top of page

കാന്താരി

Oct 15, 2017

3 min read

ആന്‍ മേരി
social change

ആന്‍ മേരി

(മാര്‍ ഇവാനിയൂസ് കോളേജ് ഒന്നാം വര്‍ഷ ബി.എ. ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനി)


നോമ്പു എന്ന കാഴ്ചയില്ലാത്ത ഒരു കുട്ടിയോട് അവര്‍ ചോദിച്ചു - "നിനക്ക് ഭാവിയില്‍ എന്താകാനാണ് ആഗ്രഹം?"


അവന്‍ പറഞ്ഞു: "എനിക്ക് ഒരു ടാക്സി ഡ്രൈവര്‍ ആകണം."


"നിനക്ക് കാഴ്ചശക്തി ഇല്ലല്ലോ. ഒരു ഡ്രൈവര്‍ ആകാന്‍ എങ്ങനെ സാധിക്കും?" - അവര്‍ മൗനം പാലിച്ചതല്ലാതെ സ്വാഭാവികമായി നാം ചോദിക്കുവാനായി ഒരുമ്പെടുന്ന ചോദ്യങ്ങളൊന്നും അവനോട് ആരാഞ്ഞില്ല. 


നാളുകള്‍ക്കു ശേഷം അവര്‍ വീണ്ടും അവനോടു ചോദിച്ചു: "നോമ്പൂ, ഇപ്പോള്‍ നിനക്ക് എന്താകണമെന്നാണ് ആഗ്രഹം?"


"എനിക്ക് ഒരു ടാക്സി കമ്പനി നടത്തിക്കൊണ്ടു പോകണം." നോമ്പു പറഞ്ഞു. 

തീര്‍ച്ചയായും ഈ 'അവര്‍' ആരാണ് എന്ന ചിന്ത വായനക്കാരില്‍ ഉളവായി എന്ന ബോധ്യത്തോടുകൂടി തന്നെ പറഞ്ഞുകൊള്ളട്ടെ.


'അവരാണ്' - കാന്താരി. 


'സാമൂഹ്യമാറ്റം നവീകരണത്തിലൂടെ' എന്ന ആപ്തവാക്യവുമായി 2007 - ല്‍ Iinternational Institute for Social Entrepreneurs എന്ന പേരില്‍ സബ്രിയെ ടെന്‍മ്പെര്‍ക്കനും, പോള്‍ ക്രോനെന്‍മ്പെര്‍ഗും തിരുവനന്തപുരത്ത് മുകളൂര്‍മല, ഊക്കോട് എന്ന സ്ഥലത്ത് ആരംഭിച്ചതാണ് ഈ പ്രസ്ഥാനം. 

സ്വന്തം കാഴ്ചയിലേക്ക് സൂര്യന്‍ പ്രകാശിക്കാറില്ലെങ്കിലും, മിന്നല്‍ വെളിച്ചമുതിര്‍ക്കാറില്ലെങ്കിലും വസന്തത്തില്‍ വൃക്ഷങ്ങള്‍ പച്ചയുടുപ്പണിയാറില്ലെങ്കിലും അവയുടെ അസ്തിത്വം ഇല്ലാതാകുന്നില്ലെന്നു മനസ്സിലാക്കിയ, വിരല്‍ത്തുമ്പില്‍ ആത്മാവും മസ്തിഷ്കവും ഉള്ള ഹെലന്‍ കെല്ലര്‍ എന്ന അസാധാരണ വ്യക്തിത്വത്തെ സബ്രിയയെ കാണുമ്പോള്‍ പലപ്പോഴായി മനസ്സില്‍ കടന്നുവരും. 

വെളിച്ചത്തിന്‍റെ ലോകത്തില്‍ അധിക കാലം ജീവിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ലാത്ത സബ്രിയെയ്ക്ക് നീതിയില്‍ അധിഷ്ഠിതമായ സാമൂഹിക മാറ്റത്തിനു വേണ്ടിയുള്ള നേതൃത്വ പരിശീലന കേന്ദ്രം ആരംഭിക്കുവാനുള്ള ഉള്‍ക്കരുത്ത് ഒരു ബദലാകാന്‍ ത്വരയുള്ളതു കൊണ്ടു തന്നെയാണ് എന്നു പറയാം. 

കാണുന്ന കാഴ്ചയല്ല ഉള്‍ക്കാഴ്ചയാണ് പ്രധാനം എന്ന് സബ്രിയെയുടെ പ്രവര്‍ത്തനങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഈ ഉള്‍ക്കാഴ്ചയ്ക്ക് താങ്ങും തണലും, വളവും ആയി സബ്രിയെയുടെ ഒപ്പം പോള്‍ ക്രോനെന്‍ബെര്‍ഗും. അദ്ദേഹത്തെപ്പറ്റി പറയുമ്പോള്‍ വി. അല്‍ഫോന്‍സാമ്മയുടെ വാക്യങ്ങള്‍ ഓര്‍ത്തുപോകുന്നു. 

