top of page

ദ്വിതീയാ​ഗമനം കിഴക്കു നിന്നോ?

May 1, 1997

6 min read

ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി കപ്പൂച്ചിന്‍

സംശയിക്കുന്ന തോമ്മാ....

Sun rises

ലോകത്തിൻ്റെ അവസാനം, അന്ത്യവിധി എന്നിവയെ കുറിച്ചും മിശിഹായുടെ രണ്ടാംവരവിൻ്റെ കാലത്തെക്കുറിച്ചും സഭയുടെ യഥാർത്ഥപഠനം എന്തെന്ന് ഫെബ്രുവരി ലക്കം അസ്സീസിയിലെ അച്ചൻ്റെ വിശദീകരണം വളരെ തൃപ്തികരമായി തോന്നി. പ്രത്യേകിച്ച് 2000-ാമാണ്ടിൽ തന്നെ അതു സംഭവിക്കുമെന്ന ചിലരുടെ പ്രസ്താവനകൾ സഭയുടെ ഔദ്യോഗിക പഠന പ്രകാരം തികച്ചും അടിസ്‌ഥാന രഹിതമെന്നു വ്യക്തമാക്കിയതിൽ സന്തോഷിക്കുന്നു. ഇതോടനുബന്ധിച്ച് ദൈവശാസ്ത്ര വിശദീകരണമെന്ന മട്ടിൽ ചില പണ്ഡിതന്മാർ ഉന്നയിക്കുന്ന മറ്റു ചില കാര്യങ്ങൾക്കു കൂടി വിശദീകരണം കേൾക്കുവാൻ ആഗ്രഹിക്കുന്നു.


മിശിഹായുടെ രണ്ടാം ആഗമനം വാനമേഘങ്ങളിൽ കാണുമെന്നു വിശുദ്ധ ഗ്രന്ഥത്തിൽ വായിക്കുന്നു. ഈ പ്രത്യാഗമനം വിശുദ്ധ കുരിശിൻ്റെ അകമ്പടിയോടു കൂടി ആയിരിക്കുമെന്നും അതു കിഴക്കുഭാഗത്തു നിന്നും ആയിരിക്കുമെന്നും ഏതു നിമിഷത്തിലും സംഭവിക്കാമെന്നതിനാൽ പ്രാർത്ഥനയ്ക്കായും ദിവ്യബലിക്കായും ദേവാലയത്തിൽ നില്ക്കുന്ന വൈദികനും ജനങ്ങളും കിഴക്കോട്ടു തിരിഞ്ഞുതന്നെ നിൽക്കേണ്ടതാണെന്നും തറപ്പിച്ചു പഠിപ്പിക്കുന്ന ചില ലേഖനങ്ങൾ ഏതാനും ചില സഭാ പ്രസിദ്ധീകരണങ്ങളിൽ വായിക്കയുണ്ടായി. അതുപോലെ തന്നെ ദേവാലയങ്ങളുടെ ഘടനാസംബനധമായ ദൈവശാസ്ത്ര വിശദീകരണത്തിൽ പടിഞ്ഞാറ് എന്നാൽ അന്ധകാര ശക്തികളുടെ നാട് എന്ന് കാണുന്നു. മിശിഹായുടെ തൊഴുത്തിന്റെ പ്രതീകമായ ദേവാലയത്തിനു കിഴക്കോട്ടു നടന്നു പ്രവേശിക്കാവുന്ന ഒരു വാതിലും ഈ വാതിലിലൂടെ മദ്ബഹായിലേക്ക് പോകാവുന്ന ഒരു വഴിയും മാത്രമേ ഉണ്ടായിരിക്കാവു എന്നെല്ലാം എഴുതിയിരിക്കുന്നു. ഇതെക്കുറിച്ച് അച്ചൻ്റെ അഭിപ്രായമറിയുവാൻ ആഗ്രഹിക്കുന്നു.

ജയിംസ് ഐസക്,

കുടമാളൂർ.


പ്രിയപ്പെട്ട ജയിംസ് ഐസക്, മിശിഹായുടെ രണ്ടാമത്തെ ആഗമനത്തെപ്പറ്റി 1994 നവംബർ ലക്കം അസ്സിസിയിൽ എഴുതിയിരുന്നു. അതെല്ലാം ആവർത്തിക്കുന്നതിനു പകരം, ഓർമ്മ പുതുക്കുന്നതിനുള്ള ഒരു ചെറിയ കുറിപ്പു മതിയാകുമല്ലോ.


എന്താണ് ദ്വിതീയാഗമനം?


