top of page

പ്രതിസംസ്കൃതിയുടെ പാഠങ്ങള്‍

Aug 2, 2020

5 min read

ഡോ. റോയി തോമസ്
two books

അവധൂതരുടെ അടയാളങ്ങള്‍

"സ്ത്രീ, സ്ത്രീയായി ജനിക്കുകയല്ല, സ്ത്രീയായി  പരിണമിക്കുകയാണ്" എന്നെഴുതിയത് സിമോണ്‍ ദിബുവയാണ്. സ്ത്രൈണാനുഭവത്തിന്‍റെ സാധ്യതയെ അതിവിപുലമാക്കിയ ദാര്‍ശനികവ്യക്തിത്വമാണ് ബുവയുടേത്. സാര്‍ത്രും ബുവയും തമ്മിലുള്ള ബന്ധം കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ചരിത്രത്തില്‍ അങ്കിതമാണ്. സമശീര്‍ഷരായ രണ്ടുപേരുടെ ചങ്ങാത്തം സാംസ്കാരികലോകത്തെ ഭിന്നതലങ്ങളില്‍ ദീപ്തമാക്കി. സാര്‍ത്രും ബുവയും തമ്മിലുള്ള ബന്ധത്തിന്‍റെ  പല തലങ്ങളിലൂടെ സഞ്ചരിക്കുന്ന നിഷകുമാറിന്‍റെ 'അവധൂതരുടെ അടയാളങ്ങള്‍' എന്ന നോവല്‍ സ്ത്രീപുരുഷബന്ധത്തിന്‍റെ സാദ്ധ്യതകളും പരിമിതികളും വെളിവാക്കുന്നു. ദാര്‍ശനികരെന്ന നിലയില്‍ മാത്രമല്ല, മനുഷ്യരെന്ന നിലയിലും സാര്‍ത്രും സിമോണും ഈ കൃതിയില്‍ മുദ്രിതമാകുന്നു. അതിസങ്കീര്‍ണമായ ഒരു ജീവിതത്തിന്‍റെ ഇഴപിരിച്ചെടുക്കാനാണ് എഴുത്തുകാരി ശ്രമിക്കുന്നത്. "ആ മഹത്വ്യക്തിത്വങ്ങളുടെ സ്വകാര്യജീവിതത്തിന്‍റെ ഉലച്ചിലുകളെ സിമോണ്‍ എന്ന സ്ത്രീയുടെ കണ്ണിലൂടെ നോക്കിക്കണ്ടാണ് ഈ നോവല്‍ രചന നിര്‍വ്വഹിച്ചത്" എന്ന് നിഷ അനില്‍കുമാര്‍ സാക്ഷ്യപ്പെടുത്തുന്നു.

കാമില അലക്സാഡ്രോവ്സ് എന്ന സാങ്കല്പിക കഥാപാത്രത്തിലൂടെയാണ് സിമോണിന്‍റെയും സാര്‍ത്രിന്‍റെയും ജീവിതം അനാവൃതമാകുന്നത്. സിമോണിന്‍റെ പക്ഷത്തുനിന്ന് സംഭവങ്ങള്‍ നോക്കിക്കാണുമ്പോള്‍ തീര്‍ച്ചയായും സ്ത്രീപക്ഷദര്‍ശനങ്ങള്‍ക്ക് സാധ്യതയുണ്ട്. എഴുത്തുകാരിയെന്ന നിലയിലും ഒരു സാധാരണ സ്ത്രീയെന്ന നിലയിലും സിമോണ്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളാണ് നോവലില്‍ വ്യക്തമാക്കപ്പെടുന്നത്. ഒരു കാലഘട്ടത്തിന്‍റെ ചരിത്രവുമായി ആഴത്തില്‍ ബന്ധപ്പെടുത്തി ആഖ്യാനത്തെ മുന്നോട്ടുകൊണ്ടുപോകാനാണ് നോവലിസ്റ്റ് ശ്രമിക്കുന്നത്. വിശാലമാനവികതയുടെ നൂലിഴയാല്‍ നെയ്തെടുത്തതാണ് ഈ കൃതി.

