top of page
'ജയ് ഭീം' ചിത്രത്തിന്‍റെ അസ്വാദനക്കുറിപ്പായോ നിരൂപണക്കുറിപ്പായോ അല്ല ഇതിവിടെ കുറിക്കു ന്നത്. മറിച്ച് അത്തരത്തിലൊരു ചിത്രം സൃഷ്ടിക്കപ്പെടുന്ന തരത്തില്‍ രാജ്യത്തിന്‍റെ സാമൂഹികാവസ്ഥ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യത്തെ വിശകലനം ചെയ്യാനുള്ള അവസരമായിട്ടാണ് 'ജയ് ഭീം 'നെ കാണുന്നത്. വര്‍ത്തമാനകാലഘട്ടത്തിലെ ഏറ്റവും അനിവാര്യമായ രാഷ്ട്രീയ മുദ്രാവാക്യം ഒരു ചിത്രമായി അവതരിപ്പിക്കപ്പെടുകയാണ് 'ജയ് ഭീം'ലൂടെ. ഇന്ത്യയുടെ സാമൂഹ്യഘടനയ്ക്കു നേരെ പിടിച്ച വെളിച്ചമാണിത്. മനുഷ്യനെ മനുഷ്യനായി ഇനിയും കാണാന്‍ കഴിയാത്ത തരത്തില്‍ മനസ്സ് ഇരുണ്ടു പോയ മേലാള-അധികാരവര്‍ഗ്ഗത്തിനു നേരെപിടിച്ച മനുഷ്യത്ത്വത്തിന്‍റെ വിളക്ക്.
ജാതിചിന്തയില്‍ മുരടിച്ച മനസ്സും ശരീരവും മനുഷ്യനെ എത്രത്തോളം ഭീകരമാക്കും എന്നതിന്‍റെ നേരടയാളമാണിത്. "ഹിറ്റ്ലര്‍ മനുവിനേക്കാള്‍ എത്ര നല്ലവന്‍" എന്നത് ഒരിക്കല്‍കൂടി തികട്ടി വരുന്നു. പാരമ്പര്യമായി അനുഭവിച്ചുവരുന്ന ഉയര്‍ന്ന സാമൂഹ്യ 'അധമ'ബോധത്തില്‍ അഭിരമിക്കുന്നവരെ ക്കൊണ്ട് സമ്പന്നമാണ് നമ്മുടെ രാജ്യം. 1990-കളില്‍ നടന്ന കഥയ്ക്ക് 2021-ലും മാറ്റങ്ങള്‍ അവകാശപ്പെടാന്‍ കഴിയാതെ വരുന്നതും അതുകൊണ്ടാണ്. മികച്ച സാമൂഹിക സിനിമയെന്നു ചരിത്രം വിലയിരുത്തുന്ന തരത്തില്‍ ചിത്രം ചിരപ്രതിഷ്ഠ നേടട്ടെയെന്നു പ്രത്യാശിക്കുന്നു. ഇന്ത്യന്‍ ജാതിചിന്തയെ വലിച്ചുകീറി ഭിത്തിയിലൊട്ടിച്ചിട്ടും ജാതികോമരങ്ങള്‍ ഉറഞ്ഞുതുള്ളാതിരിക്കുന്നതിന് ഒറ്റ കാരണ മേയുള്ളു, അതു മതത്തിനെതിരെ സംസാരിക്കുന്നില്ല എന്നതുമാത്രം. മതം നിങ്ങള്‍ക്കു മാറാന്‍ കഴിഞ്ഞേക്കും, പക്ഷേ ജാതി, അതു മാറാന്‍ കഴിയാത്ത ഒന്നാണ്. അതു നിങ്ങളുടെ ജനനത്തോടൊപ്പം നിങ്ങള്‍ക്കു ചാര്‍ത്തി കിട്ടുന്നതാണ്. ("ദളിത് ക്രൈസ്തവര്‍ക്ക് സംവരണം"എന്നത് വെറുതെ ഓര്‍ക്കുക).