ലോകാവസാനത്തിൽ സംഭവിക്കാനിരിക്കുന്ന മനുഷ്യപുത്രൻ്റെ ആഗമനത്തെപ്പറ്റി മൂന്നു സമാന്തര സുവിശേഷകന്മാരും എഴുതിയിട്ടുണ്ട് (മത്താ. 24, 19-36, മർക്കോ 13, 24-31, ലൂക്കാ 21, 25-33). ഈ ആഗമനത്തിനു മുന്നോടിയായി സംഭവിക്കുമെന്നു വിശുദ്ധ പുസ്തകം സൂചിപ്പിക്കുന്ന സൂര്യചന്ദ്രന്മാരുടെ തമസ്ക്കരണവും നക്ഷത്രങ്ങളുടെ പതനവും ആകാശ ശക്തികളുടെ ഇളക്കവും മറ്റും യേശുവിനു തൊട്ടുമുമ്പും പിമ്പുമുള്ള നൂറ്റാണ്ടുകളിൽ പ്രബലമായിരുന്ന 'വെളിപാടു ചിന്ത' യിൽ (apocalyptic thought) നിന്നു സ്വീകരിച്ചിരിക്കുന്ന ചില പ്രതീകങ്ങളും രൂപകങ്ങളുമാണെന്നും അക്ഷരാർത്ഥത്തിലല്ല അവയെ മനസ്സിലാക്കേണ്ടതെന്നും അന്നെഴുതിയിരുന്നല്ലോ. ഫെബ്രുവരി ലക്കത്തിലും സംഷിപ്തമായി അക്കാര്യം പറഞ്ഞിട്ടുണ്ട്. ദൈവത്തിന്റെ അപ്രതീക്ഷിതവും ശക്തവുമായ ഇടപെടലിനെയാണ് ഈ പ്രതികങ്ങൾ സൂചിപ്പിക്കുക. പഴയ നിയമത്തിൽ ദൈവിക സാന്നിധ്യത്തെയും വെളിപാടിനെയും സൂചിപ്പിക്കുന്ന ഒരു പ്രതികമാണ് വാനമേഘങ്ങൾ. വാനമേഘങ്ങളിൽ മനുഷ്യപുത്രൻ എഴുന്നള്ളി വരുമെന്നു പറഞ്ഞിരിക്കുന്നതും അക്ഷരാർത്ഥത്തിലല്ല മനസ്സിലാക്കേണ്ടത്. കർത്താവിൻ്റെ ദ്വിതിയാഗമനം അവിടത്തെ രക്ഷാകരവേലയുടെ പൂർത്തീകരണവും വെളിപ്പെടുത്തലുമാണ്. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ദൈവം അവിടത്തെ രക്ഷാകര പദ്ധതി പൂർത്തിയാക്കിക്കൊണ്ട് സർവലോകത്തിനും പുത്രന്റെ മഹത്വം വെളിപ്പെടുത്തുകയും പുത്രൻ തൻ്റെ രക്ഷാകരവേലയിലൂടെ പുതുസൃഷ്ടിയായി രൂപാന്തരപ്പെട്ട പ്രപഞ്ചത്തെയും ചരിത്രത്തെയുമെല്ലാം പിതാവിനു സമർപ്പിക്കയും അങ്ങനെ മാനവരക്ഷ പരിസമാപ്തിയിലെത്തുകയും ചെയ്യുന്ന രക്ഷാകരസംഭവമത്രേ ദ്വിതീയാഗമനം.


മനുഷ്യപുത്രൻ്റെ അടയാളം


“അപ്പോൾ ആകാശത്തിൽ മനുഷ്യപുത്രൻ്റെ അടയാളം പ്രത്യക്ഷപ്പെടും എന്നു മത്തായിയുടെ സുവിശേഷത്തിൽ നാം വായിക്കുന്നുണ്ട് (മത്താ.24:30). മർക്കോസും ലൂക്കായും ഈ അടയാളത്തെപ്പറ്റി പറയുന്നേയില്ല. 'മനുഷ്യപുത്രൻ്റെ അടയാളം' എന്നാണ്, കുരിശെന്നല്ല മത്തായി പറഞ്ഞിരിക്കുന്നത് പിൻക്കാലത്ത് ചില സഭാപിതാക്കന്മാരാണ് മനുഷ്യപുത്രൻ്റെ അടയാളത്തെ കുരിശെന്നു വ്യാഖ്യാനിച്ചത്. രാജക്കന്മാരും പടനായകന്മാരും നടത്തിയിരുന്ന വിജയഘോഷയാത്രകളിൽ തങ്ങളുടെ പതാകകൾ വഹിക്കുകയും കാഹളം മുഴക്കുകയും ചെയ്യുക പതിവായിരുന്നു. വിജയശ്രീലാളിതനും വിധികർത്താവുമായി വരുന്ന മനുഷ്യപുത്രനും ഇതേ രീതിയിൽ പതാകകളുടെയും കാഹളധ്വനിയുടെയും അകമ്പടിയോടുകൂടി വരുന്നതായുള്ള സുവിശേഷകൻ്റെ സങ്കല്പമാണ് "അപ്പോൾ ആകാശത്തിൽ മനുഷ്യപുത്രൻ്റെ അടയാളം പ്രത്യക്ഷപെടും " എന്ന വാക്യം അതും ഒരു പ്രതീകമായിട്ടാണ്, അക്ഷരർത്ഥത്തിലല്ല മനസ്സിലാക്കേണ്ടത്.



ദ്വിതീയാഗമനവും കിഴക്കോട്ടുതിരിയലും


മിശിഹാ കുരിശിൻ്റെ അകമ്പടിയോടു കൂടി കിഴക്കു ഭാഗത്തുനിന്നു പ്രത്യക്ഷപ്പെടുമെന്നും അതിനാൽ പ്രാർത്ഥനയ്ക്കായും ദിവ്യബലിക്കായും ദേവാലയത്തിൽ നില്ക്കുന്ന വൈദികനും ജനങ്ങളും കിഴക്കോട്ടു തിരിഞ്ഞുതന്നെ നിൽക്കേണ്ടതാണെന്നും ശഠിക്കുന്നതു പല തെറ്റിദ്ധാരണകൾ കൊണ്ടാണ്. ലോകാവസാനത്തെയും ദ്വിതീയാഗമനത്തെയും പറ്റിയും ബൈബിളിൽ പറഞ്ഞിരിക്കുന്നതെല്ലാം അക്ഷരാർത്ഥത്തിൽ മനസ്സിലാക്കുന്നതാണ് ഒന്നാമ ത്തെ തെറ്റിദ്ധാരണ. പണ്ടൊക്കെയുള്ള ചില ബൈബിൾ വ്യാഖ്യാതാക്കൾ അങ്ങനെ മനസ്സിലാക്കിയിരുന്നു. എന്നാൽ, ഇന്നു ബൈബിൾ വിജ്ഞാനീയം ഇത്രയും പുരോഗമിച്ചിട്ടും ചിലർ ഇങ്ങനെയുള്ള കാലഹരണപ്പെട്ട വ്യാഖ്യാനങ്ങൾ പഠിപ്പിക്കയും പ്രചരിപ്പിക്കയും ചെയ്യുന്നതു നിർഭാഗ്യകരം തന്നെ.


