top of page

തിന്മക്കുത്തരവാദി ദൈവമോ

Aug 5, 1994

4 min read

ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി കപ്പൂച്ചിന്‍

സംശയിക്കുന്ന തോമ്മാ


Problem of evil


സർവസമ്പൂർണനായ ദൈവത്തെ സൃഷ്ടിക്കു പ്രേരിപ്പിച്ച കാരണം എന്താണ്? നന്മപൂർണനായ ദൈവം, എല്ലാറ്റിന്റെയും സ്രഷ്ടാവും കാരണഭൂതനുമായ ദൈവം എന്തിനു തിന്മക്കു ജന്മം നൽകി! ഭൂതഭാവിവർത്തമാനകാലങ്ങൾ എല്ലാം അറിയുന്ന ദൈവം മനുഷ്യരെ സൃഷ്ടിക്കുന്നതിനു മുമ്പേ അറിഞ്ഞിരുന്നല്ലോ അവരിൽ കുറെപേർ തിന്മ ചെയ്യുമെന്ന്. പിന്നെ എന്തിന് അവരെ സൃഷ്ടിച്ചു? അപ്പോൾ അവിടന്നു തന്നെയല്ലേ അവരുടെ പാപത്തിനും നാശത്തിനും ഉത്തരവാദി? അസ്സീസിയിലൂടെ ഉത്തരം പ്രതീക്ഷിക്കുന്നു.


Binoy George,

Ahmedi-61003,

Kuwait

(കഴിഞ്ഞലക്കം തുടർച്ച)


പ്രിയ ബിനോയി,


ദൈവം തിന്മക്കു ജന്മം നൽകിയില്ല


നന്മപൂർണനും എല്ലാറ്റിൻറെയും സ്രഷ്ടാവും കാരണഭൂതനുമായ ദൈവം എന്തിനു തിന്മക്കു ജന്മം നൽകി, എന്നതാണല്ലോ രണ്ടാമത്തെ ചോദ്യം ഈ ചോദ്യം ഒരു വലിയ തെറ്റിദ്ധാരണയിൽ നിന്നാണ് ഉളവായത്. കാരണം, ദൈവം ഒരിക്കലും തിന്മക്കു ജന്മം നൽകിയിട്ടില്ല. നൽകുവാൻ അവിടുത്തേക്കു കഴിയുകയുമില്ല. തിന്മക്കു ജന്മം നൽകിയെങ്കിൽ അവിടന്നു നന്മപൂർണനാകുമായിരുന്നില്ല. നിർവചനം കൊണ്ടുതന്നെ ഇവ രണ്ടും പരസ്പരവിരുദ്ധങ്ങളാണ്. "എല്ലാറ്റിന്റെയും സ്രഷ്ടാവ്' എന്നു ദൈവത്തെപ്പറ്റി പറയുമ്പോൾ, വാസ്തവികമായ, ഉണ്‌മയായ എല്ലാറ്റിന്റെയും സ്രഷ്ടാവ് എന്നാണ് അർഥമാക്കുക. തിന്മ, താത്ത്വികമായി പറഞ്ഞാൽ, വാസ്‌തവികമായ (positive) യാഥാർഥ്യമല്ല. പിന്നെയോ അതൊരു അഭാവമാണ്, ഇല്ലായ്മയാണ് (negation). അതുകൊണ്ടാണു പറഞ്ഞത്, രണ്ടാമത്തെ ചോദ്യം ഒരു തെറ്റിദ്ധാരണയിൽ നിന്നുളവായതാണെന്ന്. അതേസമയം വലിയ പ്രശ്നമുൾക്കൊള്ളുന്ന മറ്റൊരു ചോദ്യം ഈ ചോദ്യത്തിനുള്ളിൽ മറഞ്ഞിരുപ്പുണ്ട്. തിന്മ എങ്ങനെ, എവിടെ നിന്ന് ഉണ്ടായി? ഉത്തരം എളുപ്പമല്ല. മൂന്നാമത്തെ ചോദ്യത്തിനുത്തരമായി ചില കാര്യങ്ങൾ പറഞ്ഞശേഷം, ഈ രണ്ടാമത്തെ ചോദ്യത്തിലേക്കു തിരിച്ചുവരുന്നതാണ്.