ഓരോ ആത്മഭാഷണവും അവനവനിലേക്കുള്ള യാത്രയാണ് എന്ന് നാമറിയണം. അതോടൊപ്പം ഓരോ സ്ത്രീയും ഓരോ കാലത്ത് എന്നു നാം മനസ്സിലാക്കുന്നു. വ്യക്തിപരമായത് രാഷ്ട്രീയമാണെങ്കില്‍ സിമോണിന്‍റെ കാഴ്ചപ്പാടുകള്‍ സ്ത്രൈണപക്ഷരാഷ്ട്രീയത്തിന്‍റെ വെളിപ്പെടുത്തലായി മാറുന്നു: "പുരുഷന്‍ ലോകത്തെ നോക്കിക്കാണുന്ന കണ്ണോടെയല്ല പലപ്പോഴും സ്ത്രീ തന്‍റെ കാഴ്ചയെ കേന്ദ്രീകരിക്കുന്നത്" എന്നതാണ് പെണ്ണെഴുത്തിന്‍റെ കേന്ദ്രാശയം. അപ്പോള്‍ ചരിത്രവും സംസ്കാരവും സ്ത്രീപുരുഷബന്ധങ്ങളുമെല്ലാം പുതിയ പരിപ്രേക്ഷ്യത്തില്‍ വെളിപ്പെടുന്നു.

  വാഗ്ദാനങ്ങളോ ഉടമ്പടികളോ ഇല്ലാത്ത സ്വാതന്ത്ര്യപ്രഖ്യാപനമായിരുന്നു ഞങ്ങളുടെ ബന്ധത്തിന്‍റെ അടിത്തറ എന്ന് സാര്‍ത്രുമായുള്ള ബന്ധത്തെ സിമോണ്‍ നിര്‍വചിക്കുന്നു. രണ്ടു സ്വതന്ത്രവ്യക്തികള്‍ ചങ്ങാത്തം കൂടുന്നു. മനുഷ്യബന്ധങ്ങളില്‍ ഇത്തരത്തിലൊരു സാധ്യത നിലനില്ക്കുന്നുവെങ്കിലും നമുക്കിടയില്‍ അധികാരത്തിന്‍റെ സമവാക്യങ്ങള്‍ക്കാണ് പ്രാധാന്യം. സിമോണിന്‍റെ മാനദണ്ഡം ഉപയോഗിച്ചാല്‍ നമ്മുടെ സമൂഹത്തിലെ സ്ത്രീപുരുഷബന്ധത്തിന്‍റെ പരിമിതി ബോദ്ധ്യമാകും.

"സങ്കടങ്ങളില്‍നിന്നുള്ള ഒളിച്ചോട്ടമായിരുന്നു എന്‍റെ ഓരോ യാത്രയും" എന്ന് സിമോണ്‍ പറയുന്നുണ്ട്. 'മാന്‍ഡരിന്‍സ്' എന്ന നോവലിന്‍റെ രചനയുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളും സാര്‍ത്രുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നോവലില്‍ പ്രധാന കഥാതന്തുവായി വികസിക്കുന്നു. "ഹൃദയത്തെ പലപല നാരുകളായി വലിച്ചുവാരിയിടുംപോലെ അനുഭവപ്പെട്ട ആ വേദനയാണ് എന്നെ കലാപകാരിയും എഴുത്തുകാരിയും ആക്കിത്തീര്‍ത്തത്" എന്ന് സിമോണ്‍ പ്രസ്താവിക്കുന്നുണ്ട്. കുരുക്ഷേത്രയുദ്ധത്തിനു സമാനമായ ആത്മസംഘര്‍ഷങ്ങള്‍ അരങ്ങേറുന്ന മനസ്സോടെയാണ് അവര്‍ സഞ്ചരിച്ചതെന്ന് നാമറിയുന്നു. ഓരോ സ്ത്രീയുടെ യാത്രയും ഇത്തരത്തിലുള്ളതാണ് എന്ന യാഥാര്‍ത്ഥ്യവും തിരിച്ചറിയപ്പെടുന്നു. "യഥാര്‍ത്ഥത്തില്‍ അച്ഛനമ്മമാര്‍ പറയുന്നതും സമൂഹം കാലാകാലങ്ങളായി സ്ത്രീകളുടെമേല്‍ ചേര്‍ത്തുവച്ചിരിക്കുന്നതുമായ നിയമങ്ങളുമാണോ എന്‍റെ യഥാര്‍ത്ഥസ്വത്വം, തിരിച്ചറിയാന്‍ എന്നെ സഹായിക്കുക" എന്ന കാതലായ ചോദ്യമാണ് സിമോണ്‍ ഉന്നയിക്കുന്നത്. ആത്മാവിനു തൃപ്തി എന്നു തോന്നുന്നത് ചെയ്യാന്‍ ധൈര്യം കാണിക്കാത്ത പഴയതലമുറകളില്‍നിന്ന് വ്യത്യസ്തമായിരുന്നു സിമോണിന്‍റെ ജീവിതവഴിത്താരകള്‍. ആര്‍ക്കും മറ്റൊരാളാകാന്‍ കഴിയാത്തതുകൊണ്ട് സ്വന്തം വഴി കണ്ടെത്തുകയാണ് സ്ത്രീയുടെ ദൗത്യം എന്ന് സിമോണ്‍ സൂചിപ്പിക്കുന്നു. "എല്ലാ ദാര്‍ശനികരും പ്രതിഭാശാലികളും ഏതാണ്ട് ഒരേ തരം മാനസിക പിരിമുറക്കത്തിലൂടെയും ഹൃദയത്തിന്‍റെ തരിശുനിലങ്ങള്‍ താണ്ടിയുമാണ് എവിടെയെങ്കിലുമൊക്കെ എത്തിച്ചേര്‍ന്നിട്ടുള്ളത് എന്നതാണ്" അവരെ ആശ്വസിപ്പിച്ചത് എന്ന് നാം മനസ്സിലാക്കുന്നു.

