top of page

യേശുവും സ്ത്രീകളും

Dec 8, 1994

5 min read

ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി കപ്പൂച്ചിന്‍
Jesus and samaritan woman in conversation

സ്ത്രീകളുടെ നേർക്കുള്ള യേശുവിന്റെ മനോഭാവം മനസ്സിലാക്കണമെങ്കിൽ, സമകാലിക യഹൂദ സമൂഹത്തിൽ സ്ത്രീകൾക്കുണ്ടായിരുന്ന സ്ഥാനമെന്തായിരുന്നുവെന്ന് അറിഞ്ഞിരിക്കണം. അന്നത്തെ പൊതുസമൂഹത്തിൽ വിശിഷ്യ സെമിറ്റിക് സംസ്കാരമേഖലകളിൽ എങ്ങും പ്രബലമായിരുന്ന പുരുഷമേധാവിത്വം വളരെ കർക്കശമായി നിലനിർത്തിപ്പോന്നിരുന്നവരാണ് യഹൂദർ. ജനിച്ചു വീഴുന്ന സമയം മുതൽ സ്ത്രീകൾക്കെതിരെയുള്ള വിവേചനം ആരംഭിക്കുകയായി. ആൺകുഞ്ഞു ജനിച്ചാൽ 40 ദിവസത്തേക്ക് അതിന്റെ അമ്മ അശുദ്ധയായി കരുതപ്പെട്ടുവെങ്കിൽ,പെൺകുഞ്ഞിനെ പെറ്റ അമ്മ 80 ദിവസത്തേക്ക് അശുദ്ധയായി കരുതപ്പെട്ടു (ലേവ്യ 12,1-8). ജനിച്ചു കഴിഞ്ഞ് എട്ടാം ദിവസം ആൺകുഞ്ഞ് ഛേദനാചാരത്തിലൂടെ യഹൂദസമൂഹത്തിലെ ഒരംഗവും തെരെഞ്ഞെടുക്കപ്പെട്ട ജനതക്ക് ലഭിച്ചിരുന്ന വാഗ്ദാനങ്ങൾക്ക് അവകാശിയുമായി എന്നാൻ, പെൺകുഞ്ഞിൻ്റെ കാര്യം പരിഗണിക്കപ്പെട്ടതേയില്ല. ദൈവം നൽകിയിരുന്ന വാഗ്ദാനങ്ങളിലും രക്ഷയിലും സ്ത്രീ പങ്കാളിയാകുന്നത് പുരുഷനിലൂടെ മാത്രമായിരുന്നു അവിവാഹിത പിതാവിലൂടെയും വിവാഹിത ഭർത്താവിലൂടെയും. 'സ്ത്രീ വിശുദ്ധി പ്രാപിക്കുന്നത് പുരുഷൻ്റെ സൽപ്രവൃത്തികൾ വഴിയാണ്' എന്ന ഖുംറാൻ നിയമം യഹൂദരുടെയിടയിൽ നിലനിന്നിരുന്ന പൊതു മനോഭാവത്തിന്റെ പ്രതിഫലനം തന്നെ ആയിരുന്നു. പുരുഷൻ്റെ സ്വത്തായിട്ടാണ് സ്ത്രീ പരിഗണിക്കപ്പെട്ടിരുന്നത് (പ്രഭാ. 26,3, പുറ. 20,17). പൊതുസ്‌ഥലങ്ങളിൽ പ്രത്യക്ഷപ്പെടാനോ സമൂഹജീവിത വ്യാപാരങ്ങളിൽ പങ്കുചേരാനോ പ്രയോഗികമായി അവൾക്കു കഴിഞ്ഞിരുന്നില്ല. റോഡിൽവെച്ചോ പൊതുസ്‌ഥലങ്ങളിൽവെച്ചോ ഒരു സ്ത്രീയോടു സംസാരിക്കുന്നതുപോലും തങ്ങളുടെ പദവിക്ക് ചേർന്നതല്ലെന്നായിരുന്നു യഹൂദ റാബിമാരുടെ നിലപാട്.