ദ്വിതീയാഗമനം കിഴക്കു നിന്നായിരിക്കുമെന്നതിനു ചിലർ ചൂണ്ടിക്കാണിക്കുന്ന ബൈബിൾ വാക്യം മത്താ. 24, 27 ആണ്. അതിപ്രകാരമാണ് : "കിഴക്കുനിന്നു പടിഞ്ഞാറോട്ടു പായുന്ന മിന്നൽപ്പിണർ പോലെയായിരിക്കും മനുഷ്യപുത്രൻ്റെ ആഗമനം. ആകാശത്തിൽ തിരശ്ചീനമായി പ്രത്യക്ഷപ്പെടുന്ന മിന്നൽപ്പിണർ ലോകത്തിനു മുഴുവൻ ദൃശ്യമാണെന്ന പൗരാണികരുടെ സങ്കല്പമാണ് ഈ വാക്യത്തിന്റെ ആശയ പശ്ചാത്തലം. മനുഷ്യപുത്രന്റെ ആഗമനം ലോകം മുഴുവനിലുമുള്ള എല്ലാ ജനതകൾക്കും അനു ഭവവേദ്യമാകുന്ന ഒരു സംഭവമായിരിക്കുമെന്നും മിന്നൽപ്പിണർ പോലെ അതു പെട്ടെന്നായിരിക്കുമെന്നും മാത്രമേ ഈ വാക്യത്തിൽ വിവക്ഷയുള്ളൂ. അല്ലാതെ, കിഴക്കു ദിശയ്ക്കു പ്രത്യേക പ്രാധാന്യമൊന്നും അതുകൊടുക്കുന്നില്ല. 'കിഴക്കുനിന്നു പടിഞ്ഞാറോട്ടു പായുന്ന മിന്നൽപ്പിണർ പോലെയായിരിക്കും മനുഷ്യപുത്രൻ്റെ ആഗമനം' എന്നു പറഞ്ഞിരിക്കുന്നതുകൊണ്ട്, മനുഷ്യപുത്രൻ ദ്വിതീയാഗമനത്തില്‍ കിഴക്കു നിന്നു പടിഞ്ഞാറോട്ട് പായണം എന്നു പറയുന്നതു ശരിയായിരിക്കയില്ലല്ലോ. ലൂക്കായുടെ സമാന്തര വാക്യമായ 17, 24 ല്‍ കിഴക്കനെപ്പറ്റിയുള്ള പരാമര്‍ശമേ ഇല്ല:

ആകാശത്തിന്റെ ഒരറ്റത്തു നിന്നു മറ്റേ അറ്റത്തേയ്ക്കു പായുന്ന മിന്നൽപ്പിണർ പ്രകാശിക്കുന്നതു പോലെയായിരിക്കും തൻ്റെ ദിവസത്തിൽ മനുഷ്യപുത്രനും" (ലൂക്ക 17:24).


മിന്നൽപ്പിണറിൻ്റെ സാർവത്രികമായ ദൃശ്യതയ്ക്കും ആകസ്മികതയ് ക്കും മാത്രമാണ് ലൂക്കായുടെ താരതമ്യത്തിലും പ്രസക്തിയുള്ളത്. മത്തായിയു ടെ സുവിശേഷത്തിലും അതിൽ കൂടതലൊന്നും വിവക്ഷിക്കപ്പെടുന്നില്ല. താരതമ്യങ്ങളെയും പ്രതീകങ്ങളെയും കേവലസ്യം ങ്ങളായി പരിഗണിക്കുന്നതു ശരിയല്ലല്ലോ. ഇങ്ങനെയൊക്കെ എഴുതുന്നവരും


ഇതു വിശ്വസിക്കുന്നുണ്ടെന്നു തോന്നുന്നില്ല. വിശ്വസിക്കുന്നുണ്ടെങ്കില്‍ പ്രാര്‍ത്ഥനയുടെയും ദിവ്യബലിയുടെയും സമയത്തു മാത്രമല്ല, ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ജോലിസമയത്തും യാത്രയിലും എന്നു വേണ്ടാ, സദാസമയവും കിഴക്കോട്ടു നോക്കിത്തന്നെ നിലകൊള്ളുമായിരുന്നല്ലോ. കാരണം ഏതുനിമിഷവും സംഭവിക്കാവു ന്നതാണല്ലോ ദ്വിതീയാഗമനം.


പ്രാർത്ഥനയ്ക്കും ദിവ്യബലിക്കും പൗരസ്ത‌്യ സുറിയാനി സഭയും മറ്റു പല പൗരസ്‌ത്യസഭകളും ഇന്നു കിഴക്കോട്ടു തിരിയാറുണ്ടെന്നതു വാസ്തവമാണ് നമ്മുടെ സഭയിലും ഈ സമ്പ്രദായം നടപ്പാക്കാനുള്ള ശ്രമത്തിനു പിൻബലമേകാൻ ചിലർ കണ്ടുപിടിച്ച ഒരു ബിബ്ലിക്കൽ അടിസ്ഥാനം മാത്രമാണ് മേലുദ്ധരിച്ച ബൈബിൾ വാക്യം. എന്നാൽ ബൈബിൾ വിജ്ഞാനിയത്തെ തികച്ചും അവഗണിച്ചുകൊണ്ടാണ് ഈ വാക്യം ഉദ്ധരിക്കുന്നതെന്നു പറയേണ്ടിയിരിക്കുന്നു.