"ഹൃദയത്തിന്‍റെ എല്ലാ വാതിലുകളും തുറന്നിട്ട ഒരു മനുഷ്യന്‍. പരിപൂര്‍ണനായ ഒരു മനുഷ്യന്‍" എന്നാണ് സിമോണ്‍ സാര്‍ത്രിനെ വിശേഷിപ്പിക്കുന്നത്. സാര്‍ത്ര് തടവറയിലായിരുന്ന സമയത്തെ സംഘര്‍ഷങ്ങള്‍, കത്തിടപാടുകള്‍ എല്ലാം നോവലിസ്റ്റ് സൂക്ഷ്മമായി ആലേഖനം ചെയ്യുന്നു. "ഉത്തരം കണ്ടെത്താന്‍ കഴിയാത്ത അനേകം ആകുലതകളുടെ ആകെത്തുകയാണ് നമ്മുടെയൊക്കെ ജീവിതം" എന്ന അറിവിലാണ് സിമോണ്‍ എത്തിച്ചേരുന്നത്. 'എന്തെങ്കിലും കാര്യത്തില്‍ വ്യക്തമായ ഉറപ്പ് കിട്ടിയിരുന്നെങ്കില്‍ ജീവിതത്തില്‍ അര്‍ത്ഥം കാണാമായിരുന്നു' എന്ന് ഏതു മനുഷ്യനും ചിന്തിക്കുന്നതാണ്.

  യുദ്ധത്തെ മാനവികതയ്ക്കെതിരായ കുറ്റമായി സിമോണ്‍ കാണുന്നു. "ഓരോ യുദ്ധവും വേദനകള്‍ മാത്രം തരുന്നു. അധികാരി ഒഴിച്ച് മറ്റാരിലും ദര്‍ശിക്കാന്‍ കഴിയാത്ത പുഞ്ചിരിക്കുവേണ്ടിയുള്ള പടയോട്ടമാണ് ഓരോ യുദ്ധവും" എന്നാണ് പരമാര്‍ത്ഥം. എങ്കിലും യുദ്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

സിമോണും സാര്‍ത്രും തമ്മിലുള്ള ബന്ധം കേവലം ശാരീരികമല്ല. മാനസ്സികവും ആത്മീയവുമായ തലത്തിലാണ് അതിനു സ്ഥാനം. "സാര്‍ത്രേയുടെ പുറംമോടിയിലേക്ക് ഞാനൊരിക്കലും കണ്ണോടിച്ചിട്ടില്ല. കാരണം സാര്‍ത്രേ എനിക്ക് ഊര്‍ജ്ജവും വഴികാട്ടിയുമായിരുന്നു. അതാകട്ടെ എന്‍റെ ആത്മാവിന്‍റെ ആവശ്യവും" എന്നാണ് സിമോണ്‍ പറയുന്നത്. "ഉപ്പ് പോലെയാണ് ഈ വ്യക്തിയോടുള്ള സ്നേഹം. ഇല്ലാതായാല്‍ ഊര്‍ജ്ജം നഷ്ടപ്പെടുന്ന ഒന്ന്" എന്നും അവന്‍ തുടരുന്നു. സാര്‍ത്രിന്‍റെ ചിറകിന്‍കീഴില്‍ ഒതുങ്ങാതെ അനന്തവിഹായസ്സില്‍ പറന്നുനടക്കാനുള്ള അതിയായ ആഗ്രഹവും സിമോണിനുണ്ടായിരുന്നു. അതിസാധാരണ സംഘര്‍ഷങ്ങളിലേക്ക് സിമോണ്‍ നിപതിക്കുന്നത് നാം കാണുന്നു.

