top of page
ഇപ്പോള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് മൈക്രോ ഫൈനാന്‍സ് സംവിധാനങ്ങള്‍. ജനശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിഞ്ഞ ഈ സംവിധാനങ്ങള്‍ ഉപയോഗിച്ച് പല സ്ഥാപനങ്ങളും ഇപ്പോള്‍ ഉന്നതസ്ഥാനം നേടുന്നുമുണ്ട്. തെക്കേ ഇന്ത്യയില്‍, പ്രത്യേകിച്ച് മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും,നിരവധി നൂറ്റാണ്ടുകള്‍ക്കുമുമ്പേതന്നെ കുറി, അഥവാ ചിട്ടി സംവിധാനങ്ങള്‍ നിലവിലുണ്ടായിരുന്നു.(1) സാമൂഹികബോധത്തില്‍നിന്നുളവായ വിശാലമനസ്കതയോടെ സമാരംഭിച്ചതായിരുന്നു ഈ സംവിധാനം. അന്നുണ്ടായിരുന്ന സാമൂഹികബോധം ഇന്നു ചിട്ടിക്കമ്പനികള്‍ നടത്തുന്ന പലര്‍ക്കും ഇല്ലതന്നെ. തികച്ചും അധാര്‍മ്മികവും സംശയാസ്പദവും ആയ ബ്ലേഡ്കമ്പനികളായി അവയെ തോന്നിപ്പിക്കുംവിധമാണ് ഇന്നു പലരും പ്രവര്‍ത്തിക്കുന്നത്.
ആദിമസമൂഹങ്ങളില്‍ ആവശ്യക്കാരെ സഹായിക്കാനായി നിലവിലുണ്ടായിരുന്ന 'കാവുതട്ടക'വും അതുപോലെയുള്ള ചില സാമ്പത്തിക സംവിധാനങ്ങളുമായി ഇതിന് ബന്ധമുണ്ടെന്നാണ് അന്വേഷണങ്ങളില്‍നിന്ന് മനസ്സിലാകുന്നത്. Primitive Civilizations എന്ന പുസ്തകത്തില്‍ Edith Jemma Simcox 'മലബാര്‍ കുറി' സംവിധാനം പുരാതനമായ ദ്രാവിഡ നാഗരികതയുടെ കാലം മുതല്‍ ഉണ്ടായിരുന്നതാണ് എന്നും ഇതിനു സമാനമായ ചില സംവിധാനങ്ങള്‍ ചൈനയിലും ഉണ്ടായിരുന്നു എന്നും എഴുതിയിട്ടുണ്ട്. പ്രശസ്ത ചരിത്രകാരനായ ഡോ. എന്‍. എം നമ്പൂതിരി നിളയുടെ പൈതൃകം (Legacy of Nila) എന്ന തന്‍റെ സുപ്രസിദ്ധമായ സ്ഥലനാമപഠനത്തില്‍ ഗ്രാമീണ ബാങ്കിങ് സമ്പ്രദായമായ കുറികള്‍ക്ക് സാമൂഹിക സംഘസമ്പ്രദായമായ 'കാവുതട്ടക'വുമായി ബന്ധമുണ്ട് എന്ന ഡോ. രാഘവന്‍റെ നിഗമനത്തെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. കാവുമായോ ക്ഷേത്രവുമായോ ബന്ധമുള്ള ഒരു പ്രത്യേകപ്രദേശത്തെയാണ് 'കാവുതട്ടകം' എന്നു പറയുന്നത്. സാമൂതിരിയുടെ 'തിരുനാവായ മാമാങ്ക'വുമായി ബന്ധമുള്ള നിരവധി 'കാവുതട്ടക'ങ്ങള്‍ പണ്ടിവിടെ ഉണ്ടായിരുന്നു.