തിന്മചെയ്യുന്നത് മനുഷ്യൻ സ്വതന്ത്രനായതുകൊണ്ട്


കുറെപ്പേർ തിന്മചെയ്യുമെന്നു മുൻകൂട്ടി അറിഞ്ഞിരുന്നിട്ടും, ദൈവം അവരെ എന്തിനു സൃഷ്ടിച്ചു അവർ ചെയ്യുന്ന തിന്മക്ക് അവരെ സൃഷ്ടിച്ച അവിടന്ന് ഉത്തരവാദിയല്ലേ. എന്നതാണല്ലോ മൂന്നാമത്തെ ചോദ്യം മനുഷ്യൻ തിന്മ ചെയ്യുന്നത് അവനു സ്വാതന്ത്ര്യമുള്ളതുകൊണ്ടാണ്. സ്വാതന്ത്ര്യമില്ലായിരുന്നെങ്കിൽ, അവൻ തിന്മ ചെയ്യുമായിരുന്നില്ല. സ്വാതന്ത്ര്യമില്ലാത്ത കല്ലോ മുള്ളോ മരമോ മൃഗമോ ഒന്നും ഒരു തിന്മയും പ്രവർത്തിക്കുന്നില്ല: പ്രവർത്തിക്കാൻ അവക്കു സാധ്യമല്ല. അതുപോലെതന്നെ, സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണ് മനുഷ്യനു നന്മ തെരഞ്ഞെടുക്കാനും സാധിക്കുന്നത്. സ്വതന്ത്രമായ മനസ്സും, നന്മയോ തിന്മയോ ഒതരഞ്ഞെടുക്കാനുള്ള കഴിവും ഇല്ലായിരുന്നെങ്കിൽ, നന്മ ചെയ്യാൻ മനുഷ്യനു സാധ്യമാകുമായിരുന്നില്ല. ധാർമികമായ തലത്തിൽ, നന്മയെന്നു പറയുന്നത് എപ്പോഴും സ്വാതന്ത്ര്യത്തിൽ നിന്നുവരുന്ന തെരഞ്ഞെടുപ്പാണ്. ഈ സ്വാതന്ത്ര്യവും തെരഞ്ഞെടുപ്പുമില്ലാത്തിടത്ത് ധാർമികമായ നന്മയുമില്ല. (നന്മയെന്നും തിന്മയെന്നും പറയുമ്പോൾ ധാർമികമായ അർഥമാണ് സാധാരണമായി ഉദ്ദേശിക്കുക. ഭൗതീകമായ (physical) നന്മക്കും തിന്മക്കും വസ്തുക്കളോ മൃഗങ്ങളോ കാരണമായെന്നു വരാം. എന്നാൽ, ഈ നന്മക്കോ തിന്മക്കോ ഉള്ള ഉത്തര വാദിത്വം അവക്കില്ല. ഈ നന്മ പ്രശംസയർഹിക്കയോ തിന്മ ശിക്ഷയർഹിക്കയോ ചെയ്യുന്നില്ല. ചില പ്രകൃതി നിയമങ്ങളുടെ നിർബന്ധിത ശക്തിയുടെ (Compulsory power) ഫലമാണവ. നന്മ തെരഞ്ഞെടുക്കാനും പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യത്തിന്റെ വേർപെടുത്താനാവാത്ത മറുവശമാണ് തിന്മ തെരഞ്ഞെടുക്കാനും പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യമെന്ന് ഇപ്പോൾ വ്യക്തമായിരിക്കുമല്ലോ.