"വൃക്ഷത്തിന്‍റെ വേരുകള്‍പോലെ ഉള്ളില്‍ പടര്‍ന്നിറങ്ങുന്ന കലാകാരന്‍റെ മനസ്സ്" എന്നാണ് സിമോണ്‍ സൂചിപ്പിക്കുന്നത്. യാഥാര്‍ത്ഥ്യത്തെ അതിന്‍റെ വിപ്ലവാത്മകതകളെ വികാസത്തിലൂടെ പ്രതിനിധീകരിക്കണമെന്നതാണ് അവരുടെ ആഗ്രഹം. വിശ്വാസങ്ങള്‍ തകരാന്‍ തുടങ്ങുമ്പോള്‍ ജീവിതത്തിന് നിലനില്പില്ലാതാകുന്നു. 'ഒരു സ്ത്രീക്ക് തന്‍റെ പുരുഷനെ വെല്ലുവിളിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ആന്തരികലോകം സൃഷ്ടിക്കാന്‍ ധൈര്യം ഉണ്ടാകുന്നതുവരെ അവള്‍ അടിമയായിരിക്കും' എന്ന തിരിച്ചറിവ് സിമോണ്‍ കൈവരിക്കുന്നു. 'വേദനയിലൂടെ ജനിച്ച്, വേദനയിലൂടെ ജീവിച്ച് വേദന അനുഭവിച്ച് മരിക്കേണ്ടി വരുന്ന ജന്മങ്ങള്‍' എന്നാണ് സ്ത്രീജന്മത്തെ സീമോണ്‍ നിര്‍വ്വചിക്കുന്നത്. സ്ത്രൈണാനുഭവങ്ങളെ ഈ ചെറിയ നിര്‍വ്വചനത്തില്‍ ഒതുക്കാന്‍ സീമോണിനു കഴിയുന്നു.

ജീവിതത്തെ നിലപാടുകളുമായി ചേര്‍ത്തുവയ്ക്കാന്‍ സീമോണിനു കഴിഞ്ഞു. "ആചാരങ്ങളെയും പാരമ്പര്യങ്ങളെയും കീഴ്വഴക്കങ്ങളെയും വലിച്ചെറിഞ്ഞുകളഞ്ഞപ്പോള്‍ അതെനിക്ക് ഭൂതകാലത്തിന്‍റെ ചപ്പും ചവറും ഉപയോഗിക്കുന്നതിന് തുല്യമായിരുന്നു" എന്ന നിരീക്ഷണം ശക്തമാണ്. പലതും കുടഞ്ഞെറിഞ്ഞാലേ  സ്ത്രീക്ക് സ്വതന്ത്രയാകാന്‍ സാധിക്കൂ. ഏതു സ്ത്രീയെയും ഭിന്നതലങ്ങളില്‍ സ്വതന്ത്രയാക്കേണ്ടതുണ്ട്. ചില വെല്ലുവിളികള്‍ ഏറ്റെടുത്താലേ പറഞ്ഞുതരാന്‍ സാധിക്കൂ. "പുരുഷനിര്‍മ്മിതമായ ഈ ലോകത്തില്‍ ഓരോ സ്ത്രീയും ഇരുവേഷം കെട്ടിയാടേണ്ടിവരും" എന്ന വസ്തുത സീമോണ്‍ കാണാതിരിക്കുന്നില്ല. അപ്പോഴാണ് "അവള്‍ക്കു മുന്നിലെ ജീവിതം പൊരുത്തപ്പെടലുകള്‍ അല്ല, പോരാട്ടമാണല്ലോ" എന്നറിയുന്നത്.