ജനാധിപത്യം നല്‍കിയ അധികാര അവകാശങ്ങള്‍ മൂലം വന്നുചേര്‍ന്ന പദവികള്‍ എത്ര ഉന്നതമായാലും ജാതിപേര് ചേര്‍ത്ത് ആളെ പറയുമ്പോള്‍ ജാതിഭ്രാന്തന്‍മാര്‍ക്ക് കിട്ടുന്ന ഉന്മാദം ഒന്നു വേറെ തന്നെയാണ്. ഇങ്ങനെയൊരു ഭരണഘടനയും ജനാധിപത്യവും ഈ നാട്ടില്‍ ഇല്ലായിരുന്നെങ്കില്‍ കീഴാളജനതയുടെ ചിത്രം, ചരിത്രത്തില്‍ നിന്നു പോലും മറയ്ക്കപ്പെട്ടുപോയേനെ. അതുകൊണ്ടു തന്നെയാണ് മനുമാദികാര്‍ ഈ ഭരണഘടനയെയും അതു മുന്നോട്ടു വെയ്ക്കുന്ന സമത്വമെന്ന ആശയത്തെ എതിര്‍ക്കുന്നതും അതില്ലാതാക്കുവാന്‍ ജനാധിപത്യത്തിന്‍റെ വിടവുകളെ തന്നെ പ്രയോജനപ്പെടുത്തുന്നതും. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ നിന്നുമാണ് 'ജയ് ഭീം ' ജനിക്കുന്നത് വിലയി രുത്തേണ്ടത്.
ചിത്രത്തിലെ കഥയും കഥാപാത്രങ്ങളെയും നിങ്ങള്‍ക്ക് ഇതിനകം പരിചയം വന്നു കഴിഞ്ഞു. ദേശീയ നേതാക്കന്‍മാരില്‍ ആരൊക്കെ അനുകരിക്കപ്പെടണം എന്നത് കുഞ്ഞുമനസ്സുകളില്‍ തിരുകിക്കയറ്റുന്നത് എത്ര നിഷ്കളങ്കമായാണ് എന്നു ശ്രദ്ധിച്ചിട്ടുണ്ടോ? ചന്ദ്രു സന്നിഹിതനാകുന്ന ഒരു ചടങ്ങില്‍ നെഹ്റുവിനെയും ഗാന്ധിയെയും നേതാജിയെയും ഒക്കെ കുട്ടികള്‍ അനുകരിച്ച് വേദിയില്‍ പ്രത്യക്ഷപ്പെടുന്നു. പക്ഷേ അംബേദ്കര്‍ എന്തേ ഇല്ലാതിരിക്കുന്നത് എന്ന ചന്ദ്രുവിന്‍റെ ചേദ്യം, ക്ഷണനേരത്തില്‍ കടന്നുപോകുന്നതാണെങ്കിലും ഡോ. അംബേദ്കറെ ബോധപൂര്‍വ്വം മായ്ച്ചുകളയാനുള്ള ശ്രമം കുരുന്നിലേ ആരംഭിക്കണമെന്ന മേലാളിന്‍റെ ദീര്‍ഘവീക്ഷണം സമ്മതിച്ചേ പറ്റൂ..
ചിത്രത്തെ രണ്ടു കോണില്‍ നിന്നുവേണം വിലയിരുത്താന്‍. ആദ്യത്തേത് അഡ്വക്കേറ്റ് ചന്ദ്രു എങ്ങനെ രൂപപ്പെട്ടു എന്നതും രണ്ടാമത്തേത് 'ഇരുളര്‍' എന്ന ആദിവാസി ജനതയോടുള്ള പൊതുസമൂഹത്തിന്‍റെ സമീപനവും അത് അങ്ങനെ ആയിത്തീരുന്നതിന് ഇവിടുത്തെ 'ജാതിക്രമ' (അല്ലെങ്കില്‍ മനുമാദം) ത്തിന്‍റെ സ്വാധീനവും.