യഹൂദസഭാ സമൂഹത്തിലും സ്ത്രീകൾക്കു സ്ഥാനമുണ്ടായിരുന്നില്ല പുരുഷന്മാർ മാത്രമായിരുന്നു സഭാസമൂഹത്തിലെ (Qahal Yahwe-ecclesia) അംഗങ്ങൾ. അവർക്കു മാത്രമാണ് ആണ്ടിൽ മൂന്നു പ്രാവശ്യമെങ്കിലും ജറുസലേം ദേവാലയത്തിൽ വന്ന് മതാനുഷ്‌ഠാനങ്ങളിൽ പങ്കുചേരാനും ബലികളർപ്പിക്കാനും കടമയും അവകാശവുമുണ്ടായിരുന്നത് (പുറ. 23, 17) സ്ത്രീകൾക്ക് ഇഷ്ടമുണ്ടെങ്കിൽ ദേവാലയത്തിൽ പോകാനും പ്രാർത്ഥിക്കാനും അനുവാദമുണ്ടായിരുന്നെങ്കിലും, വിശുദ്ധ സ്ഥലത്തിനടുത്തു പോകുവാൻ പാടില്ലായിരുന്നു. പുരുഷന്മാർക്കു വേണ്ടി നിശ്ചയിച്ചിരുന്ന സ്ഥ‌ലത്തിന് അഞ്ചുപടികൾ താഴെയായിരുന്നു അവരുടെ സ്ഥാനം. “ഒരു സ്ത്രീയായി എന്നെ സൃഷ്ടിക്കാഞ്ഞതിന് ദൈവമേ അങ്ങേക്കു ഞാൻ നന്ദിപറയുന്നു എന്ന് യഹൂദ റാബിമാർ കൂടെക്കൂടെ പ്രാർഥിച്ചിരുന്നു!


ഇതുപോലെ സ്ത്രീകൾക്കെതിരെ വിവിധതരത്തിലുള്ള വിവേചനങ്ങൾ നിലവിലിരുന്ന ഒരു സമൂഹത്തിലാണ് യേശു ജനിച്ചതും വളർന്നതും ജീവിച്ചതും. ഈ വിവേചനങ്ങൾക്കു മുമ്പിൽ യേശു എപ്രകാരമാണ് പ്രതികരിച്ചത് എന്ന ചോദ്യം തീർച്ചയായും ഇന്നു വളരെ പ്രസക്തമാണ്. എന്നാൽ, ഇന്നത്തെ സാമൂഹികാവബോധത്തിന്റെയും സ്ത്രീവിമോചനപ്രസ്ഥാനത്തിന്റെയും കാഴ്ച്ചപ്പാടുകളും നിലപാടുകളും വെച്ചുകൊണ്ട് ഈ ചോദ്യത്തെ സമീപിക്കുന്നത് ഒട്ടും ശരിയല്ല. കാരണം, ഇന്നത്തെ ചോദ്യങ്ങൾ അന്നുദിച്ചിരുന്നില്ല; ഇന്നത്തെ പ്രശ്നങ്ങൾ അന്ന് പ്രശ്‌നങ്ങളായി അനുഭവപ്പെട്ടിരുന്നതേയില്ല. അതിനാൽ ഇന്നത്തെ സാമൂഹികാവബോധവും മാനദണ്ഡങ്ങളുംവെച്ച് അന്നത്തെ പ്രതിഭാസങ്ങളെ വിലയിരുത്താനാവില്ല. എങ്കിലും, യേശുവിന്റെ അന്നത്തെ പ്രതികരണങ്ങൾ ഇന്നത്തെ പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശുന്ന, പരിഹാരം കണ്ടെത്താവുന്ന ദിശകളിലേക്കു വിരൽ ചൂണ്ടുന്ന, കാര്യങ്ങളത്രേ.


അസാധാരണമായ ആർദ്രതയും സഹതാപവും


ദരിദ്രരോടും രോഗികളോടും സമൂഹം പാപികളും ഹീനരുമായിക്കരുതി പുച്ഛിച്ച് പുറം തള്ളിയിരുന്നവരോടും വിശേഷവിധമായ ഒരു ഉള്ളടുപ്പം യേശുവിനുണ്ടായിരുന്നുവെന്നത് എല്ലാ സുവിശേഷകന്മാരും എടുത്തുകാട്ടുന്ന ഒരു പ്രത്യേകതയാണ്. ഇങ്ങനെ നിന്ദിതരും പീഡിതരുമായിരുന്നവരിൽ പ്രധാനപെട്ട ഒരു വിഭാഗമായിരുന്നു സ്ത്രീകൾ. അവരുടെ നേർക്ക് സവിശേഷമായ ആർദ്രതയും അനുകമ്പയുമാണ് യേശു പ്രകടിപ്പിച്ചത്. അവരുമായുള്ള ബന്‌ധത്തിൽ സമൂഹത്തിൻ്റെയും മതത്തിൻ്റെയും വിലക്കുകളെല്ലാം അവിടുന്ന് അവഗണിച്ചു.