കലയെയും സാഹിത്യത്തെക്കുറിച്ചും സിമോണിന് ആഴത്തിലുള്ള ബോധ്യമുണ്ടായിരുന്നു. "കലയിലൂടെയും സാഹിത്യത്തിലൂടെയും തത്വചിന്തയിലൂടെയും സ്രഷ്ടാവ് നടത്തുന്ന ധര്‍മ്മം ലോകത്തെ മനുഷ്യസ്വാതന്ത്ര്യത്തിനുമേല്‍ പുനഃസ്ഥാപിക്കാനുള്ള കര്‍മ്മംതന്നെയാണ്. അത്തരമൊരു ലക്ഷ്യം നേടാനായി ഒരാള്‍ സ്വയം സ്വാതന്ത്ര്യം സ്ഥാപിച്ചെടുക്കണം". സ്വാതന്ത്ര്യമാണ് സര്‍ഗാത്മകതയുടെ അടിത്തറ. അത്തരമൊരു സ്വാതന്ത്ര്യത്തിനായുള്ള പിടച്ചിലാണ് സിമോണ്‍ നടത്തുന്നതെന്ന് നോവലില്‍നിന്ന് നാം മനസ്സിലാക്കുന്നു. ഒരു സ്ത്രീമനസ്സിന്‍റെ സമഗ്രസംത്രാസങ്ങളാണ് നാം കാണുന്നത്.

ജീവിതമല്ല, ജീവിച്ചരീതിയാണ് യഥാര്‍ത്ഥപാഠശാലയെന്ന് സിമോണിന്‍റെ ജീവിതത്തില്‍ നിന്ന് നാം മനസ്സിലാക്കുന്നു. അധികം സ്ത്രീകള്‍ക്ക് അത്തരമൊരു ജീവിതം സാധ്യമല്ല എന്ന് സിമോണിന്‍റെ കൃതികളില്‍ നിന്നും ജീവിതത്തില്‍ നിന്നും നാം തിരിച്ചറിയുന്നു. "സ്ത്രീയെന്ന രീതിയില്‍ ഞാന്‍ നേരിടുകയും കണ്ടറിയുകയും ചെയ്ത ജീവിതങ്ങളെ കുറിച്ചായിരുന്നു പലപ്പോഴും എനിക്കു കൂടുതല്‍ ഊന്നല്‍ കൊടുക്കാന്‍ സാധിച്ചിരുന്നത്" എന്നതാണ് പ്രധാനം.

'നമ്മളാരും ഒരു തരിമ്പുപോലും സമയം ഹൃദയത്തിനുവേണ്ടി ചെലവഴിക്കുന്നില്ല. തലച്ചോറില്‍ കാടുകള്‍ പൂക്കുമ്പോഴും ഹൃദയം തരിശായിക്കിടക്കുന്നു' എന്നു നിരീക്ഷിക്കുന്ന സിമോണ്‍ ആധുനിക നാഗരികതയെയാണ് വിമര്‍ശിക്കുന്നത്. തലച്ചോറും ഹൃദയവും സന്തുലിതമാകുമ്പോഴാണ് ലോകജീവിതം മനോഹരമാകുന്നത്. ചിന്തയും വികാരവും പ്രധാനമാണ്. സിമോണിന്‍റെ ധൈഷണികവും വൈകാരികവുമായ ജീവിതമാണ് നിഷ അനില്‍കുമാര്‍ ഈ നോവലില്‍ അടയാളപ്പെടുത്തുന്നത്. സിമോണ്‍ ജീവിച്ചതിന്‍റെ അടയാളങ്ങള്‍ എഴുത്തുകാരി എടുത്തുകാണിക്കുന്നു. നമ്മുടെ നോവല്‍ സാഹിത്യത്തിനും സ്ത്രീപക്ഷചിന്തകള്‍ക്കും ഈ നോവല്‍ കരുത്തുപകരുന്നു. (അവധൂതരുടെ അടയാളങ്ങള്‍ - നിഷ അനില്‍കുമാര്‍ - കൈരളി ബുക്സ്).


