top of page

2025 ജൂബിലി വര്‍ഷം ഫ്രാന്‍സീസ് മാര്‍പ്പാപ്പ ഡിസം. 24 ക്രിസ്മസ് സന്ധ്യയില്‍ ഉദ്ഘാടനം ചെയ്തിരിക്കുന്നു. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ വാതില്‍ തുറന്നു കൊണ്ടാണ് ഫ്രാന്‍സീസ് പാപ്പ ജൂബിലി വര്‍ഷത്തെ വരവേറ്റത്. ഡിസം. 26 വി. സ്റ്റീഫന്‍റെ തിരുന്നാള്‍ദിനം ജൂബിലി വര്‍ഷത്തെ രണ്ടാമത്തെ വാതില്‍ തുറന്നു. ബസിലിക്കയുടെയോ പള്ളിയുടെയോ വാതിലല്ല മറിച്ച് ഒരു ജയിലിന്‍റെ വാതിലാണ് അന്ന് തുറന്നത്. റോമിലെ റിബൈബ എന്ന ജയിലിന്‍റെ വാതില്‍. കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ത്തന്നെ ആദ്യമായി ക്രിസ്തുവിന്‍റെ ജൂബിലി ആചരിക്കുകയും ആഘോഷിക്കുകയുമാണ്.
ലോകമാകെയുള്ള ജയിലുകളില്‍ കിടക്കുന്ന എല്ലാ തടവുകാരെയും ഓര്‍ത്തുകൊണ്ടാണ് റിബൈബ ജയിലിന്‍റെ വാതിലുകള്‍ ഫ്രാന്‍സീസ് മാര്‍പ്പാപ്പ തുറക്കുന്നത്. "പ്രത്യാശയുടെ തീര്‍ത്ഥാടകര്‍" എന്നതാണ് ജൂബിലി വര്‍ഷത്തിന്‍റെ പ്രമേയമായി ഫ്രാന്‍സീസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള എല്ലാ കത്തോലിക്കാ കത്തീഡ്രലുകളിലും 2024 ഡിസം. 29 ന് ആഘോഷമായ ദിവ്യബലി നടത്തിക്കൊണ്ട് ഓരോ രൂപതയിലും ജൂബിലി വര്‍ഷത്തിന്‍റെ പ്രാദേശിക തുടക്കത്തെ അടയാളപ്പെടുത്തിയിരിക്കുന്നു.
പ്രത്യാശയോടെ മുന്നോട്ടു നീങ്ങുവാനും, ദൈവവുമായുള്ള ബന്ധത്തില്‍ ആഴപ്പെടുവാനും; മനുഷ്യത്വത്തോടും കരുണയോടുംകൂടി ജീവിക്കുവാന്‍ സ്വയം നവീകരിക്കാനും ഈ ആപ്തവാക്യം എല്ലാ വിശ്വാസികളെയും ഓര്‍മ്മിക്കുന്നു. യുദ്ധങ്ങള്‍, കോവിഡ് 19 മഹാവ്യാധി, കാലാവസ്ഥ വ്യതിയാനം, രാജ്യത്തിനകത്തും, രാജ്യങ്ങള്‍ തമ്മിലുള്ള പ്രതിസന്ധികള്‍ ഇവയുടെയൊക്കെ പ്രത്യാഘാതങ്ങള്‍ നേരിടുന്ന ജനതയ്ക്ക് 2025 ന്‍റെ ജൂബിലി വര്‍ഷം പ്രത്യാശയുടെയും എല്ലാ വിപത്തുകളില്‍ നിന്നുള്ള വിമോചനത്തിന്‍റെയും വര്‍ഷമായിത്തീരട്ടെ.
34 കാരനായ ലൂക്കാസ് മക്ക്ലിഷ് എന്ന യുവാവ് വടക്കന്‍ കാലിഫോര്‍ണിയായില്‍ സാന്താക്രൂസ് പര്‍വ്വത നിരകളില്‍ 10 ദിവസത്തോളം കുടുങ്ങിപ്പോയി. ജൂണ്‍ 11 ന് മൂന്ന് മണിക്കൂര്‍കൊണ്ട് തിരിച്ചെത്താമെന്ന് കരുതിയാണ് ഇയാള്‍ തന്‍റെ നടപ്പ് ആരംഭിച്ചത്. ലൂക്കാസിന് വഴി തെറ്റി. അടുത്തിടെയുണ്ടായ 'കാട്ടുതീ' കാരണമാണ് ഇയാള്‍ക്ക് വഴി കണ്ടുപിടിക്കാന്‍ പ്രയാസമായിത്തീര്‍ന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ജീവിതയാത്രക്കിടയിലും കുടുങ്ങിപ്പോകുന്നവരുണ്ട്. കാട്ടുതീപോലെ 'landmark' കള്‍ നശിപ്പിക്കാന്‍ പ്രാപ്തിയുള്ള ജീവിതത്തിലെ വ്യതിചലനങ്ങള്‍. മനുഷ്യത്വത്തെയും അനുകമ്പയെയും, നല്ല ഉള്‍ക്കാഴ്ചകളെയും നശിപ്പിച്ച് കളയുന്ന കാട്ടുതീകള്‍. ഈ പുതുവര്‍ഷത്തില്‍ ഇത്തരത്തിലുള്ള കാട്ടുതീകളെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വര്‍ഗ്ഗീയത, മതവിദ്വേഷം, മദ്യാസക്തി, പണത്തോടുള്ള അത്യാര്‍ത്തി തുടങ്ങിയ വ്യത്യസ്തമായ കാട്ടുതീകളെ സൂക്ഷിച്ച് ശ്രദ്ധയോടെ മുന്നോട്ട് നീങ്ങണം. പുതുവര്‍ഷവും ജൂബിലി വര്‍ഷവും നമ്മെ കുറച്ചുകൂടെ സൗന്ദര്യമുള്ളവരാക്കട്ടെ.
Featured Posts
Recent Posts
bottom of page