top of page

പരിസ്ഥിതി സംരക്ഷണത്തിനുള്ള കെ.സി.ബി.സി യുടെ കര്‍മ്മപരിപാടികള്‍

Dec 1, 2013

2 min read

Assisi Magazine
POC Secretariat KCBC Building

(2012 ല്‍ പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ട് കെ.സി.ബി.സി. തയ്യാറാക്കിയ കര്‍മ്മ പരിപാടികളില്‍ പ്രധാനപ്പെട്ടവ ചുവടെ ചേര്‍ക്കുകയാണ്. ഇവയില്‍ ചില നിര്‍ദ്ദേശങ്ങള്‍ ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ചില പ്രായോഗിക നിര്‍ദ്ദേശങ്ങളോട് പുലര്‍ത്തുന്ന സമാനത പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു.)


1. പരിസ്ഥിതി ആത്മീയതയുടെ ഭാഗമായി മണ്ണില്‍ പണിയെടുത്തു ജീവിക്കുവാന്‍ പ്രോത്സാഹനം നല്കുക.


2. മാനുഷികവും പ്രകൃതിപരവുമായ പരിസ്ഥിതി സംരക്ഷണത്തിനെതിരായുള്ള തിന്മകളെക്കുറിച്ച് ബോധവത്കരണം നടത്തുക. പരിസ്ഥിതി നശീകരണം ഏറ്റുപറഞ്ഞു കുമ്പസാരിക്കുന്ന രീതി പ്രചരിപ്പിക്കുക.


3. അകത്തോലിക്കാ, അക്രൈസ്തവപ്രസ്ഥാനങ്ങളോടും പരിസ്ഥിതിസംരക്ഷണസംഘടനകളോടും ചേര്‍ന്ന് പ്രകൃതിസംരക്ഷണത്തിന്‍റെ പ്രാധാന്യം സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയമണ്ഡലങ്ങളില്‍ അവതരിപ്പിക്കുക. പ്രകൃതി നല്കുന്ന ശുദ്ധമായ ജലവും മറ്റുവിഭവങ്ങളും സൂക്ഷ്മതയോടെ ഉപയോഗിക്കാന്‍ ശീലിപ്പിക്കുക.


4. പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് കേരള സാമൂഹിക പശ്ചാത്തലത്തില്‍ ഗവേഷണപഠനങ്ങള്‍ നടത്തുകയും സാമൂഹിക രാഷ്ട്രീയമണ്ഡലങ്ങളില്‍ പരിസ്ഥിതി അവബോധം വളര്‍ത്തുകയും ചെയ്യുക.


5. ഹരിതകെട്ടിടനിര്‍മ്മാണം പ്രോത്സാഹിപ്പിക്കുക.


6. സഭാസ്ഥാപനങ്ങള്‍ Pollution Conrotl Board നല്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതം പ്രവര്‍ത്തിപ്പിക്കുന്നതില്‍ ശുഷ്കാന്തി പുലര്‍ത്തുക.


7. ഫ്ളെക്സ്, തെര്‍മോകോള്‍ എന്നിവയുടെ ഉപയോഗം സഭാസംബന്ധമായ വേദികളില്‍ നിഷേധിക്കുക.


8. പ്രകൃതി നല്കുന്ന ശുദ്ധമായ ജലവും പ്രകൃതിവിഭവങ്ങളും സൂക്ഷ്മതയോടെ ഉപയോഗിക്കാന്‍ ശീലിക്കുക.


9. സഭാസ്ഥാപനങ്ങളില്‍ മഴവെള്ളസംഭരണികള്‍ നിര്‍മ്മിക്കുക, പ്രാദേശിക ജലസ്രോതസ്സുകള്‍ സംരക്ഷിക്കുക.


10. പരിസ്ഥിതിജന്യമായ ഊര്‍ജ്ജസ്രോതസ്സുകള്‍ പ്രയോജനപ്പെടുത്താന്‍ ശീലിക്കുക. സൗരോര്‍ജ്ജവിളക്കുകളും വാട്ടര്‍ ഹീറ്ററുകളും ഉപയോഗിക്കുന്നതിന് പ്രോത്സാഹിപ്പിക്കുക.


11. പൂന്തോട്ടനിര്‍മ്മാണം പ്രോത്സാഹിപ്പിക്കുക. ബയോഗ്യാസ് പ്ലാന്‍റും പാചകവാതകമുപയോഗിക്കുന്ന സ്റ്റൗവും കഴിയുന്നിടത്തോളം ഉപയോഗിക്കുക. വിലകൂടിയ പൂക്കള്‍ ഇറക്കുമതി ചെയ്ത് സഭയിലെ ആരാധനകള്‍ക്കും ആഘോഷങ്ങള്‍ക്കും ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തുക.