ധിക്കാരിയുടെ കാതല്‍

'ധിക്കാരിയുടെ കാതല്‍' എന്നത് ധിക്കാരിയായിരുന്ന സി.ജെ. തോമസിന്‍റെ പ്രയോഗമാണ്. കാതലുള്ളവനു മാത്രമേ ചിലതിനെയൊക്കെ ധിക്കരിക്കാനാവൂ. അനുസരിക്കുന്നവനല്ല, ധിക്കരിക്കുന്നവനാണ് പുതിയ വഴികള്‍ വെട്ടിത്തെളിക്കുന്നത്. എം.കുഞ്ഞാമന്‍റെ 'എതിര്' എന്ന പുസ്തകം കാതലുള്ള ധിക്കാരിയെ കാണിച്ചുതരുന്നു. 'തനിച്ചു തന്‍റെ കാലടിവെച്ചു നടന്നവന്‍' എന്ന് കുഞ്ഞാമനെ വിളിക്കാം. ആത്മകഥാപരമായ അനുഭവങ്ങള്‍ വിവരിച്ചു കൊണ്ടു തുടങ്ങുന്ന പുസ്തകം ചരിത്രം, സംസ്കാരം, വിദ്യാഭ്യാസം, മതം, ആഗോളീകരണം, സമ്പദ്ശാസ്ത്രം എന്നിങ്ങനെ പല മേഖലകളെ വിശകലനവിധേയമാക്കുന്നു. മറ്റാരും നടന്നവഴിയിലൂടെയല്ല കുഞ്ഞാമന്‍ സഞ്ചരിക്കുന്നത്. വിവാദങ്ങള്‍ക്ക് തിരികൊളുത്താവുന്നതും പ്രകോപനപരമായ കാഴ്ചപ്പാടുകളും കുഞ്ഞാമന്‍ സധൈര്യം അവതരിപ്പിക്കുന്നു. ഒരു ജൈവബുദ്ധിജീവിയുടെ കരുത്താണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്. സ്വാനുഭവങ്ങളുടെ തീക്ഷ്ണതയില്‍ നിന്നാണ് താന്‍ ജീവിതദര്‍ശനം രൂപപ്പെടുത്തിയതെന്ന് നാം മനസ്സിലാക്കുന്നു. 'ഒരുപക്ഷേ അനുസരിക്കാതിരിക്കുകയും വിധേയപ്പെടാതിരിക്കുകയും ചോദ്യം ചെയ്യുകയും ധിക്കരിക്കുകയും ചെയ്യുന്ന ഒരു സാമൂഹികസ്വത്വത്തെ, ഈ ക്രൂരമായ സംവിധാനത്തിന് അഭിമുഖംവെക്കാനുള്ള പരീക്ഷണമാണ് അദ്ദേഹത്തിന്‍റെ ബൗദ്ധികജീവിതം. അത്തരമൊരു പരീക്ഷണജീവിതത്തില്‍ ജയവും തോല്‍വിയും അപ്രസക്തമാണ്. അങ്ങനെയൊരു ജീവിതം ജീവിക്കുക എന്നതുതന്നെയാണ് പ്രസക്തം. ആ അസാധാരണമായ ജീവിതത്തിന്‍റെ ആമുഖം മാത്രമാണ് ഈ കൃതി' എന്ന് കെ. കണ്ണന്‍ ശരിയായി വിലയിരുത്തുന്നു.

"ഇരുട്ടുനിറഞ്ഞതായിരുന്നു കാലം. പേടിമാത്രം നല്‍കിയിരുന്ന സമുദായം, ജാതി പാണന്‍, അച്ഛന്‍ അയ്യപ്പന്‍, അമ്മ ലെറോണ. അവര്‍ നിരക്ഷരരായിരുന്നു. എച്ചിലെടുത്തും അത് തിന്നുമാണ് ജീവിതം. അച്ചന്‍ കന്നുപൂട്ടാന്‍ പോകും. കടുത്ത ദാരിദ്ര്യവും അടിച്ചമര്‍ത്തപ്പെട്ട ജാതിയും. ഒന്നു മറ്റൊന്നിനെ ഊട്ടി വളര്‍ത്തി." ഇപ്രകാരമാണ് കുഞ്ഞാമന്‍ തന്‍റെ ജീവിതം പറഞ്ഞുതുടങ്ങുന്നത്. ഇതില്‍ എല്ലാമുണ്ട് എന്ന് നാം മനസ്സിലാക്കുന്നു. അങ്ങനെയാണെങ്കിലും 'എന്നെ പാണന്‍ എന്നു വിളിക്കരുത്' എന്ന് അധ്യാപകരോടു പറയാനും സ്കൂളിലെ കഞ്ഞികൂടി നിര്‍ത്താനും ധിക്കാരിയായ കുഞ്ഞാമനു സാധിച്ചു. ആ ധിക്കാരവും വാശിയുമാണ് അദ്ദേഹത്തെ മുന്നോട്ടു നയിച്ചത്. വിശപ്പ് ആത്മാഭിമാനത്തെ കെടുത്തിക്കളയുമെന്നത് അദ്ദേഹം പറയുന്നുണ്ട്.