സ്വാതന്ത്ര്യം മഹത്തായ ദൈവികദാനം


സ്രഷ്ടാവായ ദൈവം മനുഷ്യനു നൽകിയിരിക്കുന്ന ഏറ്റവും മഹത്തായ ദാനമാണെന്നു പറയാം സ്വാതന്ത്ര്യം. സ്വാതന്ത്ര്യമില്ലാതെ മനുഷ്യൻ മനുഷ്യനായിരിക്കയില്ല. സ്വാതന്ത്ര്യമുള്ളതുകൊണ്ടാണ് മനുഷ്യൻ സൃഷ്ടിയുടെ മകുടമായിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ്, ദൈവവുമായി സംഭാഷണത്തിലേർപ്പെടാനും അവിടുത്തെ സ്വയം ദാനം സ്വീകരിക്കാനും അങ്ങനെ അവിടുത്തെ പങ്കാളിയാകാനും മനുഷ്യനു കഴിയുക. ദൈവത്തിന്റെ സ്വയം ദാനം സ്വീകരിച്ച് അവിടുത്തെ പങ്കാളിയാകാൻ കഴിവുറ്റ സ്വതന്ത്രനായ മനുഷ്യനില്ലാതെ സൃഷ്ടിക്ക് അർഥവും ലക്ഷ്യവുമുണ്ടായിരിക്കയില്ല. സൃഷ്ടിതന്നെ ഉണ്ടായിരിക്കയില്ല. കാരണം കഴിഞ്ഞ ലക്കത്തിൽ പറഞ്ഞതുപോലെ സൃഷ്ടിയുടെ അർത്ഥവും ലക്ഷ്യവും ദൈവത്തിന്റെ മഹത്വമാണ്. ദൈവത്തിന്റെ മഹത്വം അടങ്ങിയിരിക്കുന്നതോ, സ്വതന്ത്രനായ മനുഷ്യനുമായി അവിടത്തെ നന്മയും സ്നേഹവും പങ്കുവെക്കുന്നതിലും. അർഥവും ലക്ഷ്യവുമില്ലാതെ ദൈവം സൃഷ്ടിക്കയില്ലല്ലോ. അങ്ങനെ നോക്കുമ്പോൾ, മനുഷ്യനെ ദൈവത്തിന്റെ പങ്കാളിയാക്കുന്ന, സൃഷ്ടിയുടെ മകുടമാക്കുന്ന, സൃഷ്ടിക്കുതന്നെ അർഥവും ലക്ഷ്യവും നൽകുന്ന സ്വാതന്ത്ര്യം വിലതീരാത്ത ഒരു ദൈവികദാനമാണെന്നു വ്യക്തമാണല്ലോ


അതിവിശിഷ്ടമായ ഈ ദൈവികദാനത്തിന്റെ ഇരുവശങ്ങളാണ് നന്മ തെരഞ്ഞെടുക്കാനും പ്രവർത്തിക്കാനുമുള്ള കഴിവും അതുപോലെതന്നെ തിന്മ തെരഞ്ഞെടുക്കാനും പ്രവർത്തിക്കാനുമുള്ള കഴിവും. ഒരു വശമില്ലാതെ മറ്റേ വശമുണ്ടായിരിക്കയല്ലല്ലോ. നന്മ തെരഞ്ഞെടുക്കാനും പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യത്തിനും കഴിവിനും വേണ്ടി തിന്മ തെരഞ്ഞെടുക്കാനും പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യവും കഴിവും ദൈവം അനുവദിക്കുന്നു എന്നു പറയാം.


ദുരുപയോഗത്തിന് ഉത്തരവാദി മനുഷ്യൻതന്നെ


ഈ സ്വാതന്ത്ര്യവും കഴിവും ദുരുപയോഗിച്ചു കൊണ്ട് മനുഷ്യൻ തിന്മ തെരഞ്ഞെടുക്കുകയും പ്രവർത്തിക്കയും ചെയ്താൽ, അതിനു ദൈവം ഒരിക്കലും ഉത്തരവാദിയാകയില്ല. കാരണം, മനുഷ്യൻ തന്നെയാണ് സ്വതന്ത്രമായി ഈ തിന്മ തെരഞ്ഞെടുക്കുന്നതും പ്രവർത്തിക്കുന്നതും. തിന്മ തെരഞ്ഞെടുക്കാതെ നന്മ തെരഞ്ഞെടുക്കുവാൻ അവനു കഴിയുമായിരുന്നു. തിന്മ തിന്മയാണെന്ന അറിവും അവന് ഉണ്ടായിരുന്നു. എന്നിട്ടും അവൻ തിന്മ തെരെഞ്ഞെടുക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നെങ്കിൽ, അതിനുള്ള പൂർണമായ ഉത്തരവാദിത്വം അവനു തന്നെയാണ്. ആ ഉത്തരവാദിത്വത്തിൽ ദൈവത്തിനു പങ്കില്ല.