ട്രാവന്‍കൂര്‍ മാനുവലില്‍ മലബാര്‍കുറിയെ മാത്രമാണ് കുറി എന്നു വിളിക്കുന്നത്. തിരുവിതാംകൂറില്‍ നിലനിന്നിരുന്നവയെ ചിട്ടി എന്നാണ് അതില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ചിട്ടിയും കുറിയും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ? ഇവയും മലബാറിലെ മുസ്ലീം വൃത്തങ്ങളില്‍ ഇന്നും പ്രചാരത്തിലുള്ള 'കുറിക്കല്യാണ'വുമായി എന്തെല്ലാം സമാനതകളും വ്യത്യാസങ്ങളുമുണ്ട്? ഇവയെ 'സോഷ്യല്‍ നെറ്റ്വര്‍ക്കിങ്' എന്നോ 'മൈക്രോ ബാങ്കിങ്' എന്നോ 'അയല്‍പക്കത്തായം' എന്നോ എന്താണു വിളിക്കേണ്ടത്?(2)
മകളുടെ വിവാഹം പോലെ വളരെ വേഗം കുറെ പണം ആവശ്യമുള്ളവര്‍ക്കായാണ് കുറി നടത്താറുള്ളത്. അത്യാവശ്യക്കാരന്‍ തത്തുല്ല്യമായ ആവശ്യമുള്ള സുഹൃത്തുക്കളെ ക്ഷണിച്ച്, ഒരു സദ്യയൊരുക്കി നല്കി, അവരില്‍നിന്ന് സംഭാവനകള്‍ (കടം) പണമായോ വിഭവങ്ങളായോ ശേഖരിക്കുന്ന സമ്പദായമാണിത്. അതെത്തുടര്‍ന്ന് അടുത്തതായി കുറികിട്ടേണ്ടയാളെ നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന രീതിയും ഉണ്ട്. എടുത്ത പണം മുഴുവനായി തിരിച്ചടക്കപ്പെടുമെന്ന പരസ്പര വിശ്വാസത്തിന്‍റെ പുറത്ത് എല്ലാവര്‍ക്കും നറുക്കുകിട്ടുന്ന രീതിയില്‍ നറുക്കെടുപ്പ് ഒരു നിശ്ചിത കാലയളവിന്‍റെ ക്ലിപ്തതയില്‍ തുടര്‍ന്നുകൊണ്ടിരിക്കും. ആദ്യം കുറി കിട്ടിയ ആവശ്യക്കാരന് പണം തിരിച്ചടയ്ക്കാന്‍ ആവശ്യത്തിന് സാവകാശം കിട്ടും. കടങ്ങള്‍ തിരിച്ചുനല്കുമ്പോള്‍ പലിശയൊന്നും കൊടുക്കേണ്ടതില്ല. പലര്‍ക്കായി പലപ്പോഴായി തുക കൊടുത്തുവീട്ടിയാല്‍ മതി. (അതിന് നിശ്ചിതമായ കാലയളവൊന്നുമില്ല). സൗഹാര്‍ദപൂര്‍ണമായ സമീപനമല്ലാതെ നിര്‍ബന്ധംചെലുത്തലൊന്നും ഈ സമ്പ്രദായത്തിലില്ല. എങ്കിലും തനിക്കിങ്ങനെ കിട്ടിയ പണം തിരിച്ചുകൊടുക്കേണ്ട അവസരങ്ങളില്‍ അങ്ങനെ ചെയ്യാതിരുന്നാല്‍ സമൂഹത്തില്‍ തന്‍റെ പ്രതിച്ഛായ നഷ്ടപ്പെടുമെന്ന ബോധ്യമുള്ള ഓരോരുത്തരും അപമാനകരമായാണ് കരുതുന്നത്. (ഈ സമ്പ്രദായത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ ഒരു കാര്യമാണിത്).