'സത്യത്തില്‍ എന്‍റെ സമൂഹം എനിക്കു തരുന്നത് അഞ്ചുകാര്യങ്ങളായിരുന്നു. ദാരിദ്ര്യം, ഭയം, അപകര്‍ഷതാബോധം , ആത്മവിശ്വാസമില്ലായ്മ, ധൈര്യമില്ലായ്മ... എന്‍റെ അധഃകൃതസമൂഹം പൈതൃകമായി തന്ന ഭയത്തില്‍ നിന്നും അപകര്‍ഷതാബോധത്തില്‍ നിന്നും ധൈര്യമില്ലായ്മയില്‍ നിന്നും ഇന്നും മുക്തനായിട്ടില്ല. അന്നത്തെ അനുഭവങ്ങളാണ് എന്നെ രൂപപ്പെടുത്തിയത്'. ഒന്നും മൂടിവയ്ക്കാത്ത കുഞ്ഞാമന്‍ വ്യക്തമാക്കുന്നു. സന്തോഷിക്കാനുള്ള അവസരമില്ലാതെ ജീവിച്ച കുഞ്ഞാമന്‍ ഓര്‍മ്മകളെ ഭയക്കുന്നു. വ്യവസ്ഥിതിയോടുള്ള അതൃപ്തി അദ്ദേഹത്തെ ധിക്കാരിയാക്കി. 'എനിക്ക് എതിര്‍പ്പ് പ്രകടിപ്പിച്ചേ കഴിയൂ. അതെന്‍റെ ധാര്‍മ്മികവും സാമൂഹികവുമായ ഉത്തരവാദിത്വമാണ്' എന്ന് കുഞ്ഞാമന്‍ വിളിച്ചുപറയുന്നു.

'ഞാന്‍ വ്യക്തിപൂജ നടത്തുന്നയാളല്ല. എന്‍റെ കാഴ്ചപ്പാടില്‍ വലിയവരും ചെറിയവരും ഇല്ല; മനുഷ്യരേയുള്ളൂ. ആരും റോള്‍മോഡല്‍ അല്ല.. ഞാന്‍ ജീവിതത്തില്‍ ഇഷ്ടപ്പെടുന്നത് നിഷേധികളെയും ധിക്കാരികളെയുമാണ്' എന്ന് വിളിച്ചുപറയാന്‍ അദ്ദേഹത്തിനു മടിയില്ല. കാതലുള്ള ഈ നിഷേധിയെ മനസ്സിലാക്കുകയാണ് നമ്മുടെ ഉത്തരവാദിത്വം. 'മുഖ്യധാര ആശയങ്ങള്‍ പലപ്പോഴും ഇന്നത്തെ ആശയങ്ങളാണ്, എന്നാല്‍ പാര്‍ശ്വവല്‍കൃത അഭിപ്രായങ്ങള്‍ നാളത്തെ അഭിപ്രായങ്ങളാണ്' എന്നതാണ് കുഞ്ഞാമന്‍റെ വീക്ഷണം. വിജ്ഞാനത്തിനല്ല, ചിന്തകയ്ക്കാണ് അദ്ദേഹം പ്രാധാന്യം കല്പിക്കുന്നത്.

ഉന്നതവിദ്യാഭ്യാസരംഗത്തും മറ്റും നിലനില്‍ക്കുന്ന ജാതിവിവേചനങ്ങളെ കുഞ്ഞാമന്‍ തുറന്നുകാട്ടുന്നു. ജാതിവ്യവസ്ഥ എങ്ങനെയെല്ലാം അധഃകൃതരെ വരിഞ്ഞുമുറുക്കുന്നുവെന്നതാണ് അദ്ദേഹത്തിന്‍റെ അന്വേഷണവിഷയം. ശരിയായ സ്വാതന്ത്ര്യം വിയോജിക്കാനുള്ള അവകാശമാണ് എന്നതാണ് കുഞ്ഞാമന്‍റെ കാഴ്ചപ്പാട്. 'ഉന്നതവിദ്യാഭ്യാസമേഖലയുടെ പുറമ്പോക്കില്‍ കുടില്‍ക്കെട്ടി ജീവിക്കുന്ന ഒരു ചാത്തനാണ് ഞാന്‍' എന്നതാണ് അദ്ദേഹം സ്വയം നിര്‍വചിക്കുന്നത്. അഭിമാനമുള്ളവര്‍ക്കേ ഭയമില്ലാതിരിക്കൂ, അവരേ വളരൂ' എന്നതാണ് അദ്ദേഹത്തിന്‍റെ ആദര്‍ശം.