രക്തസ്രാവമുള്ള ഒരു സ്ത്രീ ആരെയെങ്കിലും തൊട്ടാൽ അയാൾ യഹൂദനിയമമനുസരിച്ച് അശുദ്ധനാകുമായിരുന്നു. അങ്ങനെയുള്ള ഒരു സ്ത്രീ തൊടുന്നതിന് അനുവദിക്കുക മാത്രമല്ല; അവളുടെ വിശ്വാസത്തെ പ്രശംസിക്കുകയും അവളെ സുഖപ്പെടുത്തുകയും ചെയ്യുന്നു അവിടന്ന് (മാർക്കോ 5,25-34). ശെമയോൻ എന്ന ഫരിസേയൻ്റെ വിട്ടിൽവെച്ച് നിയമത്തിൻ്റെ വിലക്കുകളെ മറികടന്നുകൊണ്ട് പാപിനിയായ ഒരു സ്ത്രീയെ തന്റെ പാദങ്ങളിൽ സ്‌പർശിക്കുന്നതിനും കണ്ണിരുകൊണ്ട് അവയെ കഴുകി തലമുടികൊണ്ടു തുടച്ച് സുഗന്ധതൈലംകൊണ്ട് പൂശുന്നതിനും അവിടന്ന് അനുവദിക്കുന്നു. തൻ്റെ ആതിഥേയനായ ആ ഫരിസേയന്റേതിനെക്കാൾ വലുത് അവളുടെ സ്നേഹമായി അവിടന്ന് വിലയിരുത്തുന്നു; പാപങ്ങളെല്ലാം മോചിച്ച് അവളെ പറഞ്ഞയയ്ക്കുന്നു(ലൂക്കാ 7,36-50).


സ്വന്തം ശിഷ്യന്മാർക്കു പോലും ആശ്ചര്യവും ഒരുപക്ഷേ ഉതപ്പുമുണ്ടാകുന്ന സാഹചര്യങ്ങളിൽ, പിറവിയാലും പാപജീവിതത്താലും അശുദ്ധയായിരുന്ന ഒരു സമരിയാക്കാരി സ്ത്രീയുമായി ദീർഘമായ സംഭാഷണത്തിലേർപ്പെടുകയും മാനസാന്തരത്തിലേക്ക് നയിച്ച് അവസാനം അപ്പസ്തോലയായി അവളെ രൂപാന്തരപ്പെടുത്തുകയും, ചെയ്യുന്നു, അവിടന്ന് (യോഹ 4, 1-42). തന്റെ ഏക പുത്രന്റെ മരണത്തിൽ വിലപിക്കുന്ന ഒരു വിധവയുടെ കണ്ണുനിർ യേശുവിൻ്റെ കരളലിയിക്കുകയും, അവൾ ആവശ്യപ്പെടാതെതന്നെ അത്ഭുതകരമായി അവളുടെ പുത്രനെ ജീവനോടെ അവൾക്കു തിരിച്ചു നൽകുകയും ചെയ്യുന്നു (ലൂക്ക 7,11-17). സ്ത്രീകളോടുള്ള അസാധാരണമായ അതേ ആർദ്രതയും സഹതാപവുമാണ് ജായ്‌റോസിന്റെ മകളെ ഉയിർപ്പിക്കാനും (മാർക്കോ 5,21-43) പത്രോസിന്റെ അമ്മായിയമ്മയെ രോഗവിമുക്തയാക്കാനും (മാർക്കോ 1,30) വീജാതിയയും തത്കാരണത്താൽ അശുദ്ധയുമായ കാനാൻകാരിയുടെ മകളെ പിശാചുബാധയിൽനിന്നു മോചിപ്പിക്കാനും (മത്താ 15, 21-28), 18 വർഷമായി കൂനുണ്ടായിരുന്ന സ്ത്രീയെ സാബത്തു ദിവസം സിനഗോഗിൽ വെച്ച് തൊട്ടു സുഖപ്പെടുത്താനും (ലൂക്കാ. 13. 10-17) അവിടത്തേക്ക് പ്രേരകമായത്.