(തിന്മ തിന്മയാണെന്ന അറിവും, തിന്മ ചെയ്യാതിരിക്കാനുള്ള കഴിവും ഇല്ലെങ്കിൽ, ഒരുവൻ പ്രവർത്തിക്കുന്നത് ഒരിക്കലും തിന്മ ആകുകയില്ല. അതുപോലെതന്നെ, തിന്മ തിന്മയാണണെന്ന അറിവിനെയും തിന്മ തെരഞ്ഞെടുക്കാതിരിക്കാനുള്ള കഴിവിനെയും സ്വാധീനിക്കയും കുറക്കുകയും ചെയ്യുന്ന അനവധി ഘടകങ്ങൾ ഉണ്ടെന്ന കാര്യം വിസ്മരിക്കാനാവില്ല. ഈ അറിവും കഴിവും കുറയുന്നതിന്റെ തോതനുസരിച്ച് ഉത്തരവാദിത്വവും കുറയുന്നുണ്ട് എന്നും സമ്മതിക്കേണ്ടിയിരിക്കുന്നു).


മനുഷ്യസ്വാതന്ത്ര്യത്തെ മാനിക്കുന്ന ദൈവം


സ്വതന്ത്രമായി നന്മ തെരഞ്ഞെടുക്കാനും പ്രവർത്തിക്കാനുമുള്ള വിശിഷിടമായ കഴിവിനുവേണ്ടി സ്വതന്ത്രമായി തിന്മ തെരഞ്ഞെടുക്കാനും പ്രവർത്തിക്കാനുമുള്ള കഴിവും ദൈവം മനുഷ്യന് അനുവദിച്ചിരിക്കുന്നുവെന്നു പറഞ്ഞാൽ ചില ഉദാഹരണങ്ങൾ കൊണ്ട് ഒന്നുകൂടി വ്യക്തമാകും. മാതാപിതാക്കൾ കുഞ്ഞുമക്കളെ മുറ്റത്തുകൂടി ഓടിച്ചാടി കളിക്കാൻ അനുവദിക്കുന്നു. അങ്ങനെ ഓടിച്ചാടി കളിച്ചാൽ ചിലപ്പോൾ അവർ വീഴും കൈയിലും കാലിലും മുഖത്തുമൊക്കെ മുറിവേറ്റെന്നു വരും. ചിലപ്പോൾ തലതന്നെ പൊട്ടിയെന്നു വരാം. ഈ അപകടങ്ങളൊക്കെ കണക്കിലെടുത്തുകൊണ്ടു തന്നെ കുട്ടികളെ അങ്ങനെ കളിക്കാൻ അവർ അനുവദിക്കുന്നു. കാരണം, അങ്ങനെ ഓടിച്ചാടി കളിക്കുമ്പോഴാണു കൂട്ടികളുടെ കൈകാലുകൾ വളർന്നു ബലമുള്ളവയായിത്തീരുന്നത്; ശരീരവും മനസ്സുമെല്ലാം ആരോഗ്യമുള്ളതായിത്തിരുന്നത്. കുട്ടികൾ വീണേക്കുമല്ലോ, അവർക്കു പരിക്കുപറ്റിയേക്കുമല്ലോ എന്നു ഭയന്ന്, ഓടാനും ചാടാനും കളിക്കാനുമൊന്നും അനുവദിക്കാതെ മുറിക്കുള്ളിലെ സുരക്ഷിതത്വത്തിൽ അവരെ അടച്ചുപൂട്ടിയിട്ടാൽ, ശാരീരികമായും, മാനസ്സികമായും അവർ വളരുകയില്ല; പ്രായപൂർത്തി വന്നാലും ദുർബലരും രോഗികളുമായിത്തീ‌രുകയേയുള്ളു ഇങ്ങനെ വളർത്തപ്പെടുന്ന കുട്ടികൾ. അതുകൊണ്ട്, ഒരു വലിയ നന്മക്കായി ഒരു ചെറിയ തിന്മ തങ്ങളുടെ മക്കൾക്ക് ഈ മാതാപിതാക്കൾ അനുവദിക്കുന്നു. ആ കുട്ടികളുടെ വീഴ്ചക്ക് ഉത്തരവാദിത്വം ചുമത്തി ആരും ഈ മാതാപിതാക്കളെ കുറ്റപ്പെടുത്താറില്ലല്ലോ


