top of page
പകലിലെ തീവെയിലിന്‍റെ ശേഷിപ്പുകളോടെ രാത്രിയെത്തിയപ്പോള്‍ ഞാനും ഏഴുവയസുകാരിയും 'വര്‍ഷ' എന്നു ശീര്‍ഷകമുള്ള മഴപ്പാട്ട് കേട്ടുകൊണ്ടിരുന്നു. പാട്ടല്ല, മഴയുടെയും കാടിന്‍റെയും സ്വരങ്ങളും അതിനൊക്കുന്ന ഉപകരണസംഗീതവും.
"അമ്മേ ഈ മഴ നമ്മുടെ മുറ്റത്തുതന്നെ വീഴുന്നതോ?"
"നമുക്കു ചെവിയോര്‍ക്കാം."
ചെവിയോര്‍ക്കെ, ആ മഴ മുറ്റത്തുതന്നെയെന്നു ഞങ്ങള്‍ക്കു തോന്നുന്നു. "അതു നമ്മുടെ മുറ്റത്തുതന്നെ വീഴുന്നുവെന്നു നമ്മള്‍ക്കോര്‍ക്കാം," അവള്‍ പറഞ്ഞു. മഴത്താളങ്ങളും പക്ഷിച്ചിലപ്പുകളും കാതോര്‍ത്തു കേട്ടുകേട്ടു മെല്ലെ ഞങ്ങള്‍ തണുപ്പിലേയ്ക്ക്. കാതിലും മനസ്സിലും മഴ മാത്രം.
* "നന്മനിറഞ്ഞ മറിയമേ എന്നതുപോലെ 'നന്മനിറഞ്ഞ യൗസേപ്പേ' എന്ന് എന്താചൊല്ലാത്തത്?" മകന്‍ ചോദിക്കുന്നു. ശരിയാണ്, മാതാവിന് ഏറെ പ്രാധാന്യം കൊടുക്കുമ്പോഴും യൗസേപ്പിതാവിനെക്കുറിച്ച് ഒന്നുമുരിയാടാതെ സന്ധ്യാപ്രാര്‍ത്ഥനകള്‍. അമ്പരപ്പ് തോന്നിയതപ്പോഴാണ്. അവനു നല്‍കാന്‍ വിശദീകരണമാലോചിച്ച വഴിയേയാണ് "ഭാഗ്യപ്പെട്ട യൗസേപ്പേ" എന്ന ജപം വീണ്ടുമെത്തിയത്. അങ്ങനെയുമൊരു പ്രാര്‍ത്ഥനയുണ്ടെന്നു കുട്ടിക്കു പറഞ്ഞുകൊടുക്കേ അതുകൂടി ചൊല്ലണമെന്നായി അവന്‍.
* സൂര്യന്‍ സര്‍വകിരണങ്ങളോടെയും വെള്ളത്തിലേയ്ക്കു നോക്കുന്നതിന്‍റെ ചിത്രം പത്രത്താളിന്മേല്‍. ഏഴുവയസുകാരി അതെടുത്തുവച്ച് വിശദീകരണം ചോദിക്കുന്നു. "അതോ, അതു സൂര്യന്‍ ശക്തിമുഴുവനുമെടുത്ത് വെള്ളത്തിലേക്കു നോക്കുകയാണ്. വെള്ളമപ്പോള്‍ ചൂടായി ആവിയായി മുകളിലേക്കു പോകും. അവിടെച്ചെന്ന് അതവിടെ തത്തിക്കളിച്ചു മേഘത്തിലൊക്കെ പറ്റിപ്പിടിച്ചുനിന്നുതണുത്തു കുറേക്കഴിഞ്ഞു പിന്നെയും മഴയായി ഇവിടേക്കുതന്നെ പോരും..."
"സമ്മറില്‍ വെള്ളമില്ലാതെയാകുന്നതങ്ങനെയാണല്ലേ?"
"അതേ"
ഇവള്‍ക്കുവേണ്ടി പറഞ്ഞുതുടങ്ങിയപ്പോഴാണ് എനിക്കും ആ വ്യാപ്തി കൂടുതല്‍ ബോധ്യത്തിലെത്തിയത്. മഴയും വേനലുമെല്ലാം ഒരേ ചാക്രികതയുടെ ഭാഗങ്ങള്‍. വെള്ളം നാനാരൂപം പൂണ്ടു പ്രപഞ്ചത്തിലാകെ സദാ പടര്‍ന്നങ്ങനെ...