വിവേചനത്തിനും അനീതിക്കുമെതിരേ


സ്ത്രീകളുടെ നേർക്ക് വിവേചനവും അനീതിയും കാട്ടുന്ന വിവാഹ മോചനത്തെപ്പറ്റിയുള്ള മോശയുടെ നിയമത്തെ തിരുത്തിക്കുറിക്കാൻ യേശു മടികാണിക്കുന്നില്ല. ഈ നിയമമനുസരിച്ച്, ഭാര്യയെ ഉപേക്ഷാപത്രം നൽകി പറഞ്ഞുവിടാൻ ഭർത്താവിന് അവകാശമുണ്ടായിരുന്നു (നിയ. 24, 1-4). എന്നാൽ ഭാര്യക്കാവട്ടെ ഭർത്താവിനെ സംബന്‌ധിച്ച് അങ്ങനെയൊരവകാശം ഉണ്ടായിരുന്നതുമില്ല. വിവാഹമോചനത്തെ പാടെ നിരാകരിക്കുമ്പോൾ (ലൂക്കാ. 16,18), സ്ത്രീകളോടുള്ള വിവേചനത്തിനും അനീതിക്കുമെതിരെ പ്രതികരിക്കുക കൂടിയാണ് യേശു ചെയ്യുന്നത്. വ്യഭിചാരക്കുറ്റത്തിൽ പിടിക്കപ്പെട്ട സ്ത്രീയെ സംബന്ധിച്ച സംഭവം (യോഹ. 8, 3-11) മോശയുടെ നിയമം എപ്രകാരമാണ് ഏകപക്ഷിയമായി സ്ത്രികൾക്കെതിരെ പ്രയോഗിച്ചിരുന്നതെന്നു വ്യക്തമാക്കുന്നു. നിയമം അനുശാസിച്ചത്, വ്യഭിചാരക്കുറ്റത്തിൽ പിടിക്കപ്പെടുന്ന പുരുഷനും സ്ത്രീയും വധിക്കപ്പെടണമെന്നാണ് (ലേവ്യ. 20, 10, നിയ 22, 22). എന്നാൽ, നിയമജ്‌ഞരും ഫരിസേയരും കൂടി അപ്രകാരം പിടിക്കപ്പെട്ട ഒരു സ്ത്രീയെ യേശുവിൻറെ മുമ്പിൽ കൊണ്ടുവന്ന്, മോശയുടെ നിയമം എന്താണ് അനുശാസിക്കുന്നതെന്നു പറഞ്ഞ് അവളെ കല്ലെറിയാൻ തിടുക്കം കൂട്ടുന്നു. അവളോടുകൂടി തെറ്റുചെയ്‌ത പുരുഷൻ രക്ഷപെടുമ്പോൾ, അവൾ മാത്രം ശിക്ഷിക്കപ്പെടുന്ന വിവേചനത്തിനും അനിതിക്കുമെതിരെയുള്ള നിശിതമായ വിമർശനമായിരുന്നു യേശുവിന്റെ പ്രതികരണം


ഉപമകളിലെ സ്ത്രീകൾ


അനുദിന ജീവിതത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന കഷ്ടപ്പാടും വേദനയും ത്യാഗവുമെല്ലാം യേശുവിന്റെ അനുകമ്പാപൂർവകമായ ശ്രദ്ധയാകർഷിച്ചിരുന്നുവെന്ന് അവിടത്തെ പല ഉപമകളും സൂചിപ്പിക്കുന്നു.ഉദാഹരണമായി നഷ്ടപ്പെട്ടുപോയ നാണയം കണ്ടെത്താൻ വേണ്ടി വീട് അടിച്ചു വാരി അന്വേഷണം നടത്തുന്ന സ്ത്രീയുടെ ഉപമ (ലൂക്കാ. 15, 8-10), അപ്പമുണ്ടാക്കി കുടുംബത്തെ തീറ്റിപ്പോറ്റാൻ മാവു പുളിപ്പിക്കുന്ന സ്ത്രീയുടെ ഉപമ (മത്താ 13, 33), നീതിക്കുവേണ്ടി നീതിരഹിതനായ ന്യായാധിപന്റെ അടുത്ത് ദിവസവും ചെന്നു മുറവിളികൂട്ടുന്ന വിധവയുടെ ഉപമ (ലൂക്കാ. 18, 1-8). ഇവയെല്ലാം ദൈവരാജ്യത്തിൻ്റെ ഉപമകളും, അതേസമയം സ്ത്രീകളുടെ അധ്വാനവും കഷ്ടപ്പാടുമെല്ലാം സഹതാപത്തോടെ നോക്കിക്കാണുന്ന യേശുവിന്റെ ഹൃദയാർദ്രതയുടെ പ്രതിഫലനങ്ങളുമാണ്.