ചന്ദ്രുവിനെ ആദ്യമായി ചിത്രത്തില്‍ കാണിക്കുന്നത് ഒരു സമരമുഖത്താണ്. തന്‍റെ സഹപ്രവര്‍ത്തകനു പോലീസില്‍ നിന്നു നേരിട്ട ദുരനുഭവത്തിനു നീതി ആവശ്യപ്പെട്ടുകൊണ്ടുള്ള ഉപരോധ സമരത്തിന്‍റെ മുന്‍നിരയില്‍ മുഷ്ടിചുരുട്ടി ആകാശ ത്തേയ്ക്കെറിയുന്ന ചന്ദ്രു, അതിനേക്കാള്‍ നീതി ആവശ്യപ്പെടുന്ന കീഴാളജനത കണ്ണില്‍ വരുന്ന തോടെ അവര്‍ക്കുവേണ്ടി കരുതിവെച്ച ആയുധവും -നിയമം- കയ്യിലെടുത്ത് കോടതിയിലേക്കു കയറുന്നു. ഭരണഘടന അനുവദിച്ചു നല്കിയ നിയമം മാത്രമാണ് കീഴാള ജനതയെ സംരക്ഷിക്കാനുള്ള ഏക ആയുധമെന്നും അത് ഉപയോഗിക്കുകതന്നെ വേണമെന്നും ചന്ദ്രു പറഞ്ഞുവെയ്ക്കുമ്പോള്‍ ഭരണഘടന സംരക്ഷിക്കപ്പെടേണ്ടത് ആരുടെ നില നില്പിനുവേണ്ടിയാണ് എന്നുകൂടി ചിത്രം പറയാതെ പറയുന്നു. ചന്ദ്രുവിന്‍റെ വീട് ഒരുക്കുന്നതില്‍ സംവിധായകന്‍ ജ്ഞാനവേല്‍ കാണിക്കുന്ന മിടുക്ക്, ചന്ദ്രു എങ്ങനെ പരുവപ്പെട്ടു എന്നതിനു ന്യായീകരണങ്ങള്‍ വേണ്ടുവോളം നിരത്തുന്നുണ്ട്. ഭിത്തിയില്‍ തൂങ്ങുന്ന മാര്‍ക്സിന്‍റെ അര്‍ദ്ധകായ പ്രതിമ, പെരിയോര്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഇവ നമ്മോടു പറയുന്നുണ്ട് ഏതുതരം പ്രത്യയ ശാസ്ത്രത്തിന്‍റെ ഉത്പന്നമാണ് ചന്ദ്രു എന്നത്. മനു ഷ്യനെ മനുഷ്യനായി കാണുവാന്‍ പഠിപ്പിക്കുന്ന ഇടത് പ്രത്യയശാസ്ത്രം ഹൃദയത്തില്‍ പേറുന്ന ചന്ദ്രു, അംബേദ്കറെ തേടുന്നതില്‍ അദ്ഭുതമില്ല.
