top of page

മദ്യപാനം പാപമോ?

Feb 1, 2012

3 min read

ഡോ. ഫെലിക്സ് പൊടിമറ്റം, (Dr. Felix Podimattom)
Beer Glasses.

അഞ്ച് മില്യനിലേറെ വരുന്ന കേരളകത്തോലിക്കര്‍ക്ക് ഏറെ താമസിയാതെ മദ്യപാനം ഒരു പാപമാകാന്‍ (ഒരു പക്ഷേ, ഒരു മാരകപാപം!) പോകുന്നു എന്നാണ് അടുത്തനാളിലെ വാര്‍ത്ത. കേരള കത്തോലിക്കാ മെത്രാന്‍ സംഘം നിയോഗിച്ച കമ്മീഷന്‍റെ പഠനനിര്‍ദ്ദേശമനുസരിച്ച് മദ്യപാനം നടത്തിയവര്‍ കുമ്പസാരത്തില്‍ ഏറ്റുപറയാന്‍ ബാധ്യസ്ഥരാണ്. ഈ വിഷയത്തില്‍ കമ്മീഷന്‍റെ മറ്റൊരു നിര്‍ദ്ദേശം മദ്യപരെ സഭാസ്ഥാപനങ്ങളില്‍ നിന്ന് വിലക്കുക എന്നതാണ്. 2013 ഫെബ്രുവരി 2 ന് ഇതു സംബന്ധിച്ച് കെ.സി.ബി.സി.യുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് കമ്മീഷന്‍ സെക്രട്ടറി ഫാ. പി. ജെ. ആന്‍റണി അറിയിച്ചിട്ടുണ്ട്.

മദ്യപാനം കേരളത്തില്‍ ഒരു പകര്‍ച്ചവ്യാധി പോലെ വ്യാപിക്കുകയാണ്. ഇപ്പോഴത് സ്കൂള്‍ തലത്തിലെ കുട്ടികളുടെ ഇടയില്‍ വരെ എത്തിയിരിക്കുന്നു. ഇത് സൃഷ്ടിക്കുന്ന സാമൂഹികവും ഗാര്‍ഹികവും വ്യക്തിപരവുമായ ദുഷിപ്പുകള്‍ ഏറെയാണ്. വികസിത-വികസ്വര രാജ്യങ്ങളില്‍ ഹൃദ്രോഗങ്ങളും ക്യാന്‍സറും കഴിഞ്ഞാല്‍ ഏറ്റവും വലിയ മൂന്നാമത്തെ ആരോഗ്യപ്രശ്നമായിട്ടാണ് ആരോഗ്യമേഖലയിലെ പ്രമുഖര്‍ മദ്യപാനത്തെ കണക്കാക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെന്നിരിക്കലും (കെ.സി.ബി.സി.) മദ്യപാനത്തെ ഒരു പാപമായി കണക്കാക്കാമെന്ന കമ്മീഷന്‍റെ നിലപാട് പല രീതിയും ചോദ്യം ചെയ്യപ്പെടാവുന്നതാണ്.


1). ഒന്നാമതായി, മദ്യപരെ പലതരത്തില്‍ വേര്‍തിരിച്ചു കാണാന്‍ കമ്മീഷന്‍ ശ്രമിച്ചിട്ടില്ല. എല്ലാത്തരം മദ്യപരെയും ഒരുമിച്ച് 'പാപം' എന്ന ഒറ്റ കൊട്ടയ്ക്കുള്ളിലേയ്ക്കിട്ടു. മദ്യപര്‍ പലതരമുണ്ട്. ഉത്തരവാദിത്വമുള്ള മദ്യപാനികള്‍, സ്ഥിരം മദ്യപര്‍, അമിത മദ്യപരെ നാല് ഗണത്തില്‍ തിരിച്ചിട്ടുണ്ട്. സാമൂഹിക മദ്യപര്‍ (ആഘോഷങ്ങളുടെ ഭാഗമായി വലപ്പോഴും മദ്യപിക്കുന്നവര്‍), ഉപദ്രവകരമായ മദ്യപര്‍ (മദ്യം അപകടകരമായ ഒരവസ്ഥയിലേക്ക് മാറാന്‍ പറ്റുന്ന രീതിയില്‍ മദ്യപാനം ശീലമാക്കാന്‍ തുടങ്ങിയവര്‍), അപകടകരമായി മദ്യപര്‍ (ആരോഗ്യ കുടുംബ-സാമൂഹിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന രീതിയില്‍ മദ്യപാനം അപകടകരമായ ഒരു ശീലമാക്കിയവര്‍), മദ്യമില്ലാതെ ജീവിക്കാന്‍ പറ്റാത്ത രീതിയില്‍ അസ്വസ്ഥത കാണിക്കുന്ന ആശ്രിത മദ്യപര്‍. (Social, Harmful, Hazardous and Dependent drinkers)