സ്ത്രീകൾക്ക് യേശുവിന്റെ പ്രശംസ


സ്ത്രീകളുടെ വിശ്വാസവും നന്മയും സ്നേഹവുമെല്ലാം യേശു മുക്തകണ്ഠം പ്രശംസിക്കുന്ന പല സംഭവങ്ങളും നാം സുവിശേഷത്തിൽ വായിക്കുന്നുണ്ട്. ഉദാഹരണമായി, രക്തസ്രാവക്കാരി സ്ത്രീയുടെയും (മാർക്കോ 5, 34), കാനാൻകാരി സ്ത്രീയുടെയും (മത്താ. 15, 28) വിശ്വാസത്തെ അവിടന്ന് പ്രശംസിക്കുന്നു. തനിക്ക് ജീവിതത്തിൽ ആകെയുള്ള സമ്പത്തായ രണ്ടു ചെമ്പു തുട്ടുകൾ ദേവാലയ ഭണ്ഡാരത്തിൽ നേർച്ചയിട്ട വിധവയുടെ ദൈവാശ്രയബോധത്തെയും പ്രത്യാശയെയും അവിടന്ന് അങ്ങേയറ്റം വിലമതിക്കുന്നു (ലൂക്കാ. 21, 1.4). ബഥാനിയായിൽ വെച്ച് അവിടത്തെ ശിരസ്സിൽ വിലയേറിയ സുഗന്ധതൈലമൊഴിച്ച സ്ത്രീയെ കോപത്തോടെ വിമർശിച്ച ശിഷ്യന്മാരെ ശാസിച്ചുകൊണ്ട് യേശു പറഞ്ഞു: “ഇവൾ എനിക്കുവേണ്ടി ഒരു നല്ല കാര്യം ചെയ്തിരിക്കുന്നു. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: ലോകത്തെവിടെയെല്ലാം ഈ സുവിശേഷം പ്രസംഗിക്കപ്പെടുമോ അവിടെയെല്ലാം ഇവൾ ചെയ്തകാര്യവും ഇവളുടെ സ്മരണക്കായി പ്രസ്താവിക്കപ്പെടും" (മത്താ. 26, 10. 13). ശത്രുക്കളുടെ പരിഹാസത്തിനും ശകാര വർഷങ്ങൾക്കും മധ്യേ കുരിശും വഹിച്ചുകൊണ്ട് യേശു കാൽവരിമല കയറുമ്പോൾ പരസ്യമായിത്തന്നെ അവിടത്തെ വേദനയിലും ദുഃഖത്തിലും പങ്കുചേരാനെത്തിയവർ കുറെ സ്ത്രീകൾ മാത്രമായിരുന്നു. അവരുടെ അനുകമ്പയും സഹതാപവുമായിരുന്നു പീഡാനുഭവത്തിൽ അവിടത്തേക്ക് അല്പമെങ്കിലും ആശ്വാസം പകർന്നത്. സ്വന്തം വേദന മറന്നും യേശു അവരെ ആശ്വസിപ്പിച്ചപ്പോൾ അവിടത്തെ വാക്കുകളിൽ തീർച്ചയായും നന്ദിയും സ്നേഹവും നിറഞ്ഞു നിന്നിരിക്കണം.


ആഴമേറിയ ക്രിസ്തുരഹസ്യങ്ങൾ സ്ത്രീകൾക്ക്


ദൈവശാസ്ത്രത്തിലും ക്രിസ്‌തുവിജ്ഞാനീയത്തിലുമുള്ള ആഴമേറിയ രഹസ്യങ്ങൾ ക്രിസ്തുനാഥൻ സ്ത്രീകൾക്ക് വെളിപ്പെടുത്തിക്കൊടുത്തതായി വി. യോഹന്നാൻ്റെ സുവിശേഷത്തിൽ നാം വായിക്കുന്നുണ്ട്. സമരിയാക്കാരി സ്ത്രീയോട് യേശു പറഞ്ഞു "ഞാൻ നൽകുന്ന വെള്ളം കുടിക്കുന്നവന് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല. ഞാൻ നൽകുന്ന ജലം അവനിൽ നിത്യജീവനിലേക്ക് നിർഗളിക്കുന്ന അരുവിയാകും" (യോഹ. 4, 14). ദൈവത്തെയും ആരാധന ക്രമത്തെയും സംബന്ധിച്ച ഉദാത്തമായ ഉൾക്കാഴ്ചകളും അവിടന്ന് അവളുമായി പങ്കുവെക്കുന്നു. "ദൈവം ആത്മാവാണ്. അവിടത്തെ ആരാധിക്കുന്നവൻ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത് (യോഹ. 4, 24)," യഹൂദരും സമരിയാക്കാരും ഒരുപോലെ പ്രതീക്ഷിച്ചിരിക്കുന്ന മിശിഹാ താൻ തന്നെയാണെന്നു വെളിപ്പെടുത്തി കൊണ്ട്(യോഹ. 4, 26) അവളെ അവിടുന്ന് ഒരു ശിഷ്യയും

അപ്പസ്തോലയുമാക്കിയെന്നും യോഹന്നാൻ തുടർന്നു പറയുന്നു (യോഹ. 4, 39-42).


അതുപോലെതന്നെ, ക്രിസ്തുവിജ്ഞാനീയത്തിലെ അത്യുദാത്തമായ ഉൾക്കാഴ്ചകളാണ് ബഥാനിയായിലെ മർത്തായുമായി അവിടന്ന് പങ്കുവെക്കുന്നത്: "ഞാനാകുന്നു പുനരുത്ഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിക്കുകയും എന്നിൽ വിശ്വസിക്കുകയും ചെയ്യുന്നവൻ ഒരിക്കലും മരിക്കുകയില്ല" (യോഹ. 11:25-26).