ഇവര്‍ എന്‍റെ ചിന്തയെ പാരച്യൂട്ട് എന്നവിധം വിരിച്ചുവിശാലമാക്കിത്തരുന്നു. പലപ്പോഴും ഇങ്ങനെതന്നെ. ഇവരുടെ ചോദ്യങ്ങള്‍ക്കു വിശദീകരണം തിരഞ്ഞാണു പല ഉത്തരങ്ങളും തുറന്നുകിട്ടുക. ഞങ്ങളൊന്നിച്ച് ഓരോ വാതില്‍ മെല്ലെതുറന്നുനോക്കി ഓരോരോ നിഗമനങ്ങളിലെത്തുന്നു. ഇവിടെ ഗുരു, മുതിര്‍ന്ന ഈ ഞാനേയല്ല. ഇവര്‍ തന്നെ.
* "ഛീ, വൃത്തികെട്ട പഴഞ്ചന്‍ മെഷീന്‍" വാഷിംഗ്മെഷീനിന്‍റെ മേല്‍പ്പാളിയുടെ വശങ്ങള്‍ പൊളിഞ്ഞുതുടങ്ങിയതു ബാക്കികൂടി ഇളക്കിയെടുക്കാന്‍ ശ്രമിച്ചുകൊണ്ടു മകന്‍ പറയുന്നു. "അങ്ങനെ പറയരുതു നമ്മള്‍." "അതെന്താ? കണ്ടില്ലേ അതിളകിപ്പൊളിഞ്ഞിരിക്കുന്നത്?"
"ഒത്തിരിവര്‍ഷം നമുക്കുവേണ്ടി തുണിയലക്കിത്തന്നല്ലേ അതിങ്ങനെയായത്. അതോര്‍ത്തുനോക്ക്. എത്ര പണിയെടുത്തത്, നമ്മള്‍ക്കുവേണ്ടി. പാവംയന്ത്രം, അല്ലേ?"
അവന്‍ അമ്മയുടെ മുഖത്തുനോക്കി ചിരിക്കുന്നു. എല്ലാം സംഗ്രഹിച്ചെടുത്തിട്ടുള്ള ചിരി. വാക്കുകളുടെ ആവശ്യമേയില്ല പിന്നെ. അവര്‍ ആ അറിവനുഭവിച്ചെടുക്കുന്നത് ആ കണ്ണുകളില്‍ തെളിഞ്ഞുകാണാമിപ്പോള്‍.
* യു. കെ. ജി. ക്ലാസ്സിലെ പാഠപുസ്തകത്തിനരികെ അഞ്ചുവയസുകാരി ഇരിക്കുന്നു. രണ്ടുവര്‍ഷം മുമ്പാണ്. What is monochrome monitor? പഠിപ്പിക്കാനുള്ള പുറപ്പാടുമായി ഞാന്‍ ചോദ്യം വായിച്ചു. കുഞ്ഞിനു നേര്‍ക്കുനോക്കേ, ഒന്നും പറയുന്നില്ല അവള്‍. പകരം രണ്ടു കണ്ണില്‍നിന്നും കണ്ണുനീരൊഴുകുന്നു. ശബ്ദംകേള്‍പ്പിക്കാതെ അവളതു തുടച്ചുകളയുന്നു. തെല്ലും ഞാന്‍ ദേഷ്യപ്പെട്ടിട്ടോ ഗൗരവപ്പെട്ടിട്ടോ ഇല്ല ആ നേരത്ത്. പിന്നെന്തേ? ചോദിച്ചപ്പോള്‍ കുട്ടി പറയുന്നു, "പേടിയാകുന്നു അമ്മേ." മോണോക്രോം എന്ന വാക്കു കേട്ടുള്ള പേടി. ആലോചിച്ചുനോക്കിയപ്പോള്‍ എനിക്കും തോന്നിപ്പോയി അത്രയുംതന്നെ പേടി. അഞ്ചുവയസും മോണോക്രോം എന്ന വാക്കും അതിന്‍റെ കാണാതെപഠിക്കേണ്ട അക്ഷരങ്ങളും! എത്ര ക്രൂരത.