കിഴക്കോട്ടു തിരിയലും സൂര്യാരാധനയും


പ്രാർത്ഥനയ്ക്കായി സൂര്യോദയത്തിന്റെ ദിശയായ കിഴക്കോട്ടു തിരിയുന്നത് ഇൻഡ്യയിലും ഈജിപ്തിലും ബാബിലോണിയായിലും ത്രാക്കിയായിലും ഗ്രീസിലും മധ്യഅമേരിക്കൻ രാജ്യങ്ങളിലും റോമൻ സാമ്രാജ്യത്തിലുമെല്ലാം ജീവിച്ചി രുന്ന പൗരാണിക വിജാതീയ മതസ്ഥരുടെയിടയിൽ പതിവായിരുന്നു. ഈ ഭൂപ്രദേശങ്ങളിലെല്ലാം പ്രാബല്യത്തിലിരുന്ന സൂര്യാരാധനയുമായി ബന്‌ധപ്പെട്ടതാണ് ഈ പതിവ്. ഇന്നും സൂര്യനെ ദേവനായി കരുതി വണങ്ങുന്നവർ പലടത്തുമുണ്ടല്ലോ. ജീവ ജാലങ്ങൾക്കെല്ലാം ആവശ്യമായ ചൂടും പ്രകാശവും ഊർജ്ജവും തരുന്ന സൂര്യനെ പൗരാണികജനതകൾ ഒരു ദേവനായി കാണുകയും ആരാധിക്കയും ചെയ്തതിൽ അത്ഭുതപ്പെടാനില്ല. ഏക ദൈവവിശ്വാസികളായിരുന്ന ഇസ്രായേൽക്കാർക്കിടയിൽ പോലും സൂര്യാരാധന കടന്നുവന്നു. ഹെസക്കിയായുടെ പുത്രനായ മനാസ്റ്റേ രാജാവ് ദേവാലയാങ്കണത്തിൽ ആകാശ ഗോളങ്ങൾക്കു ബലിപീഠങ്ങൾ നിർമ്മിക്കയും അശ്വരൂപങ്ങളും സൂര്യരഥങ്ങളുമുണ്ടാക്കി സൂര്യനു പ്രതിഷ്ഠിക്കയും ചെയ്തു. ജോസിയാ രാജാവ് പിന്നീട് അതെല്ലാം നീക്കം ചെയ്തെങ്കിലും സൂര്യവണക്കം ഇസ്രായേൽക്കാർക്കിടയിൽ നിന്നു പൂർണ്ണമായി അപ്രത്യക്ഷമാക്കുവാൻ അദ്ദേഹത്തിനായില്ല.(2 രാജാ. 21: 3-5, 23: 5,11-14)


ക്രിസ്‌തുമതത്തിലും ഈ സൂര്യ വണക്കത്തിൻ്റെ പ്രതിഫലനങ്ങൾ കാണുവാന്‍ കഴിയും. (Cfr. Frang Doelger, Sol Salutis, Muenster 1920). സൂര്യനെ ക്രിസ്‌തുവിൻ്റെ പ്രതീകമായി സങ്കല്‌പിച്ചു കൊണ്ടുള്ള ഒരു രൂപാന്തരം ക്രിസ്‌തുമതത്തിൽ ഈ വണക്കത്തിനു വന്നുചേർന്നുവെങ്കിലും ഇതിനെ പ്രചോദനവും ഉറവിടവും ക്രൈസ്തവവിശ്വാസമല്ല. പ്രത്യുത വിജാതീയമതങ്ങളിലെ സൂര്യാരാധനയാണെന്ന വസ്തുത നാം മറന്നുകളയരുത് . "ഈ ക്രൈസ്തവ സൂര്യവണക്കത്തിൻ്റെ അനുഷ്ഠാനപരമായ പ്രകടനമത്രേ ആരാധനക്രമത്തിൽ കിഴക്കോട്ടു തിരിയുന്നതും ക്രൈസ്തവ ദേവാലയങ്ങളിൽ മദ്ബഹാ കിഴക്കുവശത്തു സ്ഥ‌ാപിക്കുന്നതും." (Friedrich Heiler, Erscheinungsformen und Wesen der Religion, Stuttgart-Berlin Kocin-Mains 1979 (2) [Kohlhammer] Page 54. Tr. C.I. Chr. also p. 145-147). ക്രൈസ്തവ ആരാധനക്രമത്തെ ഈ സൂര്യവണക്കം വിശേഷവിധമായി സ്വാധീനിക്കയുണ്ടായി. രൂപം പ്രാപിച്ചുകൊണ്ടിരുന്ന ആരാധനക്രമത്തെ പ്രകാശത്തിന്റെ പ്രതീകാത്മക ‌ ഇത്ര ശക്തിയായി സ്വാധീനിച്ചതിനു കാരണം, മുന്നൂറു കൊല്ലത്തിലധികം മിത്രാ മതത്തിന്റെ സൂര്യാരാധനയുമായി റോമൻ സാമ്രാജ്യത്തിൽ ക്രിസ്തു‌മതം ഇടപഴകിയതത്രേ."( Ildefons Herwehen, Der heilige Benedikt, Duesseldorf 1909 (2) 91-to C.I). അതിനാൽ, കിഴക്കിന്റെ പ്രതീകാത്‌മകതയെ ക്രൈസ്തവിശ്വാസത്തിൻ്റെ മാറ്റമില്ലാത്ത പരമസത്യമായി പരിഗണിക്കുന്നത് ഒരിക്കലും ശരിയല്ല. സൂര്യാരാധനയുടെ അവശിഷ്ടമാണ് ആത്യന്തികമായി ഈ കിഴക്കോട്ടു തിരിയൽ എന്ന വസ്തുത നാം വിസ്മ‌രിച്ചുകൂടാ.


ആപേക്ഷികമായ ആചാരം


ചില ജനതകളും മതാനുയായികളും പ്രാർത്ഥിക്കാനായി തിരിയുന്നതു കിഴക്കോട്ടല്ല. പിന്നെയോ തങ്ങളുടെ മുഖ്യമായ ആരാധനാലയങ്ങളുടെ നേർക്കാണ്. ഉദാഹരണമായി, പൗരാണിക റോമാക്കാർ പ്രാർത്ഥിച്ചിരുന്നത് കാപ്പിറ്റോളിലെ ജൂപിറ്ററിൻ്റെ ആരാധനാലയത്തിലേക്കു തിരിഞ്ഞും യഹൂദർ പ്രാർത്ഥിച്ചിരുന്നത് ജറുസലേം ദേവാലയത്തിൻ്റെ നേർക്കുതിരിഞ്ഞും മുസ്ലിങ്ങൾ പ്രാർത്ഥിച്ചിരുന്നത് ആദ്യം ജറുസലേമിൻ്റെ നേർക്കുതിരിഞ്ഞും പിന്നീട് മെക്കായിലെ മോസ്ക്കിൻ്റെ നേർക്കുതിരിഞ്ഞുമാണ്. പ്രാർത്ഥനയ്ക്കു കിഴക്കോട്ടു തിരിയുന്ന സമ്പ്രദായത്തെ ഈ വസ്തുതകളെല്ലാം ആപേക്ഷികമാക്കുന്നു.