2). രണ്ടാമതായി, ഈ സമീപനം ഒരു ആരോഗ്യപ്രശ്നത്തെ ധാര്‍മ്മിക പ്രശ്നമാക്കി മാറ്റുകയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍മ്മാതാക്കള്‍ മദ്യപാനത്തെ ആരോഗ്യത്തിന്‍റെ പശ്ചാത്തലത്തില്‍ പരിഗണിച്ച് അതിന് മേലുള്ള നിരോധനങ്ങളും ഉപയോഗത്തിനുള്ള മുന്നറിയിപ്പുകളും നല്കിയിട്ടുണ്ട്. ഭരണഘടന മദ്യപാനത്തെ ഒരു ധാര്‍മ്മിക പ്രശ്നമാക്കി മാറ്റിയിട്ടില്ല.


3). മൂന്നാമത്തെ അപാകത മദ്യപാനത്തിന്‍റെ കാരണം കണ്ടെത്തുന്നതിലാണ്. എന്താണ് മദ്യപാനത്തിന്‍റെ കാരണങ്ങള്‍? മദ്യപാനത്തിന് പലകാരണങ്ങളുണ്ട്. ആരോഗ്യമേഖലയിലെ പഠനങ്ങള്‍ മദ്യപാനത്തെ ജനിതകവും ജീവശാസ്ത്രപരവുമായ ഘടകങ്ങളാല്‍ സൃഷ്ടിക്കപ്പെടുന്ന ഒരു ആരോഗ്യപ്രശ്നമായി കണക്കാക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടേയും യൂറോപ്യന്‍-അമേരിക്കന്‍ ആരോഗ്യസംഘടനകളുടേയും ഔദ്യോഗിക പഠനങ്ങള്‍ മദ്യപാനത്തെ ഒരു രോഗമായി കണക്കാക്കാമെന്ന് പറയുന്നു. ചില കുടുംബങ്ങളില്‍ ജനിതകമായ പ്രത്യേകതകള്‍ മൂലം പാരമ്പര്യത്തിലൂടെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന മദ്യപാന ശീലം കാണാനാവും.


4). അവസാനമായി, ധാര്‍മ്മിക തലവും നൈതിക തലവും ഇവിടെ കൂട്ടിക്കുഴയ്ക്കപ്പെടുകയാണ്. ക്രിസ്തീയ ധാര്‍മ്മിക നിയമങ്ങള്‍ (Moral laws)പ്രകൃതിനിയമങ്ങള്‍ക്കും സുവിശേഷ നിയമങ്ങള്‍ക്കുമനുസൃതമായിട്ടാണ് രൂപപ്പെട്ടിട്ടുള്ളതും ഇനി രൂപപ്പെടേണ്ടതും. രാഷ്ട്രവും സമൂഹവും രാഷ്ട്രത്തിന്‍റെയും സമൂഹത്തിന്‍റേയും കെട്ടുറപ്പിന് വേണ്ടി പല നിയമങ്ങളും രൂപപ്പെടുത്തുന്നുണ്ടാവാം. അവയെ പൊതുപെരുമാറ്റ നിയമങ്ങളായിട്ട് (positive laws) വേണം മനസ്സിലാക്കാന്‍. സഭ ഒരു ദൈവികസ്ഥാപനമായിരിക്കുമ്പോള്‍ പ്രകൃതിനിയമത്തിന്‍റെയോ ദൈവികവെളിപാടിന്‍റെയോ ഭാഗമല്ലാത്തതൊന്നും 'പാപം' എന്ന മതപ്രത്യയഭാവനയില്‍ കൊണ്ടുവരാന്‍ പാടുള്ളതല്ല. 'പാപം' എന്നത് ഒരു നിയമലംഘനത്തിന് വിധിക്കുന്ന ശിക്ഷയായിട്ടല്ല മനസ്സിലാക്കേണ്ടത്. പാപം അടിസ്ഥാനപരമായി ദൈവ-മനുഷ്യബന്ധത്തില്‍നിന്നുള്ള അകന്നു പോക്കാണെന്നിരിക്കെ സാമൂഹിക പെരുമാറ്റ നിയമങ്ങളെ പാപത്തിന്‍റെ ഗണത്തില്‍പ്പെടുത്തി സഭാശിക്ഷാനടപടി (മദ്യപര്‍ക്ക് സഭാസ്ഥാപനങ്ങളില്‍ വിലക്ക്) സ്വീകരിക്കാന്‍ സഭയ്ക്ക് ധാര്‍മ്മിക അധികാരമില്ലെന്ന് പല രീതിയിലും സ്ഥാപിക്കാനാവും:


5). പാപത്തെ ഏതെങ്കിലും ഒരു നിയമത്തിന്‍റെ ലംഘനത്തിന് കൊടുക്കുന്ന ശിക്ഷനടപടിയായി കാണാനാവില്ല. അതിന്‍റെ അര്‍ത്ഥം സഭയ്ക്ക് വിശ്വാസികളുടെ ജീവിതത്തിന് ആവശ്യമായ അച്ചടക്കനിയങ്ങളും നിബന്ധനകളും രൂപവത്കരിക്കാനധികാരമില്ല എന്നല്ല, മറിച്ച് ശിക്ഷാനടപടിയെന്നോണം ഒരു നിയമലംഘനത്തെ പാപമെന്ന് വിളിക്കാനാവില്ല എന്നാണ്. കാരണം പാപം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ ദൈവവും മനുഷ്യനുമായുള്ള സ്നേഹബന്ധത്തിന്‍റെ വിച്ഛേദനമാണ്. മദ്യപിക്കുന്ന ഒരാള്‍ സ്നേഹത്തിന്‍റെ പ്രതിഫലനമായ ആത്മീയ ജീവിതത്തില്‍ ഉത്സാഹിയായിരിക്കുകയും കുടുംബത്തിലും സമൂഹത്തിലും സഹോദരസ്നേഹത്തിന്‍റെ തികഞ്ഞ മാതൃകയായിരിക്കയും ചെയ്യുമ്പോള്‍ അയാളുടെ മദ്യപാനശീലത്തെ എങ്ങനെ പാപമെന്ന് വിളിക്കും? ചിലപ്പോള്‍ മദ്യപാനം അദ്ദേഹത്തില്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം, വിഷമടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ നിരന്തരമായി ആഹരിക്കുന്നത് ക്യാന്‍സറിന് കാരണമാകുന്നത് പോലെ.