തലയാകെ പിരിമുറുക്കത്തിലാകുന്ന നേരങ്ങളില്‍ കുഞ്ഞുങ്ങളോടു ഞാന്‍ ശബ്ദമുയര്‍ത്തുന്നു. എന്നാല്‍ തെല്ലുകഴിഞ്ഞു പിടികിട്ടാറുണ്ട് അതിലെ നിര്‍ദ്ദയത്വം. വികൃതിയും വഴക്കും തുടരുമെങ്കിലും എത്ര പെട്ടെന്ന് അവര്‍ തമ്മിലിണങ്ങുന്നു, ഞാന്‍ ശാസിച്ചുവെന്നതുമറന്ന് എന്നോടും ചേരുന്നു. ലോകത്തെ മുഴുവന്‍ സമീപിക്കേണ്ടതു സൗമ്യതയുടെ ഈ തികവോടെയെന്ന് അവര്‍ പഠിപ്പിച്ചുതരികയാണ്. എന്നാല്‍ വീണ്ടും അഹംബോധത്തിന്‍റെ പരലുകള്‍വന്ന് എന്നെ പൊതിഞ്ഞ്... പഠനക്കളരിയെന്ന പദം വീടിന്, പാര്‍പ്പിടത്തിന്, എത്രയിണങ്ങുന്നു. നമ്മള്‍ പാര്‍ക്കുന്നിടത്തുതന്നെയുണ്ട് നമുക്കുള്ള പാഠഖണ്ഡങ്ങള്‍ ചിലത്. Thou seer the blest.. എന്ന് കുഞ്ഞിനെക്കുറിച്ച് വേര്‍ഡ്സ്വര്‍ത്തിന്‍റെ സാക്ഷ്യം മുതല്‍ക്കുള്ളവ മനോഹരമായ കാല്പനികത എന്നുമാത്രം ഒരിക്കല്‍ പിടികിട്ടിയിരുന്നിടത്ത് പിന്നീടിതാ, അതിന്‍റെ ആഴങ്ങളിലേക്കു തുറവിതന്നുകൊണ്ട് ഈ കുഞ്ഞുങ്ങള്‍,
കുഞ്ഞേ,
ലോകത്തെ ചുമക്കും മുമ്പേയുള്ള
ഇളം നാളുകളില്‍
എത്ര കാഴ്ചത്തെളിച്ചം നിനക്ക്
നിന്‍റെ നേരുകള്‍, കൗതുകങ്ങള്‍, ഞങ്ങളെ
പാഠങ്ങളിലേയ്ക്ക് പിച്ചവയ്പിക്കട്ടെ.
* 'ദയ' മറ്റൊരു ഏഴുവയസുകാരി. അവള്‍ക്കു വീടില്ല. അടുത്തുള്ള ഓര്‍ഫനേജിലാണവള്‍. ദയയെ അവളുടെ അമ്മയോ അല്ലെങ്കില്‍ മറ്റാരോ കാട്ടിലുപേക്ഷിച്ചതാണ്. മരിച്ചുപോകാന്‍ വേണ്ടിത്തന്നെ. ഉറുമ്പരിച്ചുകിടന്ന കുഞ്ഞ്. പക്ഷേ അതിന്‍റെ പ്രാണന്‍ അതിനെ വിട്ടുപോയില്ല. ആരോ കണ്ടെത്തി കൈമാറി അവള്‍ ഓര്‍ഫനേജിലെത്തി, ജനിച്ചു രണ്ടാം മാസത്തില്‍. കണ്ണുകളിലൊരെണ്ണം ഉറുമ്പുകള്‍തിന്നു. ആ സ്ഥാനത്തുവച്ചിട്ടുള്ള കൃത്രിമക്കണ്ണോടെ അവള്‍ ഓര്‍ഫനേജിന്‍റെ പാര്‍ലറില്‍ ഓടിവരും. മറ്റേക്കണ്ണിനുകൂടി ഇപ്പോള്‍ കാഴ്ച കുറഞ്ഞിരിക്കുന്നു. കണ്ണാശുപത്രിയില്‍ കൊണ്ടുപോകാനിരിക്കുകയാണ് സിസ്റ്റര്‍മാര്‍.
വാത്സല്യത്തിന്‍റെ ഏറ്റവും സാധ്യമായ കണികയും പകര്‍ന്നുനല്‍കി വളര്‍ത്തുന്ന മകളുടെ അതേ പ്രായക്കാരി. അതോര്‍ക്കേ, 'ദയ'യേ കാണേ, മനസ്സു നീറുന്നത് അപരാധബോധം കൂടിയുള്‍പ്പെട്ടുകൊണ്ടാണ്. നിഷേധിക്കപ്പെട്ടുപോയ ഇവരുടെയവകാശങ്ങള്‍, അര്‍ഹതകള്‍.. ഒരുതവണ ദയ ഓടിയെത്തിയത് ഇളകിയ ഒരു പല്ല് അവള്‍ തനിയെ പിഴുതെടുത്തത് കയ്യില്‍പ്പിടിച്ച്. അച്ഛനുമമ്മയ്ക്കുമൊപ്പം പാര്‍ക്കുന്ന കുട്ടികളുടെ പാല്‍പ്പലുകള്‍ എത്രയാഘോഷത്തോടെ, എത്ര സൂക്ഷ്മതയോടെ പിഴുതു നീക്കപ്പെടുന്നവ... നടുക്കുന്ന ഇത്തരം അന്തരങ്ങളുടെ നിര അവള്‍ക്കു മുന്നില്‍ തീരാതെ നീണ്ടുകിടക്കുകയാണിനി. ദയ ഒരു തുറന്ന പാഠപുസ്തകം. അമ്മേ, അച്ഛാ അരുതേ ഈ ഉപേക്ഷ എന്ന തലക്കെട്ടോടെ ആ പുസ്തകത്തിന്‍റെ ഒന്നാംപാഠമാരംഭിക്കുന്നു.
Featured Posts
bottom of page