പല ആദിമ ക്രൈസ്തവ സഭകളും കിഴക്കോട്ടു തിരിഞ്ഞുനിന്നു പ്രാർത്ഥിക്കുന്നതിനു കാരണമായി പറഞ്ഞിരുന്നത്. സൂര്യൻ്റെ പ്രതീകാത്മകതയല്ല, വേറെ ചില കാര്യങ്ങളും പറുദീസാ കിഴക്കായിരുന്നുവെന്നതും ജറുസലേം പട്ടണത്തിനു കിഴക്കു സ്ഥിതി ചെയ്യുന്ന ഗത്സേമനി തോട്ടത്തിൽ നിന്നാണ് യേശു സ്വ‍‌‌ർഗ്ഗാരോഹണം ചെയ്തതെന്നതും അവിടെത്തന്നെയാണ് ദ്വിതീയാഗമനത്തിൽ അവിടന്നു പ്രത്യക്ഷപ്പെടാൻ പോകുന്നതെന്നതുമൊക്കയാണ് അവർ പറഞ്ഞിരുന്ന കാരണങ്ങൾ ഇവയെല്ലാം ബൈബിൾ വിജ്ഞാനിയത്തിൻ്റെ വെളിച്ചത്തിൽ അടിസ്ഥാനമില്ലാത്ത സങ്കല്പങ്ങളാണല്ലോ.


ബേത്ലഹേമിൽ യേശു ജനിച്ച സ്ഥലത്തു പണികഴിപ്പിച്ചിരിക്കുന്ന പള്ളിയുടെ ബദ്ഹാ കിഴക്കുഭാഗത്തും ജറുസലേമിൽ യേശുവിനെ ക്രൂശിച്ച സ്ഥലത്തെ പള്ളിയുടെ വാതിൽ കിഴക്കുഭാഗമാണ്. ഈ ദേവാലയത്തിൽ ജനാഭിമുഖമായി നിന്നാണ് പുരോഹിതൻ ബലിയർപ്പിച്ചിരുന്നത്. സ്‌ഥലത്തിൻ്റെ കിടപ്പും ആളുകളുടെ സൗകര്യവും നോക്കിയാണ് ഈ ദേവാലയങ്ങളിലെ മദ്ബഹായുടെ സ്ഥാനം നിശ്ചയിച്ചതെന്ന് വ്യക്തമാണല്ലോ


കിഴക്കോട്ടു തിരിയലും ജനാഭിമുഖവും


ക്രിസ്തുനാഥനും അപ്പസ്തോലന്മാരും കുർബാനയർപ്പിച്ചത് കിഴക്കോട്ടു തിരിഞ്ഞായിരുന്നില്ല, പിന്നെയോ ജനാഭിമുഖമായിട്ടായിരുന്നു. അതിനാൽ അപ്പസ്തോലിക പാരമ്പര്യമനുസരിച്ച് ബലിയർപ്പണരിതി ജനാഭിമുഖമാണ്. ആദിമക്രൈസ്തവർ കുർബാനയാചരിച്ചിരുന്നത് ഭവനങ്ങളിൽ ജനാഭിമുഖമായിട്ടത്രേ. ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളിൽ ഇതു വളരെ വ്യക്തമാണ്. നാലാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച റോമൻ ബസിലിക്കാകളിലെ ബലിയർപ്പണം ജനാഭിമുഖമായിട്ടായിരുന്നു. നാലും അഞ്ചും നൂറ്റാണ്ടുകളിൽ സിറിയായിൽ പണികഴിപ്പിച്ച നിരവധി ദേവാലയങ്ങളിലും ജനാഭിമുഖമായി ബലിയർപ്പണം നടന്നിരുന്നുവെന്നതിന് പുരാവസ്തുഗവേഷണം ധാരാളം തെളിവുകൾ നല്കുന്നു. കിഴക്കോട്ടു തിരിഞ്ഞുള്ള ദേവാലയങ്ങൾ നിർമ്മിക്കാൻ തുടങ്ങിയ ശേഷമാണ് ജനങ്ങൾക്കു പുറം തിരിഞ്ഞു നിന്നു കൊണ്ടുള്ള കുർബാനയാചരണം ആരംഭി ച്ചത് രണ്ടു രീതികളും അനുവദനീയമായിട്ടാണ് നാലും അഞ്ചും നൂറ്റാണ്ടുകളിൽ പരി ഗണിക്കപ്പെട്ടിരുന്നത് (Otto Nussbaum, Der Standorf des Liturgen am christlichen Altar vor dem Jahre 1000. Eine archaeologische und liturgiegeschichtliche Untersuching. I: Text. II: Ab-bildungen und Tafeln. Theophaneia. Beitraege zur Religions - und Kirchengeschichte des Altertums, 18/1-2. Bonn 1965, 24-61). ആറാം നൂറ്റാണ്ടിൽ സിറിയായിൽ നി‍‍ർമ്മിച്ച റിഹാപത്തേനായിൽ ചിത്രീകരിച്ചിരിക്കുന്നത് ക്രിസതുനാഥൻ അൾത്താരയ്ക്കു പിറകിൽ ജനാഭിമുഖമായി നിന്നു ബലിയർപ്പിക്കുന്നതായിട്ടാണ് New Catholic Encyclopaedia IV, New York 1967, പേജ് 45 ഈ പത്തേനായുടെ ഫോട്ടോയിൽ കാണുക.


