
ഭരിക്കുന്ന രാജാവ് കൊല്ലാൻ നോക്കുമ്പോൾ അയാളിൽനിന്ന് ഒളിച്ചോടി ഒരാൾ എവിടെപ്പോവാൻ? എവിടെ നിന്ന് അയാൾക്ക് ഭക്ഷണം കിട്ടാൻ? അങ്ങനെയുള്ള ഒളിവു ജീവിതത്തിൽ ദാവീദ് ദേവാലയത്തിൽ കടന്ന് പുരോഹിതന്മാർ മാത്രം ഭക്ഷിക്കാൻ അനുവാദം ഉണ്ടായിരുന്ന കാഴ്ചയപ്പം നിർബന്ധപൂർവ്വം വാങ്ങി ഭക്ഷിക്കുകയും കൂട്ടുകാർക്ക് നൽകുകയും ചെയ്യുന്നു. നല്കുന്ന പുരോഹിതനും വാങ്ങുന്ന ദാവീദും ഭക്ഷിക്കുന്ന കൂട്ടുകാരും നിയമപ്രകാരമുള്ള ആചാരം തെറ്റിക്കുന്നു. അതിനുള്ള ന്യായീകരണമോ? ജീവനാണ് ആചാരത്തെക്കാൾ പ്രധാനം.
ശരിയാണ്. ദാവീദും കൂട്ടുകാരും പട്ടിണിയിൽ ആയിരുന്നു.
ഇക്കാര്യം ഓർമ്മിപ്പിച്ചു കൊണ്ടാണ് ഷബാത്തിൽ കതിർ പറിച്ചുതിന്ന തൻ്റെ ശിഷ്യരെ യേശു ന്യായീകരിക്കുന്നത്. യേശുവിനോട് വേണമെങ്കിൽ തിരിച്ചു ചോദിക്കാം: "നിന്റെ ശിഷ്യന്മാർ പട്ടിണിയിൽ ഒന്നുമല്ലല്ലോ. ഷബാത്തിൽ ഈ കതിർ പറിച്ചുതിന്നില്ലെങ്കിൽ അവർ വഴിയിൽ വീണ് മരിച്ചുപോവുകയും മറ്റും ഇല്ലല്ലോ!"
അപ്പോഴുണ്ട് അവൻ പറയുന്നു, "ഷബാത്ത് മനുഷ്യന് വേണ്ടിയാണ്, മനുഷ്യൻ ഷബാത്തിനു വേണ്ടിയല്ല."
ഏതേത് മതനിയമങ്ങളും അനുഷ്ഠാനങ്ങളും ആചാരങ്ങളും മനുഷ്യരെ തളച്ചിടുകയും അടിച്ചമർത്തുകയും ചെയ്യുന്നുവോ, അവയെല്ലാം ഭേദി ക്കപ്പെടുകതന്നെ ചെയ്യും.
ഇങ്ങനെ യേശു ഭേദിക്കുന്ന നിയമങ്ങൾ പ്രധാനമായും ഷബാത്ത് നിയമവും ശരീരത്തിന്റെയും ഭക്ഷണത്തിന്റെയും ശുദ്ധാശുദ്ധ നിയമങ്ങളും ആയിരുന്നു. അതേസമയം, നിർബന്ധപൂർവ്വം കെട്ടിയേൽപ്പിക്കാത്ത മറ്റു നിയമങ്ങളെല്ലാം യേശു പാലിക്കുന്നതായും കാണാം. ജറൂസലേം ദേവാലയത്തിലേക്ക് എല്ലാവർഷവും അവൻ തീർത്ഥാടനം നടത്തുന്നു; ദേവാലയ നികുതി നൽകുന്നു; പതിവായി സിനഗോഗിൽ പോകുന്നു; പെസഹാ ആചരിക്കുന്നു, അങ്ങനെ അങ്ങനെ.
നിയമത്തിലെ പ്രധാന നിയമങ്ങളായ ദൈവ സ്നേഹവും പരസ്നേഹവും, സത്യവും ധർമ്മവും നീതിയും അവൻ അപാരമായ മിഴിവോടെ പാലിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുമുണ്ടല്ലോ!