6). മദ്യപാനത്തെ ഒരു മാരകപാപമായി പ്രഖ്യാപിക്കാന്‍ പോവുകയാണെങ്കില്‍ അത് കുറച്ചുകൂടി വൈഷമ്യം പിടിച്ച ഒരു നിലപാടിലായിക്കും എത്തിക്കുക. ഒരു പാപം മാരകപാപമാകുന്നത് ഗൗരവകരമായ കാര്യങ്ങളില്‍ മുഴുവന്‍ അറിവോടും പൂര്‍ണ്ണ സമ്മതത്തോടും കൂടി വ്യക്തി തീരുമാനമെടുത്ത് ചെയ്യുമ്പോള്‍ മാത്രമാണ്. ഒരു കാര്യം ഗൗരവമുള്ളതാകുന്നത് അതിന്‍റെ സ്വാഭാവിക പ്രകൃതിയില്‍ത്തന്നെയാണ്. ഉദാഹരണത്തിന് കൊലപാതകം ഗൗരവകരമായ ഒരു പ്രവൃത്തിയാണ്, കാരണം, അത് ജീവനെ ഹനിക്കുന്നതും തിന്മയാണെന്ന് സാര്‍വ്വത്രിക ധാര്‍മ്മിക മനഃസാക്ഷി അംഗീകരിക്കുന്നതുമാണ്. അതിനെ ഏതെങ്കിലും ഒരു അധികാരിക്ക് ഔദ്യോഗിക നിയമപ്രഖ്യാപനം നടത്തി ലഘുവാക്കാനാവുന്നതല്ല. എന്നാല്‍ കൊലപാതകം ചെയ്യുന്ന ഒരാള്‍ മാരകപാപമാണോ ചെയ്തത് എന്ന തീരുമാനത്തിലെത്താന്‍ മറ്റ് രണ്ട് കാര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്- മുഴുവനായ അറിവും പൂര്‍ണ്ണമായ സമ്മതവും. മാനസികരോഗിയോ അല്ലെങ്കില്‍ കുട്ടിയോ ആണ് കൊലപാതകത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതെങ്കില്‍ യഥാര്‍ത്ഥ അറിവില്ലായ്മയാണ് ഈ പ്രവൃത്തിക്ക് പിന്നിലുള്ളത്. അതുപോലെ സ്വരക്ഷയ്ക്ക് വേണ്ടി കൊലചെയ്യുന്നവര്‍ പൂര്‍ണ്ണസമ്മതത്തോടെയല്ല അത് ചെയ്യുന്നത്. മാരകപാപത്തെ നിര്‍ണ്ണയിക്കുന്ന അറിവ്, സമ്മതം എന്ന രണ്ടും മൂന്നും കാര്യങ്ങള്‍ വ്യക്തികളേയും സാഹചര്യങ്ങളേയും ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കും. അതിനാല്‍ സഭാനിയമത്തിന്, ഒരു പ്രവൃത്തി ഗൗരവമുള്ളതാണോ ലഘുവാണോ എന്ന് നിശ്ചയിക്കാന്‍ മാത്രമേ ആകൂ. അത് മാരകപാപമാണോ ലഘുപാപമാണോ എന്ന ധാര്‍മ്മിക വിലയിരുത്തല്‍ നടത്തേണ്ടത് അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന വ്യക്തികളാണ്. ഒരു പടി കൂടി കടന്ന് മാരകപാപം എന്നത് ദൈവത്തിനെതിരെയുള്ള അത്യന്തികമായ മനുഷ്യന്‍റെ തിരഞ്ഞെടുപ്പാണെന്നിരിക്കെ അത് ഏതെങ്കിലും ഒരു പ്രത്യേക പാപമായിട്ടല്ല കൃപാരഹിതമായ മനുഷ്യ പ്രകൃതിയുടെ അവസ്ഥയായി വേണം മനസ്സിലാക്കാന്‍. അങ്ങനെയെങ്കില്‍ പുറത്ത് നിന്ന് ഒരു മൂന്നാം കക്ഷിക്ക് തീര്‍പ്പു കല്പിക്കാനാവാത്ത വണ്ണം വ്യക്തിപരമായി തിരിച്ചറിയേണ്ട ഒരു സാധ്യതയാണിത്.


7). അടുത്തതായി, നിയമപരമായ ബാധ്യതയും ധാര്‍മ്മികമായ ബാധ്യതയും തമ്മില്‍ വേര്‍തിരിച്ച് കാണേണ്ടതുണ്ട്. നിയമനിര്‍മ്മാതാവിന് നിയമപരമായ ബാധ്യത നിറവേറ്റാന്‍ നിയമപരമായ മാര്‍ഗ്ഗങ്ങളും നടപടികളും സ്വീകരിക്കാമെന്നിരിക്കെ, ധാര്‍മ്മിക ബാധ്യത നിറവേറ്റുന്നതില്‍ ഒരു വ്യക്തിക്ക് നേരെ നിയമപരമായ നിലപാടുകളെടുക്കാനാവില്ല. ഉദാഹരണത്തിന,് വ്യക്തിപരമായ കാരണങ്ങളാല്‍ വിവാഹബന്ധം വേര്‍പിരിയാന്‍ ആഗ്രഹിക്കുന്ന ഭര്‍ത്താവിനോട് ഭാര്യയ്ക്കും കുട്ടികള്‍ക്കും കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകുന്നത് വരെ ജീവിതച്ചെലവിനുള്ള തുക കൊടുക്കണമെന്ന് നിയമം മൂലം കോടതിക്ക് വിധിക്കാനാകും. എന്നാല്‍ അയാള്‍ ഭാര്യയേയും മക്കളേയും സ്നേഹിക്കണമെന്ന് നിയമം മൂലം ആവശ്യപ്പെടാനാവില്ല. ഒരു സദുപദേശം എന്ന നിലയില്‍ നിര്‍ദ്ദേശിക്കാമെന്ന് മാത്രം. കാരണം ഒന്നാമത്തേത് നിയമപരമായ ബാധ്യതയും രണ്ടാമത്തേത് ധാര്‍മ്മിക ബാധ്യതയുമാണ്. ധാര്‍മ്മിക ബാധ്യതകള്‍ നിറവേറ്റുന്നതില്‍ വ്യക്തികള്‍ക്ക് അവരുടെ പൂര്‍ണ്ണമായ സ്വാതന്ത്ര്യം അനുവദിക്കേണ്ടതുണ്ട്. അതില്‍ നിയമദാതാവിന് ഒരു ഉപദേശകന്‍റെ ഭാഗം മാത്രമേയുള്ളൂ. നിയമദാതാവ് എന്ന റോളില്‍ രാഷ്ട്രത്തിനും സഭയ്ക്കും മദ്യപാനത്തിന്‍റെ കാര്യത്തില്‍ ചെയ്യാനാവുന്നത് വ്യക്തികളെ മദ്യത്തിന്‍റെ വിപത്തുകളെക്കുറിച്ച് ബോധവത്കരിക്കുകയും അതിന്‍റെ ഉപയോഗത്തില്‍ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കാതെ നിയമപരമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും മാത്രമാണ്.