സ്ത്രീകൾ യഥാർഥശിഷ്യകൾ


പുരുഷന്മാർ മാത്രമായിരുന്നു യഹൂദ റാബിമാരുടെ അനുയായികളും ശിഷ്യന്മാരും. സ്ത്രീകൾ അവരുടെ അനുയായികളോ ശിഷ്യകളോ ആകുക അചിന്ത്യമായിരുന്നു. എന്നാൽ യേശുവിൻറെ യഥാർഥത്തിലുള്ള അനുയായികളും ശിഷ്യകളുമായി സ്ത്രീകളുമുണ്ടായിരുന്നുവെന്ന് വി. ലൂക്കായും വി. മത്തായിയും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്:


"അതിനുശേഷം യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിസഞ്ചരിച്ച് പ്രസംഗിക്കുകയും ദൈവരാജ്യത്തിന്റെ സുവിശേഷം അറിയിക്കുകയും ചെയ്തു. പന്ത്രണ്ടുപേരും അവനോടുകൂടെയുണ്ടായിരുന്നു. അശുദ്ധാന്‌ക്കളിൽനിന്നും മറ്റു വ്യാധികളിൽനിന്നും വിമുക്തരാക്കപ്പെട്ട ചില സ്ത്രീകളും ഏഴു ദുഷ്ടാത്‌മാക്കൾ വിട്ടുപോയവളും മഗ്ദലേന എന്നു വിളിക്കപ്പെടുന്നവളുമായ മറിയവും ഹേറോദേസിന്റെ കാര്യസ്ഥ‌നായ കൂസായുടെ ഭാര്യ യൊവാന്നയും സൂസന്നയും തങ്ങളുടെ സമ്പത്തുകൊണ്ട് അവരെ ശുശ്രൂഷിച്ചി രുന്ന മറ്റു പല സ്ത്രീകളും അവരോടൊപ്പമുണ്ടായിരുന്നു" (ലൂക്കാ. 8, 1-3).


വി മത്തായിയും വി യോഹന്നാനും ഈ ശിഷ്യകളെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. "ഗലീലിയിൽനിന്ന് യേശുവിനെ അനുഗമിച്ചവരും അവന് ശുശ്രൂഷ ചെയ്തിരുന്നവരുമായ അനേകം സ്ത്രീകൾ അകലെ ഇക്കാര്യങ്ങൾ നോക്കിക്കൊണ്ടു നിന്നിരുന്നു" (മത്താ. 27, 55: യോഹ. 19, 25 കാണുക). അങ്ങകലെ ഗലീലിയിൽനിന്ന് യേശുവിനോടും ശിഷ്യന്മാരോടുമൊപ്പം പുറപ്പെട്ട്. അവരോടൊപ്പം പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിസഞ്ചരിച്ച്, ദിനരാത്രങ്ങൾ കഴിച്ചുകൂട്ടി, തങ്ങളുടെ സമ്പത്തുകൊണ്ട് യേശുവിന്റെയും അപ്പസ്തോലന്മാരുടെയും ചെലവുകൾ വഹിക്കുകയും അവരെ പരിചരിക്കുകയും, യേശുവിൻ്റെ വചനങ്ങൾ ശ്രവിക്കുകയും പ്രവർത്തനങ്ങൾക്കു സാക്ഷ്യം വഹിക്കുകയും ചെയ്തുകൊണ്ട് ജെറുസലേമിൽ എത്തി

അവിടത്തെ പീഡാനുഭവത്തിനും മരണത്തിനും ഉയിർപ്പു കഴിഞ്ഞുള്ള പ്രത്യക്ഷപ്പെടലിനും ദൃക്‌സാക്ഷികളായിത്തീർന്ന ഈ സ്ത്രീകളെ യേശുവിൻ്റെ യഥാർഥശിഷ്യകളും അനുയായികളുമായിട്ട് മാത്രമേ കാണാൻ കഴിയൂ.


