top of page

സമര്‍പ്പണത്തിന്‍ സമയമായി

Feb 9, 2022

2 min read

ടജ
Jesus is crucified

ഫെബ്രു. 2 സമര്‍പ്പിതദിനം

പുതുവത്സരത്തിന്‍റെ പ്രതീക്ഷകളും ആരവങ്ങളും കടന്നു ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങളിലേക്കും ആനന്ദങ്ങളിലേക്കും നാം കടക്കുകയാണ്. Well begun is half done എന്നാണല്ലോ ചൊല്ല്. പ്രത്യാശകളും നന്മകളും നാം പരതുമ്പോഴും പുത്തനാണ്ടിന്‍റെ ആദ്യമാസം കടന്നുപോകുന്നതു കാലുഷ്യത്തിന്‍റെ തിരകളെ ചുറ്റുമുയര്‍ത്തിയാണ്. പുതിയ വകഭേദങ്ങളായി കോവിഡ് മഹാമാരി ആരോഗ്യവിചാരങ്ങളെയാകെ കലുഷിതമാക്കുന്ന തോടൊപ്പം നിയന്ത്രണങ്ങളുടെയും അടച്ചിടലിന്‍റെയും ഭീതി സാമ്പത്തിക മേഖലയിലടക്കം പടര്‍ത്തുകയും ചെയ്യുന്നു. നീണ്ട കാത്തിരിപ്പിനുശേഷം ഉണര്‍ന്നു തുടങ്ങിയ കലാലയങ്ങള്‍ അടച്ചുപൂട്ടലിന്‍റെ ആധിയാല്‍ നിറയുന്നതിനു മാത്രമല്ല രക്തക്കറയാല്‍ നനയുന്നതിനും പുത്തനാണ്ടിന്‍റെ ആദ്യ മാസം സാക്ഷിയായി. കെ റെയിലും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും മാധ്യമ വിചാരണകളുമെല്ലാം സാമൂഹിക, സാംസ്കാരിക രംഗങ്ങളില്‍ വിവാദങ്ങളുടെ അലയടികളുയര്‍ത്തുന്നു.

രോഗഗ്രസ്തമായ ലോകത്തെയും ജീവിതത്തെയും ചികിത്സിക്കുന്ന ഒരു ഡോക്ടറായിരുന്നു താനെങ്കില്‍ ഈ പ്രശ്നസങ്കീര്‍ണ്ണതകള്‍ക്കുള്ള പ്രതിവിധി ഒറ്റവരിയിലൊതുക്കുമായിരുന്നു എന്ന അഭിപ്രായമാണ് തത്ത്വചിന്തകനായ സോറന്‍ കീര്‍ക്കഗോറിനുള്ളത്. 'നിശബ്ദത സൃഷ്ടിക്കുക, മനുഷ്യരെ അതിലേക്ക് ആനയിക്കുക' എന്നതാണ് അദ്ദേഹത്തിന്‍റെ കുറിപ്പടിയിലെ ഒറ്റമൂലി. ശാന്തിയുടെ ഇടങ്ങളാകേണ്ട ആത്മീയ, മതരംഗങ്ങള്‍ പോലും സമരാരവങ്ങളാല്‍ മുഖരിതമാകുന്ന കാലത്ത് ശാന്തതയുടെ നിശബ്ദ ഇടങ്ങള്‍ സൃഷ്ടിക്കാനും അവിടെ സ്വയം കണ്ടെത്തുവാനും നമുക്കു കഴിയേണ്ടതുണ്ട്. ഈശോയെ ദൈവാലയത്തില്‍ കാഴ്ചവച്ചതിന്‍റെ സ്മരണ നാം കൊണ്ടാടുമ്പോള്‍ ദൈവസന്നിധിയില്‍ ശാന്തരാകാനും സമര്‍പ്പണത്തിന്‍റെ ആഴവും ആന്തരികതയും തിരിച്ചറിയാനും ഇടമൊരുങ്ങട്ടെ.