നീതിയിലധിഷ്ഠിതമായിരിക്കണം വളര്‍ച്ച എന്നാണ് കുഞ്ഞാമന്‍ പറയുന്നത്. നീതി കിട്ടാത്തവര്‍ നിലനില്‍ക്കുമ്പോള്‍ വളര്‍ച്ചയെക്കുറിച്ചുള്ള വായ്ത്താരികള്‍ക്ക് പ്രസക്തിയില്ല. ഭൂമിയുടെ അവകാശികള്‍ ആര്, വികസനം ആര്‍ക്കുവേണ്ടി എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ പ്രസക്തമാകുന്നു. 'ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും, മനുഷ്യപുരോഗതിക്ക് രാഷ്ട്രീയപാര്‍ട്ടികളും മതവും ഒരു സംഭാവനയും നല്‍കിയിട്ടില്ല. സാംസ്കാരിക പുരോഗതിയെ പുറകോട്ടടിക്കുന്ന ഘടകങ്ങളാണ് ഇവ രണ്ടും' എന്നാണ് കുഞ്ഞാമന്‍ നിരീക്ഷിക്കുന്നത്. ഇന്ത്യയില്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ടതും ഘടനാപരവുമായ നീതിരാഹിത്യം നിര്‍മാര്‍ജനം ചെയ്യാന്‍ നിലവിലുള്ള രാഷ്ട്രീയവ്യവസ്ഥയ്ക്ക് സാധ്യമല്ല എന്നതാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. ഇതിനെ മറികടക്കണമെങ്കില്‍ ശക്തമായി കീഴാളപ്രതിരോധം ഉയര്‍ന്നുവരണം എന്നതാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

"ഏറെ സഞ്ചരിച്ചു. പലതരം അനുഭവങ്ങളിലൂടെ കടന്നുപോയി. ഏറെയും അതിതീക്ഷ്ണമായിരുന്നു. പുറപ്പെട്ട ഇടം ഇന്നും ഒരു മാറ്റവുമില്ലാതെ കിടക്കുകയാണ്. പലരും മുരടിച്ച അവസ്ഥയില്‍തന്നെയാണ്' എന്നു പറഞ്ഞുകൊണ്ടാണ് കുഞ്ഞാമന്‍ അവസാനിപ്പിക്കുന്നത്. ഗ്രന്ഥകാരന്‍റെ നിരീക്ഷണങ്ങള്‍ പലതും നമ്മുടെ മുന്‍ധാരണകളെ അപനിര്‍മ്മിക്കുന്നതാണ്. "ഇത് പരാജയപ്പെടുത്തപ്പെട്ട ഒരാളുടെ വിചാരങ്ങളാണ്, വ്യവസ്ഥിതിയാല്‍ നിസ്സഹായനാക്കപ്പെട്ട ഒരാളുടെ. അത്തരം വ്യക്തികളുടെ ചിന്തകള്‍ക്കും സാമൂഹികജീവിതത്തിലും ചരിത്രത്തിലും ഒരു ഇടം വേണം. അവ രേഖപ്പെടുത്തപ്പെടണം, കാരണം പരാജയങ്ങളാണ് ഈ പ്രപഞ്ചത്തെ സംബന്ധിച്ച യഥാര്‍ത്ഥപാഠങ്ങള്‍. മാറിക്കൊണ്ടിരിക്കുന്ന കാലത്തിനും തലമുറകള്‍ക്കുമായി ഓരോ വ്യക്തിയും സമര്‍പ്പിക്കാനുള്ളത് ഇതുപോലെ പരാജയങ്ങളില്‍ നിന്ന് രൂപപ്പെട്ട പാഠങ്ങളായിരിക്കണം" എന്നാണ് ഗ്രന്ഥകാരന്‍ പറഞ്ഞു നിര്‍ത്തുന്നത്.

ഈ പുസ്തകത്തിലൂടെയുള്ള സഞ്ചാരം നമ്മെ അസ്വസ്ഥരാക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ചരിത്രത്തെ, സംസ്കാരത്തെ, രാഷ്ട്രീയത്തെ, സമൂഹത്തെ അപനിര്‍മ്മിക്കുന്ന ജൈവബുദ്ധിജീവിയെയാണ് 'എതിരി'ല്‍ നാം കണ്ടുമുട്ടുന്നത്. (എതിര് - എം.കുഞ്ഞാമന്‍ - ഡി.സി. ബുക്സ്).

ഡോ. റോയി തോമസ്

0

0

Featured Posts

bottom of page