ഗലീലിയിൽ നിന്നും ജറുസലേമിലേക്കുള്ള ദർഘമായ "മിഷൻ യാത്രയിൽ യേശുവിനെ അനുഗമിച്ചവരല്ലെങ്കിലും, സ്വന്തം വീട്ടിൽ തന്നെ അവിടത്തെ സ്വീകരിക്കുകയും പരിചരിക്കയും ചെയ്തിരുന്ന രണ്ടു യഥാർഥശിഷ്യകളെപ്പറ്റി വി. ലൂക്കായും വി. യോഹന്നാനും പറയുന്നുണ്ട്. ലാസറിന്റെ സഹോദരികളായിരുന്ന മർത്തായും മറിയവും (ലൂക്കാ. 10, 38-42; യോഹ. 11). യേശുവും ഈ സഹോദരികളും തമ്മിലുണ്ടായിരുന്ന ആഴമേറിയ സ്നേഹബന്ധം ഈ രണ്ടു സുവിശേഷങ്ങളിലും നിന്നു വ്യക്തമാണ്, പിന്നീട് പൗലോസായി മാറിയ സാവൂൾ എന്ന ശിഷ്യൻ തൻ്റെ ഗുരുവായ ഗമാലിയേലിന്റെ "പാദങ്ങളിലിരുന്ന് പിതാക്കന്മാരുടെ നിയമത്തിൽ നിഷ്കൃഷ്ടമായ ശിക്ഷണം നേടിയതുപോലെ (അപ്പ 12, 3), ശിഷ്യയായ മറിയവും ഗുരുവായ "കർത്താവിന്റെ വചനങ്ങൾ കേട്ടുകൊണ്ട് അവൻ്റെ പാദത്തിങ്കൽ ഇരുന്നു". ഗുരുവിനെ ശ്രവിക്കുന്നതിനുള്ള താല്പര്യാതിരേകത്തിൽ തന്റെ ഗാർഹിക ചുമതലകളും അതിഥിസൽക്കാര മര്യാദയും അവൾ മറന്നുപോയി. മർത്താ മറ്റൊരു ശിഷ്യയുടെ സ്വാതന്ത്ര്യത്തോടെ പരാതി പറഞ്ഞപ്പോൾ യേശുമറിയത്തെ നീതിമത്ക്കരിക്കയാണ് ചെയ്യുന്നത്: “മറിയം നല്ല ഭാഗം തെരഞ്ഞെടുത്തിരിക്കുന്നു. അത് അവളിൽനിന്ന് എടുക്കപ്പെടുകയില്ല".


ഔദാര്യത്തിലും സ്നേഹത്തിലും സമർപ്പണത്തിലും ഈ ശിഷ്യകളിൽ പലരും അപ്പസ്തോലന്മാരെപോലും അതിശയിക്കുന്നവരായിരുന്നു. അപ്പസ്തോലന്മാർ യേശുവിനെ ഉപേക്ഷിച്ച് ഓടിപ്പോയപ്പോഴും ഇവർ അവിടത്തെ പിന്തുടർന്ന് കാൽവരിയിലെ കുരിശിൻ ചുവട്ടിലുമെത്തുന്നു. മരണവും സംസ്ക്‌കരണവും കഴിഞ്ഞിട്ടും യേശുവിനെപ്പറ്റിയുള്ള ചിന്തയും ഓർമകളും അവരെ വിട്ടുമാറുന്നില്ല. സാബത്താചാരണം കഴിഞ്ഞ് യാത്ര ചെയ്യാൻ കഴിയുമായിരുന്ന ആദ്യ നിമിഷങ്ങളിൽത്തന്നെ അവർ കല്ലറ ലക്ഷ്യമാക്കി പുറപ്പെടുന്നു.അവിടത്തെ മൃതശരീരം അഭിഷേകം ചെയ്യാൻ എത്തിയ അവരാണ് യേശുവിൻ്റെ കല്ലറ ഒഴിഞ്ഞു കിടക്കുന്നതായി ആദ്യം കണ്ടെത്തിയത്. അവരെയാണ് മാലാഖാ യേശുവിൻ്റെ ഉയിർപ്പിനെപ്പറ്റിയുള്ള സദ്വാർത്ത ആദ്യമായി അറിയിക്കുന്നതും അപ്പോസ്തോലന്മാരെ അതറിയിക്കാൻ പറഞ്ഞയക്കുന്നതും ഉയിർപ്പിക്കപ്പെട്ട ക്രിസ്‌തുനാഥൻ്റെ ആദ്യത്തെ അഭിവാദനം കേട്ടത് അവരായിരുന്നു. അവരാണ് ആദ്യമായി അവിടത്തെ ഉയിർപ്പിൽ വിശ്വസിച്ചതും അവിടത്തെ പാദങ്ങളിൽ കെട്ടിപ്പിടിച്ചാരാധിച്ചതും (മത്താ. 28, 1-10, ലൂക്കാ 24, 8-11 യോഹന്നാന്റെ സാക്ഷ്യമനുസരിച്ച്, ഉയിർത്തെഴുന്നേറ്റ യേശുനാഥൻ ആദ്യമായി സ്വയം വെളിപ്പെടുത്തിയത് മഗ്ദാലെന മറിയത്തിനായിരുന്നു. ഉയിർപ്പിന് സാക്ഷ്യം വഹിക്കാൻ അപ്പസ്തോലന്മാരുടെ അടുത്തേക്ക് അവളെയാണ് യേശു പറഞ്ഞയച്ചത്. അങ്ങനെ അവൾ അപ്പസ്തോലന്മാരുടെ അപ്പസ്തോലയായിത്തീർന്നു. പന്തക്കുസ്താ ദിനത്തിൽ പരിശുദ്ധാത്മാവ് യേശുവിൻ്റെ ശിഷ്യരുടെമേൽ തീനാവുകളുടെ രൂപത്തിൽ എഴുന്നള്ളി വന്നപ്പോൾ അവിടത്തെ സ്വീകരിച്ചവരുടെ കൂട്ടത്തിൽ യേശുവിൻ്റെ അമ്മയായ മറിയവും ശിഷ്യകളായിരുന്ന സ്ത്രീകളും ഉണ്ടായിരുന്നുവെന്ന് വി. ലൂക്കാ സാക്ഷ്യപ്പെടുത്തുന്നു (അപ്പ. 1. 14-1512, 1-14).