'ആബേലേകിയൊരജബലിയും അബ്രാഹത്തിന്നര്‍ച്ചനയും നലമെന്നെണ്ണിയ' ദൈവത്തെ വാഴ്ത്തിക്കൊണ്ട് തിരുസന്നിധിയില്‍ പ്രാര്‍ത്ഥനാപുഷ്പങ്ങളര്‍പ്പിക്കുന്ന വിശ്വാസിയുടെ വാങ്മയചിത്രം സിറോ മലബാര്‍ സഭയുടെ യാമപ്രാര്‍ത്ഥനകളിലുണ്ട്. മേന്മയേറിയതു ദൈവത്തിനര്‍പ്പിച്ച ആബേലും (ഉത്പ. 4, 4) ഏറ്റവും പ്രിയമുള്ളതു ബലിയര്‍പ്പിക്കാന്‍ മടികാട്ടാത്ത അബ്രാഹവും (ഉത്പ. 22, 1-14) വിശ്വാസികള്‍ക്കെന്നും മാതൃകയും പ്രചോദനവും വെല്ലുവിളിയുമാണ്. ആദ്യജാതരും (പുറ. 22, 29) ഊനമറ്റതും (ലേവ്യ. 1, 10) ബലി വസ്തുക്കളായി മാറുന്ന പഴയനിയമ പാരമ്പര്യത്തിനാധാരവും മേന്മയും പ്രിയതയും തന്നെയാണ്. ശുദ്ധീകരിക്കപ്പെടേണ്ടവന്‍റെ കഴിവനുസരിച്ചു കാഴ്ചവസ്തുക്കളെ തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്കുന്ന നിയമങ്ങളാണ് ലേവ്യരുടെ പുസ്തക ത്തിലടക്കമുള്ളത്. ഉള്ളതു മാത്രമല്ല ഉള്ളും ചേര്‍ ത്തുവച്ചുള്ള സമര്‍പ്പണങ്ങളാണ് സ്വീകാര്യമെന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു ഇത്തരം ബലിയര്‍പ്പണങ്ങളുടെ സാരസത്ത. ആന്തരികാര്‍ത്ഥം നഷ്ടമായി ബലിയര്‍പ്പണങ്ങള്‍ കേവലാചാരങ്ങളായി ഭവിച്ചിടത്താണ് പുതിയ നിയമം സ്നേഹത്തിന്‍റെ കല്പനകളാല്‍ ബലിയെയും സമര്‍പ്പണത്തെയും പുനര്‍നിര്‍ വചിക്കുന്നത്.

ഏകജാതനെ ബലിയാക്കാനുള്ള പിതാവിന്‍റെ മാനദണ്ഡം സ്നേഹമാണ് (യോഹ. 3, 16). സ്വന്തം ഇഷ്ടങ്ങളെയും സ്വജീവിതത്തെത്തന്നെയും ബലിയാക്കി പിതാവിന്‍റെ ഹിതം നിറവേറ്റുന്ന (മത്താ. 26, 39) പുത്രന്‍റെ മാനദണ്ഡവും മറ്റൊന്നല്ല. ചെങ്ങാലികളെയോ പ്രാവിന്‍ കുഞ്ഞുങ്ങളെയോ ബലിയര്‍പ്പിക്കണമെന്ന പാരമ്പര്യം നിറവേറ്റുന്ന ക്രിസ്തു (ലൂക്കാ. 2, 22-24) സമര്‍പ്പണത്തിന്‍റെ ആന്തരികതയെ വെളിപ്പെടുത്തുന്നതു പക്ഷേ കുരിശിലാണ്. 'പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്റെ  ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു' (ലൂക്കാ 23:46) എന്ന പ്രാര്‍ത്ഥനയോടെയുള്ള അവന്‍റെ മരണം സകലലോകത്തിനും രക്ഷയേകുന്ന സജീവബലിയാണ്; സമര്‍പ്പണത്തിന്‍റെ ഉദാത്ത മാതൃകയും.

ജീവിതത്തിന്‍റെ നിക്ഷേപപാത്രങ്ങള്‍ തുറക്കേണ്ട ഇടമായി പുല്ക്കൂടിനെ വിശേഷിപ്പി ക്കാറുണ്ട്. ജ്ഞാനികളുടെ സന്ദര്‍ശനവും കാഴ്ചയര്‍പ്പണവുമായി ബന്ധപ്പെട്ട ചിന്തയാണിത്. ക്രൈസ്തവന്‍റെ ജീവിതനിക്ഷേപ പാത്രങ്ങള്‍ തുറക്കപ്പെടേണ്ട ഇടങ്ങള്‍ കര്‍ത്തൃസന്നിധി തന്നെയാണ്. അവിടെ കാഴ്ചവസ്തുക്കളുടെ മൂല്യത്തിലേക്കല്ല, അര്‍പ്പകന്‍റെ ഉള്‍ത്തടങ്ങളിലേക്കാണ് ക്രിസ്തുവിന്‍റെ നോട്ടം. വിധവയുടെ ചെമ്പുതുട്ടുകള്‍ വലിയ വിലയുള്ളതാകുന്നത് ആ നോട്ടത്തി ലാണ്. പാപിനിയായ സ്ത്രീ പാദത്തില്‍ പൂശിയ തൈലത്തേക്കാള്‍ മൂല്യം അവളുടെ കണ്ണീരിനാണെന്ന് അവനറിയുന്നതും പാപങ്ങള്‍ ക്ഷമിക്കുന്നതും ഉള്‍ത്തടത്തിലേക്കു ദൃഷ്ടി പായിച്ചുകൊണ്ടാണ്.