12. സാമൂഹിക സേവനവിഭാഗത്തിന്‍റെയും അല്മായ -യുവജനപ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ പരിസ്ഥിതിസംരക്ഷണ പരിപാടികള്‍ നടത്തുക, പരിസ്ഥിതി പ്രവര്‍ത്തകരെ ആദരിക്കുക.


13. സഭയുടെ കൃഷിചെയ്യാത്ത പൊതുഇടങ്ങള്‍ ജൈവവൈവിധ്യസംരക്ഷണത്തിനായി ഉപയോഗിക്കുക.


14. ആഘോഷങ്ങളുടെ അവസരത്തിലുള്ള അമിതമായ ദീപാലങ്കാരങ്ങളും വെടിമരുന്നുപ്രയോഗവും കര്‍ശനമായി നിയന്ത്രിക്കുക.


15. സഭയുടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആതുരാലയങ്ങള്‍, സാമൂഹിക സ്ഥാപനങ്ങള്‍ തുടങ്ങിയവ സഭയുടെ ഹരിതദര്‍ശനം പ്രചരിപ്പിക്കുന്നതിനുള്ള വേദികളാക്കുക.


16. ഉപയോഗശൂന്യമായ പേപ്പറുകള്‍, ടിന്നുകള്‍, കുപ്പികള്‍, പ്ലാസ്റ്റിക്കുകള്‍ എന്നിവ വേര്‍തിരിച്ച് സമാഹരിക്കാന്‍ പരിശീലിപ്പിക്കുക.


17. സുഹൃത്തുക്കള്‍ക്കും ഉപകാരികള്‍ക്കും സമ്മാനങ്ങള്‍ കൊടുക്കേണ്ടിവരുമ്പോള്‍ പരിസ്ഥിതിസൗഹൃദ സമ്മാനങ്ങള്‍ നല്‍കുക.


18. സഭാസ്ഥാപനങ്ങളുടെ വാര്‍ഷിക ബഡ്ജറ്റില്‍ പ്രകൃതിസംരക്ഷണത്തിന് പണം വകയിരുത്തുക.


19. ജനിതകമാറ്റം വരുത്തിയ വിളകള്‍, വിത്തുകള്‍ എന്നിവയെക്കുറിച്ച് പഠനങ്ങള്‍ക്കു വേദിയൊരുക്കി ഉചിതമായ പ്രതികരണങ്ങള്‍ നടത്തുക.


20. സഭയുടെ ആതുരാലയങ്ങളില്‍ മാനുഷികപരിസ്ഥിതി പ്രോത്സാഹിപ്പിക്കുന്ന ചികിത്സാരീതികള്‍ അവലംബിക്കുക.


21. സുസ്ഥിരവികസനത്തിനുതകുന്ന വിധത്തില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുക.


22. ജൈവോത്പന്നങ്ങളും ജൈവവിഭവങ്ങളും ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുക.


23. പ്ലാസ്റ്റിക് കുപ്പികളില്‍ ചൂടുവെള്ളം ഉപയോഗിക്കുന്നത് വഴി Bishpenol അ ശരീരത്തില്‍ പ്രവേശിക്കുകയും അത് ക്യാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നതിനാല്‍ പ്ലാസ്റ്റിക് കുപ്പി ഉപയോഗിക്കാതിരിക്കാന്‍ ബോധവത്കരിക്കുക.


24. പച്ചക്കറിത്തോട്ടവും ടെറസിലെ കൃഷിയും പ്രോത്സാഹിപ്പിക്കുക.


25. ജൈവകൃഷിയും മൃഗസംരക്ഷണവും പ്രോത്സാഹിപ്പിക്കുക. കൃഷിയില്‍നിന്നു ലഭിക്കുന്ന വിവിധ വസ്തുക്കള്‍ പരമാവധി ഉപയോഗിക്കുക (വാഴക്കൂമ്പ്, പിണ്ടി, ചക്ക, ചക്കക്കുരു, മാങ്ങ എന്നിവ വരുംതലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുക).


26. വായുശുചീകരണത്തിനും ശീതീകരണത്തിനും സംശുദ്ധമായ പ്രാണവായു ലഭിക്കുന്നതിനുംവേണ്ടി ജൈവവേലിയുണ്ടാക്കുക. ജലപാതകളുടെ സംരക്ഷണത്തിന് കണ്ടല്‍ച്ചെടികളും രാമച്ചവും വളര്‍ത്തുക.


27. മുറ്റത്ത് ഔഷധച്ചെടികള്‍ നട്ടുവളര്‍ത്തുന്ന രീതി പ്രോത്സാഹിപ്പിക്കുക. ജീവിതശൈലീരോഗങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുക.

Featured Posts

Recent Posts

bottom of page