മറ്റൊരുദാഹരണം സുവിശേഷത്തിൽ നിന്നു തന്നെ എടുക്കാം. വി.ലൂക്കാ എഴുതിയ സുവിശേഷം 15-ാമധ്യായം 11 മുതൽ 32 വരെയുള്ള വാക്യങ്ങളിൽ നാം വായിക്കുന്ന ധൂർത്തപുത്രൻ്റെ ഉപമയിൽ, ഇളയമകൻ സ്വത്തിൻ്റെ ഓഹരി വാങ്ങി ദൂരദേശത്തേക്കു പോകുവാൻ ഒരുമ്പെടുമ്പോൾ, വാത്സല്യനിധിയായ പിതാവ് അവന്റെ സ്വാതന്ത്ര്യത്തെ തടയുന്നില്ല. മകൻ്റെ പോക്കു നന്മക്കായിരിക്കയില്ല. അതവനു ദുരിതം വരുത്തും എന്നു തീർച്ചയായും ആ പിതാവിനു ബോധ്യമുണ്ടായിരുന്നു. ആഴമായി അയാൾ മകനെ സ്നേഹിച്ചിരുന്നു എന്നിട്ടും, അവൻ്റെ സ്വാതന്ത്ര്യത്തെ ആ പിതാവു മാനിക്കുന്നു. സ്വത്തിൻ്റെ ഓഹരി അവനു പങ്കിട്ടുകൊടുക്കുന്നു. പോകുവാൻ അവനെ അനുവദിക്കുന്നു. അങ്ങനെ അനുവദിച്ചതുകൊണ്ട് മകനുണ്ടായ ദുരിതത്തിന് ഉത്തരവാദി ആ പിതാവാണെന്നു പറഞ്ഞു കൂടല്ലോ. ഈ ഉപമയിലെ പിതാവിനെ പോലെയാണു ദൈവവും എന്നു യേശുനാഥൻ തന്നെ പറയുന്നു.


തിന്മയിൽ നിന്നുപോലും നന്മ വരുത്തുന്ന ദൈവം


മനുഷ്യർ ചെയ്യുന്ന തിന്മക്ക് ഉത്തരവാദി അവൻ തന്നെയാണ്, ദൈവമല്ല. ദൈവം ഉപരിനന്മക്കായി ചിലപ്പോൾ തിന്മ അനുവദിക്കുന്നുവെന്നു മാത്രം അങ്ങനെ അനുവദിക്കുമ്പോഴും, ആത്യന്തികമായി ആ തിന്മയിൽ നിന്നു നന്മ വരുത്തുവാൻ അവിടത്തേക്കു കഴിയും. വിശുദ്ധ വേദപുസ്‌തകത്തിൽ ആദ്യവസാനം ഇതിനുള്ള ഉദാഹരണങ്ങൾ കാണാൻ കഴിയും. ആദിമാതാപിതാക്കളുടെ പാപംതന്നെ രക്ഷാകരചരിത്രത്തിനു തുടക്കം കുറിക്കുകയും രക്ഷകന്റെ വരവിനു വഴിയൊരുക്കുകയും ചെയ്‌തുവെന്നു നമുക്കറിയാമല്ലോ അതിനാൽ ആഹ്ളാദകരമായ പിഴ (felix culpa) എന്നാണ് സഭാപിതാക്കന്മാരും സഭയുടെ ആരാധനക്രമവും ഈ പാപത്തെ വിശേഷിപ്പിക്കുന്നത്. പഴയനിയമത്തിൽ, യാക്കോബിന്റെ പുത്രനായ ജോസഫിനെ അവൻ്റെ സഹോദരന്മാർ ഇരുപതു വെള്ളിക്കാശിന് ഇസ്മായേല്യർക്കു വിറ്റതായി നാം വായിക്കുന്നു (ഉൽപ. 37, 1-36). സ്വന്തം സഹോദരനോട് അവർ ചെയ്ത‌ത ഗൗരവമായ ഈ കുറ്റം അവരുടെ തന്നെ രക്ഷയുടെ നിമിത്തമായി ദൈവം രൂപാന്തരപ്പെടുത്തുന്നു (ഉൽപത്തി. അധ്യായ ങ്ങൾ 42-45). യാക്കോബിൻ്റെ പാപത്തിൽ നിന്നും (ഉൽപത്തി. അധ്യായം 27), ദാവീദിൻ്റെ പാപത്തിൽ നിന്നും (2 സാമു. അധ്യായം 11), എന്നു വേണ്ടാ യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെയും ക്രൂശിലേറ്റിയ യഹൂദ പ്രമാണികളുടെയും റോമൻ അധികാരികളുടെയും പാപത്തിൽനിന്നു പോലും ആത്യന്തികമായി ദൈവം നന്മയുളവാക്കിയതായി നാം കാണുന്നു.