രക്ത‌സാക്ഷികളുടെ കല്ലറകളിൽ കുർബാനയർപ്പിക്കുന്ന പതിവു പാശ്ചാത്യസഭയിലും പൗരസ്ത്യസഭയിലുമുണ്ടായിരുന്നു. ഈ കുർബാനയർപ്പണം എപ്പോഴും ജനാഭിമുഖമായിട്ടായിരുന്നു. വിശുദ്ധ നാടുകളിൽ അഞ്ചും ആറും നൂറ്റാണ്ടുകളിൽ ബലിയർപ്പണം നടന്നിരുന്നത് ജനാഭിമുഖമായിട്ടാണ്. ഈജിപ്തിലും നൂബിയായിലും 10-ാം നൂറ്റാണ്ടുവരെ ജനാഭിമുഖമായിട്ടാണ് ക്രൈസ്തവർ ബലിയർപ്പിച്ചിരുന്നത് (O. Nussbaum, Op. cit. 115-117). ഏഷ്യാമൈനറിൽ നടത്തിയ പുരാവസ്തു‌ ഗവേഷണത്തിലൂടെ അവിടത്തെ പള്ളികളെപ്പറ്റി അധികമൊന്നും നമുക്കറിയാൻ കഴിഞ്ഞിട്ടില്ല. മുസ്ലിം ആക്രമണത്തിൽ പല പള്ളികളും നശിപ്പിക്കപ്പെട്ടതാണു കാരണം. എങ്കിലും, തിരദേശദേവാലയങ്ങളിൽ ജനാഭിമുഖമായിട്ടു തന്നെയാണ് ആരാധനക്രമങ്ങൾ അനുഷ്ഠിക്കപ്പെട്ടിരുന്നത് എന്നതിനു തെളിവുകളുണ്ട് (O, Nussbaum, Op. cit. 133), ഗ്രീസിൽ അഞ്ചും ആറും നൂറ്റാണ്ടുകളിൽ നൂറ്റാണ്ടുകളിൽ രണ്ടു രീതികളും നാം കാണുന്നുണ്ട്. മുഖ്യപുരോഹിതനാണ് എങ്ങോട്ടു തിരിഞ്ഞു നില്ക്കണമെന്നതു തീരുമാനിച്ചിരുന്നത് (O. Nussbaum, Op. cit. 170). ഉത്തരാഫ്രിക്കയിൽ (ലിബിയ, മൊറോക്കോ, അൾജീറിയാ) നാലാം നൂറ്റാണ്ടിനു മുമ്പ് കുർബാന ജനാഭിമുഖമായിരുന്നു. നാലാം നൂറ്റാണ്ടു കഴിഞ്ഞും പലയിടത്തും അൾത്താര ദേവാലയ മധ്യത്തിലായിരുന്നതിനാൽ, ഭാഗികമായി കുർബാന ജനാഭിമുഖമായിരുന്നു.


ബസിലിക്കാകളിലാകട്ടെ, പൂർണ്ണമായും ജനാഭിമുഖ ബലിയായിരുന്നു (0. Nussbaum, Op. cit. 211-216). ഇറ്റലിയിൽ എട്ടാം നൂറ്റാണ്ടുവരെ കുർബാന ജനാഭിമുഖമായിരുന്നു. 8-ാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിലാണു ജനങ്ങൾക്കു പുറം തിരിഞ്ഞു നിന്നു കൊണ്ടുള്ള കുർബാന ആരംഭിച്ചത്. സാവധാനമാണ് ഈ സമ്പ്രദായം ഇറ്റലിയിൽ വ്യാപകമായത് (Ο. Nussbaum, Op. cit. 284-287). 11-ാം നൂറ്റാണ്ടിനുമുമ്പ് ഓസ്ട്രിയായിലും ഡാൽമേഷ്യായിലും (യൂഗോസ്ലാവിയാ) ജർമ്മനിയിലും ഫ്രാൻസിലും സ്വിറ്റ്സർലൻഡിലും ഇംഗ്ലണ്ടിലും ഐർലണ്ടിലുമെല്ലാം കുർബാനയർപ്പണം ജനാഭിമുഖമായിരുന്നു(O. Nussbaum, Op. cit. 304 358-360; 381-37). അങ്ങനെ ആദ്യത്തെ സഹസ്രാബ്ദത്തിൽ, പൊതുവേ പറഞ്ഞാൽ, കുർബാനയാചരിച്ചിരുന്നത് ജനാഭിമുഖമായിട്ടാണ്. എന്നാൽ ജനങ്ങൾക്കു പുറം തിരിഞ്ഞും അൾത്താരയ്ക്ക് അഭിമുഖമായും നില്ക്കുന്ന രീതി പൗരസ്ത്യസഭയിലും പാശ്ചാത്യസഭയിലും ചിലയിടത്തെല്ലാം പ്രചാരത്തിൽ വന്നിരുന്നു.



പുറം തിരിയാനുള്ള മുഖ്യകാരണങ്ങൾ


ജനാഭിമുഖമായി ആചരിച്ചിരുന്ന കുർബാന ജനങ്ങൾക്കു പുറംതിരിഞ്ഞ് അൾത്താരാഭിമുഖമായി ആചരിക്കുന്ന രീതി പ്രചാരത്തിൽ വന്നതിനു മുഖ്യമായി മൂന്നു കാരണങ്ങളാണ് പണ്ഡിതന്മാർ ചൂണ്ടിക്കാണിക്കുന്നത്.