'ചെടിയുടെ ചുവട്ടില്‍ കിടക്കുന്ന വെട്ടിയിലയും വട്ടയിലയും ചീഞ്ഞു ചീഞ്ഞു ചെടിക്ക് വളമായിത്തീരും. അപ്പോള്‍ ചെടിയില്‍ നല്ല പുഷ്പങ്ങളുണ്ടാകും. പൂക്കള്‍ എല്ലാവരും കണ്ട് സന്തോഷിക്കുന്നു. എന്നാല്‍ വളമായി തീര്‍ന്ന വട്ടയിലയുടെയും വെട്ടിയിലയുടെയും കാര്യങ്ങള്‍ ആരു വിചാരിക്കുന്നു? നമുക്ക് എന്നും വളമായിക്കിടന്നാല്‍ മതി.'

അതെ, വളമായി കിടക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. സ്വന്തം കാര്യങ്ങള്‍ പറയുന്നതിനെക്കാള്‍ അദ്ദേഹം വാചാലനാകുന്നത് സബ്രിയെ പറ്റി പറയുമ്പോഴാണ്. തങ്ങള്‍ കണ്ടു മുട്ടിയ കഥ പറഞ്ഞു തുടങ്ങിയതു തന്നെ - നല്ല കഥകള്‍ - 'ഒരിടത്ത് ഒരിടത്ത്' എന്നാണ് ആരംഭിക്കുന്നത് എന്ന് പറഞ്ഞാണ്. ഈ പ്രസ്ഥാനത്തിന്‍റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഒരുപാട് നല്ല മനസ്സുകളും അവിടെ ഉണ്ട്.

വീടിന്‍റെ പിന്നാമ്പുറങ്ങളില്‍ പണ്ടൊക്കെ ധാരാളമായി വളര്‍ന്നുവരുന്ന ചെടിയായിരുന്നു കാന്താരി. ചെറുതാണെങ്കിലും ഒരുപാട് ഗുണങ്ങളുള്ളവയാണ് അവ. എരിവു മാത്രമല്ല അതിന്‍റെ പ്രത്യേകത. ഔഷധഗുണം നിറഞ്ഞു നില്‍ക്കുന്ന സസ്യം കൂടിയാണ് അത്. 

ഒരിക്കല്‍ ഭക്ഷണത്തിനായി ഇരിക്കെ, സബ്രിയെ കാന്താരി അറിയാതെ കടിക്കുകയുണ്ടായി. അന്നുവരെ കാന്താരി എന്താണ് എന്ന് സബ്രിയെക്ക് യാതൊരു അറിവും ഇല്ലായിരുന്നു. ഇതിനെപ്പറ്റി കൂടുതല്‍ അന്വേഷിച്ചപ്പോള്‍ എന്തുകൊണ്ട് തന്‍റെ സ്ഥാപനത്തിന് ഈ പേര് ഇട്ടുകൂടാ എന്ന ചിന്തയിലാണ് 'കാന്താരി' എന്ന പേര് നിര്‍ദ്ദേശിക്കപ്പെട്ടത്. 

ജീവിതത്തിന്‍റെ പല ഘട്ടങ്ങളിലായി പ്രതിസന്ധി നേരിട്ടവരാണ് ഇതിലെ പങ്കാളികളെല്ലാവരും. കാന്താരി കൈകാര്യം ചെയ്യുന്നത് പ്രത്യേക പരിഗണന വേണ്ടിയ വ്യക്തികളെയാണ്. സാമൂഹ്യമാറ്റങ്ങള്‍ക്കു വേണ്ടിയുള്ള ചാലക ശക്തിയായി സധൈര്യം മുന്നോട്ടു പോവുകയാണ് 'കാന്താരികള്‍'. കുറേ ഘട്ടങ്ങളിലായി നടത്തുന്ന പരിശീലനങ്ങളിലൂടെ വലിയ ചിന്തകളും, ഉറച്ച സ്വപ്നങ്ങളും ജീവിതത്തിന്‍റെ ഭാഗമാക്കുവാന്‍ ഇക്കൂട്ടരെ കാന്താരി പ്രാപ്തരാക്കുന്നു. കീഴടക്കുവാനുള്ള പുതിയ ചക്രവാളങ്ങള്‍ അവര്‍ക്ക് ഇതിലൂടെ തുറന്നു കിട്ടുന്നു. തൊഴില്‍ അധിഷ്ഠിത ബദല്‍ വിദ്യാഭ്യാസ രീതി കാന്താരിയുടെ പ്രത്യേകതയാണ്. മുന്‍പ് സൂചിപ്പിച്ചതു പോലെ ലോകത്തെ തന്നെ മാറ്റി മറിക്കുവാന്‍ ഒരുമ്പെട്ട ഒരുകൂട്ടം അന്വേഷകര്‍.

