top of page

യേശുവിൻ്റെ ജീവിത കാലത്ത് എത്രപേർ അവനെ ക്രിസ്തുവായി അഥവാ ദൈവത്തിൻ്റെ പരിശുദ്ധനായി തിരിച്ചറിഞ്ഞു?
അവൻ്റെ അമ്മയായ മറിയം, വളർത്തു പിതാവായ യൗസേപ്പ്, ബന്ധുവായ എലിസബത്ത്, അവരുടെ മകൻ സ്നാപക യോഹന്നാൻ: അങ്ങനെ കുടുംബക്കാരായ നാലുപേർ.
ദേവാലയവാസികളായിരുന്ന ശിമയോൻ, അന്നാ എന്നിങ്ങനെ രണ്ടുപേർ. അതും, നന്നേ ബാല്യത്തിലാണ്.
ശിഷ്യന്മാരായ പത്രോസ്, നഥാനിയേൽ എന്നിങ്ങനെ രണ്ടുപേർ. അവർക്കാകട്ടെ, 'തങ്ങൾ പ്രതീക്ഷിച്ചിരുന്നവനാണോ ഇവൻ?' എന്ന വിധത്തിലുള്ള സന്ദേഹങ്ങളേ ഉള്ളൂ അവനെക്കുറിച്ച്. അങ്ങുമിങ്ങും ചില നേരങ്ങളിൽ അവർക്ക് ചില ഉൾവെളിച്ചങ്ങൾ ഉണ്ടാകുന്നുണ്ട് എന്നല്ലാതെ, സ്ഥായിയായ ബോധ്യമൊന്നും അവർക്കാർക്കും ഉണ്ടാകുന്നില്ല.
പിന്നെ അവനെ ശരിക്കും തിരിച്ചറിയുന്നത് പിശാചുബാധിതരാണ്. കഫർണാമിലും ഗദറായ ദേശത്തും സിനഗോഗിലും ഒക്കെ അവർ അവനെ തിരിച്ചറിയുന്നുണ്ട്.
മേല്പറഞ്ഞവരിൽ ബന്ധുക്കളിൽ യോഹന്നാൻ മാത്രമാണ് യേശു ദൈവത്തിൻ്റെ പരിശുദ്ധനാണ് എന്ന നിലയിൽ ജനത്തിന് സൂചനകൾ നല്കുന്നത്.
"മിണ്ടരുത്" എന്നുപറഞ്ഞ് പിശാചുബാധിതരെ അവൻ നിശ്ശബ്ദരാക്കുകയും അവരെ അശുദ ്ധാത്മബന്ധനത്തിൽ നിന്ന് മോചിപ്പിക്കുകയും ചെയ്യുന്നു.
"ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നത്?" എന്ന് തൻ്റെ ശിഷ്യരോട് ഒരു ചോദ്യം എറിയുന്നുണ്ട് ഒരിക്കൽ യേശു. പെട്ടെന്ന് ഏതോ ഒരു ഉൾപ്രകാശത്താൽ പത്രോസ് ആണ് ആ പ്രഖ്യാപനം നടത്തുന്നത്: "നീ മിശിഹായാകുന്നു".
ഉടനെ, ഇക്കാര്യം ആരോടും പറയരുതെന്ന് യേശു തൻ്റെ ശിഷ്യരെ കർശനമായി വിലക്കുന്നു.
താൻ മർത്ത്യനായി ജീവിച്ചിരുന്നപ്പോൾ എന്തുകൊണ്ടായിരിക്കാം താൻ ക്രിസ്തുവാണ് എന്നത് ആരോടും പറയരുതെന്ന് യേശു വിലക്കുന്നത്? അക്കാര്യം പറയാൻ ഒരാളെയും യേശു അനുവദിക്കുന്നില്ലല്ലോ!
തൊട്ടടുത്ത വചനത്തിൽ അതിന്റെ പൊരുൾ അടങ്ങിയിട്ട ുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. 'മനുഷ്യപുത്രൻ നേതൃത്വത്താൽ തിരസ്കരിക്കപ്പെടുകയും വളരെയേറെ സഹിക്കുകയും കൊല്ലപ്പെടുകയും മൂന്നാം നാൾ ഉത്ഥാനം ചെയ്യുകയും ചെയ്യേണ്ടിയിരിക്കുന്നു' എന്നാണ് അവൻ പറയുന്നത്. മറ്റുവാക്കുകളിൽ പറഞ്ഞാൽ, തിരസ്കരണം, പീഡാസഹനം, കുരിശുമരണം, ഉത്ഥാനം എന്നിവ പൂർത്തിയാകുമ്പോഴാണ് ക്രിസ്തുത്വം പൂർണ്ണമാകുന്നത്. സഹനം-മരണം-ഉത്ഥാനം എന്നതാണ് ക്രിസ്തുരഹസ്യം.
Featured Posts
Recent Posts
bottom of page