ഒന്നാമത്തെ കാരണം, ക്രിസ്തുനാഥനെ ബൈസൻ്റൈൻ ചക്രവർത്തിയെപ്പോലെ സങ്കല്പിക്കുകയും ചിത്രീകരിക്കുകയും ചെയ്യുന്ന പ്രവണത പ്രബലപ്പെട്ടതാണ്. സ്വർഗ്ഗം ചക്രവർത്തിയുടെ കൊട്ടാരസദസ്സായി പരിഗണിക്കപ്പെട്ടു. കൊട്ടാരസദസ്സിൽ ചക്രവർത്തിക്കു നല്കേണ്ട ആദരവും ഉപചാരമര്യാദകളും (ceremonial) കുർബാനയാചരണത്തിലും കടന്നുകൂടി. കുർബാനയാചരണത്തിലെ കുമ്പിടിലും മുട്ടുകുത്തും ധൂപിക്കലുമെല്ലാം അങ്ങനെ ഉത്ഭവിച്ചതാണ്. സാധാരണജനത്തിൽ നിന്നു ചക്രവർത്തിയെ വേർതിരിക്കുന്ന പ്രഭാവവും പ്രൗഢിയും സൂചിപ്പിക്കയും പ്രത്യേകസമയങ്ങളിൽ മാത്രം അനാച്ഛാദനം ചെയ്യുകയും ചെയ്യുന്ന വിരി മദ്ബഹായുടെ കവാടത്തിലും നിലവിൽ വന്നു. അതോടൊപ്പം ജനാഭിമുഖമായിരുന്ന കുർബാനയാചരണം ജനങ്ങൾക്കു പുറം തിരിഞ്ഞായി


രണ്ടാമത്തെ കാരണം, ആരാധനക്രമം തന്നെ പുരോഹിതവല്ക്കരിക്കപ്പെട്ടതാണ്. ദൈവജനത്തിൻ്റെ ആചരണവും ആഘോഷവുമായിരുന്ന " കുർബാന കോൺസ്‌റ്റൻ്റൈൻ ചക്രവർത്തിയുടെ കാലശേഷം ക്രമേണ പുരോഹിതരുടെ ആചരണമായിത്തീർന്നു. ദൈവജനം വെറും കാഴ്ചക്കാരും കേൾവിക്കാരുമായി മാറി. ദേവാലയ സംവിധാനം തന്നെ ദൈവജനത്തിനിടയിലെ പദവി വ്യത്യാസങ്ങൾ സൂചിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും സഹായകമായ രീതിയിലായിരുന്നു. ഈ പുരോഹിതവത്ക്കരണ പ്രക്രിയ ജനാഭിമുഖ ബലിയർപ്പണം ജനവിരുദ്ധാഭിമുഖമാക്കി തീർക്കുന്നതിൽ കാര്യമായ പങ്കുവഹിക്കയുണ്ടായി.


മൂന്നാമത്തെ കാരണം, വിശുദ്ധ കുർബാനയാചര ണം വിരുന്നിൻ്റെ പ്രതീകത്തിലാണ് യേശു നാഥൻ സ്ഥാപിച്ചതെന്ന വസ്തുത വിസ് മൃതിയിലാണ്ടതും അനുഷ്ഠാനപരമായ ഒരു ബലി (a cultic sacrifice) ആയി അതു തെറ്റിദ്ധരിക്കപ്പെട്ടതുമാണ്. ഇതേപ്പറ്റി ഈ പംക്തിയിൽത്തന്നെ മുമ്പു പല പ്രാവശ്യം എഴുതിയിരുന്നതിനാൽ കൂടുതൽ വിശദീകരിക്കേണ്ടതില്ലല്ലോ.


ദേവാലയഘടനയും കുർബാനയുടെ അന്യാപദേശവ്യാഖ്യാനവും


ദേവാലയഘടനയുടെ ദൈവശാസ്ത്ര വിശദീകരണമായി, പടിഞ്ഞാറ് അന്ധകാര ശക്തികളുടെ നാടാണെന്നും മിശിഹായുടെ തൊഴുത്തിൻ്റെ പ്രതീകമായ ദേവാലയത്തിന് കിഴക്കോട്ടു നടന്നു പ്രവേശിക്കാവുന്ന ഒരു വാതിലും ഈ വാതിലിലൂടെ മദ്ബഹായിലേക്കു പോകുന്ന ഒരു വഴി യും മാത്രമേ പാടുള്ളുവെന്നുമെല്ലാം ചിലർ എഴുതുന്നത്, പൗരസ്ത്യസുറിയാനി സഭയിലും മറ്റും അഞ്ചാം നൂറ്റാണ്ടിനു ശേഷം രൂപംകൊണ്ട വി. കുർബാനയു ടെ അന്യാപദേശവ്യാഖ്യാനത്തിൻ്റെ ചുവടു പിടിച്ചാണ്. ദേവാലയവും ദേവാലയകവാടവും ദേവാലയത്തിനുള്ളിലെ ഓരോ ഭാഗവും ഉപകരണവും കുർബാനയിൽ കാർമ്മികനായ വൈദികനും സഹായികളും അവരുടെ ഓരോ പ്രവൃത്തിയും സ്വർഗ്ഗീയ രഹസ്യങ്ങളുടെ പ്രതീകമായിട്ടാണ് ഈ വ്യാഖ്യാനത്തിൽ കരുതപ്പെടുക. ഇങ്ങനെയുള്ള പ്രതീകങ്ങളിലൂടെ ആചരിക്കപ്പെടുന്ന ഒരു രഹസ്യാത്മ‌ക നാടകമായിട്ടാണ് വിശുദ്ധ കുർബാനയാചരണം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്.