ധൂർത്തപുത്രന്റെ ഉപമയിൽതന്നെ, അനുതപിക്കുന്ന, സ്നേഹിക്കുന്ന, കൃതജ്ഞ‌ത നിറഞ്ഞ മകനായിത്തീരുന്നു തിരിച്ചുവരുന്ന ഇളയപുത്രൻ. ഈ മാറ്റത്തിനു തുടക്കം കുറിച്ചത് പിതാവിനെയും പിതൃഭവനത്തെയും വിട്ടുള്ള അവൻ്റെ ഇറങ്ങിപ്പോക്കായിരുന്നു. ആ പോക്ക് പട്ടിണിയുടെ പിടിയിലും പന്നിക്കൂട്ടത്തിൻ്റെ നടുവിലുമാണ് അവനെ എത്തിച്ചത്. എന്നാൽ, വേദനയുടെയും യാതനയുടെയും മൂശയിൽ ഉരുകി ശുദ്ധീകരിക്കപ്പെട്ട്, തിളക്കമാർന്ന ഒരു വ്യക്ത‌ിത്വത്തിന്റെ ഉടമയായിട്ടാണ് അവൻ തിരിച്ചുവരുന്ന ത്. വ്രണിതഹൃദയനായി ദൂരത്തിൽ കണ്ണുംനട്ട് വിരഹവേദനയോടെ അവനെ കാത്തിരുന്ന പിതാവിനു പ്രതീക്ഷയുണ്ടായിരുന്നു, അവൻ തിരിച്ചു വരുമെന്ന്. അവൻ വന്നു. പിതാവ് രണ്ടു കൈയും നീട്ടി അവനെ സ്വീകരിക്കയും വിരുന്നൊരുക്കി അവൻറെ തിരിച്ചുവരവ് ആഘോഷിക്കുകയും ചെയ്യുന്നു.


അങ്ങനെ, മനുഷ്യൻ തൻ്റെ സ്വാതന്ത്ര്യം ദുരുപയോഗിച്ചുകൊണ്ട് തിന്മ തെരഞ്ഞെടുക്കുകയും പ്രവർത്തിക്കയും ചെയ്യുമ്പോൾ പോലും, ആ തിന്മയിൽനിന്നുതന്നെ ദൈവം പലപ്പോഴും നന്മയുളവാക്കുന്നതായി നാം കാണുന്നുണ്ട്. എന്നാൽ, ഇങ്ങനെ സ്വാതന്ത്ര്യം ദുരുപയോഗിച്ച് ഒരുവൻ തെരഞ്ഞെടുക്കുകയും പ്രവർത്തിക്കയും ചെയ്യുന്ന തിന്മ ആത്യന്തികമായി എപ്പോഴും ഉപരിനന്മയിലേക്കു നയിക്കുമെന്നൊന്നും നമുക്കു പറയാനാവില്ല. ഇവിടെ മനുഷ്യന്റെ കണക്കു കൂട്ടലുകൾക്കോ യുക്തിവിചാരങ്ങൾക്കോ ഒന്നും സ്‌ഥാനമില്ല. തിന്മ തെരഞ്ഞെടുക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവന് ആത്യന്തികമായി അതു നാശമായിരിക്കുമോ, അതോ അവന്റെ നന്മക്കായി അവസാനം ദൈവം അതു രൂപാന്തരപ്പെടുത്തുമോ എന്നൊന്നും നമുക്കാർക്കും അറിഞ്ഞുകൂടാ. അതു ദൈവത്തിന്റെ രഹസ്യമാണ്. ഈ രഹസ്യത്തിനു മുമ്പിൽ ആദര പൂർവം മൗനമവലംബിക്കാൻ മാത്രമേ നമുക്കു കഴിയൂ. അതേസമയം, “പൂർവാധികം ഭയത്തോടും വിറയലോടുംകൂടി നിങ്ങളുടെ സ്വന്തം രക്ഷക്കുവേണ്ടി അധ്വാനിക്കുവിൻ" (ഫിലി. 2,12) എന്ന പൗലോസ് ശ്ലീഹായുടെ വാക്കുകൾ നമുക്കു മാർഗ ദർശകമാവുകയും വേണം.

(തുടരും)


അസ്സീസി മാസിക, ആഗസ്റ്റ് 1994


ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി കപ്പൂച്ചിന്‍

0

114

Featured Posts

Recent Posts

bottom of page