തമിഴ്നാട്ടില്‍ ചെങ്കൊടി പ്രസ്ഥാനങ്ങള്‍ നടത്തുന്ന ജാതിവിരുദ്ധ സമരങ്ങള്‍ വലതുപക്ഷ മാദ്ധ്യമങ്ങള്‍ എത്രകണ്ട് മൂടിവെച്ചാലും തമിഴ് ജനത വളരെ വ്യക്തമായി അതു മനസ്സിലാക്കു ന്നുണ്ട് എന്ന ഒരു തിരിച്ചറിവുകൂടി ചിത്രം മുന്നോട്ടു വെയ്ക്കുന്നുണ്ട്. സമത്വ പ്രതീക്ഷയുടെ പൊന്‍കിരണങ്ങള്‍ ചെങ്കൊടിക്ക് കീഴില്‍ തെളിഞ്ഞു കത്തുന്നത് ചന്ദ്രുവിലൂടെ ചിത്രം അടയാളപ്പെടുത്തുന്നു. ചന്ദ്രു മാത്രമല്ല സെങ്കിണിക്കു (പോലീസ് കസ്റ്റഡിയില്‍ കാണാതാകുന്ന രാജാകണ്ണിന്‍റെ ഭാര്യ) വേണ്ടി മുന്നിലും പിന്നിലും നില്ക്കുന്നവരെല്ലാം തമിഴ്നാട്ടില്‍ ഇടതു പ്രത്യയശാസ്ത്രം നെഞ്ചേറ്റുന്നവരാണ്. ജാതിചേരിതിരിവ് മൂലം മനുഷ്യന്‍ അകറ്റിനിര്‍ത്തപ്പെടുമ്പോള്‍, ചേര്‍ത്തുനിര്‍ത്തുവാന്‍ കമ്മ്യൂണിസ്റ്റുകളല്ലാതെ മറ്റാരുമില്ല എന്ന സാമൂഹിക യാഥാര്‍ത്ഥ്യം ചിത്രം വിളിച്ചു പറയുന്നുണ്ട്. പരസ്യമായിത്തന്നെ ഇടതുപക്ഷ അടയാളങ്ങള്‍ കാണിച്ചുകൊണ്ട് മനുഷ്യപക്ഷത്തിന്‍റെ ചേരിയേതെന്ന് ജ്ഞാനവേല്‍ വിളിച്ചുപറയുന്നു. ചിത്രത്തിന്‍റെ അന്ത്യത്തില്‍ കാലിന്മേല്‍ കാല് കയറ്റി തികഞ്ഞ ശുഭാപ്തിവിശ്വാസത്തോടെ ലെനിന്‍റെ പ്രതിമയ്ക്കു മുന്നില്‍ പത്രം മറിക്കാനൊരുങ്ങുന്ന കുഞ്ഞു 'ഇരുള'ന്‍റെ മുഖത്തുനിന്നും അടിച്ചമര്‍ത്തപ്പെടുന്നവന്‍റെ ഭാവി പ്രതീക്ഷ എവിടെ യാണെന്ന് കാഴ്ചക്കാരനുകൂടി കാണിച്ചു തരുന്നു. ജാതിചിന്തയ്ക്കും വിമോചനത്തിനും അപ്പുറത്തു നിന്നും മനുഷ്യസമത്വം സഫലമാക്കുവാന്‍ ഇടതുചിന്തകള്‍ക്കേ കഴിയു എന്നും പറഞ്ഞുകൊണ്ടാണ് സാമൂഹ്യ രാഷ്ട്രീയ സിനിമ അവസാനിക്കു ന്നത്.
'ഇരുളര്‍' എങ്ങനെ അധമരായി എന്നതുകൂടി പരിശോധിക്കുവാന്‍ ഈ ചിത്രം ആവശ്യപ്പെടു ന്നുണ്ട്. മനുവാദികര്‍ സുന്ദരശ്രേഷ്ഠമെന്ന് വിശേഷി പ്പിക്കുന്ന ജാതി സംഘടനയുടെ തൊഴില്‍ തരം തിരിവ്, പ്രഥമദൃഷ്ട്യാ തന്നെ മേലാളര്‍ക്ക് ഇത്തരം അധമബോധം സമ്മാനിക്കുന്നുണ്ട്. ദൈവം അനുവദിച്ചു നല്‍കിയ തൊഴില്‍ മൂലം തന്നെ ജനതയെ വിഭജിക്കാമെന്നും അതില്‍ത്തന്നെ ശ്രേഷ്ഠമായ തൊഴില്‍ ചെയ്യേണ്ടവര്‍ ആരൊക്കെയെന്നും നീചമായ തൊഴിലെടുക്കേണ്ടവര്‍ ആരൊക്കെയെന്നും സിദ്ധാന്തിക്കപ്പെടുന്ന രാജ്യത്ത്, ദൈവവിശ്വാസി കള്‍ ടി സിദ്ധാന്തം പാലിച്ചുതന്നെയാണ് അവരുടെ ജീവിതം ആരംഭിക്കുന്നത്. തന്‍റെ ജന്മം ദൈവം ഇപ്രകാരം ജീവിച്ച്, ഇപ്രകാരം മേലാളനെ അനുസരിച്ച് അവന്‍ നിശ്ചയിച്ച അല്ലെങ്കില്‍ അനുവദിച്ച സ്വാതന്ത്ര്യം ആസ്വദിച്ച് കഴിയുന്നതിനാണ് തന്നെ ജനിപ്പിച്ചത് എന്ന് ശീലിച്ചുവരുന്നവന് എങ്ങനെയാണ് സമത്വം, മനുഷ്യത്വം തുടങ്ങിയ പദങ്ങള്‍ പരിചിതമാകുന്നത്? ചിത്രത്തില്‍ മുതലാളിയുടെ വീട്ടില്‍ കയറിയ പാമ്പിനെ പിടിക്കുന്നതിനായി രാജാകണ്ണിനെ വിളിക്കുവാന്‍ എത്തുന്ന ഉന്നതകുല ജാതന്‍റെ ദേഹത്ത് രാജാക്കണ്ണ് അറിയാതെ സ്പര്‍ശിക്കുമ്പോള്‍ ഉണ്ടാകുന്ന തീവ്രമായ നോട്ടത്തില്‍ത്തന്നെ തന്‍റെ കൈ എന്തോ തെറ്റ് ചെയ്ത പോലെ ശീഘ്രം വലിച്ചുമാറ്റുന്നു. മാത്രവുമല്ല, പഴുത്തു നില്ക്കുന്ന പുകക്കുഴലില്‍ കാല് തട്ടിയിട്ടു പോലും അവനതു പൊള്ളലായി തോന്നുന്നതുപോ ലുമില്ല. മേലാളന്‍റെ മുമ്പില്‍ തന്‍റെ വേദനപോലും പ്രസക്തമല്ലെന്നു തലമുറകളായി അവന്‍ അനുസരിച്ച്, ശീലിച്ചു വന്നിട്ടുള്ളതാണ്. ഇത്തരത്തില്‍ പരുവപ്പെട്ട ജനതയെ എങ്ങനെയൊക്കെ ഉപയോഗിക്കണം എന്നതിന്‍റെ ആദ്യ ഉദാഹരണം ചിത്രത്തിന്‍റെ തുടക്കത്തില്‍ കാണാം. ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്നും ആളുകള്‍ ഇറങ്ങുകയാണ്. ജയിലര്‍ പേര് വിളിക്കുന്നുണ്ട്. അതിനെ തുടര്‍ന്ന് വിളി കേള്‍ക്കുന്ന ആളിന്‍റെ ജാതി ചോദിച്ച് കീഴ്ജാതിക്കാരെ മാറ്റി നിര്‍ത്തുകയും മേല്‍ജാതിക്കാരെ പോകാന്‍ അനുവദിക്കുകയും ചെയ്യുന്നു. തൊട്ടടുത്ത് കുറച്ച് പോലീസുകാര്‍ ജീപ്പുമായി നില്ക്കുന്നുണ്ട്. ശേഷം പേരുവിളിച്ച് മാറ്റിനിര്‍ത്തപ്പെട്ട കീഴ്ജാതിക്കാരെ ഈ പോലീസുകാര്‍ തെളിവില്ലാതെ, പ്രതികളെ കിട്ടാതെ അവശേഷിക്കുന്ന