മറിയം - യേശുവിനോട് ഏറ്റവുമടുത്ത് ബന്‌ധപ്പെട്ട മനുഷ്യവ്യക്‌തി


യേശുവുമായി ഏറ്റവുമധികം അടുത്തു ബന്‌ധപ്പെട്ട വ്യക്തിയും ഒരു സ്ത്രീയാണ് -പരികന്യകാമറിയം. മനുഷ്യകുലത്തിനു വേണ്ടിയുള്ള ദൈവത്തിൻ്റെ രക്ഷാകരപദ്ധതിക്ക് സമ്മതം മൂളിക്കൊണ്ട് ദൈവപുത്രന് അവൾ അമ്മയായി. ഭൗതിക തലത്തിലുള്ള മാതൃപുത്രബന്‌ധത്തിൻ്റെ ഏറ്റവും ഉദാത്തമായ മാതൃകകളാണ് യേശുവും മറിയവുമെന്ന് നമുക്കറിയാം. എന്നാൽ അതിലുമുപരി, യേശുവിനോട് തൻ്റെ രക്ഷാകര പ്രവൃത്തിയിൽ ഒരു മനുഷ്യ വ്യക്‌തിക്ക് സാധിക്കുന്നതിൻ്റെ പരമാവധി സഹകരിച്ചയാളുമാണ് മറിയം. ബേത്ലഹേമിലെ കാലിത്തൊഴുത്തു മുതൽ കാൽവരിയിലെ കുരിശിൻ ചുവടുവരെ യേശുവിനെ അനുഗമിച്ചുകൊണ്ടും, വിശ്വാസത്തിലും, സ്നേഹത്തിലും നിശേഷമായ സ്വയം സമർപ്പണത്തിലും കൂടി അവിടത്തെ രക്ഷാകര പ്രവൃത്തിയിൽ സഹകരിച്ചുകൊണ്ടും, യേശുവിലൂടെ ദൈവം നൽകിയ രക്ഷ സമ്പൂർണമായ തുറവിയോടുകൂടി മനുഷ്യകുലത്തിൻ്റെ മുഴുവൻ പ്രതിനിധിയെന്ന നിലയിൽ സ്വീകരിച്ചുകൊണ്ടും, മറിയം സഹ രക്ഷകയായിത്തീർന്നു. പാപത്തിൽ ആദത്തോടു സഹകരിച്ചതിൻ്റെ ഫലമായി ആദ്യസ്ത്രീ പുരുഷനു വിധേയയായെങ്കിൽ (ഉൽപ. 3, 16), രക്ഷാകര പ്രവൃത്തിയിൽ ദൈവത്തോട് അങ്ങേയറ്റം സഹകരിച്ചതിന്റെ ഫലമായി മറിയം മറ്റെല്ലാ സൃഷ്ടികൾക്കുമുപരി ഉയർത്തപ്പെട്ടു. അങ്ങനെ, ഒരു സൃഷ്ടിക്ക് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും ഉയർന്ന സ്‌ഥാനവും പദവിയും ഒരു സ്ത്രീക്കാണ് ലഭിച്ചിരിക്കുന്നത്.


സ്ത്രീകളുടെ നേർക്കുള്ള യേശുവിൻ്റെ മനോഭാവവും നിലപാടും സഭയിൽത്തന്നെ കൂടുതൽ പഠനത്തിനും ധ്യാനത്തിനും പ്രാർഥനക്കും വിഷയമാകേണ്ടതുണ്ട്. സഭയിൽ സ്ത്രീകൾക്ക് അർഹതയും അവകാശവുമുണ്ടെങ്കിലും, ഇനിയും ലഭിച്ചിട്ടില്ലാത്ത സ്ഥാനവും പദവിയും അംഗീകാരവും പങ്കാളിത്തവും അവർക്കു നൽകുന്നതിന് യേശുവിൻ്റെ അരൂപിയോടുള്ള തുറവി തീർച്ചയായും പ്രചോദനമാകും.

***


യേശുവും സ്ത്രീകളും (Jesus and Women)

അസ്സീസി മാസിക, ഡിസംബർ 1994

ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി കപ്പൂച്ചിന്‍

0

57

Featured Posts

Recent Posts

bottom of page