള്‍ക്ക് സാധ്യമാകും. അക്കൗണ്ടുകള്‍ സൃഷ്ടിച്ചും സാധനങ്ങള്‍ വാങ്ങിയും ചോദ്യാവലികള്‍ക്ക് മറുപടി നല്കിയും മത്സരങ്ങളില്‍ പങ്കെടുത്തും മറ്റ് ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടും ഉപഭോക്താക്കള്‍ മറുവശത്ത് സ്വയം വിവരങ്ങള്‍ ദാനം ചെയ്യുകയും ചെയ്യുന്നു. അതിനുമപ്പുറം ഔദ്യോഗികരേഖകളില്‍ നിന്നും വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും വ്യക്തിഗതവിവരങ്ങള്‍ ചോര്‍ത്തിനല്കാന്‍ വിവരദല്ലാളന്മാരും (data brokers) പ്രവര്‍ത്തിക്കുന്നു.
സമ്പദ്വ്യവസ്ഥയിലെ വിവേചനങ്ങള്‍ക്കും നിരീക്ഷണപരസ്യങ്ങള്‍ കാരണമാകുന്നു. ഭവനനിര്‍മ്മാണം, തൊഴില്‍, ധനം തുടങ്ങിയ മേഖലകളില്‍ ഇത് പ്രതിഫലിക്കുന്നു. ഉപഭോക്താക്കളുടെ സ്വഭാവനിര്‍ണയത്തിനായി ഉപയോഗിക്കുന്ന വിവരങ്ങള്‍ സത്യമെങ്കിലും നിരീക്ഷണപരസ്യങ്ങള്‍ തുല്യതയ്ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുക. നമുക്ക് കാണാന്‍ കഴിയാത്ത, നമ്മുടെ മേല്‍ അടിച്ചേല്പിക്കപ്പെടുന്ന ഗൂഢതന്ത്രങ്ങളുപയോഗിച്ച് അവ ഉപഭോക്താവിനെ വഴിതെറ്റിക്കുന്നു. ഉപഭോക്താവിന് അവകാശപ്പെട്ട വിപണിയില്‍ നിന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നു. മാത്രവുമല്ല നിരീക്ഷണപരസ്യങ്ങള്‍ക്കുവേണ്ടി വ്യാപകമായി ചോര്‍ത്തപ്പെടുന്ന വ്യക്തിഗതവിവരങ്ങള്‍ ഉപഭോക്താവിനെ വ്യക്തിപരമായി ആക്രമിക്കുന്നതിനോ ഉപദ്രവിക്കുന്നതിനോ ആയി ദുരുപയോഗം ചെയ്യപ്പെട്ടെന്നും വരാം. അതവരുടെ വിശ്വാസ്യതയ്ക്കു തന്നെ ഭംഗം വരുത്തിയേക്കാം.
സാമൂഹിക മാധ്യമനിരീക്ഷണം
ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്ന ഏവരും ഇന്ത്യയില്‍ നിരീക്ഷിക്കപ്പെടുന്നു. 2017ലെ ഡേറ്റാ (പ്രൈവസി ആന്‍ഡ് പ്രൊട്ടക്ഷന്‍) ബില്‍, 2019ലെ പേഴ്സണല്‍ ഡേറ്റ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ പ്രൈവസി കോഡ് ബില്‍ എന്നിവ ജനങ്ങളുടെ അത്യന്തം വ്യക്തിഗതവിവരങ്ങള്‍ കൈക്കലാക്കാന്‍ ഗവണ്‍മെന്‍റിന് വിപുലമായ അധികാരം നല്കുന്നു.നിങ്ങള്‍ ഓരോ തവണ ഗൂഗിളില്‍ തിരയുമ്പോഴും നിങ്ങളുടെ നിര്‍ണായക വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്തപ്പെടാന്‍ അത് വഴിവെക്കുന്നുവെന്ന് മറക്കാതിരിക്കുക. കമ്പ്യൂട്ടറില്‍ ശേഖരിക്കപ്പെടുന്ന വെബ്സൈറ്റുകളിലെ വിവരങ്ങള്‍ ഭാവിയിലെ പരിശോധനകളില്‍ വെളിപ്പെടുത്തപ്പെടാം. വിവരസാങ്കേതിക നിയമങ്ങളും ചട്ടങ്ങളും ഉപയോഗിച്ച് ഗവണ്‍മെന്‍റിന് ഏതു ഉപകരണത്തിലെയും പ്ലാറ്റ്ഫോമുകളിലെയും ഡിജിറ്റല്‍ വിവരങ്ങള്‍ നിരീക്ഷിക്കുകയും വ്യക്തമായി നിര്‍വചിക്കാന്‍ സാധ്യമല്ലാത്ത രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് നിയമനടപടി സ്വീകരിക്കുകയും ചെയ്യാം. രാഷ്ട്രീയ വിമര്‍ശനങ്ങളുടെയും നിര്‍ദോഷമായ പരിഹാസങ്ങളുടെയും പേരില്‍ അറസ്റ്റും നിയമനടപടിയും സ്വീകരിക്കുക എന്നത് പുതിയ കാലത്തെ ഇന്ത്യയില്‍ സാധാരണയായിക്കഴിഞ്ഞിരിക്കുന്നു.
