top of page

സ്വപ്നസഞ്ചാരം

Sep 7, 2023

1 min read

ജയപ്രകാശ് എറവ്

a person sleeping
Ai Generated Image

"ആ ദിവസങ്ങളില്‍ പുറത്ത് കനത്ത ഇരുട്ട്. ചന്ദ്രന്‍ പ്രകാശം ചൊരിയില്ല. നക്ഷത്രങ്ങള്‍ ആകാശത്ത് നിന്ന് വീഴും അപ്പോള്‍ മനുഷ്യപുത്രന്‍ മഹാപ്രതാപത്തോടും തേജസ്സോടുംകൂടി മേഘങ്ങളില്‍ വരുന്നത് കാണും." (മര്‍ക്കോസ് സുവിശേഷം)


കിടന്ന് കഴിഞ്ഞാല്‍ ഒരുപാട് സ്വപ്നങ്ങള്‍

ഒന്നിനു പുറകേ

ഒന്നൊന്നായി

മായക്കാഴ്ചകളായി മിന്നിമറയും.

പകലന്തിയോള പ്രവൃത്തികളൊന്നുമേ

ഇന്നേവരെ സ്വപ്നത്തില്‍

വന്നതില്ല .

പിറവി കൊണ്ടതെല്ലാം

വിചിത്രമാം ലോക കാഴ്ചകള്‍ മാത്രം.

ഒരു നിശ്ചയമില്ലയൊന്നിനും എന്ന പോല്‍ .

ഒരു ഭാഗം ഇരുള്‍ വിഴുങ്ങിയ ഭൂഖണ്ഡം.

മറുവശം തൂവിയൊഴുകും വെണ്‍നിലാവ് .

അറിയാഭാഷ തന്‍ പെരുമ്പറ കാതില്‍.

ആള്‍മറയില്ലാതെ ഭോഗിക്കുന്നവര്‍,

ആസക്തിയുടെ തിരയിളക്കത്തില്‍

ചിത്തഭ്രമത്തിലാണ്ടവര്‍,

കരിഞ്ഞ മാംസഗന്ധം,

ചിലയിടത്ത് തളം കെട്ടി

നിറഞ്ഞൊഴുകുന്ന ചോര.

ക്രൂരത നിറഞ്ഞ ശോണനയനങ്ങള്‍ .

ഭയാനകമായ ശബ്ദങ്ങളുടെ പൊട്ടിച്ചിതറല്‍,

ഞാനിതെല്ലാം കാണുന്നത്

ഒരൊറ്റ രാത്രി മയക്കത്തിലല്ല.

കാണരുതേയെന്ന

പ്രാര്‍ത്ഥനാനിരത ദിനങ്ങളിലാണ്.

കിടന്ന മുറിയില്‍ നിന്ന്

തൊട്ടടുത്ത മുറിയിലേക്ക് എത്തി നോക്കും.

നടുത്തളത്തില്‍

ഉമ്മറത്ത്

പറമ്പില്‍

സ്നേഹമതിലിനപ്പുറം

ശാന്തം മൗനം ...!

നിദ്രവിട്ടെഴുന്നേറ്റാല്‍

പതിവ് നാടകത്തിന്‍റെ തിരശ്ശീലയ്ക്കുള്ളില്‍

ഏകാഭിനയം തീര്‍ക്കുമ്പോള്‍

പിടികിട്ടാത്ത കഥാപാത്രങ്ങള്‍ വന്ന്

നിറയുകയാണ്.

ജയപ്രകാശ് എറവ്

0

0

Featured Posts

Recent Posts

bottom of page