 കാന്താരി സ്ഥിതി ചെയ്യുന്ന അന്തരീക്ഷവും വളരെയധികം മനോഹരമാണ്. കായലും പച്ചപ്പും കെട്ടിടനിര്‍മ്മിതിയും എല്ലാം ഒരു ആകര്‍ഷണബിന്ദു തന്നെയാണ്. പ്രകൃതിക്ക് ദോഷം വരാതെയുള്ള പ്രവര്‍ത്തനങ്ങളാണ് അവിടെ കൂടുതലും. പിന്നിട്ട ഏഴു വര്‍ഷങ്ങളിലായി കാന്താരിക്ക് 37 രാജ്യങ്ങളില്‍ നിന്നായി 141 പങ്കാളികളും 85 ഉത്സാഹികളായ സാമൂഹ്യ സാഹസിക സംരംഭകരും 1000 ല്‍ അധികം Beneficiaries ഉം ഉണ്ട്. ഇതുവരെ ലോകമെമ്പാടുമായി അവര്‍ 125 പ്രോജക്ടുകള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു. നക്ഷത്രങ്ങളല്ല നമ്മുടെ ഭാവി തീരുമാനിക്കുന്നത് നമ്മള്‍ തന്നെയാണ് എന്ന് കാന്താരിയുടെ ഓരോ പ്രവര്‍ത്തനങ്ങളും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. 

സ്വപ്നത്തെ ശരിയായ ലക്ഷ്യത്തിലേക്ക് കൊണ്ടുപോകുവാനുള്ള ഇന്ധനം ഇവിടെ നിന്ന് സ്വാംശീകരിക്കുവാന്‍ ഇതിലെ പങ്കാളികള്‍ക്കു സാധിക്കുന്നു. സമൂഹത്തിന്‍റെ ന്യൂനതകള്‍ കൊണ്ട് ഒറ്റപ്പെട്ടു പോകുന്നവര്‍ക്ക് സാന്ത്വനമാണ് ഈ പ്രസ്ഥാനം. 

മാതൃകകളുടെ അഭാവം കൊണ്ടാണ് ഞാന്‍ മുന്നോട്ടു പോകാത്തത് എന്ന് പറയുന്നവര്‍ കാന്താരി സന്ദര്‍ശിച്ചാല്‍, പറഞ്ഞതു മാറ്റിപ്പറയേണ്ടി വരുമെന്ന് തീര്‍ച്ച. 

പുതിയ കാലത്തെ പ്രശ്നങ്ങള്‍ക്ക് പുതിയ ശൈലിയില്‍ ഉത്തരം കണ്ടെത്തുന്നവര്‍ ആണ് ബദലുകള്‍. അങ്ങനെയുള്ളവര്‍ക്കാണ് വിജയത്തിന്‍റെ ഉടമസ്ഥത നല്‍കാന്‍ നമുക്കു കഴിയുക. നമുക്കുള്ള ഏക പരിമിതി നമ്മുടെ മനസ്സു മാത്രമാണ്. ഇന്ന് നാം ചെയ്യുന്നതെന്തോ അതാണ് നാളത്തെ നമ്മുടെ വിധി. 

ജീവിതത്തില്‍ ആരെയും വില കുറച്ചു കാണരുത്. ഓര്‍ക്കുക, നിലച്ചുപോയ ഘടികാരവും ദിവസത്തില്‍ 2 പ്രാവശ്യം നമുക്ക് യഥാര്‍ത്ഥ സമയം കാണിച്ചു തരുന്നു. 

സ്വപ്നങ്ങളിലേക്കുള്ള യാത്ര യാന്ത്രികതയിലാകരുത്, ഹൃദയത്തില്‍ ജ്വലിക്കുന്ന പ്രവണതയിലാകണം. അത്തരത്തില്‍ പിറകോട്ടു പോകാതെ മുന്നോട്ടു ക്രിയാത്മകമായി ചുവടു വയ്ക്കുക. ഒരു ബദലാകാന്‍ നമുക്കും സാധിക്കും. 

eg:: സിവില്‍ യുദ്ധത്തിന്‍റെ കാലത്ത് കണ്ണില്‍ ബുള്ളറ്റ് തറച്ചു കയറി കാഴ്ചശക്തി പൂര്‍ണ്ണമായി നഷ്ടപ്പെട്ട ഒരാള്‍ കാന്താരിയില്‍ എത്തുകയും അവിടെ നിന്ന് ലഭിച്ച ഊര്‍ജ്ജത്തില്‍ നിന്ന് തേനീച്ച വളര്‍ത്തല്‍ അദ്ദേഹത്തിന്‍റെ ജന്മസ്ഥലമായ ഉഗാണ്ടയില്‍ ആരംഭിക്കുകയും കാഴ്ചശക്തിയില്ലാത്ത ധാരാളം വ്യക്തികളെ അത് പഠിപ്പിക്കുകയും ചെയ്തു.   

ഇന്ന് അദ്ദേഹം തേന്‍ ഇറ്റലിയിലേക്ക് കയറ്റുമതി ചെയ്യുകയാണ്. 'ഹൈവ് ഉഗാണ്ട' എന്ന പ്രസ്ഥാനത്തിലൂടെ ഇന്ന് ഒരുപാട് കാഴ്ചശക്തിയില്ലാത്തവരെ സംരംഭകരാക്കുവാന്‍ ശ്രമിക്കുകയാണ് അദ്ദേഹമിപ്പോള്‍. 


Featured Posts

Recent Posts

bottom of page