top of page

നീതി

Feb 1, 2015

2 min read

Assisi Magazine
Harassment against women.

ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥകള്‍ ഇന്നും എത്രയോ ദുര്‍ബലവും അഴിമതിപൂര്‍ണ്ണവും ആണ് എന്ന് ഈ സംഭവം വ്യക്തമാക്കുന്നു.


പലരും പറയുന്നുണ്ട്. സമയം പായുകയാണെന്ന്. പക്ഷേ എനിക്ക് അങ്ങനെ അല്ല. പത്തുവര്‍ഷം മുമ്പ് എന്‍റെ സമയം നിശ്ചലമായതാണ്. ഇന്നും അങ്ങനെതന്നെ നില്‍ക്കുന്നു. നീതിക്കുവേണ്ടി കാത്തിരിക്കുന്ന, കൂട്ടബലാത്കാരത്തിന് വിധേയ ആയ ഇര.


രണ്ടായിരത്തി അഞ്ച് മെയ് രണ്ട് എന്ന ദിനത്തെപറ്റി ഓര്‍ക്കുമ്പോള്‍ ഇന്നും നട്ടെല്ലിലൂടെ ഒരു തരിപ്പാണ് കയറി ഇറങ്ങുന്നത്. കൗമാരത്തിലേക്ക് കാലെടുത്ത് വച്ചതേ ഉണ്ടായിരുന്നുള്ളൂ ഞാന്‍. ലക്നൗവിലെ ആഷിയാന കോംപ്ലക്സിലെ ഒരു വീട്ടിലെ ജോലികഴിഞ്ഞ് ഞാന്‍ എന്‍റെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വഴിയരികിലൂടെ നടന്ന് നീങ്ങിയ എന്നെ ഒരു നിമിഷനേരംകൊണ്ടാണ് അടുത്തേയ്ക്ക് വന്ന കാറിലേയ്ക്ക് അതിലുണ്ടായിരുന്നയാള്‍ വലിച്ചിട്ടത്. ആറ് പേരുണ്ടായിരുന്നു അവര്‍. തുടര്‍ന്ന് നടന്നത് ക്രൂരമായ പീഡനം. സിഗരറ്റ് കുറ്റികള്‍കൊണ്ട് അവര്‍ എന്നെ പൊള്ളിച്ചു. എന്‍റെ ശരീരത്തെ അവര്‍ ചവിട്ടി അരച്ചു. രണ്ടുകൈയ്യും കൂപ്പി ഞാന്‍ അവരോട് എന്നെ ഉപദ്രവിക്കരുതേ എന്ന് കേണപേക്ഷിച്ചു. പക്ഷേ അവര്‍ അത് ചെവിക്കൊണ്ടില്ല. ഒടുവില്‍ മരിച്ചു എന്ന് കരുതി അവര്‍ എന്നെ ഒരു വയലില്‍ ഉപേക്ഷിച്ചു കടന്നുപോയി. പക്ഷേ ദൈവം എന്‍റെ ജീവനെ കാത്തു.


അന്നുണ്ടായിരുന്ന ആറ് പേരില്‍ അഞ്ചു പേരെ കോടതി കുറ്റക്കാരെന്നു വിധി എഴുതി. അതില്‍ രണ്ടു പേര്‍ അപകടത്തില്‍ മരണമടഞ്ഞു. ആ ഗ്രൂപ്പിന്‍റെ നേതാവ് ഒരു ഉയര്‍ന്ന രാഷ്ട്രീയക്കാരന്‍റെ ബന്ധുവാണ്. ഇനിയും അവശേഷിക്കുന്ന മൂന്ന് പേര്‍ വളരെ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നു. എന്നാല്‍ ഞാന്‍ ഇന്നും അഷിയാന കൂട്ടബലാത്സംഗത്തിന്‍റെ ഇര എന്ന പേരില്‍ മുഖം മറച്ച് നടക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.


കോടതിവിധി താമസിപ്പിക്കാന്‍ അവര്‍ തങ്ങളുടെ അധികാരവും പണവും സ്വാധീനവും ഉപയോഗിച്ചിരിക്കുന്നു. സംഭവം നടന്നിട്ട് എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബാലനീതി കോടതി എന്നെ ഉപദ്രവിച്ചവര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ അല്ല എന്ന ഒരു വിധി പുറപ്പെടുവിച്ചത്.


എന്‍റെ അപ്പ ഒരു 50 തവണയില്‍ കൂടുതല്‍ ഈ ഒരു കാര്യത്തിനായി കോടതി കയറി ഇറങ്ങി കഴിഞ്ഞു. പക്ഷേ കേസ് ഇന്നും മുന്‍പോട്ട് പോയിട്ടില്ല. ചിലപ്പോള്‍ ജഡ്ജി അവധി ആയിരിക്കും, ചിലപ്പോള്‍ പ്രതിഭാഗം വക്കീല്‍ വരില്ല. ഇനി ചിലസമയങ്ങളില്‍ ആകട്ടെ നിസ്സാരകാരണങ്ങളുടെ പേരില്‍ പ്രതി കോടതിയില്‍നിന്ന് അവധി എടുക്കും.


എന്‍റെ അപ്പന്‍ പാഴ്വസ്തുക്കള്‍ വിറ്റ് ഉപജീവനം നടത്തുന്ന ആളാണ്. ഓരോ ദിവസവും കോടതിയില്‍ പോകേണ്ടിവരുമ്പോള്‍ ജോലി ഉപേക്ഷിക്കേണ്ടിവരും. ഫലമോ വീട്ടില്‍ പട്ടിണിയും. ഇത്രയും നാളായിട്ട് ഒന്നാം പ്രതിയുടെ കുറ്റവിചാരണ തുടങ്ങിയതും ഇല്ല.