കേസുകളില്‍ പ്രതികളാക്കുന്നതിനായി കയറ്റിക്കൊണ്ടുപോകുമ്പോള്‍, അവരെ സ്വീകരിക്കുവാന്‍ വന്നിട്ടുണ്ടായിരുന്ന ബന്ധുക്ക ളുടെ മുഖത്ത് സ്ഥായിയായി നില്ക്കുന്ന നിസ്സംഗ ഭാവം പ്രേക്ഷകര്‍ക്കു സംവിധായകന്‍ നല്‍കുന്ന ആദ്യ 'ജാത്യാനുഭവ'മാകുന്നു. അപ്പോഴും തങ്ങള്‍ ഇത് അനുസരിക്കുവാന്‍ ദൈവവിധിയുളളവരാണ് എന്നു പരമ്പരയാ ശീലിച്ചുപോകുവാന്‍ അവര്‍ പരു വപ്പെട്ടവരാണ്. അതിനപ്പുറത്ത് ഒരു ലോകം പോലും അവര്‍ക്കന്യമാണ്. അവിടേയ്ക്കാണ് മനുഷ്യര്‍ എന്ന പദത്തില്‍ നിങ്ങളുമുണ്ടെന്നും സമത്വം എന്നൊരു ആശയം ലോകത്തുണ്ട് എന്നും പറഞ്ഞ് ഇടതുപക്ഷ പ്രവര്‍ത്തകര്‍ കടന്നുവരുന്നത്. നിങ്ങള്‍ ഇന്ന് അനുഭവിക്കുന്നതു ദൈവഹിതമല്ലായെന്നും ചൂഷണത്തിനായി മേലാളവര്‍ഗ്ഗം കണ്ടെത്തിയ ഉപായം മാത്രമാണ് ജാതിയെന്നും അവരോട് ആദ്യമായി കമ്മ്യൂണിസ്റ്റുകാര്‍ സംസാരിച്ചു തുടങ്ങിയത്. അക്ഷരം പഠിച്ചാലെ അനാചാരങ്ങളെ തിരിച്ചറിയാന്‍ കഴിയൂ എന്ന തിരിച്ചറിവാണ് പാര്‍ട്ടി മുന്‍കൈയെടുത്ത് കീഴാള കുടിലുകളില്‍ ക്ലാസ്സുകള്‍ തുടങ്ങുന്നത്.
ഇത്തരത്തില്‍ ചന്ദ്രു രൂപപ്പെട്ട പ്രത്യയശാസ്ത്രവും ഇരുളരെ അധമരാക്കുന്ന പ്രത്യയശാസ്ത്ര വും പൊതുചര്‍ച്ചയ്ക്കു വെച്ച്, രണ്ടു പ്രത്യയശാസ്ത്രങ്ങളില്‍ മനുഷ്യപക്ഷത്ത് നിര്‍ത്തേണ്ടുന്ന പ്രത്യയശാസ്ത്രം കമ്മ്യൂണിസമാണെന്ന് വിളിച്ചു പറയുന്ന ഒരു രാഷ്ട്രീയചിത്രമാണ് "ജയ്ഭീം". ഇത്തരം ഒരു വിളിച്ചു പറയലിനു സംവിധായകനു ഒരു മാദ്ധ്യമം ആവശ്യമായിരുന്നു. അതിനുവേണ്ടി 90 കളില്‍ നടന്ന കഥയിലേക്കു സംവിധായകന്‍ നട ന്നു പോയി. ചുകപ്പ് പശ്ചാത്തലം പരവതാനി വിരിച്ച കീഴാളമോചന മുദ്രവാക്യം ഇതില്‍ കൂടുതല്‍ ഭംഗിയായി എങ്ങനെയാണ് അവതരിപ്പിക്കുവാന്‍ കഴിയുക?
'ഞാനുമില്ല, നീയുമില്ല നമ്മള്‍ മാത്രം' എന്ന സമത്വസ്വപ്നം 'ഇരുള'നു പകര്‍ന്നുകൊണ്ട് ചിത്രം അവസാനിക്കുന്നു. അതിനു ലെനിന്‍റെ പ്രതിമ സാക്ഷിയാകുന്നു.
Featured Posts
bottom of page