ബലിയര്‍പ്പണത്തിനുള്ള ആടുകളെ വില്ക്കുന്ന കടയില്‍ മുടന്തുമൂലം മാറ്റിനിര്‍ത്തപ്പെട്ട ഒരു കുഞ്ഞാടിനെ കണ്ടെത്തുന്ന ക്രിസ്തുവിനെ അവതരിപ്പിക്കുന്നുണ്ട് പോര്‍ച്ചുഗീസ് നോവലിസ്റ്റ് ഷൂസെ സരമാഗു തന്‍റെ 'യേശുക്രിസ്തുവിന്‍റെ സുവിശേഷം' എന്ന വിഖ്യാത കൃതിയില്‍. മാറ്റിനിര്‍ത്തപ്പെട്ടതിനെ തോളിലേറ്റി ദേവാലയത്തിന്‍റെ എതിര്‍ദിശയിലേക്കു നടന്നു നീങ്ങുന്ന ക്രിസ്തുവിനെയാണു നാമിവിടെ കണ്ടുമുട്ടുക. ആന്തരികത നഷ്ടമായ ആചാരങ്ങളെയും അര്‍പ്പകന്‍റെ ഹൃദയ വിചാരങ്ങളെയും സംബന്ധിച്ച വിചിന്തനമുണരണമിവിടെ. ആചാരാനുഷ്ഠാനങ്ങളുടെ അന്തഃസത്ത തിരിച്ചറിയാതെ പോകുമ്പോള്‍ ആരാധനയും ബലിയര്‍പ്പണവും തര്‍ക്കിക്കാനും തമ്മിലടിക്കാനുമുള്ള വിഷയങ്ങളായി, മാറ്റിനിര്‍ത്താനും മാറി നില്ക്കാനുമുള്ള കാരണങ്ങളായി മാറുന്നു.

ദേവാലയത്തിലെ ക്രിസ്തുവിന്‍റെ സമര്‍പ്പണത്തിന്‍റെ ഓര്‍മ്മ നമ്മുടെ ജീവിതസമര്‍പ്പണങ്ങളെ വിലയിരുത്തുവാനും ഉതകേണ്ടതുണ്ട്. സമര്‍പ്പിത ജീവിതം ഏറെ വിവാദ വിഷയമായിരിക്കുന്ന നവ കാലത്ത് ഓരോ ക്രിസ്തുശിഷ്യരുടെയും ജീവിതം സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്‍റേതാണെന്ന ബോധ്യം നമ്മിലുണ്ടാകണം. ക്രിസ്തുവിന്‍റെ നിലപാടുകള്‍ ജീവിതത്തിലുണ്ടോ എന്ന വിലയിരുത്തലാണ് നമ്മുടെ ജീവിത സമര്‍പ്പണത്തിന്‍റെ മൂല്യമളക്കാനുള്ള ഉപാധി. ദൈവസാദൃശ്യത്തില്‍ നിന്ന് മനുഷ്യത്വത്തോളം താഴ്ന്ന, കുരിശുമരണത്തോളം അനുസരണമുള്ളവനായി കാണപ്പെട്ട ക്രിസ്തുവിന്‍റെ മനോഭാവം നമ്മുടെ ജീവിതമാകണം. ജീവിതാര്‍പ്പണം ക്രിസ്ത്വാനുകരണം വഴിയാണ് സാധ്യവും ശ്രേഷ്ഠവുമാകുന്നത്. അവന്‍ നടന്ന വഴിയേ നടക്കലാണല്ലോ ക്രൈസ്തവ ജീവിത നിയോഗം (1 യോഹ. 2, 6). ദൈവത്തിനു സമര്‍പ്പിക്കാന്‍ കഴിയാത്ത യാതൊന്നും ചെയ്യാതിരിക്കു കയെന്ന ജീവിതനിയമത്തിന്‍റെ സ്വീകരണവും പ്രയോഗവുമാണിവിടെ ആവശ്യം. മാമ്മോദീസായിലാരംഭിച്ച നവജീവിതവും വിശുദ്ധിയും കാത്തുസൂക്ഷിക്കാനും വിലയിരുത്താനും ശ്രമിച്ചു കൊണ്ട് ക്രിസ്തുവിലേക്കു വളരാം. തെറ്റിപ്പോയ വഴികളില്‍ നിന്നു തിരിഞ്ഞു നടക്കാന്‍ മടി കാട്ടാ തിരിക്കാം. വിശുദ്ധരെല്ലാം നന്നായി ആരംഭിച്ച വരല്ലെങ്കിലും നന്നായി അവസാനിപ്പിച്ചവരാണെന്നു പറയാറുണ്ടല്ലോ. ജീവിതത്തിലും പുതിയ വര്‍ഷത്തിലുമൊക്കെ നമ്മളാഗ്രഹിച്ച നല്ല തുടക്കം സാധിച്ചില്ലെങ്കിലും നന്നായി അവസാനിപ്പിക്കാന്‍ ആത്മാര്‍ത്ഥമായ പരിശ്രമങ്ങള്‍ നമ്മിലുണ്ടാകട്ടെ.

Featured Posts

bottom of page