യേശുവിൻ്റെ പീഡാനുഭവവും മരണവും ഉയിർപ്പുമാണ് ആചരിക്കപ്പെടുന്നതെങ്കിലും ഈ ആചരണത്തെ ക്രിസ്തുവിനു തൊട്ടുമുമ്പും പിമ്പുമുള്ള നൂറ്റാണ്ടുകളിൽ ഹെല്ലനിസ്‌റ്റിക്ക് ഭൂപ്രദേശങ്ങളിൽ വ്യാപകമായിരുന്ന രഹസ്യാത്‌മക മതങ്ങളിലെ (Mystery Religion) രഹസ്യാത്‌മക അനുഷ്‌ഠാനങ്ങളോട് (Mystery Cults) അനുരൂപപ്പെടുത്തിയുള്ള ഒന്നാണ് പല പൗരസ്ത്യസഭകളിലെയും വിശുദ്ധ കുർബാനയാചരണം (F. Heiler. Erscheinungsformen, 228-229). പൗരസ്ത്യസുറിയാനി സഭയുടെ കുർബാനയുടെ കാര്യത്തിൽ ഇതു വിശിഷ്യ വാസ്തവമാണ്. ഇങ്ങനെയുള്ള രഹസ്യാത്മ‌ക അനുഷ്‌ഠാനങ്ങൾ നടത്തുന്നത് എപ്പോഴും പ്രതീകങ്ങളുടെ സഹായത്തോടെയത്രേ. ഒന്നിനു പിറകേ ഒന്നായി പ്രതീകങ്ങളെ അണിനിരത്തിക്കൊണ്ടുള്ള കുർബാനയുടെ ഈ അന്യാപദേശവ്യാഖ്യാനം പൗരസ്ത്യസഭയിൽ മാത്രമല്ല, പാശ്ചാത്യസഭയിലും ഒരിക്കൽ പ്രചാരത്തിലായിരുന്നു. വിശ്വാസികൾക്ക് എഴുതാനും വായിക്കാനും കഴിവില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ യേശുവിൻ്റെ പീഡാനുഭവത്തെയും മരണത്തെയും ഉയിർപ്പിനെയും പറ്റി ചിന്തിക്കാൻ ഈ വ്യാഖ്യാനം സഹായകമായിരുന്നുവെന്നതിൽ സംശയമില്ല.


എന്നാൽ, കാലക്രമത്തിൽ കാലഹരണപ്പെട്ട ഈ വ്യാഖ്യാനത്തെ മറ്റുപല സഭകളുമുപേക്ഷിച്ചു. 838-ൽ ക്വിയേർസിയിൽ കൂടിയ സിനഡ് കുർബാനയുടെ ഈ വ്യാഖ്യാനത്തെ യുക്തിസഹമായ വിധേയത്വത്തിന് അപമാനമെന്നു പറഞ്ഞു തിരസ്ക്‌രിച്ചു. ദൈവശാസ്ത്രപണ്ഡിതനായ വി. ആൽബെർട്ട് ദ ഗ്രേറ്റ് അസംബന്‌ധവും വിദ്യാവിഹീനരുടെ പണിയും (Deliramenta et hominum illiteratorum) എന്നത്രേ ഈ വ്യാഖ്യാനത്തെ വിശേഷിപ്പിക്കുന്നത് (cfr. Albert Mirgeler, Mutations of Western Christianity, London 1964, 26).


സഭ സഭകളുടെ കൂട്ടായ്‌മയാകയാൽ......


ഒന്നാം സഹസ്രാബ്ദത്തിൽ രഹസ്യാത്മക മതാനുഷ്ഠാനങ്ങളുടെ മോഡലിലും അന്യാപദേശ വ്യാഖ്യാനത്തിൻ്റെ സഹായത്തോടെയും വി. കുർബാനയാചരണത്തെ മനസ്സിലാക്കുവാനും അജപാലനപരമായി ഫലദായകമാക്കുവാനും ശ്രമിച്ചവരെ തീർച്ചയായും നമുക്കു കുറ്റപ്പെടുത്താ നാവില്ല. ബൈബിൾ വിജ്‌ഞാനീയത്തിലും ദൈവശാസ്ത്രത്തിലും ആരാധനക്രമ ഗവേഷണപഠനങ്ങളിലും കഴിഞ്ഞ നൂറു കൊല്ലമായി ഉണ്ടായിട്ടുള്ള പുരോഗതിയും ഉരുത്തിരിഞ്ഞിട്ടുള്ള ഉൾക്കാഴ്‌ചകളും അന്നത്തെ ആളുകളിൽ നിന്നു നാം പ്രതീക്ഷിക്കരുതല്ലോ. എന്നാൽ, ഇന്ന് മൂന്നാം സഹസ്രാബ്ദത്തിലേക്കു കാലൂന്നുന്ന നാം കാലഹരണപ്പെട്ട വ്യാഖ്യാനങ്ങളും മോഡലുകളും ഉയർത്തിപ്പിടിച്ച് സഭാപരമായി ഒന്നാം സഹസ്രാബ്ദത്തിൽത്തന്നെ പിടിച്ചു നില്ക്കണമോ, അതോ ഈ പുരോഗതിയും ഉൾക്കാഴ്ചകളുമുൾക്കൊണ്ട് കാലോചിതമായി മുമ്പോട്ടു പോകണമോ എന്നതാണ് മുഖ്യമായ പ്രശ്നം. സഭസഭകളുടെ കൂട്ടായ്മയായതുകൊണ്ട്, ബൈബിൾ വിജ്ഞാനീയത്തിലും ദൈവശാസ്ത്രത്തിലും ആരാധനക്രമത്തിലും എല്ലാ സഭകൾക്കും പരിശുദ്ധാരൂപിയിൽ നിന്നു ലഭിക്കുന്ന വെളിച്ചവും ഉൾക്കാഴ്ചകളും സഭയുടെ പൊതുസ്വത്താണ്. നല്ലതു സ്വീകരിക്കാനും കാലഹരണപ്പെട്ടതു തള്ളിക്കളയാനും നാം മടിക്കേണ്ടതില്ല. അങ്ങനെ കൊള്ളേണ്ടതു കൊണ്ടും തള്ളേണ്ടതു തള്ളിയും സുവിശേഷ മൂല്യങ്ങളെ നമ്മുടെ മണ്ണിൻ്റെ സംസ്കാരത്തിന് അനുയോജ്യമായി അവതരിപ്പിക്കാനും ജീവിക്കാനും പരിശ്രമിക്കുമ്പോഴാണ് നമ്മുടെ സഭ ചൈതന്യം പ്രാപിക്കുന്നതും വളരുന്നതും.



ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി കപ്പൂച്ചിന്‍

0

139

Featured Posts

Recent Posts

bottom of page