8). സഭാനിയമത്തിന്‍റെ ലംഘനത്തിന് ശിക്ഷയായി പാപം ആരോപിക്കുക എന്നത് മതാത്മകമല്ലാത്ത രാഷ്ട്രാധികാരത്തിന്‍റെ അന്ധമായ അനുകരണത്തില്‍ നിന്ന് സഭയില്‍ വന്നു ചേര്‍ന്ന തെറ്റായ ഒരു പ്രവണതയാണ്. രാഷ്ട്രം അതിന്‍റെ നിയമങ്ങളനുസരിപ്പിക്കാന്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നു. സഭ അത്തരം നിലപാടുകളെടുത്ത് വിശ്വാസികളെ 'സഭാവിധേയരാക്കുവാന്‍' പഴയകാലങ്ങളില്‍ ശ്രമിച്ചിട്ടുണ്ട്. ഇത് സഭയുടെ ദൈവിക സ്വഭാവത്തിന് കളങ്കമായി മാറുകയും ചെയ്തിട്ടുണ്ട്.

കെ.സി.ബി.സി. കമ്മീഷന്‍റെ മദ്യവിരുദ്ധ നിലപാടുകളെ ശ്ലാഘിക്കുമ്പോള്‍ത്തന്നെ മറ്റ് പല ചോദ്യങ്ങള്‍ കൂടി സാമൂഹിക-രാഷ്ട്രീയ- മനഃശാസ്ത്ര ദൈവശാശ്ത്ര പക്ഷങ്ങളില്‍ നിന്ന് ഈ വിഷയത്തെക്കുറിച്ച് ഉയര്‍ത്തപ്പെടേണ്ടതുണ്ട്. മദ്യപാനത്തെ ഒരു പാപമാക്കി മാറ്റുന്നതു കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാകാന്‍ പോകുന്നത്? അത് പാപത്തെക്കുറിച്ച് ഒട്ടും വേവലാതിപ്പെടാത്ത കുറേ 'പാപികളെ'ക്കൂടി സൃഷ്ടിക്കുക മാത്രമല്ലേ ചെയ്യുന്നുള്ളൂ? അങ്ങനെ പാപത്തെയും കുമ്പസാരമെന്ന കൂദാശയെയും ഒരു മൗഢ്യമാക്കുകയല്ലേ? അമിത മദ്യപാനമാണോ അതോ എല്ലാത്തരം മദ്യപാനങ്ങളും ഈ പാപത്തിന്‍റെ ലിസ്റ്റില്‍ പെടുമോ? സഭാസേവനം നടത്തുന്ന മദ്യപാനശീലമുള്ള വൈദികരെ സഭാസേവനത്തില്‍ നിന്ന് വിലക്കുമോ? അങ്ങനെ ചോദ്യങ്ങള്‍ പലതാണ്. സഭ സത്യത്തില്‍ ചെയ്യേണ്ടത് ജനങ്ങളെ ജാതിമതഭേദമെന്യേ ഈ മഹാ വിപത്തിനെക്കുറിച്ച് ബോധവത്കരിക്കുകയും പ്രശ്നപരിഹാരത്തിനായി പ്രയോഗികമായ നടപടികള്‍ എടുക്കുകയും ചെയ്യുക എന്നതാണ്. അല്ലാതെ പാപത്തിന്‍റെ ലിസ്റ്റിന്‍റെ ദൈര്‍ഘ്യം കൂട്ടിയതുകൊണ്ട് ഇക്കാര്യത്തില്‍ എന്തെങ്കിലും ശാശ്വത പരിഹാരമുണ്ടാകുമെന്ന് തോന്നുന്നില്ല.

ഡോ. ഫെലിക്സ് പൊടിമറ്റം, (Dr. Felix Podimattom)

0

1

Featured Posts

bottom of page