
സൂസന്നയുടെ കഥ അരങ്ങേറുന്നത് ബാബിലോണിൽ വച്ചാണ്. ഇസ്രായേൽക്കാരുടെ ശത്രു രാജ്യമായി കണക്കാക്കപ്പെട്ടിരുന്ന ബാബിലോണിൽ ജീവിച്ചിരുന്ന ജോവാക്കിം എന്ന യഹൂദൻ വളരെ സമ്പന്നനായിരുന്നു. അയാൾ അതീവ സുന്ദരിയായ ഒരു സ്ത്രീയെയാണ് വിവാഹം ചെയ്തത്. അവളാണ് സൂസന്ന. യഹൂദ ജനതയുടെ ന്യായാധിപന്മാരായി ഔദ്യോഗികമായി നിയമനം ലഭിച്ച രണ്ട് മൂപ്പന്മാർ അവിടെയെത്തി. സമ്പന്നനും ബഹുമാന്യനും ആയിരുന്ന ജൊവാക്കിമിൻ്റെ വീട്ടിൽ പലപ്പോഴും പല കാര്യങ്ങൾക്കായി അവർ എത്തിച്ചേർന്നിരുന്നു. സ്വാഭാവികമായും അവർക്ക് നല്ല സ്വീകരണം ലഭിക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് അയാളുടെ സുന്ദരിയായ ഭാര്യയിൽ അവർ കണ്ണുവയ്ക്കുന്നത്. ഒരു ഉച്ചനേരത്ത് അവരുടെ സ്വകാര്യ ഉദ്യാനത്തിലെ പൊയ്കയിൽ അവൾ കുളിക്കാൻ ഇറങ്ങിയപ്പോൾ നേരത്തേതന്നെ ഉദ്യാനത്തിൽ ഒളിച്ചിരിക്കുകയായിരുന്ന മൂപ്പന്മാർ തങ്ങളുടെ ഇംഗിതം നിറവേറ്റുന്നതിനായി അവളെ സമീപിച്ചുപോൽ. അവൾ വഴങ്ങാതെ വന്നപ്പോൾ അവർ ബഹളം വെച്ച് ആളെക്കൂട്ടി അവളെ ഒരു ചെറുപ്പക്കാരനോടൊപ്പം ശയിക്കുന്നതായി കണ്ടു എന്ന് ആരോപിക്കുന്നു. അവളുടെ കുടുംബക്കാരും കൂട്ടുകാരും അവളെ അറിയാവുന്നവരും ദുഃഖിതരായെങ്കിലും ജനക്കൂട്ടം മൂപ്പന്മാരെയാണ് വിശ്വസിക്കുന്നത്. അങ്ങനെ, ന്യായാധിപന്മാരായ മൂപ്പന്മാർതന്നെ അവളെ വധശിക്ഷക്ക് വിധിക്കുന്നു.
അപ്പോൾ, ദാനിയേൽ എന്ന ഒരു ചെറുപ്പക്കാരനിലെ പരിശുദ്ധാത്മാവിനെ ദൈവം ഉണർത്തുന്നു. ന്യായാധിപന്മാരെ ഇരുവരെയും പരസ്പരം വേർപെടുത്തി, ഒറ്റയ്ക്ക് ഒറ്റയ്ക്ക് ദാനിയേൽ അവരെ ചോദ്യം ചെയ്യുന്നു. അങ്ങനെ, അവർ ചമച്ച കള്ളക്കഥയായിരുന്നു സൂസന്നയുടെ മേലുള്ള ആരോപണം എന്ന് ആ ചെറുപ്പക്കാരൻ തെളിയിക്കുന്നു. സൂസന്നയ്ക്ക് പകരം അവരാണ് വധിക്കപ്പെടുന്നത്.
മൂപ്പന്മാരാണെന്നിരിക്കിലും, ന്യായപ്രകാരം ഔദ്യോഗികമായിത്തന്നെ നിയമിതരായ ന്യായാധിപന്മാരാണെന്നിരിക്കിലും, സ്വാർത്ഥപരമായ ലക്ഷ്യങ്ങളാൽ നിഷ്കളങ്കരെ അപായപ്പെടുത്തുന്നതിനായി സ്വന്തം പദവികളെ ദുരുപയോഗപ്പെടുത്തിയെന്നാൽ, ആരിലെതന്നെ പരിശുദ്ധാത്മാവിനെ ദൈവം ഉണർത്തുകയില്ല എന്നാരുകണ്ടു!?