ആധുനികകാലത്ത് കുറിക്കല്യാണത്തിന് രൂപാന്തരം സംഭവിച്ച് ചിലയിടങ്ങളില്‍ സിമ്പിള്‍ കുറി അഥവാ ചങ്ങാതിക്കുറി എന്ന പേരില്‍ പ്രചാരത്തിലുണ്ട്. സുഹൃത്തുക്കള്‍ കൂടിച്ചേര്‍ന്ന് ഓരോരുത്തരും എടുക്കേണ്ട തുകയും തവണയും നിശ്ചയിച്ചാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. ശേഖരിക്കുന്ന തുകയുടെ പത്തു ശതമാനത്തിലേറെ സല്ക്കാരത്താനായി ചെലവഴിക്കരുതെന്നത് പൊതുവേ സമ്മതിച്ചിട്ടുള്ള കാര്യമാണ്. ആദ്യതവണ കുറി കിട്ടുന്നയാള്‍ക്കാണല്ലോ കൂടുതല്‍ നേട്ടം. അയാളാണ് തുടര്‍ന്ന് കുറി കൈകാര്യം ചെയ്യുന്നതും തുടര്‍ന്നുള്ള തവണകളില്‍ തവണത്തുകകള്‍ ശേഖരിച്ച് കുറികിട്ടുന്നവര്‍ക്ക് അതു വിതരണം ചെയ്യേണ്ടതും. അയാള്‍ അറിയപ്പെടുന്നത് കുറിമൂപ്പന്‍ (തലയാള്‍) എന്നാണ്. ചിട്ടിയില്‍ പങ്കാളികളാകുന്നവരെ വിളക്കുന്നത് ചിറ്റാളന്മാര്‍ എന്നാണ്.
ചിട്ടിസമ്പ്രദായം അല്പംകൂടി സങ്കീര്‍ണമാണ്. ഇപ്പോള്‍ പരാമര്‍ശിച്ച സിമ്പിള്‍ കുറി, ലേലച്ചിട്ടി, സഹായച്ചിട്ടി, സമ്മാനച്ചിട്ടി എന്നിങ്ങനെ നാലുതരം ചിട്ടികളുണ്ട്. അത്യാവശ്യനേരത്ത് സഹായമാകും വിധമുള്ളതാണ് സഹായച്ചിട്ടി. സമ്മാനച്ചിട്ടി ലോട്ടറിതന്നെയാണ്. അതിന് അല്പം ചൂതാട്ടസ്വഭാവമുണ്ട്. കൂടാതെ അരിച്ചിട്ടി, വസ്ത്രച്ചിട്ടി എന്നിങ്ങനെയും ചിട്ടികളുണ്ട്. ആദ്യതവണകളില്‍ പണം കൈപ്പറ്റുന്നവര്‍, ഇപ്പോള്‍, എന്തെങ്കിലും ഈടുനല്കേണ്ടതുമുണ്ട്.
ലേലച്ചിട്ടിയില്‍ കൈപ്പറ്റാനുള്ള തുകയില്‍ കുറവുവരുത്താന്‍ സമ്മതിച്ചുകൊണ്ട് ഏറ്റവും കൂടുതല്‍ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നയാളിനായിരിക്കും പണം നല്കുക. പരമാവധി ഡിസ്കൗണ്ടെടുത്ത ശേഷമുള്ള തുക മതി എന്ന നിലപാടുള്ള ഒന്നിലധികം പേരുണ്ടെങ്കില്‍ കുറിയിട്ട് ആളെ നിശ്ചയിക്കും. ഈ ഡിസ്കൗണ്ട് ചിട്ടിയില്‍ ചേര്‍ന്നിട്ടുള്ളവരില്‍ നിശ്ചിതസമയത്തുതന്നെ പണമടയ്ക്കുന്നവര്‍ക്ക് അടുത്ത തവണയില്‍ വീതപ്പലിശയായി കിഴിച്ചുകൊടുക്കാറാണു പതിവ്. എല്ലാ ചിറ്റാളന്മാരും എല്ലാ മാസവും തവണ അടയ്ക്കണം. തവണ മുടങ്ങുന്നവരില്‍നിന്ന് പലിശ ഈടാക്കാറുമുണ്ട്.