ആളുകള്‍ പറയുന്നത് കേട്ടു അവന്‍ കല്യാണം കഴിച്ച് ഒരു കുട്ടിയും ആയി കഴിയുകയാണെന്ന്. പക്ഷേ ഞാന്‍ ഇന്നും 13 വയസുള്ള കുട്ടിതന്നെ ആയി നില്‍ക്കുന്നു. എനിക്ക് മുന്നോട്ട് പോകാന്‍ പറ്റുന്നില്ല. വീടുകളിലെ പീഡനം സഹിക്കവയ്യാതെ ഹെല്‍പ്പലൈന്‍ ആയ 181 ല്‍ ഡല്‍ഹിയില്‍ ലഭിച്ച കോളുകള്‍ 79000 ആണ്.


ജീവിതത്തില്‍ ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ആ സംഭവം ഞാന്‍ കോടതിയില്‍ വിവരിക്കേണ്ടിവന്നത് 28 തവണ ആണ്. ഓരോതവണ പറയുമ്പോഴും എന്നില്‍ ആ പീഡനങ്ങള്‍ വീണ്ടും അരങ്ങേറുകയായിരുന്നു. എന്തേ ഇവര്‍ക്ക് ഇത് ഒരിക്കല്‍ റെക്കോര്‍ഡ് ചെയ്ത് വച്ച് പിന്നീട് കേട്ടുകൂടാ?


എന്‍റെ കേസ്കൊണ്ടുതന്നെ അപ്പന്‍റെമേല്‍ ഇപ്പോള്‍ ചുമക്കന്‍ പറ്റാത്ത ഭാരമാണ്. അതുകൊണ്ടുതന്നെ എന്‍റെ ഇളയ അനുജത്തി ഇന്നും സ്കൂള്‍ കണ്ടിട്ടില്ല.


പക്ഷേ ഞാന്‍ എന്‍റെ സ്വപ്നം പൂവണിയാന്‍വേണ്ടി പത്താം ക്ലാസ് പ്രൈവറ്റായി പഠിക്കുകയാണ്. എനിക്ക് ഒരു ജഡ്ജി ആകണം. എന്തിനെന്നോ? നീതിനിഷേധിക്കപ്പെടുന്ന എന്നെപ്പോലുള്ള പെണ്‍കുട്ടികള്‍ക്ക് നീതി നടത്തിയെടുക്കാന്‍.


ഞാന്‍ പ്രാര്‍ത്ഥന നടത്താറില്ല. ഉപവാസവും നോക്കാറില്ല. എന്നാല്‍ എന്‍റെ ഉപദ്രവിച്ചവര്‍ ശിക്ഷിക്കപ്പെടുമ്പോള്‍ അജ്നീറിലെ പള്ളിയില്‍ ഞാന്‍ പോകും.


ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന്‍റെ ഇരയ്ക്ക് നീതി ലഭിച്ചതായി ഞാന്‍ പത്രത്തില്‍ കണ്ടു. എന്തേ എനിക്ക് നീതി ലഭിക്കാന്‍ ഞാന്‍ മരിക്കേണ്ടതുണ്ടായിരുന്നോ?


എന്നെ ഉപദ്രവിച്ചവന്‍ BMW കാറില്‍ നടക്കുന്നു. അവന് ചുറ്റും തോക്കുധാരികളും. ഈ കാഴ്ച എന്നെ കുറച്ചൊന്നും അല്ല വേദനിപ്പിക്കുന്നത്.


കേസ് പിന്‍വലിക്കാന്‍ അവര്‍ എനിക്ക് വലിയ തുക വാഗ്ദാനം തന്നു. നടക്കില്ലായെന്ന് മനസ്സിലായപ്പോള്‍ ഭീഷണി ആയിരുന്നു. പക്ഷേ ഞാന്‍ എന്‍റെ പോരാട്ടം അവസാനിപ്പിക്കില്ല.


വലിയവരോട് യുദ്ധം ചെയ്യുക എന്നത് ഞങ്ങളെപ്പോലുള്ള പാവങ്ങള്‍ക്ക് ദുഷ്കരം ആണ്. പലപ്പോഴും എന്‍റെ കുടുംബം ഈ നെരിപ്പോടില്‍ മനംനൊന്ത് തിരികെ ഞങ്ങളുടെ സ്വദേശം ആയ ആസ്സാമിലേക്ക് തിരിച്ചുപോകാം എന്ന് എന്നെ നിര്‍ബന്ധിച്ചിട്ടുണ്ട്. പക്ഷേ ഞാന്‍ അവരെ അതിന് സമ്മതിക്കില്ല. കുറ്റവാളികളെപ്പോലെ ഞാന്‍ എന്തിനാണ് പിന്‍മാറുന്നത്? നാടു വിടുന്നത്? ഞങ്ങള്‍ തെറ്റുകാരല്ലല്ലോ.


എനിക്ക് കാണണം, എങ്ങനെ എനിക്ക് എന്‍റെ നീതി നിഷേധിക്കപ്പെടും എന്ന്. എന്‍റെ അമ്മ പറയാറുണ്ട് എല്ലാം കാണുന്ന ഒരുവന്‍ മുകളില്‍ ഇരുപ്പുണ്ട്. എനിക്ക് കാണണം, എങ്ങനെ അവന്‍ എനിക്ക് നീതി നടപ്പാക്കിത്തരുമെന്ന്.




Featured Posts

Recent Posts

bottom of page