ഇന്ത്യയിലെ 'നിരീക്ഷണവ്യവസായം'
ഏതാനും വര്‍ഷം മുമ്പുവരെ സ്വകാര്യത അവകാശമായി ഇന്ത്യയില്‍ കരുതപ്പെട്ടിരുന്നു. 2013 മുതല്‍ പക്ഷേ ഗവണ്‍മെന്‍റ് ഡിജിറ്റല്‍ നിരീക്ഷണം കീഴ്വഴക്കമാക്കി. അവശ്യഘട്ടങ്ങളില്‍ മാത്രം നിരീക്ഷണം എന്നത് മാറി. ജനങ്ങളുടെ സ്വകാര്യവിവരങ്ങളും പൊതുവിവരങ്ങളും തമ്മിലുള്ള വേര്‍തിരിവ് ഇല്ലാതാക്കി. ഇന്ത്യയിലെ വലതുപക്ഷ 'നിരീക്ഷണ' ജനാധിപത്യം അതിന്‍റെ തനിനിറം കാട്ടി. അതാവട്ടെ ഒരു നിയമത്തിന്‍റെയും പിന്‍ബലത്തിലും ആയിരുന്നില്ല. ആരുടെയും സ്വകാര്യത സംരക്ഷിക്കാന്‍ ഒരു നിയമവും രൂപം നല്കിയുമില്ല. യു ഐ ഡി സിസ്റ്റത്തിലൂടെ നാഷണല്‍ ഇന്‍റലിജന്‍സ് ഗ്രിഡിലൂടെ ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ്ങ് നെറ്റ് വര്‍ക്ക് സിസ്റ്റത്തിലൂടെ സെന്‍ട്രല്‍ മോനിറ്ററിംഗ് സിസ്റ്റത്തിലൂടെ അന്വേഷണ ഏജന്‍സികള്‍, നിയമപാലകര്‍ നമ്മെ നിരന്തരം നിരീക്ഷിക്കുന്നു.
നിരീക്ഷണ ഉപകരണങ്ങളുടെ വിപണി ഇന്നു വലിയതോതില്‍ വളര്‍ന്നിരിക്കുന്നു. ഇന്‍റര്‍നെറ്റു മുതല്‍ മൊബൈല്‍ ഫോണ്‍വരെ നിരീക്ഷിക്കുന്നതിനുള്ള ഉപകരണങ്ങള്‍, ബയോമെട്രിക്സ് വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള സാങ്കേതികവിദ്യകള്‍. സി സി ടി വി ക്യാമറകള്‍, ജി പി എസ് ട്രാക്കിങ്ങ്, ആക്സസ് കണ്‍ട്രോള്‍ സിസ്റ്റം ഇങ്ങനെ പോകുന്നു നിരീക്ഷണസംവിധാനങ്ങളുടെ വിപുലമായ നിര.
സമ്പത്തും സ്വാധീനവും ഉള്ളവര്‍ക്ക് മാത്രമാണ് നിരീക്ഷണം വിനയാകുക എന്നൊരു ധാരണ വ്യാപകമായുണ്ട്. ഇന്ത്യയിലെ വലിയൊരു വിഭാഗം ജനതയ്ക്ക് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ച്. പക്ഷേ പകുതിയിലേറെ ജനങ്ങള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിനാല്‍ ഈ വാദത്തില്‍ കഴമ്പില്ല. സെല്‍ഫോണുകളെയും മെസേജുകളെയും ട്രാക്ക് ചെയ്യുക എന്നത് ഇന്നൊരു വല്യകാര്യമല്ല എന്ന് ഏവര്‍ക്കും അറിയാം.
എതിര്‍പ്പുകളൊന്നും കൂടാതെ അടിക്കടി സ്വകാര്യവിവരങ്ങള്‍ വ്യാപകമായി ചോര്‍ത്തപ്പെടുന്നുവെന്നത് ഉല്‍കണ്ഠ ജനിപ്പിക്കുന്നു. ഇന്‍റര്‍നെറ്റ് ലോകത്ത് സ്വകാര്യതയ്ക്കുള്ള വില പലരും മനസ്സിലാക്കുന്നില്ല. തങ്ങള്‍ എന്തുമാത്രം സ്വകാര്യവിവരങ്ങള്‍ വെളിപ്പെടുത്തുന്നു എന്നുപോലും പലരും ചിന്തിക്കാറില്ല. സൈബര്‍ സുരക്ഷയ്ക്കും വിവരങ്ങളുടെ സംരക്ഷണത്തിനും പൊതുമേഖലയില്‍ നിന്നും കച്ചവടമേഖലയില്‍നിന്നും സമഗ്രമായ നയരൂപീകരണം ആവശ്യമായിരിക്കുന്നു. സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നതും വില്‍ക്കപ്പെടുന്നതും വെളിപ്പെടുത്തപ്പെടുന്നതും പതിവായിരിക്കുന്നു. വിവരസംരക്ഷണം സംബന്ധിച്ച സൈബര്‍ സുരക്ഷാ ഏജന്‍സികളുടെ വാഗ്ദാനങ്ങള്‍ പാഴ്വാക്കാകുന്നു.
നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നതും വിവരങ്ങള്‍ ചോര്‍ത്തുന്നത് തടയുന്നതിനുള്ള നിയമങ്ങളില്‍ ഗവണ്‍മെന്‍റിന് വിപുലമായ ഇളവുകള്‍ നല്‍കുന്നതും ഒഴിവാക്കേണ്ടതിന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഒരു സ്വകാര്യതനിയമത്തിന് രൂപം നല്കേണ്ടതുണ്ട്. വിവരനിരീക്ഷണ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിയുള്ള അധാര്‍മ്മിക കച്ചവട തന്ത്രങ്ങളെക്കൂടി ഈ നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവരേണ്ടതുണ്ട്. ജനങ്ങളുടെ സ്വകാര്യ-പൊതുവിവരങ്ങള്‍ സംയോജിപ്പിച്ച് കേന്ദ്രീകൃത ഡേറ്റാ ബേസ് ഉണ്ടാക്കുന്നതും പൊതുനന്മയ്ക്കെന്ന പേരില്‍ ബയോമെട്രിക് വിവരങ്ങള്‍ നല്കാന്‍ പൊതുജനങ്ങളെ നിര്‍ബന്ധിക്കുന്നതും ഈ നിയമം വഴി തടയപ്പെടേണ്ടതുണ്ട്. ഉദ്ദേശ്യത്തെ മുന്‍നിര്‍ത്തി വ്യത്യസ്ത ഡേറ്റാ ബേസുകള്‍ ഉണ്ടാകേണ്ടതിന്‍റെ ആവശ്യകത സൈബര്‍ വിദഗ്ദ്ധര്‍ മുന്നേതന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നതില്‍നിന്നും ഒഴിവാകാന്‍ 'ഡിജിറ്റല്‍ അകലം' പ്രയോജനം ചെയ്യാം. 'ഐഡന്‍റിറ്റി' വെളിപ്പെടുത്താതെ തന്നെ ആശയവിനിമയം ഇന്ന് സാധ്യമാണ്. അവ ഉപയോഗിച്ച് വിവരങ്ങള്‍ ഒരു പരിധിവരെ സംരക്ഷിക്കുക ഇന്ന് സാധ്യമാണ്.
അപകടം പതിയിരിക്കുന്ന 'ഡിജിറ്റല്‍' ലോകത്ത് കരുതല്‍ അത്യാവശ്യമാണ്. ഗവണ്‍മെന്‍റുകളും ബിസിനസ്സ് സ്ഥാപനങ്ങളും അന്താരാഷ്ട്ര സംഘടനകളും ഡിജിറ്റല്‍ പ്രതിരോധത്തില്‍ ശ്രദ്ധ പതിപ്പിക്കുന്നു. അത് വ്യക്തികളുടെ മാത്രം പ്രശ്നമല്ല. അതോടൊപ്പം 'ഓണ്‍ലൈന്‍ സാന്നിധ്യം' കുറയ്ക്കാനും ശ്രമിക്കുന്നു. സൈബര്‍ സുരക്ഷാസോഫ്റ്റ്വെയര്‍ ഒരു തുടക്കം മാത്രം. സ്വകാര്യത സംരക്ഷണസംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയും നിയന്ത്രണ സാങ്കേതികസൗകര്യം ഏര്‍പ്പെടുത്തിയും വിവരസംരക്ഷണം ശക്തിപ്പെടുത്തേണ്ടതുണ്ട്. നിരന്തരവും നിഷേധാത്മകവുമായ നിരീക്ഷണവും വ്യാപകമായ ദുരുപയോഗവും നടക്കുന്ന ഡിജിറ്റല്‍ വ്യാപാരലോകത്ത് ഉപഭോക്താക്കള്‍ മാത്രമല്ല കമ്പനികളും വിവരസുരക്ഷാമാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തണം. അടിസ്ഥാന തലത്തിലുള്ള നടപടികള്‍ സ്വകാര്യതയുടെ വ്യാപകമായ ലംഘനം തടയാന്‍ ഒരു പരിധിവരെ പര്യാപ്തമാകാം.
Featured Posts
bottom of page