വടക്കന്‍ മലബാറിലെ മത്സ്യബന്ധനത്തൊഴിലാളികളായ മാപ്പിളമുസ്ലീങ്ങള്‍ക്കിടയില്‍ നിലവിലുള്ള കുറിക്കല്യാണം അല്പം വ്യത്യസ്തമാണ്. മലബാറിന്‍റെ ചില ഭാഗങ്ങളില്‍ പയറ്റ് (3) എന്നും പേരുള്ള ഈ കുറിക്കല്യാണത്തിന് ക്ഷണിക്കപ്പെടുന്നവരില്‍നിന്ന് ആതിഥേയന്‍ സമ്മാനമായി പണംതന്നെ പ്രതീക്ഷിക്കും. തന്‍റെതന്നെ വീട്ടില്‍വച്ച് സല്ക്കാരം നടത്താന്‍ അസൗകര്യമുള്ളവര്‍ അത് സ്ഥലത്തെ ഏതെങ്കിലും ചായക്കടയില്‍വച്ചായിരിക്കും നടത്തുക. ഈ സല്ക്കാരത്തില്‍ പങ്കെടുക്കുന്നവരില്‍ ആരെങ്കിലും പിന്നീട് ഒരു പയറ്റു നടത്തുമ്പോള്‍ തനിക്കു കിട്ടിയതിന്‍റെ ഇരട്ടിത്തുക ആദ്യത്തെ ആതിഥേയന്‍ അവിടെ നല്കേണ്ടതുണ്ട്(4). നിറമുള്ള ജമുക്കാളങ്ങള്‍ വിരിച്ചിട്ടുള്ള പന്തലില്‍ ഇങ്ങനെയൊരു കുറിക്കല്യാണം നടക്കുന്നുണ്ടെന്ന് നാട്ടുകാരെ മുഴുവന്‍ അറിയിക്കാനാണ് ഉച്ചഭാഷിണിയിലൂടെ ഉയരുന്ന സംഗീതം. വിളമ്പുന്ന തരിക്കഞ്ഞി(5) കഴിച്ച് യുക്തമെന്നു തോന്നുന്ന ഒരു സംഭാവന നല്കാന്‍ തയ്യാറുണ്ടെങ്കില്‍ കേള്‍ക്കുന്ന ആര്‍ക്കും അതില്‍ പങ്കെടുക്കാവുന്നതാണ്. കുറിക്കല്യാണം നടത്തുന്നയാള്‍ കൈപ്പറ്റുന്ന പണം തിരിച്ചുനല്കണമെന്ന് നിയമമൊന്നുമില്ല. എന്നാല്‍ അതില്‍ പങ്കെടുക്കുന്നവരുടെ ധാര്‍മികബോധംതന്നെ അതു തിരിച്ചുനല്കാന്‍ നിര്‍ബന്ധിക്കുംവിധത്തിലുള്ള ഒരു മൂല്യവ്യവസ്ഥയാണ് നാട്ടിലുള്ളത്. കുറിക്കല്യാണം സമൂഹത്തിലുള്ള കുറെപ്പേര്‍ ചേര്‍ന്നു നടത്തുന്ന ഒരു ധനസമാഹരണോത്സവമാണ്. ഏതെങ്കിലും അത്യാവശ്യത്തിന് പണമില്ലാതെ ബുദ്ധിമുട്ടുന്നവരെ സഹായിക്കാന്‍, 1960-കളില്‍ വടക്കന്‍ കേരളത്തില്‍, ഗ്രാമീണാന്തരീക്ഷത്തില്‍ ഉണ്ടാക്കിയിരുന്ന നന്മനിറഞ്ഞ ഒരേര്‍പ്പാടായിരുന്നു പയറ്റ് അഥവാ കുറിക്കല്യാണം.
വീടുണ്ടാക്കാനോ മകളുടെ വിവാഹത്തിനോ മകന്‍റെ വിദ്യാഭ്യാസത്തിനോ കച്ചവടം മെച്ചപ്പെടുത്തുന്നതിനോ ഒരാള്‍ക്ക് അല്പം പണം ആവശ്യം വരുമ്പോഴായിരുന്നു കുറിക്കല്യാണം നടത്തിയിരുന്നത്. സഹകരണബാങ്കുകളൊന്നും അധികമില്ലായിരുന്ന അക്കാലത്ത് ബാങ്കില്‍നിന്നു ലോണ്‍ എടുക്കലൊന്നും അത്ര എളുപ്പമായിരുന്നില്ല. ഒരു ദിവസം നിശ്ചയിച്ച് അന്നേദിവസം താന്‍ ഒരു പയറ്റു നടത്തുന്നുണ്ടെന്ന് നേരിട്ട് തന്‍റെ അയല്‍ക്കാരെ അറിയിക്കുകയാണ് ആവശ്യക്കാരന്‍ അക്കാലത്തു ചെയ്തിരുന്നത്. അയാള്‍ നിശ്ചിതദിവസം ഒരു പന്തല്‍ (ഷാമിയാനാ) ഉയര്‍ത്തി, ലളിതമായി അതലങ്കരിച്ച്, മൂന്നു-നാലു മേശകളും വേണ്ടത്ര കസേരകളും അതിലിട്ട് ഉച്ചഭാഷിണിയിലൂടെ പാട്ടുവയ്ക്കും. അവിടെ വരുന്നവര്‍ക്കെല്ലാം ഹാുേ എന്ന ചുരുക്കപ്പേരില്‍ വിളിക്കപ്പെടുന്ന ലഡ്ഡുവും മിക്സ്ചറും പഴവും ചായയും നല്കുന്നു. പയറ്റു നടത്തുന്ന, പണത്തിന് ആവശ്യക്കാരനായ ആളും അതിഥികളും കുറെസമയം കുശലം പറഞ്ഞിരുന്നശേഷമായിരിക്കും ഹാുേ നല്കുന്നത്. അതിഥികള്‍ അഞ്ചോ പത്തോ അമ്പതോ രൂപ നല്കും. (ഒരു പവന്‍ സ്വര്‍ണത്തിന് 36 രൂപമാത്രം വിലയുണ്ടായിരുന്ന അക്കാലത്ത് ഒരു രൂപാ പോലും നിസ്സാരമായിരുന്നില്ല. അമ്പതു രൂപാ വലിയൊരു തുകയുമായിരുന്നു). ഓരോരുത്തരുടെയും പേരുവിവരങ്ങളും നല്കുന്ന തുകയും ഒരു നോട്ടുബുക്കില്‍ കുറിച്ചിടും. എല്ലാവരും സഹകരിച്ചിരുന്നതിനാല്‍ ഈ സംവിധാനത്തിലൂടെ 500 മുതല്‍ 2000 രൂപവരെ അക്കാലത്ത് സമാഹരിക്കാന്‍ കഴിഞ്ഞിരുന്നു.
ഈ സംവിധാനത്തിന്‍റെ മനോഹാരിത ഇതിന് വായ്പവാങ്ങലിന്‍റേതായ നടപടിക്രമങ്ങളൊന്നും ഇല്ല എന്നതും അടുത്ത ഈ പയറ്റില്‍ പങ്കെടുക്കുന്നവരില്‍ ഓരോരുത്തരും വിവാഹമോ മരണമോ പോലെയുള്ള ഒരത്യാവശ്യം വരുമ്പോള്‍മാത്രം നടത്തുന്ന പയറ്റുകളിലൂടെ സാവകാശം പണം തിരിച്ചു നല്കിയാല്‍മതി എന്നതുമാണ്. അതിനാല്‍ പണം തിരിച്ചുനല്കല്‍ ഒരു ഭാരമായി മാറുന്നില്ല.
മറ്റു പല നല്ല കാര്യങ്ങളും പോലെ ഇതും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഒരു ദുരന്തമാണിത്. പങ്കുവയ്ക്കാനും സഹാനുഭൂതിയോടെ അയല്‍ക്കാരോടു പെരുമാറാനും നമ്മെ പ്രേരിപ്പിക്കുന്ന മൂല്യബോധം എന്ന മാനദണ്ഡം ഉപയോഗിച്ച് അളന്നാല്‍, വിദ്യാഭ്യാസവും കൂടുതല്‍ പണം സമ്പാദിക്കാനുള്ള അവസരങ്ങളും ഉണ്ടായത് പുരോഗതിയിലേക്കല്ലല്ലോ നമ്മെ നയിക്കുന്നത് എന്ന ഉള്‍ക്കാഴ്ചയാണ് നമുക്കു പകരുന്നത്.
വിവര്‍ത്തനം: ജോസാന്‍റണി
References
Malabar Law and Custom - Lewis Moore
Herbert Wigram, Malabar-– William Logan
Primitive Civilizations -– Edith Jemima Simcox
Court ruling document
Toponymical Studies Calicut - Dr.NM Namboothiri
Featured Posts
bottom of page